ടൂറിസം ഇന്ന് വിനോദത്തിനും വിശ്രമത്തിനും അതീതമായി സാമൂഹിക പുനർഘടനയ്ക്കും സമത്വപരമായ വികസനത്തിനും ഇടയാകുന്ന ആധുനിക ഉപാധിയായി മാറിക്കൊണ്ടിരിക്കുന്നു. സന്ദർശകന്റെ അനുഭവങ്ങൾ മാത്രമല്ല, ആതിഥേയ സമൂഹങ്ങളുടെ സമഗ്ര പുരോഗതിയും അടിയന്തരമായി പരിഗണിക്കപ്പെടേണ്ട ഘടകമായി വികസിച്ചുവരുന്നു.
2002-ലെ Cape Town Declaration ന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഉത്തരവാദിത്ത ടൂറിസം എന്ന ആശയം, ടൂറിസം പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കും സാമ്പത്തിക ശാക്തീകരണത്തിനും സാധ്യതകളുണ്ടാക്കേണ്ടതിന്റെ നിർദേശമാണ് മുന്നോട്ടുവച്ചത്. കേരളം 2008 ൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥ്യമരുളിക്കൊണ്ട് ഉത്തരവാദിത്ത ടൂറിസത്തിന്റെ കേരള പ്രഖ്യാപനം നടത്തി. അതിനൊപ്പം, ജൻഡർ ഇൻക്ലൂസീവ് ടൂറിസം എന്ന ആശയം, സ്ത്രീകൾക്കും മറ്റു ലിംഗവിഭാഗങ്ങളിലുള്ള വ്യക്തികൾക്കും സുരക്ഷിതവും അതിസമ്പന്നവുമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വിനോദസഞ്ചാര മാതൃകകളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
ഭൗതിക, മാനസിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലായി സ്ത്രീകൾക്ക് തുല്യാവകാശവും തീരുമാനാധികാരവുമുളള സ്വതന്ത്രമായ സ്ഥാനമനുവദിക്കുന്ന പ്രക്രിയയാണ് സ്ത്രീശാക്തീകരണം. സംരംഭകത്വം, സാമ്പത്തിക അധികാരം, സാമൂഹിക അംഗീകാരം എന്നീ ഘടകങ്ങൾ വനിതകളുടെ വൈയക്തികവും സാമൂഹികവുമായ പുരോഗതിക്ക് നിർണായകമാണ്.
ഈ സൈദ്ധാന്തിക ചിന്താഗതികളെ കൃത്യമായി ആവിഷ്കരിച്ചും പ്രായോഗിക തലത്തിൽ നടപ്പാക്കിയുമാണ് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയിൽ ദേശീയ അന്തർദേശീയ ശ്രദ്ധ നേടിയതും വനിതാ ശാക്തീകരണത്തിനായി വിജയകരമായ മാതൃകയായി മാറിയതും.
കേരളം വികസിപ്പിച്ച
പ്രായോഗിക മാതൃക
2007-ൽ കേരളം തീരുമാനിക്കുകയും 2008-ൽ ഔദ്യോഗികമായി പ്രയോഗവത്കരണത്തിന് തുടക്കമിടുകയും ചെയ്ത കേരള റെസ്പോൺസിബിൾ ടൂറിസം ഇനിഷ്യേറ്റീവ് പിന്നീട് മിഷനായും ഇപ്പോൾ സൊസൈറ്റിയായും മാറുകയും ഈ മേഖലയിൽ ക്രിയാത്മകവും വിജയകരവുമായ മാതൃകകൾ രൂപപ്പെടുത്തുകയും ചെയ്തു.
പങ്കാളിത്തം, ഉത്പാദന ശൃംഖലയുടെ ഒരു ഘടകമാകൽ, ലാഭവിനിമയം, ജനകീയ പങ്കാളിത്തം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ശരിയായ സാമൂഹിക- പങ്കാളിത്ത വിനോദ സഞ്ചാര മാതൃക നടപ്പിലാക്കി. തുടക്കത്തിൽ തന്നെ അതിൽ സ്ത്രീകളെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തി, അവർക്കായി പ്രത്യേക പദ്ധതികൾ, പരിശീലനങ്ങൾ, മാർഗരേഖകൾ തുടങ്ങിയ ഘടകങ്ങൾ ശക്തമായി നടപ്പിലാക്കി.
ഷീ ടൂറിസം – സ്ത്രീ ശാക്തീകരണത്തിനുള്ള
പുതുവഴി
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന She Tourism പദ്ധതി, വനിതകൾക്ക് തങ്ങളുടെ ജീവിതാനുഭവങ്ങൾ, പാരമ്പര്യ തൊഴിലുകൾ, സാംസ്‌കാരികമൂല്യങ്ങൾ, കലാ പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാത്തരം സംരംഭസാദ്ധ്യതകളും ടൂറിസത്തിലൂടെ വികസിപ്പിക്കാനുള്ള പരമാവധി സാധ്യതകൾ ഒരുക്കുന്നു.
