ഇന്ത്യയിൽ ഏറ്റവും കൂടിയ ഇൻഫ്ലേഷൻ കേരളത്തിലാണ് എന്നത് പൊതുവിൽ പ്രചാരത്തിലുള്ളൊരു ആരോപണമാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലേയും 2025 ജൂൺ അഥവാ ജൂലൈ മാസങ്ങളിലെ ഇൻഫ്ലേഷൻ നിരക്ക് രേഖപ്പെടുത്തിയ ഒരു സംസ്ഥാന-തല മാപ്പാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത് (ചിത്രം ഒന്ന് കാണുക). ഏറ്റവും അവസാനം ജൂലൈ മാസത്തെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇറങ്ങിയ ഒരു മാപ്പിൽ കാണിക്കുന്നത് ഇന്ത്യയിലെ ഇൻഫ്ലേഷൻ നിരക്ക് വെറും 1.5 ശതമാനവും കേരളത്തിലെ ഇൻഫ്ലേഷൻ നിരക്ക് 8.9 ശതമാനവും എന്നാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കരിവാരി ത്തേക്കാൻ ഈ മാപ്പ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകളാണ് ഈ ആരോപണത്തിനു പിന്നിൽ. അതുകൊണ്ടുതന്നെ, കേരളത്തിലെ ഇടതുപക്ഷ നയങ്ങളാണ് ഈ ഉയർന്ന ഇൻഫ്ലേഷന്റെ പുറകിലെ ന്നും അവർ വാദിച്ചുവെക്കുന്നുണ്ട്. കേരളത്തിൽ ഗതാഗത ചെലവ് കൂടുതലാണ്, വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള വാടകയും തൊഴിലാളികളുടെ കൂലിയും കൂടുതലാണ്, നിഷ്-ക്രിയമായ പ്രവാസിപ്പണം ഒരുപാട് കറങ്ങി നടക്കുന്നു, പലതരം നികുതികളും ലെവികളും ജനങ്ങൾക്ക് വലിയ ഭാരമാണ്, ഇങ്ങനെ പോകുന്നു ഉയർന്ന ഇൻഫ്ലേഷന് ഇവർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. വൈദ്യുതിക്ക് സ്മാർട്ട് മീറ്റർ വെച്ചാൽ വൈദ്യുതി വില കുറയുകയും ഇൻഫ്ലേഷന്റെ പ്രശ്നം തീരുകയും ചെയ്യുമത്രേ! ഈ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
എന്താണ് ഇൻഫ്ലേഷൻ?
മേൽപ്പറഞ്ഞ മാപ്പിൽ സംസ്ഥാനങ്ങൾക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 1.5% അല്ലെങ്കിൽ 8.9% എന്നീ ഇൻഫ്ലേഷൻ നിരക്കുകളുടെ ശരിയായ അർത്ഥമെന്താണ്?
ഇൻഫ്ലേഷൻ എന്ന് നമ്മൾ വിളിക്കുന്നത് കുറേയധികം കണക്കുകൂട്ടലുകൾക്കും കിഴിക്കലുകൾക്കുംശേഷം കിട്ടുന്ന ഒരു അന്തിമ സംഖ്യയെയാണ്. ശതമാനത്തിലാണത് രേഖപ്പെടുത്തുക. കുറേയധികം ചരക്കുകളുടെ വിലകളെടുത്ത്, ഒരു പ്രത്യേക വെയിങ് ഡയഗ്രം (weighing diagram) ഉപയോഗിച്ച് അവയുടെയൊക്കെ ഒരു ശരാശരി കണക്കാക്കി, ആ വിലകളെ ഒരു ബേസ് വർഷത്തിലേക്ക് നോർമലൈസ് ചെയ്ത് (ഉദാഹരണത്തിന് എല്ലാ വിലകളെയും 2011–-22 എന്ന വർഷത്തിൽ 100 എന്നാക്കി മാറ്റി), ഒരു ഇൻഡക്സ് രൂപത്തിൽ നിർമ്മിക്കുന്ന രീതിശാസ്ത്രമാണ് ഇതിനു പിന്നിലുള്ളത്. ഏറ്റവും അവസാനത്തെ ഔദ്യോഗിക രീതിശാസ്ത്രമനുസരിച്ച്, 2011-–12 വർഷത്തിൽ ഈ കറക്കിപ്പിഴിഞ്ഞ ഇൻഡക്സ് 100 ആയിരുന്നെങ്കിൽ അതിനുശേഷം ഓരോ വർഷത്തിലും ഈ 100 എന്ന ഇൻഡക്സ് എത്ര കണ്ട് വർദ്ധിച്ചു എന്ന് പരിശോധിക്കുന്നു. ഉദാഹരണത്തിന്, 2025ൽ ഈ ഇൻഡക്സ് 180 ആണെങ്കിൽ, അതിനർത്ഥം 2012നും 2025നും ഇടയ്ക്ക് 80% കണ്ട് വിലകൾ പൊതുവായി ഉയർന്നു എന്നു വേണമെങ്കിൽ പറയാം.
അപ്പോൾ ഈ 80 ശതമാനമാണോ ഇൻഫ്ലേഷൻ? അല്ല. ഇൻഫ്ലേഷൻ എന്നു പറയുന്നത് അങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ പറയുന്ന ഒന്നല്ല. ഹ്രസ്വകാലാടിസ്ഥാനത്തിൽ മാത്രമാണത് കണക്കാക്കുന്നത്. 2012ലെ 100 എന്ന അടിസ്ഥാനത്തിൽ നിന്നുയർന്ന് ആ ഇൻഡക്സ് 2024ൽ 175ഉം, 2025ൽ 180 തുമായി എന്നുവയ്ക്കാം. അപ്പോൾ 2024നും 2025നും ഇടയ്ക്ക് ഈ ഇൻഡക്സ് എത്ര ശതമാനം കണ്ട് വർദ്ധിച്ചൂവെന്ന് പറയുന്നതാണ് 2025ലെ വാർഷിക അടിസ്ഥാനത്തിലുള്ള ഇൻഫ്ലേഷൻ. അതായത്, 180-–175 = 5; (5/175)*100 = 2.85. ഈ 2.85% ആണ് വാർഷികാടിസ്ഥാനത്തിൽ 2025ലെ ഇൻഫ്ലേഷൻ. ഇയർ- ഓൺ- ഇയർ എന്ന് ഈ ഇൻഫ്ലേഷനെ വിളിക്കുന്നത് ഇതുമൂലമാണ്.
ഇതിനെത്തന്നെ മാസാടിസ്ഥാനത്തിലും കണക്കാക്കാം. അതിനെ സാധാരണ വിളിക്കുക മന്ത്- ഓൺ -മന്ത് എന്നാണ്. ഉദാഹരണത്തിന്, 2024 ജൂലൈ മാസത്തിൽ 199. അത് 2025 ജൂലൈ മാസത്തിൽ 191. അങ്ങനെയാവുമ്പോൾ, 199-1 –91 = 8; (8/191)*100 = 4.19. ഈ 4.19% ആണ് മാസാടിസ്ഥാനത്തിൽ (ജൂലൈ മുതൽ ജൂലൈ വരെ) 2025 ജൂലൈ മാസത്തിലെ മാസാടിസ്ഥാനത്തിലുള്ള ഇൻഫ്ലേഷൻ.
ഇതിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാവുന്നത്? ഇൻഫ്ലേഷൻ എന്നത് ഒരു വിലയുടെ കേവല കണക്കോ നിലവാരമോ അല്ല. കേരളത്തിൽ ഇൻഫ്ലേഷൻ ഏറ്റവും കൂടുതലാണ് എന്നു കണ്ടാൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ വില എന്നല്ല അർത്ഥം. കേരളത്തിൽ ഇന്‍ഫ്ലേഷൻ കൂടുതലാണ് എന്നു കണ്ടാൽ, അതിന്റെ ശരിയായ അർത്ഥമിതാണ്: താരതമ്യം ചെയ്യുന്ന കഴിഞ്ഞ വർഷത്തെയോ (വാർഷികാടിസ്ഥാനത്തിൽ ആണെങ്കിൽ), കഴിഞ്ഞ വർഷത്തെ പ്രത്യേകമായ ഒരു മാസത്തെയോ (മാസാടിസ്ഥാനത്തിൽ ആണെങ്കിൽ), അപേക്ഷിച്ച് വിലകൾ ഏറ്റവും വേഗത്തിൽ വർദ്ധിച്ചത് കേരളത്തിലാണ്. ഈ രണ്ട് നിഗമനങ്ങളും കടലും കടലാടിയും പോലെ തികച്ചും വ്യത്യസ്തമാണ്. കേവല വിലകൾ ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് വന്നാൽ പോലും ചിലപ്പോൾ ചില സാഹചര്യങ്ങളിൽ കേരളത്തിലെ ഇൻഫ്ലേഷൻ ഇന്ത്യയിലെ ഏറ്റവും കൂടിയ ഇൻഫ്ലേഷനാകാം. അതിന് പരിമിതമായ അർത്ഥങ്ങളേയുള്ളൂ. ഇതിനെ ഘടനാപരമായിട്ടൊക്കെ സൈദ്ധാന്തികവൽക്കരിക്കാൻ നിന്നാൽ ആകെ പ്രശ്നമാകും.
കറങ്ങിനടക്കുന്ന ആ മാപ്പ് കണ്ടപ്പോൾ ഓർമ്മയിൽ ആദ്യം വന്നത് 2024 ആദ്യ മാസങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വാർത്തയാണ് (ചിത്രം രണ്ട് കാണുക). ഇന്ന് വരുന്ന വാർത്തകൾക്ക് നേരെ വിപരീതമായിരുന്നു കഴിഞ്ഞ വർഷം വന്ന വാർത്തകൾ. അതനുസരിച്ച് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇൻഫ്ലേഷൻ കേരളത്തിലായിരുന്നുവത്രേ! ഒറ്റ വർഷം കൊണ്ട് കാര്യങ്ങളൊക്കെ തിരിഞ്ഞു മറിഞ്ഞ് നേരെ വിപരീതമാവാൻ നാട്ടിൽ എന്താണ് നടന്നത്? ഒന്നും നടന്നില്ല. അവിടെയാണ് സ്കൂളിലെ കണക്കധ്യാപകർ സ്ഥിരമായി പറഞ്ഞു തരുന്ന “ബേസ് ഇഫക്ട്’ എന്താണെന്ന് നമുക്ക് മനസ്സിലാകുന്നത്. അതായത്, താരതമ്യം ചെയ്യുന്ന കഴിഞ്ഞ വർഷത്തെയോ, കഴിഞ്ഞ വർഷത്തിലെ മാസത്തിലെയോ, കണക്ക് ഏതെങ്കിലും കാരണവശാൽ കുറഞ്ഞു നിൽക്കുന്ന അവസ്ഥയുണ്ടായാൽ, ഈ വർഷത്തെ ശതമാനക്കണക്കിലെ വർദ്ധനവ് അസാധാരണമായി തോന്നാം. അത് വെറുമൊരു മായ മാത്രമാകും. ഈ ബേസ് ഇഫക്ട് മനസ്സിലാക്കാതെ വിവിധ സംസ്ഥാനങ്ങളിലെ ഇൻഫ്ലേഷൻ നിരക്കുകൾ താരതമ്യം ചെയ്യാൻ നമ്മൾ ഇറങ്ങിക്കഴിഞ്ഞാൽ കുഴപ്പമാകും.
