പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി നടപ്പാക്കപ്പെടുകയാണ്. 2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയായി 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതിൽ 33–ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തിൽ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. ആ വാഗ്ദാനമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ഇത്. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമാവുകയാണ്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടേണ്ടവ തന്നെയാണ് എന്ന ഇടതുപക്ഷ ജനാധിപത്യ ഭരണസംസ്‌കാരത്തിന്റെ ദൃഷ്ടാന്തമായി മാറുകയാണ് വയനാട്ടിലെ തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം. ഒരു പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം എന്നതിലുപരി കേരളത്തിന്റെ, വിശേഷിച്ച് മലബാറിന്റെ വ്യാപാര, – വാണിജ്യ, – ടൂറിസം മേഖലകൾക്ക് പുതിയ കുതിപ്പ് നൽകും ഈ പദ്ധതി. ഒപ്പം തന്നെ വയനാട് ജനതയുടെ ദീർഘകാല സ്വപ്നത്തിന്റെ സാഫല്യവുമാണ്.
ഇത്തരത്തിൽ എത്രയെത്ര സ്വപ്നങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സഫലീകരിക്കപ്പെട്ടത്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ പലതും നമ്മൾ നടപ്പാക്കി. കേരളത്തിൽ ദേശീയപാതാ വികസനം നടപ്പാകില്ലെന്ന് ചിലർ കരുതി, എന്നാൽ നമ്മൾ അത് യാഥാർത്ഥ്യമാക്കി. കേരളത്തിൽ ഗെയിൽ വാതക പൈപ്പ്‌ലൈൻ കൊണ്ടുവരാൻ കഴിയില്ല എന്ന് ചിലർ കരുതി. ആ ധാരണയെയും നമ്മൾ തിരുത്തിക്കുറിച്ചു. പവർ ഹൈവേ അടക്കം എത്രയെത്ര കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കലിനെ മറികടന്നു നാം മുമ്പോട്ടുപോകുന്നു.
ദീർഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും പൂർത്തിയാക്കി. മലയോര ഹൈവേയും തീരദേശ ഹൈവേയും ദേശീയ ജലപാതയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പ്രതീക്ഷിച്ചതിനും വർഷങ്ങൾക്കു മുൻപുതന്നെ കമ്മീഷൻ ചെയ്തു. ഇതെല്ലാംതന്നെ വ്യക്തമാക്കുന്നത് ഇടതുപക്ഷ ജനാധപിത്യ മുന്നണി സർക്കാരുകളുടെ ഇച്ഛാശക്തി തന്നെയാണ്. അതിന്റെ തുടർച്ചയാണ് വയനാട്ടിലെ തുരങ്ക പാതയും.
ഇത്തരം നേട്ടങ്ങളെ നമ്മൾ കൈയെത്തിപ്പിടിച്ചത് ഒരിക്കലും എളുപ്പത്തിലായിരുന്നില്ല. ഒരുപാട് പരിമിതികൾ, ഒരുപാട് വൈതരണികൾ, ഒരുപാട് എതിർ നീക്കങ്ങൾ, അങ്ങനെ പലതിനെയും മറികടന്നാണ് കേരളത്തിൽ ഇത്രയും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയത്. അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങൾ, സാമ്പത്തിക പരിമിതികൾ, സ്ഥാപിത താൽപര്യത്തോടെയുള്ള ചിലരുടെ ഇടപെടലുകൾ അങ്ങനെ എത്രയെത്ര പ്രതിബന്ധങ്ങൾ. അതിലൊന്നും തടഞ്ഞുനിന്നില്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അങ്ങനെ നിന്നിരുന്നെങ്കിൽ ഇന്നീ കാണുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാകുമായിരുന്നില്ല.
