സന്നദ്ധ പ്രവർത്തക കൂട്ടായ്മയിലൂന്നിയ ജനകീയ ക്യാമ്പയിനിലൂടെ സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് വരുന്ന ഇൻസ്ട്രക്ടർമാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവരുടെ ചിട്ടയായ ഇടപെടലും കൂട്ടായ പരിശ്രമവുമാണ് സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി മാറാൻ കേരളത്തെ സഹായിച്ചത്. സാക്ഷരതയ്ക്ക് ശേഷം 1996 ൽ കേരളം അക്ഷര സാക്ഷരതയിൽ നിന്ന് വികസന സാക്ഷരതയിലേക്കുള്ള പരിവർത്തനത്തിനാണ് ജനകീയാസൂത്രണത്തിലൂടെ ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും വലിയ പ്രാദേശിക വികസന ക്യാമ്പയിനായി ജനകീയാസൂത്രണത്തെ മാറ്റുന്നതിൽ സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപന തലങ്ങളിൽ പ്രവർത്തിച്ച സന്നദ്ധപ്രവർത്തന ശൃംഖലയ്-ക്ക് വലിയ പങ്കുണ്ടായിരുന്നു. സംസ്ഥാനതല കീ റിസോഴ്സ്-പേഴ്സൺമാർ, ജില്ലാ തല ഡിആർപിമാർ, തദ്ദേശസ്ഥാപന തല ലോക്കൽ റിസോഴ്സ് പേഴ്സൺമാർ എന്നിവർ ജനകീയാസൂത്രണത്തിന്റെ നട്ടെല്ലായി മാറി.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ വിലയിരുത്തി അംഗീകാരത്തിന് ശുപാർശ ചെയ്യുന്നതിനുള്ള വിദഗ്ധരുടെ സംഘങ്ങൾ ബ്ലോക്ക്, നഗരസഭ, ജില്ലാ തലങ്ങളിൽ പ്രവർത്തിച്ചു. ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരാണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിച്ചത്.
സന്നദ്ധ പ്രവർത്തകരുടെ വലിയ ശൃംഖലയിലൂടെ വലിയ മൂലധന നിക്ഷേപം ഇല്ലാതെ തന്നെ വിപുലമായ സാമൂഹിക ലക്ഷ്യങ്ങൾ നേടാം എന്നാണ് സാക്ഷരതയും ജനകീയാസൂത്രണവും കേരളത്തിലൂടെ ലോകത്തിനു പകർന്നു നൽകിയ പാഠം.
ഇതേ പാതയിൽ നടത്തുന്ന വിപുലമായ ഒന്നാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ. വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള റിസോഴ്സ് പേഴ്സൺമാരുടെ വലിയ ശൃംഖലയിലൂടെയും, പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പൽ, ജില്ലാതലങ്ങളിൽ ജനകീയ സംഘടനാ സംവിധാനങ്ങളിലൂടെയും തൊഴിലില്ലായ്മ എന്ന കേരളത്തിന്റെ വികസന പ്രശ്നത്തിന് ഉത്തരം കണ്ടെത്താനാണ് വിജ്ഞാന കേരളം ശ്രമിക്കുന്നത്.
സന്നദ്ധപ്രവർത്തകരുടെ
വിപുലമായ ശൃംഖല
സംസ്ഥാന/ ജില്ലാ/ പ്രാദേശിക തലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ വിപുലമായ ജനകീയ ശൃംഖല സൃഷ്ടിക്കുക എന്നതാണ് വിജ്ഞാന കേരളം പ്രവർത്തനത്തിന്റെ ആദ്യപടിയായി ചെയ്തത്. സന്നദ്ധപ്രവർത്തകരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലന സംവിധാനമായ കിലയെയാണ് ഏൽപ്പിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിൽ നിന്നുമായി 440 പേരെ കണ്ടെത്തി, കീ റിസോഴ്സ് പേഴ്സൺമാരായി (കെആർപി) പരിശീലിപ്പിക്കുന്നതിന് കഴിഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ പങ്കെടുത്തവർ, വിവിധമേഖലകളിൽ വിദഗ്-ധരായ സന്നദ്ധ പ്രവർത്തകർ, ജീവനക്കാർ എന്നിവരടങ്ങിയ ഒരു ചേരുവ കെആർപി ശൃംഖലയുടെ ഭാഗമായി വിജ്ഞാന കേരളത്തിലേക്ക് കടന്നുവന്നു. രണ്ട് ഘട്ടങ്ങളിലായി 4 ദിവസത്തെ പരിശീലനങ്ങൾ കെആർപിമാർക്ക് നൽകി. 20 മുതൽ 25 വരെ ആളുകൾ ഓരോ ജില്ലയിലും കെആർപിമാരായി മാറി. ജില്ലകളിലെ ബ്ലോക്കുകൾ, മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കാൻ കെആർപിമാരെ കണ്ടെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കെആർപിമാർക്ക് ഒപ്പം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ചുരുങ്ങിയത് ഒരു ഡിആർപി എന്ന നിലയിൽ കണ്ടെത്താൻ കഴിഞ്ഞു. സംസ്ഥാനത്താകെ 2400 പേർ പരിശീലനങ്ങളിൽ പങ്കാളികളായി.
