പൊതുവിതരണം
2011–2016 കാലത്തെ യുഡിഎഫ് ഭരണം കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെയും റേഷനിങ് സംവിധാനത്തെയും പാടെ തകർത്തിരുന്നു. സിവിൽ സപ്ലെെസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഉമ്മൻചാണ്ടിക്കാലത്ത് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. മാവേലി സ്റ്റോറുകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് പൊതുകമ്പോളത്തിലേതിനേക്കാൾ വില കൂടി. മിക്ക നിതേ-്യാപയോഗ സാധനങ്ങളും സ്റ്റോറുകളിൽ ലഭിക്കാതെയായി. ആളുകൾ അങ്ങോട്ട് കയറാതെയുമായി. കൺസ്യൂമർ ഫെഡും നീതി സ്റ്റോറുകളും അടച്ചുപൂട്ടിയ അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ തന്നെ ഈ രംഗത്തും യുഡിഎ-ഫ് കാലത്തു നടന്ന അഴിമതി അമ്പരപ്പിക്കുംവിധമുള്ളതാണ്. ചെള്ളുകയറിയതും പുഴുവരിച്ചതും പൂത്തതുമായ അരിയും സാധനങ്ങളുമാണ് റേഷൻ കടകളിൽ വിതരണത്തിനെത്തിച്ചിരുന്നത്. റേഷൻ കടകളുടെ പരിസരത്തുകൂടി നടന്നുപോകാൻപോലും പറ്റാത്തത്ര നാറിയ അവസ്ഥ. റേഷനിംഗ് സമ്പ്രദായത്തിന് നൽകുന്ന സബ്സിഡി കുറയ്ക്കുവാനായി മൻമോഹൻസിങ് സർക്കാർ നടപ്പാക്കിയ എപിഎൽ/ബിപിഎൽ തരംതിരിവും കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളും ജനോപകാരപ്രദമായി വർത്തിക്കേണ്ട പൊതുവിതരണ സംവിധാനത്തെ പാടെ തകർത്തു. അവിടെനിന്നാണ് 2016 മുതൽ അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ പൊതുവിതരണ രംഗത്തെ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സംവിധാനമാക്കി മാറ്റിയത്.
അത്തരത്തിൽ തകർന്നുകിടന്ന പൊതുവിതരണത്തെ ശക്തിപ്പെടുത്തി ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റുവാൻ 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ സമഗ്രമായ നയസമീപനങ്ങളാണ് കെെക്കൊണ്ടത്:
♦ സാർവത്രികമായ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി എല്ലാവർക്കും റേഷൻ കാർഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. 533218 പുതിയ കാർഡുകൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിതരണം ചെയ്യുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റും താമസിക്കുന്ന സ്ഥാപനങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും അതിദരിദ്രരെന്ന് കണ്ടെത്തപ്പെട്ടവർക്കുമെല്ലാം റേഷൻകാർഡുകൾ നൽകി. റേഷൻ വിതരണം കൃത്യമാക്കി. കേന്ദ്രം റേഷൻ ഗണ്യമായി വെട്ടിക്കുറച്ചിട്ടും പരിമിതമായ തോതിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യവിഹിതത്തിൽനിന്നും എൽഡിഎഫ് സർക്കാർ മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ നൽകിവരുന്നു.
♦ മുൻഗണനാ കാർഡുകൾ അർഹരായവരുടെ കെെകളിലേക്കെത്തിക്കാൻ ഈ സർക്കാർ നടപ്പാക്കിയ കാർഡ് സറണ്ടർ പദ്ധതി വൻ വിജയമായിരുന്നു.
♦ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ജനോപകാരപ്രദമാക്കി എൽഡിഎഫ് സർക്കാർ മാറ്റി. 1909 റേഷൻ കടകളെ കെ–സ്റ്റോറുകളാക്കി ഉയർത്തി. മറ്റു പശ്ചാത്തല സൗകര്യങ്ങൾ വിപുലപ്പെടുത്തി. നടപ്പുവർഷം 2500 കെ – സ്റ്റോറുകളാണ് പ്രവർത്തനസജ്ജമാകുന്നത്. നിലവിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ, 24 താലൂക്കുകളിൽ, 139 ഉന്നതികളിൽ 64 സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തിച്ചുവരുന്നു.
♦ 29–33 രൂപയ്ക്ക് സപ്ലെെകോകൾ വഴി കെ – റൈസ് ലഭ്യമാക്കുന്നു. മറ്റ് 13 അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ എല്ലാ മാസവും കൃത്യമായി നൽകിവരുന്നു. യുഡിഎഫ് കാലത്ത് നഷ്ടത്തിലായിരുന്ന സപ്ലെെകോ മാവേലി സ്റ്റോറും കൺസ്യൂമർ ഫെഡുമെല്ലാം ഇന്ന് ലാഭത്തിലാണ്; ഓണച്ചന്തകളും ക്രിസ്മസ് ചന്തകളുമെല്ലാം വിലക്കയറ്റത്തെ നിയന്ത്രിച്ചുനിർത്തുന്നതിനുള്ള ഇടതുപക്ഷ സർക്കാരിന്റെ നിർണായകമായ ഇടപെടലുകളാണ്. എല്ലാവർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കി കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് സംസ്ഥാനത്താകെ 50 സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചു. ജനകീയ സുഭിക്ഷ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി കുറഞ്ഞ നിരക്കിൽ (10.90 രൂപ) പൊതുവിതരണ വകുപ്പ് വിതരണം ചെയ്യുന്നു. l
തയ്യാറാക്കിയത്: ആര്യ ജിനദേവൻ



