Saturday, May 30, 2026

ad

Homeകവര്‍സ്റ്റോറിഅമേരിക്കൻ നയം എന്തുകൊണ്ട് 
തലകീഴ്മറിഞ്ഞു?

അമേരിക്കൻ നയം എന്തുകൊണ്ട് 
തലകീഴ്മറിഞ്ഞു?

മേരിക്കയായിരുന്നു സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലരാജ്യം. രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകബാങ്ക്, ഐ എം എഫ്, ഗാട്ട് എന്നീ ത്രിമൂർത്തികളുടെ സഹായത്തോടെ ആഗോള സ്വതന്ത്ര വ്യാപാര വ്യവസ്ഥയ്ക്കു വേണ്ടി പരിശ്രമിച്ചുവരികയായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ വിഘ്‌നങ്ങളെല്ലാം മാറിക്കിട്ടി. നിയോലിബറൽ ലോകക്രമം ഇവർ സൃഷ്ടിച്ചെടുത്തു. ഈ ഒരു വ്യവസ്ഥയുടെ പ്രത്യേകത ഒരു രാജ്യത്തിനും ഈ ആഗോളക്രമത്തിന്റെ പുറത്ത് ഒറ്റയ്ക്കുനിൽക്കാൻ കഴിയില്ല എന്നുള്ളതാണ്. ഇതിനുവേണ്ടി ത്രിമൂർത്തികൾ ചുങ്ക സംരക്ഷണങ്ങളെല്ലാം പടിപടിയായി നീക്കംചെയ്ത് ആഗോള വ്യാപാരത്തെ സ്വതന്ത്രമാക്കി. അതുപോലെതന്നെ നിക്ഷേപത്തെയും, ഫിനാൻസ് മൂലധനത്തെയും സർവ്വ സ്വതന്ത്രമാക്കി.

എന്നാൽ ഇന്ന് ട്രംപ് സ്വതന്ത്ര വ്യാപാരത്തെ തള്ളിപ്പറയുകയാണ്. സംരക്ഷണ തീരുവയാണ് അദ്ദേഹത്തിന്റെ ചിഹ്നം. തീരുവയാണ് അദ്ദേഹത്തിന് ഏറ്റവും സുന്ദരമായ പദം. എന്തുകൊണ്ടാണ് ഈ കീഴ്മേൽ മറിച്ചിൽ ഉണ്ടായത്? ഈ ചോദ്യത്തിന് ഉത്തരം നൽകാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

കളിയിൽ തോറ്റ അമേരിക്ക
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ വാൻസ് തന്നെ ഒരു സന്ദർഭത്തിൽ കുമ്പസാരിച്ചു:

‘അഹങ്കാരത്തോടെ യു.എസ്. വിശ്വസിച്ചിരുന്നത്, എല്ലാ രാജ്യങ്ങളും മൂല്യ ശൃംഖലയിൽ (value chain) എക്കാലവും തങ്ങളുടെ പിന്നിലായിരിക്കുമെന്നാണ്. എന്നാൽ, മറ്റു രാജ്യങ്ങൾ മൂല്യ ശൃംഖലയിൽ മുന്നോട്ടു പോവുക മാത്രമല്ല, ചിലർ ഉയർന്ന നിലയിലേക്ക് കുതിച്ചുയരുകയും ചെയ്തു. ഇനി ഇത് അനുവദിക്കാനാവില്ല’.

2020-ൽ പർച്ചേസിങ് പവർ പാരിറ്റി (Purchasing Power Parity) അടിസ്ഥാനത്തിൽ ബ്രിക്സ് രാജ്യങ്ങളുടെ മൊത്തം ഉത്പാദനം അമേരിക്കയുടെ ജിഡിപിയെ മറികടന്നു. 2030-കളുടെ തുടക്കത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്നാണ് കണക്കാക്കുന്നത്. അതായത്, സ്വതന്ത്ര വ്യാപാരക്കളിയിൽ അമേരിക്ക തോറ്റു. അതുകൊണ്ട് പ്രസിഡന്റ് ട്രംപ് കളിയിലെ നിയമങ്ങൾ തന്നെ മാറ്റാൻ തീരുമാനിച്ചു.

അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികസാമ്പത്തിക ശക്തിയല്ല എന്നത് ശരിയാണ്. ഭീമമായ വ്യാപാര കമ്മിയുമുണ്ട് (merchandise trade deficit). എന്നിരുന്നാലും, ഇപ്പോഴും അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. സേവനങ്ങളിൽ അവർക്ക് വ്യാപാര മിച്ചമുണ്ട്. അമേരിക്കയിലെ മാനുഫാക്ച്വറിങ് മേഖലയുടെ തകർച്ചയ്ക്ക് പ്രധാന കാരണം, ഉത്പാദനച്ചെലവ് കുറഞ്ഞ മൂന്നാം ലോക രാജ്യങ്ങളിലേക്ക് തങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കാൻ അമേരിക്കൻ കോർപ്പറേറ്റുകൾ തീരുമാനിച്ചതാണ്. ഏറ്റവും പ്രധാനമായി, ബഹുരാഷ്ട്ര കോർപ്പറേറ്റുകളുടെയും ധനമൂലധനത്തിന്റെയും നവ കൊളോണിയൽ ചൂഷണമാണ് അമേരിക്കയുടെ സമൃദ്ധിക്ക് പ്രധാന സംഭാവന നൽകുന്നത്. എല്ലാറ്റിനുമുപരിയായി, അമേരിക്കയുടെ സൈനിക ശക്തി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇടപെടാനും ആഗോളരാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാനും ആ രാജ്യത്തെ പ്രാപ്തമാക്കുന്നു.

സംരക്ഷണത്തീരുവ 
ഒരു രാഷ്ട്രീയ ആയുധം 
എന്നാൽ, ട്രംപിന്റെ വിവരണം ഇതിന് നേർ വിപരീതമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, “അകന്നതും അടുത്തതും, സൗഹൃദപരവും ശത്രുതാപരവുമായ രാജ്യങ്ങളാൽ അമേരിക്ക കൊള്ളയടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു’. ഈ ഭ്രാന്തൻ ധാരണയോടെ, മറ്റ് രാജ്യങ്ങളെ മുട്ടുകുത്തിക്കാൻ താരിഫിനെ ഒരു ആയുധമായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു.

നവലിബറൽ ലോക വ്യവസ്ഥിതിയിൽ, എല്ലാ രാജ്യങ്ങളും വിവിധ സാമ്പത്തിക വിപണികളിലൂടെയും തുറന്ന ചരക്ക്-സേവന വിപണികളിലൂടെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണല്ലോ. ആഗോളവൽക്കരണം തുടങ്ങിയപ്പോൾ ആരും ചിന്തിക്കാത്ത ഒന്നാണ് അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപടികൾ. അമേരിക്കയെടുക്കുന്ന ഏകപക്ഷീയ നടപടികളെ മറികടക്കാൻ മറ്റു രാജ്യങ്ങൾക്ക് ബുദ്ധിമുട്ടാണ്. ട്രംപിനും ഇതറിയാം. അതുകൊണ്ട് മറ്റുള്ളവരെ വരുതിക്ക് നിർത്താൻ അദ്ദേഹം ഒരു ആയുധമായി താരിഫിനെ ഉപയോഗിക്കുകയാണ്.

അമേരിക്കൻ വ്യവസായമേഖലയുടെ തകർച്ച 
അമേരിക്കയുടെ വ്യാവസായിക ഉൽപ്പാദന അടിത്തറയിലെ തകർച്ചമൂലം, പരമ്പരാഗത വ്യാവസായിക നഗരങ്ങൾ തുരുമ്പിച്ചു. തൊഴിലില്ലായ്മ വർദ്ധിച്ചു. ജീവിത നിലവാരം തകർന്നു. തൊഴിൽ നഷ്ടപ്പെട്ട നഗര തൊഴിലാളികളുടെ ശക്തമായ പിന്തുണ ട്രംപിന്റെ ഒരു പ്രധാന അടിത്തറയാണ്. അതുകൊണ്ടുതന്നെ ഈ താരിഫ് യുദ്ധത്തെ തൊഴിലാളികളുടെ സംരക്ഷണം എന്ന വ്യാജേനയാണ് ട്രംപ് അമേരിക്കയിൽ അവതരിപ്പിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് 100% മുതൽ 145% വരെ ഉയർന്ന താരിഫ് ഏർപ്പെടുത്തി ചൈനീസ് ഉത്പന്നങ്ങളെ അമേരിക്കൻ വിപണിയിൽനിന്ന് അകറ്റുന്നതിലൂടെ, അമേരിക്കൻ കമ്പനികൾക്ക് ആഭ്യന്തര വിപണിയിൽ കൂടുതൽ ആധിപത്യം നേടാനും, ലാഭം വർദ്ധിപ്പിക്കാനും സാധിക്കും. വീണ്ടുമൊരു പുനർവ്യവസായവത്കരണം നടത്തി അമേരിക്കയെ ഒന്നാമതെത്തിക്കാനുള്ള വഴിയാണ് ട്രംപ് തുറന്നിരിക്കുന്നത് എന്നതാണ് ട്രംപ് അനുകൂലികളുടെ വാദം.

