Friday, March 13, 2026

ad

Homeവിശകലനംതല്ലിയെടുക്കുന്ന യാഥാർത്ഥ്യങ്ങൾ ചരിത്രവും വർത്തമാനവും

തല്ലിയെടുക്കുന്ന യാഥാർത്ഥ്യങ്ങൾ ചരിത്രവും വർത്തമാനവും

എസ് ജയമോഹൻ (ചെയർമാൻ, കേരള സംസ്ഥാന 
കശുവണ്ടി വികസന കോർപ്പറേഷൻ)

തിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കൊണ്ടുവന്ന കശുവണ്ടി പെട്ടെന്നുതന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും പാചക രീതിയുടെയും അവിഭാജ്യഘടകമായി മാറി. ഒരുകാലത്ത് കശുവണ്ടി ഉൽപ്പാദനത്തിലും സംസ്കരണത്തിലും കേരളം ഇന്ത്യയിലെ മുൻനിരക്കാരായിരുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആയിരത്തോളം കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഏകദേശം 3 ലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരിൽ 95% പേരും സ്ത്രീകളായിരുന്നു. ഇതിന്റെ ഒരു പ്രധാന കേന്ദ്രമായ കൊല്ലം ജില്ലയെ കശുവണ്ടി വ്യവസായ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഉയർന്ന ഉൽപാദനച്ചെലവ്, ഇറക്കുമതി മത്സരം, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ കേരളത്തിലെ കശുവണ്ടി വ്യവസായം കാലാകാലങ്ങളിൽ നേരിട്ടിട്ടുണ്ട്, എന്നാൽ ഇന്ത്യയുടെ കശുവണ്ടി ഉൽപാദനത്തിലും കയറ്റുമതിയിലും സംസ്ഥാനം ഇപ്പോഴും ഒരു നിർണായക പങ്കുവഹിക്കുന്നു.

ഇന്ത്യൻ കശുവണ്ടി അതിന്റെ ഗുണനിലവാരത്തിന് ലോകമെമ്പാടും പ്രശസ്തമാണ്. തുടക്കത്തിൽ മണ്ണ് സ്ഥിരപ്പെടുത്തുന്നതിനാണ് കശുമാവ് കൃഷി ചെയ്തിരുന്നത്. പക്ഷേ ഒടുവിൽ അത് ഒരു പ്രധാന വരുമാന സ്രോതസായി മാറി. ഇന്ത്യയുടെ കശുവണ്ടിപ്പരിപ്പ് കയറ്റുമതി പ്രതിവർഷം 1.5 ലക്ഷം മെട്രിക് ടൺ ആണ്. ഇതിൽ ഏറിയ പങ്കും കേരളത്തിൽ നിന്നാണ്. കശുവണ്ടി വ്യവസായം ആയിരക്കണക്കിനാളുകൾക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കുന്നു.

ഇത്രയേറെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും കേരളത്തിലെ കശുവണ്ടി വ്യവസായം ഇപ്പോൾ തകർച്ചയിലാണ്. സ്വകാര്യ മേഖലയിലെ ഉൽപാദകർ ഏതാണ്ട് പൂർണമായും ഈ വ്യവസായത്തെ കൈവിട്ടുകഴിഞ്ഞു. സാമ്പത്തിക സഹായം, നൈപുണി വികസന പരിപാടികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ ചില സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

2021–22 ലെ കണക്കനുസരിച്ച്, ഇന്ത്യൻ സംസ്ഥാനങ്ങളിൽ കശുമാവ് കൃഷിയിൽ വിസ്തൃതിയുടെ കാര്യത്തിൽ കേരളം ആറാം സ്ഥാനത്തും ഉൽപാദനത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. ആധുനിക സാങ്കേതികവിദ്യകളും സുസ്ഥിര രീതികളും നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ കശുവണ്ടി വ്യവസായം കുറേക്കൂടി പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിലവിൽ കേരളത്തിലെ കശുവണ്ടി വ്യവസായം വിവിധ കാരണങ്ങളാൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രസർക്കാർ 2016-ൽ അസംസ്കൃത കശുവണ്ടിക്ക് 9.36% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ വില ഗണ്യമായി ഉയർന്നെങ്കിലും സംസ്കരിച്ച കശുവണ്ടിയുടെ വില അതിനനുസരിച്ച് വർദ്ധിച്ചില്ല. ഇത്, പ്രത്യേകിച്ച് വിയറ്റ്നാമിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കടുത്ത അന്താരാഷ്ട്ര മത്സരം നേരിട്ടിരുന്ന കേരളത്തിന്റെ കശുവണ്ടി വ്യവസായത്തെ ദോഷകരമായി ബാധിച്ചു. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിളനാശവും ലോകകമ്പോളത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാപാര ഉപരോധങ്ങളും അസംസ്കൃത കശുവണ്ടിയുടെ രൂക്ഷമായ ക്ഷാമത്തിന് കാരണമായി. ഇത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കി.

