Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിപ്രാദേശിക തൊഴിലുകളുടെ 
സാധ്യതകള്‍

പ്രാദേശിക തൊഴിലുകളുടെ 
സാധ്യതകള്‍

പ്രാദേശിക തൊഴിലുകളുടെ 
ആവശ്യകത എന്ത്?
തൊഴിൽ പ്രായത്തിലുള്ള കേരളത്തിലെ സ്ത്രീകളിൽ ഏതാണ്ട് 20 ശതമാനം പേര്‍ മാത്രമാണ് നിലവിൽ തൊഴിലുകളിൽ ഏർപ്പെടുന്നത്. ബാക്കി വരുന്നവരിൽ ബഹുഭൂരിപക്ഷവും പല കാരണത്താൽ വീട്ടിൽ തന്നെ കഴിയുന്നവരാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും ചുരുങ്ങിയത് അന്‍പത് ശതമാനമായിട്ടെങ്കിലും ഉയർത്തുക, അതുവഴി അവരുടെ ജീവിത നിലവാരവും കുടുംബ-സാമൂഹ്യ പശ്ചാലത്തവും ‍മെച്ചപ്പെടുത്തുക എന്നീ ദൗത്യങ്ങള്‍ വിജ്ഞാന കേരളവുമായി ചേര്‍ന്ന് കുടുംബശ്രീ ഏറ്റെടുത്തിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ വൻകിട വ്യവസായ സ്ഥാപനങ്ങൾ താരതമ്യേന കുറവാണെങ്കിലും, ചെറുകിട – ഇടത്തരം –സൂക്ഷ്മ തൊഴിൽ സംരംഭങ്ങള്‍ കേരളത്തിൽ നിരവധിയുണ്ട്. കൂടാതെ റിസോർട്ട്, ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങി തൊഴിൽ ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി മേഖലകളും കേരളത്തിലുണ്ട്. ഇവിടങ്ങളില്‍ ഇപ്പോൾ തൊഴിൽ ചെയ്യുന്ന നല്ലൊരുശതമാനം പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ മേഖലകളില്‍ അനുയോജ്യരും താല്പര്യമുള്ളവരുമായ സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളേയും കുടുംബശ്രീയുമായി ബന്ധപ്പെടുത്തി എത്തിക്കുകയും, അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം.

എന്താണ് പ്രാദേശിക 
തൊഴിലുകളുടെ പ്രസക്തി?
വീടിനടുത്തുതന്നെയുള്ള തൊഴിലുകളാകുമ്പോള്‍, തൊഴിലാളിക്ക് കുറഞ്ഞ ദൂരം മാത്രം സഞ്ചരിച്ച് ജോലി ചെയ്യുന്ന സ്ഥിതിയുണ്ടാവും. അന്നന്ന് സ്വന്തം വീട്ടില്‍ നിന്ന് പോയി വരാനും ദിവസേന കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാനും പരിമിതമെങ്കിലും കുടുംബത്തോടൊപ്പം അല്‍പസമയം ചെലവഴിക്കാനുമുള്ള സൗകര്യം ലഭിക്കുകയും ചെയ്യുന്നത് പ്രാദേശിക തൊഴിലുകളുടെ മെച്ചമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ മറ്റോ‍ ഇത്തരം തൊഴിലുകള്‍ക്ക് ആവശ്യമില്ലെങ്കിലും അത്യാവശ്യം ഭാഷ കൈകാര്യം ചെയ്യൽ, കണക്കുകൂട്ടൽ, സ്ഥാപനത്തിന്റെ താൽപര്യമനുസരിച്ച് ഉപഭോക്താക്കളുമായി സൗഹാർദപരവും, മാന്യവുമായ ഇടപെടല്‍ തുടങ്ങിയ നൈപുണ്യം മാത്രം ഇവര്‍ക്ക് മതിയാകും.

പത്തനംതിട്ടയും 
പ്രാദേശിക തൊഴിലുകളും
സംസ്ഥാനത്ത് കെ ഡിസ്കിന്റെയും കെ കെ ഇ എമ്മിന്റെയും (കേരള നോളഡ്-ജ് ഇക്കണോമി മിഷൻ) നേതൃത്വത്തിൽ തൊഴിൽ നൽകുന്ന പ്രവർത്തനങ്ങൾ 2021 മുതല്‍ നടന്നു വന്നിരുന്നുവെങ്കിലും അതിന് ഒരു ജനകീയ മുഖം നൽകിയത്- വിജ്ഞാന പത്തനംതിട്ടയിലൂടെയാണ്. 2024 ഫെബ്രുവരി മുതല്‍ ഒരു വർഷക്കാലത്തെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തനങ്ങള്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാന പത്തനംതിട്ട എന്ന പദ്ധതി സംസ്ഥാനത്തുടനീളം വിജ്ഞാനകേരളമെന്ന പേരില്‍ സംസ്ഥാന ഗവണ്‍മെന്റ് വ്യാപിപ്പിച്ചത്. വിജ്ഞാന പത്തനംതിട്ടയും തുടർന്ന് വിജ്ഞാന കേരളവും ജില്ലയിൽ 12 മെഗാ ജോബ് ഫെയറുകളും 50 മിനി ജോബ് ഡ്രൈവുകളും ഇതിനോടകം നടത്തിക്കഴിഞ്ഞു. അതിന്റെ ഭാഗമായി 3200 പേർക്ക് തൊഴിൽ നല്‍കുന്ന സ്ഥിതിയുണ്ടായി. ഒരു മണിക്കൂര്‍ മുതല്‍ 3 ദിവസം വരെ നീളുന്ന അഞ്ഞൂറോളം ഓണ്‍ലൈന്‍-, ഓഫ്‍ലൈന്‍ പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും വിവിധ തൊഴിലന്വേഷകര്‍ക്ക് ഇതു വരെ ഈ പദ്ധതി വഴി നല്‍കിക്കഴിഞ്ഞു.

ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് പദ്ധതി മുന്നേറിയതെങ്കില്‍, വിജ്ഞാന പത്തനംതിട്ടയുടെ പ്രധാന പങ്കാളിയായി കുടുംബശ്രീ തുടക്കം മുതല്‍ ഉണ്ടായിരുന്നു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി തൊഴിലന്വേഷകരില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും ഉയർന്നുവന്ന പ്രധാന ചോദ്യം ജില്ലക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തും, രാജ്യത്തിന് പുറത്തും പദ്ധതി വഴി തൊഴിൽ ലഭ്യമാക്കുന്നുണ്ട്, എന്നാൽ തൊഴിൽ ചെയ്യാന്‍ താല്പര്യമുള്ള പലവിധ കാരണങ്ങളാൽ വീട്ടിൽ നിന്നും ഏറെ ദൂരത്തു പോയി തൊഴിലെടുക്കാൻ പ്രയാസമുള്ളവർക്കുകൂടി തൊഴിൽ നൽകാൻ പദ്ധതി ഉണ്ടാക്കുമോ എന്നതായിരുന്നു. അതിന്റെ വെളിച്ചത്തിലാണ്പ്രാദേശിക തൊഴിൽ എന്നത് വിജ്ഞാന പത്തനംതിട്ടയിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

പ്രാദേശിക തൊഴിലുകളും 
കുടുംബശ്രീയും
ജില്ലയിലെ തൊഴിലന്വേഷകരിൽ അന്‍പത് ശതമാനത്തിലേറെയും സ്ത്രീകൾ തന്നെയാണ്. അവരിൽ ബഹുഭൂരിപക്ഷവും കുടുംബശ്രീ അംഗങ്ങളും. അങ്ങനെയാണ് കുടുംബശ്രീ നേതൃത്വം നൽകുകയും, വിജ്ഞാനകേരളം പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു കൊണ്ട് “ഹയർ ദി ബെസ്റ്റ്’ എന്ന പ്രാദേശിക തൊഴിൽദാന പദ്ധതിക്ക്- ജില്ലയില്‍ രൂപം നൽകിയത്.

എന്തായിരുന്നു ഹയർ ദി ബെസ്റ്റ് പദ്ധതി?
ജില്ലയിലെ തൊഴിൽ ദാതാക്കള്‍ ( Empl
oyers) ആരൊക്കെയാണെന്ന് കണ്ടെത്തിയായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി കുടുംബശ്രീയുടെ ജില്ലാ ടീമും വിജ്ഞാനകേരളം ടീമും 5 നിയോജക മണ്ഡലങ്ങളിലും ഓരോ ടീമിനു രൂപം നൽകി. അവരുടെ നേതൃത്വത്തിൽ ഓരോ മണ്ഡലങ്ങളിലും പ്രധാന തൊഴിൽ ദാതാക്കളെ നേരിട്ട് കാണുകയും പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇവരെയാകെ ഏപ്രില്‍ 22 ന് പത്തനംതിട്ട ഗസ്റ്റ്ഹൗസിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിലേക്ക് ക്ഷണിക്കുകയും, പദ്ധതിയുടെ നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 64 തൊഴിൽ ദാതാക്കൾ പങ്കെടുത്ത ഈ യോഗത്തിന് സംസ്ഥാന ഉപദേശകൻ ഡോക്ടർ ടി എം തോമസ് ഐസക്, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവർ നേതൃത്വം നല്‍കി.

ഇനിയുള്ള ദിവസങ്ങളിൽ ഓരോ സ്ഥാപനങ്ങളിലും വേണ്ടിവരുന്ന തൊഴിലുകൾ എത്ര, എങ്ങനെയുള്ള തൊഴിലാളികളെയാണ് ഓരോ തസ്തികക്കും ഇവർക്ക് ആവശ്യം തുടങ്ങി ഓരോ തൊഴിലവസരങ്ങള്‍ക്കും സ്ഥാപനം പ്രതീക്ഷിക്കുന്ന അല്ലെങ്കില്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകളെന്തൊക്കെയാണെന്ന് തൊഴിൽ ദാതാക്കൾ പദ്ധതിക്കു വേണ്ടി നല്‍കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. തൊഴിൽദാതാക്കൾ പ്രതീക്ഷിക്കുന്ന അത്രയും തൊഴിലാളികളെയും, അവർക്കാവശ്യമായ അടിസ്ഥാന പരിശീലനങ്ങളും പദ്ധതി വഴി നൽകും. കൂടാതെ തൊഴിൽദാതാവ് ആവശ്യപ്പെടുന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് സഹായകരമായ പ്രത്യേക പരിശീലനവും സ്ഥാപനം ആവശ്യപ്പെടുകയാണെങ്കില്‍ പദ്ധതി വഴി നൽകും. ഇതാണ് ഹയർ ദി ബെസ്റ്റ് എന്ന പദ്ധതി വഴി മുന്നോട്ടുവച്ചത്. വളരെയേറെ പ്രതീക്ഷ നല്‍കുന്ന സൗഹൃദപരമായ സമീപനമായിരുന്നു തൊഴിൽദാതാക്കളുടെ ഭാഗത്തുനിന്നും പദ്ധതിക്ക് ഈ യോഗത്തില്‍ ലഭിച്ചത്. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രാദേശിക തൊഴിൽമേളകൾ സംഘടിപ്പിക്കുവാനും തീരുമാനമായി.

പ്രാദേശിക തൊഴിൽ മേഖലകൾ: 
സംഘാടനം, നടത്തിപ്പ്
ജില്ലയിലെ രണ്ടു വീതം ബ്ലോക്കുകളും ഓരോ നഗരസഭയും കൂടി വരുന്ന പ്രദേശം എന്ന നിലയിൽ നാലു പ്രാദേശിക തൊഴിൽമേളകൾ ഇതുവരെ നടന്നു കഴിഞ്ഞു. ഇതിനായി താഴെ പറയുന്ന മുന്നൊരുക്കങ്ങളാണ് നടത്തിയത്.

1. കുടുംബശ്രീ ഡിഎംസിയുടെ നേതൃത്വത്തില്‍ ജില്ലാ മിഷൻ ടീം, വിജ്ഞാന കേരളം ജില്ലാ ടീം, പി എം യു അംഗങ്ങൾ എന്നിവരുള്‍പ്പെട്ട സംയുക്ത യോഗങ്ങള്‍.

2. പ്രാദേശിക തൊഴിൽമേള നിശ്ചയിച്ച ബ്ലോക്ക്,- നഗരസഭാ പരിധിയിലെ തൊഴിൽ ദാതാക്കളെ ഓരോ പ്രദേശത്തും നിശ്ചയിച്ച കോര്‍ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ടു കണ്ട് തൊഴിലിന്റെ എണ്ണം, ജോലിയുടെ സ്വഭാവം, വേണ്ട യോഗ്യത, തൊഴിലിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ കണ്ടെത്തലും, രജിസ്റ്റര്‍ ചെയ്യിക്കലും.

3. ഒരു ഗൂഗിൾ ഫോം ലിങ്കുവഴി തൊഴിലന്വേഷകരെ ഹയർ ദി ബെസ്റ്റ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യിപ്പിക്കൽ. ഇതിന്റെ നേതൃത്വം പൂ‍ര്‍ണ്ണമായും സി ഡി എസ്സ്, എ ഡി എസ്സ് ഭാരവാഹികൾക്കായിരുന്നു.

4. മേള നടത്തുന്ന പ്രദേശത്തെ മുഴുവൻ അയൽക്കൂട്ടങ്ങളുടേയും യോഗം കുടുംബശ്രീ ഡി എം സിയും, വിജ്ഞാന കേരളം ഡി എം സിയും പങ്കെടുത്തു കൊണ്ട് ഓൺലൈനായി വിളിച്ചു ചേർക്കൽ. ഒരേ സമയം 300 പേർക്കുവരെ പങ്കെടുക്കാൻ കഴിയും വിധം മുഴുവൻ അയൽക്കൂട്ടങ്ങളിലേക്കും, മേളയുടേയും റജിസ്ട്രേഷന്റേയും വിവരങ്ങള്‍ എത്തിക്കുക എന്നതായിരുന്നു ഈ യോഗങ്ങളുടെ ലക്ഷ്യം.

5.കുടുംബശ്രീ ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ സി ഡി എസ്സുകളിലും രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടാണ് തൊഴിലന്വേഷകരുടെ രജിസ്ട്രേഷനു തുടക്കമിട്ടത്. കൂടാതെ ഏതു തൊഴിലന്വേഷകനും നേരിട്ട് രജിസ്റ്റർ ചെയ്യാനാകും വിധം ക്യു ആര്‍ കോഡ് തയ്യാറാക്കി പഞ്ചായത്ത്പ്രദേശത്തെ മുഴുവന്‍ ഓഫീസുകളിലും പതിപ്പിക്കൽ.

6.കൃത്യമായ ഇടവേളകളില്‍, ഏറ്റവും ചുരുങ്ങിയത് രണ്ട് ദിവസത്തിലൊരിക്കല്‍ രജിസ്ട്രേഷൻ വിവരങ്ങൾ വിലയിരുത്തുന്നതിന് പ്രധാന ചുമതലക്കാരുടെ ഓൺലൈൻ യോഗങ്ങള്‍.

7.രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അഭിമുഖത്തില്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിന് ഓഫ്-ലൈനായും ഓൺലൈനായും വ്യക്തിത്വ വികസന പരിശീലനങ്ങള്‍.

8.തൊഴിൽമേള നടത്തുന്നതിനുള്ള സ്ഥലവും, സ്ഥാപനവും കണ്ടെത്തുകയും അവിടെ പ്രാദേശിക തൊഴിൽമേള സംഘടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക.

9.തൊഴിൽ ലഭിച്ചവർക്ക് തൊഴിൽദാതാവ് ആവശ്യപ്പെടുന്ന അടിസ്ഥാന പരിശീലനം നൽകുക.

10.ഇന്റർവ്യൂവിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരിമിതികൾ പരിഹരിക്കുന്നതിനുള്ള പരിശീലനം ഉറപ്പാക്കുകയും, അടുത്ത തൊഴിൽ മേളകൾക്ക് അവരെ സജ്ജരാക്കുകയും ചെയ്യുക.

11.പ്രാദേശിക തൊഴില്‍ മേളക്ക് രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ അവരുടെ യോഗ്യതക്കനുസരിച്ച് വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷിപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും, തൊഴില്‍ മേള നടക്കുന്ന സമയത്ത് കൗണ്ടര്‍ രജിസ്ട്രേഷന്‍ ഉള്‍പ്പടെ നടത്തി അവര്‍ക്ക് അനുയോജ്യമായ തൊഴിലിലേക്ക് നയിക്കുന്നതിനും നേതൃത്വം നല്‍കിയത് ജോബ്സ്റ്റേഷ‍ന്‍ ടീമംഗങ്ങളാണ്.

ജനപ്രതിനിധികളുടേയും ജില്ലാ ഭരണ കൂടത്തിന്റേയും, പൊതുപ്രവര്‍ത്തകരുടേയും നേതൃത്വവും സന്നദ്ധ പ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയും പദ്ധതിക്കുണ്ടായിരുന്നു. തൊഴിൽമേളയുടെ ഇതുവരെയുള്ള നടത്തിപ്പിനും തൊഴിലന്വേഷകർക്കുള്ള പരിശീലനം നടത്തുന്നതിനും വേണ്ട പണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം വഴി വകയിരുത്തിയിരുന്നു എന്ന വിവരം സന്തോഷപൂർവ്വം പങ്കിടുന്നു. ഈ വര്‍ഷത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ–ബ്ലോക്ക് –ഗ്രാമ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പദ്ധതി വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.

മുന്നോട്ടുതന്നെ
ഹയർ ദി ബെസ്റ്റിന്റെ നാല് തൊഴില്‍ മേളകളിലായി 1200 പേരാണ് തൊഴിലന്വേഷകരായി ഇതു വരെ പങ്കെടുത്തിരിക്കുന്നത്. ഇതില്‍ 340 പേരെ വിവിധ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ വെച്ചുതന്നെ നേരിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. 450 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക തൊഴില്‍ പ്രതീക്ഷിച്ച് അയ്യായിരം പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 152 സ്ഥാപനങ്ങള്‍ വഴി ആറായിരം തൊഴിലവസരങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ 12 ജോബ്സ്റ്റേഷനുകളാണുള്ളത്. അതാത് പ്രദേശത്തെ വിവിധ വ്യവസായ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യകതയനുസരിച്ച് എല്ലാ ആഴ്ചകളിലും തുടര്‍ച്ചയായി ജോബ് സ്റ്റേഷനുകളില്‍ വെച്ചുതന്നെ അഭിമുഖങ്ങള്‍ നടത്താനാണ് ഇപ്പോള്‍ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. വിജ്ഞാന കേരളത്തിന് മാതൃക സൃഷ്ടിച്ച പത്തനംതിട്ട ജില്ലക്ക് ഈ പദ്ധതിയും പൂര്‍ണ്ണ വിജയത്തിലെത്തിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 11 =

Most Popular