അധികാര വികേന്ദ്രീകരണത്തിന്റെ കഴിഞ്ഞ മൂന്നു ദശകങ്ങളിലൂടെ കേരളം പ്രാദേശിക ഭരണ-വികസന രംഗങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഘടക പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോഴും കേരളത്തില്‍ മാത്രമാണ്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതി ഉള്‍ച്ചേര്‍ത്തത് 1997 ല്‍ എൽഡിഎഫ് സര്‍ക്കാരാണ് . സ്ത്രീകളെ വികസനാസൂത്രണത്തിന്റെ കര്‍തൃസ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുക എന്ന ധീരമായ നിലപാടാണ് ജനകീയാസൂത്രണം മുന്നോട്ടു വെച്ചത്. ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീ പക്ഷ കാഴ്ചപ്പാടോടെ പ്രാദേശിക വികസന പദ്ധതികള്‍ക്ക് രൂപംനല്‍കുക എന്നതായിരുന്നു സർക്കാരിന്റെ സമീപനം. സ്ത്രീകളുടെ അയല്‍ക്കൂട്ടങ്ങളും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപംകൊണ്ടതാണ്. 1998 ല്‍ നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച കുടുംബശ്രീ ഇന്ന് മൂന്നു ലക്ഷം ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പടെ അന്‍പത്തിരണ്ടു ലക്ഷത്തോളം സ്ത്രീകള്‍ക്ക് സാമൂഹ്യ ബോധത്തിന്റെയും സാമ്പത്തിക സ്വാശ്രയത്വത്തിന്റെയും ആത്മവിശ്വാസം പകരുന്ന മഹാപ്രസ്ഥാനമാണ്.
രാജ്യത്തുതന്നെ ആദ്യമായി സംസ്ഥാന ബജറ്റിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പ്രത്യേകം പദ്ധതി വിഹിതം വകയിരുത്തുന്ന ജന്‍ഡര്‍ ബജറ്റ് ആദ്യമായി നടപ്പിലാക്കിയത് 2008 ല്‍ എൽഡിഎഫ് സര്‍ക്കാരാണ്. 2016 മുതല്‍ സംസ്ഥാന പദ്ധതിയില്‍ സ്ത്രീകള്‍ക്കായുള്ള വകയിരുത്തലില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2017–-18 ല്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതി വിഹിതം മൊത്തം പദ്ധതി വിഹിതത്തിന്റെ 11.7 ശതമാനം ആയിരുന്നത് 2025-–26 ആയപ്പോൾ 20.8 ശതമാനമായി വര്‍ദ്ധിച്ചു.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നവകേരളത്തിലേക്കുള്ള സ്ത്രീ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന പ്രഖ്യാപനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക അവതരിപ്പിക്കുന്നത്. ജന്‍ഡര്‍ ബജറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വനിതാ ഘടക പദ്ധതിയുടെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് പരിഷ്കരിക്കുന്നതിനുമുള്ള പരിപാടികള്‍ നടപ്പാക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. സ്ത്രീകളുടെ തൊഴിലവസരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രാദേശിക വികസനത്തിന്റെ ഭാഗമായി വനിതാ ഘടക പദ്ധതി പരിഷ്കരിക്കേണ്ടതുണ്ട്.
സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തിലടക്കം ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന് ജനകീയാസൂത്രണ കാലത്തുതന്നെ തുടക്കംകുറിച്ചെങ്കിലും കുടുംബശ്രീയുടെ ശാക്തീകരണത്തോടെയാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം താഴേത്തട്ടുവരെ എത്തിയത്.എന്നാല്‍, ജില്ലാ തലത്തില്‍ മോണിട്ടറിങ് സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും മറ്റു നിയമ പരിപാലന സംവിധാനങ്ങളുമായി ഏകോപനം ഉറപ്പാക്കുന്നതിനും നടപടികള്‍ ആവശ്യമാണ്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സ്ത്രീ പദവി സ്വയം പഠന പരിപാടി ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളായ സമാനതകളില്ലാത്ത ജനകീയ വിദ്യാഭ്യാസ പരിപാടിയായിരുന്നു. കുറേക്കൂടി ഫലപ്രദമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജന്‍ഡര്‍ അവബോധ പ്രചരണം തദ്ദേശ ഭരണ വാര്‍ഡുകളിലേക്കടക്കം വ്യാപിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്നതിനുള്ള പരിപാടി പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നു.തീര്‍ച്ചയായും സമൂഹമാകെ ഏറ്റെടുക്കേണ്ട ഒരു ക്യാമ്പയിന്‍ എന്ന നിലയില്‍ ജന്‍ഡര്‍ അവബോധ പ്രചരണം നടപ്പിലാക്കാന്‍ ഇടതുപക്ഷ ഭരണ നേതൃത്വത്തിന് മാത്രമേ കഴിയൂ.
ട്രാന്‍സ്ജന്‍ഡര്‍മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി സംസ്ഥാനം ആവിഷ്കരിച്ച ട്രാന്‍സ്ജന്‍ഡര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പദ്ധതി വിഹിതം വകയിരുത്തിക്കൊണ്ട് സവിശേഷമായ നയ തീരുമാനങ്ങളും പദ്ധതികളും നടപ്പിലാക്കിയത് 2016 ല്‍ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ട്രാന്‍സ്ജന്‍ഡര്‍മാരുടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി അവര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്നും അഭ്യസ്തവിദ്യരായ മുഴുവന്‍ ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കും തൊഴില്‍ ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ ഉറപ്പു നല്‍കിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ട്രാന്‍സ്ജന്‍ഡര്‍മാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
1998 ല്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആദ്യമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീ പദവി പഠനം നടന്നത്. എന്നാല്‍ പരിമിതമായ ഇടങ്ങളില്‍മാത്രം നടന്ന സ്ത്രീ പദവി പഠനം പിന്നീട് എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009 ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതിവിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ തന്നെ മുന്‍കയ്യില്‍ ക്രൈം മാപ്പിങ് ആദ്യമായി രാജ്യത്ത് നടന്നതും കേരളത്തില്‍ തന്നെയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലമായി ക്രൈം മാപ്പിങ് നടത്തി സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വിലയിരുത്തി അവ തടയുന്നതിനായി വനിതാ ഘടക പദ്ധതിയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും പ്രകടന പത്രിക പരിപാടി പ്രഖ്യാപിക്കുന്നുണ്ട്.
എൽഡിഎഫ് സര്‍ക്കാര്‍ ഇരുപത്തിയേഴു വര്‍ഷംമുന്‍പ് രൂപം നല്‍കിയ കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാനും ദുര്‍ബ്ബലപ്പെടുത്താനുമുള്ള ബോധപൂര്‍വമായുള്ള ശ്രമങ്ങളാണ് എന്നും യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.കുടുംബശ്രീക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചും, കുടുംബശ്രീക്ക് ലഭിക്കേണ്ട കേന്ദ്രാവിഷ്കൃത പദ്ധതി ധനസഹായം ജനശ്രീക്ക് വഴിതിരിച്ചുവിടുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരമാണ് ആ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2015 ല്‍ കുടുംബശ്രീക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ പദ്ധതി വിഹിതം കേവലം 50200 കോടി രൂപയായിരുന്നെങ്കില്‍ 2025-–26 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കുടുംബശ്രീക്ക് നല്‍കിയ ധനസഹായം 4,50,500 കോടി രൂപയാണ്! കുടുംബശ്രീക്കുള്ള ധനസഹായം ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ഒാക്സിലറി ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുഖ്യ ഏജന്‍സിയായി കുടുംബശ്രീയെ വളര്‍ത്തുമെന്ന പ്രകടന പത്രികയിലെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തിലെ പകുതിയോളം കുടുംബങ്ങള്‍ കണ്ണികളായ ,രാജ്യത്തെ തന്നെ ഏറ്റവും വലിയ മതേതര ജനാധിപത്യ മണ്ഡലമാണ് കുടുംബശ്രീ. കുടുംബശ്രീയില്‍ പങ്കാളികളല്ലാത്ത സ്ത്രീകളും കുടുംബങ്ങളും ഏതെങ്കിലുമൊക്കെ വിധത്തില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അനുഭവിക്കുന്നവരാണ്. ലിംഗ തുല്യതയും ലിംഗ നീതിയും ഉറപ്പുവരുത്തുന്ന നവ കേരളമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ സ്ത്രീ സമൂഹത്തിന് നല്‍കുന്ന വാഗ്ദാനം. അത് സൃഷ്ടിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ സംവിധാനത്തിനും നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിയുമെന്ന് ജനകീയാസൂത്രണം മുതലുള്ള അനുഭവങ്ങള്‍ അടിവരയിടുന്നുണ്ട്. നാടിന്റെ സുസ്ഥിര വികസനവുമായി സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ ബന്ധപ്പെടുത്താമെന്നതു സംബന്ധിച്ച നിരവധി അനുഭവങ്ങളാണ് പ്രാദേശിക സര്‍ക്കാരുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇവയെ വിപുലപ്പെടുത്തിയും സ്ത്രീ വികസനത്തിന്റെ സുസ്ഥിര മാതൃക സൃഷ്ടിച്ചും മുന്നോട്ടു പോകേണ്ടതുണ്ട് .അതിനായുള്ള കൃത്യമായ രാഷ്ട്രീയവും വികസന സമീപനവും ലിംഗപദവി പരിപ്രേക്ഷ്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക. l