ഇതോടൊപ്പം വിജ്ഞാന കേരളത്തിന്റെ റിസോഴ്സ് പേഴ്സൺ സംഘത്തെ വാർഡുതലം വരെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. നിലവിൽ 20,000 ത്തിലേറെ പേർ വിവിധ ജില്ലകളിലായി ലോക്കൽ റിസോഴ്സ്-പേഴ്സൺമാർ എന്ന നിലയിൽ പരിശീലനങ്ങളിൽ അണിനിരന്നു. സർവ്വീസ് സംഘടനാ പ്രവർത്തകർ, പെൻഷണേഴ്സ് യൂണിയൻ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ, മുൻ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ലോക്കൽ റിസോഴ്സ് പേഴ്സൺമാരായി വിജ്ഞാന കേരളത്തിന്റെ ഭാഗമായി . ഇതോടൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലും സാക്ഷരതാ പ്രേരക്മാർ, കമ്യൂണിറ്റി അംബാസിഡർമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, പട്ടികജാതി,- പട്ടികവർഗ്ഗ വകുപ്പുകളിലെ പ്രമോട്ടർമാർ എന്നിങ്ങനെ 5000 പേർക്ക് ജില്ലാതലങ്ങളിൽ പരിശീലനം നൽകി. ജില്ലാതല പരിശീലനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് കെ.ആർ.പിമാർ തന്നെയായിരുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഒരു വിജ്ഞാന കേരളം ടീമിനെ തയ്യാറാക്കാൻ ഈ പരിശീലന ശൃംഖലകൾ സഹായിച്ചു.
വിജ്ഞാന കേരളത്തിന്റെ
വിപുലമായ സംഘടനാസംവിധാനം
വിജ്ഞാന കേരളത്തിന് സംസ്ഥാന- ജില്ലാ തലങ്ങളിലും ബ്ലോക്ക്, മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലും വിപുലമായ ഒരു സംഘടനാസംവിധാനം പ്രവർത്തിക്കുന്നു.
സംസ്ഥാനതലത്തിൽ മുൻധനകാര്യ മന്ത്രിയും വിജ്ഞാനകേരളം അഡ്വൈസറുമായ ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ അംഗമായ ഒരു കോർ കമ്മിറ്റി പ്രവർത്തിക്കുന്നു. ഇതോടൊപ്പം K–DISC ഓഫീസ് കേന്ദ്രീകരിച്ച് ഒരു പ്രോഗ്രാം മാനേജ്മെന്റ്- ടീമും പ്ലാനിങ് സെല്ലും പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയുമായി ചേർന്നുള്ള പ്രാദേശിക തൊഴിൽ സമാഹരണത്തിന് സംസ്ഥാനതല ടാസ്ക് ഫോഴ്സും, ജില്ലാതലങ്ങളിൽ പ്രൊജക്ട് മാനേജ്മെന്റ്- ടീമും പ്രവർത്തിക്കുന്നു. വിജ്ഞാന കേരളത്തിന്റെ സ്കില്ലിങ് ട്രാക് കൈകാര്യം ചെയ്യാൻ K–DISC ലെ ഒരു ടീമും ടെക്നിക്കൽ, ആർട്സ് ആൻഡ്- സയൻസ് മേഖലകളിൽ മൂന്ന് സംസ്ഥാന അക്കാദമിക് കോർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. ഇവരോടൊപ്പം ജില്ലാതലങ്ങളിൽ പ്രവർത്തിക്കുന്ന അക്കാദമിക കോർഡിനേറ്റർമാരുടെ സംഘമാണ് ജില്ലാതലത്തിൽ സ്കില്ലിങ് പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്.
