Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിസ്ത്രീകളുടെ തൊഴിലും തൊഴിലില്ലായ്മയും കേരളത്തിന്റെ കഴിഞ്ഞ 
മൂന്നുദശകങ്ങളുടെ അനുഭവം

സ്ത്രീകളുടെ തൊഴിലും തൊഴിലില്ലായ്മയും കേരളത്തിന്റെ കഴിഞ്ഞ 
മൂന്നുദശകങ്ങളുടെ അനുഭവം

താണ്ട് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍, പരിശീലനങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്ന സ്ത്രീ വികസനം സംബന്ധിച്ച ക്ലാസുകളില്‍ ആമുഖമായി പറഞ്ഞിരുന്ന ഒരു വാചകമുണ്ട്; സാമൂഹ്യക്ഷേമത്തിന്റെ കാര്യത്തിലും ജീവിത ഗുണനിലവാരത്തിന്റെ കാര്യത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ കാണുന്ന സ്ത്രീകളുടെ അദൃശ്യത വിരോധാഭാസവും ഒരു പ്രഹേളികയുമാണ്! ഈ അദൃശ്യതയില്‍ ഏറ്റവും നിര്‍ണ്ണായകം മെച്ചപ്പെട്ട വിദ്യാഭ്യാസമുണ്ടായിട്ടും സാമ്പത്തിക പ്രക്രിയയില്‍ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തമാണ്. ഇതിന്റെ കാരണങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തില്‍ അന്വേഷിക്കുമ്പോള്‍ മറ്റു കാരണങ്ങള്‍ക്കൊപ്പം മാമൂലുകളില്‍ തളച്ചിടപ്പെട്ട,തികച്ചും കാലഹരണപ്പെട്ട സ്ത്രീ–പുരുഷ ധര്‍മ്മ സങ്കല്‍പ്പങ്ങളുടെ സ്വാധീനവും കാണാന്‍ കഴിയും.

നമ്മുടെ നാട്ടില്‍ വീടിനകത്തും പുറത്തും ഇന്നും പ്രകടമായിത്തന്നെ കാണുന്ന സ്ത്രീ–പുരുഷ തൊഴില്‍ വിഭജനത്തിന്റെ വേരുകള്‍ സ്വകാര്യ സ്വത്തിന്റെ ഉത്ഭവവും അതിന്റെ ഭാഗമായി സംഭവിച്ച വര്‍ഗ സമൂഹത്തിന്റെ ഉദയവും വരെ നീണ്ടുകിടക്കുന്നതാണ്. വീടിനകവും പുറവും എന്ന് അദ്ധ്വാനത്തിന്റെ ഇടങ്ങള്‍ മാത്രമല്ല,സമൂഹം തന്നെ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ വീടിനോടു ചേര്‍ന്നുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, വീടുമായി ബന്ധപ്പെട്ട സ്വകാര്യ അദ്ധ്വാനത്തിന്റെ ഭാരവും മുഖ്യമായും സ്ത്രീകള്‍ ഏറ്റെടുക്കേണ്ട സ്ഥിതി സൃഷ്ടിക്കപ്പെട്ടു. വീടാണ് സ്ത്രീയുടെ പ്രഥമ പ്രവര്‍ത്തന മേഖല എന്ന രൂഢമൂലമായ വിശ്വാസം അലംഘനീയമായ സാമൂഹ്യ ക്രമംപോലെ പിന്തുടര്‍ന്നു വരുന്നതിന്റെ കൂടി ഫലമായിട്ടാണ് സാമൂഹ്യ പരിഷ്കരണവും നവോത്ഥാനവും സംഭവിച്ച സമൂഹമായിട്ടും കേരളത്തില്‍ സ്ത്രീയുടെ തൊഴില്‍ വാദിച്ചു സ്ഥാപിക്കേണ്ട അവകാശമായി അവശേഷിക്കുന്നത്.

ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ കേരളത്തില്‍ നാട്ടിൻപുറങ്ങളില്‍ ജാതി -ജന്മി നാടുവാഴിത്ത ശക്തികളുടെ മേല്‍ക്കോയ്മയ്ക്കുകീഴില്‍ പണിയെടുത്തിരുന്ന തൊഴില്‍ ശക്തിയുടെ ഭാഗമായ സ്ത്രീകള്‍ കൃഷിയില്‍ നേരിട്ട് പ്രധാന പങ്കുവഹിച്ചിരുന്നു. ജാതി ജന്മി മേധാവിത്വത്തിനെതിരായി നടന്ന കര്‍ഷക-–കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ വലിയ തോതില്‍ അണിനിരന്ന സ്ത്രീകളാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിലെ ആദ്യ പെണ്‍ പോരാളികളെന്നത് യാദൃച്ഛികമല്ല. തുടര്‍ന്ന്- ഗ്രാമീണ ഉത്പാദന മേഖലയില്‍ വ്യാവസായിക ഉത്പാദനത്തിന് തുടക്കംകുറിച്ച കയര്‍, കശുവണ്ടി,കൈത്തറി, മത്സ്യം, തേയിലത്തോട്ടങ്ങളും ഫാക്ടറികളും,കുടില്‍ വ്യവസായം എന്നിങ്ങനെയുള്ള തൊഴില്‍ മേഖലകളിലേക്കും സ്ത്രീകള്‍ ധാരാളമായി കടന്നുവന്നു. എന്നാല്‍ ഇങ്ങനെ സ്ത്രീകള്‍ കടന്നുവന്ന തൊഴിലുകളിലും രണ്ടു പ്രവണതകള്‍ വ്യക്തമായി കാണാം; ഒന്ന്, കൂലിയും സുരക്ഷിതത്വവും കുറഞ്ഞ അസംഘടിത മേഖലകളിലാണ് സ്ത്രീ തൊഴിലാളികള്‍ മുഖ്യമായും കേന്ദ്രീകരിച്ചത്. രണ്ട്, നേരത്തെതന്നെ വീടിനുപുറത്ത് പാടത്തും മണ്ണിലും പണിയെടുത്തിരുന്ന സമുദായങ്ങളില്‍പെട്ടവരും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്നവരുമായ സ്ത്രീകളും അവരുടെ കുടുംബങ്ങളും ദാരിദ്ര്യത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് തൊഴിലിനെ കണ്ടത്. അവര്‍ വീടിനകത്തും പുറത്തും വിവേചനങ്ങളും ചൂഷണവും നേരിട്ടുകൊണ്ടും നിരന്തരം പണിയെടുത്തുകൊണ്ടേയിരുന്നു. ജാതി ശ്രേണിയില്‍ ഉയര്‍ന്നതട്ടിലുള്ള കൃഷിക്കാരില്‍, സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്ന പുരുഷന്മാര്‍ ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ വളരെ കുറവായി മാത്രമേ ഈ സാമൂഹ്യ വിഭാഗങ്ങളില്‍നിന്ന് വീടിനുപുറത്ത് മണ്ണില്‍ പണിയെടുക്കാന്‍ തയാറായിരുന്നുള്ളൂ. അവര്‍ നിരന്തരം ചെയ്തിരുന്ന ഗാര്‍ഹികവൃത്തികളും വീടിനോട് ചേര്‍ന്നുള്ള പണികളും ഒരിക്കലും എവിടെയും കണക്കാക്കപ്പെട്ടുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കേരളത്തിലെ ഗ്രാമീണ ഉത്പാദന മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക ഘടന പൊതുവേ പരിശോധിച്ചാല്‍ കേരളത്തിന്റെ ഗ്രാമീണ തൊഴില്‍ ശക്തിയെ നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗവും ജാതിയും ലിംഗവും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാം.

സാമൂഹ്യ പരിഷ്കരണത്തിന്റെ ഊന്നലുകളില്‍ സാമൂഹ്യ നീതി ഉറപ്പാക്കുന്നതില്‍ ജാതി മത ലിംഗ ഭേദമില്ലാതെയുള്ള വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. സ്ത്രീ വിദ്യാഭ്യാസം പുരോഗതിയുടെ അടയാളമായി ഉയര്‍ത്തിക്കാട്ടപ്പെടുകയും പൊതുസമൂഹത്തില്‍ സ്ത്രീയുടെ ഇടം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മധ്യവര്‍ഗ വേദികളിലെങ്കിലും സ്ഥാനം നേടുകയും ചെയ്തു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ തൊഴിലന്വേഷകരായപ്പോള്‍ കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലാണ് പ്രധാനമായും ചുവടുറപ്പിച്ചത്. തൊഴിലിന്റെ മാന്യത സംബന്ധിച്ച് മധ്യവര്‍ഗത്തിന്റേതായി സൃഷ്ടിക്കപ്പെട്ട സങ്കല്പം സമൂഹത്തിന്റെ പൊതുബോധമായി എല്ലാ വിഭാഗം ആളുകളെയും സ്വാധീനിക്കുന്നത് ഈ കാലഘട്ടത്തില്‍ കാണാം. സ്ത്രീകളുടെ നൈസര്‍ഗ്ഗിക വാസനകള്‍ക്ക് അനുഗുണമെന്ന പിതൃമേധാവിത്വ സമ്മതിയാണ് അധ്യാപനത്തിനും നഴ്സിങ്ങിനും ഗുമസ്ത ജോലി അടക്കമുള്ള ഓഫീസ് കേന്ദ്രീകരിച്ച ജോലികള്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ സ്വാധീനം നേടിക്കൊടുത്തത്. അധ്യാപനവും നഴ്സിംഗും അടക്കമുള്ള സേവന മേഖലയിലേക്കുള്ള കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ കേന്ദ്രീകരണം എത്രയോ ദശകങ്ങള്‍ കഴിഞ്ഞിട്ടും തുടരുന്നുണ്ട്.