ഏറ്റവും ഒടുവിലായി അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന അധികചുങ്കം കശുവണ്ടി മേഖലയ്ക്കും കനത്ത ആഘാതം ഏൽപ്പിക്കും. അമേരിക്കൻ വിപണിയിൽ സമീപകാലത്തായി ഇന്ത്യൻ കശുവണ്ടിയുടെ വിപണി വിഹിതം ഗണ്യമായി വർധിച്ചിരുന്നു. 2023–-24 കാലയളവിൽ 111 കപ്പലുകളിലായി 65,808 മെട്രിക് ടൺ സംസ്കരിച്ച കശുവണ്ടിപ്പരിപ്പാണ് അമേരിക്കൻ വിപണിയിൽ മാത്രം നാം കയറ്റി അയച്ചത്. ഇത് മുൻവർഷത്തേക്കാൾ 28 ശതമാനം കൂടുതലായിരുന്നു. ഇറക്കുമതി തീരുവ ഇരട്ടിയാക്കുന്നത് നമ്മുടെ കശുവണ്ടിപരിപ്പ് കയറ്റുമതിയെയും ഏറെ പ്രതികൂലമായി ബാധിക്കും.

കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ, നമ്മൾ കശുവണ്ടി സംസ്കരണത്തിന് മാനുഷിക അധ്വാനത്തെ കൂടുതലായി ആശ്രയിക്കുന്നതിനാൽ വ്യവസായം നേരിടുന്ന ഉയർന്ന ഉൽപാദനച്ചെലവാണ് മറ്റൊരു പ്രതിസന്ധി. യന്ത്രവൽക്കരണം ഒരു പരിഹാരമായി ചൂണ്ടിക്കാണിക്കാറുണ്ട്, പക്ഷേ അത് നടപ്പാക്കുന്നതിനുള്ള ചെലവ് കൂടുതലാണ്. കേരളത്തിലെ പല കശുവണ്ടി ഫാക്ടറി ഉടമകളും ഇപ്പോൾ കടക്കെണിയിലാണ്. ഫാക്ടറികൾ ഏറിയപങ്കും അടഞ്ഞുകിടക്കുകയാണ്. പലരും ബാങ്ക് നടപടികൾ നേരിടുന്ന സ്ഥിതിയാണ്. ഈ വ്യവസായത്തിൽ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് തൊഴിലെടുത്തിരുന്നത്. ഫാക്ടറി അടച്ചുപൂട്ടൽമൂലം അവരിൽ പലർക്കും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. കേരളത്തിലെ കശുവണ്ടി നിർമ്മാണ യൂണിറ്റുകളിൽ ഏകദേശം 80ശതമാനത്തിന്റെയും പ്രവർത്തനം സമീപ വർഷങ്ങളിൽ നിലച്ചു. കോവിഡ് കാലത്ത് ഏകദേശം 400 സംസ്കരണ യൂണിറ്റുകൾ അടച്ചുപൂട്ടി.

ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്ന് പ്രത്യേക പുനരുജ്ജീവന പാക്കേജ് ഉൾപ്പെടെയുള്ള സഹായം ആവശ്യമാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുകയും സാമ്പത്തിക സഹായം ഉൾപ്പടെ നൽകുകയും ചെയ്യുന്നുണ്ടെന്നതും വിസ്മരിക്കാനാവില്ല. എന്നാൽ ഇറക്കുമതി തീരുവയുടെ കാര്യത്തിലും ബാങ്ക് നടപടികളുടെ കാര്യത്തിലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണ്ണമായ ഒരു നടപടിയും ഉണ്ടാകാത്തത് തിരിച്ചടിയാണ്.

കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമില്ലാത്ത കശുവണ്ടിയുടെ ഇറക്കുമതി, പ്രത്യേകിച്ച് വിയറ്റ്നാമിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കടുത്ത അന്താരാഷ്ട്ര മത്സരം, അന്താരാഷ്ട്ര വിപണികളിലെ ചാഞ്ചാട്ടം എന്നിവ വ്യവസായം നേരിടുന്ന പ്രതിസന്ധികളാണ്. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുക, കൂടുതൽ യന്ത്രവൽക്കരണം നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ചില വ്യവസായികൾ തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയത് കേരളത്തിൽ തൊഴിൽ നഷ്ടത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമായി.

ആശ്വാസമാകാൻ കോർപ്പറേഷൻ
തോട്ടണ്ടി ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചും ബജറ്റിൽ അവഗണിച്ചും കേന്ദ്രസർക്കാർ കേരളത്തിന്റെ, പ്രത്യേകിച്ച് കൊല്ലത്തിന്റെ ഈ വെളുത്ത സ്വർണ്ണത്തെ അവഗണിച്ചപ്പോൾ ആശങ്കയിലായത് പതിനായിരങ്ങളാണ്. കശുവണ്ടി മേഖലയിൽ പണിയെടുത്തു കിട്ടുന്നതുകൊണ്ട് കുടുംബം പോറ്റിയിരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ ഉപജീവന മാർഗമാണ് വഴിമുട്ടിയത്. കശുവണ്ടി ഫാക്ടറികൾ നടത്തിയവരാകെ കടക്കെണിയിലാകുന്ന സാഹചര്യം. ഫാക്ടറികൾക്ക് ഒന്നൊന്നായി താഴു വീണു. എന്നാൽ അങ്ങനെ തോറ്റുകൊടുക്കാൻ തൊഴിലാളികളുടെ വില അറിയുന്ന സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല. കാഷ്യു ബോർഡും കരുതൽ നടപടികളുമായി ഒപ്പംനിന്നു. ഈ സാഹചര്യത്തിലാണ് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ അതിനാലാവുംവിധം തൊഴിലാളികളുടെ എണ്ണം കൂട്ടിയും പരമാവധി തൊഴിൽ ദിനങ്ങൾ നൽകിയും അവരെ ചേർത്തുപിടിച്ചത്.

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളം കണ്ണിലെ കൃഷ്ണമണി പോലെയാണ് ഈ മേഖലയെ സംരക്ഷിച്ചത്. 1969 ൽ രൂപീകൃതമായ കോർപ്പറേഷന്റെ 30 ഫാക്ടറികളിലായി 11550 തൊഴിലാളികളും അറുനൂറോളം സ്‌റ്റാഫ് ജീവനക്കാരും തൊഴിലെടുക്കുന്നു. 2015 മുതൽ 11 മാസത്തോളം അടഞ്ഞു കിടന്ന കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികൾ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ആഗസ്റ്റ് 17ന് തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു. ബാങ്കുകളിലെ ബാധ്യത– 80 കോടി രൂപ നൽകി കോർപ്പറേഷൻ പ്രവർത്തിക്കാനുള്ള സാഹചര്യം സംജാതമാക്കി. 1969 മുതൽ ഉണ്ടായിരുന്ന സെയിൽസ് ടാക്‌സ് കുടിശ്ശിക – 65.76 കോടി രൂപ ഒഴിവാക്കി നൽകി.

