Sunday, May 31, 2026

ad

സംസ്കാരം

2016ൽ ഒന്നാം പിണറായി സർക്കാർ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സമയത്ത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവുമേറെ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് സാംസ്കാരിക മേഖല എന്ന വ്യക്തമായ തിരിച്ചറിവോടു കൂടി ഒട്ടനവധി പരിപാടികൾ ആവിഷ്കരിക്കുകയുണ്ടായി. സംസ്കാരം എന്ന വാക്കിനെ മുൻകാലത്തെപ്പോലെ അതിന്റെ സൗന്ദര്യാത്മക തലങ്ങളിൽ സാഹിത്യം, കലകൾ എന്നിവയെ മാത്രം മുന്നിൽ കണ്ടുകൊണ്ട് സമീപിച്ചാൽ പോരാ എന്ന സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മതപരമായ മറ്റു മേഖലകൾ, പൈതൃകം, പുരാവൃത്തങ്ങൾ, ഉപനിഷത്തുകൾ ഇതിഹാസപുരാണങ്ങൾ, എന്നിങ്ങനെ പലതും സാംസ്കാരിക ദേശീയത എന്ന സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനു വേണ്ടി സമർത്ഥമായി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം എന്ന് സാംസ്കാരിക സ്ഥാപനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ നിന്നുള്ള അന്യവത്കരണം, ചരിത്രത്തിന്റെ വക്രീകരണങ്ങൾ, പുരോഗമനോന്മുഖമായ ചരിത്രത്തിന്റെ നിശ്ചിത ലക്ഷ്യത്തോടെയുള്ള തമസ്കരണങ്ങൾ എന്നിവ തിരിച്ചറിഞ്ഞു കൊണ്ട് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ സർക്കാർ മുൻകൈയിൽ നടത്തുകയുണ്ടായി. നമുക്ക് ജാതിയില്ല എന്ന ഗുരുവിന്റെ പ്രസ്താവനയുടെ വാർഷികം, വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ വാർഷികം, വ്യത്യസ്ത സമയങ്ങളിൽ ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ, അയ്യങ്കാളിസ്മരണ,വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളുടെ സ്മരണ എന്നിവയെല്ലാം സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പലയിടങ്ങളിലായി നടത്തപ്പെട്ടു. സമഗ്രമായി കൊണ്ടാടിയ കേരളോത്സവ പരിപാടികളിൽ കേരള ചരിത്രത്തെയും സംസ്കാരത്തെയും ഓർമ്മപ്പെടുത്താനും, അടയാളപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടന്നു. സാംസ്കാരിക നായകരുടെ നാമധേയത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിൽ ഓരോന്നിലും അമ്പതു കോടി രൂപ വകയിരുത്തി സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിയ്ക്കാനുള്ള പദ്ധതി പാലക്കാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ പ്രാവർത്തികമായി കഴിഞ്ഞു. ദേശീയ കലാരൂപങ്ങളുടെ പരിപോഷണത്തിന് ധനസഹായം നൽകാൻ പദ്ധതികൾക്ക് രൂപംനൽകി. മുഖാമുഖം പരിപാടികളിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സാംസ്കാരിക രംഗത്തെ പ്രശ്നങ്ങൾ സമയാസമയങ്ങളിൽ അവലോകനം ചെയ്തു. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക നയം സാങ്കേതികമായി രൂപപ്പെട്ടില്ലെങ്കിൽ പോലും അത്തരമൊരു നയത്തിന്റെ പിൻബലം സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി കൗൺസിലിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്തിക്കൊണ്ട് പ്രവർത്തനങ്ങൾക്കാവശ്യമായ ധനസഹായം ഉറപ്പുവരുത്തുന്നു. അടിസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾക്ക് നൽകിപ്പോരുന്ന ആവർത്തന – അനാവർത്തന ധനസഹായങ്ങളും ഉറപ്പുവരുത്തി. എല്ലാ വാർഡിലും ഒരു ലൈബ്രറിയോ, സാംസ്കാരിക ക്ലബ്ബോ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കലാകാരർക്കുള്ള ക്ഷേമ പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി വിശ്വാസികളെക്കൂടി പരിഗണിച്ചുകൊണ്ട് മാനവമൈത്രി പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. സിനിമ, സ്പോർട്സ്, ഫോക്‌ലോർ , മാധ്യമങ്ങൾ എന്നീ രംഗങ്ങളിൽ സശ്രദ്ധം ഇടപെട്ടുകൊണ്ട് പ്രതിലോമകരമായ പ്രവർത്തനശൈലികളെ പ്രതിരോധിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.

ചുരുക്കത്തിൽ, സാംസ്കാരിക രംഗത്തെ ശൂന്യസ്ഥലികളിലൂടെ പ്രതിലോമ ആശയങ്ങളുടെ നുഴഞ്ഞുകയറ്റം നടക്കുന്നതിനെ തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇക്കഴിഞ്ഞ രണ്ടു ടേമുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിപ്പോന്നത്. തൃണമൂല തലങ്ങളിലെ സാംസ്കാരിക മുന്നേറ്റം തന്നെയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. സുപ്രധാനമായ വികസന മുന്നേറ്റങ്ങളെയെല്ലാം നിഷ്ഫലമാക്കുന്ന രീതിയിലുള്ള സാംസ്കാരികമായ പിൻനടത്തത്തെ കണ്ടറിഞ്ഞ് ചെറുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ ഇനിയും ഊർജസ്വലമായി മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. l

Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − fourteen =

Most Popular