1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സാമൂഹ്യ നീതിയും നാടിന്റെ വികസനവും ലക്ഷ്യമാക്കി ആവിഷ്കരിച്ച ഇടതു വികസനത്തിന്റെ ബദല്‍ പാത പുതിയ കാലത്തേക്കുള്ള സ്ത്രീകളുടെ മാറ്റം ഉറപ്പാക്കി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച പൊതുബോധം മെച്ചപ്പെട്ടെങ്കിലും സ്ത്രീയുടെ തൊഴില്‍ സംബന്ധിച്ച സങ്കല്‍പ്പങ്ങളെ സ്വാധീനിച്ചത് സ്ത്രീ -പുരുഷ റോളുകളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുത്തിരുന്ന കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിയില്‍ വന്ന മുരടിപ്പ്, യന്ത്രവത്കരണം,കുടില്‍ വ്യവസായങ്ങളുടെ തകര്‍ച്ച തുടങ്ങി നിരവധി ഘടകങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ ഇടിച്ചുതാഴ്ത്തുന്ന പ്രവണത ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ രൂക്ഷമായി. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വന്ന ഐ ആര്‍ ഡി പി, DWCRA, മഹിളാ സമാജം തുടങ്ങിയവയിലൂടെയുള്ള വായ്പാ പദ്ധതികള്‍ പിന്തുണാ സംവിധാനങ്ങളുടെ അഭാവത്തില്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്ന സാഹചര്യം രാജ്യത്തുതന്നെ സൃഷ്ടിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍, താഴെത്തട്ടിലുള്ള ബഹുഭൂരിപക്ഷം സ്ത്രീ തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം വ്യാവസായിക വളര്‍ച്ചയുടെ ഫലമായി പരമ്പരാഗത തൊഴിലുകളില്‍ ഇടിവുവന്നതും , മെച്ചപ്പെട്ട തൊഴിലുകള്‍ തേടാനുള്ള അവരുടെ വൈദഗ്ധ്യക്കുറവും ഏറ്റവും കുറഞ്ഞ കൂലിക്ക് കിട്ടുന്ന പണിയെടുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. കൂലി വിവേചനം സ്ത്രീ തൊഴിലാളികളുടെ അന്തസ്സിനെത്തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ വ്യാപകമായി. വിദ്യാഭ്യാസമുള്ള സ്ത്രീകളാകട്ടെ, തൊഴിലിനെ സമീപിച്ചത് സ്ത്രീത്വത്തെക്കുറിച്ചുള്ള സമൂഹനിര്‍മ്മിതവും കാലഹരണപ്പെട്ടതുമായ അളവുകോലുകളില്‍ സ്വയം തളയ്ക്കപ്പെട്ടുകൊണ്ടാണ്. കേരള സമൂഹം വികസനത്തിന്റെ പുതു മേഖലകള്‍ കീഴടക്കുമ്പോഴും ആണ്‍കോയ്മയുടെയും യാഥാസ്ഥിതിക സാമൂഹ്യക്രമങ്ങളുടെയും ചൂണ്ടയില്‍ കൊരുക്കപ്പെട്ട സ്ത്രീകളുടെ ജീവിതത്തില്‍ 1996 നുശേഷമുള്ള മൂന്നു ദശകങ്ങള്‍കൊണ്ടുവന്ന മാറ്റം അത്-ഭുതാവഹമാണ്. ഈ മാറ്റങ്ങള്‍ക്കു ദിശാബോധവും ഊര്‍ജ്ജവും പകര്‍ന്നതില്‍ വികേന്ദ്രീകൃതാസൂത്രണത്തിനായി നടപ്പിലാക്കിയ ജനകീയാസൂത്രണവും ഇതിന്റെ ഭാഗമായിത്തന്നെ 1998ല്‍ ആരംഭിച്ച കുടുംബശ്രീയും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. 2016 ല്‍ ഇടതു പക്ഷ സര്‍ക്കാര്‍ രാജ്യത്തിനു തന്നെ വഴികാട്ടിയായി സ്ത്രീ വികസനത്തിന് ചരിത്രത്തില്‍ ഇന്നേവരേയില്ലാത്ത വിധം ഫണ്ടും പദ്ധതികളും വകയിരുത്തി. 2021 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ ഭരണം നവകേരള നിര്‍മ്മിതിക്കായുള്ള കുതിപ്പില്‍ സ്ത്രീ മുന്നേറ്റത്തിന് പുതിയ പാതകള്‍ വെട്ടിത്തുറന്നു.

ജനകീയാസൂത്രണം 
വികസനപ്രക്രിയയിലേക്കുള്ള പ്രവേശനം
വര്‍ദ്ധിച്ചു വരുന്ന ജീവിതാവശ്യങ്ങള്‍ക്കും വരുമാനം ഇല്ലായ്മ സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ക്കും സ്ത്രീവിരുദ്ധതയുടെ ആഘോഷമായിട്ടുള്ള പരിഗണനയില്ലാത്ത തൊഴിലിടങ്ങള്‍ക്കും വീടുകള്‍ക്കുള്ളില്‍ കിനാവള്ളി പോലെ ചുറ്റിവരിയുന്ന കാണാപ്പണികള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന സ്ത്രീ സമൂഹത്തെയാണ് ജനകീയാസൂത്രണം അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വികേന്ദ്രീകൃതാസൂത്രണത്തിനായുള്ള ജനകീയാസൂത്രണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യാദൃശ്യത കൈകാര്യം ചെയ്യാനുള്ള അര്‍ത്ഥവത്തും ഗൗരവമുള്ളതും രാജ്യത്ത് മറ്റൊരിടത്തും നടന്നിട്ടില്ലാത്തതുമായ ഇടപെടലുകള്‍ക്ക് അന്ന് തുടക്കംകുറിച്ചു. ജനകീയാസൂത്രണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ആസൂത്രണത്തിനായി ചേര്‍ന്ന ഗ്രാമ സഭകളില്‍ സ്ത്രീ പദവി വികസന ചര്‍ച്ചയുടെ ഭാഗമായി. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും പദവിയും വികസനാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന് നേതൃത്വം കൊടുത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അതിവിപുലമായ പരിശീലനങ്ങളിലൂടെയാണ് കടന്നുപോയത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം അവരുടെ ജീവിതത്തെ സ്വയംനിര്‍ണ്ണയിക്കുന്നതിനുള്ള മുഖ്യ ഉപാധിയാണെന്നും വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നേറിയിട്ടും പരാശ്രിതത്വം സ്ത്രീകളുടെ ആത്മവിശ്വാസക്കുറവിന് പ്രധാന കാരണമാകുന്നുവെന്നും എല്ലാ തലത്തിലും നടന്ന ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വ്യാപകമായി ചര്‍ച്ച ചെയ്ത വിഷയമാണ് സ്ത്രീകളുടെ തൊഴിലില്ലായ്മയും കുറഞ്ഞ തൊഴില്‍ പങ്കാളിത്തവും, ചില പ്രത്യേക തൊഴില്‍ മേഖലകളില്‍ മാത്രമുള്ള കേന്ദ്രീകരണവും.1991 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 15.84 ശതമാനം മാത്രമാണ്. കണക്കില്‍ കാണുന്ന ഈ കുറഞ്ഞ തൊഴില്‍ പങ്കാളിത്തത്തിന്റെ ഒരു കാരണം സ്ത്രീകള്‍ വീടുമായി ബന്ധപ്പെട്ട് ചെയ്യുന്ന ശുദ്ധ അടുക്കളപ്പണികള്‍ അല്ലാത്ത ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സെന്‍സസ് ചോദ്യങ്ങളുടെ പരിധിയില്‍ വരുന്നില്ല എന്നതു കൂടിയാണ്. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കണം എന്നത് മാത്രമല്ല, സ്ത്രീകള്‍ വീടിനകത്തും പുറത്തും ചെയ്യുന്ന അനേകം കാണാപ്പണികള്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടേണ്ടതുണ്ടെന്നും അവയ്ക്ക് മൂല്യമുണ്ടെന്നുമുള്ള ശക്തമായ സന്ദേശമാണ് ഗ്രാമസഭകളില്‍വരെ നടന്ന ഈ ചര്‍ച്ചകള്‍ നല്‍കിയത്.