കേരളത്തിലെ ഇൻഫ്ലേഷൻ നിരക്കുകൾ
| പട്ടിക 1: ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഇൻഫ്ലേഷൻ നിരക്കുകൾ, ശതമാനത്തിൽ | ||||
| സംസ്ഥാനം | 2020–21 | 2022–23 | 2023–24 | 2021–22 |
| ആന്ധ്രാപ്രദേശ് | 9.0 | 5.2 | 7.6 | 5.5 |
| ആസാം | 8.5 | 3.2 | 6.5 | 4.6 |
| ബീഹാർ | 7.3 | 3.8 | 5.7 | 5.8 |
| ഛത്തിസ്ഗഢ് | 8.0 | 4.2 | 4.7 | 3.4 |
| ഗുജറാത്ത് | 5.9 | 4.9 | 6.9 | 5.7 |
| ഹരിയാന | 5.9 | 5.6 | 7.5 | 6.6 |
| ഹിമാചൽപ്രദേശ് | 5.2 | 6.0 | 4.5 | 5.0 |
| ജമ്മു കാശ്മീർ | 6.3 | 6.5 | 6.3 | 4.2 |
| ജാർഖണ്ഡ് | 6.0 | 3.7 | 6.1 | 5.7 |
| കർണാടകം | 5.8 | 5.6 | 5.5 | 5.8 |
| കേരളം | 6.0 | 4.0 | 5.8 | 5.0 |
| മധ്യപ്രദേശ് | 7.6 | 5.9 | 7.5 | 4.4 |
| മഹാരാഷ്ട്ര | 6.8 | 5.2 | 7.3 | 5.1 |
| ഒഡീഷ | 7.9 | 3.1 | 6.0 | 6.5 |
| പഞ്ചാബ് | 5.3 | 4.4 | 6.1 | 5.5 |
| രാജസ്ഥാൻ | 4.4 | 4.2 | 6.9 | 6.4 |
| തമിഴ്നാട് | 7.5 | 5.2 | 6.0 | 5.4 |
| തെലങ്കാന | 8.7 | 6.4 | 8.6 | 6.4 |
| ഉത്തർപ്രദേശ് | 6.1 | 5.1 | 7.1 | 5.8 |
| ഉത്തരാഖണ്ഡ് | 8.1 | 5.1 | 6.5 | 5.6 |
| പശ്ചിമബംഗാൾ | 8.7 | 5.1 | 7.1 | 4.5 |
| ഇന്ത്യ | 6.2 | 5.5 | 6.7 | 5.4 |
ഇൻഫ്ലേഷൻ കണക്കാക്കുന്നതിന് വാർഷിക കണക്കാണോ മാസ കണക്കാണോ താരതമ്യം ചെയ്ത് ഉപയോഗിക്കേണ്ടത്? മാസക്കണക്കിനേക്കാൾ നല്ലത് വാർഷിക കണക്കാണ്. കാരണം മാസന്തോറുമുള്ള സീസണലായ മാറ്റങ്ങളെ അത് സ്വയമേ കൈകാര്യം ചെയ്തുകൊള്ളും. 2020–21 മുതൽ 2023–24 വരെയുള്ള ഇൻഫ്ലേഷൻ കണക്കുകൾ സംസ്ഥാനാടിസ്ഥാനത്തിൽ ഒന്നു പരിശോധിച്ചു നോക്കാം (പട്ടികകൾ ഒന്നും രണ്ടും കാണുക). ഇൻഫ്ലേഷൻ കണക്കുകൂട്ടാൻ പലതരം “കൺസ്യൂമർ പ്രൈസ് ഇൻഡക്സ്’ ഉപയോഗിക്കാമെങ്കിലും ഇവിടെ ഉപയോഗിച്ചിരിക്കുന്നത് “കൺസ്യൂമർ പ്രൈസ് ഇൻഡക്സ് — ജനറൽ’ ആണ്. ഓരോ വർഷത്തെയും ഇൻഡക്സ് സംസ്ഥാനാടിസ്ഥാനത്തിലെടുത്ത്, ശതമാനാടിസ്ഥാനത്തിലുള്ള ഇൻഫ്ലേഷൻ കണക്കാക്കി, പ്രധാനപ്പെട്ട 21 സംസ്ഥാനങ്ങളെ ഈ ഇൻഫ്ലേഷന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ റാങ്കുകളാണ് ചിത്രത്തിലുള്ളത്. ഇൻഫ്ലേഷൻ കൂടുതലാണെങ്കിൽ ആ സംസ്ഥാനത്തിന്റെ റാങ്കും ഉയർന്നു നിൽക്കും. സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽ കേരളം ഒന്നാം റാങ്കിൽ വരണമല്ലോ? പോട്ടെ, ആദ്യത്തെ 3 റാങ്കിൽ? ആദ്യത്തെ 5 റാങ്കിൽ? ചിത്രങ്ങൾ മൂന്നും നാലും കാണാം. ആദ്യത്തെ ചിത്രത്തിൽ കാണുന്നത് ശതമാന കണക്കിലുള്ള ഇൻഫ്ലേഷൻ നിരക്കുകളാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നതൊക്കെ റാങ്കുകളാണ്. ഇതിൽനിന്ന് എന്താണ് മനസ്സിലാകുന്നത്?
ഈ പട്ടികകളിൽ നിന്നും നമുക്ക് വ്യക്തമാകുന്നതെന്താണ്? ഒന്ന്, നമ്മൾ പരിശോധിക്കുന്ന എല്ലാ വർഷങ്ങളിലും കേരളത്തിലെ വാർഷിക ഇൻഫ്ലേഷൻ നിരക്ക് ഇന്ത്യയുടെ വാർഷിക ഇൻഫ്ലേഷൻ നിരക്കിനേക്കാൾ കുറവാണ്. 2024-–25-ലെ കണക്കുകൾ വന്നിട്ടില്ല. ഡിസംബർ മാസത്തിലേ വരൂ. രണ്ട്, റാങ്കുകളുടെ കാര്യമെടുത്താൽ അങ്ങു താഴെ 14നും 17നുമിടയ്ക്കാണ് ഈ വർഷങ്ങളിൽ 21 സംസ്ഥാനങ്ങൾക്കിടയിലെ കേരളത്തിന്റെ റാങ്ക്. നിരന്തരമായി കേരളത്തിനു മുകളിൽ റാങ്ക് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഏതൊക്കെ? അവയൊക്കെ കാർഷികപ്രധാനവും വ്യവസായപ്രധാനവുമായ സംസ്ഥാനങ്ങളാണ്. ഇവരൊക്കെ കഴിഞ്ഞു മാത്രമേ കേരളം ചിത്രത്തിൽ വരുന്നുള്ളൂ. അപ്പോൾ ഈ സംസ്ഥാനങ്ങളിലൊക്കെ ഗതാഗത ചെലവും വാടകയും കൂലിയും പ്രവാസി പണവും നികുതികളും ലെവികളും ഇറക്കുമതികളുമൊക്കെ ഒരു പ്രശ്നമാണെന്നു വരില്ലേ? അതിനെക്കാളൊക്കെ രൂക്ഷതയും തീവ്രതയും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നുവരില്ലേ?