ഡോളർ നാണയ വ്യവസ്ഥ
ആഗോള ധനകാര്യത്തിൽ അമേരിക്കയ്ക്കുള്ള ഒരു പ്രധാന നേട്ടം, അവരുടെ ആഭ്യന്തര കറൻസിയായ ഡോളർ അന്താരാഷ്ട്ര കറൻസി കൂടിയാണ് എന്നതാണ്. യൂറോപ്യൻ യൂണിയന്റെ യൂറോ, ബ്രിട്ടന്റെ പൗണ്ട്, മറ്റ് ചില പ്രധാന വ്യാവസായിക രാജ്യങ്ങളുടെ കറൻസികൾ എന്നിവയും അന്താരാഷ്ട്ര കറൻസിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഡോളറാണ് അന്താരാഷ്ട്ര വിനിമയത്തിന്റെയും വിദേശനാണ്യ ശേഖരത്തിന്റെയും പ്രധാന മാധ്യമം.

ട്രംപിന്റെ പുതിയ നയത്തിന്റെ മറ്റൊരു ലക്ഷ്യം ഡോളർ നാണയ വ്യവസ്ഥയെ സംരക്ഷിക്കുകയാണ്. നിയോ കൊളോണിയൽ ചൂഷണത്തിന്റെ ഒരു പ്രധാന ഉപാധിയാണ് അമേരിക്കൻ നാണയത്തിനുള്ള ലോക മേധാവിത്വം. അതിനെ തുരങ്കംവയ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളെ നിലയ്ക്കു നിർത്താൻ കൂടി തീരുവ യുദ്ധത്തെ ട്രംപ് ഉപയോഗപ്പെടുത്തുന്നു. ഇത് മനസ്സിലാകണമെങ്കിൽ ഡോളർ നാണയ വ്യവസ്ഥയെക്കുറിച്ച് സാമാന്യധാരണ വേണ്ടതുണ്ട്.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ഡോളർ അന്താരാഷ്ട്ര കറൻസിയായി അംഗീകരിക്കപ്പെട്ടു. കാരണം അമേരിക്ക ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായിരുന്നു, കൂടാതെ അമേരിക്ക ഡോളറിനെ സ്വർണ്ണം കൊണ്ട് പിന്തുണയ്ക്കാൻ തയ്യാറായിരുന്നു. 1 ഔൺസ് സ്വർണ്ണം 35 ഡോളറിനു തുല്യമായി നിലനിർത്താമെന്ന്- യു.എസ് ഉറപ്പുനൽകി. അതുകൊണ്ട് എല്ലാവരും ഡോളർ പണമിടപാടുകളിൽ സ്വീകരിക്കുകയും തങ്ങളുടെ സമ്പാദ്യം ഡോളറിൽ സൂക്ഷിക്കുകയും ചെയ്തു. ഇത് അമേരിക്കയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമായിത്തീർന്നു. അമേരിക്കയുടെ വ്യാപാര കമ്മി നികത്താനും വിദേശ നിക്ഷേപങ്ങൾ നടത്താനും എത്ര വേണമെങ്കിലും ഡോളർ അച്ചടിക്കാം എന്ന നിലയായി. വ്യാപാര മിച്ചമുള്ള രാജ്യങ്ങൾ ഡോളർ സ്വീകരിക്കുകയും അധികമുള്ള ഡോളർ വിദേശനാണ്യ ശേഖരത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യും.