2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ വികസന മേഖലയിലും ക്ഷേമ മേഖലയിലും വലിയ നിരാശ പടർന്നുപിടിച്ച ഒരു ഘട്ടമായിരുന്നു. വികസന പദ്ധതികളെല്ലാം മുടങ്ങിയ അവസ്ഥ. ക്ഷേമ പദ്ധതികളാകട്ടെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറയുംപോലെ. പദ്ധതി കടലാസിലുണ്ട്, അനുഭവത്തിലില്ല എന്ന അവസ്ഥ. അവിടെ നിന്നും കേരളത്തെ കൈപിടിച്ചുയർത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ചെയ്തത്. നമുക്ക് വിഭവങ്ങളുടെ പരിമിതിയുണ്ടായിരുന്നു. അതിനെ മറികടക്കാൻ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. വയനാട്ടിലെ തുരങ്കപാതയ്ക്ക് ഫണ്ട് ലഭ്യമാക്കുന്നത് കിഫ്ബി മുഖേനയാണ്.
കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബി മുഖേന മാത്രം 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഏറ്റെടുത്തത്. ഇത്തരത്തിൽ പദ്ധതികൾ ഏറ്റെടുക്കുമ്പോൾ തന്നെ അതിനെ തകർക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. 50 വർഷം കാത്തിരുന്നാലും നടക്കാത്ത വികസന പദ്ധതികൾ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുമാത്രം നടപ്പാക്കി. ജനങ്ങൾക്കാകെ സന്തോഷം. എന്നാൽ, ആ സന്തോഷം ചിലരെ വല്ലാതെ നിരാശപ്പെടുത്തി. കിഫ്ബിയെ തകർക്കാൻ വേണ്ടിത്തന്നെ ചിലർ മുന്നിട്ടിറങ്ങി. അവർ തെരുവുകൾ മുതൽ കോടതികളിൽ വരെ നിരന്നു. എന്നിട്ട് എന്തായി? സർക്കാർ പിന്നോട്ടുപോയോ? ഇല്ല. സർക്കാർ ഓരോ ചുവടും മുന്നോട്ടുതന്നെ വച്ചു.
കിഫ്ബിയെ തകർക്കാൻ കഴിയില്ലെന്നായപ്പോൾ ഓരോ വികസന, ക്ഷേമ പദ്ധതിയെയും തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളുണ്ടായി. സാർവത്രിക ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കെ-–ഫോൺ പദ്ധതിയെ തകർക്കാൻ നടന്ന ഇടപെടലുകൾ നമ്മൾ കണ്ടതാണ്. വ്യാജ പ്രചാരണങ്ങൾ നടത്തി അതിനെ തകർക്കാൻ നോക്കി. അതിന്റെ ഭാഗമായി കോടതിയിൽവരെ പോകുന്ന സാഹചര്യമുണ്ടായി. ഇത് പബ്ലിക് ഇന്ററസ്റ്റ് ആണോ പബ്ലിസിറ്റി ഇന്ററസ്റ്റ് ആണോ എന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നു. തകർന്നില്ല എന്നുമാത്രമല്ല, ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി കെ-–ഫോൺ മുന്നോട്ടുപോവുകയാണ്. മറ്റൊരു പദ്ധതിയെ തകർക്കാനായി നടത്തിയ ശ്രമങ്ങൾ ഈയടുത്ത ദിവസങ്ങളിലാണ് ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് ഇട്ടത്.
വികസന പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല, ക്ഷേമ പദ്ധതികളെയും തകർക്കാനുള്ള ശ്രമങ്ങളുണ്ടായി. ലൈഫ് മിഷനെ തകർത്തുകൊണ്ട് പാവപ്പെട്ടവർക്ക് വീട് കിട്ടാതിരിക്കാൻ ചിലർ പരിശ്രമിച്ചു. എന്നിട്ടിപ്പോൾ പൂർത്തിയായ വീടുകളുടെ എണ്ണം നാലരലക്ഷത്തിലേക്ക് എത്തുകയാണ്. കരാർവെച്ചവ കൂടി പരിഗണിച്ചാൽ 6 ലക്ഷത്തോളം കുടുംബങ്ങൾക്ക് വീടുകൾ ലഭ്യമാക്കിയിരിക്കുകയാണ്.