| പട്ടിക 2: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഇൻഫ്ലേഷൻ നിരക്കിലെ റാങ്ക്, മുകളിൽ നിന്ന് താഴേക്ക് | ||||
| സംസ്ഥാനം | 2020–21 | 2021–22 | 2022–23 | 2023–24 |
| ഹരിയാന | 16 | 5 | 3 | 1 |
| ഒഡീഷ | 7 | 21 | 15 | 2 |
| രാജസ്ഥാൻ | 21 | 15 | 8 | 3 |
| തെലങ്കാന | 2 | 2 | 1 | 3 |
| ബീഹാർ | 10 | 18 | 18 | 5 |
| കർണാടകം | 18 | 5 | 19 | 5 |
| ഉത്തർപ്രദേശ് | 13 | 10 | 6 | 5 |
| ഗുജറാത്ത് | 16 | 13 | 8 | 8 |
| ഝാർഖണ്ഡ് | 14 | 19 | 13 | 8 |
| ഉത്തരാഖണ്ഡ് | 5 | 10 | 10 | 10 |
| ആന്ധ്രാപ്രദേശ് | 1 | 7 | 2 | 11 |
| പഞ്ചാബ് | 19 | 14 | 13 | 11 |
| തമിഴ്നാട് | 9 | 7 | 15 | 13 |
| മഹാരാഷ്ട്ര | 11 | 7 | 5 | 14 |
| ഹിമാചൽ പ്രദേശ് | 20 | 3 | 21 | 15 |
| കേരളം | 14 | 17 | 17 | 15 |
| ആസാം | 4 | 20 | 10 | 17 |
| പശ്ചിമബംഗാൾ | 2 | 10 | 6 | 18 |
| മധ്യപ്രദേശ് | 8 | 4 | 3 | 19 |
| ജമ്മു കാശ്മീർ | 12 | 1 | 12 | 20 |
| ഛത്തിസ്ഗഢ് | 6 | 15 | 20 | 21 |
കാർഷികപ്രധാനവും വ്യാവസായിക പ്രധാനവുമായ പ്രമുഖ സംസ്ഥാനങ്ങളെയൊക്കെ കടത്തിവെട്ടി ഇതൊന്നുമില്ലാത്ത കേരളത്തിന് എങ്ങനെ വിലകൾ താരതമ്യേന കുറച്ചു നിർത്താൻ സാധിക്കുന്നു? അതു മനസ്സിലാക്കാൻ നമുക്ക് “കൺസ്യൂമർ പ്രൈസ് ഇൻഡക്സ്’ എങ്ങനെ കണക്കുകൂട്ടുന്നു എന്നൊന്ന് നോക്കിവരേണ്ടിവരും. വെയിങ് ഡയഗ്രാം (weighing diagram) എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അതനുസരിച്ച് ഇന്ത്യയിലെ “കൺസ്യൂമർ പ്രൈസ് ഇൻഡക്സ്’ കണക്കുകൂട്ടുമ്പോൾ അതിൽ ഏകദേശം 46% വെയ്റ്റ് (അതായത്, ശരാശരി കണക്കുകൂട്ടുമ്പോഴുള്ള ആപേക്ഷിക പ്രാധാന്യം) ഭക്ഷ്യവസ്തുക്കളുടെ വിലകൾക്കാണ്. വിവിധ എണ്ണ ഉൽപ്പന്നങ്ങളുടെയും വൈദ്യുതി ചാർജിന്റെയും വെയിറ്റ് 7% മാത്രമേയുള്ളൂ. ഹൗസിങിനാകട്ടെ 10% മാത്രമേ വെയിറ്റ് ഉള്ളൂ. ഇവയിലെ ഏറ്റക്കുറച്ചിലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല എന്ന് സാരം. ഈ ഉൽപ്പന്നങ്ങളുടെയെല്ലാം വിലകളിൽ നമ്മൾ കൊടുക്കുന്ന കൂലി നിരക്കുകൾ കടന്നുവരുന്നുണ്ട് എന്നതുകൊണ്ട് കൂലികൾ പ്രത്യേകമായി ഈ കണക്കുകൂട്ടലിൽ എടുക്കുന്നുമില്ല.
അതായത്, ഇന്ത്യയിലും മറ്റേത് സംസ്ഥാനത്തും ഭക്ഷ്യവിലകൾ കൂടുമ്പോഴാണ് ഏറ്റവും കൂടുതലായി ഇൻഫ്ലേഷൻ വർദ്ധിക്കുന്നത്. ഭക്ഷ്യവിലകൾ പിടിച്ചുനിർത്താൻ സാധിച്ചാൽ വലിയൊരു പരിധിവരെ ഇൻഫ്ലേഷനെ നിയന്ത്രിച്ചു നിർത്താം. അവിടെയാണ് കേരളം സ്കോർ ചെയ്യുന്നത്. ഇവിടുത്തെ മികച്ച പൊതുവിതരണ സമ്പ്രദായം; അത് സാധ്യമാക്കുന്നതിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന സപ്ലൈകോ പോലെയുള്ള വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ നിർണായകമാണ്. ഇവയെല്ലാം ഒരുമിച്ചു വരുമ്പോൾ കാർഷികപ്രധാനമല്ലാത്ത കേരളത്തിലും ഭക്ഷ്യവിലകൾ ഉയർന്നല്ല നിൽക്കുന്നത് എന്നുവരുന്നു. തമിഴ്നാട് മുതൽ ഗുജറാത്തുവരെ മേൽപ്പറഞ്ഞ സംസ്ഥാനങ്ങൾക്ക് സ്കോർ ചെയ്യാൻ കഴിയാത്തതും ഇവിടെത്തന്നെ.
ചുരുക്കത്തിൽ, കേരളത്തിലെ ഇൻഫ്ലേഷൻ നിരക്കുകൾ കുറച്ചു വർഷങ്ങളായി നല്ല നിയന്ത്രണത്തിലാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ, പതിനാലാം റാങ്കിനും പതിനേഴാം റാങ്കിനും ഇടയിലാണ് ഇൻഫ്ലേഷനിൽ കേരളം നിൽക്കുന്നത്. ഇതിനൊരു പ്രധാനപ്പെട്ട കാരണം കേരളത്തിലെ സർക്കാരിന്റെ വില-നിയന്ത്രണ ഇടപെടലുകളാണ്. കഴിഞ്ഞ ചില മാസങ്ങളിൽ ഇതിന് ഒരു മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒരു ഹ്രസ്വകാല പ്രതിഭാസം ആവാനാണ് സാധ്യത.
ചിത്രം 3 – ഇന്ത്യയിലെയും കേരളത്തിലെയും വിവിധ ചരക്കുകളുടെ മാസാടിസ്ഥാനത്തിലുള്ള ഇൻഫ്ലേഷൻ നിരക്കുകൾ, ശതമാനത്തിൽ
ഇൻഫ്ലേഷനിലെ ഹ്രസ്വകാല വർദ്ധനവ്
എന്താണ് ഈ ഹ്രസ്വകാല പ്രതിഭാസം എന്നതും ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനായി, വാർഷിക കണക്കുകൾ വന്നിട്ടില്ലാത്തതുകൊണ്ട് നമുക്ക് മാസ കണക്കുകൾ ഉപയോഗിക്കാം. ഇതിലേക്കായി മൂന്ന് ചിത്രങ്ങൾ ചേർത്തിട്ടുണ്ട് (ചിത്രം 3 കാണുക). പൊതുവിൽ പറയുന്ന ശരാശരി ഇൻഫ്ലേഷനെ “ജനറൽ ഇൻഡക്സ്’ എന്നാണ് വിളിക്കുക. എന്നാൽ ഇതിന് 5 പ്രധാന ഭാഗങ്ങളുണ്ട്.
