കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സദാജനങ്ങൾക്കിടയിലാണ് പ്രവർത്തനം; മത്സ്യങ്ങൾക്ക് ജലം എന്ന പോലെയാണ് കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിയും ജനങ്ങളും തമ്മിലുള്ള നിർണായകമായ കണ്ണിയാണ് ബ്രാഞ്ചുകൾ. പാർട്ടിയുടെ അടിസ്ഥാന ഘടകമാണിത്. ബ്രാഞ്ചുകളുടെ പ്രവർത്തനം ദുർബലമായാൽ, ബ്രാഞ്ചുകൾക്ക് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായാൽ അത് പാർട്ടിയെയാകെ ബാധിക്കും. അതുകൊണ്ടാണ് പാർട്ടി ഭരണഘടനയും സംഘടനയെ സംബന്ധിച്ച 1978ലെയും 2015ലെയും പാർട്ടി രേഖകളും ബ്രാഞ്ചുകളുടെ പ്രവർത്തനത്തിന് പ്രാധാന്യം നൽകുന്നത്. മധുരയിൽ ചേർന്ന 24–ാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിനും രാഷ്ട്രീയ അവലോകനറിപ്പോ ർട്ടിനും പുറമേ സംഘടനയെ സംബന്ധിച്ച അവലോകന റിപ്പോർട്ടും അംഗീകരിക്കുകയുണ്ടായി. പാർട്ടി സംഘടനയുടെ പ്രവർത്തനം ചിട്ടപ്പെടുത്തേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ശരിയായ രാഷ്ട്രീയ അടവുനയം ഉണ്ടായാൽ മാത്രം പോരാ, അവ ശരിയായും കൃത്യതയോടെയും നടപ്പാക്കാൻ ശേഷിയുള്ള സംഘടനയും അനിവാര്യമാണ്. പാർട്ടിയുടെ ശരിയായ തീരുമാനങ്ങൾ ജനങ്ങളിലെത്തിക്കേണ്ട സുപ്രധാന കണ്ണിയാണ് പാർട്ടി ബ്രാഞ്ചുകൾ.
അതുകൊണ്ടുതന്നെ ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിശീലനം നൽകുന്നതിനും സെക്രട്ടറിമാരുടെയും ബ്രാഞ്ച് അംഗങ്ങളുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിദ്യാഭ്യാസത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. സിപിഐ എമ്മിന്റെ രാഷ്ട്രീയ മുഖവാരികയെന്ന നിലയിൽ ചിന്ത വാരിക പാർട്ടി വിദ്യാഭ്യാസത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. പാർട്ടി ബ്രാഞ്ചുകളിൽ കൃത്യമായി ചിന്ത വായിക്കുകയും ചർച്ച ചെയ്യുകയുമെന്നതാണ് ഔദ്യോഗിക പ്രസിദ്ധീകരണമായി ചിന്തയെ പാർട്ടി ഏറ്റെടുത്ത 1970 മുതലുള്ള പതിവ്. അങ്ങനെ വാരികയെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനുള്ള ഉപകരണമാക്കണമെന്നതാണ് പാർട്ടി നയം.
പാർട്ടിയുടെ രാഷ്ട്രീയനയം ജനങ്ങളിലെത്തിക്കുകയും ബഹുജനങ്ങളെ പാർട്ടിയോടടുപ്പിക്കുകയും ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് വർഗ–ബഹുജന സംഘടനകളാണ്. അതുകൊണ്ടുതന്നെ വർഗ സംഘടനകളുടെയും ബഹുജനസംഘടനകളുടെയും ഘടകങ്ങൾ പാർട്ടി ബ്രാഞ്ചുകളുടെ തലത്തിൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കേണ്ടതും ഏറ്റെടുക് കപ്പെടേണ്ട കടമയാണ്. ബന്ധപ്പെട്ട കമ്മിറ്റികൾ മറിച്ച് തീരുമാനിക്കുന്നില്ലായെങ്കിൽ ഏതെങ്കിലുമൊരു ബഹുജന സംഘടനയിൽ അംഗമാവുകയും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് ആ സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ബന്ധപ്പെട്ട ജനവിഭാഗങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയും അവരെ പാർട്ടിയിലെത്തിക്കുകയുമെന്നതാണ് ഓരോ പാർട്ടി അംഗവും നിർവഹിക്കേണ്ട കടമ.
മധുരയിൽ ചേർന്ന 24–ാം പാർട്ടി കോൺഗ്രസിന്റെ അവലോകന റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇൗ ലക്കം ചിന്തയിലെ ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എം എ ബേബി, പ്രകാശ് കാരാട്ട്, ബി വി രാഘവലു, എം വി ഗോവിന്ദൻ എന്നിവരാണ് ഈ വിഷയത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. l



