ആമുഖം
സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന മിഷനായ കുടുംബശ്രീ അതിന്റെ പ്രവർത്തന പന്ഥാവിൽ വിജയകരമായ 27 വർഷങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും സ്വയം തിരിച്ചറിഞ്ഞ് അത് നേടിയെടുക്കുന്നതിനായി സ്വയം പ്രവർത്തിക്കുന്ന സ്ത്രീകളുടെ സാമൂഹ്യ സംഘടനാ സംവിധാനമാണല്ലോ കുടുംബശ്രീ. ആ നിലയിൽ ആരംഭ ഘട്ടത്തിലെ സ്ത്രീയിൽ നിന്നും ബഹുദൂരം കുടുംബശ്രീ സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ത്രിതല സംഘടനാസംവിധാനത്തിലൂടെ ഓരോ അംഗത്തിന്റെയും കുടുംബ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനുതകുന്ന പദ്ധതികൾ തങ്ങളുടെ പ്രാദേശിക സർക്കാരുകൾക്ക് സമർപ്പിക്കുന്നതിനും അവ സമയബന്ധിതമായി നേടിയെടുക്കുന്നതിനുമുള്ള കഴിവ് അവർ ആർജ്ജിച്ചിട്ടുണ്ട്.
കുടുംബശ്രീ സംഘടന – സാമ്പത്തിക വിനിമയം
3.18 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമാണ്. 9,620 കോടി രൂപ സാമ്പാദ്യമായും വിവിധ കാലയളവുകളിലായി 29,000 കോടി രൂപ വായ്പയായും നൽകിയിട്ടുണ്ട്. വിവിധ ബാങ്കുകളിൽ നിന്നായി നാളിതുവരെ 40,000 കോടി രൂപ ലിങ്കേജ് വായ്പയായി നൽകിയിട്ടുണ്ട്. 1,02,723 വ്യക്തിഗത സംരംഭങ്ങൾ 51,788 ഗ്രൂപ്പ് സംരംഭങ്ങൾ, 96,000 കാർഷിക ഗ്രൂപ്പുകൾ എന്നിവയിലായി ഏകദേശം എട്ട് ലക്ഷത്തോളം സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ട്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ മികച്ച മാതൃകകൾ കുടുംബശ്രീയിൽനിന്നും വന്നുതുടങ്ങി. മുൻ പിൻ ബന്ധങ്ങളുറപ്പാക്കുന്ന സമഗ്ര പോലുള്ള സംരംഭ മാതൃകകൾ ഓരോ ജില്ലയിലുമുണ്ടായി. കുടുംബശ്രീ കഫേകൾ കേരളത്തിന്റെ രുചിയിടങ്ങളിൽ തങ്ങളുടെ പേരുകൂടി തുന്നിച്ചേർത്തു.
ഇതൊരു ചെറിയ കാര്യമല്ല. സാമ്പത്തിക ശാക്തീകരണമെന്ന വലിയ ലക്ഷ്യം കൈവരിക്കുവാൻ കഴിഞ്ഞുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
കുടുംബശ്രീ സാമൂഹ്യ രംഗത്തേയ്ക്ക്
സാമ്പത്തിക പ്രവർത്തനങ്ങൾക്കുമപ്പുറം സാമൂഹ്യ–- സ്ത്രീ ശാക്തീകരണ മേഖലകളിലും കുടുംബശ്രീ ഇടപെടലുകൾ നടത്തുന്നുണ്ട്. സ്ത്രീ പദവി – സ്വയം പഠന പ്രക്രിയ പോലെയുള്ള പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് തങ്ങളുടെ പദവി തിരിച്ചറിയുന്നതിന് സഹായകരമായി. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രധാന സഹയാത്രികയായി കുടുംബശ്രീ സംവിധാനം മാറി. സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവമായി. പ്രാദേശിക സർക്കാരുകളുടെ താക്കോൽ സ്ഥാനങ്ങളിലടക്കം കുടുംബശ്രീ വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. അതുവരെ വീട്ടകങ്ങളിൽമാത്രം ഒതുങ്ങിയിരുന്ന സ്ത്രീകൾ വികസനത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമായി തുടങ്ങി. പ്രളയം, കോവിഡ് തുടങ്ങി കേരളം അടിമുടി തകർച്ചയിലേയ്ക്ക് നീങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും കോടിക്കണക്കിനു രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബശ്രീ സംഘടനാസംവിധാനം സർക്കാരിനൊപ്പംനിന്ന് കേരള സമൂഹത്തിന് മാതൃകയായി. കോവിഡ് കാലത്തെ ഭക്ഷണ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശിക സർക്കാരുകൾക്കൊപ്പം നിന്ന് സാമൂഹ്യ അടുക്കളകളും ജനകീയ ഹോട്ടലുകളും സജ്ജമാക്കുന്നതിൽ കുടുംബശ്രീ പ്രധാന പങ്കുവഹിച്ചു.
