ഭൂപടത്തില്‍ ഒരിടമുണ്ട്. ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ചെന്നെത്താന്‍ ആഗ്രഹിക്കുന്നയിടം, – കേരളം. അതിന്റെ വിശേഷണങ്ങളിന്ന് മാറുകയാണ്. നവകേരളസൃഷ്ടിക്കായുള്ള വികസന പ്രക്രിയയിലൂടെ ആ നാട് കടന്നുപോവുകയാണ്. പ്രകൃതിഭംഗിയും വിഭവങ്ങളുമാണ് കഴിഞ്ഞകാലത്ത് കേരളത്തെ തേടിവരുന്നതിന് കാരണമായതെങ്കില്‍, ഇന്ന് കാരണങ്ങള്‍ പലതാണ്. ആ മാറ്റത്തെ തേടിവരുന്നവരെ വരവേല്‍ക്കാന്‍ വേണ്ട പശ്ചാത്തലസൗകര്യംകൂടി ഒരുക്കുകയാണ് കേരളമിന്ന്. അതോടൊപ്പം, വിജ്ഞാന കേന്ദ്രീകൃതമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കും സമൂഹത്തിലേക്കും കേരളത്തെ നയിക്കുവാൻ എല്ലാമേഖലകളും ഒരുമിച്ച് മുന്നോട്ടുനീങ്ങുകയാണ്. പഴയ കേരളം നവകേരളത്തിന് വഴികൊടുത്ത് മാറുമ്പോൾ, അടിസ്ഥാന ജനവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ചേർത്തുനിർത്തുന്നുണ്ട് ഈ നാട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോ ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുമ്പോൾ മേല്‍പ്പറഞ്ഞ ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയം അതിൽ പ്രകടമാണ്. കേവല ദാരിദ്ര്യവിമുക്ത കേരളം, എല്ലാവർക്കും വീട്, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും ചികിത്സ, എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും കുടിവെള്ളം എന്നിങ്ങനെ, ഭരണകൂടത്തിന്റെ ക്ഷേമ-സേവന പ്രവർത്തനങ്ങൾ സാർവ്വത്രികമാക്കാൻ പ്രാപ്തമായ ഒരു മാനിഫെസ്റ്റോയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കേട്ടുകേൾവിയില്ലാത്തതും, യുക്തിസഹമല്ലാത്തതുമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് യൂണിയന്‍ ഗവൺമെന്റ് കേരളത്തെ സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതൽ ഞെരുക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. കേരളം ഇന്ത്യൻ ഫെഡറലിസത്തിന് കരുത്തുപകരുമ്പോൾ സഹായിക്കുന്ന കൈകളിൽ തന്നെ കൊത്തുകയാണ് യൂണിയന്‍ ഗവൺമെന്റ്. ഇത്തരമൊരു സാഹചര്യത്തെക്കൂടി അതിജീവിക്കുമ്പോൾ പ്രാദേശിക സർക്കാരുകള്‍ക്ക് നൽകുന്ന വ്യക്തവും ശക്തവുമായ നയരേഖ തന്നെയായി മാറുന്നു ഈ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ.
എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഇടതുപക്ഷം മാനിഫെസ്റ്റോയിലൂടെ തരുന്ന ഉറപ്പാണ്. 44 നദികള്‍ക്കും മണ്‍സൂണ്‍ മഴയ്ക്കും പരിഹരിക്കാന്‍ കഴിയാത്ത ശുദ്ധജല പ്രതിസന്ധി നമുക്കുണ്ടായിരിക്കുന്നു. കേരളത്തിലെ നാലിലൊന്ന് വീടുകളിലേക്ക് മാത്രമാണ് കുടിവെള്ളം പൈപ്പ് വഴി ലഭിച്ചിരുന്നത്. അതിവേഗം നഗരവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് പരമ്പരാഗത സ്രോതസ്സുകളെ ഇനിയും ആശ്രയിക്കുന്നതിന് പരിമിതികളുണ്ട്. ഇ-കോളി ബാക്ടീരിയയുടെ ഭീഷണിയും നിലനില്‍ക്കുമ്പോള്‍ ശുദ്ധജലം പൈപ്പുകളിലൂടെ വീടുകളില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും എന്ന ആശയത്തിന് പ്രാധാന്യമര്‍ഹിക്കുന്നത്.