(1) Food and beverages, അഥവാ ഭക്ഷണപാനീയങ്ങൾ
(2) Clothing and footwear, അഥവാ വസ്ത്രങ്ങളും പാദരക്ഷകളും
(3) Fuel and lighting, അഥവാ ഇന്ധനവും വെളിച്ചവും
(4) Housing, അഥവാ പാർപ്പിട സൗകര്യം
(5) Miscellaneous goods, അഥവാ പലവക ചരക്കുകൾ.
ഇതിൽ ഓരോന്നിന്റെയും ഇൻഫ്ലേഷൻ നമുക്ക് പ്രത്യേകമായി കണക്കാക്കാൻ കഴിയും. അങ്ങനെ, ജനറൽ ഇൻഡക്സും അതിന്റെ 5 ഭാഗങ്ങളും ചേരുന്ന ആറ് ഗ്രാഫുകളാണ് ചിത്രം മൂന്നിൽ കൊടുത്തിട്ടുള്ളത്. അല്പം സൂക്ഷിച്ച് നോക്കിയാൽ ഓരോന്നിലും രണ്ടുവരകൾ കാണാം; കാവിവര ഇന്ത്യയുടേത്, ചുവന്നവര കേരളത്തിന്റേത്.
ചിത്രം മൂന്നിൽ കാണുന്ന ഒരു വസ്തുതയുണ്ട്. 2022 ഏപ്രിൽ മുതൽ കേരളത്തിന്റെ “ജനറൽ ഇൻഡക്സ്” ഇൻഫ്ലേഷൻ ഇന്ത്യയിലെ ഇൻഫ്ലേഷനെക്കാൾ താഴെയാണ് പൊതുവേ നിന്നിട്ടുള്ളത്. ഇതിനൊരു മാറ്റം വന്നിട്ടുള്ളത് ഏകദേശം 2024 ഒക്ടോബർ മുതലാണ്. അവിടെ മുതൽ ഏകദേശം 2025 ജൂൺ വരെ കേരളത്തിന്റെ ജനറൽ ഇൻഫ്ലേഷൻ നിരക്ക് കൂടിയിട്ടില്ല എന്ന് ചിത്രം 3ൽ കാണാം. ഏകദേശം ഒരേ തലത്തിൽ തന്നെയാണ് ആ നിരക്ക് നിൽക്കുന്നത്. പക്ഷേ ജൂലൈ മാസത്തിൽ മാത്രം അതുയർന്നു. അതേസമയം ഇന്ത്യയിലെ ഇൻഫ്ലേഷൻ നിരക്ക് ഈ മാസങ്ങളിൽ കുറഞ്ഞു. ഇതുമൂലമാണ് കറങ്ങി നടക്കുന്ന മാപ്പിൽ കേരളത്തിലെയും ഇന്ത്യയിലെയും ഇൻഫ്ലേഷൻ നിരക്കുകൾ തമ്മിൽ ഒരു വ്യത്യാസം കാണുന്നത്.
ഭക്ഷണപാനീയങ്ങളിലെ ഇൻഫ്ലേഷൻ
ഇതെന്തുകൊണ്ടാണ് എന്നറിയാൻ ചിത്രം മൂന്നിലെ തന്നെ ബാക്കി 5 ഗ്രാഫുകൾ പരിശോധിക്കണം. ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ കേരളത്തിലെയും ഇന്ത്യയിലെയും ഇൻഫ്ലേഷൻ നിരക്ക് 2025 ഏപ്രിൽ മാസം വരെ കുറഞ്ഞു. പക്ഷേ 2025 മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ അതുയർന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇന്ധനം, വെളിച്ചം, പാർപ്പിടസൗകര്യം എന്നീ മറ്റു മൂന്ന് ഗ്രൂപ്പുകളിൽ കേരളത്തിന്റെ ഇൻഫ്ലേഷൻ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞാണ് നിന്നിട്ടുള്ളത്. അതായത്, തുണിക്കും ചെരിപ്പിനും വില കൂടിയതോ വീടുകൾക്ക് വാടക കൂടിയതോ വൈദ്യുതി വില കൂടിയതോ കാരണമല്ല ഇൻഫ്ലേഷൻ നിൽക്കുന്നത് എന്നർത്ഥം. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ, പക്ഷേ, ഭക്ഷണപാനീയങ്ങളുടെ ഇൻഫ്ലേഷൻ നിരക്ക് അല്പം ഉയർന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ, കൺസ്യൂമർ പ്രൈസ് ഇൻഡക്സിന്റെ ശരാശരി കണക്കുകൂട്ടലിൽ നല്ല വെയിറ്റുള്ള ഒരു ഗ്രൂപ്പാണിത്.
ചിത്രം 4 – ഭക്ഷണപാനീയങ്ങൾ എന്ന കൂട്ടത്തിലെ വിവിധ കൺസ്യൂമർ പ്രൈസ് ഇൻഡക്സുകൾ, കേരളം, മാസാടിസ്ഥാനത്തിൽ
ഇതെന്താ ഇങ്ങനെ എന്ന് നോക്കുമ്പോഴാണ് കാര്യം പിടികിട്ടുക. ചിത്രം 4 കാണുക. 2024 ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് 2025 ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിൽ, “ഭക്ഷണപാനീയങ്ങൾ’ എന്ന ഈ കൂട്ടത്തിനുള്ളിലെ ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടിയിട്ടില്ല; ഇറച്ചിക്കും മീനിനും മുട്ടയ്ക്കും വില കൂടിയിട്ടില്ല; പാലിന് വില കൂടിയിട്ടില്ല; പച്ചക്കറിക്ക് വില കുറഞ്ഞു; പയർവർഗങ്ങൾക്ക് വില കുറഞ്ഞു; സുഗന്ധവ്യഞ്ജനങ്ങൾക്ക് വില കുറഞ്ഞു; പഞ്ചസാരയ്-ക്ക് വില കൂടിയിട്ടില്ല; മദ്യം അല്ലാത്ത പാനീയങ്ങൾക്കും വില അങ്ങനെ കൂടിയിട്ടില്ല; പാചകം ചെയ്ത ഭക്ഷണങ്ങൾക്കും മധുര പലഹാരങ്ങൾക്കും വലുതായി വില കൂടിയിട്ടില്ല. ഭക്ഷണപാനീയങ്ങൾക്കുള്ളിലെ രണ്ട് ചെറിയ ഗ്രൂപ്പുകളിൽ മാത്രമാണ് വില കൂടിയിട്ടുള്ളത്. ഒന്ന്, oils and fats അഥവാ എണ്ണകളും കൊഴുപ്പുകളും. രണ്ട്, fruits അഥവാ പഴവർഗങ്ങൾ. “എണ്ണകളും കൊഴുപ്പുകളും’ എന്ന കൂട്ടത്തിൽ ഏറ്റവും പ്രധാനം വെളിച്ചെണ്ണയാണ്. “പഴവർഗങ്ങൾ’ എന്ന കൂട്ടത്തിൽപ്പെടുത്തിയിട്ടുള്ള ഒരു പ്രധാന ഇനം നാളികേരമാണ്.