കുടുംബശ്രീ കലാ സാംസ്കാരിക രംഗം
കേരളത്തിന്റെ കലാ സാംസ്കാരിക ഭൂമികയിൽ സ്ത്രീ ദൃശ്യത കൊണ്ടുവരുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കലാഭിരുചികൾ ഉള്ളിലൊതുക്കി ജീവിച്ചിരുന്ന സ്ത്രീകൾക്ക് കുടുംബശ്രീ തുറന്നു നൽകിയത് അതിരുകളില്ലാത്ത ഒരാകാശംകൂടിയാണ്. അരങ്ങ്, രംഗശ്രീ, റേഡിയോശ്രീ, മീഡിയശ്രീ, സർഗ്ഗം, എന്നിടം തുടങ്ങിയ പരിപാടികൾ കലാ സാംസ്കാരിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ച പരിപാടികളാണ്. “അരങ്ങ്’ വേദികളിൽ പ്രായഭേദമില്ലാതെ അവർ ആടി, പാടി. എന്നുമാത്രമല്ല, വിനോദോപാധി എന്നതിനുമപ്പുറം ദാരിദ്ര്യനിർമാർജനത്തിനുള്ള ഉപാധികൂടിയായി അതുമാറി.
കേരളം നേരിടുന്ന വെല്ലുവിളികൾ
ഇത്രയൊക്കെ സാമൂഹ്യ ഇടപെടലുകൾ കുടുംബശ്രീ നടത്തിയിട്ടും ഇനിയും ചില മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ പിന്നോക്കാവസ്‌ഥയിലാണെന്ന് കാണാം. സ്ത്രീകളുടെ തൊഴിലില്ലായ്മ പുരുഷന്മാരെ അപേക്ഷിച്ച് 3.5 മടങ്ങ് കൂടുതലാണ്. ആകെ സ്ത്രീകളുടെ 30 ശതമാനത്തിൽ താഴെ മാത്രമേ തൊഴിൽ സേനയിൽ ഉൾപ്പെടുന്നുള്ളൂ. പുരുഷന്മാരെ അപേക്ഷിച്ച് പകുതിയിൽ താഴെ സ്ത്രീകൾക്കുമാത്രമേ തൊഴിൽ പങ്കാളിത്തമുള്ളൂ എന്നു കാണാം. അഭ്യസ്തവിദ്യരായ സ്ത്രീകൾ കൂടുതലുള്ള കേരളത്തിലാണ് ഇതെന്ന് നാം മറന്നുകൂടാ. പല യുവതികളെയും സംബന്ധിച്ച് വിവാഹം, കുട്ടികളുടെ പരിപാലനം തുടങ്ങിയ കാരണങ്ങൾമൂലം തൊഴിലെടുക്കുന്നതിൽ വലിയ വിടവ് വരുന്നു. ഇവയൊക്കെ തരണം ചെയ്തുവരുമ്പോഴേക്കും വീണ്ടും ഒരു ജോലി ലഭിക്കുക എന്നത് വലിയ കടമ്പയായി മാറുന്നു.
സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൻകിട കച്ചവടക്കാരുടെ പരസ്യ തന്ത്രങ്ങളോടും വിപണി കീഴടക്കാനെടുക്കുന്ന രീതികളോടും പൊരുതിനിൽക്കുക എന്നത് പ്രയാസകരമാണ്. തനിമയും പരിശുദ്ധിയും കേരളീയതയും ഉറപ്പുവരുത്തി നൽകുന്ന ഉത്പന്നങ്ങൾ പോലും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളിലും പരസ്യ വാചകങ്ങളിലും കുടുങ്ങി തമസ്കരിക്കപ്പെട്ടു പോകുന്നു. അതുകൊണ്ടുതന്നെ ലാഭകരമായ അവസ്ഥയിലേയ്ക്ക് മൈക്രോ സംരംഭ മേഖല മാറുന്നില്ല.
