Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിവോട്ടുകൊള്ളയ്ക്ക് 
കമ്മീഷനും കൂട്ട്

വോട്ടുകൊള്ളയ്ക്ക് 
കമ്മീഷനും കൂട്ട്

ജി വിജയകുമാർ

ന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ക്കുറിച്ച് ആശങ്കയുണർത്തുന്ന കാര്യങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ബീഹാറിലെ വോട്ടർ പട്ടിക പൊളിച്ചെഴുതുന്നതിനുള്ള തീവ്ര പുനഃപരിശോധനയിലൂടെ 65 ലക്ഷം വോട്ടർമാരെ അകാരണമായി പുറത്താക്കുന്നു. അതുപോലെ ലക്ഷക്കണക്കിനു പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടതായും ചില മാധ്യമങ്ങൾ നടത്തിയ അനേ-്വഷണത്തിൽ കണ്ടെത്തി. അതിന്റെയെല്ലാം കാരണം വ്യക്തമാക്കാനും പുറത്താക്കപ്പെട്ടവരുടെ പേരുവിവരം പ്രസിദ്ധീകരിപ്പിക്കാനും സുപ്രീംകോടതിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടതായി വന്നു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിലെ ഗുരുതരമായ കുറേ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ട് അതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും അതിനും വിസ്സമ്മതിക്കുകയാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടെടുക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ട് ഫോർ ഡെമോക്രസി പോലെയുള്ള സ്വതന്ത്ര വസ്തുതാനേ-്വഷണ സംഘങ്ങളും ചില മാധ്യമങ്ങളും സാമ്പത്തികശാസ്ത്രഞ്ജനായ പരകാല പ്രഭാകറിനെപ്പോലെയുള്ള ചില രാഷ്ട്രീയ നിരീക്ഷകരും 2024 ലെ തിരഞ്ഞെടുപ്പിലെ ജനവിധിയിൽത്തന്നെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. വോട്ട് ഫോർ ഡെമോക്രസി ഗ്രൂപ്പ് നടത്തിയ ഗവേഷണ പഠന റിപ്പോർട്ടിൽ പറയുന്നത് 2024ലെ തിരഞ്ഞെടുപ്പിൽ 5 കോടി വോട്ടുകളുടെ വർധനവിലൂടെ 79 സീറ്റുകളുടെ വിധി മാറ്റിയെഴുതപ്പെട്ടുവെന്നാണ്. അതിനു പിന്നിൽ വലിയൊരാസൂത്രണം നടന്നിട്ടുണ്ടെന്നും ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയൊരു അട്ടിമറി നടന്നിരുന്നില്ലയെങ്കിൽ ബിജെപി സഖ്യത്തിന്റെ സീറ്റുവിഹിതം പരമാവധി 213 ആയി ചുരുങ്ങുമായിരുന്നുവെന്നും പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്മയുടെ സീറ്റു വിഹിതം 306 മുതൽ 316 വരെ എത്തുമായിരുന്നുവെന്നുമാണ് യുക്തിക്കുനിരക്കുന്ന വിധം വസ്തുതകൾ ചൂണ്ടിക്കാണിച്ച് വിലയിരുത്തുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മഹാവിപത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ
ചൂണ്ടുന്നത് , പാർലമെന്ററി ജനാധിപത്യ സംവിധാനത്തിലെ പഴുതുകൾ ചൂഷണം ചെയ്ത് ആ സംവിധാനത്തെത്തന്നെ എന്നെന്നേക്കുമായി എങ്ങനെ കുഴിച്ചുമൂടുന്നുവെന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ് മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ഇന്ത്യയി
ലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

വോട്ട് ഫോർ ഡെമോക്രസി ഗ്രൂപ്പിന്റെ റിപ്പോർട്ടിലെ വസ്തുതകൾക്ക് മറുപടി പറയാൻ ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനോ ഇന്ത്യാ ഗവൺമെന്റിനോ കഴിഞ്ഞിട്ടില്ല. മറുപടി ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനുമാവില്ല. ആ റിപ്പോർട്ടിലെ നിഗമനങ്ങളിലേക്ക് കടക്കുന്നതിനുമുൻപ്, ഇപ്പോൾ പുറത്തുവന്ന 2024ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ‘വോട്ട് കൊള്ള’ എന്ന് വിളിക്കാവുന്ന അട്ടിമറികളിൽ ചിലതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം.

