Monday, May 25, 2026

ad

Homeവിശകലനംക്ഷേമസങ്കൽപ്പനത്തിൽനിന്ന് 
പിന്തിരിയുന്ന മുതലാളിത്തം

ക്ഷേമസങ്കൽപ്പനത്തിൽനിന്ന് 
പിന്തിരിയുന്ന മുതലാളിത്തം

ണ്ടാം ലോകയുദ്ധത്തിനുശേഷം ഉടനടി തന്നെ മുതലാളിത്തം ഗൗരവതരമായ അതിജീവന പ്രതിസന്ധിയെ അഭിമുഖീകരിച്ച
പ്പോൾ, അതിനെ നേരിടുന്നതിന് ഒരു ഇരട്ടതന്ത്രം കെെക്കൊണ്ടു. ഒന്നാമതായി, തീർച്ചയായും യാതൊരുവിധ ന്യായീകരണവുമില്ലാതെ, മുതലാളിത്തം ‘‘ചുവപ്പ് ഭൂത’’ത്തിനുമേൽ ശക്തമായ ആക്രമണമഴിച്ചുവിട്ടു; വ്യവസ്ഥിതിയെ അനുസരിച്ചുനിൽക്കുന്നതിന് തദ്ദേശീയരായ തൊഴിലാളിവർഗത്തെ ഭയപ്പെടുത്തിനിർത്തുന്നതിനായിരുന്നു ഇങ്ങനെ ചെയ്തത്. രണ്ടാമതായി, മുതലാളിത്തം അതിന്റെ പ്രവർത്തനശെെലിയിൽ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതമായി; അതിൽ നാലെണ്ണം സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്; ഔപചാരികമായ രാഷ്ട്രീയ അപകോളനിവത്കരണം, സാർവത്രിക വോട്ടവകാശത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യ ഭരണക്രമം മുന്നോട്ടുകൊണ്ടുവരുക, വമ്പിച്ച തൊഴിലില്ലായ്മയെ തുടച്ചുനീക്കുന്നതിന് കെയ്ൻസിന്റെ ‘‘ഡിമാന്റ് മാനേജ്മെന്റ്’’ സിദ്ധാന്തം സ്വീകരിക്കുക, എല്ലായിടത്തും, പ്രത്യേകിച്ചും പാശ്ചാത്യയൂറോപ്പിൽ ക്ഷേമ രാഷ്ട്ര നടപടികൾ കെെക്കൊള്ളുക എന്നിവയാണവ. ‘‘മുതലാളിത്തം മാറിയിരിക്കുന്നു’’, അതായത് ഇത് ഇനിയൊരിക്കലും ഇതുവരെ നിലനിന്നിരുന്നതുപോലെയുള്ള ആ പഴയ ഇരപിടിയൻ മുതലാളിത്തമല്ല, മറിച്ച് ഒരു പുതിയ ‘‘ക്ഷേമ മുതലാളിത്ത’’മാണ് എന്ന ഒരു തോന്നൽ ചുറ്റും പടർത്തിയെന്നതുകൊണ്ടുതന്നെ ഈ നാലു മാറ്റങ്ങളും പ്രധാനപ്പെട്ടവയായിരുന്നു.

തുടർന്നുണ്ടായ ദീർഘകാലം നീണ്ടുനിന്ന യുദ്ധാനന്തര അഭിവൃദ്ധിയുടെ ഘട്ടത്തിൽ ധനമൂലധനം ശക്തിയാർജിച്ചു; ഒപ്പംതന്നെ ദേശരാഷ്ട്രത്തിന്റെ സ്വയം ഭരണാധികാരത്തെ ക്ഷയിപ്പിക്കുകയും എല്ലായിടത്തും നവലിബറൽ വാഴ്ച അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിനുള്ള പാത തുറന്നുകൊണ്ട് ധനമൂലധനം ആഗോളമാനം കെെവരിക്കുകയും ചെയ്തു; ഈ രണ്ടു കാര്യങ്ങളും സംഭവിച്ചതോടെ, അതായത്, ധനമൂലധനം ശക്തിയാർജിക്കുകയും അത് ആഗോളമാനം കെെവരിക്കുകയും ചെയ്തതോടെ, യുദ്ധാനന്തരം സ്വീകരിച്ച നടപടികൾ ഏതെങ്കിലും വിധത്തിൽ പിന്നോട്ടുകൊണ്ടുപോകാൻ തുടങ്ങിയിരുന്നു; പക്ഷേ, ഇപ്പോൾ ഇൗ പിന്നോട്ടുപോക്ക് അഭൂതപൂർവമായൊരു ഗതിവേഗത്തിലെത്തിയിരിക്കുന്നു. മെട്രോപൊളിറ്റൻ മുതലാളിത്തത്തിന്റെ പിന്തുണയോടുകൂടി പലസ്തീനിലെ ജനങ്ങൾക്കെതിരായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന തുറന്ന വംശഹത്യയിൽ കൊളോണിയൽ കാലഘട്ടത്തിലേതിനേക്കാൾ അധികമല്ലെങ്കിലും അതിനു തുല്യമായ നിഷ്ഠുരതയുണ്ട്; നവഫാസിസത്തിന്റെയും ബൂർഷ്വാ സേ-്വ
ച്ഛാധിപത്യത്തിന്റെയും കുതിപ്പ് ജനങ്ങൾക്ക് ലഭ്യമായിട്ടുള്ള ജനാധിപത്യപരമായ ഇടത്തെ ചുരുക്കിയിരിക്കുന്നു; ലോക മുതലാളിത്തം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ഇനിമേൽ കെയ്ൻസിന്റെ ‘ഡിമാൻഡ് മാനേജ്മെന്റ്’ സിദ്ധാന്തത്തിലൂടെ കെെകാര്യം ചെയ്യാനാവില്ല; കാരണം ആഗോളവത്കൃത ധനമൂലധനത്തിന്റെ അധീശാധിപത്യം തന്നെയാണ്, അതോടൊപ്പം ഇപ്പോൾ, ലോകത്തെല്ലായിടത്തും ക്ഷേമ ചെലവഴിക്കലുകൾ കുറച്ചുകൊണ്ടുവരുന്നതിനും അതുവഴി സ്വതന്ത്രമാക്കിയെടുക്കുന്ന വിഭവങ്ങളെ മുതലാളിമാർക്ക് ധനകെെമാറ്റങ്ങൾ ചെയ്യുവാനും സെെനിക ചെലവഴിക്കലുകൾ വർധിപ്പിക്കുവാനും വേണ്ടി ഉഴിഞ്ഞുവയ്ക്കുന്നതിനുമുള്ള യോജിച്ച ശ്രമവും നടക്കുന്നുണ്ട്.

അമേരിക്കയുടെ ഇരുസഭകളിലും പാസാക്കപ്പെടുകയും ഇപ്പോൾ നിയമമായിത്തീരുകയും ചെയ്ത ട്രംപിന്റെ ‘‘വലിയ മനോഹരമായ ബില്ല്’’ ക്ഷേമ ചെലവഴിക്കലിനുമേൽ നടത്തുന്ന വമ്പിച്ച കടന്നാക്രമണം തന്നെയാണ്. അമേരിക്കൻ ഗവൺമെന്റിൽനിന്ന് സ്വതന്ത്രമായി മതിപ്പുകണക്കുകൾ തയ്യാറാക്കുന്ന കോൺഗ്രഷണൽ ബജറ്റ് ഓഫീസിന്റെ കണക്കനുസരിച്ച്, അടുത്ത പത്ത് വർഷത്തിനകത്ത് സഞ്ചിത മൂല്യം 4.5 ലക്ഷം കോടി ഡോളറായിട്ടുള്ളവർക്കാണ് ഈ ബില്ല് നികുതിയിളവുകൾ നൽകുക; ഈ നികുതിയിളവുകളുടെ പ്രധാന ഗുണഭോക്താക്കളും സമ്പന്നരാകും. കൂടാതെ, സെെനിക ചെലവ് സഞ്ചിതമായി 15,000 കോടി ഡോളർ കണ്ട് ഉയരുകയും ‘‘അതിർത്തി സുരക്ഷാ ചെലവ്’’ (അതായത് കുടിയേറ്റക്കാരെ പുറത്തുനിർത്തുന്നതിനുവേണ്ടിയുള്ള ചെലവ്) 12,900 കോടി ഡോളർ കണ്ട് വർധിക്കുകയും ചെയ്യും. ഈ ചെലവഴിക്കലുകൾക്കെല്ലാം പണം കണ്ടെത്തുന്നത് മെഡിക്കെയ്ഡിൽനിന്നും 93,000 കോടി ഡോളർ കണ്ടും ഹരിതോർജ്ജത്തിൽനിന്നും 48,800 കോടി ഡോളർ കണ്ടും ഭക്ഷ്യസഹായ ത്തിൽനിന്നും 28,700 കോടി ഡോളർ കണ്ടും വെട്ടിച്ചുരുക്കുന്നതിലൂടെയാണ്. വയോജനങ്ങളും ദരിദ്രരും ഭിന്നശേഷിക്കാരും തുടങ്ങി അമേരിക്കൻ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയാണ് മെഡിക്കെയ്ഡ് എന്നറിയപ്പെടുന്നത്; അപ്പോൾ, ബില്ലിൽ പറയുന്നതു പ്രകാരം അത് വെട്ടിച്ചുരുക്കുകയെന്നാൽ സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ വിഭാഗങ്ങൾക്കുമേൽ പ്രഹരമേൽപ്പിക്കുക എന്നാണർഥം. ദരിദ്രരിൽ നിന്നും സമ്പന്നരിലേക്കുള്ള ആനുകൂല്യങ്ങളുടെ നിർലജ്ജമായ കെെമാറ്റമാണ് ട്രംപിന്റെ ‘‘വലിയ മനോഹരമായ ബില്ല്’’.

തീർച്ചയായും, മേൽപ്പറഞ്ഞ ചെലവുകളുടെ വെട്ടിച്ചുരുക്കലുകളേക്കാളും വളരെ വലുതാണ് ഇപ്പറയുന്ന നികുതിയിളവുകൾ; തത്ഫലമായി, അടുത്ത ദശകത്തിനകത്ത് അമേരിക്കയിലെ ധനക്കമ്മി 3.4 ലക്ഷം കോടി ഡോളർ വർധിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, അമേരിക്കയിലെ സമ്പന്നർക്ക് എളുപ്പത്തിൽ സമ്പത്ത് കെെമാറുന്നതിനുവേണ്ടി അമേരിക്കൻ ഗവൺമെന്റ് സ്വന്തം ചെലവിൽ കടമെടുക്കുകയും, നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ ചെലവഴിക്കലുകൾ വെട്ടിച്ചുരുക്കുകയും ചെയ്യും. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്; പക്ഷേ, പുനരുജ്ജീവിപ്പിക്കലാണ് ലക്ഷ്യമെങ്കിൽ, കടമെടുത്തതെത്രയായാലും അത് ഗവൺമെന്റുതന്നെ നേരിട്ടു ചെലവഴിക്കണം; എന്നാൽ, അതിനുപകരം ഇവിടെ അമേരിക്കൻ ഗവൺമെന്റ് ചെയ്യുന്നത് ഈ വാങ്ങൽശേഷിയാകെ സമ്പന്നന് കെെമാറുക മാത്രമാണ്. ഈ നടപടി കെെക്കൊള്ളുമ്പോൾ തുച്ഛമായ തോതിൽ മാത്രമായിരിക്കും സമ്പദ്ഘടന ഉത്തേജിപ്പിക്കപ്പെടുക. സമ്പന്നന്റെ സമ്പത്ത് സൗജന്യമായി വർധിപ്പിക്കുക മാത്രമാണ് ഇതിലൂടെ നടക്കുന്നത്.

ഇവിടെ
യൊരു ചോദ്യമുയരും. വലിയ ധനക്കമ്മി എന്നത് ധനമൂലധനത്തിനു ഹിതകരമല്ല. സമ്പന്നർക്ക് പണം കെെമാറുന്നതിനുവേണ്ടിയാണ് ധനക്കമ്മി വരുത്തിവയ്ക്കുന്നതെങ്കിൽപ്പോലും, ധനമൂലധനം അതിഷ്ടപ്പെടുന്നില്ല. വാസ്തവത്തിൽ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ലിസ് ട്രസ് ചെയ്യാൻ ശ്രമിച്ചത് ഇപ്പോൾ അമേരിക്കൻ ഗവൺമെന്റ് നടപ്പാക്കുന്ന ഇതേ നയം തന്നെയായിരുന്നു. പക്ഷേ, പൗണ്ടിന്റെ മൂല്യം ഇടിയുമെന്നതിനാൽ അവരുടെ പരിപാടിയോട് ധനമൂലധനത്തിനുണ്ടായിരുന്ന എതിർപ്പ് അത്രമാത്രം വലുതായിരുന്നു; അങ്ങനെ ലിസ് ട്രസ്സിന് രാജിവയ്ക്കേണ്ടിവന്നു; അങ്ങനെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി അവർ മാറി; 50 ദിവസത്തിൽ താഴെയായിരുന്നു അവരുടെ ഭരണകാലം. കാര്യങ്ങൾ അങ്ങനെയായിരിക്കെ പിന്നെങ്ങനെയാണ് സമ്പന്നർക്ക് വലിയ തോതിൽ പണം കെെമാറുന്നതിനുവേണ്ടി വൻതോതിൽ കടമെടുക്കാൻ ട്രംപിനെ ധനമൂലധനം അനുവദിച്ചത്?

ഒരു വലിയ ധനക്കമ്മിയെ ട്രംപ് അതിജീവിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല; അതായത്, സമ്പന്നർക്ക് പണം കെെമാറുന്നത് കുറച്ചുകൊണ്ടല്ലെങ്കിലും ക്ഷേമപദ്ധതികൾക്കായുള്ള ചെലവഴിക്കലുകൾ ഇനിയും കൂടുതൽ വെട്ടിച്ചുരുക്കിക്കൊണ്ടെങ്കിലും ധനക്കമ്മി ചുരുക്കാൻ ധനമൂലധനം ട്രംപിനെ നിർബന്ധിക്കുന്നില്ലായെങ്കിൽ ഈ ധനക്കമ്മിയിൽനിന്നും ട്രംപ് രക്ഷപ്പെടുമോയെന്ന കാര്യം വ്യക്തമല്ല. പക്ഷേ, ട്രംപിന് ചില അനുകൂല ഘടകങ്ങളുണ്ട്; ബ്രിട്ടീഷ് പൗണ്ടിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായി അമേരിക്കൻ ഡോളറിന് ഇന്ന് ഒരു വിലനിലവാരമുണ്ട് എന്ന വസ്തുതയാണ് അതിനു കാരണം. ലോകത്തിലെ സമ്പത്ത് കെെവശമുള്ളവർ ഇപ്പോഴും ഡോളറിനെ ഏതാണ്ട് ‘‘സ്വർണംപോലെ തന്നെ മഹത്തരമായി’’ കണക്കാക്കുന്നു; ട്രംപിന്റെ ഈ വമ്പിച്ച ധനക്കമ്മിയുടെ ഘട്ടത്തിലും അക്കാര്യത്തി ൽനിന്നും മാറിചിന്തിക്കുവാൻ അവർ തയ്യാറാകാനും സാധ്യതയില്ല. ബ്രിട്ടീഷ് സമ്പന്നർക്ക് കമ്മിപ്പണം കണ്ടെത്തി കെെമാറുന്നതിനുവേണ്ടിയുള്ള തന്റെ കുപ്രസിദ്ധമായ പദ്ധതിക്ക് തുടക്കമിടുമ്പോൾ ലിസ് ട്രസ്സിന് ഈ അനുകൂലഘടകം ഉണ്ടായിരുന്നില്ല.

നിലവിൽ അമേരിക്കയിൽ ക്ഷേമ ചെലവഴിക്കലുകളുടെ കാര്യത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ വെട്ടിക്കുറയ്ക്കൽ മെട്രോപൊളിറ്റൻ മുതലാളിത്ത ലോകത്തിലാകമാനം സമാനമായ വെട്ടിക്കുറയ്ക്കൽ നടപ്പാക്കിക്കൊണ്ട് ഉടൻ തന്നെ അനുകരിക്കാൻ പോകുകയാണ്. ഈ വർഷം ജൂൺ 24–25 തീയതികളിലായി ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ നാറ്റോയിലെ എല്ലാ അംഗരാജ്യങ്ങളുടെയും സെെനിക ചെലവഴിക്കൽ 2035 ഓടുകൂടി ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്തുവാനുള്ള തീരുമാനം കെെക്കൊള്ളുകയുണ്ടായി. നിലവിലെ സെെനിക ചെലവഴിക്കൽ ജിഡിപിയുടെ ഏതാണ്ട് 2 ശതമാനവും ഒട്ടേറെ രാജ്യങ്ങളിൽ അതിലും താഴെയുമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാറ്റോ രാജ്യങ്ങൾ, പ്രത്യേകിച്ചും യൂറോപ്പിലെ നാറ്റോ രാജ്യങ്ങൾ ഒരു ദശകത്തിനകത്ത് 2 ശതമാനത്തിൽനിന്നും തങ്ങളുടെ ജിഡിപിയുടെ 5 ശതമാനത്തിലേക്ക് സെെനിക ചെലവഴിക്കൽ വർധിപ്പിക്കാൻ പദ്ധതിയിടുകയാണ്.

നിലവിൽ, മറ്റു രാജ്യങ്ങളുടെ കറൻസികളെ അമേരിക്കൻ ഡോളറുമായി താരതമ്യപ്പെടുത്താനാവില്ല; അതുകൊണ്ടാണ് ആഗോളവത്കൃത ധനമൂലധനത്തിന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായി ഈ രാജ്യങ്ങൾക്ക് ജിഡിപിക്ക് ആപേക്ഷികമായി തങ്ങളുടെ ധനക്കമ്മി ഉയർത്താൻ കഴിയാത്തത്. കൂടാതെ, യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ എന്ന നിലയിൽ മിക്ക യൂറോപ്യൻ നാറ്റോ രാജ്യങ്ങൾക്കും തങ്ങളുടെ ജിഡിപിയുടെ 3 ശതമാനത്തിനുമുകളിൽ ധനക്കമ്മി ഉയർത്താൻ പാടില്ലായെന്ന നിയമപരമായ നിബന്ധനയുമുണ്ട്; എന്തു തന്നെയായാലും ഇപ്പോൾ ഈ നില അവിടെയുണ്ട്. സമ്പന്നർക്ക് നികുതിചുമത്തുകയെന്നത് അസാധ്യമായിരിക്കെ, ധനമൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് വീണ്ടും വിധേയപ്പെട്ടുകൊണ്ട് ഇൗ രാജ്യങ്ങൾ സെെനിക ചെലവഴിക്കലിലെ വർധനവ് അവിടങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ചെലവിലായിരിക്കും നടത്തുക; അത് തൊഴിലാളികൾക്കുമേൽ ഉയർന്ന നികുതി ചുമത്തുകയോ ക്ഷേമ ചെലവഴിക്കലുകൾ വെട്ടിച്ചുരുക്കുകയോ ചെയ്തുകൊണ്ടാവാം.

ഈ രണ്ട് ബദൽ മാർഗങ്ങളും തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ ഒരു തകർച്ച അനിവാര്യമായും ഉണ്ടാക്കുമെന്നതുകൊണ്ടുതന്നെ ഏതു മാർഗമാണ് സ്വീകരിക്കുക എന്നതൊരു വിഷയമല്ല; എന്നിരുന്നാലും, തൊഴിലാളികളുടെ മേലുള്ള ഭാരം വർധിപ്പിക്കുന്നതിനുള്ള ഈ രണ്ടു ബദൽ മാർഗങ്ങളിൽ, നിശ്ചയമായും ക്ഷേമചെലവഴിക്കലുകൾ വെട്ടിക്കുറയ്ക്കലാണ് കൂടുതൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നത്.

തൊഴിലാളികൾക്കുമേൽ ഇപ്പറയുന്ന ജിഡിപിയുടെ 3 ശതമാനം അധികഭാരം കൂടി ചുമത്തുകയെന്നത് ഏറ്റവും വലിയ അടിച്ചേൽപ്പിക്കൽ തന്നെയാണ്. ചുരുക്കത്തിൽ, കൊട്ടിഘോഷിക്കപ്പെട്ട ‘‘ക്ഷേമ മുതലാളിത്ത’’ത്തിന്റെ നാളുകൾ ഔദ്യോഗികമായി അവസാനിച്ചുകഴിഞ്ഞുവെങ്കിലും, ലോകം ‘‘ഇരപിടിയൻ മുതലാളിത്ത’’ ത്തിന്റെ നാളുകളിലേക്ക് തിരിച്ചുപോകുകയാണ് എന്ന വ്യക്തമായ മുന്നറിയിപ്പു നൽകുകയാണ് നാറ്റോ രാജ്യങ്ങൾ ചെയ്തത്.

എന്തുകൊണ്ടാണ് നാറ്റോ രാജ്യങ്ങൾ അവരുടെ സെെനിക ചെലവഴിക്കലുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചത്? തീർച്ചയായും, പാശ്ചാത്യയൂറോപ്പിന് റഷ്യൻ ഭീഷണിയുണ്ടാ
യേക്കാവുന്ന സ്ഥിതിയുണ്ട് എന്നുപറയപ്പെടുന്നു. എന്നാൽ, ശീതയുദ്ധത്തെ ന്യായീകരിക്കുന്നതിനുവേണ്ടി എടുത്തുകാണിച്ച ഇപ്പറയുന്ന സോവിയറ്റ് ഭീഷണിയുടെ പ്രതാപകാലത്തുപോലും, ഇത്തരത്തിൽ ഉയർന്ന തോതിലുള്ള സെെനിക ചെലവഴിക്കലുകൾ ഒരിക്കലും കണ്ടിട്ടില്ല. കൂടാതെ, റഷ്യയുടെ ഇന്നത്തെ വാർഷിക സെെനിക ചെലവഴിക്കൽപോലും യൂറോപ്യൻ നാറ്റോ രാജ്യങ്ങളുടെ മാത്രം– അമേരിക്കയെ മാറ്റിനിർത്തിക്കൊണ്ടാണ് നോക്കുന്നത് എന്നോർക്കണം–മൊത്തം വാർഷിക സെെനിക ചെലവഴിക്കലിന്റെ മൂന്നിലൊന്നിൽ താഴെയാണ്. അതായത്, റഷ്യൻ ഭീഷണിയെന്നത് കേവലമൊരു കപടതന്ത്രമാണ‍്. നാറ്റോ രാജ്യങ്ങൾ സ്വയം ഏറ്റെടുത്തിട്ടുള്ള വൻതോതിലുള്ള ഈ ഉയർന്ന സെെനിക ചെലവഴിക്കൽ, തകർന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വക്രമത്തെ വെല്ലുവിളിക്കാൻ സാധ്യതയുള്ളതെന്നു കണക്കാക്കപ്പെടുന്ന രാജ്യങ്ങൾക്കെല്ലാമെതിരെ സേനയെ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യത്വക്രമത്തെ സംരക്ഷിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതമാണ്. ഇറാനുനേരെ നടത്തിയ ബോംബാക്രമണം ഈ ആഗ്രഹത്താൽ പ്രചോദിതമായിരുന്നു; ഇത്തരം കടന്നാക്രമണത്തിന്റേതായ നിരവധി സംഭവങ്ങൾക്ക് വരും വർഷങ്ങളിൽ നമ്മൾ സാക്ഷ്യംവഹിക്കാൻ പോകുകയുമാണ്.

ഇത്തരം കടന്നാക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് തങ്ങൾ ഇതുവരെ അനുഭവിച്ചിരുന്ന ക്ഷേമനടപടികളെല്ലാംതന്നെ ത്യജിക്കുവാൻ വികസിതരാജ്യങ്ങളിലെ തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്. ലോകത്തെയാകെ ഒരു വൻദുരന്തത്തിലേക്ക് തള്ളിവിടുവാനുള്ള പരിപൂർണ്ണ ശേഷിയുണ്ട് എന്നതുകൊണ്ടുതന്നെ തകർന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വമെന്നത് അങ്ങേയറ്റം അപകടകരമാണ്. ഇറാന്റെ ആണവനിലയങ്ങൾക്കുനേരെ ബോംബാക്രമണം നടത്തുമ്പോൾകണ്ട കൂസലില്ലായ്മ സാക്ഷ്യപ്പെടുത്തുന്നത് അതാണ്. അതുകൊണ്ടുതന്നെ ഈ സാമ്രാജ്യത്വ കൂസലില്ലായ്മയെ ചെറുക്കുന്നതിന് ലോകത്താകമാനമുള്ള ജനങ്ങളുടെ ബോധത്തെ ഉണർത്തുകയെന്നത് തീർച്ചയായും അനിവാര്യമായിത്തീരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular