Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഅതിജീവനത്തിന്റെ രാഷ്ട്രീയം: 
കേരളത്തിന്റെ അതിദാരിദ്ര്യ 
നിർമാർജന പദ്ധതിയുടെ പാഠങ്ങൾ

അതിജീവനത്തിന്റെ രാഷ്ട്രീയം: 
കേരളത്തിന്റെ അതിദാരിദ്ര്യ 
നിർമാർജന പദ്ധതിയുടെ പാഠങ്ങൾ

‘‘ദാരിദ്ര്യം കേവലം വരുമാനമില്ലായ്മയല്ല, അതിജീവനത്തിനുള്ള കഴിവുകളുടെ അഭാവമാണ്” എന്ന അമർത്യാസെന്നിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണെന്നതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും അതിനെച്ചൊല്ലിയുള്ള സംവാദങ്ങളും. വരുമാനം അളക്കാം, എണ്ണാം, കണക്കുകൾ തയ്യാറാക്കാം. പക്ഷേ, ആരുടെയും ആശ്രയമില്ലാതെ തൊട്ടു മുന്നിലുള്ള ദിവസങ്ങൾപോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയെ എങ്ങനെ അളക്കും? ഭക്ഷണമില്ല, സ്വയം പാകംചെയ്യാനുള്ള ശേഷിയില്ല, ആരോഗ്യസേവനം ലഭ്യമല്ല അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം നിത്യവൃത്തികൾ കഴിക്കാൻപോലും കഴിയുന്നില്ല, സുരക്ഷിതമായ പാർപ്പിടമില്ല, സാമൂഹിക പിന്തുണയില്ല തുടങ്ങിയ അവസ്ഥകളിലുള്ളവരെ ഏത് സ്ഥിതിവിവരപ്പട്ടികയിലാണ് നാം ഉൾപ്പെടുത്തുക?

64,006 കുടുംബങ്ങളിലെ അതിദാരിദ്ര്യം ഇല്ലാതാക്കിയെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം സ്വാഭാവികമായും ചർച്ചകൾക്ക് വഴിതെളിച്ചു. സംഖ്യകൾ ചോദ്യംചെയ്യപ്പെട്ടു, രീതിശാസ്ത്രം വിമർശിക്കപ്പെട്ടു. പക്ഷേ, ഈ സംവാദങ്ങളിൽ നഷ്ടമായത് കൂടുതൽ അടിസ്ഥാനപരമായ ചില ചോദ്യങ്ങളാണ്. ദാരിദ്ര്യത്തെ നാം എങ്ങനെയാണ് നിർവചിക്കുന്നത്? സാമൂഹിക സംരക്ഷണത്തിന്റെ ഉത്തരവാദിത്തം എവിടെയാണ് തുടങ്ങുന്നത്? ക്ഷേമ പദ്ധതികളുടെ തണലിൽനിന്ന് പുറത്തുവന്നവരോട് സംസ്ഥാനത്തിന്റെ കടമ എന്താണ്?

ദാരിദ്ര്യം അളക്കുന്നതിലെ 
പരിമിതികൾ
ലോകബാങ്ക് ഉപയോഗിക്കുന്ന ‘പ്രതിദിനം 2.15 ഡോളർ’ എന്ന അതിദാരിദ്ര്യ പരിധി അന്താരാഷ്ട്ര താരതമ്യങ്ങൾക്ക് പൊതുവിൽ ഉപയോഗിക്കുന്ന സൂചകമാണ്. അത് രാജ്യങ്ങളുടെ താരതമ്യം സാധ്യമാക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി കണക്കാക്കാൻ സഹായിക്കുകയും ചെയ്യുമ്പോഴും പ്രായോഗികതലത്തിൽ പരിമിതികൾ ഏറെയുള്ള ഒന്നാണ് . ദിവസം മൂന്ന് ഡോളർ സമ്പാദിക്കുന്ന ഒരാൾ ഈ നിർവചനം അനുസരിച്ച് അതിദരിദ്രനല്ല, അവർ കിടപ്പിലായവരോ, ഒറ്റപ്പെട്ടവരോ, ഭക്ഷണമോ വൈദ്യസേവനമോ ലഭ്യമാക്കാൻ കഴിവില്ലാത്തവരോ ആണെങ്കിൽ പോലും.

കേന്ദ്രസർക്കാരിന്റെ സാമൂഹിക, സാമ്പത്തിക ജാതി സെൻസസ് (SECC) കൂടുതൽ സമഗ്രമാണ്. അത് വരുമാനത്തിനൊപ്പം മറ്റു പല സാമൂഹിക, സാമ്പത്തിക സൂചകങ്ങളും പരിഗണിക്കുന്നു. പക്ഷേ, ഈ സെൻസസ് മുഖ്യമായും ചില പ്രത്യേക ആനുകൂല്യങ്ങൾക്കർഹരായ ആളുകളെ തിരിച്ചറിയാനാണ് ഉപയോഗിക്കുന്നത്. റേഷൻ കാർഡ്, പെൻഷൻ, ഭവനപദ്ധതികൾ എന്നിവയ്ക്ക് യോഗ്യത നിർണയിക്കാൻ അത്യാവശ്യമായ സൂചകങ്ങൾ ഈ സെൻസസ് നൽകുന്നുമുണ്ട്. പക്ഷേ, ഈ സംവിധാനങ്ങളെല്ലാം ചില അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്; പദ്ധതികൾ ലഭ്യമാക്കാനും ഉപയോഗിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ശേഷിയാണത്.

എന്നാൽ, ചോദ്യാവലികളുടെ മാനദണ്ഡങ്ങൾക്കും അക്കങ്ങളുടെ കണിശതയ്ക്കുമപ്പുറം കണക്കിലെടുക്കപ്പെടാതെ പോകുന്ന നിരാലംബരെക്കുറിച്ചാണ് നമ്മൾ ചോദ്യങ്ങളുന്നയിക്കേണ്ടത്.

ഉദാഹരണത്തിന്, 84 വയസ്സുള്ള ഒരു വൃദ്ധ. അവർക്ക് റേഷൻ കാർഡ് ഉണ്ട്, പക്ഷേ കടയിൽ പോകാനോ സാധനങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാനോ പാകം ചെയ്യാനോ ഉള്ള കഴിവില്ല. കുടുംബത്തിലെ മറ്റുള്ളവർ ദീർഘകാല രോഗികളാണ്, വരുമാനമാർഗം ഇല്ല, മരുന്നുകൾക്ക് പണമില്ല. സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ വൃദ്ധ ആരോടാണ് സഹായം ചോദിക്കുക? ഇത്തരം സാഹചര്യങ്ങൾ വിരളമല്ലെന്ന് മാത്രമല്ല, സാധാരണ ഉപഭോഗസർവേകളിൽ വെളിപ്പെടുന്നവയുമല്ല. ഉണ്ണിയെ കണ്ടതുകൊണ്ടു മാത്രം അളന്നെടുക്കാവുന്നതല്ല ഊരിലെ പഞ്ഞം എന്ന തിരിച്ചറിവാണ് കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ അടിത്തറ.

കേരള മാതൃകയുടെ സവിശേഷതകൾ
എന്റെ നോട്ടത്തിൽ കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ പരമ്പരാഗത ദാരിദ്ര്യനിർമാർജന പരിപാടികളിൽനിന്ന് വേർതിരിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:

ഒന്ന് – അക്കങ്ങളല്ല, അതിജീവനമാണ് അളവുകോൽ: പരമ്പരാഗത ദാരിദ്ര്യ തിരിച്ചറിയൽപ്രക്രിയകൾ പ്രോക്സി സൂചകങ്ങളെ ആശ്രയിക്കുന്നു: വരുമാനം, ഉപഭോഗ രീതികൾ, സ്വത്ത് ഉടമസ്ഥത. EPEP (Extreme Poverty Eradication Project) അതിൽ ഒരു നിർണായക മാനം കൂടി ചേർത്തു: അതിജീവന ശേഷി.

അമ്പത്തെണ്ണായിരത്തോളം ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ, ഏതാണ്ട് പതിനാലുലക്ഷത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ, ഇത്തരം കുടുംബങ്ങളെ കണ്ടെത്തി. നാല് അടിസ്ഥാന അതിജീവന സംവിധാനങ്ങളും തകർന്നുപോയവർ. ഭക്ഷണം ലഭ്യമല്ല അല്ലെങ്കിൽ പാകം ചെയ്യാൻ കഴിവില്ല. ആരോഗ്യസേവനം ലഭ്യമല്ല. സുരക്ഷിതമായ പാർപ്പിടമില്ല. ഉപജീവനമാർഗം ഒന്നുമില്ല. ഇത് ദാരിദ്ര്യമല്ല, അതിജീവനപ്രതിസന്ധിയാണ്. ബാഹ്യസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. ഇത്തരം സാഹചര്യങ്ങൾ ഒരിക്കലും നമ്മൾ നേരത്തെ സൂചിപ്പിച്ച ഉപഭോഗ സർവേകളിൽ പ്രതിഫലിക്കില്ല.

രണ്ട്– സമഗ്രമാണ്, വിഘടിതമല്ല: മിക്ക ക്ഷേമപ്രവർത്തന സംവിധാനങ്ങളും വെവ്വേറെ വകുപ്പുകളിൽ പ്രവർത്തിക്കുന്നു. ഒരു വകുപ്പിൽ നിന്ന് റേഷൻ കാർഡ്, മറ്റൊന്നിൽ നിന്ന് പെൻഷൻ, മൂന്നാമതൊന്നിൽ നിന്ന് ഭവനം. ഈ ബ്യൂറോക്രാറ്റിക് കടമ്പകളിലൂടെ കടന്നുപോകാൻ കഴിവില്ലെങ്കിൽ, നിങ്ങൾ പാതിവഴിയിൽ കുടുങ്ങിപ്പോകാനാണ് സാധ്യത.

EPEP (അതിദാരിദ്ര്യ നിർമാർജന പദ്ധതി) ഇവിടെയും സവിശേഷമായ വ്യത്യസ്തത പുലർത്തി. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളറിഞ്ഞ്- സൂക്ഷ്മമായ വ്യക്തിഗത പരിപാടികൾ തയ്യാറാക്കി. ഒരു കുടുംബത്തിന് അവശ്യം പാകം ചെയ്ത ഭക്ഷണവും, ഉള്ള വീടിന്റെ അറ്റകുറ്റപ്പണിയുമാവാം. മറ്റൊരാൾക്ക് വീൽചെയർ, ആക്സസിബിൾ ടോയ്‌ലറ്റ്, ഉപജീവന പിന്തുണ എന്നിവ വേണ്ടിവരാം. ഇവിടെ ഇടപെടൽ നടത്തുകയെന്നാൽ അതിജീവന ശേഷി പുനഃസ്ഥാപിക്കാൻ ആവശ്യമായത് നൽകുക എന്നതാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഓരോ കുടുംബത്തിന്റെയും പ്ലാനുകൾ കൃത്യമായി നടപ്പിലാക്കപ്പെടുന്നു എന്നുറപ്പുവരുത്താൻ ഭരണതലത്തിലുള്ള മേൽനോട്ടംകൊണ്ട് സാധ്യമായി.

മൂന്ന്– സമൂഹം സാധൂകരിച്ചത്, ബ്യൂറോക്രസി തീരുമാനിച്ചതല്ല: തിരിച്ചറിയൽ പ്രക്രിയ അൽഗോരിതമിക് സ്കോറുകളിലൂടെയോ സർക്കാർ സർവേകളിലൂടെയോ മാത്രം നടന്നില്ല. വാർഡ് തല കമ്മിറ്റികളിലൂടെയും ഫോക്കസ് ഗ്രൂപ്പുകളിലൂടെയും, അതിദാരിദ്ര്യം കണ്ടെത്തുന്നതിലും പ്രാദേശിക സമൂഹങ്ങൾ സാധൂകരിക്കുന്നതിലും നേരിട്ട് പങ്കാളികളായി.

