നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മൂന്ന് തലത്തിലുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഉല്പാദന മേഖലയ്ക്കായി നിര്‍ബന്ധപൂര്‍വ്വം നീക്കിവയ്ക്കേണ്ടത് 30 ശതമാനം പദ്ധതി വിഹിതമാണ്. ഈ വിഹിതം ഉല്പാദനപരമായി ചെലവഴിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന പദ്ധതികളുടെ ഫലപ്രാപ്തി പലമടങ്ങ് വര്‍ദ്ധിക്കും. ഈ സാദ്ധ്യതകള്‍ പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നിരന്തരമായ, സാങ്കേതികവും ധനപരവുമായ സഹായം ആവശ്യമാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന വൈവിധ്യമാര്‍ന്ന വിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലുമാക്കാന്‍ സാദ്ധ്യതകള്‍ നിലവിലുണ്ട്. സ്ഥലപരിമിതി മറികടക്കുന്നതിന് ശാസ്ത്രീയമായ കൃഷിരീതികള്‍ സ്വീകരിക്കുകയാണ് ഏകപോംവഴി. കൃഷി-അനുബന്ധ മേഖലയില്‍ പ്രാദേശിക സവിശേഷതകള്‍ക്കനുസൃതമായ ഉല്പാദന രീതികള്‍ ഓരോ ഗ്രാമപഞ്ചായത്തിനും ആവിഷ്കരിക്കാവുന്നതാണ്. കൃഷി മുറകള്‍ക്കായുള്ള കലണ്ടര്‍, സമഗ്ര ഉല്പാദന പ്ലാന്‍ എന്നിവയും തദ്ദേശീയമായി തയ്യാറാക്കാനാവും.
ഓരോ ഗ്രാമപഞ്ചായത്തിലെയും മണ്ണിന്റെ ഫലഭൂയിഷ്ഠത ജലലഭ്യത, കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവ പരിശോധിച്ച് വിളപരിപാലന മുറകള്‍ സൂക്ഷ്മതയോടെ തയ്യാറാക്കാനുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്‍ഷിക വികസന പദ്ധതികള്‍ ഇത്തരം ആധുനിക സങ്കേതങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂടുതല്‍ വിപുലമായും ശാസ്ത്രീയമായും ആവിഷ്കരിക്കാന്‍ ഈ പ്രകടനപത്രിക വിഭാവനം ചെയ്യുന്നുണ്ട്. വിവിധ കര്‍ഷിക ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ സ്ഥലം കൃഷിക്ക് ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാനുള്ള സാദ്ധ്യതകളും പ്രകടനപത്രിക തുറന്നു തരുന്നുണ്ട്.
കൃഷി വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണ മേഖലയുടെയും ധനവിഭവങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സംഭരണ-സംസ്കരണ കേന്ദ്രങ്ങളും വലിയ ഉല്പാദന യൂണിറ്റുകളും ആസൂത്രണം ചെയ്യാന്‍ കഴിയും. ഇത്തരം കേന്ദ്രങ്ങളുടെ ഒരു ശൃംഖല കേരളത്തിലൂടനീളം സൃഷ്ടിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
സുസജ്ജമായ വിപണന-–വിതരണ ശൃംഖലകളുടെ അഭാവം നമ്മുടെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും ഈ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുക വഴി സാധിക്കും.
കാര്‍ഷിക ഉല്പാദനത്തിലേയ്ക്ക് കടന്നുവരുന്ന യുവസംരംഭകർ, സാങ്കേതിക വിദഗ്ദ്ധര്‍, സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനവും സാങ്കേതിക ധനസഹായങ്ങളും നല്‍കുന്നതിനുള്ള പദ്ധതികള്‍ വ്യാപകമാക്കാന്‍ കഴിയും.
കാര്‍ഷിക മൂല്യ വര്‍ദ്ധനവിനാണ് നാം ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത്. ഓരോ വിളയിലും സാദ്ധ്യമായ മൂല്യവര്‍ദ്ധനവിന്റെ സാങ്കേതിക വിശദാംശങ്ങള്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനായാല്‍ കാര്‍ഷിക മേഖലയുടെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കാനാകും. കേരളത്തിന്റെ ഭാവി വികസനത്തിലെ നിര്‍ണ്ണായക മേഖലയായ കാര്‍ഷിക മേഖലയെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകില്ല എന്ന് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വ്യക്തമായി പ്രസ്താവിക്കുന്നുമുണ്ട്. നിലവിലുള്ള നേട്ടങ്ങള്‍ വ്യാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് പ്രകടനപത്രിക ലക്ഷ്യമാക്കുന്നത്. l
കാർഷിക വികസനം
ARTICLES



