സ്ത്രീ
കേരളസമൂഹത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങൾ 2011–16 കാലത്തെ യുഡിഎഫ് സർക്കാരിന്റെ സ്ത്രീവിരുദ്ധതയെയും ക്രിമിനലിസത്തെയും തുറന്നുകാട്ടി. ഒന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട സൗമ്യ, പെരുമ്പാവൂരിൽ വീടിനുള്ളിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട ജിഷ, മൂന്നാമത്തേത് നിലമ്പൂരിൽ കോൺഗ്രസിന്റെ സ്വന്തം ഓഫീസിൽവെച്ച് കൊന്ന് കുളത്തിലാഴ്ത്തപ്പെട്ട രാധ. ഈ കൊലപാതകങ്ങളെല്ലാം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിലുണ്ടായ കുറ്റകരമായ വീഴ്ച, പ്രതികളെ രക്ഷിക്കാൻ കാണിച്ച വ്യഗ്രത ഇതെല്ലാം യുഡിഎഫ് സർക്കാരിന്റെ യഥാർഥ മുഖം തുറന്നുകാട്ടി. ഈ സംഭവങ്ങളിലെല്ലാം പ്രതികളെപ്പറ്റിയുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടും എത്രയും വേഗം കസ്റ്റഡിയിലെടുക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. പൊലീസിന്റെ തന്നെ ഔദ്യോഗിക കണക്കുപ്രകാരം, യുഡിഎഫ് ഭരിച്ച ആ 5 വർഷത്തിനുള്ളിൽ 6118 ബലാത്സംഗക്കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. യുഡിഎഫ് ഭരണം സ്ത്രീകൾക്ക് വീട്ടിലും പുറത്തും എന്തിന് കോൺഗ്രസ് ഓഫീസിൽപോലും സംരക്ഷണയില്ലാത്ത കാലമായിരുന്നു. ആ കെട്ട കാലത്തിൽനിന്നും എൽഡിഎഫ് സർക്കാരിന്റെ 10 വർഷക്കാലംകൊണ്ട് നമ്മൾ സ്ത്രീസൗഹൃദകേരളത്തിലേക്ക് വഴി മാറിയതെങ്ങനെയാണ്? ഈ കേസിലെ പ്രതികൾക്കെല്ലാം ശിക്ഷ വാങ്ങിച്ചുകൊടുത്തത് ഇടതുപക്ഷ സർക്കാരാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സാമൂഹ്യ പിന്തുണയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി 2017 ജൂണിൽ വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചത് ഒരു സുപ്രധാന ചുവടുവയ്പായി. സ്ത്രീ സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി നിരവധി പദ്ധതികളാണ് പിണറായി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. സ്ത്രീ ശാക്തീകരണത്തിനും ലിംഗതുല്യതയ്ക്കുമായി ജൻഡർ ബജറ്റ് കൊണ്ടുവന്നു. പൂർണമായും സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ തുക 2016–17ൽ 760 കോടി രൂപയായിരുന്നത് 2021–22 ബജറ്റിൽ 1,347 കോടിയായി വർധിപ്പിച്ചു. 2024–25 ലെ ജൻഡർ ബജറ്റിൽ സ്ത്രീകളുടെ വിവിധ പദ്ധതികൾക്കായി 21.12 ശതമാനം തുകയാണ് നീക്കിവച്ചത്.
നോളജ് ഇക്കണോമി മിഷൻ കുടുംബശ്രീയുമായി ചേർന്നു നടത്തിയ സർവെയിൽ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്നു കണ്ടെത്തിയതിൽ 58 ശതമാനവും സ്ത്രീകളാണ്. തൊഴിലില്ലാതായവരും തൊഴിൽ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെ തൊഴിലിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അപ്-സ്കില്ലിങ്ങിനുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കി. സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്ഐഡിസി വനിതാ സംരംഭകത്വ മിഷൻ (we-– mission) പദ്ധതി നടപ്പാക്കിവരുന്നു.2016–17 നും 2020–21നുമിടയ്ക്ക് വനിതാ വികസന കോർപ്പറേഷൻ വഴി 500 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യുന്നതിനും 25,000 പുതിയ തൊഴിൽ കണ്ടെത്താനും കഴിഞ്ഞു. 2024–25 വരെ 2,57,627 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
ലെെംഗികാതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അതിജീവനത്തിനും നിയമപരിരക്ഷ നൽകുന്നതിനുമായി നിരവധി പദ്ധതികൾ കൊണ്ടുവന്നു.
♦ നിർഭയം നയം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലെെംഗികാതിക്രമങ്ങൾ തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനും.
♦ ധീര: ലെെംഗികാതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനും സ്ത്രീകൾക്ക് സ്വയം പ്രതിരോധം സാധ്യമാക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പ് പൊലീസ് വകുപ്പിന്റെ സഹായത്തോടെ നിർഭയ സെൽ മുഖേന നടപ്പാക്കുന്ന പദ്ധതി.
♦ ആശ്വാസ നിധി: ലെെംഗികാതിക്രമങ്ങൾക്കിരയാകുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാർ രൂപീകരിച്ച കോർപ്പസ് ഫണ്ട്. 2023–24ൽ 271 ഗുണഭോക്താക്കൾക്കായി 2 കോടി രൂപ ചെലവഴിച്ചു.
♦ കാതോർത്ത്: സ്ത്രീകൾക്കായി വനിതാ ശിശു വികസന വകുപ്പിന്റെ ഓൺലെെൻ കൺസൾട്ടേഷൻ പരിപാടി.
♦ മിത്ര 181 ഹെൽപ്-ലെെൻ: അടിയന്തര സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് 24×7 സേവനം ലഭിച്ചുവരുന്നു.
♦ ഭൂമിക: സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ കെെകാര്യം ചെയ്യുന്ന ഈ പദ്ധതി അക്രമത്തിനിരയാകുന്നവർക്ക് സാമൂഹികവും മാനസികവുമായ പിന്തുണ നൽകുന്നു. l
തയ്യാറാക്കിയത്: കെ ആർ മായ