തോട്ടണ്ടി ലഭ്യത
പരമ്പരാഗത വ്യവസായമായ കശുവണ്ടി രംഗത്തെ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തുടർച്ചയായി പ്രവർത്തിച്ചുവരികയാണ്. തോട്ടണ്ടിയുടെ ദൗർലഭ്യമാണ് കോർപ്പറേഷൻ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് വിലയിരുത്തി തോട്ടണ്ടി ലഭ്യത ഉറപ്പുവരുത്തുന്നതിന് മുൻ എൽഡിഎഫ് സർക്കാർ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി രൂപീകരിച്ച കേരള കാഷ്യൂ ബോർഡ് വഴി തോട്ടണ്ടി ലഭ്യമാക്കിയാണ് കോർപ്പറേഷൻ ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കുന്ന തോട്ടണ്ടി കർഷകരിൽ നിന്ന് നേരിട്ടും സഹകരണ ബാങ്കുകൾ സംഭരിച്ചതും ഗവൺമെന്റ് രൂപീകരിച്ച വില നിർണ്ണയ സമിതി നിശ്ചയിക്കുന്ന വിലയ്ക്ക് കോർപ്പറേഷൻ വാങ്ങിയിട്ടുമുണ്ട്. ഗവൺമെന്റ് ഫാമുകളിലും മറ്റ് പൊതുമേഖലാ പ്ലാന്റേഷനുകളിലും ഉല്പാദിപ്പിക്കുന്ന തോട്ടണ്ടിയും ഗവൺമെന്റ്- നിശ്ചയിക്കുന്ന വിലയ്ക്ക് സംഭരിച്ച് തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കോർപ്പറേഷൻ സ്വീകരിച്ചു വരുന്നു.

കൂടുതൽ തൊഴിലവസരങ്ങൾ
കശുവണ്ടി സംസ്കരണത്തിന്റെ ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് വിഭാഗങ്ങളിൽ പൂർണ്ണ ശേഷി വിനിയോഗത്തിന്റെ ഭാഗമായി തുല്യത സംരക്ഷിക്കത്തക്ക തരത്തിൽ തൊഴിലാളികളെ നിയമിച്ച് പരമാവധി ഉൽപ്പാദനക്ഷമത കൈവരിക്കാൻ കഴിഞ്ഞു. ഇപ്രകാരം ഈ കാലയളവിൽ പുതിയതായി കശുവണ്ടി വികസന കോർപ്പറേഷനിൽ നാലായിരത്തോളം തൊഴിലാളികളെ നിയമിച്ചു. ജോലിയിലിരിക്കെ മരിച്ച തൊഴിലാളികളുടെ മക്കൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആശ്രിത നിയമനം നൽകി.

ഗ്രാറ്റുവിറ്റി വിതരണം
യുഡിഎഫ് ഭരണ കാലയളവിൽ കുടിശ്ശികയായിരുന്ന ഗ്രാറ്റുവിറ്റി നൽകുന്നതിനുൾപ്പെടെ മുൻ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് 325.75 കോടി രൂപയാണ് കോർപ്പറേഷന് അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗ്രാറ്റുവിറ്റി കുടിശ്ശികയായിരുന്നത് ഉൾപ്പെടെ തൊഴിലാളികളുടെ 11 വർഷത്തെ ഗ്രാറ്റുവിറ്റി നൽകുന്നതിനായി രണ്ട് എൽഡിഎഫ് സർക്കാരിന്റെ കാലത്തുമായി ആകെ 84 കോടി രൂപ ലഭിച്ചു. ഈ തുക വിനിയോഗിച്ച് 6795 പേർക്ക് 2022 വർഷം വരെയുള്ള ഗ്രാറ്റുവിറ്റി നൽകി.

നവീകരണം
കശുവണ്ടി ഫാക്ടറികളുടെ അടിസ്‌ഥാന സൗകര്യ വികസനം, നവീകരണം, ഭാഗിക യന്ത്രവൽക്കരണം എന്നിവയ്ക്കായി സർക്കാർ അനുവദിച്ചുനൽകിയിട്ടുള്ള തുക വിനിയോഗിച്ച് കശുവണ്ടി വികസന കോർപ്പറേഷന്റെ 30 ഫാക്ടറികളും ആധുനികവൽക്കരിക്കുകയും തൊഴിലാളികളുടെ അടിസ്‌ഥാന സൗകര്യങ്ങൾ ഉൾപ്പെടെ മെച്ചപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഭാഗിക യന്ത്രവൽക്കരണത്തിന്റെ ഭാഗമായി ഷെല്ലിംഗ് സെക്ഷനിൽ കട്ടിങ് മെഷീനുകൾ സ്ഥാപിക്കൽ, തൊഴിലാളികളുടെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇവർക്ക് ആവശ്യമായ ഡൈനിങ് ഹാൾ, ഡ്രസിങ് റൂം, വായനാമുറി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻസിനേറ്റർ ഘടിപ്പിച്ച ടോയ്‌ലറ്റ് ബ്ലോക്കുകൾ, അന്തരീക്ഷ ഊഷ്‌മാവ് ക്രമീകരിക്കുന്നതിന് ആവശ്യമായ ടർബോ ഫാൻ, സിസിടിവി ക്യാമറകൾ, ചുവട് അനായാസമാക്കുന്ന ഹൈഡ്രോളിക് പുള്ളറ്റ് ട്രക്കുകൾ, ഊഷ്‌മാവ് ക്രമീകരിക്കുന്നതിനുള്ള തെർമൽ സിസ്‌റ്റം, തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ തൊട്ടിൽ പുര എന്നിവ കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ നടപ്പിലാക്കി.