അടിത്തറ ഇളകുന്ന 
അന്താരാഷ്ട്ര കറൻസി പദവി
എന്നാൽ, നിക്സൺ പ്രസിഡന്റായിരുന്ന കാലത്ത്, 1 ഔൺസ് സ്വർണ്ണത്തിന്, 35 ഡോളർ എന്ന നിശ്ചിത നിരക്കിൽ എപ്പോഴും സ്വർണ്ണത്തിന് പകരം ഡോളർ കൈമാറ്റം ചെയ്യുമെന്ന വാഗ്ദാനത്തിൽനിന്ന് അമേരിക്ക. പിന്നോട്ടുപോയി. പക്ഷേ, ഒപെക് രാജ്യങ്ങളെ എണ്ണ വ്യാപാരം ഡോളറിൽ മാത്രം നടത്താനും തങ്ങളുടെ പെട്രോ-ഡോളറുകൾ അമേരിക്കൻ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കാനും അമേരിക്ക സമ്മതിപ്പിച്ചു. ഇത് ഡോളറിനെ രക്ഷിച്ചു. ലോകരാജ്യങ്ങൾക്ക് എണ്ണ വാങ്ങാൻ ഡോളർ അനിവാര്യമായിത്തീർന്നു. ഇതോടെ, ഡോളറിന് സ്ഥിരമായ ആവശ്യകതയുണ്ടാവുകയും അമേരിക്കയ്ക്ക് സാമ്പത്തികമായി വലിയ മേൽക്കൈ നേടാൻ സാധിക്കുകയും ചെയ്തു.  അതിനാൽ, ട്രംപ് പറയുന്നതുപോലെയല്ല യഥാർത്ഥ കഥ. അമേരിക്ക അമിതമായ അളവിൽ ഡോളർ അച്ചടിച്ച് മറ്റ് രാജ്യങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം.

യഥാർത്ഥത്തിൽ, പെട്രോ-ഡോളർ വ്യവസ്ഥിതിയും ഡോളറിന്റെ അന്താരാഷ്ട്ര കറൻസി പദവിയും ദുർബലമാകുന്നു എന്നത് ട്രംപിനെ ആശങ്കപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. ലിബിയയിലെ ഗദ്ദാഫിയെയും ഇറാഖിലെ സദ്ദാം ഹുസൈനെയും അമേരിക്ക വധിച്ചതിന്റെ യഥാർത്ഥ കാരണം, അവർ ഡോളറിൽ നിന്ന് മാറാൻ ആലോചിച്ചിരുന്നു എന്നതാണ്. വെനസ്വേലയെ ഉപരോധിച്ചതും പെട്രോഡോളറിനെതിരെയുള്ള ഭീഷണികൾ തകർക്കാനുള്ള അമേരിക്കൻ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ ഇടപെടലുകൾ എണ്ണസമ്പന്നമായ ഈ പ്രദേശങ്ങളിൽ സ്ഥിരമായ അസ്ഥിരത നിലനിർത്താൻ സഹായിച്ചു. അത് അമേരിക്കയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുഗുണമായിരുന്നു.

ചൈനയുടെ വെല്ലുവിളി 
ഡോളറിനു കരുത്തു നൽകുന്ന ഈ പെട്രോ-ഡോളർ സംവിധാനം ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഈ വെല്ലുവിളിയുടെ പ്രധാന വില്ലൻ ചൈനയാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) കേവലം ഒരു ഗതാഗത പദ്ധതി എന്നതിലുപരി, അമേരിക്കൻ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയ്ക്കുബദലായി ഒരു ബഹുധ്രുവ ലോകം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായി ചൈന എണ്ണ വ്യാപാരം യുവാൻ കറൻസിയിൽ നടത്താൻ ശ്രമിക്കുന്നു. ഇത് പെട്രോഡോളർ സംവിധാനത്തിന് നേരിട്ടുള്ള വെല്ലുവിളിയാണ്.

ചൈനീസ് ബാങ്കുകൾവഴി വായ്പകൾ നൽകിയും, സ്വന്തം പണമിടപാട് സംവിധാനങ്ങളായ CIPS (Cross-Border Interbank Payment System) പോലുള്ളവ ഉപയോഗിച്ചും ചൈന ഡോളറിനെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഇറാൻ, റഷ്യ, മറ്റ് ബ്രിക്സ് രാജ്യങ്ങൾ എന്നിവ ചൈനയുടെ ഈ നീക്കത്തെ പിന്തുണയ്ക്കുന്നത് അമേരിക്കയുടെ സാമ്പത്തിക അടിത്തറയെ കൂടുതൽ ദുർബലമാക്കുന്നു.