ഇത് മാത്രമല്ല, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നതിൽ കാര്യമായ പുരോഗതി കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീധനം എന്ന വിപത്ത് തടയുന്നതിന് നാമിനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ കൂടുതലുള്ള ഒരു സംസ്ഥാനത്താണ് വിസ്മയയും ഉത്രയും വിപഞ്ചികയുമൊക്കെ കാലയവനികയ്ക്കുള്ളിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ മറഞ്ഞുപോകുന്നതെന്നത് ഭീതിദമാണ്. സാമൂഹ്യ വികസന- – സ്ത്രീ ശാക്തീകരണ മേഖലകളിൽ കുടുംബശ്രീ വലിയ ഇടപെടലുകൾ നടത്തുമ്പോൾ തന്നെയാണ് ഇത്തരം സംഭവങ്ങൾ എന്നതും നാം കാണണം.
ഇന്ന് കുടുംബശ്രീവഴി വലിയ തോതിൽ സാമ്പത്തിക ശാക്തീകരണമുണ്ടായി എന്ന് പറയുമ്പോഴും വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ സ്ത്രീകളെ സാമ്പത്തിക ബാധ്യതകളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ വിശ്വാസ്യതയും അയൽക്കൂട്ടമെന്ന സൗകര്യവും ഈ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുകയാണ്. എന്നാൽ ഇതിലെ അപകടം മനസ്സിലാക്കാതെ ഉപഭോഗാവശ്യങ്ങൾക്കായി സ്ത്രീകൾ എളുപ്പത്തിൽ ഈ ചതിക്കുഴിയിൽ ചെന്ന് വീഴുകയും ചെയ്യുന്നു. ഇതിനെതിരായ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്.
അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 27 വർഷങ്ങൾ പൂർത്തിയായി എന്നതുകൊണ്ടുതന്നെ അതിലെ പല അംഗങ്ങൾക്കും പ്രായമേറിയിട്ടുമുണ്ട്. ഇവരുടെ ശാരീരിക – മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സാമൂഹ്യ പിന്തുണാ സംവിധാനമായിക്കൂടി കുടുംബശ്രീ സംവിധാനം രൂപാന്തരം പ്രാപിക്കണം.
വികസിക്കുന്ന തൊഴിൽ മേഖലയും
കുടുംബശ്രീയും
ഏതൊരു സംവിധാനത്തെ സംബന്ധിച്ചും 27 വർഷങ്ങൾ ഒരു വലിയ കാലയളവാണ്. അതുവരെ തുടർന്നിരുന്ന പ്രവർത്തനശൈലി മാറ്റിപ്പിടിക്കേണ്ട കാലയളവുമാണ്. കുടുംബശ്രീയുടെ കാര്യത്തിലും ഇത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി കുടുംബശ്രീ ഗൗരവപൂർണ്ണമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. 48 ലക്ഷം സ്ത്രീകളെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇതിനുപുറമേ 4 ലക്ഷത്തോളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്. ഇവരെ തൊഴിലെടുക്കുന്നതിന് പ്രാപ്തമാക്കേണ്ടത് കുടുംബശ്രീയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. സ്വയം തൊഴിൽ സംരംഭമേഖലയ്ക്കുമപ്പുറം വേതനാധിഷ്ഠിത തൊഴിൽ മേഖലയ്ക്കും കൂടി കുടുംബശ്രീ ഊന്നൽ കൊടുക്കേണ്ടതുണ്ട്. സാധ്യതയുള്ള തൊഴിൽ മേഖലകൾ കണ്ടെത്തണം, മൈക്രോ സംരംഭം എന്നത് ചെറുകിട വ്യവസായ സംരംഭം എന്ന നിലയിലേയ്ക്ക് മാറേണ്ടിയിരിക്കുന്നു. സംരംഭകർക്കുപുറമേ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന തൊഴിൽദാതാക്കൾ കൂടിയായി മാറണം. സ്ത്രീകൾ തൊഴിലെടുക്കുന്ന ഇടങ്ങൾ സംബന്ധിച്ച അറിവും അത്തരം ഇടങ്ങളിൽ അവർ നേരിടുന്ന ചൂഷണം സംബന്ധിച്ച തിരിച്ചറിവും ഉണ്ടാവണം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്തുന്നതിനുള്ള സക്രിയമായ ഇടപെടലുകൾ നടത്തണം. സ്ത്രീകൾക്ക് അഭിമാനത്തോടെ തൊഴിലെടുക്കാൻ കഴിയുന്ന അന്തരീക്ഷ സൃഷ്ടി ഉണ്ടാവണം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം തൊഴിൽ ചൂഷണം തിരിച്ചറിയുന്നതിന് സ്ത്രീകളെ സഹായിക്കുന്നതിനും കുടുംബശ്രീയ്ക്ക് സാധിക്കണം.