ഇത്തരമൊരു ബൃഹദ് പദ്ധതി വിഭാവനം ചെയ്യുമ്പോഴും നിര്‍മ്മാണ വേളയിലായാലും, നടത്തിപ്പിലായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് അത് ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ജനകീയാസൂത്രണ പദ്ധതികളിലൂടെ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയതിന്റെ അനുഭവങ്ങള്‍ ഇതിന് കരുത്താകും. ജനകീയാസൂത്രണത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ള രംഗത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന്റെ ഫലമായി കുടിവെള്ള പദ്ധതികളിലും, നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ ജലവിതരണം സാധ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി.
കുടിവെള്ള വിതരണ രംഗത്ത് വലിയ ശ്രദ്ധയാണ് എൽഡിഎഫ് സര്‍ക്കാര്‍ നൽകിവരുന്നത്. കിഫ്ബി വഴിമാത്രം 5391 കോടി രൂപ ഇതിനായി മാറ്റിവച്ചു. മാലിന്യമുക്ത കേരളം പദ്ധതിയും, നീര്‍ത്തട പുനരുജ്ജീവന പദ്ധതികളും പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളെ കൂടുതല്‍ ശുദ്ധമാക്കി. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക കുടിവെള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പമാണ് ജല്‍ജീവന്‍ മിഷന്‍ യാഥാര്‍ഥ്യമാവുന്നത്. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ്ണ ഗാര്‍ഹിക കുടിവെള്ള പൈപ്പുകള്‍ ലക്ഷ്യമാക്കുന്ന ഈ പദ്ധതിയില്‍ 50% ചെലവുകളും വഹിക്കുന്നത് സംസ്ഥാനമാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിന്റെയും, നിരവധി റോഡുകള്‍ വെട്ടിമുറിക്കുന്നതിന്റെയും നഷ്ടങ്ങള്‍ വേറെയും. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന് ഈ പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വരുന്നുമുണ്ട്. നിലവില്‍ ഗ്രാമീണ മേഖലയിലെ 38.62 ലക്ഷം, അതായത് 55.31% വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
നവകേരളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നഗര–ഗ്രാമ വ്യത്യാസമില്ലാതെ സമ്പൂര്‍ണ്ണ ശുദ്ധമായ കുടിവെള്ള വിതരണം സാധ്യമാക്കുന്ന പദ്ധതികള്‍ക്കാണ് എൽഡിഎഫ് വിഭാവനം ചെയ്യുന്നത്. സുസ്ഥിര വികസനത്തിന്റെ ആറാമത് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതായി മാറും ഈ പദ്ധതികള്‍. തലയില്‍ കുടവുമേന്തി വീടുകളിലേക്ക് നടന്നു നീങ്ങുന്ന സ്ത്രീകളുടേതായിരുന്നു രണ്ടു പതിറ്റാണ്ടുകള്‍ മുന്‍പത്തെ കേരളത്തിന്റെ ഒരു സ്ഥിരം കാഴ്ച. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഫണ്ടിങ്ങിലും ജനകീയപങ്കാളിത്തത്തോടെ പ്രാദേശികമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതികള്‍ ആ കാഴ്ചയെ ചരിത്രമാക്കി. ഇപ്പോള്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ സമ്പൂര്‍ണ്ണ കുടിവെള്ളം എന്ന ലക്ഷ്യം കൂടി യാഥാര്‍ഥ്യമാക്കും. ശുദ്ധമായ കുടിവെള്ളം അവകാശമാക്കിയ ജനതയോടുകൂടിയുള്ളതാണ് നവകേരളം എന്ന് തീര്‍ച്ച. l



