1992 വരെ വാണിജ്യാവശ്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു എന്നതും ദേശസുരക്ഷക്ക് മാത്രമായി ഉപയോഗിക്കപ്പെട്ട അത്, സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിവന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്നതേയുള്ളൂ എന്നതും അവിശ്വസനീയമാണ് ഇപ്പോൾ പലർക്കും.
ഫെയ്സ്ബുക്ക് 2004 ലും യൂട്യൂബ് 2005 ലും ട്വിറ്റർ 2006 ലും മാത്രമാണ് ലോഞ്ച് ചെയ്തത് എന്ന കാര്യവും പലരുടെയും ഓർമ്മകളിലില്ല എന്നതാണ് വാസ്തവം.
ഇന്റർനെറ്റ് സൗകര്യം വ്യാപകമാവുകയും മീഡിയയും കമ്പ്യൂട്ടിങ്ങും ടെലിക്കോമും തമ്മിലുള്ള ഉദ്ഗ്രഥനം സാധിതമാവുകയും ചെയ്തപ്പോൾ അത് ഒരനന്ത സാധ്യതയായിത്തോന്നിയത് സ്വാഭാവികം.
ഇനി സെൻസർഷിപ്പിന്റെ തലവേദനയില്ല, ഭീതിയേതുമില്ലാതെ ഏവർക്കും പറയാനുള്ളത് പറയാനുള്ള അവസരമായിക്കഴിഞ്ഞു എന്നായിരുന്നു പലരുടെയും ധാരണ.
ടെക്നോഫിലിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന അക്കൂട്ടർ പറഞ്ഞതിൽ ചില ശരികളുമുണ്ടായിരുന്നു. ചുരുങ്ങിയ ഒരു കാലം കൊണ്ട് ഇന്റർനെറ്റ് സൗകര്യം വളരെ വ്യാപകമായാണ് ജനങ്ങൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.
2005ൽ അമേരിക്കക്കാരിൽ 5 ശതമാനം മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടപെട്ടതെങ്കിൽ, 2011 ആവുന്നതോടെ അത് 50% വും 2020 ൽ 76 % വുമായി ഉയരുന്നുണ്ട്. ഇതേ വർഷം ലോകത്താകെ 450 കോടി മനുഷ്യർ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നു. 380 കോടി മനുഷ്യർ ഏതെങ്കിലും ഒരു സാമൂഹിക മാധ്യമത്തിലെങ്കിലും ഇടപെടുകയും ചെയ്തിരുന്നത്.
അന്ന് 8,952 ട്വീറ്റുകളാണ് ഒരു സെക്കൻഡിൽ മനുഷ്യർ നടത്തിയിരുന്നത്. 83,831 വീഡിയോകളാണ് ആ ഒരു സെക്കന്റിൽ അപ് ലോഡ് ചെയ്തത്. ഓരോ മിനിറ്റിലും 3,17,000 സ്റ്റാറ്റസ് അപ്ഡേഷനുകളും നടന്നു.
1982ൽ ആ വർഷത്തെ പ്രമുഖ വ്യക്തി (Person of the year) ആയി “കമ്പ്യൂട്ടറി’നെ തെരഞ്ഞെടുത്ത ടൈംസ്, You വിനാണ് 2006ൽ ആ പദവി ചാർത്തിക്കൊടുത്തത്. ഇന്റർനെറ്റിന്റെ വ്യാപക പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണത്.
“യൂ’ എന്നുപറഞ്ഞാൽ ഇന്റർനെറ്റ് ഉപയോഗം വഴി ഇഷ്ടംപോലെ ഡാറ്റകൾ സൈബർ ലോകത്തേക്ക് എത്തിച്ചു കൊണ്ടിരുന്ന നിങ്ങൾ (You) തന്നെ!
ഇങ്ങനെ നിങ്ങളും ഞാനും നമ്മളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, ഓരോ ഇടപാടുകാരനും, അയാളുടെ ട്വീറ്റും പോസ്റ്റും, വിൽപ്പനച്ചരക്കായി മാറുകയായിരുന്നു. നിങ്ങൾ എഴുതി മുഴുമിപ്പിക്കാത്തതോ ഡിലീറ്റ് ചെയ്തതോ ആയ കുറിപ്പുകളെയും ചാറ്റുകളെയും പോലും നിർധാരണം ചെയ്ത്, നിങ്ങളുടെ അഭിരുചിയെയും നിങ്ങളുടെ സ്വഭാവ സവിശേഷതകളെയും, പ്ലസ് പോയന്റുകളെയും പെർവേർഷനുകളെയും എല്ലാം നിരീക്ഷിക്കുന്ന ചാരക്കണ്ണുകളാണ് ഈ പ്ലാറ്റ്ഫോമുകളുടേത്. നമ്മൾ അവശേഷിപ്പിക്കുന്ന ഡാറ്റ അവർക്ക് വിൽപ്പനച്ചരക്കാണ്.
അതുകൊണ്ടാണ് ഗഫാം (GAFAM) എന്നു വിളിക്കപ്പെടുന്ന ഭീമൻ കുത്തകകളുടെ, (ഗൂഗിൾ, ആപ്പിൾ, ഫെയ്സ് ബുക്ക്, ആമസോൺ,മൈക്രോ സോഫ്റ്റ് എന്നീ കമ്പനികളുടെ) ആസ്തി 5 ട്രില്യൺ ഡോളറായി പെട്ടെന്ന് കുതിച്ചുയർന്നത്. രൂപയിലാക്കിയാൽ 435 ലക്ഷം കോടി വരും ഇത്.
ഈയിടെതന്റെ അഞ്ചാമത്തെ കല്യാണത്തിന് കോടികൾ പൊടിപൊടിച്ച ആമസോൺ മുതലാളി ജെഫ് ബെസോസിന്റെ ഒരു മണിക്കൂർ നേരത്തെ വരുമാനം എത്രയാണെന്ന് കണക്കുകൂട്ടി പറയുന്നുണ്ട് ഹിലാരി ഹോഫോവർ. (ബിസിനസ് ഇൻസൈഡർ 9.1.2019 ” We did the math to Calculate how much money Jeff Bezos makes in a year,month, week ,day, hour, minute and second).
89,61,187 മില്യൺ ഡോളർ വരുമത്രെ അത്. ആ ഒരു മണിക്കൂർ നേരത്തെ വരുമാനമുണ്ടാക്കാൻ ആമസോണിലെ തൊഴിലാളി എത്ര കാലം പണിയെടുക്കണം എന്നതാണ് അവർ കണക്കുകൂട്ടിപ്പറഞ്ഞത്.
28,466 ഡോളർ പ്രതിവർഷ ശരാശരിവരുമാനമുള്ള ആമസോൺ തൊഴിലാളി കളുടെ 315 വർഷത്തെ ആദായത്തിനു തുല്യമാണ് ബെസോസിന്റെ ഒരു മണിക്കൂർ വരുമാനമത്രെ!
ഫെയ്സ്ബുക്കിന്റെ സുക്കർബർഗിന്റെയും മൈക്രോസോഫ്റ്റിന്റെ ബിൽ ഗെയ്റ്റ്സിന്റെയും ആസ്തി ആഫ്രിക്കൻ വൻകരയുടെ ആകെ ജിഡിപിയുടെ പാതിയിലും ഏറുമത്രെ! ഇങ്ങനെ വൻകിട കുത്തകകളുടെ ലാഭം പെരുകത്തക്ക നിലയിലേക്ക് ആളുകളെ ആകർഷിപ്പിച്ച്, അവരെ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ അടിമക (addicts) ളാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്തവർ തന്നെ സ്വന്തം നടപടികളുടെ പേരിൽ കുമ്പസാരം നടത്തിയിട്ടുണ്ട്. ലൈക്ക് ബട്ടൻ കണ്ടെത്തിയ ജസ്റ്റിൻ റോസൻസ്റ്റീൻ അതിൽപ്പെടും.
ഇമ്മാതിരി അഡിക്ഷന് വിധേയരായി ആത്മ ശൈഥില്യം വന്നുപെടുന്ന മനുഷ്യരായി മാറാതെ, സ്വയം അണുവൽക്കരണത്തിനും ആത്മരതിക്കും വഴങ്ങാതെ, പൊരുതി നിൽക്കുകയാ ണ് വേണ്ടത് എന്ന ആശയം ബെഞ്ചമിൻ ഫോങ്ങിനെപ്പോലുള്ളവർ മുന്നോട്ടുവെക്കുകയുണ്ടായി. ലോഗ് ഓഫ് എന്നായിരുന്നു ആ നിസ്സഹകരണ സമരത്തിനെ അദ്ദേഹം പേർ ചൊല്ലി വിളിച്ചത്. സാമൂഹിക മാധ്യമങ്ങൾ പൂട്ടിക്കെട്ടി പുറത്ത് പോവൂ എന്നു തന്നെയായിരുന്നു ആഹ്വാനം.
എന്നാൽ ഇതിനു മറുപടിയായി മീഗൻ ഡേ, ജേക്കബൈൻ മാസികയിൽ പ്രസിദ്ധപ്പെടു ത്തിയ ലേഖനത്തിന്റെ തലക്കെട്ട് ദൗർഭാഗ്യവശാൽ ഞങ്ങൾക്ക് കെട്ടിപ്പൂട്ടിപ്പോവാനാവില്ല (unfortunately we cant log off) എന്നാണ്.
സോഷ്യൽ മീഡിയയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ താൻ ഒരുപക്ഷേ സോഷ്യലിസ്റ്റേ ആവുമായിരുന്നില്ല എന്ന് അവർ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.
ഈ പ്ലാറ്റ്ഫോം മുഴുവനായി അത്യതിസമ്പന്നർക്ക് വിട്ടുകൊടുക്കണമോ അതോ അതിന്റെ പരിമിതികൾ മനസ്സിലാക്കി അതിൽ ഇടപെടണമോ എന്നതാണ് അവർ ഉന്നയിക്കുന്ന ചോദ്യം. അമേരിക്കയിലെ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളുടെ പ്രാപ്യത നന്നേ കുറഞ്ഞ ഒരു കാലത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് അവർ ഉറപ്പിച്ചു പറയുന്നു.
റാഡിക്കൽ അമേരിക്കയുടെ വരിസംഖ്യ വെറും 4100ഉം മന്ത്ലി റിവ്യൂവിന്റേത് കേവലം 10000വും ആയിരിക്കെ ടൈംസിന് 40 ലക്ഷം വരിക്കാരാണുള്ളത് എന്നത് ഇതോട് കൂട്ടിവായിക്കാം. പുരോഗമനാശയങ്ങൾ വേണ്ടുംവിധം പ്രചരിപ്പിക്കാനാവാതെ വരുമ്പോൾ പ്രതിലോമാശയങ്ങൾ ഡീപ്പ് ഫെയ്ക്കുകളിലൂടെ പടർന്ന് കയറുകയാണ്.
അത്തരമൊരു കാലത്ത് ഉടമ വർഗത്തിന്റെ ആക്രമണം തൊഴിലിടങ്ങളിലാകെ വ്യാപിക്കുകയാണ്. ഇന്റർനെറ്റ് ഉപഭോക്താക്കളെ ചാര ചക്ഷുസ്സ് വഴി നിരീക്ഷണ വിധേയരാക്കുന്ന ആധുനിക മുതലാളിത്തം, ഫോർഡിസ്റ്റ് -ടെയ്ലറിസ്റ്റ് രീതികളൊക്കെ മാറ്റിക്കൊണ്ട് നടത്തുന്ന പുതിയ സർവൈലൻസിന്റെ അതിഭീകരമായ കഥകളാണ് പുറത്തു വരുന്നത്.
2015 മെയ് 6 ന് ടെക്നിക്ക റിപ്പോർട്ട് ചെയ്ത ഒരു പിരിച്ചുവിടൽ കഥ കേൾക്കൂ. തങ്ങളെ ട്രാക്ക് ചെയ്യാനുതകുന്ന ഒരു ആപ്പ് അവരവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ മുഴുവൻ ജീവനക്കാർക്കും കൽപ്പന നൽകിയ ഒരു കമ്പനിയിലാണ് പിരിച്ചുവിടൽ. ജോലി സമയം കഴിഞ്ഞും തന്നെ സദാ പിന്തുടരുന്ന ആ ആപ്പ് ഡിലീറ്റ് ചെയ്തതാണ് പുറത്താക്കപ്പെട്ട വനിതാ ജീവനക്കാരി ചെയ്ത കുറ്റം.
2016ൽത്തന്നെ നടന്ന മറ്റൊരു സംഭവം ഒരു പത്രസ്ഥാപനത്തിലേതാണ്. ജനുവരി 11 ന് ഡെയ്ലി ടെലഗ്രാഫിലെ പത്രപ്രവർത്തകർ ആപ്പീസിലെത്തിയപ്പോൾ കാണുന്നത് ഡസ്കിനുകീഴിൽ ഘടിപ്പിച്ചുവെച്ച പുതിയ ഇലക്ട്രോണിക് ഉപകരണമാണ്. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി, എനർജി എഫിഷ്യൻസി ഡാറ്റ കണക്കാക്കാനുള്ള ഉപകരണമാണത് എന്നാണ്. എന്നാൽ അത് ഒരു ഓട്ടമേറ്റഡ് വർക്ക് സ്പേസ് യൂട്ടിലൈസേഷൻ അനാലിസിസ് ഉപകരണമായിരുന്നു. ജീവനക്കാരുടെ ചലനങ്ങൾ രേഖപ്പെടുത്താനുള്ള യന്ത്രം. പത്രജീവനക്കാർ അതിനെ പുറത്തേക്കെത്തിച്ചു എന്നത് വേറെകാര്യം.
ഹാരി ബ്രാവർമാൻ വർഷങ്ങൾക്കുമുമ്പ് ചൂണ്ടിക്കാണിച്ച അനാവശ്യ ചലന നിയന്ത്രണത്തിനുള്ള കൈനറ്റോ മാനോമീറ്റർ പോലുള്ള യന്ത്രം! അന്നത് തൊഴിലാളികളുടെ കൈയിലും കാലിലും ഘടിപ്പിച്ചതാണെങ്കിൽ, ഇപ്പോൾ ആധുനിക കാലത്തിന് ഇണങ്ങും വിധം അതിന്റെ പരിഷ്കരിച്ച പതിപ്പാണ്, സർവൈലൻസാണ് ഉടമകൾ പ്രയോഗിക്കുന്നത്.
തൊഴിലിന്റെ ഊബറൈസേഷൻ സാർവത്രികമാവുകയും വൈദ്യ ശുശ്രൂഷയടക്കം ഗിഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് പണിയെടുക്കുന്നവർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ആഗോള മൂലധനം നടത്തുന്ന അപ്രഖ്യാപിത യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും സാധ്യമല്ലാത്ത ഒരു കാലമാണ് നമ്മുടേത്. അതിൽ ഇരകളാക്കപ്പെടുന്ന മുഴുവൻ മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ടല്ലാതെ, ആർക്കുമാർക്കും രക്ഷയില്ലതാനും.l



