തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സാമ്പത്തിക വികസന പ്രക്രിയയുടെ പ്രഭവ കേന്ദ്രങ്ങളായി മാറണമെന്നാണ് പതിനാലാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി പ്രാദേശിക സാമ്പത്തിക വികസനത്തില്‍ സക്രിയമായി ഇടപെടുന്നതിനുള്ള നൂതനമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നടത്താനായി. പ്രകടന പത്രികയില്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ ഇപ്പോഴുള്ള നേട്ടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും കേരളത്തില്‍ പ്രാദേശിക സാമ്പത്തിക വികസനത്തില്‍ വലിയ മുന്നേറ്റം ഉറപ്പാക്കുകയും ചെയ്യും.
കേരളത്തില്‍ പുതുതായി ഉയര്‍ന്നു വന്ന സംരംഭകത്വത്തിന്റെ പുതിയ അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമീപനത്തിലും കാതലായ മാറ്റം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. സംരംഭകത്വവര്‍ഷം എന്ന ആശയം നിതി ആയോഗിന്റെ പ്രശംസ ഉള്‍പ്പെടെ നേടിയ കാര്യം ഓര്‍മ്മയുണ്ടല്ലോ. കേരളം ഏറ്റവും മികച്ച സംരംഭകസൗഹൃദ സംസ്ഥാനമായി തുടര്‍ച്ചയായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ സമീപനത്തിന് വലിയ പങ്കുവഹിക്കാനായി.
പുതിയ സംരംഭകര്‍ക്ക് ചുവപ്പുനാടയുടെ കുരുക്കില്ലാതെ വളരെ വേഗം അനുമതികളും ലൈസന്‍സുകളും ലഭിക്കുന്നതിനുള്ള ഗ്രീന്‍ ചാനല്‍ സംവിധാനങ്ങള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. സംരംഭം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളോ മലിനീകരണമോ ഉണ്ടാക്കാത്ത സംരംഭങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി മാത്രം വാങ്ങി സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നുണ്ട്. ബാക്കി അനുമതികളും ലൈസന്‍സുകളും മൂന്നു വര്‍ഷത്തിനുള്ളില്‍ കിട്ടിയാല്‍ മതി.
ഇതു മാത്രമല്ല, സൂക്ഷ്മ-ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പ്രോത്സാഹജനകമായ അന്തരീക്ഷത്തിന്റെ മുഴുവന്‍ ഗുണഫലവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്ന സ്ഥിതിയും സംജാതമായിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക്-–ജില്ലാ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റി-–കോര്‍പ്പറേഷനുകള്‍ക്കും സംരംഭകരുടെ പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിനും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായി അവയ്ക്ക് നേരിട്ട് ധനസഹായം നല്‍കുന്നതിനും കഴിയും. പുതിയ സംരംഭത്തിന്റെ പ്രാഥമിക മുടക്കുമുതലിനും, പുതിയ സാങ്കേതിക വിദ്യകള്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്നതിനും, ലാഭകരമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ധനസഹായം നല്‍കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സംരംഭകത്വത്തില്‍ പരിശീലനം നല്‍കാനും പ്രോജക്ടുകള്‍ തയ്യാറാക്കാനും ധനസഹായ സ്രോതസ്സുകള്‍, സാമ്പത്തിക വിദ്യ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള സംരംഭകത്വ വികസന സഹായ കേന്ദ്രങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്നതിനും കഴിയും. കൃഷി, മൃഗസംരക്ഷണം, മത്സ്യോത്പാദനം, ക്ഷീരവികസനം എന്നീ പ്രാഥമിക ഉല്‍പ്പാദന മേഖലകളിലും ടൂറിസം, ആരോഗ്യപരിപാലനം, ശുചിത്വം മുതലായ സേവനമേഖലകളിലും കേരളത്തില്‍ അസംഖ്യം സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സംരംഭകത്വ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അടുത്ത അഞ്ചുവര്‍ഷം, ഈ സംവിധാനങ്ങളെ പരിപൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനുള്ള തീവ്രശ്രമം തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്താന്‍ കഴിയും.
അഭ്യസ്തവിദ്യരായ യുവ തൊഴിലന്വേഷകര്‍, സാങ്കേതിക പരിശീലനം നേടിയിട്ടുള്ളവര്‍, നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍, കുടുംബശ്രീ സംഘങ്ങള്‍, പ്രവാസികള്‍, ജോലിയില്‍ നിന്നു വിരമിച്ചവര്‍ എന്നിങ്ങനെ കേരളത്തിന്റെ ഉയര്‍ന്ന യോഗ്യതയുള്ള മനുഷ്യ വിഭവശേഷിയെ പൂര്‍ണ്ണമായും സംരംഭകത്വത്തിലേയ്ക്കും, തൊഴിലിലേയ്ക്കും ആകര്‍ഷിക്കാനാവും.
കേരളത്തിലെ എല്ലാ കലാലയങ്ങളിലും കടന്നു ചെന്നാണ് വിദ്യാര്‍ത്ഥികളുടെയും ബിരുദധാരികളുടെയും തൊഴില്‍ അഭിരുചി പരിശോധിച്ച് നൈപുണി പരിശീലനത്തിനുള്ള ശ്രമം നടത്തുന്നത്. പിന്നീട് തൊഴില്‍ മേഖലകളിലൂടെ ഇവര്‍ക്ക് യോജിച്ച തൊഴില്‍ നല്‍കുന്നതിനും സാധിക്കുന്നു. പ്രാദേശികമായ തൊഴിലുകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും അതിനനുസരിച്ച് നൈപുണി പരിശീലനം നല്‍കുന്നതിനുമുള്ള ഈ സമഗ്ര പരിപാടി എല്ലാവരിലേക്കും എത്തിക്കുന്നതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സാധിക്കും. പ്രാദേശികമായ സാമ്പത്തിക വികസനത്തിലൂടെ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സുസ്ഥിരമായ ഒരു വളര്‍ച്ചാ മാതൃക വികസിപ്പിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും.
കേരളത്തിലുടനീളമുള്ള കാര്‍ഷികോല്‍പ്പാദന സംഘങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സഹായത്തോടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷി-അനുബന്ധ മേഖലകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. ഇതിനനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനുള്ള പഞ്ചായത്തുതല സംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തോടെ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ദേശീയ – അന്തര്‍ദേശീയ വിപണികളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുമാകും.
പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ആധുനിക സജ്ജീകരണങ്ങളുള്ള ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിച്ച് സംരംഭകര്‍ക്കും അഭ്യസ്തവിദ്യര്‍ക്കും ആധുനിക ഉല്‍പ്പാദന സാങ്കേതിക വിദ്യകളിലും ഗുണനിലവാര മാനദണ്ഡങ്ങളിലും വിപണന തന്ത്രങ്ങളിലും പരിശീലനം നല്‍കാന്‍ സാധിക്കും. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമുള്ള കേരളത്തില്‍ കൂടുതല്‍ സൂക്ഷ്മ-ചെറുകിട സംരംഭകരെ ആധുനിക സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കും.
കേരളത്തിലെ ശാസ്ത്ര സാങ്കേതിക ഗവേഷണസ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവ കണ്ടെത്തുന്ന സാങ്കേതിക വിദ്യകള്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന്, തദ്ദേസഭരണസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഈ പ്രകടനപത്രിക വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലൂടെ സാധിക്കും.
വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള നൂതനമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കാനും ഈ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് കഴിയും. l



