Monday, May 25, 2026

ad

Homeകവര്‍സ്റ്റോറികരിയർ ബ്രേക്കായ 
സ്ത്രീകളുടെ പ്രശ്നങ്ങൾ

കരിയർ ബ്രേക്കായ 
സ്ത്രീകളുടെ പ്രശ്നങ്ങൾ

സമത്വത്തിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. സമൂഹത്തിന്റെ മനോഭാവമാണ് അതിന് പ്രധാന കാരണം. അലിഖിതമായ കടമകള്‍ സ്ത്രീകളുടെ രണ്ടാംതരം പൗരത്വത്തെ ഊട്ടിയുറപ്പിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തില്‍നിന്ന് അതവരെ അകറ്റിനിര്‍ത്തുന്നു. ഇത് പ്രകടമാവുന്ന നിരവധി മേഖലകളില്‍ ഒന്നാണ് തൊഴില്‍.

തൊഴിലില്ലായ്മ ആഗോളതലത്തില്‍ നിലനില്‍ക്കുന്നൊരു പ്രശ്‌നമാണ്. കേരളത്തെ സംബന്ധിച്ച്, അഭ്യസ്തവിദ്യരുടെ ഉയര്‍ന്ന തോതും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ദൗര്‍ലഭ്യവും തൊഴിലില്ലായ്മയ്ക്ക് കാരണമാണ്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരില്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് എന്നത് ഇത്തരം തൊഴിലില്ലായ്മയില്‍ സ്ത്രീയുടെ തോത് വര്‍ധിപ്പിക്കുന്നു.

ഈ പ്രശ്‌നം ശാസ്ത്രീയമായി അഭിസംബോധന ചെയ്യുകയാണ് കേരളസര്‍ക്കാര്‍. അഭ്യസ്തവിദ്യരായവര്‍ക്ക് 2026 നുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ലോകത്താകമാനം തൊഴില്‍ രംഗത്തുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു വൈജ്ഞാനിക തൊഴില്‍സമൂഹം സൃഷ്ടിക്കുക എന്നതാണ് നോളജ് ഇക്കണോമി മിഷന്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരിലധികവും വനിതകളാണെന്നിരിക്കെ, അഭ്യസ്തവിദ്യരും തൊഴിലന്വേഷകരുമായ സ്-ത്രീകളെ തൊഴില്‍ സജ്ജരാക്കാന്‍ വിഭാവനം ചെയ്ത പ്രത്യേക പദ്ധതിയാണ് ‘തൊഴിലരങ്ങത്തേക്ക്’.

പ്രവർത്തനഘട്ടത്തിൽ ബോധ്യപ്പെട്ട ഒരു കാര്യം, ജോലി ലഭിച്ചിട്ടും പോകാന്‍ കഴിയാത്തവരും ജോലി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവരുമായ അഞ്ചുലക്ഷത്തോളം സ്ത്രീകളുണ്ട് എന്നതാണ്. ഇതിനുകാരണം എന്തെന്ന് മനസ്സിലാക്കാനുള്ള അന്വേഷണമെന്ന നിലയിൽ ഒരു പഠനം മിഷൻ നടത്തിയിരുന്നു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രതികൂലമായ സമീപനം ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തൊഴില്‍ ചെയ്യാന്‍ സ്ത്രീകള്‍ തല്‍പ്പരരാണെന്നും ഈ പഠനറിപ്പോര്‍ട്ട് തെളിയിക്കുന്നു.

കരിയര്‍ ബ്രേക്കിന്റെ കാരണങ്ങളായി സർവേയിൽ കണ്ടെത്തിയ കാരണങ്ങൾ പ്രധാനമായും ഇനിപറയുന്നവയാണ്:

1. കുറഞ്ഞ വേതനം
2. കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടതിനാല്‍
3. യാത്രാസൗകര്യമില്ലായ്മ
4. ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലായ്മ
5. ജോലിയില്‍ തുടരാന്‍ അനുവാദമില്ല
6. വിവാഹശേഷം പുതിയ താമസസ്ഥലവും ജോലി സ്ഥലവുമായുള്ള ദൂരം

സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും ജോലി ഉപേക്ഷിക്കേണ്ടിവന്നതിന്റെ കാരണമായി പറഞ്ഞത് കുട്ടികളെയോ പ്രായമായ കുടുംബാംഗങ്ങളെയോ പരിചരിക്കേണ്ടതുണ്ട് എന്നതാണ്.

വിവാഹവും വിവാഹം കാരണം സ്ഥലംമാറിപ്പോകേണ്ടിവന്നതുമാണ് മറ്റൊരു കാരണം. കുറഞ്ഞ വേതനം, കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് തുടങ്ങിയവയാണ് കരിയര്‍ ഉപേക്ഷിക്കാനുള്ള മറ്റ് കാരണങ്ങളായി കണ്ടെത്തിയത്.

തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി പറഞ്ഞത് 96.5 ശതമാനംപേരാണ്, 79.1 ശതമാനം പേർ കരിയര്‍ പുനരാരംഭിക്കാന്‍ പിന്തുണ ആവശ്യമുള്ളവരാണ്.

സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേര്‍ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ പരിശീലനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതില്‍ 50 ശതമാനം പേർ തിരഞ്ഞെടുത്തത് തൊഴില്‍ അധിഷ്ഠിത നൈപുണി പരിശീലനമാണ്. 15 ശതമാനം സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് ആവശ്യപ്പെടുമ്പോള്‍ കരിയര്‍ കൗണ്‍സിലിങ് പിന്തുണ ആവശ്യപ്പെട്ടത് 10% തൊഴിലന്വേഷകരാണ്.

കരിയര്‍ ബ്രേക്ക് സംഭവിച്ച തൊഴിലന്വേഷകര്‍ കൂടുതലും 25-നും 40-നും ഇടയിലുള്ള പ്രായവിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതില്‍ത്തന്നെ 30-34 പ്രായപരിധിയിലുള്ളവരാണ് കൂടുതല്‍. വിവാഹശേഷമോ കുഞ്ഞ് ജനിച്ചതിനുശേഷമോ ജോലി ഉപേക്ഷിച്ചതാകാം ഇതിന് കാരണം.

കുട്ടികളെയും പ്രായമായ ബന്ധുക്കളെയും പരിചരിക്കേണ്ടിവരുന്നതാണ് കരിയര്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് പ്രതികരിച്ചവരില്‍ ഭൂരിഭാഗവും പരാമര്‍ശിച്ചതിനാല്‍ കരിയര്‍ ബ്രേക്കിനുള്ള കാരണങ്ങള്‍ ആദ്യകണ്ടെത്തലിനെ സാധൂകരിക്കുന്നു. വിവാഹശേഷം താമസം മാറേണ്ടിവരുന്നതും ജോലിസ്ഥലത്തുനിന്നും പുതിയ താമസസ്ഥലത്തേക്കുള്ള ദൂരവും മറ്റൊരു കാരണമാണ്.

കരിയര്‍ ബ്രേക്ക് വന്നവരില്‍ 97 ശതമാനം സ്ത്രീകളും കരിയര്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുകയും അതിനായി പിന്തുണ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ജോലിയില്‍ തിരിച്ചെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരില്‍ വലിയൊരു വിഭാഗം തങ്ങള്‍ക്ക് തൊഴില്‍വൈദഗ്ധ്യപരിശീലനം ആവശ്യമാണെന്ന് കരുതുന്നു.

നമ്മുടെ സമൂഹം വീട്ടുജോലികളുടെയും പരിചരണത്തിന്റെയും മുഴുവന്‍ ഉത്തരവാദിത്തവും സ്ത്രീകള്‍ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വേതനം കൈപ്പറ്റുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാനുള്ള സ്ത്രീകളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍ എസ് ഒ) 2019ലെ കണക്കു പ്രകാരം, സ്ത്രീകള്‍ ദിവസേന 7 മണിക്കൂറിലധികം ശമ്പളമില്ലാത്ത വീട്ടുജോലികള്‍, കുട്ടികളുടെ പരിചരണം, പ്രായമായവരെ പരിപാലിക്കല്‍ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ട്. അതേസമയം പുരുഷന്മാര്‍ സ്ത്രീകള്‍ ചെലവഴിക്കുന്നതിന്റെ പകുതിയില്‍ താഴെ സമയം മാത്രമേ അത്തരം ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ അനുപാതം 52.3 ശതമാനവും ആണ്‍കുട്ടികളുടേത് 34.5 ശതമാനവുമാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്തം പരിഗണിക്കുമ്പോള്‍, പുരുഷന്മാരുടേത് 55.6 ശതമാനമായി ഉയരുകയും സ്ത്രീകളുടേത് 20.4 ശതമാനമായി താഴുകയുമാണ് ചെയ്യുന്നത്. വിദ്യാസമ്പന്നരായ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.9 ശതമാനം മാത്രമാണെങ്കില്‍ സ്ത്രീകളുടേത് 17 ശതമാനമാണ്. ബിരുദാനന്തര ബിരുദധാരികളായ പുരുഷന്മാരില്‍ 6.6 ശതമാനം മാത്രമേ തൊഴില്‍രഹിതരായിട്ടുള്ളൂ. എന്നാല്‍ ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകളില്‍ 34 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണ്. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിന് ഈ അസമത്വം പരിഹരിക്കേണ്ടതുണ്ട്.

മുതിര്‍ന്ന പൗരരുടെ (60 വയസും അതിനുമുകളിലും) അനുപാതം 2036 ആകുമ്പോഴേക്കും 13% (2011 സെന്‍സസ്) എന്നതില്‍ നിന്ന് 23% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴേക്കും സംസ്ഥാനത്തെ അഞ്ചിലൊരാള്‍ മുതിര്‍ന്ന പൗരരായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് (എസ് ഇരുദയ രാജന്‍, ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, കേരള). പല ജീവിതസാഹചര്യങ്ങളാല്‍ മുതിര്‍ന്നവരുടെ പരിചരണം സ്ത്രീകള്‍ ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ സ്ത്രീകളുടെ കരിയര്‍ ബ്രേക്ക് തുടര്‍ക്കഥയാവും.

ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യപ്പെട്ടില്ലെങ്കില്‍ ഇത് സ്ത്രീകളുടെ പരിചരണ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നു. നോളജ് ഇക്കോണമിക്ക് സമാന്തരമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതും താങ്ങാനാവുന്നതുമായ ഒരു കെയര്‍ ഇക്കോണമി സിസ്റ്റം ആരംഭിക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രവും സുരക്ഷിതവുമായി, സാമ്പത്തികമായി ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായകമാവും. അതോടൊപ്പം സ്ത്രീകളെ വേതനരഹിത ഉത്തരവാദിത്തത്തില്‍ നിന്ന് മോചിപ്പിക്കുവാനും സാധിക്കും.

തൊഴില്‍രംഗത്തെ ലിംഗപരമായ അസമത്വം ലഘൂകരിക്കുന്നതിനും വിദ്യാസമ്പന്നരുടെ വിഭവശേഷി ഉറപ്പുവരുത്തുന്നതിനുമായി ബോധപൂര്‍വമായ ഇടപെടലുകള്‍ അനിവാര്യമാണ്. ഇതിനായി വീടിനുസമീപത്ത് ജോലിക്കുള്ള അവസരം, ശിശുസംരക്ഷണ സൗകര്യങ്ങള്‍, സുരക്ഷിതമായ ഗതാഗതം, വേതനത്തിലെ സ്ത്രീ–പുരുഷ അന്തരം ഇല്ലാതാക്കുക തുടങ്ങിയ സാഹചര്യങ്ങളും സൗകര്യങ്ങളും വ്യവസായ സംരംഭങ്ങളും ഒരുക്കുകയാണെങ്കില്‍ മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്താനാകും.

ഭൂരിഭാഗം സ്ത്രീകളും തൊഴില്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് പുറകോട്ടു വലിക്കുന്ന സാമൂഹികവും കുടുംബപരവുമായ കാരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ അവര്‍ക്ക് തൊഴിലില്‍ പ്രവേശിക്കാനും തുടരാനും കഴിയൂ. അവയൊന്നുംതന്നെ സ്ത്രീകള്‍ സൃഷ്ടിച്ച തടസ്സങ്ങളല്ല. ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ അതിന് അനുയോജ്യമായ തൊഴില്‍ സ്വപ്‌നം കണ്ടവര്‍ തന്നെയാണ് സ്ത്രീകള്‍. അവരുടെ സ്വപ്നത്തിന് തടസ്സമാകുന്ന ഘടകങ്ങള്‍ ഇല്ലാതാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം, സാമൂഹിക വികസനത്തിന് സ്ത്രീകളുടെ ശേഷി വിനിയോഗിക്കേണ്ടത് അനിവാര്യമാണ്. അതിനുതകുന്ന ഇടപെടലുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ നിന്ന് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 12 =

Most Popular