ബ്രിക്സ് രാജ്യങ്ങളുടെ 
പുതിയ നീക്കങ്ങൾ 
ഇപ്പോൾ ബ്രിക്സ് അംഗങ്ങളിൽ ചിലർ കൂടുതലായി ഉഭയകക്ഷി വ്യാപാരം സ്വന്തം കറൻസികളിൽ നടത്തുകയും ഒരു പുതിയ അന്താരാഷ്ട്ര കറൻസി സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. അദ്ദേഹത്തിന്റെ നിരാശയും രോഷവും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിക്കുന്നത് നന്നായിരിക്കും:

“നാം നോക്കിനിൽക്കെ ബ്രിക്സ് രാജ്യങ്ങൾ ഡോളറിൽനിന്ന് മാറിപ്പോകാൻ ശ്രമിക്കുന്നു. പുതിയ ബ്രിക്സ് കറൻസി ഉണ്ടാക്കുകയില്ലെന്നും, ശക്തമായ അമേരിക്കൻ ഡോളറിന് പകരമായി മറ്റൊരു കറൻസിയെയും പിന്തുണയ്ക്കില്ലെന്നും ഈ രാജ്യങ്ങളിൽനിന്ന് നമുക്ക് ഒരു ഉറപ്പ് ആവശ്യമാണ്, അല്ലെങ്കിൽ അവർ 100% താരിഫ് നേരിടേണ്ടിവരും, കൂടാതെ അമേരിക്കൻ സമ്പദ്‌ഘടനയിലേക്ക് സാധനങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കേണ്ടിവരും. അവർക്ക് മറ്റൊരു ‘വിഡ്ഢിയെ’ കണ്ടെത്താം! ബ്രിക്സ് അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന് പകരമാകാൻ ഒരു സാധ്യതയുമില്ല, അത് ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയോട് വിടപറയേണ്ടിവരും.”

മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്താനുള്ള മറ്റൊരു ആയുധമായി ട്രംപ് താരിഫിനെ കാണുന്നു. നമ്മൾ പരസ്പരം സ്വന്തം കറൻസികളിൽ വ്യാപാരം ചെയ്‌താൽ നമ്മളെ ശിക്ഷിക്കുമെന്നാണ് ഇപ്പോൾ ട്രംപിന്റെ ഭീഷണി. ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബൊൾസനാരോക്കെതിരെ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് ബ്രസീൽ സർക്കാർ നിയമനടപടി സ്വീകരിച്ചു. ഇതിന്റെ പേരിൽ ബ്രസീലിനു മേൽ ട്രംപ് 50% താരിഫ് ഏർപ്പെടുത്തി. ചുരുക്കത്തിൽ, തീരുവ ഒരു രാഷ്ട്രീയ ആയുധമാക്കി ട്രംപ് ഉപയോഗപ്പെടുത്തുകയാണ്.

ബജറ്റ്‌ വരുമാന സ്രോതസ്
കൂടാതെ, താരിഫുകൾ ഖജനാവിലേക്കുള്ള വരുമാന സ്രോതസ്സായും ട്രംപ് കാണുന്നു. “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്” പോലെയുള്ള വലിയ നികുതിയിളവുകളാണ് അദ്ദേഹം സമ്പന്നർക്ക് നൽകിയിട്ടുള്ളത്. അതിനുവേണ്ടുന്ന വരുമാനം എങ്ങനെയാണ് സമാഹരിക്കുക? പരിധിവിട്ട് വായ്പയെടുക്കാനും കഴിയില്ല. ഇതിനുള്ളൊരു പോംവഴിയായിട്ടും തീരുവയിൽനിന്നുള്ള ഭീമമായ വരുമാനത്തെ ട്രംപ് കാണുന്നു.