ഈ പങ്കാളിത്ത സമീപനംകൊണ്ടുണ്ടായ നേട്ടങ്ങൾ രണ്ടാണ്. ഔദ്യോഗിക കണക്കുപുസ്തകങ്ങളിൽപെടാത്ത സാഹചര്യപരമായ പരാധീനതകളെ ഇത് ഉൾക്കൊള്ളുന്നു. കൂടാതെ, നടത്തുന്ന ഇടപെടലിന് ഒരു സാമൂഹിക ഉത്തരവാദിത്തവും പങ്കാളിത്തവും സൃഷ്ടിക്കുന്നു.

അന്താരാഷ്ട്ര സമാനതകളും പാഠങ്ങളും
ഈ മാതൃകയ്ക്ക് പല ആഗോള സമീപനങ്ങളുമായും സാമ്യമുണ്ട്. എന്നാൽ കേരളം ഈ മാതൃകകളെ എങ്ങനെ രൂപപ്പെടുത്തി, അതിലെ ന്യൂനതകളെ എങ്ങനെ മറികടക്കുകയും അതിനെ എങ്ങനെ വികസിപ്പിക്കുകയും ചെയ്തു എന്നതാണ് അടുത്ത ചോദ്യം.

എത്യോപ്യയുടെ പ്രൊഡക്ടീവ് സേഫ്റ്റി നെറ്റ് പ്രോഗ്രാം (PSNP) അവിടുത്തെ പൊതുമരാമത്ത് ജോലികളിൽ പങ്കെടുക്കാൻ കഴിയുന്നവരെയും നേരിട്ടുള്ള പിന്തുണ ആവശ്യമുള്ളവരെയും രണ്ടു വിഭാഗങ്ങളായി വേർതിരിച്ച്-, ആനുകൂല്യങ്ങളും ഇടപെടലുകളും നടത്തുന്നു. കേരളം ഒരുപടികൂടി മുന്നോട്ടുപോകുന്നു: സമൂഹാധിഷ്ഠിതമായ ഇടപെടലുകൾക്കുപകരം വ്യക്ത്യാധിഷ്ഠിതമായ ഇടപെടലുകൾ നടത്തുന്നു.

റുവാണ്ടയുടെ ഉബുദെഹെ സിസ്റ്റം ഏറ്റവും ദരിദ്രരെ കണ്ടെത്താൻ സമൂഹാധിഷ്ഠിത സമ്പത്ത് റാങ്കിംഗ് ഉപയോഗിക്കുന്നു. പക്ഷേ, പരിഹാരപദ്ധതികൾ പലപ്പോഴും ഭാഗികമായി തുടരുന്നു. കേരളത്തിന്റെ വ്യക്തിഗത പദ്ധതി ആസൂത്രണം ഈ കണ്ടെത്തൽ പ്രക്രിയ, പരിഹാരപ്രവർത്തനത്തിലേക്ക് മുന്നേറുന്നുവെന്ന് ഉറപ്പാക്കുന്നു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സോപാധിക ധനകൈമാറ്റ പരിപാടികൾ (ബ്രസീലിന്റെ ബോൾസാ ഫാമിലിയ പോലുള്ളവ) അതത് പ്രദേശങ്ങളിലെ ദാരിദ്ര്യം കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ വിജയംവരിച്ചവയാണ്. എന്നാൽ അവ ഇപ്പോഴും cash -for -exit (പണം നേരിട്ട് കൈമാറിയാൽ ദരിദ്രർ സ്വയം ആ അവസ്ഥയിൽനിന്ന് പുറത്തുകടക്കും എന്ന തത്വത്തിൽ) മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ചിലർക്ക് പണം കൊടുത്താൽ മാത്രം പോരാ എന്ന് EPEP തിരിച്ചറിയുന്നു. പലപ്പോഴും അവർക്ക് വേണ്ടത് നേരിട്ടുള്ള സേവന വിതരണവും തുടർച്ചയായ പിന്തുണയും മാത്രമാണ്.

കേരളത്തിന്റെ ഈ പദ്ധതിയോട് ഏറ്റവും സമാനത പുലർത്തുന്നത്, ഒരുപക്ഷേ ലോകാരോഗ്യ സംഘടന-യുടെ ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണായകങ്ങളുടെ ചട്ടക്കൂട് ആയിരിക്കാം (Social Determinants of Health; ആരോഗ്യത്തെ സ്വാധീനിക്കുന്ന സാമൂഹ്യഘടകങ്ങൾ). ആരോഗ്യത്തിന്റെ അളവുകോൽ ചികിത്സയുടെ ലഭ്യത മാത്രമല്ലെന്നും, അത് പാർപ്പിടം, പോഷകാഹാരം, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഒത്തുചേർന്നതാണെന്നും അവർ സമർത്ഥിച്ചു. ഇതിനോട് സമാനമായാണ് EPEP അതിദാരിദ്ര്യത്തെ നിർവചിച്ചതും അളന്നതും. അത് കേവലം സാമ്പത്തിക സൂചികകളെ മാത്രം ആശ്രയിക്കാതിരുന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്.

ചോദിക്കാത്ത ചോദ്യങ്ങൾ: സുസ്ഥിരതയും വ്യാപനക്ഷമതയും
ഓരോ നൂതനമായ ഇടപെടലും ഏറ്റവുമൊടുവിൽ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം: ഇത് നിലനിൽക്കുമോ? ഇത് വിപുലപ്പെടുത്താൻ കഴിയുമോ?

സുസ്ഥിരത
പദ്ധതി 64,006 കുടുംബങ്ങൾക്കായി 2,832.645 കോടി രൂപ ചെലവഴിച്ചു. ഒരു കുടുംബത്തിന് ഏകദേശം 4.43 ലക്ഷം രൂപ. ഇത് ഗണ്യമാണ്, എന്നാൽ ബദലിനെക്കുറിച്ച് ചിന്തിക്കൂ: ആയിരക്കണക്കിന് കുടുംബങ്ങൾ അതിജീവന പ്രതിസന്ധിയിൽ നിലനിൽക്കുമ്പോൾ അടിയന്തര ആശുപത്രി വാസം, പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികൾ, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവയുടെ സഞ്ചിത ചെലവ്.

കൂടാതെ, പല ഇടപെടലുകളും ഒറ്റത്തവണ മൂലധന നിക്ഷേപങ്ങളാണ്: അതായത്, ഒരു വീട് പണിയുക, ആക്സസിബിൾ ടോയ്‌ലറ്റ് സ്ഥാപിക്കുക, വീൽചെയർ നൽകുക തുടങ്ങിയവ. എന്നാൽ മറ്റു ചില ഇടപെടലുകൾക്ക് (പാകം ചെയ്ത ഭക്ഷണ വിതരണം, പാലിയേറ്റീവ് കെയർ) തുടർച്ചയായ ധനസഹായം ആവശ്യമാണ്, കേരളത്തിന്റെ സ്ഥാപിതമായ കുടുംബശ്രീ ശൃംഖലയും പാലിയേറ്റീവ് കെയർ അടിസ്ഥാന സൗകര്യങ്ങളും നിലവിലുള്ള വിതരണ സംവിധാനങ്ങളും ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

യഥാർത്ഥ സുസ്ഥിരതയുമായി ബന്ധപ്പെട്ട ചോദ്യം സാമ്പത്തികമല്ല, സ്ഥാപനപരമാണ്. പ്രാദേശിക സ്ഥാപനങ്ങൾക്ക് നിരീക്ഷണ സംവിധാനങ്ങൾ നിലനിർത്താൻ കഴിയുമോ? ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഈ കുടുംബങ്ങളെ ട്രാക്ക് ചെയ്യുന്നത് തുടരാൻ കഴിയുമോ? സാമൂഹിക ഓഡിറ്റ് സംവിധാനങ്ങൾക്ക് ഇതിൽനിന്നും പിന്നോട്ടു പോകുന്നത് തടയാൻ കഴിയുമോ?

വ്യാപനക്ഷമത 
(അതോ വ്യാപന സാധ്യതയോ?)
മറ്റു സംസ്ഥാനങ്ങൾ ഉറപ്പായും ചോദിക്കും (ചോദിക്കണം!): ഞങ്ങൾക്ക് ഇത് നടപ്പിലാക്കാൻ കഴിയുമോ?

സത്യസന്ധമായ ഉത്തരം എളുപ്പമല്ലെന്നാണ്. കേരളത്തിന്റെ ഈ വിജയം പതിറ്റാണ്ടുകളുടെ മുൻകാല നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിപുലമായ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനം, ശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനങ്ങളുമായി നേരിട്ട് നിരന്തരം സംവദിക്കുന്ന കുടുംബശ്രീ ശൃംഖല, ഉയർന്ന സാമൂഹിക വികസന സൂചകങ്ങൾ, സാമൂഹിക പങ്കാളിത്തത്തോടെ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തു വിജയിപ്പിച്ച പാരമ്പര്യം – ഇതൊക്കെ ഈ വിജയത്തിന്റെ ഘടകങ്ങളാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്തതും ഇതൊക്കെത്തന്നെയാണ്.

എന്നാൽ അടിസ്ഥാനതത്വങ്ങൾ തീർച്ചയായും എല്ലാവർക്കും ഉൾക്കൊള്ളാനാവുന്നവയാണ്. വ്യാപിപ്പിക്കാവുന്നതുമാണ്. ഭാഗിക ദാരിദ്ര്യത്തെയും അസ്തിത്വപരമായ ദുർബലതയെയും തമ്മിൽ വേർതിരിക്കുക, ഏറ്റവുമധികം ദുരന്തസാധ്യതയുള്ളവരെ തിരിച്ചറിയാൻ പങ്കാളിത്ത രീതികൾ ഉപയോഗിക്കുക, സമഗ്രവും വ്യക്തിഗതമാക്കിയതുമായ ഇടപെടലിനുള്ള പദ്ധതികൾ സൃഷ്ടിക്കുക, വിതരണത്തിനായി നിലവിലുള്ള സാമൂഹിക ശൃംഖലകളെ പ്രയോജനപ്പെടുത്തുക, സുതാര്യമായ നിരീക്ഷണവും സാമൂഹിക ഓഡിറ്റ് സംവിധാനങ്ങളും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ കേരളത്തിനു സമാനമായ തോതിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കു പോലും സ്വീകരിക്കാവുന്നതാണ്. ദുർബല ജില്ലകളിൽ ചെറിയ പൈലറ്റ് പദ്ധതികളിൽ തുടങ്ങി, കണ്ടെത്തൽ പ്രക്രിയയും വിതരണ ശേഷിയും ക്രമേണ കെട്ടിപ്പടുക്കുക.

ഇന്ത്യയിലെ ദാരിദ്ര്യനിർമാർജന 
ചർച്ചകൾക്ക് 
കേരളം നൽകുന്ന പാഠമെന്ത്?
കേരളത്തിന്റെ EPEP നമ്മെ ഇന്ത്യയിലെ ദാരിദ്ര്യ നയങ്ങളെയും അളവുകളെയും പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതമാക്കുന്നു.
ഒന്ന്, വരുമാനകേന്ദ്രീകൃത ദാരിദ്ര്യനിർവചനം അപര്യാപ്തമാണ്. കാലങ്ങളായി തുടരുന്ന ‘94 രൂപ ദൈനംദിന ഉപഭോഗം’ മാത്രം അടിസ്ഥാനമാക്കിയുള്ള ആ സംവാദങ്ങൾക്ക് അർത്ഥം നഷ്ടപ്പെടുന്നു. ദിവസം 200 രൂപ ചെലവഴിക്കുന്നയാൾ പോലും രോഗശയ്യയിലാവുകയോ പരസഹായമില്ലാതാവുകയോ ചെയ്താൽ അസ്തിത്വ പ്രതിസന്ധിയിലാകും. രൂപയല്ല അതിജീവനമാണ് യഥാർത്ഥ സൂചിക എന്നു ചുരുക്കം.

രണ്ട്, സാർവത്രിക ക്ഷേമസേവനങ്ങൾ അനിവാര്യമാണ്. പക്ഷേ, പര്യാപ്തമല്ല. ആരോഗ്യം, വിദ്യാഭ്യാസം, റേഷൻ എന്നിവ ലഭ്യമാക്കുകയെന്നത് അടിസ്ഥാന ഉത്തരവാദിത്തമാണ്. എന്നാൽ അതിജീവനത്തിനായി പോരാടുന്നവർക്ക് പ്രത്യേക പരിഗണനയും പിന്തുണയും വേണം. വിശാലമായ സുരക്ഷാവലകളും അടിയന്തര രക്ഷാപ്രവർത്തനങ്ങളും കൈകോർക്കുകതന്നെവേണം.

മൂന്ന്, “ദാരിദ്ര്യ നിർമാർജനം” എന്ന സങ്കൽപ്പനത്തെ പുനർനിർവചിക്കുന്നു. ഒരു സംസ്ഥാനത്തിനും മൊത്തം ദാരിദ്ര്യവും ഒറ്റയടിയ്ക്ക് ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ, എല്ലാ സംസ്ഥാനങ്ങൾക്കും അതിജീവന പ്രതിസന്ധികളിലുള്ളവരെ കഴിയുംവേഗം തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാം. അത് കൈവരിക്കാവുന്നതും അടിയന്തരവുമായ ഒരു ലക്ഷ്യമാണ്.

നാല്, പ്രാദേശിക സ്വാധീനത്തിന്റെ, അറിവിന്റെ പ്രാധാന്യം തെളിയിക്കുന്നു. സങ്കീർണ വിവരസാങ്കേതിക സംവിധാനങ്ങളും ഡാഷ്ബോർഡുകളും വിലപ്പെട്ടതാണ്, പക്ഷേ യഥാർത്ഥ ദുർബലരെ കണ്ടെത്തുന്നത് മാനുഷിക ബന്ധങ്ങളിലൂടെയാണ്.

മുന്നിലുള്ള ചോദ്യങ്ങൾ
ഈ 64,006 കുടുംബങ്ങൾ അവരുടെ മെച്ചപ്പെട്ട അവസ്ഥകൾ നിലനിർത്തിയിട്ടുണ്ടോ? എത്രപേർ വീണ്ടും പഴയ ദുരിതത്തിലേക്ക് വഴുതിവീണു? ഈ ഇടപെടൽ കുട്ടികളുടെ വിദ്യാഭ്യാസ ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? മാനസികാരോഗ്യം? സാമൂഹിക മൂലധനം? ഏതൊക്കെ ഇടപെടലുകളാണ് (ഭവനം, ഉപജീവനം, ഭക്ഷ്യസുരക്ഷ) അതിജീവന ശേഷി പുനഃസ്ഥാപിക്കുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്? കുടുംബങ്ങളെ സഹായിച്ചതോടൊപ്പം, ആ സമൂഹങ്ങളിൽ ആളുകൾ തമ്മിലുള്ള ബന്ധവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും മെച്ചപ്പെട്ടോ?

നയപരമായ പാഠങ്ങൾ
കേരളത്തിന്: അടുത്ത ലക്ഷ്യം പുതിയ കുടുംബങ്ങൾ അതിദാരിദ്ര്യത്തിലേക്ക് വീഴാതിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ, തൊഴിൽനഷ്ടം, കുടുംബശിഥിലീകരണം, ഇവയെല്ലാം അപായസൂചനകളാണെന്ന തിരിച്ചറിവ് ഇപ്പോൾ നമുക്കുണ്ട്. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടുന്നവരെ കണ്ടെത്തുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.

മറ്റു സംസ്ഥാനങ്ങൾക്ക്: കേരളത്തിന്റെ കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പിന് പകരം, നിങ്ങളുടെ ഏറ്റവും ദുർബല ജില്ലകളിൽ സമാന സമീപനങ്ങൾ പൈലറ്റ് ചെയ്യുക. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് രീതികളിലും തന്ത്രങ്ങളിലും മാറ്റം വരുത്തി നടപ്പാക്കുക.

കേന്ദ്ര സർക്കാരിന്: SECC-യെ മറികടന്ന് EPEP തെളിയിച്ചത്, അതിജീവന ശേഷിയുടെ മൂല്യമാണ്. അതിനാൽ, അടുത്ത സെൻസസിൽ സ്വത്ത് മാത്രമല്ല, അതിജീവനശേഷിയും വിലയിരുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാവുക.

അന്താരാഷ്ട്ര വികസിതസമൂഹത്തിന്: പണം നേരിട്ട് നൽകിയാൽപിന്നെ ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളുമെന്ന വിശ്വാസത്തിൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്കപ്പുറം, ഏറ്റവും ദുർബലരായവർക്ക് സമഗ്രവും സുസ്ഥിരവുമായ പിന്തുണ നൽകുന്ന പുത്തൻ മാതൃകകൾക്ക് ഈ പദ്ധതി ഒരു പ്രായോഗിക ടെംപ്ലേറ്റ് വാഗ്ദാനം ചെയ്യുന്നു.

മനുഷ്യത്വത്തിന്റെ രാഷ്ട്രീയം
EPEP-യെ പൂർണമായും രാഷ്ട്രീയമായി കാണാൻ പ്രലോഭനമുണ്ടാകും. സ്വാഭാവികമാണത്. അതിജീവനത്തിന്റെ സമരങ്ങളിൽ ഏർപ്പെടേണ്ടിവരുന്ന നിരാലംബരായ മനുഷ്യരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നത് രാഷ്ട്രീയമല്ലാതെ മറ്റെന്താണ് എന്നതും ചിന്തനീയം.

64,006 കുടുംബങ്ങൾ ഇത്രയധികം ദുരിതത്തിലായിരുന്നുവെന്ന സത്യം അംഗീകരിക്കുക അസുഖകരമാണ്. ഇത് സംവിധാനങ്ങളുടെ പരാജയവും സാമൂഹിക നിസ്സംഗതയും “കേരള മാതൃക” യുടെ പരിമിതികളും തുറന്നുകാട്ടുന്നു. നിഷേധിക്കുകയാണ് പ്രതിരോധം. പ്രചാരണമെന്ന് തള്ളുകയാണ് നിന്ദ്യം. ഇവിടെ സത്യസന്ധത എന്നാൽ നേട്ടവും അതിന്റെ കുറ്റപത്രവും ഒരുമിച്ച് കാണുകയാണ്:

അതെ, കേരളം ശ്രദ്ധേയമായത് ചെയ്തു.

അതെ, അതിന് 2025 വരെ വേണ്ടിവന്നു.

ഇനി ചോദ്യം രീതികളോ സംഖ്യകളോ അല്ല.

നമ്മൾ ഇനി എന്തു ചെയ്യും?

കേരളം ഈ നേട്ടം നിലനിർത്തുമോ? മറ്റു സംസ്ഥാനങ്ങൾ ഈ പാഠം ഏറ്റെടുക്കുമോ? രാജ്യം ദാരിദ്ര്യ ലഘൂകരണത്തിനപ്പുറം, അസ്തിത്വ സുരക്ഷയെ മുൻഗണനയാക്കുമോ? നാമൊത്തുചേർന്ന് ആരും അദൃശ്യരല്ലാത്ത, ഒരു കുടുംബവും ഒറ്റയ്ക്കുമുങ്ങാത്ത സമൂഹവും കെട്ടിപ്പടുക്കുമോ?

നാം തിരഞ്ഞെടുക്കുന്ന അളവുകോലുകൾ നമ്മുടെ മൂല്യങ്ങളെ വെളിപ്പെടുത്തുന്നു.

വർഷങ്ങളായി നാം നമ്മുടെ സമയവും കാലവും സൗകര്യവും നോക്കി ദാരിദ്ര്യം അളക്കുന്നു, ദരിദ്രരെ എണ്ണുന്നു.

കേരളത്തിന്റെ ഈ പരീക്ഷണം ആ ധാരണകളെയും ശീലങ്ങളെയുമാകെ തിരുത്തി.

അവരെ കാണുക, കണ്ണുതുറന്നു കാണുക, അവരുടെ പ്രശ്നങ്ങൾ തൊട്ടറിയുക.നിറമുള്ള റേഷൻ കാർഡുകളോ കൈപ്പറ്റുന്ന പെൻഷനോ കൊണ്ടല്ല, ലളിതവും ആത്മാർത്ഥവുമായ പ്രതിബദ്ധതയോടെ.

നിങ്ങളെ വീഴാൻ ഞങ്ങൾ അനുവദിക്കില്ല എന്ന് ഒരുമിച്ചു ഒന്നായി പറയുക.

അത് കേവലം രാഷ്ട്രീയമല്ല.
അത് മനുഷ്യത്വമാണ്.
അതിനു സമയമായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − three =

Most Popular