ക്ഷേമ പെൻഷൻ കിട്ടാതിരിക്കാൻ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങളുണ്ടായി. അതിനും നമ്മൾ കീഴടങ്ങിയില്ല എന്നുമാത്രമല്ല, ക്ഷേമ പെൻഷനുകൾ കൃത്യമായി ലഭ്യമാക്കുകയാണ്. അങ്ങനെ തകർക്കാനും ഇല്ലാതാക്കാനും ശ്രമിച്ച എല്ലാ പദ്ധതികളും പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായി നടപ്പാക്കിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോവുകയാണ്. ആ ഇച്ഛാശക്തിയുടെ പ്രതിഫലനം കൂടിയാവുകയാണ് വയനാട് തുരങ്കപാത.
സർക്കാർ 06.05.2021 ന് പദ്ധതിയുടെ അലൈൻമെന്റിന് അംഗീകാരം നൽകി. 25.02.2022 ന് ഭരണാനുമതിയും 20.03.2022 ന് 2,143 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നൽകി. 11.01.2024 ന് 2,143 കോടി രൂപയുടെ താൽക്കാലിക സാങ്കേതിക അനുമതി നൽകി. ഫോറസ്റ്റ് ക്ലിയറൻസിനും മറ്റ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ശേഷം 24.07.2025 ന് പ്രവൃത്തികൾക്കായി നിർമ്മാണ കമ്പനിയുമായി കരാർ ഒപ്പുവെച്ചു.
വയനാട്ടിലെ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത പലതുകൊണ്ടും ചരിത്രമാണ്. ഇത് യാഥാർത്ഥ്യമാകുന്നതോടെ മലപ്പുറത്തുനിന്നും കോഴിക്കോട്ട് നിന്നും കർണാടകയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. താമരശ്ശേരി ചുരം വഴിയുള്ള യാത്ര ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള ബദലാണ് ഈ തുരങ്കപാത. കഴിഞ്ഞ ജൂൺ മാസത്തിലാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത്.
8.735 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിർദിഷ്ട പദ്ധതി. നിലവിലുള്ള രണ്ട് റോഡുകൾ അതായത് ആനക്കാംപൊയിൽ – മുത്തപ്പൻപുഴ – മറിപുഴ റോഡ്, മേപ്പാടി – കള്ളാടി – ചൂരൽമല റോഡ് എന്നിവയെ തുരങ്കപാതയുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി രൂപീകരിക്കുന്നത്.
ആനക്കാംപൊയിലും മറിപുഴയും മലയുടെ തെക്കുഭാഗത്തും മേപ്പാടി മലയുടെ വടക്കു ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. തെക്കുപടിഞ്ഞാറ് ഭാഗത്ത്, നിലവിലുള്ള കുന്ദമംഗലം – കട്ടാങ്ങൽ – മുക്കം – തിരുവമ്പാടി – ആനക്കാംപൊയിൽ – മറിപുഴ എം ഡി ആർ പാത, ആനക്കാംപൊയിലിനും കോഴിക്കോടിനും ഇടയിൽ ഗതാഗതം സുഗമമാക്കും.
കുറഞ്ഞ സമയം, കൂടുതൽ സൗകര്യം, സുരക്ഷ, കുറഞ്ഞ വാഹന പ്രവർത്തനച്ചെലവ് എന്നിവയിലൂടെ നിർദ്ദിഷ്ട പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കും. പദ്ധതി റോഡ് കോഴിക്കോട്, വയനാട് ജില്ലകൾക്കിടയിലെ യാത്ര സുഗമമാക്കും. കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയിലും വർദ്ധനവുണ്ടാകും. എൻ എച്ച് 766, എസ് എച്ച് 99 എന്നിവയ്ക്കും ഇതൊരു ലിങ്കായി പ്രവർത്തിക്കും. അങ്ങനെ ഗതാഗത മേഖലയിലും വാണിജ്യ മേഖലയിലും കാർഷിക മേഖലയിലും വലിയ ഉണർവുണ്ടാകും.
