2018ലെ അതിവർഷവും മഹാപ്രളയവും കേരളത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. നിരവധി ജില്ലകൾ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ, 3274 ക്യാമ്പുകളിലായി ഏകദേശം പത്തു ലക്ഷം പേർ അഭയം പ്രാപിച്ചു. പതിനയ്യായിരത്തോളം വീടുകൾ പൂർണമായും, 2 ലക്ഷത്തോളം വീടുകൾ ഭാഗികമായും നഷ്ടപ്പെട്ടപ്പോൾ, ഓരോ കുടുംബത്തിനും പിന്തുണയായി സർക്കാർ സംവിധാനം കൂടെ നിന്നു. ക്യാമ്പുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി. പ്രളയാനന്തരം യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകളും പാലങ്ങളും കുടിവെള്ളവും വൈദ്യുതി സംവിധാനങ്ങളും പുനർനിർമ്മിച്ച് അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിച്ചു. രോഗങ്ങളുടെ വ്യാപനം ഒഴിവാക്കാൻ വ്യാപകമായ ശുചീകരണവും ക്ലോറിനേഷനും നടത്തി. അടിസ്ഥാന രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ അടിയന്തരമായി സംഘടിപ്പിച്ചു. ഇവിടെയെല്ലാം നേതൃത്വപരമായ പങ്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത്.
COVID-19 മഹാമാരി വന്നപ്പോൾ, മുഴുവൻ ലോകവും അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ, ജനങ്ങളുടെ ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവ ഉറപ്പാക്കുന്ന മനുഷ്യകേന്ദ്രിത സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ ആശങ്കയിലും ആശയക്കുഴപ്പത്തിലും ആഴ്ന്നപ്പോൾ, കേരള സർക്കാർ – 20,000 കോടിയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങൾക്ക് സുരക്ഷിതത്വവും പ്രത്യാശയും നൽകി. കമ്യൂണിറ്റി കിച്ചനുകൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണസുരക്ഷ ഒരുക്കി. സഹകരണ ബാങ്കിങ് മുഖേന 55 ലക്ഷം ആളുകളുടെ പെൻഷൻ വീടുകളിലെത്തിക്കുകയും ചെയ്തു. കോൺടാക്ട് ട്രേസിങ്, ക്വാറന്റൈൻ, വീടുകളിൽ മരുന്ന് വിതരണംചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചാലകശക്തികളായിരുന്നു.
വർധിച്ചുവരുന്ന ദുരന്ത സാഹചര്യങ്ങൾ മുൻകൂട്ടി അറിയാനും ജനങ്ങൾക്ക്, – പ്രത്യേകിച്ച് മത്സ്യബന്ധന, മലയോര മേഖലകളിലുള്ളവർക്ക് – തക്കസമയത്ത് മുന്നറിയിപ്പുകൾ എത്തിക്കാനും സുസജ്ജമായ ഒരുക്കങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഡോപ്ലർ റഡാറുകൾ ഉപയോഗിച്ചുള്ള ഹൈ റെസല്യൂഷൻ കാലാവസ്ഥ മോഡലിങ്, കേന്ദ്ര ജല കമ്മീഷനുമായി ചേർന്നുള്ള നദീതട വെള്ളപ്പൊക്ക മോഡലിങ്, മണ്ണിടിച്ചിൽ മാപ്പിങ് എന്നിവയിലൂടെ ദുരന്ത സാധ്യതാ പഠനങ്ങളും പ്രവചനങ്ങളും നടന്നുവരുന്നു. സ്കൂൾ തലത്തിൽ നിന്നു തന്നെ കാലാവസ്ഥാ പഠനത്തിനായുള്ള സജ്ജീകരണങ്ങളും പുരോഗമിച്ചു വരുന്നു.
നാല് ജില്ലകളില്‍ ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രാദേശിക പദ്ധതി (Local Action Plan on Climate Change (LAPCC) ) തയ്യാറാക്കിക്കഴിഞ്ഞു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഈ എല്ലാ അനുഭവങ്ങളും ഒരു കാര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത് — ദുരന്തങ്ങൾ തടയാനും അവയുടെ ആഘാതം കുറയ്ക്കാനും ശാസ്ത്രീയവും മനുഷ്യകേന്ദ്രിതവുമായ ഒരു സർക്കാരും തദ്ദേശ ഭരണ സംവിധാനവും അനിവാര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആരോഗ്യ മേഖലയുടെ നവീകരണം, കൂട്ടായ്മകളുടെയും സന്നദ്ധ പ്രവർത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തം എന്നിവയാണ് ദുരന്ത നിവാരണത്തിന്റെ അടിത്തറ. പ്രാദേശികതലത്തിൽ ദുരന്തനിവാരണത്തിന് അനിവാര്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ഇടതു-പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. l



