Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറിസമ്പൂർണ ശുചിത്വം

സമ്പൂർണ ശുചിത്വം

മാലിന്യമുക്ത നവകേരളം പിറക്കുന്നു. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണമികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും സമന്വയിച്ചപ്പോൾ ശുചിത്വ കേരളം യാഥാർത്ഥ്യമാകുന്നു. 2016 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഓരോ വർഷവും ശുചിത്വ – മാലിന്യ സംസ് കരണ രംഗത്ത് നേട്ടം കൈവരിച്ചുകൊണ്ടാണ് മുന്നോട്ടുനീങ്ങുന്നത്. 2016 നവംബർ 1ന് കേരളം വെളിയിട വിസർജ്ജന വിമുക്ത (100% ഒഡിഎഫ്) സംസ്ഥാനമായി അംഗീകാരം നേടി. 2023ൽ കേരളം ODF പ്ലസ് സ്ഥാനവും നേടി. 2016ന് മുൻപ് ഇന്ത്യയിലെ ശുചിത്വ നഗര പട്ടികയിൽ ആദ്യത്തെ 1000ൽ ഒന്നുപോലും കേരളത്തിൽ നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2025ൽ ആദ്യത്തെ 100ൽ 8 നഗരങ്ങൾ കേരളത്തിലേതാണ്. ആദ്യത്തെ 1000 നഗരങ്ങളിൽ കേരളത്തിലെ 93 നഗരങ്ങൾ ഉൾപ്പെടുന്നു. അവയിൽ 23 എണ്ണത്തിന് സ്റ്റാർ റേറ്റിങ്ങും ഉണ്ട്. മാലിന്യ സംസ്കരണരംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് ദേശീയ അംഗീകാര പട്ടികയിൽ കേരളത്തിന് സ്ഥാനം നൽകുന്നത്. ഉറവിടത്തിൽ മാലിന്യം വേർതിരിക്കുകയും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുകയും അജൈവ മാലിന്യം ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുകയും ചെയ്യുന്നത് സാർവത്രികമായി. ഇതിനായി 37,722 അംഗങ്ങളുള്ള ഹരിതകർമ്മസേനയിലൂടെ ശേഖരണ കേന്ദ്രങ്ങളും സംസ്കരണ സംരംഭങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നു. നഗരങ്ങളിലെ 59 ഡംപ്-സൈറ്റുകളിൽ 24 എണ്ണം പൂർണ്ണമായി മാലിന്യം നീക്കം ചെയ്ത് 66 ഏക്കർ സ്ഥലം വീണ്ടെടുത്തു. മറ്റുള്ളവ മാലിന്യം നീക്കം ചെയ്ത് സ്ഥലം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ സമ്പൂർണതയിൽ എത്തിക്കുന്നതിന് ആവശ്യമായ അധിക അടിസ്ഥാനസൗകര്യങ്ങളും പ്രത്യേക മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുളള പ്ലാന്റുകളും ഉറപ്പാക്കുന്നതിനുളള നടപടികൾ തദ്ദേശ സ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ നടന്നവരുന്നുണ്ട്.