2008-–09 ലെ സാമ്പത്തിക പ്രതിസന്ധികാലത്തെന്നപോലെ പാപ്പരായ മുതലാളിത്ത സ്ഥാപനങ്ങളെ രക്ഷിക്കാൻ ഭീമമായ തുകകൾ നീക്കിവെക്കാൻ അമേരിക്കൻ സർക്കാരുകൾ ഒരുകാലത്തും മടിച്ചിട്ടില്ല. എന്നാൽ ട്രംപിന്റെ കീഴിൽ, തന്ത്രപരമായി പ്രാധാന്യമുള്ള മേഖലകളിൽ ആഭ്യന്തര നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് സർക്കാർ നേരിട്ട് സാമ്പത്തിക പിന്തുണ നൽകിത്തുടങ്ങി. ഇതിനും വലിയതോതിൽ പണം ആവശ്യമാണ്. റവന്യൂ സമാഹരണത്തിനും അതുവഴി ബജറ്റ് കമ്മി നിയന്ത്രിക്കുന്നതിനും താരിഫ് ഒരു സുവർണ്ണ മന്ത്രമായിത്തീർന്നു.

താരിഫ് തിരിഞ്ഞു കൊത്തുന്നു
തൊഴിലാളികളെ രക്ഷിക്കാനാണ് തീരുവ സംരക്ഷണം എന്നാണ് വാദമെങ്കിലും അത് തൊഴിലാളികൾക്ക് ഗുണകരമാവണമെന്നില്ല. താരിഫ് ചുമത്തുമ്പോൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരുകയും, അതിന്റെ ഭാരം സാധാരണ അമേരിക്കൻ തൊഴിലാളികളുടെമേൽ പതിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഉയർന്ന വില നൽകേണ്ടിവരുന്നത് അവരുടെ വാങ്ങൽശേഷി കുറയ്ക്കും. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെ കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും.

മാത്രമല്ല, താരിഫുകളിലും നയങ്ങളിലുമുള്ള തുടർച്ചയായ മാറ്റങ്ങൾ സാമ്പത്തികമേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കും. ഈ അനിശ്ചിതത്വം നിക്ഷേപ അന്തരീക്ഷത്തെ ദുർബലപ്പെടുത്തും. താരിഫ് സംരക്ഷണം ഭാവിയിലും തുടരുമെന്നതിന് ഉറപ്പെന്ത്? ഈയൊരു സാഹചര്യത്തിൽ ഒരു നിക്ഷേപകൻ ഇന്ന് താരിഫ് സംരക്ഷണം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ വൻകിട ഫാക്ടറി സ്ഥാപിക്കാൻ തയ്യാറാവണമെന്നില്ല. നാളെ ഈ ചുങ്ക സംരക്ഷണം പിൻവലിക്കപ്പെട്ടാലോ?

അമേരിക്കയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, പുതിയ തൊഴിലവസരങ്ങളുടെ വർധന മന്ദീഭവിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുന്നതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. 2024-ൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 2.80% വളർന്നു. എന്നാൽ 2025-ലെ ജിഡിപി വളർച്ചാനിരക്ക് 2% കുറയുമെന്നാണ് പൊതുവെയുള്ള പ്രവചനങ്ങൾ.

ട്രംപ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഒരു സ്റ്റാഗ്ഫ്‌ളേഷനിലേക്ക് (stagflation) തള്ളിവിടുകയാണ്. അതായത്, വളർച്ച മന്ദഗതിയിലാകുന്നു, അതേസമയം വിലക്കയറ്റം ഉയരുന്നു. ഇത്തരത്തിൽ വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ചുവരുന്നതിനെയാണ് സ്റ്റാഗ്ഫ്ളേഷൻ എന്നു വിളിക്കുന്നത്.

അതോടൊപ്പം ദീർഘകാല വളർച്ചാസാധ്യതകളെയും ട്രംപ് നയങ്ങൾ ദുർബലമാക്കുന്നു. സർവ്വകലാശാലകളുടെ മേലുള്ള നിയന്ത്രണങ്ങൾ, ശാസ്ത്ര വിരുദ്ധ നിലപാടുകൾ, ഉയർന്ന യോഗ്യതയുള്ള സാങ്കേതിക വിദഗ്ദ്ധരുടെ കുടിയേറ്റം തടയുന്നത് തുടങ്ങിയവ  നവീകരണത്തെയും സാങ്കേതിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കും.

അതിനാൽ, ട്രംപ് പിന്തുടരുന്ന നയങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ തിരിച്ചടിയുണ്ടാക്കിയേക്കാം. ചുരുക്കത്തിൽ ട്രംപിന്റെ സാമ്പത്തിക-രാഷ്ട്രീയം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശക്തിയെയല്ല, അതിന്റെ ബലഹീനതയെയാണ് പ്രതിഫലിപ്പിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular