നാലാം പഠന കോൺഗ്രസിൽ ചർച്ചാവിഷയമായ കാര്യങ്ങളിലൊന്ന് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമമായിരുന്നു. പവർകട്ട് പതിവായി. വൈദ്യുതിസാന്ദ്രമായ രാസ-ലോഹ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിട്ടു. എന്നാൽ ഇന്ന് പവർകട്ട് ഒരു കടങ്കഥയായി. മാത്രമല്ല, സമ്പൂർണ്ണ വൈദ്യുതീകരണം കേരളം കൈവരിക്കുകയും ചെയ്തു.
സമ്പൂർണ്ണ വൈദ്യുതീകരണം
2017 മെയ് മാസത്തിലാണ് കേരളം സമ്പൂർണ വൈദ്യുതീകരണപ്രഖ്യാപനം നടത്തിയത്. ലൈഫ് മിഷൻ പദ്ധതിയടക്കം പുതുതായി നിർമ്മിക്കപ്പെട്ട വീടുകളിലും സമയബന്ധിതമായി വൈദ്യുതി എത്തിച്ചുകൊണ്ട് കേരളം ഇപ്പോഴും സമ്പൂർണ്ണവൈദ്യുതീകരണത്തിന്റെ സ്റ്റാറ്റസ് നിലനിർത്തുകയാണ്. ലോഡ് ഷെഡ്ഡിങ്ങോ പവർകട്ടോ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും കൂടാതെ വൈദ്യുതി വിതരണം നടത്താൻ കഴിയുന്നു എന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.
2016-–17ൽ 13.93% ആയിരുന്ന പ്രസരണ വിതരണ നഷ്ടം 10 ശതമാനത്തിന് താഴേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് കേരളത്തിന്റെ പ്രധാനനേട്ടങ്ങളിലൊന്നാണ്. ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിൽ എത്തിക്കാൻ വരുന്ന ശരാശരി ചെലവിന്റെ ദേശീയശരാശരി 8 രൂപയോളം വരുമ്പോൾ കേരളത്തിൽ അത് 7.30 രൂപ മാത്രമാണ്. വൈദ്യുതി നിരക്കിൽ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന വാർഷിക വർദ്ധനവ് 5 ശതമാനത്തോളം ആയിരിക്കുമ്പോൾ ദേശീയ ശരാശരി 7.5 ശതമാനത്തിലധികമാണ്.
ഹരിതോർജം
ദേശീയലക്ഷ്യത്തേക്കാളും ത്വരിതഗതിയിലുള്ള ഹരിത ഊർജ്ജ പരിവർത്തനമാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. 2040-ഓടെ 100% റിന്യൂവബിൾ വൈദ്യുതി, 2050-ഓടെ നെറ്റ്-സീറോ. ഇതാണ് കേരളം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി. സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ സോളാർ, വിൻഡ്, ജലം തുടങ്ങിയ സ്രോതസ്സുകളാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ചെറുകിട മീഡിയം പദ്ധതികളിൽ നിന്ന് പ്രായോഗികമായി 2500-–3000 മെഗാവാട്ടോളം ശേഷി കൂട്ടിച്ചേർക്കാനുള്ള സാദ്ധ്യത ഇനിയും കേരളത്തിലുണ്ട്.
കേരളത്തിന്റെ പ്രസരണ ശൃംഖലാനവീകരണവും തെക്ക് വടക്ക് പ്രസരണ ഇടനാഴിയും ലക്ഷ്യം വെച്ച് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതി ലക്ഷ്യത്തോടടുക്കുകയാണ്. വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
കേന്ദ്രനയം
കേരളത്തിന്റെ വൈദ്യുതി വികസനത്തിനുള്ള കർമ്മപരിപാടിക്കു മുന്നിൽ ഏറ്റവും വലിയ കടമ്പയായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. വൈദ്യുതി മേഖലയെ സ്വകാര്യ മൂലധനശക്തികളുടെ ലാഭതാൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുക എന്നതാണ് യൂണിയൻ സർക്കാരിന്റെ സമീപനം. വൈദ്യുതി നിയമം ഭേദഗതി ചെയ്തുകൊണ്ട് ബഹു ലൈസൻസിങ് നടപ്പാക്കുന്നതിനായി നടത്തിയ ശ്രമങ്ങളെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളിലൂടെ കുറേയൊക്കെ തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വകാര്യവൽക്കരണ അജൻഡയിൽ മാറ്റമൊന്നും വരുത്താൻ യൂണിയൻ സർക്കാർ തയ്യാറല്ല.
യൂണിയൻ സർക്കാർ ധനസഹായത്തോടെയുള്ള പദ്ധതികളുടെ നിബന്ധനകളിലൂടെ സ്വകാര്യവൽക്കരണം ഒളിച്ചുകടത്താനും ശ്രമങ്ങളുണ്ട്. വൈദ്യുതി മേഖലയെ ഒറ്റസ്ഥാപനമായി പൊതുമേഖലയിൽ സംരക്ഷിക്കുകയെന്ന ബദൽനയം വെച്ചാണ് സംസ്ഥാനം പ്രതികരിക്കുന്നത്.
യൂണിയൻ സർക്കാർ പിന്തുടരുന്ന നവ ഉദാരവൽക്കരണ നയങ്ങളെ ചെറുക്കുന്നതിനോടൊപ്പം വൈദ്യുതിമേഖലയിൽ ലോകോത്തര നിലവാരം കൈവരിക്കാനുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ, സേവന മേഖലകളിൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പുവരുത്തിയാൽ അത് തികച്ചും സാധ്യമാണ്. l