സ്ത്രീകളുടെ തൊഴിലില്ലായ്മ 1991 ലെ സെന്‍സസ് അനുസരിച്ച് 25 ശതമാനമായിരുന്നു. കേരളത്തിലെ നഗര മേഖലയില്‍ പണിയെടുക്കാന്‍ കഴിവും സന്നദ്ധതയുമുള്ള സ്ത്രീകളില്‍ 34 ശതമാനം പേര്‍ക്കും പണിയില്ല എന്ന് സെന്‍സസ് (1991) കാണിക്കുന്നു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 54 ശതമാനം സ്ത്രീകളായിരുന്നു എന്നത് ദീര്‍ഘകാലമായി കേരളം നേരിടുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളുടെ രൂക്ഷമായ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ എടുത്തുകാട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ കുറഞ്ഞത്‌ 10 ശതമാനം, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് വകയിരുത്തണമെന്ന തീരുമാനം ജനകീയാസൂത്രണത്തില്‍ സ്വീകരിക്കപ്പെട്ടു. സ്ത്രീ വികസനത്തിനായുള്ള നയങ്ങളും പദ്ധതികളും രൂപീകരിക്കുമ്പോള്‍ സ്ത്രീപദവി മെച്ചപ്പെടുത്താന്‍ കഴിയുന്ന തന്ത്രപരവും പ്രായോഗികവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട് എന്ന ധാരണയാണ് വനിതാ ഘടക പദ്ധതി മുന്നോട്ടുവെച്ചത്. അന്നേവരെയുള്ള എട്ടു പഞ്ചവത്സര പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി വികസന പദ്ധതികളെ സ്ത്രീ പദവിയുമായി ബന്ധപ്പെടുത്തുന്ന സമീപനം ഒന്‍പതാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടു. എന്നുമാത്രമല്ല,ആസൂത്രണം മുതല്‍ നിര്‍വഹണവും നിരീക്ഷണവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും സ്ത്രീകളുടെ അര്‍ത്ഥപൂര്‍ണ്ണമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാന്‍ രാജ്യത്ത് ആദ്യത്തെ അവസരമൊരുക്കിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന്‌ സ്വന്തമായി.

ജനകീയാസൂത്രണത്തിന്റെ പല ഘട്ടങ്ങളിലും വനിതാ ഘടകപദ്ധതിയുടെ ഉള്ളടക്കവും അതിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴില്‍ മേഖലകളും വിമര്‍ശനപരമായിത്തന്നെ പരിശോധിക്കപ്പെട്ടിട്ടുണ്ട്.സ്ത്രീയുടെ തൊഴില്‍ അവര്‍ നിരന്തരം ഏര്‍പ്പെടുന്ന വീട്ടു ജോലികളുടെ അനുബന്ധമാണെന്ന സമീപനമാണ് വനിതാ ഘടക പദ്ധതിയില്‍ പലപ്പോഴും സ്വീകരിക്കപ്പെട്ടത്. തുടക്കത്തില്‍ പല ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ വിലയിരുത്തലുകള്‍ക്ക് വനിതാ ഘടക പദ്ധതിയെ വിധേയമാക്കുന്ന പരിശീലനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും വനിതാഘടക പദ്ധതിയുടെ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ തൊഴിലുകളിലേക്കും സംരംഭങ്ങളിലേക്കും കടന്നുവരുന്നതിനു സ്ത്രീകള്‍ക്കുണ്ടായിരുന്ന സങ്കോചത്തെ മറികടക്കാന്‍ കഴിഞ്ഞത് 1998 ല്‍ കുടുംബശ്രീ രൂപംകൊണ്ടതോടെയാണ്.