ഇവ സാധ്യമാകണമെങ്കിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റമുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ സിഡിഎസ്സുകൾ പ്രാദേശിക സർക്കാരുകളുടെ തൊഴിൽ വികസന ഏജൻസികളായി മാറണം. പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും അതിന് അനുയോജ്യരായ തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനും ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സിഡിഎസ്സുകൾക്ക് കഴിയണം. ലഭ്യമായ തൊഴിലുകൾക്കാവശ്യമായ നൈപുണി പരിശീലനങ്ങൾ യോഗ്യരായവർക്ക് നൽകുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കണം. സ്ത്രീകൾക്ക് അഭിമാനത്തോടെ തൊഴിലെടുക്കാൻ കഴിയുന്നതിനുള്ള സാമൂഹ്യ – സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ള പ്രാദേശിക തൊഴിൽദാന ഏജൻസിയായും തൊഴിൽ കേന്ദ്രമായും കുടുംബശ്രീ സിഡിഎസ്സുകൾ രൂപാന്തരം പ്രാപിക്കണം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനായി എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി നൈപുണി പരിശീലനം ലഭ്യമാക്കുന്നതിനും സാങ്കേതിക സഹായം ഉറപ്പാക്കുന്നതിനും സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനത്തിനുമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ 2022 ൽ പുറത്തിറങ്ങിയ വിവിധ ഉത്തരവുകൾ മുഖേന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ പ്രാദേശിക സർക്കാരുകളുടെ പ്രധാന നിർവ്വഹണ ഏജൻസിയായി കുടുംബശ്രീ സി ഡി എസ്സ് വർത്തിക്കണം. ഇതിന് സഹായിക്കുന്ന ഒരു അവസരമാണ് വിജ്ഞാന കേരളം മുന്നോട്ടുവയ്ക്കുന്നത്.
വിജ്ഞാന കേരളം പദ്ധതിയുടെ നാല് പ്രധാന ട്രാക്കുകളിൽ മൂന്നാമത്തേത് കുടുംബശ്രീ വഴി സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽ മേളകളാണ്. കുടുംബശ്രീ സി ഡി എസ്സ് ഓഫീസുകൾ തൊഴിൽ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സിഡിഎസ്സുകളുടെ നേതൃത്വത്തിൽ പ്രാദേശിക സർക്കാരുകളുടെ സഹായത്തോടെ രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സുകൾ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ലഭ്യമായ മുഴുവൻ തൊഴിലുകളും സംബന്ധിച്ച വിവരങ്ങൾ സമാഹരിച്ച് മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും. ഈ ഒഴിവുകൾ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ പ്രസിദ്ധീകരിച്ച് തൊഴിലന്വേഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കും. തൊഴിൽദായകരെയും തൊഴിലന്വേഷകരെയുമുൾപ്പെടുത്തി പ്രാദേശിക തൊഴിൽ മേളകൾ നടത്തി തൊഴിൽ ലഭ്യമാക്കും. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്നതാണ് വിജ്ഞാനകേരളം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.
ഇതോടെ പ്രാദേശിക തൊഴിലുകൾ സമാഹരിച്ച് തൊഴിൽ ബാങ്ക് സൃഷ്ടിക്കുകയും പ്രാദേശികമായി തന്നെ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യുന്ന പ്രാദേശിക തൊഴിൽദാന ഏജൻസിയായിക്കൂടി കുടുംബശ്രീ രൂപാന്തരം പ്രാപിക്കും. l



