Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറിചെറുകിട–സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ

ചെറുകിട–സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുക എന്നത്. കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ഇത്തരത്തിൽ പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ആവശ്യമായ ശേഷിയിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉയർത്തുക എന്നതായിരുന്നു. പ്രാദേശിക സാമ്പത്തിക വികസനവും അതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുകവഴി സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹ്യ ശാക്തീകരണത്തിലേക്ക് നയിക്കുന്നതിനും കഴിയും. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹ്യ അന്തരം വലിയൊരളവിൽ കുറയ്ക്കുന്നതിനും സാധാരണ ജനങ്ങളെ ഉല്പാദന പ്രക്രിയയിൽ പങ്കാളികളാക്കി മാറ്റുന്നതിലൂടെ സാധിക്കുമെന്നുറപ്പാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതിയിൽ അടിസ്ഥാന സമ്പത്തുല്പാദന മേഖലകളായ കൃഷി, മൃഗപരിപാലനം, ക്ഷീര വികസനം, മത്സ്യവിഭവ വികസനം, ചെറുകിട-–സൂക്ഷ്മ വ്യവസായങ്ങൾ എന്നിവയ്ക്കായി ഗണ്യമായ പദ്ധതി വിഹിതം വകയിരുത്തണം എന്ന കാഴ്ചപ്പാട് ജനകീയാസൂത്രണ പ്രസ്ഥാനം മുന്നോട്ടുവച്ചതും ഇത്തരമൊരു ലക്ഷ്യത്തോടെയായിരുന്നു. ഇതിലൂടെ പ്രാദേശിക സമ്പദ്-വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ ഗണ്യമായ വളർച്ച കൈവരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട് എന്നു വ്യക്തമാണ്.

ജനകീയാസൂത്രണം ഉയർത്തിപ്പിടിച്ച ഇത്തരമൊരു കാഴ്ചപ്പാട് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ചെറുകിട-–സൂക്ഷ്മ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടർന്നങ്ങോട്ട് സ്വീകരിക്കേണ്ട വികസന നയം. ചെറുകിട-–സൂക്ഷ്മ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തട്ടുകളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംയോജിതവും ഏകോപിതവുമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ചെറുകിട-–സൂക്ഷ്മ വ്യവസായ സൗഹൃദമായ സംസ്ഥാന ഗവൺമെന്റിന്റെ നടപടികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നതിലൂടെ വലിയ മാറ്റം പ്രാദേശിക തലത്തിൽ കൈവരിക്കുവാൻ കഴിയും. നമ്മുടെ സംസ്ഥാനത്തെ യുവതീയുവാക്കളുടെയിടയിൽ ഇന്നു നിലനിൽക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനായി ചെറുകിട-–സൂക്ഷ്മ വ്യവസായ സംരംഭങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന ഗവൺമെന്റും വ്യവസായ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇതിനകം സ്വീകരിച്ച നടപടികൾ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ചെറുകിട–-സൂക്ഷ്മ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തടസ്സമായി നിന്നിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും ലഘൂകരിക്കുന്നതിനും കേരളത്തെ സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളം വ്യവസായ സൗഹൃദ സൂചികയിൽ രാജ്യത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി എന്നത് അഭിമാനകരമായ നേട്ടമാണ്. ചെറുകിട-–സൂക്ഷ്മ വ്യവസായ സംരംഭങ്ങൾക്കാവശ്യമായ പെർമിറ്റുകൾ, ലൈസൻസുകൾ, മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നതിനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ കേന്ദ്രസ്ഥാനത്തേയ്ക്ക് ഉയരുന്നതിന് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. പുതിയൊരു കേരളം സൃഷ്ടിക്കുന്നതിനായി ചെറുകിട-–സൂക്ഷ്മ വ്യവസായ സംരംഭങ്ങളുടെ സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തി മുന്നോട്ടുപോകുന്നതിനാവശ്യമായ ഇടപെടലുകളും പ്രവർത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടരണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട്.