ചില പ്രത്യേക കാരണങ്ങളാൽ കഴിഞ്ഞ മാസങ്ങളിൽ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില കൂടിയിട്ടുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം. രാജ്യത്താകമാനം വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ഉയർന്നിട്ടുണ്ടെങ്കിലും കേരളത്തിൽ അവ കൂടുതലായി ഉപഭോഗം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് കേരളത്തിന്റെ ഇൻഫ്ലേഷൻ നിരക്കുകളിൽ അത് കൂടുതലായി പ്രതിഫലിക്കും. നാളികേരത്തിന്റെ ഉൽപാദനത്തിൽ ഉണ്ടായിട്ടുള്ള കുറവാണ് ഇതിനു പ്രധാന കാരണം. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ തലത്തിൽ 2025 ജൂലൈയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരഫെഡിന്റെ “കേര’ ബ്രാൻഡിലുള്ള വെളിച്ചെണ്ണ ലിറ്ററിന് 529- രൂപയിൽ നിന്ന് കുറച്ച് 479 രൂപ മാത്രമാക്കി വിപണിയിൽ ഇറക്കി. കേരയുടെ തന്നെ അര ലിറ്റർ വെളിച്ചെണ്ണ പാക്കറ്റിന് 265 രൂപയിൽ നിന്ന് 240 രൂപയാക്കി കുറച്ച് വിപണിയിൽ ഇറക്കി. മാത്രമല്ല, കേര വെളിച്ചെണ്ണ സ്-പ്ലെെകോയിൽ നിന്ന് വാങ്ങിയാൽ ലിറ്ററിന് 429 രൂപ മാത്രമേ നൽകേണ്ടതുമുള്ളൂ. മാത്രമല്ല, സ്-പ്ലെെകോയിൽ ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 339 രൂപയും സബ്‌സിഡി-ഇതര വെളിച്ചെണ്ണയ്‌ക്ക് 389 രൂപയുമാണ് പുതുക്കിയ വില. ഇവിടെ സബ്‌സിഡി ശബരി വെളിച്ചെണ്ണയ്ക്ക് 10 രൂപയും സബ്സിഡി-യിതര ശബരി വെളിച്ചെണ്ണയ്‌ക്ക് 40 രൂപയുമാണ് വില കുറച്ചത്. ഇതൊക്കെ വിപണിയിലെ വിലകളെ കാര്യമായി പിടിച്ചുനിർത്തുന്നുണ്ട്. ഇതിനൊപ്പം നാളികേര ഉത്പാദന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമങ്ങളും തുടരേണ്ടതുണ്ട്.
പലവക ഇൻഫ്ലേഷൻ
വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില വർദ്ധിച്ചതുകൊണ്ടു മാത്രമാണ് ഭക്ഷണപാനീയങ്ങളിലെ ഇൻഫ്ലേഷൻ ഉയർന്നത് എന്ന് നമ്മൾ കണ്ടുവല്ലോ (ചിത്രം 4). വെളിച്ചെണ്ണയും നാളികേരവുമല്ലാതെ മറ്റു ഭക്ഷണപാനീയങ്ങൾക്ക് വില കൂടിയിട്ടില്ല. പക്ഷേ മറ്റൊരു പ്രധാന കാരണം കൊണ്ടു കൂടിയാണ് പൊതുവിൽ ഇൻഫ്ലേഷൻ കേരളത്തിൽ ഉയർന്നത്. ചിത്രം മൂന്നിൽ നമ്മൾ കണ്ട, പക്ഷേ ഈ ലേഖനത്തിൽ ഇതുവരെയും പരാമർശിക്കാത്ത, ചരക്കുകളുടെ ഒരു കൂട്ടമാണ് മിസ്സലേനിയസ് ഗുഡ്സ് അഥവാ പലവക ചരക്കുകൾ. വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില കഴിഞ്ഞ മൂന്നു മാസം മാത്രമാണ് ഉയർന്നതെങ്കിൽ പലവക ചരക്കുകളുടെ കൂട്ടത്തിലെ ഇൻഫ്ലേഷൻ കേരളത്തിൽ 2024ജനുവരി മുതൽ തന്നെ നിരന്തരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലേതും വർദ്ധിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ അത്രയുമില്ല. അപ്പോൾ നമ്മുടെ കഥയിൽ ഈ “പലവക’യാണ് വെളിച്ചെണ്ണയെക്കാളും നാളികേരത്തെക്കാളും വലിയ വില്ലൻ. ഇതാണ് ഇന്ന് കേരളത്തിലെ ഇൻഫ്ലേഷൻ ഇന്ത്യയിലെതിനേക്കാൾ ഉയർന്നുനിൽക്കാൻ ഏറ്റവും പ്രധാന കാരണം.
