Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറികാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

ഴിഞ്ഞ ഒന്‍പതര വര്‍ഷമായി കേരളത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നയ തീരുമാനങ്ങള്‍ എടുത്തും നിയമ ഭേദഗതികള്‍ വരുത്തിയും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചും സർക്കാർ ശ്രമിച്ചു വരികയാണ്. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഇടപെടലുകളുടെ ഭാഗമായി യുഎന്‍ഇപിയുടെ നേതൃത്വത്തില്‍ ‘പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പതിറ്റാണ്ട് 2021– -30’ പ്രഖ്യാപനം വരും മുമ്പ് കേരളത്തിൽ 2016 ല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2018 ലെ പ്രളയ ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന ഭൂപ്രദേശങ്ങളെ വീണ്ടെടുക്കുന്നതിനും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നതിനും ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ട് രൂപംനല്‍കിയ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയിലൂടെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിന്റെ പശ്ചിമഘട്ട പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും  പ്രധാന കാരണങ്ങളിലൊന്ന് പശ്ചിമഘട്ട പ്രദേശത്തെ സ്വാഭാവിക നീർച്ചാൽ ശൃംഖലകൾക്കുവന്ന നാശമാണ്. ഇത് പുനഃസ്ഥാപിക്കാനായാൽ ദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഈ കാഴ്ചപ്പാടിലൂന്നി പശ്ചിമഘട്ട പ്രദേശത്തെ 230 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നമുക്ക് സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക പിന്തുണയോടെയും കേരള പുനർനിർമ്മാണ പദ്ധതിയുടെ (RKI) സാമ്പത്തിക സഹായത്തിലും നടത്തിയ ശാസ്ത്രീയ നീർച്ചാൽ മാപ്പിങ്ങും ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ നീർച്ചാൽ ശൃംഖല വീണ്ടെടുക്കലുമാണ് പ്രവര്‍ത്തനം.

കേരളത്തിന്റെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ സൂക്ഷ്മതലത്തിലുള്ള ഇടപെടലുകളാണ് പ്രായോഗികവും അഭികാമ്യവും.

അഞ്ചു ജില്ലകളില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായുള്ള പ്രാദേശിക പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട് . ഈ പ്രവര്‍ത്തനം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ‘നമ്മള്‍ നമുക്കായ്’ എന്ന പേരില്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കി ക്യാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രാദേശിക ദുരന്ത നിവാരണ പദ്ധതി തയാറാക്കുന്നതിന് നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയാറായിട്ടുണ്ട്.

നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി സാര്‍വത്രികമാക്കും എന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം കേരളത്തിന്റെ ഭാവിതലമുറയോടുള്ള കരുതലിന്റെ തെളിവാണ്. നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയില്‍ സവിശേഷമായ ഇടപെടലുകള്‍ക്ക് കേരളം ഇതിനകം തന്നെ വഴികാട്ടുന്നുണ്ട്.

ഇന്ത്യ 2070 ആകുമ്പോള്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവിയിലെത്തും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ അതിനാവശ്യമായ യാതൊരു നയസമീപനവും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. എന്നുമാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന കൃഷി, ജലം ,മലിനീകരണം, ഉപജീവനം അടക്കമുള്ള മേഖലകളില്‍ ഇടപെടാനും കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തില്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന മാതൃക അഭിമാനകരമാണ്.2050 ഓടെ കേരളം നെറ്റ് സീറോ കാര്‍ബണ്‍ പദവി കൈവരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് അനുയോജ്യമായ നയങ്ങളും പദ്ധതികളും രൂപീകരിച്ചുകൊണ്ടാണ് കേരളം മുന്നേറുന്നത്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറച്ചു കൊണ്ടുവരികയും കാര്‍ബണ്‍ സന്തുലിതാവസ്ഥയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ന്റെ തുടക്കത്തിലാണ് ഹരിത കേരളം മിഷന്‍ ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’എന്ന ക്യാമ്പയിന്‍ ആരംഭിച്ചത്. ഓരോ പ്രദേശത്തും ആവശ്യമായ പരിശീലനം നല്‍കിക്കൊണ്ട് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രീതി ഉപയോഗിച്ച് അവിടത്തെ കാര്‍ബണ്‍ ഉദ്ഗമനം അളക്കുകയും കാര്‍ബണ്‍ഡയോക്‌ സെെഡിന്റെ അധികമായ ഉദ്ഗമനം കുറയ്ക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുക എന്നതാണ് ചെയ്യുന്നത്. ശാസ്ത്രീയമായ മാലിന്യ സംസ്കരണം, കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗം, തരിശു ഭൂമി കൃഷിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ലഘൂകരിക്കാന്‍ കഴിയുന്ന കൃഷി രീതികളും, വ്യാപകമായ വൃക്ഷവത്കരണം തുടങ്ങി നിരവധി ഇടപെടലുകളാണ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നിലവില്‍ 152 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആശുപത്രികളുമടക്കം നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പടെ 12 സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഇതിനകം നെറ്റ് സീറോ കാർബൺ പദവി നേടിയതും രാജ്യത്തിനുതന്നെ മാതൃകയാണ്.

കഴിഞ്ഞ ഒമ്പതര വര്‍ഷംകൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളുടെ ഏകോപനത്തോടെയും ജനകീയ പിന്തുണയോടെയും എഴുപതിനായിരത്തിലധികം കിലോ മീറ്റര്‍ നീര്‍ച്ചാലുകളും നാനൂറു കിലോമീറ്ററിലധികം പുഴകളും വീണ്ടെടുത്തുകൊണ്ട് കേരളം മാതൃക തീര്‍ത്തു. വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ക്കുന്നതിനുള്ള ഇടപെടല്‍ എന്ന നിലയില്‍ കേരളത്തിലെ പകുതിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കേരളം മിഷന്റെ പിന്തുണയോടെ നടക്കുന്ന ജലബജറ്റ് പ്രവര്‍ത്തനവും തുടര്‍ നടപടികളും മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.

2050ല്‍ സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്ന അവസ്ഥ  കൈവരിക്കുന്നതില്‍ പച്ചത്തുരുത്തുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനാകും. പ്രകൃതി സമ്പത്തുകൊണ്ട് അനുഗൃഹീതം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിന്റെ ഹരിതാവരണം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യത്തില്‍ നിന്നാണ് അതിജീവനത്തിനായി പ്രാദേശിക ജൈവവൈവിദ്ധ്യത്തിന്റെ പച്ചത്തുരുത്തുകള്‍ എന്ന പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ ഏറ്റെടുത്തത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളില്‍ കാര്‍ബണ്‍ഡയോക്‌ സെെഡിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താനുള്ള വൃക്ഷങ്ങളുടെ കഴിവിനെ പ്രയോജനപ്പെടുത്തലാണ് ഇവിടെ സ്വീകരിച്ചിട്ടുള്ള പ്രവര്‍ത്തന തത്ത്വം. 1300 ഏക്കറിലായി 4,100 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടാന്‍ കഴിയുന്ന തരത്തില്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ സജ്ജരാക്കല്‍ പ്രധാനമാണ്. അതിനനുയോജ്യമായ പദ്ധതികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വിപുലമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 10 =

Most Popular