കർണാടകത്തിലെ സെൻട്രൽ ബംഗളൂരു ലോക്-സഭാ മണ്ഡലത്തിലെ മഹാദേവ പുര അസംബ്ലി സെഗ്മെന്റിൽ മൊത്തം 6.4 ലക്ഷം വോട്ടുള്ളതിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ വ്യാജ വോട്ടുകളാണെന്ന കണ്ടെത്തൽ രാഹുൽഗാന്ധി മാത്രം പറയുന്നതല്ല. നിരവധി മാധ്യമസ്ഥാപനങ്ങളും വോട്ട് ഫോർ ഡെമോക്രസി പോലെയുള്ള സർക്കാരിതര ഏജൻസികളും സ്ഥിരീകരിക്കുന്ന കാര്യമാണത്. അത്തരം വസ്തുതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് നിഷേധിക്കാനോ അതിനെക്കുറിച്ച് പരിശോധിക്കാനോ തിരഞ്ഞെടുപ്പ് സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതുതന്നെ ആ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്.

മഹാദേവ പുരയിലെ ഒരു ബൂത്തിൽ ആൾപാർപ്പില്ലാത്ത കെട്ടിടങ്ങളിൽ ഓരോന്നിലും നൂറിലേറെ പേരുകൾ വരെ വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിലൊരാൾ പോലും വോട്ടെടുപ്പിനുമുൻപോ അതിനുശേഷമോ ആ വീടുകളിൽ ഉണ്ടായിരുന്നില്ലയെന്നതാണ് ഗൗരവമേറിയ കാര്യം. മറ്റൊന്ന്, പരിശോധിക്കപ്പെട്ട വോട്ടർ പട്ടികയിൽ പതിനായിരക്കണക്കിന് വോട്ടർമാർക്ക് മേൽവിലാസമോ രക്ഷിതാവിന്റെ പേരോ ഇല്ല. മേൽവിലാസമില്ലാത്തതിനു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഇന്ത്യയിൽ തെരുവിൽ ജീവിക്കുന്ന, വീടില്ലാത്ത കോടിക്കണക്കിനാളുകളുണ്ടെന്നാണ്. അവരെയെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാനായി കമ്മീഷൻ ഇപ്പോൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നാണ്. ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തെരുവിൽ ജീവിക്കുന്നവരുടെ എണ്ണം കമ്മീഷൻ കണ്ടെത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല. മാത്രമല്ല മേൽവിലാസം നൽകപ്പെട്ടവരിൽ തന്നെ നിരവധി പേരുടെ രക്ഷിതാക്കളുടെ പേരില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നതിനും ഇലക്ഷൻ കമ്മീഷനു മറുപടി പറയാൻ കഴിയുന്നില്ല. രക്ഷിതാക്കളില്ലാത്ത കോടിക്കണക്കിനാളുകളുണ്ടെന്ന വിതണ്ഡവാദമായിരിക്കുമോ ആവോ കമ്മീഷൻ പറയാനിടയുള്ള മറുപടി.

മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിക്കുന്നതിന് ആധാരമായ ചില കാര്യങ്ങൾ കൂടി നമുക്ക് നോക്കാം. മഹാദേവപുര നിയമസഭാമണ്ഡലം ബംഗളൂരു സെൻട്രൽ ലോക്-സഭാ മണ്ഡലത്തിൽ 2024 ൽ വിജയിച്ചത് ബിജെപിയുടെ പി സി മോഹനാണ്. അയാളുടെ ഭൂരിപക്ഷം 32,707. ഏഴ് അസംബ്ലി സെഗ്-മെന്റിൽ 6 എണ്ണത്തിലും മുന്നിലെത്തിയത് കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാനാണ്. എന്നാൽ മഹാദേവ പുരയിൽ ബിജെപി സ്ഥാനാർഥിക്ക് 1,14,000 വോട്ട് അധികം ലഭിച്ചതിലൂടെയാണ് ബിജെപിക്ക് ബംഗളൂരു സെൻട്രൽ ലോക്-സഭാ മണ്ഡലം പിടിച്ചെടുക്കാനായത്. ഇവിടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. തുടക്കംമുതൽ വോട്ടെണ്ണലിന്റെ മിക്കവാറുമെല്ലാ റൗണ്ടിലും അവസാന റൗണ്ട് ഒഴികെ, കോൺഗ്രസ് സ്ഥാനാർഥിക്കായിരുന്നു മേൽകെെ. അവസാനറൗണ്ടിൽ നടന്ന അത്ഭുതകരമായ മാറ്റിമറിച്ചിൽ (ജാല വിദ്യയെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം) ഇതെങ്ങനെ സംഭവിച്ചുവെന്ന അനേ-്വഷണമാണ് മഹാദേവപുരയിലെ വോട്ടർപട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്കിടയാക്കിയത്.

1,00,250 വോട്ടിന്റെ അട്ടിമറി–വോട്ട് കൊള്ള–നടന്നതായാണ് രാഹുൽഗാന്ധി ആഗസ്ത് ഏഴിന്റെ പത്ര സമ്മേളനത്തിൽ പറഞ്ഞത്. അതിനുമുൻപും പിന്നീടും വിവിധ വിഭാഗങ്ങൾ നടത്തിയ അനേ-്വഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങൾ തന്നെ രാഹുൽഗാന്ധിയും ആവർത്തിക്കുകയായിരുന്നു. മഹാദേവ പുരയിൽ 11,965 ഇരട്ട വോട്ടുകളുണ്ടെന്ന് വോട്ടർ പട്ടിക പരിശോധനയിൽ കണ്ടെത്തി. 40,009 വോട്ടർമാർ വ്യാജ മേൽവിലാസത്തിലുള്ളവരാണ്. ബംഗ്ലൂരുവിൽ വീടില്ലാതെ തെരുവിൽ താമസിക്കുന്നവരാകെ മഹാദേവപുരയിൽ അടിഞ്ഞുകൂടിയോ വോട്ടർ പട്ടികയിൽ ചേരാൻ എന്ന സംശയം ആർക്കുമുണ്ടാവാം, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമൊഴികെ. ഒരു മേൽവിലാസത്തിൽ തന്നെ അസാധാരണമായ വിധം കൂടുതൽ ആളുകളുടെ പേരുള്ള (അവർ പല ജാതി –മത വിഭാഗത്തിൽപ്പെടുന്നവരുമാണ്) സംഭവങ്ങളുണ്ട്. അത് നൂറിലേറെ വരുന്നതായി തന്നെ കണ്ടെത്തി; ചില മേൽവിലാസത്തിൽ അഞ്ഞൂറിലധികം പേരുണ്ട്. ഇത്തരത്തിൽപ്പെട്ട 10,452 വോട്ടർമാരാണ് മഹാദേവപുരയിലെ പട്ടികയിലുള്ളത്. 4132 വോട്ടർമാർക്ക് സാധുവായ ഫോട്ടോ പോലുമില്ല. പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം 6 ഉപയോഗിച്ച് നിലവിലെ വോട്ടർമാരെ ചേർത്തതിൽ തന്നെ 33,692 പേരുകൾ കണ്ടെത്തി.

വോട്ടർ പട്ടികയിൽ പേരു ചേർത്തുവെന്നതുകൊണ്ട് എന്താ പ്രശ്നം അവരെല്ലാം വോട്ട് ചെയ്തുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. മറ്റൊന്ന് വോട്ടർ പട്ടിക നിങ്ങൾക്ക് പരിശോധിച്ച് തിരുത്താൻ സമയമുണ്ടായിരുന്നല്ലോയെന്നതാണ്. ഇവിടെയാണ് പരിശോധന അർഹിക്കുന്ന ചില കാര്യങ്ങൾ വരുന്നത്. വോട്ടർ പട്ടികയുടെ കരടിൽ ഇല്ലാതിരുന്ന കൂട്ടിച്ചേർക്കലുകൾ അന്തിമവോട്ടർ പട്ടികയിൽ ക്രമാതീതമായി വന്നതാണ് ഒരു പ്രശ്നം. അത് പരിശോധിക്കാനും പരിഹരിക്കാനും പിന്നീട് അവസരമുണ്ടാവില്ലല്ലോ. വോട്ടർ പട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്ക് നൽകാനും കമ്മീഷൻ തയ്യാറായില്ല. അങ്ങനെ ലഭിച്ചെങ്കിൽ ദ്രുതഗതിയിൽ അത് പരിശോധിച്ച് പരാതി നൽകാൻ പാർട്ടികൾക്ക് കഴിയുമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ നൽകിയ പരാതികളൊന്നും തന്നെ കമ്മീഷൻ പരിശോധിച്ചതുമില്ല. മറ്റൊരു കാര്യം പോളിങ് ഡീറ്റയിൽസ് കമ്മീഷൻ പ്രസിദ്ധീകരിക്കാത്തതാണ്. ഇപ്പോഴും പോളിങ് ഡീറ്റെെൽസ് കൃത്യമായി പുറത്തുവിടാത്ത 88 നിയോജകമണ്ഡലങ്ങൾ വിവിധ സംസ്ഥാനങ്ങളിലായിട്ടുണ്ടെന്നാണ് വോട്ട് ഫോർ ഡെമോക്രസിയുടെ റിപ്പോർട്ടിൽ പറയുന്നത്. അവിടെയാണ് ബിജെപിയും കമ്മീഷനും ചേർന്നു നടത്തിയ കള്ളക്കളി കാണാനാവുന്നത്. എങ്ങനെയെന്നല്ലേ. രാവിലെ 7 മുതൽ വെെകുന്നേരം 6 വരെയാണല്ലോ വോട്ടെടുപ്പ്. ഇതിൽ ഓരോ മണിക്കൂർ തോറും വോട്ടിങ് പെർസെന്റേജ് കമ്മീഷൻ പുറത്തുവിടാറുള്ള പതിവാണ് നിലവിലുള്ളത്. 2024ൽ വെെകുന്നേരം 5 മണി വരെയുള്ള പോളിങ് ശതമാനം പുറത്തുവിട്ടു. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ക്യൂ നിൽക്കുന്നവരെയാകെ വോട്ട് ചെയ്യിക്കും. അതിനു ശേഷം മാത്രമേ അന്തിമ പോളിങ് ശതമാനം പുറത്തുവിടുകയുള്ളൂ. അത് മിക്കവാറും അർദ്ധരാത്രിയോടുകൂടിയോ പിറ്റേന്ന് അതിരാവിലെയോ പ്രസിദ്ധീകരിക്കുകയാണ് പതിവ്-. ഇങ്ങനെ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്ത മണ്ഡലങ്ങളിൽ 5മണിക്കുശേഷം വലിയ തോതിൽ വോട്ടുവർധന ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. അവിടെയാണ് വോട്ടെടുപ്പിൽ കൃത്രിമം നടത്തുന്നത്. അമിത് ഷാ തന്ത്രം എന്നാണ് ഇതറിയപ്പെടുന്നതത്രെ! തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പരിവാർ സംഘടനയെന്ന പോലെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്നു എന്നിടത്താണ് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നത്.

അവിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനപ്രക്രിയ പരിശോധിക്കപ്പെടേണ്ടത്. കമ്മീഷന്റെ നിഷ്പക്ഷതയെ കുറിച്ചുയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ വന്ന സുപ്രീംകോടതിയുടെ വിധിയിൽ പറഞ്ഞത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിശ്ചയിക്കേണ്ടതെന്നായിരുന്നു. എന്നാൽ ബിജെപി ഗവൺമെന്റ് ഒരു ഒാർഡിനൻസിലൂടെ ആ വിധി റദ്ദ് ചെയ്ത് ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഒരു കേന്ദ്ര മന്ത്രിയെക്കൂടി നിശ്ചയിച്ചു. 2024ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപ് ഇൗ സമിതി ചേർന്നാണ് കമ്മീഷനിലെ ഒഴിവുവന്ന രണ്ട് സ്ഥാനങ്ങളിലേക്ക് ആളെ കണ്ടെത്തിയത്. സമിതിയിൽ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന മുൻകൂട്ടി എഴുതിക്കൊടുത്ത നിർദേശങ്ങളിന്മേൽ ചർച്ചയ്ക്കു പോലും പ്രധാനമന്ത്രിയോ മറ്റൊരംഗമായ ആഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായില്ല. അതോടെ പ്രതിപക്ഷ നേതാവ് യോഗത്തിൽ നിന്ന് പിൻവാങ്ങി. അങ്ങനെ മോദിയും ഷായും ചേർന്ന് നിയമിച്ചതാണ് നിലവിലെ കമ്മീഷനംഗങ്ങൾ. ചീഫ-് ഇലക്ഷൻ കമ്മീഷണറായ ഗ്യാനേഷ് കുമാർ എന്ന കേരള കേഡർ ഐഎഎസുകാരനാകട്ടെ മോദിയുടെയും അമിത് ഷായുടെയും വലം കെെയായി വർഷങ്ങളായി ജോലി ചെയ്തിരുന്നയാളെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു വിഷയം ഇൗ അഭ്യാസം നടക്കുന്നതിനു തൊട്ടുമുൻപ് നിലവിലുണ്ടായിരുന്നവരിൽ ഒരു കമ്മീഷണർ രാജിവച്ചൊഴിഞ്ഞുവെന്നതാണ്. അങ്ങനെയാണ് രണ്ട് ഒഴിവുണ്ടായതുതന്നെ. എന്തുകൊണ്ട് കമ്മീഷനംഗം അരുൺ ഗോയൽ രാജിവച്ചൊഴിഞ്ഞുവെന്ന ചോദ്യം ഉയർന്നെങ്കിലും ഉത്തരമുണ്ടായില്ല. അദ്ദേഹം രാജിവയ്ക്കുകമാത്രമല്ല. രാജ്യം വിട്ടുപോവുകയും ചെയ്തു. മോദിക്കും കൂട്ടർക്കും ഹിതകരമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ച അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു. അങ്ങനെയാണ് രാജിവച്ചൊഴിയാൻ അദ്ദേഹം നിർബന്ധിതനായത്.

പുതിയ കമ്മീഷനംഗങ്ങൾ ചുമതലയേറ്റെടുത്ത ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയായിരുന്നു. പതിവില്ലാത്ത വിധം ഒരു ഘട്ടം മുതൽ 7 ഘട്ടം വരെ വരുന്ന ഒരു വോട്ടെടുപ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. ഏഴ് മണ്ഡലമുള്ള ജമ്മു കാശ്മീരിലും 80 മണ്ഡലങ്ങളുള്ള യുപിയിലും 40 മണ്ഡലങ്ങളുള്ള ബീഹാറിലും ഒരേപോലെ ഏഴ് ഘട്ടങ്ങൾ. അതായത് കാശ്മീരിൽ ഓരോ ദിവസം ഓരോ മണ്ഡലം എന്ന നിലയിൽ. അതേസമയം 39 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിലും 25 മണ്ഡലങ്ങളുള്ള ആന്ധ്രാപ്രദേശിലും 20 മണ്ഡലങ്ങളുള്ള കേരളത്തിലും ഒറ്റദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയപ്പോൾ 29 മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ നാല് ഘട്ടവും 2 മണ്ഡലങ്ങളുള്ള ത്രിപുരയിൽ രണ്ട് ഘട്ടവും 14 മണ്ഡലങ്ങളുള്ള ആസാമിൽ മൂന്ന് ഘട്ടവും 11 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഢിൽ മൂന്നുഘട്ടവുമായി തിരിച്ചതിന്റെ യുക്തിയെന്തെന്നതിന് കമ്മീഷന് വിശദീകരണമില്ല. അട്ടിമറി ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു ഗ്രാൻഡ് ഡിസെെൻ ഇതിനുപിന്നിൽ കാണാനാവും. ഇവിടെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 88 മണ്ഡലങ്ങളിലെ ഫെെനൽ പോളിങ് ശതമാനം പുറത്തുവിടാത്തതിലെ ഗുട്ടൻസ് കാണാനാവുന്നത്. ഈ 88 എണ്ണത്തിൽ 79 എണ്ണവും നേടിയത് ബിജെപി തന്നെയാണ്.

തൃശ്ശൂരിലെ ഒരു ബിജെപി നേതാവ് ജയിക്കാനായി തങ്ങളെല്ലാ വഴികളും നോക്കുമെന്ന്- അഹങ്കാരത്തോടെ പ്രഖ്യാപിച്ചത് നൽകുന്ന സൂചന കള്ളവോട്ടുചേർക്കൽ ഉൾപ്പെടെ സർവ കുതന്ത്രത്തിനും തങ്ങൾ തയ്യാറാകുമെന്നാണ്. കുതന്ത്രം തുടങ്ങുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമുതലാണ്. അതിനും പുറകോട്ട് തിരിഞ്ഞുനോക്കിയാൽ ഇലക്ടറൽ ബോണ്ട് തീരുമാനം മുതൽ സംഘ്പരിവാറിന്റെ ജനാധിപത്യ അട്ടിമറിവരെ കാണാനാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 7 =

Most Popular