കുടുംബശ്രീയും പുതിയ വഴികളും
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ ലോകത്താകമാനം വ്യാപിക്കുന്ന ഘട്ടത്തിലാണ് കേരളത്തില്‍ കുടുംബശ്രീ രൂപം കൊള്ളുന്നത്‌. എന്നാല്‍ കുടുംബശ്രീയുടെ അതിവേഗത്തിലുള്ള വ്യാപനത്തിന്റെ ഊര്‍ജ്ജം കേവലം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളല്ല,മറിച്ച് പ്രാദേശിക വികസനാസൂത്രണ പ്രക്രിയയുമായുള്ള ജൈവബന്ധമാണ്‌. ദരിദ്രരായ സ്ത്രീകളെ ഒറ്റപ്പെട്ട തുരുത്തുകളായി കാണാതെ പ്രാദേശിക സര്‍ക്കാരുകളുടെ വനിതാ ഘടക പദ്ധതിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വത്തിലേക്കും ആത്മവിശ്വാസത്തിലേക്കുമുള്ള വഴി വെട്ടിത്തുറക്കുകയാണ് കേരളം ചെയ്തത്. കുടുംബശ്രീയുടെ സൂക്ഷ്മതല വായ്പാ പദ്ധതിയും സൂക്ഷ്മ തല സംരംഭങ്ങളെക്കുറിച്ചുള്ള ആശയങ്ങളും കൂട്ടായ്മയുടെ പിന്തുണയും അന്നേ വരെ മടിച്ചിരുന്ന അപരിചിതമായ തൊഴില്‍ മേഖലകളിലേക്ക് കടന്നുവരാന്‍ കുടുംബശ്രീ അംഗങ്ങളെ പ്രേരിപ്പിച്ചു. കഴിഞ്ഞ 27 വര്‍ഷത്തെ കുടുംബശ്രീയുടെ സ്വാധീനം തൊഴിലിനെ സംബന്ധിച്ച് കേരളം വച്ചുപുലര്‍ത്തിയിരുന്ന പരമ്പരാഗതവും പുരുഷകേന്ദ്രീകൃതവുമായ ധാരണകളെ കുറേയൊക്കെ ചോദ്യംചെയ്യാനും തിരുത്താനും മാത്രം നിര്‍ണ്ണായകമാണ്. ബഹു ഭൂരിപക്ഷവും പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ടാക്സി, ഓട്ടോറിക്ഷ, നിര്‍മ്മാണം, കാറ്ററിംഗ് തുടങ്ങിയ മേഖലകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് തുടക്കത്തില്‍ പൊതു സമൂഹത്തിലുണ്ടാക്കിയ കൗതുകവും വിശ്വാസക്കുറവും ഇപ്പോള്‍ അംഗീകാരവും വിശ്വാസ്യതയുമായി മാറിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ NRLM (National rural Livelihood Mission -പഴയ IRDPയുടെ പുതിയ രൂപം) ന്റെ ഭാഗമായി രണ്ടര ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങള്‍ സൂക്ഷ്മ സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. NULM (National Urban Livelihood Mission) ന്റെ ഭാഗമായി നഗര മേഖലയില്‍ 60,159 അയല്‍ക്കൂട്ടങ്ങള്‍ സൂക്ഷ്മ സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അല്ലാതെയുള്ള ബാങ്ക് ലിങ്കേജ് വായ്പ ഉപയോഗിച്ചുകൊണ്ട് 42,322 സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ കുടുംബശ്രീയിലെ അംഗങ്ങള്‍ നടത്തുന്നുണ്ട്. ആദ്യ ഘട്ടങ്ങളില്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, പരിശീലനത്തിന്റെ അപര്യാപ്തത, മാര്‍ക്കറ്റിങ്ങിന്റെയും പ്രചാരണത്തിന്റെയും അഭാവം പോലെ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ കുടുംബശ്രീ മിഷന്‍ തന്നെ ഇടപെട്ടുകൊണ്ട് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരള ചിക്കന്‍ പോലെ സംസ്ഥാനത്തിനു തന്നെ അഭിമാനിക്കാവുന്ന സംരംഭങ്ങള്‍ക്ക് ഇനിയും സാധ്യത ഏറെയുണ്ട്. ഉത്പാദന രംഗത്ത് മുന്‍ പിന്‍ ബന്ധങ്ങള്‍ ഉറപ്പാക്കുന്നതില്‍ നിരന്തരമായ ശുഷ്കാന്തി ഉണ്ടാവുകയാണെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കെല്ലാം നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയും.

കുടുംബശ്രീയുടെ ഇടപെടല്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചത് അദ്ഭുതകരമായ മാറ്റമാണ്. വര്‍ഷങ്ങളായി തരിശുകിടക്കുന്ന ഭൂമി കണ്ടെത്തി JLG കള്‍ Joint Liability Group ) രൂപീകരിച്ചുകൊണ്ട് കഴിഞ്ഞ രണ്ടര ദശകങ്ങളിലായി കുടുംബശ്രീ നടത്തിയ കാര്‍ഷിക ഇടപെടലുകള്‍ ഓരോ പ്രദേശത്തും കൃഷിയെ തിരിച്ചുപിടിക്കുന്നതിനുള്ള പ്രേരണയും ആവേശവും സൃഷ്ടിച്ചിട്ടുണ്ട്. 1960 കള്‍ക്കു ശേഷം കൃഷിയിലുണ്ടായ മുരടിപ്പിനെ തുടര്‍ന്ന് ഇടിഞ്ഞ, കേരളത്തിലെ കാര്‍ഷിക മേഖലയിലെ സ്ത്രീപങ്കാളിത്തം മറ്റൊരു രൂപത്തില്‍ ഉയര്‍ന്നുവരുന്നത് കുടുംബശ്രീയുടെ കൃഷി സംരംഭങ്ങള്‍ കാണിച്ചുതന്നു. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ സ്വയം അദ്ധ്വാനിക്കുന്ന കര്‍ഷകര്‍ എന്ന നിലയില്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുസമൂഹത്തിനുതന്നെ വഴികാട്ടുന്ന കാഴ്ചയാണ് ഇന്നുള്ളത്. 92,442 കൃഷി ഗ്രൂപ്പുകളിലായി 19635.24 ഹെക്ടര്‍ ഭൂമിയില്‍ 4,25,169 സ്ത്രീ കര്‍ഷകരാണ് ഈ കാര്‍ഷിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് ഓഫീസ് ജോലിയോ അധ്യാപനമോ മറ്റു സേവന മേഖലയോ ഒക്കെ മാത്രമാണ് അനുയോജ്യമായത് എന്ന പരമ്പരാഗത ധാരണകളെ തിരുത്തിക്കൊണ്ടാണ് അഭ്യസ്തവിദ്യരടക്കമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിലും മൃഗ സംരക്ഷണത്തിലുമെല്ലാം വിജയകരമായി പ്രവര്‍ത്തിക്കുന്നത്. പുതിയ സാഹചര്യം ആവശ്യപ്പെടുന്ന ഹരിത കര്‍മ്മ സേന ഉള്‍പ്പടെയുള്ള പല മേഖലകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ഒരു മടിയും ഇല്ലാത്തവരായി അഭ്യസ്തവിദ്യരായ സ്ത്രീകള്‍ കേരളത്തില്‍ തയ്യാറാകുന്നുണ്ടെങ്കില്‍ സ്ത്രീയുടെ തൊഴില്‍ സങ്കല്‍പ്പങ്ങളിലെ വലിയ പൊളിച്ചെഴുത്ത് തന്നെയാണത്. ഇതിന് മുഖ്യമായും അഭിനന്ദിക്കേണ്ടത് തങ്ങളുടെ നിരന്തര ഇടപെടലുകളിലൂടെ പരമ്പരാഗത സ്ത്രീ -പുരുഷ റോളുകളെ വെല്ലുവിളിക്കാനും അതിജീവിക്കാനും തയ്യാറായ കുടുംബശ്രീയിലെ 52 ലക്ഷത്തോളം വരുന്ന (48 ലക്ഷം അംഗങ്ങള്‍,4 ലക്ഷം ഒക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ) സാധാരണ സ്ത്രീകളെയും കുടുംബശ്രീയുടെ ജനാധിപത്യ സ്വഭാവം സംരക്ഷിച്ചുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ എൽഡിഎഫ് സര്‍ക്കാരുകളെയുമാണ്‌.

ഇതോടൊപ്പം തന്നെ ചൂണ്ടിക്കാട്ടേണ്ട ഒന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരിലും പണിയെടുക്കുന്നവരിലും 90 ശതമാനത്തിലധികം സ്ത്രീകളാണ്. കേരളത്തിലെ മറ്റു പുറംജോലികളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഇന്ത്യയിലെ തന്നെ ഉയര്‍ന്ന വേതനമാണ് കേരളം നല്‍കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്നവരില്‍ എല്ലാ ജാതി-മത വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുണ്ട്. തോട് വൃത്തിയാക്കുന്നതോ കുളം പണിയുന്നതോ കാട് വെട്ടുന്നതോ ഒന്നും പരമ്പരാഗതമായി ചെയ്തു ശീലമുള്ളവരല്ല ഇവരില്‍ ബഹുഭൂരിപക്ഷവും. എന്നിട്ടും അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും മണ്ണില്‍ പണിയെടുക്കാന്‍ കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ലക്ഷക്കണക്കിന്‌ സ്ത്രീകള്‍ തയാറാകുന്നു എന്നത് മദ്ധ്യവര്‍ഗ തൊഴില്‍ സങ്കല്‍പ്പത്തെ തിരുത്തുന്നതാണ്. ഇവരില്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ധാരാളമുണ്ട്. ചെയ്യുന്ന തൊഴിലിനോടുള്ള സമീപനവും ആ തൊഴിലിനു സമൂഹത്തില്‍ കിട്ടുന്ന അംഗീകാരവും പ്രധാനമാണ്. തൊഴിലുറപ്പ് പദ്ധതി സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ പണി എന്ന നിലയില്‍, കൂലി ബാങ്ക് വഴി കിട്ടുന്ന, ദൃശ്യത നന്നായിട്ടുള്ള,കൂട്ടായ്മയുടെ സന്തോഷവും പിന്തുണയും ഉറപ്പുള്ള തൊഴിലിടമാണ്. സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പിക്കുന്നതില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സംഭാവനകള്‍ ചെറുതല്ല. തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോഴും അവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതിലൂടെ കേരള സര്‍ക്കാര്‍ തൊഴിലാളികളെന്ന അംഗീകാരമാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഉറപ്പാക്കിയത്. ഗ്രാമീണ ദാരിദ്ര്യത്തെ നേരിടുന്നതിനൊപ്പം പ്രാദേശിക സുസ്ഥിര വികസനത്തിന്റെ മുഖ്യ പങ്കാളികള്‍ എന്ന നിലയില്‍ ഈ തൊഴിലുകള്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ 2008 ലാണ് സംസ്ഥാന ബജറ്റിന്റെ ഭാഗമായി രാജ്യത്തുതന്നെ ആദ്യമായി ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് അര്‍ത്ഥവത്തായ ഇടപെടല്‍ എന്ന നിലയിലാണ് ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.വാര്‍ഷിക പദ്ധതിയില്‍ സ്ത്രീകള്‍ക്കായി പദ്ധതിയുടെ കുറഞ്ഞത് 10 ശതമാനം വകയിരുത്തുക എന്നതാണ് സ്വീകരിച്ച സമീപനം.അതോടൊപ്പം വാര്‍ഷിക പദ്ധതിയെ സ്ത്രീ പക്ഷ കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്ന ജെന്‍ഡര്‍ ഓഡിറ്റും അവതരിപ്പിക്കപ്പെട്ടു. 2010-–11 വാര്‍ഷിക പദ്ധതി വരെ ജെന്‍ഡര്‍ ബജറ്റ് അവതരണം നടന്നെങ്കിലും 2011 ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ജെന്‍ഡര്‍ ബജറ്റ് കേവലം യാന്ത്രികമായ കണക്കവതരണം എന്ന നിലയില്‍ പരിമിതപ്പെടുത്തി. അതില്‍ നിന്നുള്ള കുതിച്ചുചാട്ടമാണ് 2016 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കാണാന്‍ കഴിയുന്നത്. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ അഞ്ചു വർഷം കൊണ്ട് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 18 ശതമായി ഉയര്‍ത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2021 ആയപ്പോഴേക്കും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24 ശതമാനം കഴിഞ്ഞു. 2021 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക പ്രഖ്യാപിച്ചിട്ടുള്ളത് അഞ്ചു വർഷം കൊണ്ട് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24 ശതമാനത്തില്‍ നിന്ന് അന്‍പത് ശതമാനമാക്കുമെന്നാണ്. 2016 മുതല്‍ ജെന്‍ഡര്‍ ബജറ്റ് വിഹിതം തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ 2024-–25 വാര്‍ഷിക പദ്ധതിയില്‍ 21.12 ശതമാനമെന്ന രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമാണ് ഉറപ്പുവരുത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ ചരിത്രത്തില്‍ ഇന്നു വരെയില്ലാത്ത പിന്തുണയാണ് 2016 മുതല്‍ സംസ്ഥാന ബജറ്റിന്റെ ഭാഗമായി നല്‍കിയിട്ടുള്ളത്. കുടുംബശ്രീയുടെ സംരംഭങ്ങളില്‍ വൈവിധ്യവത്കരണവും പ്രൊഫഷണലായുള്ള പരിശീലനങ്ങളുംകൊണ്ട് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു ദശകങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ മേഖലകളില്‍ വന്ന മാറ്റങ്ങളെയും പുതിയ കാലത്തെ സ്ത്രീകളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും കൂടി കണക്കിലെടുത്തു കൊണ്ടാണ് നവകേരളനിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും വിദഗ്ധപരിശീലനം ഉറപ്പാക്കി തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍ മുന്നോട്ടുവെയ്ക്കുന്നത്. രാജ്യത്തെ തൊഴില്‍ സംബന്ധിച്ച് ഒരു ഗവേഷണ സ്ഥാപനം ( The Periodic Labour Force Survey –PLFS) നടത്തിയ സര്‍വേ പ്രകാരം കേരളത്തിലെ പൊതു തൊഴില്‍ ശക്തിയില്‍ 2020 മുതല്‍ 2023 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ (കോവിഡിന്റെ ആഘാതം രാജ്യത്ത് തൊഴിലുകള്‍ ഇല്ലാതാക്കിയ അതേ ഘട്ടത്തില്‍) 16 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും വര്‍ദ്ധനവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ തന്നെ ശ്രദ്ധേയമായ കാര്യം രാജ്യത്ത് പൊതുവേ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂടുതല്‍ കാണുന്നത് കാര്‍ഷിക മേഖലയിലും കൂലി കുറവുള്ള അസംഘടിത മേഖലയിലുമാണെങ്കില്‍ കേരളത്തില്‍ അത് സംഘടിത മേഖലയിലും മെച്ചപ്പെട്ട വരുമാനമുള്ള തൊഴിലുകളിലും ആണെന്നതാണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ മേഖലകളിലും തൊഴില്‍ പങ്കാളിത്തത്തിലും ഈ കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ വളരെ പ്രകടവുമാണെന്ന് ഈ പഠനം അടിവരയിട്ടു പറയുന്നു.

നവകേരളത്തിലേക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തില്‍ പല ഘടകങ്ങളും നിര്‍ണ്ണായകമാണെങ്കിലും തൊഴില്‍ രംഗത്തേക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും അതുവഴി അന്തസ്സുള്ള ജീവിതത്തിലേക്കുമുള്ള വഴികള്‍ വെട്ടിത്തുറക്കുന്നത് വളരെ പ്രധാനമാണ്. ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി അഭിസംബോധന ചെയ്തു മാത്രമേ ഇത് സാധ്യമാകൂ. ഇതില്‍ പ്രധാനം സ്ത്രീകള്‍ക്കിടയില്‍ പൊതുവെയും അഭ്യസ്തവിദ്യരായ സ്ത്രീകളില്‍ പ്രത്യേകിച്ചും വലിയ തോതില്‍ തൊഴിലില്ലായ്മ വെല്ലുവിളിയായി നിലനില്‍ക്കുന്നു എന്നതാണ്.തൊഴിലന്വേഷകരില്‍ 63.2 ശതമാനം സ്ത്രീകളാണ്. അതിനര്‍ത്ഥം ഇവര്‍ വെറുതെയിരിക്കുന്നുവെന്നല്ല. പക്ഷേ തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുഗുണമായ ജോലികള്‍ക്കായുള്ള പരിശ്രമം പണ്ടത്തേക്കാള്‍ കൂടുതലായി ഇന്ന് നടത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ വരുമാനം ലഭിക്കുന്ന അങ്കണവാടി തുടങ്ങിയ കേന്ദ്ര സ്കീം തൊഴിലാളികള്‍ സേവനത്തിന്റെ പേരില്‍ അനുഭവിക്കുന്നത് രൂക്ഷമായ തൊഴില്‍ ചൂഷണമാണ്. പുതിയ തൊഴില്‍ മേഖലകളിലേക്ക് കടക്കുന്നതിനുള്ള പരിമിതികളില്‍ പ്രധാനം അത്തരത്തിലുള്ള തൊഴിലുകള്‍ കൂടുതല്‍ ലഭ്യമാക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിലും നൈപുണി വികസനത്തിന്റേതായ അഭാവം പ്രകടമായുണ്ട് എന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷം പേരും പരമ്പരാഗത കോഴ്സുകള്‍ എടുക്കുകയും വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധപ്പെടുത്താനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോവുകയും ചെയ്യുന്നത് ഒരു പ്രശ്നമാണ്. നോളഡ്ജ് ഇക്കണോമി മിഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരില്‍ 58 ശതമാനവും സ്ത്രീകളാണ്. പല കാരണങ്ങളാലും തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ പല പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് നൈപുണി പരിശീലനം ഉറപ്പാക്കാനാണ് നോളഡ്ജ് ഇക്കണോമി മിഷന്‍ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് ശ്രമിക്കുന്നത്.