ഇത്രയും ഉറപ്പിച്ചു പറയാൻ ഒരു കാരണമുണ്ട്. ജനറൽ പ്രൈസ് ഇൻഡക്സിനുള്ളിലെ അഞ്ച് ചരക്ക് കൂട്ടങ്ങളിൽ ആപേക്ഷികമായി എത്ര വെയിറ്റാണ് പലവക ചരക്കുകൾക്കുള്ളത് എന്ന് നോക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാളധികം വെയിറ്റ് കേരളത്തിലെ ഇൻഫ്ലേഷൻ കണക്കുകൂട്ടുമ്പോൾ ഈ പലവക ചരക്കുകൾക്ക് നൽകിയിട്ടുണ്ട് എന്ന് കാണാം. ഗ്രാമീണ കേരളത്തിൽ 42.5 ശതമാനമാണ് പലവക ചരക്കുകൾക്ക് നൽകിയിട്ടുള്ള വെയിറ്റ്. നഗര മേഖലകളിലാകട്ടെ 38.5 ശതമാനവും. എന്നാൽ അഖിലേന്ത്യാതലത്തിൽ ഇതേ പലവക ചരക്കുകൾക്ക് ഗ്രാമീണ-നഗര മേഖലകളിൽ നൽകിയിട്ടുള്ള വെയിറ്റ് ഏകദേശം 28% മാത്രമാണ്. ഇതിന് കാരണം കൂടുതൽ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള കേരളത്തിൽ ഭക്ഷണപാനീയങ്ങളേക്കാൾ വിപണിയിൽ പ്രാധാന്യം ഈ പലവക ചരക്കുകൾക്കുള്ള വ്യാപാരവും വില്പനയുമൊക്കെയാണ് എന്നതാണ്. ജനങ്ങൾ ഇവയൊക്കെ കൂടുതലായി വാങ്ങി ഉപഭോഗം ചെയ്യുന്നു എന്നർത്ഥം. അതുകൊണ്ടുതന്നെ, ഈ പലവക ചരക്കുകളുടെ വില കൂടിയാൽ അത് കൂടുതൽ പ്രഭാവത്തോടെ കേരളത്തിലെ ജനറൽ ഇൻഡക്സിൽ പ്രതിഫലിക്കും. അതുകൊണ്ടു കൂടിയാണ് കേരളത്തിൽ (വെളിച്ചെണ്ണയൊഴികെയുള്ള ഭക്ഷണപാനീയങ്ങൾക്കും വസ്ത്രങ്ങൾക്കും ഇന്ധനത്തിനും വെളിച്ചത്തിനും പാർപ്പിടത്തിനുമൊക്കെ ഇൻഫ്ലേഷൻ കുറഞ്ഞിട്ടും) ജനറൽ ഇൻഡക്സ് കുറയാതെ ഒരേ തലത്തിൽ തന്നെ കഴിഞ്ഞ കുറേ മാസങ്ങളായി നിൽക്കുന്നത്.
അപ്പോൾ നമുക്ക് പലവകയിലേക്ക് കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കാം. ചിത്രം 5 കാണുക. ഈ പലവകയായ ചരക്കുകളെ പിന്നെയും 6 ചെറുകൂട്ടങ്ങളായി തിരിക്കാം:
(1) Household goods and services അഥവാ ഗാർഹിക ചരക്കുകളും സേവനങ്ങളും;
(2) Health അഥവാ ആരോഗ്യം
(3) Education അഥവാ വിദ്യാഭ്യാസം
(4) Transport and communication അഥവാ ഗതാഗതവും ആശയവിനിമയവും
(5) Recreation and amusement അഥവാ വിനോദങ്ങൾ
(6) Personal care and effects അഥവാ വ്യക്തിഗത പരിചരണ ചരക്കുകളും സേവനങ്ങളും. ഇവയിൽ ഓരോന്നിന്റെയും പ്രത്യേകം പ്രത്യേകമായ കൺസ്യൂമർ പ്രൈസ് ഇൻഡക്സുകളാണ് ചിത്രം അഞ്ചിൽ കാണാൻ കഴിയുക. ഇതിൽ ഏതാണ് വർദ്ധിച്ചിട്ടുള്ളതെന്ന് നോക്കിയാൽ ശരിയായ വില്ലനെ കണ്ടുപിടിക്കാം.
ചിത്രം അഞ്ചിൽ നമുക്ക് കാണാൻ കഴിയുന്നത് പലവക ചരക്കുകൾക്കിടയിലെ ഇൻഫ്ലേഷൻ വർദ്ധിക്കാൻ കാരണം വിദ്യാഭ്യാസ ചെലവുകൾ കൂടിയതോ ആരോഗ്യ ചെലവുകൾ കൂടിയതോ ഗതാഗത ചെലവുകൾ കൂടിയതോ ഇന്ധനവിലകൾ കൂടിയതോ വിനോദ സേവനങ്ങൾക്കുള്ള വില കൂടിയതോ അല്ല എന്നതാണ്. Personal care and effects അഥവാ വ്യക്തിഗത പരിചരണ ചരക്കുകളും സേവനങ്ങളും എന്ന കൂട്ടമാണ് ഇവിടുത്തെ പ്രധാന വില്ലൻ. അതിനുള്ളിലെ പ്രൈസ് ഇൻഡക്സ് മാത്രമേ കൂടിയിട്ടുള്ളൂ. അതുകൊണ്ടാണ് പലവക ചരക്കുകളിലെ ഇൻഫ്ലേഷൻ കൂടിയത്.
ഇനി ഈ “വ്യക്തിഗത പരിചരണ ചരക്കുകളും സേവനങ്ങളും’ എന്ന കൂട്ടത്തിനുള്ളിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് നോക്കണമല്ലോ. സ്വർണ്ണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, രത്നങ്ങൾ, മുത്തുകൾ എന്നിവയാണ് ഇവിടെ പ്രധാനമായി വരുന്നത്. ഒപ്പം കുട, സിഗരറ്റ്, സോപ്പ്, പേസ്റ്റ്, ബ്രഷ്, പെർഫ്യൂമുകൾ, ഷാംപൂ, ഷേവിംഗ് ബ്ലേഡ്, ഷേവിങ് ക്രീം, സ്യൂട്ട്കേസുകൾ, ക്ലോക്ക്, വാച്ച് എന്നിവയും ഉൾപ്പെടും. പിന്നെ ബാർബർമാർക്കും സലൂണിലുമൊക്കെ കൊടുക്കേണ്ടിവരുന്ന വിലകൾ. ഇവയുടെ തുകകൾ മാത്രമാണ് വർദ്ധിച്ചിട്ടുള്ളത്. ഇവയാണ് നേരത്തെ നമ്മൾ കണ്ട ആ മാപ്പിൽ കേരളത്തെ വില്ലനാക്കിയത്. ഇതിൽ ചിലതൊക്കെ സാധാരണക്കാർ കൂടി ഉപയോഗിക്കുന്നവയാണെങ്കിലും അവയുടെയൊന്നും വില കൂടിയതല്ല പലവക ചരക്കുകളുടെ കൂട്ടത്തിലെ പൊതു ഇൻഡക്സ് വർദ്ധിക്കാൻ കാരണം. സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ വിലകൾ വർദ്ധിച്ചതു കൊണ്ട് മാത്രമാണ് കേരളത്തിലെ പലവക ചരക്കുകളുടെ ഇൻഫ്ലേഷൻ ഉയർന്നത്.
ചിത്രം 5 – പലവക ചരക്കുകളുടെ വിവിധ കൺസ്യൂമർ പ്രൈസ് ഇൻഡക്സുകൾ, കേരളം, മാസാടിസ്ഥാനത്തിൽ
കേരളത്തിലെ ഒരു പവൻ സ്വർണ്ണത്തിന്റെ കഴിഞ്ഞ രണ്ടര വർഷത്തെ മാസവിലകളാണ് ചിത്രം 6ൽ കൊടുത്തിട്ടുള്ളത്. പലവക അതിന്റെ വില്ലത്തരം കാട്ടിത്തുടങ്ങിയ 2024 ഫെബ്രുവരി മുതൽ സ്വർണ്ണവിലകൾ അഭൂതപൂർവ്വമായാണ് കേരളത്തിൽ കൂടിയത്. ഏകദേശം ₹42,000 മുതൽ ₹45,000 വരെ ഒരു പവന് ഉണ്ടായിരുന്ന വില ആഗസ്ത് 2025 ആയപ്പോൾ ₹74,240 ആയി കൂടി. വെള്ളി അടക്കമുള്ള മറ്റ് ആഭരണ വിലകൾ ഇവിടെ വിശകലനം ചെയ്യുന്നില്ല; അവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. പക്ഷേ സ്വർണ്ണവിലകൾ കൂടിയതോടുകൂടി പലവകകളുടെ ഇൻഫ്ലേഷൻ കുതിച്ചുചാടി. സ്വർണ്ണം നന്നായി വാങ്ങി സൂക്ഷിക്കുന്നവർ ആണല്ലോ മലയാളികൾ. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനേക്കാൾ ലാഭം സ്വർണം വാങ്ങുന്നതിലാണ് എന്നുകാണാം.
പലവക ചരക്കുകൾക്ക് ഗ്രാമീണ മേഖലയിൽ 42.5 ശതമാനവും നഗര മേഖലയിൽ 38.5 ശതമാനവും വെയിറ്റ് കേരളത്തിൽ കൊടുത്തിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ (മറ്റു സംസ്ഥാനങ്ങളിലെ ഈ വെയിറ്റുകൾ 33-–35 ശതമാനത്തിൽ താഴെയാണ്; അഖിലേന്ത്യാതലത്തിൽ 28 ശതമാനവും). ഇതുമൂലം കേരളത്തിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിലും ഇൻഫ്ളേഷനിലും കാര്യമായ വർദ്ധനവു വന്നു. മറ്റ് സംസ്ഥാനങ്ങളിൽ പലവക ചരക്കുകൾക്ക് വെയിറ്റ് കുറച്ചാണ് വെച്ചിട്ടുള്ളത് എന്നതുകൊണ്ട് അത്ര വർദ്ധനവ് കൺസ്യൂമർ പ്രൈസ് ഇൻഡക്സിലും ഇൻഫ്ളേഷനിലും വന്നില്ല.
ചിത്രം 6 – കേരളത്തിലെ ഒരു പവന്റെ വില, മാസാടിസ്ഥാനത്തിൽ, രൂപയിൽ

ഉപസംഹാരം
ചുരുക്കത്തിൽ, കനകം മൂലവും വെളിച്ചണ്ണ/നാളികേരം മൂലവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ കേരളം വെറുതെ വില്ലനായിട്ടുള്ളത്. ഇവയുടെ മാത്രം വില വർദ്ധിച്ചതാണ് കേരളത്തിൽ ഇന്ന് ഇൻഫ്ലേഷൻ ഉയർന്നുനിൽക്കാനുള്ള കാരണങ്ങൾ. വെളിച്ചെണ്ണയും നാളികേരവുമല്ലാതെ മറ്റ് ഭക്ഷണപാനീയങ്ങൾക്ക് വില കൂടിയിട്ടില്ല. തുണിയുടെയും ചെരുപ്പിന്റെയും വിലയോ, വീട്ടു വാടകകളോ, വൈദ്യുതി വിലകളോ ഒന്നും കൂടിയിട്ടില്ല. അതായത്, സാധാരണക്കാരെ പിഴിയുന്ന ഒരു വിലക്കയറ്റവും ഇന്ന് കേരളത്തിലില്ല.
ഇൻഫ്ലേഷൻ എന്നത് ഒരു “സ്റ്റാറ്റിസ്റ്റിക്കൽ കൺസ്ട്രക്റ്റ്”’മാത്രമാണ് എന്ന് പൊതുവിൽ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ ഒരു മാസത്തെ അപേക്ഷിച്ച് ഈ വർഷത്തെ അതേ മാസത്തിൽ എത്ര എന്ന് അൽപ്പം സങ്കീർണമായി കണക്കുകൂട്ടുന്ന ഒരു “കോംപോസിറ്റ് ഇൻഡക്സ്’ ആണ് ഇൻഫ്ലേഷൻ. അതിന് മിതമായ അർത്ഥമേയുള്ളൂ. കാരണം, ഇൻഫ്ലേഷൻ കൂടിയിരിക്കുമ്പോഴും കേവല വിലകൾ താഴ്ന്നു തന്നെയിരിക്കാം. ഇൻഫ്ലേഷൻ കുറഞ്ഞിരിക്കുമ്പോഴും കേവല വിലകൾ ഉയർന്നു തന്നെയിരിക്കാം. ഇവിടെ സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. സർക്കാർ ചെലവ് കൂടിയതു കാരണം ഇൻഫ്ലേഷൻ കൂടി എന്ന് ഒരു രാജ്യത്തെ മുഴുവനായി തെറ്റിദ്ധരിപ്പിച്ചാണ് അമേരിക്കയിൽ റൊണാൾഡ് റീഗൻ അധികാരത്തിൽ വന്നതും വിനാശകരമായ നവലിബറലിസത്തിന് തുടക്കമിട്ടതും. ആ പാരമ്പര്യത്തിന്റെ പിന്മുറക്കാർ ഇന്നും കേരളത്തിലടക്കമുണ്ട്. ആ ചതിയിൽ വീഴാതിരിക്കാൻ നമ്മൾ ജാഗരൂകരായിരിക്കണം. l