ജില്ലാ വിജ്ഞാന കൗൺസിലുകൾ
അതത് ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാർ അദ്ധ്യക്ഷരായും, ജില്ലകളിലെ എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്-, മേയർമാർ, നഗരസഭ ചെയർപേഴ്സൺമാർ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ, ജില്ലാകളക്ടർ എന്നിവരുൾപ്പടെയുള്ള സംഘമാണ് വിജ്ഞാന കൗൺസിലുകൾ ജില്ലാതലങ്ങളിൽ നയിക്കുന്നത്. ബ്ലോക്ക്, നഗരസഭാ പഞ്ചായത്ത് തലങ്ങളിലും ജനകീയ കൗൺസിലുകൾ രൂപീകരിക്കുന്നതിന് വിജ്ഞാനകേരളം ലക്ഷ്യമിടുന്നു. താഴെതലംവരെ ജനകീയ സംഘടനാ സംവിധാനം ശക്തമാക്കുക എന്നതാണ് ലക്ഷ്യം. ജില്ലകളിലെ ആകെ ജനകീയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനാസംവിധാനമായി ഇത് പ്രവർത്തിക്കുന്നു.
ജില്ലാ പിഎംയുകൾ
വിജ്ഞാന പത്തനംതിട്ട പരിപാടിയുടെ ഭാഗമായി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ രൂപപ്പെടുത്തിയ സംഘടനാരൂപവും റിസോഴ്സ് പേഴ്സൺ സംവിധാനങ്ങളുമാണ് പിന്നീട് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരളമാകെ വ്യാപിപ്പിച്ചത്.
സംസ്ഥാനതല സംവിധാനത്തിന് പുറമെ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റുകളാണ് അതാത് ജില്ലകളിലെ വിജ്ഞാന കേരളം പ്രവർത്തനങ്ങളുടെ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിജ്ഞാന കേരളം പ്രവർത്തനങ്ങൾ നയിക്കാൻ എല്ലാ ജില്ലകളിലും ഒരു ജില്ലാമിഷൻ കോർഡിനേറ്റർ പ്രവർത്തിക്കുന്നു. വിവിധമേഖലകളിൽ അനുഭവങ്ങളുള്ളവരും, പ്രഗത്ഭരുമായ വ്യക്തിത്വങ്ങളാണ് ഡിഎംസിമാരായി പ്രവർത്തിക്കുന്നത്.
പിഎംസി മാർക്കുപുറമേ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാർ, അക്കാദമിക് കോർഡിനേറ്റർമാർ, കെ–ഡിസ്കിന്റെ ടാലന്റ് ക്യൂറേഷൻ എക്സിക്യൂട്ടീവുമാർ എന്നിവരും പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു. ജില്ലയിലെ വിവിധ ചേരുവകളിൽ നിന്നുള്ള ഈ നേതൃത്വമാണ് പിഎംയു പ്രവർത്തനങ്ങളെ ചലനാത്മകമാക്കുന്നത്.
ജോബ് സ്റ്റേഷനുകൾ
കേരളത്തിലെമ്പാടും ജില്ലാ പിഎംയുകൾക്കുപുറമെ ബ്ലോക്ക്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ വിജ്ഞാനകേരളത്തെ ജനങ്ങളിലേക്കെത്തിക്കുന്ന സംഘടനാരൂപം ജോബ്സ്റ്റേഷനുകളാണ്.
നിലവിൽ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവരുമായി ബന്ധപ്പെട്ട് ഉടൻ തൊഴിൽ ആവശ്യമുള്ളവരെ കണ്ടെത്തുക, പുതുതായി രജിസ്റ്റർ ചെയ്യേണ്ടവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കുക, രജിസ്റ്റർ ചെയ്തവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളാക്കുക, രജിസ്റ്റർ ചെയ്തവരെ തൊഴിൽ മേളകളിലേക്ക് എത്തിക്കുക, പ്രാദേശിക തൊഴിൽ മേളകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ജോബ് സ്റ്റേഷനുകൾ എകോപിപ്പിക്കുന്നു.
ഇതോടൊപ്പം കുടുംബശ്രീയുമായി ചേർന്നുള്ള പ്രാദേശിക തൊഴിൽമേളകൾക്കായി തൊഴിലുകൾ കണ്ടെത്തുക, ഗൾഫ് തൊഴിൽ മേളകളിലേക്ക് താത്പര്യമുള്ളവരെ അപേക്ഷിപ്പിക്കുക, അക്കാദമിക സ്ഥാപനങ്ങളിലെ സ്കിൽ സെന്ററുകളെ പിന്തുണയ്-ക്കുക, പ്രാദേശിക നൈപുണി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയും ജോബ്സ്റ്റേഷൻ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു.