പുതിയ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ നിലവിലുള്ള എല്ലാ തടസ്സങ്ങളും സംസ്ഥാന ഗവൺമെന്റ് ഒഴിവാക്കിയ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പൂർണ്ണമായും സംരംഭകത്വ സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുകയും പുതുതായി വരുന്ന എല്ലാ സംരംഭകർക്കും ആവശ്യമായ സഹായ-പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. ചെറുകിട-സൂക്ഷ്മ സംരംഭകർ ആരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, റോഡ് ഗതാഗത സൗകര്യങ്ങൾ എന്നിവ പ്രാദേശിക പദ്ധതിയുടെ സഹായത്തോടെ ലഭ്യമാക്കുകയും പദ്ധതി മുൻഗണനയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ചെറുകിട-–സൂക്ഷ്മ സംരംഭകർക്കാവശ്യമായ വായ്പകൾ ലഭ്യമാക്കുന്നതിന് ധനകാര്യ സഹകരണ ബാങ്കുകളുടെ വായ്പാനയത്തിൽ മുൻഗണന ഉറപ്പാക്കുന്നതാണ്. വ്യവസായ സംരംഭകർക്ക് ആധുനിക ബിസിനസ്സ് മാനേജ്മെന്റിനും വ്യവസായ സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പിനും ആവശ്യമായ സാങ്കേതിക പ്രൊഫഷണൽ വൈദഗ്ദ്ധ്യം വളർത്തുന്നതിന് വ്യവസായ വകുപ്പിന്റെയും മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണനിലവാരമുള്ള പരിശീലനം നൽകും. ചെറുകിട-  സൂക്ഷ്മ സംരംഭങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് വിപണന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആകർഷകമായ പാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിനും ആവശ്യമായ പിന്തുണാസഹായങ്ങൾ ലഭ്യമാക്കും. ചെറുകിട-സൂക്ഷ്മ സംരംഭകരുടെ ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും വിപണനം സാധ്യമാക്കുന്നതിനും ആവശ്യമായ “കോമൺ ഫെസിലിറ്റി സെന്ററുകൾ’’ ബ്ലോക്ക് –ജില്ലാടിസ്ഥാനത്തിൽ സജ്ജമാക്കും. ചെറുകിട-–സൂക്ഷ്മ വ്യവസായ സംരംഭങ്ങളുടെ മാലിന്യ നിർമാർജനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഹായം ലഭ്യമാക്കും. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടിക വർഗക്കാർ, പ്രവാസികൾ എന്നീ വിഭാഗങ്ങളിലെ സംരംഭകർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപം ഭാഗികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതിയിലൂടെയും ബാക്കിയുള്ളത് മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയും ലഭ്യമാക്കും.

ഓരോ കുടുംബത്തിലും ഒരു വ്യവസായം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഒരു വ്യവസായ പാർക്ക് എന്ന ലക്ഷ്യത്തോടെ വ്യവസായ സംരംഭങ്ങളുടെ വ്യാപനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സ്ത്രീകളുടെ സ്വയം തൊഴിൽ സംരംഭകർക്ക് ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ ആധുനികവത്കരണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും.

ഭരണഘടനാപരമായി നിലവിൽ വന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമായ പ്രാദേശിക സാമ്പത്തിക വികസനത്തിനും വ്യവസായ വളർച്ചയ്ക്കും എങ്ങനെ ഇടപെടാൻ കളിയുമെന്ന പുതിയൊരു കേരള മാതൃകയ്ക്ക് തുടർന്ന് അധികാരമേൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരുത്തുപകരും. പ്രാദേശിക ആഭ്യന്തര ഉല്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്തി സാധാരണക്കാരായ ജനങ്ങൾക്ക് കുടുതൽ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചെറുകിട- – സൂക്ഷ്മ സംരംഭകത്വ വികസന നയം. ചെറുകിട–-സൂക്ഷ്മ സംരംഭങ്ങളിലൂടെ ജനങ്ങളുടെ തൊഴിലവസരങ്ങളും വരുമാനവും വർദ്ധിക്കുക മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനവും സാമ്പത്തിക ശേഷിയും മെച്ചപ്പെടുത്തുകയും കഴിയുമെന്നുറപ്പാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 8 =

Most Popular