കേരളത്തിൽ 88.24% വീടുകളിൽ നിന്നും അജൈവ മാലിന്യം വാതില്പടി ശേഖരണം നടക്കുന്നുണ്ട്. ജനുവരി 2026ഓടുകൂടി ഇത് 100% ത്തിലേക്ക് എത്തും. അജൈവ മാലിന്യത്തിൽ ഏറ്റവും സങ്കീർണ്ണമായ സാനിറ്ററി മാലിന്യം , പുനഃചംക്രമണം ചെയ്യാൻ കഴിയാത്ത അജൈവ മാലിന്യം തുടങ്ങിയവ സംസ്കരിക്കുന്നതിനായി മേഖല അടിസ്ഥാനത്തിൽ സാനിറ്ററി പ്ലാന്റും ആർ ഡി എഫ് പ്ലാന്റും ഈ സാമ്പത്തിക വർഷംതന്നെ പ്രവർത്തനം ആരംഭിക്കും. നിഷ്-ക്രിയ പാഴ് വസ്തുക്കൾ ശാസ്ത്രീയമായി സംസ്‌കരിക്കുകയും അതിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നമെന്ന നിലയിൽ RDF നിർമ്മിച്ച് സിമെന്റ് ഫാക്ടറികൾക്കും മറ്റു ഫാക്ടറികൾക്കും കൈമാറുന്നതിന് 5 ജില്ലകളിലായി പ്രതിദിനം 500 ടൺ ശേഷിയുള്ള ആർ.ഡി.എഫ് പ്ലാന്റ് സ്ഥാപിക്കുവാനുള്ള നടപടികൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം,കൊല്ലം,കണ്ണൂർ എന്നീ ജില്ലകളിൽ ക്ലീൻ കേരള കമ്പനി നേരിട്ടും പാലക്കാട് ,എറണാകുളം ജില്ലകളിൽ സ്വകാര്യ ഏജൻസികളുമായി ചേർന്ന് സംയുക്തമായിട്ടുമാണ് പ്ലാന്റ് ആരംഭിക്കാനുളള പ്രവർത്തനം നടക്കുന്നത്. ഇതോടെ അജൈവ മാലിന്യം സമ്പൂർണ്ണമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് പൂർണ്ണമാകും. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും സാധിക്കാത്തതുമായ ഇ–മാലിന്യം ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. നിർമ്മിതി മാലിന്യങ്ങൾ ( C&D മാലിന്യം) ശേഖരിക്കാനും നിർമ്മാണ വസ്തുക്കൾ ഉത്പ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റുകൾ ആരംഭിക്കാനും നടപടികൾ പുരോഗമിക്കുന്നു. ചുരുക്കത്തിൽ എല്ലാ വിഭാഗത്തിലും ഉണ്ടാകുന്ന അജൈവ മാലിന്യം കേരളത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുകയും അവയിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ വിഭവ വീണ്ടെടുക്കലും സുസ്ഥിരതയും ഉറപ്പാക്കുമെന്ന വികസന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ പിന്തുണാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഓരോ തദേശ സ്വയംഭരണസ്ഥാപനത്തിനും ശാസ്ത്രീയവും സമ്പൂർണവുമായ അജൈവമാലിന്യ സംസ്കരണം ഉറപ്പാക്കാൻ കഴിയും.

ജൈവ മാലിന്യം സമ്പൂർണ്ണമായി ശേഖരിച്ച് സംസ്കരിച്ച് കമ്പോസ്റ്റ് വളം /ബയോഗ്യാസ് തുടങ്ങിയ വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ഇക്കാര്യത്തിൽ 70%ലേറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനി 100% ഉറപ്പാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഈ രംഗത്ത് ആവശ്യമായ ധന – സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി സമ്പൂർണ്ണവും ശാസ്ത്രീയവുമായി ജൈവമാലിന്യ സംസ്കരണം ഉറപ്പാക്കുകയാണ് പഞ്ചായത്ത് നഗരസഭകൾ സമയബന്ധിതമായി ഇനി നിർവ്വഹിക്കേണ്ടത്.

കഴിഞ്ഞകാല അനുഭവങ്ങളെയും വിജയ മാതൃകകളെയും അടിസ്ഥാനപ്പെടുത്തി മുഴുവൻ പഞ്ചായത്ത് നഗരസഭകളിലും ഹരിതകർമ്മസേനകളെ ശക്തമായ സ്ഥാപന സംവിധാനമാക്കി മാറ്റുന്നതിനുള്ള നടപടികൾ കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. ശുചിത്വ സേവനങ്ങളും എല്ലാത്തരം മാലിന്യങ്ങളും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ഗ്രീൻ ടെക്‌നോളജി സർവീസ് സെന്ററുകളായി ഹരിതകർമ്മസേന കൺസോർഷ്യങ്ങളെ മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. സമഗ്രമായ ഡിജിറ്റൽ മോണിറ്ററിങ് സിസ്റ്റം, ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ മാലിന്യ സംസ്കരണ സേവനം ലഭ്യമാക്കൽ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആധുനിക തൊഴിൽ സംരംഭമായി ഹരിതകർമ്മസേനയെ വികസിപ്പിക്കും. ആകർഷകമായ വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ഇവയെയെല്ലാം ഏകോപിപ്പിച്ച് ഏറ്റവും ആധുനികമായ ഹരിത സംരംഭമായി ഹരിതകർമ്മസേനയെ വികസിപ്പിക്കുകയാണ് മാലിന്യ സംസ്കരണത്തിന്റെ അടുത്ത ഘട്ടത്തെ പ്രവർത്തനങ്ങളിലെ ആദ്യപടി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പുതിയ ഭരണസമിതികൾക്ക് കഴിയണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular