ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് ആഗോള രാഷ്ട്രീയത്തിലും ആഗോള സമ്പദ് വ്യവസ്ഥയിലും വലിയ പ്രകമ്പനങ്ങളാണ് സൃഷ്ടിക്കുന്നത്. തുറന്ന ആഗോള വ്യാപാരത്തിന്റെ (Free Trade) അപ്പൊസ്തലന്മാരായ അമേരിക്ക ദേശീയ സമ്പദ്ഘടനയുടെ സംരക്ഷണത്തിൽ ഊന്നുന്ന ( protectionism) അതി കഠിനമായ താരിഫ് വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയാണ്.
എല്ലാത്തരം ചരക്കുകളുടെയും ഇറക്കുമതിയിന്മേൽ 10 ശതമാനം അടിസ്ഥാന ഇറക്കുമതിച്ചുങ്കം (Baseline Tariff) ചുമത്തുന്നതു കൂടാതെ പകരച്ചുങ്കവും പ്രതികാരച്ചുങ്കവും ചുമത്തുകയാണ്. ഇന്ത്യൻ കാർഷിക ഉൽപ്പന്ന ഇറക്കുമതിയ്ക്ക് അമേരിക്കൻ ചുങ്കം 5.3 ശതമാനമാണ്. ഇന്ത്യ ചുമത്തുന്നത് 37.7 ശതമാനമാണ്. ഈ വ്യത്യാസം കണക്കിലാക്കി പകരച്ചുങ്കം ചുമത്തും എന്നതാണ് ഭീഷണി. അമേരിക്കയുടെ ആഗോള ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളാണ് പ്രതികാരച്ചുങ്കത്തിന് പ്രേരിപ്പിക്കുന്നത് എന്നു കാണാം. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന കാരണം പറഞ്ഞാണ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം അധികച്ചുങ്കം പ്രതികാരമായി ചുമത്തുന്നത്. അമേരിക്ക രണ്ടാംലോക യുദ്ധാനന്തരം കൈവന്ന അപ്രമാദിത്വത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികൾ മൂലമുണ്ടായ വ്യാപാരക്കമ്മി അതിന്റെ മൂർധന്യത്തിലാണ്. അമേരിക്കൻ കുത്തകകളുടെയും ബഹുരാഷ്ട്ര ഭീമന്മാരുടെയും താൽപ്പര്യം മാത്രം പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തിക, വ്യവസായ നയങ്ങൾ രാഷ്ട്രീയമായി തിരിച്ചടിക്കുന്നത് മുതലാക്കുന്ന രീതിയാണ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നത്. അതാണ് കുടിയേറ്റ തൊഴിലാളികൾക്കും മറ്റുമെതിരായ സമീപനങ്ങളുടെ കാതൽ. ട്രംപ് സ്വീകരിക്കുന്ന ഈ ചുങ്ക യുദ്ധത്തിന്റെ പ്രധാന ഉന്നം ചൈനയാണ് എന്നുതന്നെ മനസിലാക്കണം. അമേരിക്കൻ കേന്ദ്രീകൃതമായ ആഗോള വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിട്ടാണ് അവർ ചൈനയുടെ വളർച്ചയെ കാണുന്നത്. അവരെ പിടിച്ചുകെട്ടുക എന്ന ഉന്നംവെച്ചുള്ള നീക്കത്തോട് പക്ഷേ ചൈന പ്രതികരിച്ച രീതി ‘എന്നാൽ കാണാം’ എന്ന തരത്തിലായതോടെ ട്രംപ് ഒന്നു പകച്ചു. എന്നാൽ ഇന്ത്യൻ ഭരണാധികാരികൾ സ്വീകരിക്കുന്ന സമീപനം എന്താണ്? അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാർ ചർച്ചകളിൽ അവരുടെ ഇംഗിതങ്ങൾക്ക് കീഴ്പ്പെടുത്താനാണ് ഈ ചുങ്ക യുദ്ധത്തെ അമേരിക്ക ഉപയോഗപ്പെടുത്തുന്നത്. ചർച്ചകളിൽ നിന്നും കാർഷിക മേഖലയെ ഒഴിവാക്കി നിർത്താനാകില്ല എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന നാം കേട്ടു. ഇന്ത്യൻ കമ്പോളത്തിലേക്ക് അമേരിക്കൻ ഫാം ഉൽപ്പന്നങ്ങൾ താരിഫ് നിയന്ത്രണങ്ങൾ ഒഴിവാക്കി ഇറക്കുമതി ചെയ്യുന്ന സ്ഥിതി വന്നാൽ എന്തായിരിക്കും സംഭവിക്കുക? ഉദാഹരണത്തിന് അമേരിക്കൻ ഡയറി ഉൽപ്പന്നങ്ങൾ ഒരു താരിഫ് നിയന്ത്രണവുമില്ലാതെ രാജ്യത്തേക്ക് വരുന്ന സ്ഥിതി ആലോചിയ്ക്കൂ. അമേരിക്കൻ ഡയറികൾ വമ്പൻ മൂലധനവും സാങ്കേതിക വിദ്യയും സബ്സിഡികളുമെല്ലാമുള്ള വൻകിട ഏർപ്പാടാണ്. അതേ സമയം ഇന്ത്യൻ ക്ഷീര മേഖല പട്ടിണിപ്പാവങ്ങളുടെ അന്നമാണ് . എട്ടു കോടിയിലധികം വരുന്ന ഈ ചെറുകിട ക്ഷീര കർഷകരെ കൂടുതൽ കടുത്ത കെടുതികളിലേക്ക് തള്ളിയിടുന്നതായിരിക്കും ഈ മേഖലയിലെ ‘ സ്വതന്ത്ര വ്യാപാരം’ എന്നു കാണണം. ഇവിടെ വ്യക്തമാകുന്ന സംഗതി എന്താണ്? ആഭ്യന്തര കമ്പോള സംരക്ഷണം പറഞ്ഞുകൊണ്ടു ചുങ്ക യുദ്ധം നടത്താനിറങ്ങുന്ന അമേരിക്ക ഇന്ത്യയുടെ മേൽ സ്വതന്ത്ര വ്യാപാരം അടിച്ചേൽപ്പിക്കാൻ നോക്കുകയാണ്. ട്രംപ് നടത്തുന്ന ചുങ്ക യുദ്ധം എന്തുകൊണ്ട് എതിർക്കണം എന്നതിൽ കൂടുതൽ രാഷ്ട്രീയമായ വ്യക്തത നാം കൈവരിക്കേണ്ടതുണ്ട്. സർവ്വതന്ത്ര സ്വതന്ത്ര വ്യാപാരം എന്നത് ഏറ്റവും സ്വീകാര്യമായ അല്ലെങ്കിൽ ഏറ്റവും മാതൃകാപരമായ ക്രമമായതുകൊണ്ടല്ല അത് എതിർക്കപ്പെടേണ്ടത്. മറിച്ച് ആഗോള സമ്പദ് വ്യവസ്ഥയെയും ആഗോള രാഷ്ട്രീയത്തെയും ചൊൽപ്പടിക്ക് നിർത്തി തങ്ങളുടെ പ്രതിസന്ധികളെ മറികടക്കാനുള്ള കുതന്ത്രമായാണ് ഇത് മനസിലാക്കപ്പെടേണ്ടത്. തരാതരം പോലെ സ്വതന്ത്ര വ്യാപാരവും ചുങ്ക യുദ്ധവുമെല്ലാം എടുത്തുപയോഗിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. അതിനോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.
നോക്കുകുത്തിയാകുന്ന ലോക വ്യാപാരക്കരാർ
സർവ്വതന്ത്ര സ്വതന്ത്ര വ്യാപാരം ആഭ്യന്തര ഉൽപ്പാദനത്തെയും നിക്ഷേപത്തെയും കമ്പോളത്തേയും വലിയ തോതിൽ ഉത്തേജിപ്പിക്കും, അത് സാമാന്യ ജനങ്ങളുടെ ജീവിതം സുഗമമാക്കും എന്നൊക്കെ ആയിരുന്നു ഗാട്ട് കരാർ കാലത്തെ ചർച്ച എന്നതോർക്കണം. ലോക വ്യാപാര സംഘടന എന്ന ബഹു രാഷ്ട്ര വ്യാപാര സംഘടന ( WTO) രൂപീകരണ സമയത്തെ രാഷ്ട്രീയ ചർച്ചകൾ നാം ഓർത്തെടുക്കേണ്ടതുണ്ട്. ഈ കരാർ പ്രകാരം ഓരോ രാജ്യവും ചരക്കുകളുടെമേൽ ചുമത്തുന്ന ചുങ്കത്തിന് പരിധിയുണ്ട്. ബൗണ്ട് റേറ്റ് എന്നാണ് അതിനുപറയുന്നത്.ഇത് ദീർഘമായ ചർച്ചകൾ നടത്തി തീരുമാനിക്കുന്നതാണ്. ബൗണ്ട് റേറ്റിനു മുകളിൽ ചുങ്കം ചുമത്തുന്നത് ലോക വ്യാപാരകരാറിന് വിരുദ്ധമാണ്. അങ്ങനെ ഉണ്ടായാൽ WTO തർക്ക പരിഹാര വ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യപ്പെടും. ഒരു ചരക്കിന് ഉയർന്ന നിരക്ക് ഈടാക്കണം എന്നുണ്ടെങ്കിൽ അതു ഡബ്ല്യുടിഒ സംവിധാനത്തിലൂടെ വഴി ചർച്ചകളും കൂടിയാലോചനകളും വഴി മാത്രമേ പറ്റൂ എന്നാണ് വ്യവസ്ഥ. മാത്രമല്ല, ഇങ്ങനെ ചുങ്ക നിരക്ക് ഉയർത്തിയാൽ അതുമൂലം നഷ്ടം സംഭവിക്കുന്ന രാജ്യങ്ങൾക്കു നഷ്ട പരിഹാരം കൊടുക്കണം. ഇവിടെ നോക്കൂ. അമേരിക്ക തങ്ങൾ വരുത്തുന്ന ചുങ്ക മാറ്റങ്ങൾ ലോക വ്യാപാര സംഘടനയെ അറിയിക്കാൻ പോലും കൂട്ടാക്കുന്നില്ല. ലോക വ്യാപാര കരാർ പ്രകാരം തന്നെ ബൗണ്ട് റേറ്റ് കടന്ന് ചുങ്കം ചുമത്താവുന്ന അവസരങ്ങളുമുണ്ട്. പക്ഷേ അവയെല്ലാം ഡബ്ല്യുടിഒ സംവിധാനത്തിൽ ചോദ്യംചെയ്യപ്പെടും. ഉദാഹരണത്തിന് രാജ്യത്തേക്കുള്ള ഒരു പ്രത്യേക ചരക്കിന്റെ ഇറക്കുമതി ക്രമാതീതമായി ഉയരുന്ന ഘട്ടത്തിൽ ആഭ്യന്തര ഉൽപ്പാദനത്തെ സംരക്ഷിക്കാൻ ഉയർന്ന ചുങ്കം ചുമത്താൻ വ്യവസ്ഥയുണ്ട്. ഒന്നാം ട്രംപ് ഭരണകാലത്ത് സ്റ്റീലിനും മറ്റും ഏർപ്പെടുത്തിയ അധിക ചുങ്കം ഈ സേഫ് ഗാർഡ് വ്യവസ്ഥ പ്രകാരമുള്ളതായിരുന്നു. മറ്റൊരു പഴുത് ദേശീയ സുരക്ഷയാണ്. ഇതെല്ലാം ഡബ്ല്യുടിഒ തർക്ക പരിഹാര സംവിധാനത്തിനു വിധേയമാണ്. ഇപ്പോൾ അമേരിക്ക ഏർപ്പെടുത്തുന്ന പകരച്ചുങ്കം എന്നത് ഡബ്ല്യുടിഒ വ്യവസ്ഥകൾക്ക് വിധേയമേയല്ല. ഓരോ രാജ്യത്തിന്റെയും വിവിധ ചരക്കുകളുടെ ബൗണ്ട് റേറ്റ് നിശ്ചയിക്കപ്പെടുന്നത് അതിന്മേലുള്ള വ്യാപാരത്തിൽ വരുന്ന കമ്മിയുടെ അടിസ്ഥാനത്തിലാണ്. ഓരോ ഉൽപ്പന്നത്തിന്റെയും ആഭ്യന്തര ഉൽപ്പാദന സ്ഥിതിയുടെയും വിപണനത്തിന്റെയും നിലയൊക്കെ പരിഗണിച്ചാണ് ദീർഘമായ ചർച്ചകൾക്കൊടുവിൽ ഈ നിരക്ക് തീരുമാനിക്കപ്പെടുന്നത്. അത് തന്നിഷ്ടം പോലെ ഓരോരുത്തർക്കായി മാറ്റിമറിക്കാനാവില്ല. ഡബ്ല്യുടിഒ അംഗങ്ങളായ രാജ്യങ്ങളെ ഏറ്റവും വേണ്ടപ്പെട്ടവരായാണ് ( Most Favoured Nation ) കണക്കാക്കേണ്ടത്. ഇവിടെ ഇതേതെങ്കിലും ഡൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിക്കോ അമേരിക്ക എന്ന രാജ്യത്തിനോ ബാധകമാകുന്നുണ്ടോ? താരിഫ് ഭീഷണി ഉയർത്തി ഇന്ത്യയെയും മറ്റും അവരുടെ ഇഷ്ട പ്രകാരമുള്ള സ്വതന്ത്ര വ്യാപാര സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ചുങ്ക ഭീഷണി ഉയർത്തി ഉഭയകക്ഷി ചർച്ചകളിലേക്ക് എത്തിക്കുക. എന്നിട്ട് ഇന്ത്യ പോലുള്ള രാജ്യങ്ങൾ അവരുടെ ആഭ്യന്തര ഉൽപ്പാദനത്തെ സംരക്ഷിക്കാൻ എടുത്തിട്ടുള്ള ചുരുങ്ങിയ നടപടികളെത്തന്നെ ഇല്ലാതാക്കുക. ഇതൊന്നും കൊട്ടിഘോഷിക്കപ്പെട്ട ആഗോള വ്യാപാര സംഘടനയുടെയോ അതിന്റെ തർക്ക പരിഹാര സംവിധാനത്തിന്റെയോ പരിധിയിലൊന്നും വരാതിരിക്കുക. ഇതാണ് നടക്കുന്നത്. ബഹു രാഷ്ട്ര വ്യാപാര സംവിധാനം അപ്പാടെ അസാധുവാകുകയാണ്. അസമമായ രാഷ്ട്രങ്ങൾ തമ്മിൽ ‘ സ്വതന്ത്രമായ’ വ്യാപാരം എന്നൊന്ന് സാധുവല്ല എന്ന വാദത്തെ നിരാകരിച്ച രാഷ്ട്രീയമാണ് വാസ്തവത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്.
‘സ്വതന്ത്ര വ്യാപാരം’ തകർത്ത
ആഭ്യന്തര നയങ്ങൾ
ആഭ്യന്തര ഉൽപ്പാദന പ്രചോദനത്തിനായി സബ്സിഡികൾ നല്കിയാൽ അത് ആഗോള സ്വതന്ത്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന നയം സ്വീകരിക്കാനാണ് പാവപ്പെട്ട രാജ്യങ്ങൾ നിർബന്ധിതമായത്. സബ്സിഡി നല്കുന്നത് വിപണിയെ കൃത്രിമമായി വളച്ചൊടിക്കും. അതിനു പകരം സ്വച്ഛമായ വ്യാപാരം അനുവദിച്ചാൽ മതി. ലോക വ്യാപാരത്തിന്റെ കുത്തൊഴുക്ക് നമുക്ക് സൗഭാഗ്യങ്ങൾ സമ്മാനിക്കും. അതിന്റെ ഗുണം തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും ലഭ്യമായിക്കൊള്ളും. നിങ്ങൾ ട്രേഡ് തടസപ്പെടുത്തുന്ന വിധമുള്ള കൃത്രിമ സഹായങ്ങൾ കൊണ്ട് കുളമാക്കാതിരുന്നാൽ മതി എന്നത് ആഘോഷിക്കപ്പെട്ട സിദ്ധാന്തമായിരുന്നു എന്നോർക്കണം. സർക്കാർ ആവശ്യമില്ലാതെ വിപണിയിൽ ഇടപെട്ട് അലോസരം ഉണ്ടാക്കരുത്. ആഭ്യന്തര ഉൽപ്പാദനത്തെ സഹായിക്കുന്ന നടപടി അനാവശ്യമാണ്. കമ്പോളം തുറന്നിടുക. അത് സംരംഭങ്ങളെ കൊണ്ടു വന്നുകൊള്ളും. ആവശ്യമില്ലാതെ സംരക്ഷണം ഏർപ്പെടുത്താതെ ഇരുന്നാൽ മതി. എന്തിന്, നമ്മുടെ പേറ്റന്റ് നിയമം പോലുള്ള ബൗദ്ധിക സ്വത്ത് അവകാശ നിയമങ്ങൾ തന്നെ പൊളിച്ചെഴുതപ്പെട്ടത് ലോക വ്യാപാരകരാർ നിബന്ധനകൾ അനുസരിച്ചാണ് എന്നത് മറക്കരുത്. രാജ്യത്തിന്റെ ചെലവിടൽ ശേഷിയെ നിയന്ത്രിക്കുന്ന ധന ഉത്തരവാദിത്ത നിയമങ്ങളെയും ഇതേ പശ്ചാത്തലത്തിൽ മനസിലാക്കാൻ സാധിക്കണം. സ്വതന്ത്ര വ്യാപാരത്തിന്റെ ഈ സങ്കീർത്തനങ്ങളെ നോക്കിയാണ് ട്രംപ് കോമ്പല്ല് കാട്ടുന്നത്. അപ്പോൾ ചുങ്ക യുദ്ധത്തെ എതിർക്കുകയെന്നാൽ സ്വതന്ത്ര വ്യാപാരം പുണ്യപ്പെട്ട ഒന്നാണെന്ന് പറയുകയില്ലെന്നതു കാണണം.
തകരുന്ന സാർവ്വദേശീയത
ട്രംപ് ലോക വ്യാപാര സംഘടനയെയും അതിന്റെ തർക്ക പരിഹാര സംവിധാനങ്ങളെയും എങ്ങനെയാണ് നോക്കുകുത്തിയാക്കുന്നത് എന്നു നാം കണ്ടു. ഗാട്ട് കരാറും ഡബ്ല്യുടിഒയും എല്ലാം ആഗോളമായി ഉയർത്തിയ എന്തെല്ലാം ‘പ്രതീക്ഷകളെയാണ്’ ഇങ്ങനെ അമേരിക്ക തരാതരം പോലെ അപ്രസക്തമാക്കുന്നത് ? ലോക വ്യാപാര സംഘടനയുടെ രാഷ്ട്രീയ യുക്തിയും ശരിയും പറയാനല്ല ശ്രമം. ട്രംപ് 2.0 അധികാരം ഏറ്റെടുത്ത ഉടൻ ചെയ്ത മറ്റൊരു സംഗതി ഇവിടെ പ്രസക്തമാണ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള ഐക്യം അപകടപ്പെടുത്തുക എന്നതായിരുന്നു അത്. പാരിസ് കരാറിൽ നിന്നും ഏകപക്ഷീയമായി അമേരിക്ക പുറത്തു പോയി. അതോടെ അവർക്ക് എമിഷൻ ലക്ഷ്യങ്ങൾ ബാധകമല്ല എന്നു വന്നു. ആഗോള ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കുക എന്ന കാലാവസ്ഥാ ലക്ഷ്യത്തെ ട്രംപ് കളിയാക്കി. ഡ്രിൽ ബേബി ഡ്രിൽ എന്നു പറഞ്ഞ് കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കുഴിച്ചെടുക്കാൻ തീട്ടൂരം ഇറക്കി. അങ്ങനെ കുഴിച്ചെടുക്കുന്ന ഫോസിൽ ഇന്ധന വ്യാപാരത്തിനായി സകല വ്യാപാര കുതന്ത്രങ്ങളും ഇറക്കുന്നു. ഇവിടെ പ്രതികാരച്ചുങ്കം ഇതുമായി കൂടി ബന്ധപ്പെട്ടതാണ് എന്നു കാണണം. അമേരിക്ക എല്ലാത്തരം ആഗോള മാനവ ഐക്യദാർഢ്യങ്ങളേയും വെല്ലുവിളിക്കുകയാണ്. മൂലധന വാഴ്ചയുടെ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്ന കെടുതികളെ മാനവരാശിയുടെ ഭാവി പണയപ്പെടുത്തി നേരിടുന്ന വിനാശ രാഷ്ട്രീയമാണ് അമേരിക്ക പയറ്റുന്നത് . അതിനോട് ‘ഫ്രണ്ട്ഷിപ്പ്’ പ്രഖ്യാപിക്കുന്ന മോദിയാണ് നമ്മുടെ ദൗർഭാഗ്യം. l