വിജ്ഞാന കേരളം കെആർപിമാർ, കിലയുടെ തീമാറ്റിക് എക്സ്പേർട്ടുകൾ, RGSA ബ്ലോക്ക് കോർഡിനേറ്റർമാർ, DDUGKY ബ്ലോക്ക് കോഡിനേറ്റർമാർ, ജോയിന്റ്- ബിഡിഒമാർ തുടങ്ങിയ ഒരു സംഘമാണ് സ്റ്റേഷനുകളുടെ ഭാഗമായി പ്രവർത്തിക്കുന്നത്. സമാനമായ ഒരു ടീം നഗരസഭകളിലും കോർപ്പറേഷനുകളിലും പ്രവർത്തിക്കുന്നു. കോർപ്പറേഷനുകളിലും വലിയ നഗരസഭകളിലും ഒന്നിലധികം ജോബ് സ്റ്റേഷനുകൾ വിഭാവനം ചെയ്യപ്പെടുന്നു. ജോബ് സ്റ്റേഷൻ അംഗങ്ങൾക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിലും നടന്നുകഴിഞ്ഞു. 1600 പേർ പരിശീലനത്തിൽ പങ്കാളികളായി.
പഞ്ചായത്തുതല തൊഴിൽ കേന്ദ്രങ്ങൾ
ബ്ലോക്ക് ജോബ് സ്റ്റേഷനുകൾക്ക് താഴെ ഓരോ പഞ്ചായത്തിലും തൊഴിൽ കേന്ദ്രങ്ങൾ എന്ന പേരിൽ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.
കില പരിശീലനം നൽകിയ സാക്ഷരതാ പ്രേരക്മാർ, എസ് സി എസ് ടി പ്രമോട്ടർമാർ, കമ്യൂണിറ്റി അംബാസിഡർമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, DRP മാർ എന്നിവർ ഉൾപ്പെട്ട ടീമാണ് തൊഴിൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ ഓഫീസുകൾ തൊഴിൽ കേന്ദ്രങ്ങളായി കൂടി പ്രവർത്തിക്കുക എന്നതാണ് വിജ്ഞാന കേരളം വിഭാവനം ചെയ്തിട്ടുള്ളത്.
DWMS പ്ലാറ്റ്ഫോമിലെ ഡാറ്റ കുറ്റമറ്റതാക്കുക, വീടുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പുതിയ ആളുകളെ ചേർക്കുക, DWMS രജിസ്റ്റർ ചെയ്തവർക്ക് പ്രാഥമിക പരിശീലനങ്ങൾ നൽകി തൊഴിൽ മേളകളിൽ പങ്കെടുപ്പിക്കുക, പ്രാദേശിക തൊഴിൽ സാധ്യതകൾ കണ്ടെത്തുക, തൊഴിൽ മേളകളിലേക്ക് ആളുകളെ രജിസ്റ്റർ ചെയ്യിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തൊഴിൽ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പരിശീലന ഏകോപനം
കെആർപിമാർ, ഡിആർപിമാർ, എൽആർപിമാർ, ജോബ് സ്റ്റേഷൻ അംഗങ്ങൾ, തൊഴിൽ കേന്ദ്രം ടീം എന്നിങ്ങനെ 35,000 ത്തോളം പേരെ ഇതിനകം വിജ്ഞാനകേരളത്തിന്റെ ഭാഗമായി പരിശീലിപ്പിച്ചു കഴിഞ്ഞു.
കിലയുടെ നേതൃത്വത്തിലാണ് പരിശീലനങ്ങളുടെ ആസൂത്രണവും സംഘാടനവും നടന്നത്.
ജനകീയ ഇടപെടലിന്റെ അനുകരണീയ മാതൃക
സാക്ഷരതാ പ്രസ്ഥാനം പോലെയോ ജനകീയാസൂത്രണം പോലെയോ കേരളം കണ്ട വിപുലമായ ഒരു ജനകീയ പ്രസ്ഥാനമായി രൂപപ്പെടുകയാണ് വിജ്ഞാന കേരളം.
കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള വിജ്ഞാന കേരളം പദ്ധതിയുടെ നട്ടെല്ലായി സന്നദ്ധ പ്രവർത്തക ശൃംഖലയും ജനകീയ സംഘടനാരൂപങ്ങളും മാറുകയാണ്.
ജനകീയ കൂട്ടായ്മയിലൂടെ അസാധ്യമായതിനെ സാധ്യമാക്കുക എന്ന കേരളീയ വികസന അനുഭവം വിജ്ഞാന കേരളത്തിലൂടെ ആവർത്തിക്കപ്പെടുകയാണ്. l



