കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനത്തില്‍ ഏറ്റവും ശ്രദ്ധേയമാണ് പശ്ചാത്തല മേഖലയിലെ വികസനം. പഞ്ചായത്തിരാജ് സംവിധാനം നിലവില്‍ വന്നശേഷം വളരെ ഉളളിലുളള ഗ്രാമങ്ങളില്‍പ്പോലും, ആവശ്യാനുസരണം ടാറിട്ട, കോണ്‍ക്രീറ്റ് ചെയ്ത, കട്ട വിരിച്ച റോഡുകള്‍ കാണാം. എന്നാല്‍ റോഡ് സൗകര്യം എത്താത്ത അപൂര്‍വ്വം സ്ഥലങ്ങളുമുണ്ട്. ഇവയെല്ലാം നിര്‍മ്മിക്കുക മാത്രമല്ല കൃത്യമായി പരിപാലിക്കുന്നതിനും ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റോഡ് ആസ്തിയുടെ അടിസ്ഥാനത്തില്‍ മെയിന്റനന്‍സ് ഗ്രാന്റും കൃത്യമായി സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ജലജീവന്‍ മിഷന്റെ കുടിവെളള വിതരണ പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രാദേശിക റോഡുകള്‍ ഇനിയും പൂര്‍വ്വ സ്ഥിതിയില്‍ ആക്കേണ്ടതുണ്ട്.
ഒരു നാടിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തില്‍, ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍, ഇതിനായി ടൂറിസം, തൊഴില്‍, ഉത്പാദനം എന്നിവ അടക്കമുളള നാടിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കുന്നതില്‍ അങ്ങനെ എല്ലാത്തിലും നല്ല ഗുണനിലവാരമുളള റോഡുകള്‍ അനിവാര്യമാണ്. നാടിന്റെ എല്ലാ പ്രദേശത്തും, എല്ലാവര്‍ക്കും റോഡിന്റെ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലാവണമെന്നതാണ് പ്രധാനം. ഇത്തരത്തില്‍ ഒരു ഗ്രാമം എങ്ങനെ മാറുന്നൂയെന്നതാണ് നവകേരള സൃഷ്ടിയില്‍ ഏറ്റവും പ്രധാനമായി എൽഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. ആ ലക്ഷ്യപ്രാപ്തിക്കായി പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലുളള പരിപാടികളാണ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വിഭാവനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ പ്രാദേശിക റോഡുകള്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി ബജറ്റില്‍ വീണ്ടും തുക അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026–27 ല്‍ മെയിന്റനന്‍സ് ആവശ്യമായ എല്ലാ പ്രാദേശിക റോഡുകളും ഒറ്റത്തവണ പുനര്‍ നിര്‍മ്മാണ പദ്ധതി തയ്യാറാക്കി പുനര്‍ നിര്‍മ്മിക്കും. ഇതിനായി പ്രത്യേക തുക കൂടുതലായി വകയിരുത്തും. കൂടാതെ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുത്ത് ഈ പുനരുദ്ധാരണ പദ്ധതിക്കുളള അധിക തുക കണ്ടെത്തുകയും മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് അടച്ചു തീര്‍ക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യും. എല്ലാ പ്രദേശങ്ങൾക്കും, കുടുംബങ്ങള്‍ക്കും റോഡ് സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ റോഡ് കണക്റ്റിവിറ്റി പ്ലാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ റോഡ്, റോഡ് വീതികൂട്ടല്‍, നിര്‍മ്മാണത്തിന്റെ ഗുണനിലവാരം സംസ്ഥാന റോഡുകള്‍ക്ക് തുല്യമാക്കല്‍, പരിസ്ഥിതി സൗഹൃദ റോഡ് എന്നിവ ഉറപ്പു വരുത്തുന്ന സമഗ്ര റോഡ് പ്ലാന്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും തയ്യാറാക്കി വരുന്ന അഞ്ച് വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണമായി നടപ്പിലാക്കും. ഈ പ്രവര്‍ത്തനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നതിനും ടെക്നിക്കല്‍ മോണിറ്ററിങ്ങിനും ഫണ്ട് മൊബിലൈസേഷനുമായി സംസ്ഥാന തലത്തില്‍ ഒരു ടീമിന് രൂപം നല്‍കും. സര്‍ക്കാര്‍ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിലേക്ക് നീക്കിവയ്ക്കാവുന്ന പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട്, PMGSY, സംസ്ഥാനാവിഷ്കൃത ഫണ്ടുകള്‍, CSR ഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് എന്നീ സാധ്യതകള്‍ക്കനുസരിച്ച് സംയോജിപ്പിച്ച് നടപ്പിലാക്കും. കൂടാതെ PPP, BOT സാധ്യതകളും പരമാവധി ഇതിനായി പ്രയോജനപ്പെടുത്തും.
സംസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം ഉയര്‍ന്ന ഗുണമേന്മയുള്ളവയാണല്ലോ. അതിനോടൊപ്പം തദ്ദേശ റോഡുകളും അതേ നിലയിലാക്കി വികസിത രാജ്യങ്ങൾക്ക് തുല്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രാപ്തമാക്കുമെന്നാണ് ഇടതുജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക വിഭാവനം ചെയ്യുന്നത്. l



