തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ് എന്നു തെളിയിച്ച ഒൻപത് വർഷങ്ങളാണ് നാം പിന്നിട്ടിരിക്കുന്നത്. സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്. മറ്റേതു മേഖലയുമെന്ന പോലെ അതിൽ എടുത്തുപറയേണ്ട ഒന്നാണ് തീരദേശ മേഖല. തീരദേശ വികസനത്തിനായി 5,000 കോടി രൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. തീരസംരക്ഷണം, പുനരധിവാസം, ഹാർബർ, മാർക്കറ്റ് നവീകരണം, പാർപ്പിടം, വിദ്യാഭ്യാസ–ആരോഗ്യനവീകരണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഴക്കടലടക്കം കടലിന്റെ അവകാശം കടലിൽ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ അകേ-്വറിയം റിഫോംസിനു വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. എന്നാൽ ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് തുറന്നുകൊടുത്തു. ഇപ്പോൾ ബിജെപി സർക്കാർ തീരക്കടലിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശങ്ങൾ കൂടി കവർന്നെടുത്ത് കുത്തകകൾക്ക് കെെമാറിയിരിക്കുകയാണ്. ഇതിനെതിരെ, കേരളം മത്സ്യസംരക്ഷണ നിയമത്തിന്റെ കരട് തയ്യാറാക്കി നിയമവകുപ്പിനു നൽകി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് മത്സ്യസംഭരണവും ലേലവും വിപണനവും നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതവും ശുചിത്വപൂർണവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം പാലിക്കുന്നതിനും 2021ലെ ‘‘കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും ആക്ട്’’ നടപ്പാക്കി. സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിന്റെ ഫലമായി മത്സ്യബന്ധനം നടത്തുന്നതിന് 2018 മുതൽ വിദേശ ട്രോളറുകൾക്ക് എൽഒപി അനുവദിക്കുന്നത് കേന്ദ്ര സർക്കാർ നിർത്തലാക്കി.
തീരദേശ വികസനത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഹാർബർ എൻജിനീയറിങ് വകുപ്പ് മുഖേന 1346.84 ലക്ഷം രൂപ ചെലവഴിച്ച് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം തുറമുഖത്തിന്റെ തെക്ക് ഭാഗത്തെ ഗ്രയോൺ നിർമാണം, 685.64 ലക്ഷം രൂപ ചെലവഴിച്ച് തൃശൂർ ജില്ലയിലെ ചേറ്റുവ മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കുഭാഗത്തെ ഗ്രയോൺ നിർമാണം, കണ്ണൂർ ജില്ലയിലെ തലായ് മത്സ്യബന്ധന തുറമുഖത്തിന്റെ ഗ്രയോൺ നിർമാണം (348.31 ലക്ഷം രൂപ), കൊല്ലം ജില്ലയിലെ കൊല്ലം ബീച്ച് മുതൽ താന്നിവരെയുള്ള സംരക്ഷണ പ്രവൃത്തികൾ (3508 ലക്ഷം രൂപ) എന്നിവ പൂർത്തീകരിച്ചു. മഞ്ചേശ്വരം തീരസംരക്ഷണ പദ്ധതി (13.47 കോടി രൂപ), തലായ് തീരസംരക്ഷണ പദ്ധതി (3.48 കോടി രൂപ), ചേറ്റുവ തീരസംരക്ഷണ പദ്ധതി (6.86 കോടി രൂപ) എന്നിവ പൂർത്തീകരിച്ചു.
26.51 കോടി രൂപ ചെലവിൽ, തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി തീരസംരക്ഷണ പദ്ധതി ആരംഭിച്ചു. പൂന്തുറ തീരസംരക്ഷണ പദ്ധതി (20.78 കോടി രൂപ) പുരോഗമിക്കുന്നു. പരപ്പനങ്ങാടി മത്സ്യബന്ധന ഹാർബർ (112.21 കോടി രൂപ), ചെത്തി മത്സ്യബന്ധന ഹാർബർ എന്നിവയുടെ നിർമാണവും നടന്നുവരുന്നു. തീരദേശ വികസന കോർപറേഷൻ മുഖേന തീരദേശ ജില്ലകളിലെ 48 സ്കൂളുകളുടെ പുനരുദ്ധാരണം പൂർത്തീകരിച്ചു. 51 മത്സ്യമാർക്കറ്റുകൾ പുനരുദ്ധരിക്കുന്നതിന് 142.16 കോടി രൂപയുടെ കിഫ്ബി അംഗീകാരം ലഭിച്ചു.
കടൽ ഭിത്തി നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ, കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ പുലിമുട്ട് സ്ഥാപിക്കുന്നതിനുള്ള പദ്ധതിപ്രകാരം ചെല്ലാനം കടൽത്തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണത്തിൽ 7.3 കി.മി ദൂരത്തിലുള്ള സംരക്ഷണ പ്രവൃത്തികൾ പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരുന്നു. തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന താൽപര്യമുള്ള കുടുംബങ്ങഴെ പുനർഗേഹം പദ്ധതിവഴി പാർപ്പിട സമുച്ചയമൊരുക്കി പുനരധിവസിപ്പിച്ചു.
സ്ത്രീ സൗഹൃദം
മത്സ്യമാർക്കറ്റുകൾ
മത്സ്യവിപണന സംസ്കരണ മേഖലകളിൽ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി മാർക്കറ്റുകളിൽ പ്രത്യേക വിശ്രമ മുറി, ലോക്കർ സംവിധാനം എന്നിവ തയ്യാറാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉറപ്പു വരുത്തും. ഇതിന്റെ ഭാഗമായി മാർക്കറ്റുകൾ പുനരുദ്ധരിക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നുവരുന്നു. മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇ–ഓട്ടോ നൽകുന്നതിന് മത്സ്യഫെഡ് ലോൺ പദ്ധതി നടപ്പാക്കി വരുന്നു. സൊസെെറ്റി ഫോർ അസിസ്റ്റൻസ് ഫോർ വിമൻ (SAF) പ്രകാരം എൽഡിഎഫ് സർക്കാർ 822 കോടി രൂപ നൽകി. യുഡിഎഫ് കാലത്ത് ഇത് 125.49 കോടി രൂപ മാത്രമായിരുന്നു.
അപകടം നിറഞ്ഞ സാഹചര്യങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് മറൈൻ ആംബുലൻസുകൾ, സീ റെസ്ക്യു സ്ക്വാഡുകൾ, സാഗര മൊബെെൽ ആപ്പ്, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, സാറ്റലെെറ്റ് ഫോൺ, നാവിക് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികളെ സജീവ പങ്കാളികളാക്കുന്നതിന് ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്നും പരിശീലനം പൂർത്തിയാക്കിയ 100 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി 15 പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് സീ റെസ്ക്യൂ സ്ക്വാഡുകൾ രൂപീകരിച്ചു. തൊഴിലിനിടെ ജീവൻ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികളുടെ കുടംബങ്ങൾക്ക് ഇൻഷുറൻസടക്കം 20 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതി മത്സ്യബോർഡ്, മത്സ്യഫെഡ് എന്നിവ മുഖേന നടപ്പാക്കി വരുന്നു. ബിരുദാനന്തര ബിരുദംവരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ധനസഹായം നൽകിവരുന്നു. മത്സ്യത്തൊഴിലാളികളെ കടബാധ്യതയിൽനിന്ന് മോചിപ്പിക്കുന്നതിന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചു നൽകി. മത്സ്യഫെഡിന്റെ വായ്പകളിന്മേൽ പലിശയും പിഴ പലിശയും ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയ്ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി ആനുകൂല്യം 4,500 രൂപയായി വർധിപ്പിച്ചു. എപിഎൽ–ബിപിഎൽ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനോപാധി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിനും അവരുടെ പരാതികൾ പരിഹരിക്കുന്നതിനുമായി വിഴിഞ്ഞം പ്രോജക്ട് ഇംപ്ലിമേന്റേഷൻ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്നവരെ കണ്ടെത്തി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസർ ചെയർമാനായി അഞ്ചംഗ ഉപജീവനാഘാത നിർണയസമിതി രൂപീകരിച്ചു. തൊഴിലും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി 106.9 കോടി രൂപ വിതരണം ചെയ്തു.
മത്സ്യ കർഷകർക്കും തൊഴിലാളികൾക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉൾനാടൻ മത്സ്യലഭ്യത വർധിക്കുന്നത് ലക്ഷ്യമിട്ട് ജനകീയ മത്സ്യകൃഷി–സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കി വരുന്നു. സംയോജിത മത്സ്യകൃഷിയുടെ ഭാഗമായി ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി നടപ്പാക്കി. ജനകീയ മത്സ്യകൃഷി പദ്ധതിയിലുൾപ്പെടുത്തി മത്സ്യകൃഷി നടത്തുന്നതിന് എൽഡിഎഫ് സർക്കാർ 492 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. l