വലിയ ചരിത്രമുള്ള നാടാണ് വയനാട്; ശിലായുഗം മുതൽക്കേ മനുഷ്യവംശത്തിന്റെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്നു. പഴശ്ശിയുടെയും ടിപ്പുവിന്റെയും ചരിത്രത്തിലൂടെ നമ്മുടെ രാജ്യ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടങ്ങളാലും നിബിഡവനങ്ങളാലും നമ്മുടെ പാരിസ്ഥിതിക ചരിത്രത്തോടും അത് ചേർന്നുനിൽക്കുന്നു.
ഇത്തരത്തിലുള്ള ഒരു നാടിന്റെ ചരിത്രത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പംതന്നെ ഇവിടുത്തെ ജനതയുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്. അതുകൊണ്ടാണല്ലോ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ച ഈ എൽ ഡി എഫ് സർക്കാർ ഉറപ്പാക്കിയത്.
അതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്നും 2,000 കോടി രൂപ ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവച്ചു. 1,000 കോടി രൂപയുടെ വൈദ്യുത പദ്ധതികൾ ആവിഷ്‌കരിച്ചു. 700 കോടി രൂപയുടെ പ്രത്യേക പാക്കേജ് വയനാട് മെഡിക്കൽ കോളേജിനായി ആവിഷ്‌കരിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ വികസനവും സ്‌കൂളുകളുടെ നവീകരണവുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാവുകയാണ്. 46 സ്‌കൂൾ കെട്ടിടങ്ങളാണ് ഇതിന്റെ ഭാഗമായി നവീകരിക്കപ്പെടുന്നത്.
ഒപ്പംതന്നെ കാർഷിക പാക്കേജുകളും നടപ്പാക്കുകയാണ്. തൊഴിൽ മേഖലയെ പരിപോഷിപ്പിക്കാനും കുടിവെള്ളം ഉറപ്പാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനുമുള്ള പ്രത്യേക പദ്ധതികളും പാക്കേജിലുണ്ട്. അത്തരത്തിൽ വയനാടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ.
ഈ തുരങ്കപാത വരുമ്പോഴും ചില ആശങ്കകൾ സ്ഥാനത്തും അസ്ഥാനത്തും പ്രകടിപ്പിച്ചു കണ്ടു; ഇതു വയനാടിനെ തകർക്കുമോ എന്ന്. എന്നാൽ തകർക്കുകയല്ല ഉയർത്തുകയാണ് ചെയ്യുന്നത്. വികസനം മാത്രമല്ല, പ്രാദേശിക ജനതയുടെ ഉയർച്ചയും പരിസ്ഥിതിയോടുള്ള കരുതലുമെല്ലാം ഈ പദ്ധതിയിൽ സംഗമിക്കുന്നുണ്ട്.
ഏറ്റെടുക്കുന്ന വനഭൂമിയുടെ പതിന്മടങ്ങ് വനം വച്ചുപിടിപ്പിച്ചും സെൻസിറ്റീവ് ഏരിയ കണ്ടെത്താനുള്ള മൈക്രോ മാപ്പിങ് നടത്തിയും പ്രാദേശിക പരിസ്ഥിതി സമിതികൾ രൂപീകരിച്ചും പ്രകമ്പനം ഉണ്ടാകാത്ത നിർമാണ രീതികൾ അവലംബിച്ചും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾക്കായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളൊരുക്കിയും മുന്നോട്ടുപോവുകയാണ് നാം. അതെല്ലാംതന്നെ വികസനത്തിനൊപ്പം പരിസ്ഥിതിയെയും കരുതുന്നതിന്റെ ദൃഷ്ടാന്തമാണ്.
നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറണം. ഒപ്പം അവർക്കുവേണ്ടി ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ പോന്ന ഒന്നാണ് വയനാട്ടിലെ തുരങ്കപാത. l