വ്യാവസായികരംഗത്തുണ്ടായിട്ടുള്ള കുതിപ്പിന്റെ ഗുണഭോക്താക്കളും നേതാക്കളുമാകാന്‍ സ്ത്രീകള്‍ക്ക് വലിയ അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്. 2016 ല്‍ കേവലം 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6,400 സ്റ്റാര്‍ട്ടപ്പുകളുണ്ട്. അതില്‍ നാലിലൊന്ന് സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നതാണ്. സൂക്ഷ്മതല സംരംഭങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആകെ 2,39,922 സംരംഭങ്ങള്‍ 2023–-24 ല്‍ ഉണ്ടായപ്പോള്‍ അതില്‍ 76,377 എണ്ണം സ്-ത്രീകള്‍ നേതൃത്വം കൊടുത്ത സംരംഭങ്ങളാണ്. പരമ്പരാഗത വ്യവസായ മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള വൈവിദ്ധ്യവത്കരണവും സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

വീട് മുതല്‍ തൊഴിലിടങ്ങള്‍ വരെയുള്ള എല്ലായിടങ്ങളും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനും പണിയെടുക്കാനും കഴിയുന്നതുമായിരിക്കണം. കച്ചവട സ്ഥാപനങ്ങളിലുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശമടക്കം സ്ത്രീ സൗഹൃദ തൊഴിലിടങ്ങളെ കുറിച്ചുള്ള ആശയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചതും നടപ്പാക്കിയതും കേരളത്തില്‍ എൽഡിഎഫ് സര്‍ക്കാരാണ്. സ്ത്രീകള്‍ കൂടുതലായി തൊഴിലിലേക്ക് വരുമ്പോള്‍ തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമങ്ങളും ലിംഗ വിവേചനവും ഇല്ലാതാക്കിക്കൊണ്ട്‌ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. തൊഴിലും വരുമാനവും മാത്രമല്ല, പോഷ് (Prevention Of Sexual Harassment) നിയമത്തിനനുസൃതമായ പരാതി പരിഹാര കമ്മിറ്റികളും വൃത്തിയുള്ള ശുചിമുറികളും നിയമം ഉറപ്പുനല്‍കുന്ന തരത്തിലുള്ള ശിശു സംരക്ഷണ സംവിധാനങ്ങളുമടക്കം ചേരുമ്പോഴാണ് തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ക്കും തൊഴിലവസരം ലഭ്യമാക്കുന്നത് മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതടക്കമുള്ള നയങ്ങളും നടപടികളും ആവശ്യമാണ്‌.

കേരളത്തിലെ സ്ത്രീജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ നോക്കിക്കാണുമ്പോള്‍ NFHS -5 (2019–20) സര്‍വേ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ 92 ശതമാനം സ്ത്രീകളും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്. 79 ശതമാനം സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടും സമ്പാദ്യവുമുണ്ട്. 53 ശതമാനം സ്ത്രീകള്‍ എങ്ങനെ പണം ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നവരാണ്. ഏതു തൊഴിലിനും അന്തസ്സുണ്ടെന്ന് ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ പുതിയൊരു തൊഴില്‍ സംസ്കാരത്തിലൂടെ കാണിച്ചു കൊടുക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായും ഹരിത കര്‍മ്മസേനയായും വ്യവസായ സംരംഭകയായും അദ്ധ്യാപികയായും ആരോഗ്യ പ്രവര്‍ത്തകയായുമെല്ലാം ശോഭിക്കാന്‍ പ്രാപ്തകളായ പുതിയ സ്ത്രീസമൂഹം കേരളത്തിലുണ്ട്. ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായ മാമൂലുകളില്‍ കുരുങ്ങിക്കിടക്കുന്ന കുടുംബാന്തരീക്ഷവും മതത്തിന്റെയും പാരമ്പര്യ വിശ്വാസങ്ങളുടേയും പേരില്‍ രാജ്യത്ത് തന്നെ ശക്തി പ്രാപിക്കുന്ന പ്രതിലോമപരവും സ്ത്രീ വിരുദ്ധവുമായ സാംസ്കാരികാന്തരീക്ഷവും ആകാശത്തേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് പ്രതിബന്ധം തീര്‍ക്കുന്നുണ്ട്. അവര്‍ക്കു വേണ്ടത് മുന്നോട്ടുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനുള്ള ഉപാധികളില്ലാത്ത പിന്തുണയാണ്. അത് നല്‍കുമെന്ന ഉറപ്പാകണം നവകേരളത്തിനായുള്ള മുന്നേറ്റം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + thirteen =

Most Popular