സംസ്കരണം മെച്ചപ്പെടുത്തൽ
ഓരോ കൺസൈൻമെന്റിന്റെയും പ്രോസസിങ്ങിനു ശേഷം ഉൽപ്പാദന നിലവാരം മെച്ചപ്പെടുത്തുന്നതിനും നഷ്ടം കുറയ്ക്കുന്നതിനുമുള്ള നടപടികൾ റിവ്യൂ നടത്തി സ്വീകരിച്ചു.

മൂല്യവർധിത ഉൽപ്പന്നങ്ങൾ
കശുവണ്ടി പരിപ്പിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്‌പന്നങ്ങൾക്കുപുറമേ കശുമാങ്ങയിൽ നിന്നും കാഷ്യ സോഡ, കാഷ്യ ആപ്പിൾ സ്ക്വാഷ്, കാഷ്യൂ പൈൻ ജാം എന്നീ ഉൽപ്പന്നങ്ങളും ഈ കാലയളവിൽ വിപണിയിലിറക്കി. 24 ഇനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഇപ്രകാരം വിപണിയിൽ ഇറക്കിയിട്ടുണ്ട്. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും വിപണനത്തിനുമുള്ള ദേശീയ പുരസ്കാരം 2017, 2018 വർഷങ്ങളിൽ കോർപ്പറേഷന് ലഭിച്ചു. കസ്റ്റമേഴ്‌സിനെ ആകർഷിക്കാനായി കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

വിദ്യാഭ്യാസം
കശുവണ്ടി തൊഴിലാളികളുടെ കുട്ടികൾക്ക് എംബിബിഎസ്, എൻജിനീയറിങ് എൻട്രൻസിന് മെച്ചപ്പെട്ട വിജയം കരസ്‌ഥമാക്കാൻ സൗജന്യ എൻട്രൻസ് പരിശീലന കോഴ്‌സ് കോർപ്പറേഷന്റെ പാൽക്കുളങ്ങര ഫാക്ടറിയിൽ ആരംഭിച്ചു. മികവ് പദ്ധതിയിലൂടെ എസ്എസ്എൽസി പ്ലസ് ടു കോഴ്‌സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെ‌ന്റോയും പ്രോത്സാഹനമായി നൽകുന്ന സ്ക‌ീം നടപ്പിലാക്കി. ഇഎസ്ഐ അംഗങ്ങളായ കശുവണ്ടി തൊഴിലാളിയുടെ മക്കൾക്ക് നിശ്ചിത ഹാജർ ഇല്ല എന്ന കാരണത്താൽ എംബിബിഎസ് അഡ്‌മിഷൻ നിഷേധിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിലൂടെയും മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയും 12 കുട്ടികൾക്ക് എംബിബിഎസ് അഡ്‌മിഷൻ വാങ്ങി നൽകുന്നതിന് കോർപ്പറേഷന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.

സാക്ഷരതാ ക്ലാസ്
കോർപ്പറേഷൻ തൊഴിലാളികളുടെ സമ്പൂർണ്ണ സാക്ഷരത ലക്ഷ്യമിട്ട് സാക്ഷരതാ മിഷനുമായി ചേർന്ന് ദിശാ പ്രോജക്ട് നടപ്പിലാക്കി. 20 തൊഴിലാളികൾക്ക് സാക്ഷരതാ വിദ്യാഭ്യാസം നൽകി എസ്എസ്എൽസി തുല്യതാ പരീക്ഷ പാസായി.

പ്രമോഷൻ
കോർപ്പറേഷൻ ഫാക്ടറികളിലെ ബിരുദ യോഗ്യതയുള്ള 26 പേർക്ക് ഫാക്ടറി ക്ലാർക്കുമാരായും 160 തൊഴിലാളികൾക്ക് സ്‌റ്റാഫ് തസ്‌തികകളിലേക്കും 2 തൊഴിലാളികൾക്ക് സ്പോർട്‌സ് ക്വോട്ടയിൽ സ്‌റ്റാഫായും നിയമനം നൽകി.

റിട്ടയർമെന്റ്
വിരമിക്കുന്ന തൊഴിലാളികൾക്ക് കോർപ്പറേഷന്റേതായി ഉപഹാരം നൽകി റിട്ടയർ ചെയ്യുന്ന ചടങ്ങ് ആദ്യമായി നടപ്പിലാക്കി.

വിൽപ്പനനേട്ടം
കശുവണ്ടിപ്പരിപ്പിന്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ നിന്നും വിൽപ്പന നേട്ടം കൈവരിക്കാനായി.

മാർക്കറ്റിംഗ്
കശുവണ്ടിപ്പരിപ്പ് വിൽപന സുതാര്യമാക്കുന്നതിനായി ഇ–ടെൻഡർ നടപ്പിലാക്കി. കശുവണ്ടിപ്പരിപ്പിന്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും ആഭ്യന്തര വിപണി വർദ്ധിപ്പിക്കുന്നതിനായി പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിച്ചു. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനായി മാർക്കറ്റ് ഫെഡുമായി കേരളത്തിനകത്തും പുറത്തും ടൈഅപ്പുകൾ ഈ കാലയളവിൽ രൂപീകരിച്ചു. ഓൺലൈൻ വ്യാപാരം ഉൾപ്പെടെ പരമാവധി ആഭ്യന്തര വിപണിയിൽ കശുവണ്ടിപ്പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്.

മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനുമായി സഞ്ചരിക്കുന്ന വിപണന വാഹനം കോർപ്പറേഷൻ വിപണിയിലിറക്കി. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 50 ഗ്രാമിന്റെ 100 ലക്ഷത്തോളം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ ഓണക്കാലത്ത് റേഷൻ കിറ്റിലൂടെ വിതരണം ചെയ്യാൻ കഴിഞ്ഞു. ഇതുവഴിയും ലോക്കൽ മാർക്കറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്.

ഇഎസ്ഐ – ഇപിഎഫ് ക്ഷേമനിധി
നിലവിലുള്ള ഭരണസമിതി അധികാരമേൽക്കുമ്പോൾ കുടിശ്ശികയായിരുന്ന ഇഎസ്ഐ വിഹിതം അടച്ചു. ഇപിഎഫ് കുടിശ്ശിക ഉണ്ടായിരുന്ന 6.5 കോടി രൂപയും അടച്ചുതീർത്തു. സ്‌റ്റാറ്റ്യൂട്ടറി വിഹിതങ്ങളായ ഇഎസ്ഐ , ഇപിഎഫ് – ക്ഷേമനിധി എന്നിവ ഇപ്പോൾ കൃത്യമായി അടയ്ക്കുന്നുണ്ട്. ഇഎസ്ഐ പരിധി കഴിഞ്ഞ കോർപ്പറേഷൻ ജീവനക്കാർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കത്തക്ക തരത്തിൽ 2017 ഡിസംബർ 31 മുതൽ മെഡിക്ലെയിം പോളിസി നടപ്പാക്കി.

തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ
മരണമടയുന്ന ജീവനക്കാർക്ക് കോർപ്പറേഷനിൽ നിന്നും മരണാനന്തര ചെലവിനായി നൽകിയിരുന്ന സഹായം ഇരട്ടിയാക്കി 5000 രൂപ എന്നത് 10,000 രൂപയായി വർധിപ്പിച്ചു. എംബിബിഎസ് എൻജിനീയറിങ് തുടങ്ങിയ കോഴ്‌സുകൾക്ക് പഠിക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് പഠനസഹായ ധനമായി 25,000 രൂപ നൽകുന്ന പദ്ധതിയും ഈ കാലയളവിൽ കോർപ്പറേഷൻ ഏർപ്പെടുത്തി. കൂടാതെ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി നൽകിവന്നിരുന്ന 2000 രൂപ 5000 രൂപയായും വർദ്ധിപ്പിച്ചു.

തൊഴിൽ വകുപ്പിന്റെ സഹായത്തോടുകൂടി തൊഴിലാളികൾക്ക് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ മൊബൈൽ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ക്യാൻസർ ബാധിതരായ തൊഴിലാളികൾക്ക് കനിവ് പദ്ധതിയിലൂടെ 5000 രൂപയുടെ പ്രത്യേക ധനസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കി. അവർക്ക് ഓണക്കാലത്ത് 1000 രൂപയുടെ സ്പെഷ്യൽ കിറ്റ് നൽകുന്ന പദ്ധതിയും ആരംഭിച്ചു.

കശുമാവ് കൃഷി
വ്യാപനം കശുവണ്ടിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള കശുമാവ് കൃഷി വ്യാപന പദ്ധതികൾ നടപ്പിലാക്കി 5 ലക്ഷം കശുമാവ് ഗ്രാഫ്റ്റ് തൈകൾ കൊട്ടിയം കശുമാവ് നഴ്‌സറിയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്‌തു. കശുമാവ് കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ വഴി തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജൈവ പച്ചക്കറി കൃഷിക്ക്, ജില്ലയിലെ പൊതുസ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ അവാർഡും ഈ കാലയളവിൽ ലഭിച്ചു. കശുമാവ് കൃഷി വികസന ഏജൻസിയുടെ 15 ലക്ഷം രൂപയുടെ മാതൃക കശുമാവിൻ തോട്ടം പദ്ധതി കോർപ്പറേഷന്റെ 5 ഫാക്ടറികളിലായി 25 ഏക്കർ സ്ഥലത്ത് നടപ്പാക്കി. ഹോട്ടികൾച്ചർ മിഷൻ സഹായത്തോടെ ഇടമുളയ്ക്കൽ ഫാക്ടറിയിലും കശുമാവ് നടക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പൊതുരംഗം
തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ വിദഗ്‌ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. വിദഗ്‌ധ സമിതി റിപ്പോർട്ടിന്റെ തുടർനടപടികളിലൂടെ സ്വകാര്യ വ്യവസായികൾക്കടക്കം ആശ്വാസകരമായ പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ ഒരു ദശാബ്ദമായി തൊഴിലാളി–തൊഴിലുടമ സൗഹൃദാന്തരീക്ഷത്തിന് കാഷ്യൂ കോർപ്പറേഷൻ മാതൃകയാണ്.

മിനിമം വേജസ് വർദ്ധന
തൊഴിലാളികളുടെ മിനിമം വേതനം 2024 ഫെബ്രുവരി 12 മുതൽ 23% വർദ്ധിപ്പിച്ചു നൽകി. ഇപ്രകാരം വിവിധ സെക്ഷനുകളിലെ വർധിപ്പിച്ച കൂലി നിരക്കുകൾ ചുവടെ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 12 മുതൽ പ്രതിമാസം 8.61 രൂപ ഡിഎയും ഇതിനോടൊപ്പം ലഭിക്കുന്നു. നിലവിൽ ഇത് 21.06 രൂപയാണ്. 15 കിലോഗ്രാമിന് മുകളിൽ ജോലി ചെയ്യുന്ന കോർപ്പറേഷനിലെ ഷെല്ലിംഗ് (തല്ല്/കട്ടിംഗ്) തൊഴിലാളികൾക്ക് സ്റ്റാറ്റ്യൂട്ടറി ബെനിഫിറ്റുകൾ ഉൾപ്പെടെ പ്രതിദിനം 1300 രൂപയോളം ലഭിക്കും.

ആത്യന്തികമായി അഴിമതിരഹിതമായ പ്രവർത്തനത്തിലൂടെ പൊതുമേഖലാ സ്ഥാപനമായ കാഷ്യൂ കോർപ്പറേഷന്റെ വിശ്വാസ്യത പൊതുസമൂഹത്തിൽ ഉയർത്താൻ കഴിഞ്ഞതും പത്തു വർഷത്തെ നേട്ടങ്ങളിൽ പ്രധാനമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − ten =

Most Popular