ഹോംസ്റ്റേ, തനതായ ഭക്ഷ്യ ഉത്പാദനം, അനുഭവവേദ്യ ടൂറിസം ഗൈഡിങ്, കൈത്തറി-കൈത്തൊഴിൽ ഉൽപ്പന്ന നിർമാണം, ഫാം ടൂറിസം, ഫോക് ആർട്ട്, ഡിജിറ്റൽ മാർക്കറ്റിംഗ്, വനിതാ സഞ്ചാരികൾക്കായുള്ള പ്രത്യേക സേവനങ്ങൾ തുടങ്ങിയ മേഖലകളിലായി സ്ത്രീകൾക്ക് വലിയ തോതിൽ പങ്കാളികളാകാൻ കഴിയും. സംരംഭകത്വ പരിശീലനം, മാർക്കറ്റിംഗ് പിന്തുണ, സാമ്പത്തിക സഹായം തുടങ്ങിയവകൊണ്ട് അവരുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണാ സംവിധാനം കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി നൽകും.
സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി –
ഇന്ത്യയിലെ ആദ്യ women- inclusive tourism model
2022 ഒക്ടോബറിൽ ആരംഭിച്ച സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി, ഇന്ത്യയിലെ ആദ്യ Women Inclusive Tourism മാതൃകയായി ദേശീയ ശ്രദ്ധനേടിയിരിക്കുകയാണ്. UN Women India-യുടെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഈ പദ്ധതിയുടെ രൂപീകരണവും നടപ്പിലാക്കലും. സ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേ യൂണിറ്റുകൾ, ജൻഡർ സെൻസിറ്റീവ് പരിശീലനങ്ങൾ, സുരക്ഷാ മാർഗരേഖകൾ, ഗ്രീവൻസ് റീഡ്രസൽ സംവിധാനങ്ങൾ, ജൻഡർ ഓഡിറ്റ്, ഡെസ്റ്റിനേഷൻ സേഫ്റ്റി സ്റ്റഡികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ടു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ക്യാമറ സംവിധാനങ്ങൾ, ഫീഡിങ് സെന്ററുകൾ, ഹെൽപ്പ് ഡെസ്ക്, യാത്രാസഹായം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന തൊഴിൽ മേഖലകളും
സംരംഭ സാധ്യതകളും
കേരളത്തിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്ന പ്രധാന തൊഴിൽ മേഖലകൾ:
• ഹോംസ്റ്റേ & ഹോസ്പിറ്റാലിറ്റി സേവനങ്ങൾ
• തനതായ ഭക്ഷ്യ ഉത്പാദനം
• ടൂറിസം പാക്കേജുകളുടെ ഭാഗമായ
പാരമ്പര്യ തൊഴിലുകൾ
• ടൂറിസവുമായി ബന്ധപ്പെടുത്താവുന്ന
കൈത്തറി, കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ
• ടൂറിസ്റ്റ് ഗൈഡിങ്
• അനുഭവവേദ്യ ടൂറിസം (experiential tourism)
• കായൽ വിനോദങ്ങൾ, കയാക്കിങ്
തുടങ്ങിയ ജലസഞ്ചാര സംരംഭങ്ങൾ
• ഡിജിറ്റൽ മാർക്കറ്റിംഗ്
• വനിതാ നേതൃത്വത്തിലുള്ള ടൂറിസം
ഗ്രൂപ്പുകൾ
• വിമൻ ടൂർ കമ്പനികൾ
• ഫാം ടൂറിസം
• പരിസ്ഥിതി സൗഹൃദ ഉത്പന്ന നിർമ്മാണം
• ടൂറിസം ഉള്ളടക്കം നിർമ്മാണം (Tourism content creation)
നേട്ടങ്ങളുടെ കണക്കുകൾ
1.5 ലക്ഷം കുടുംബങ്ങൾക്കാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നേരിട്ടോ പരോക്ഷമായോ തൊഴിലും വരുമാനവും ലഭ്യമാകുന്നത്. വിവിധ ടൂറിസം സംരംഭങ്ങളിലായി 45000-ത്തിലധികം സ്ത്രീകൾ പങ്കാളികളാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിലെ 17,631 യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലോ നേതൃത്വത്തിലോ പ്രവർത്തിക്കുന്നവയാണ്.
UNWTO, PATA, WTM London എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിൽ Women Inclusive Tourism മോഡലായി കേരളം അംഗീകരിക്കപ്പെട്ടു.
ധനസഹായ സ്കീമുകൾ – സംരംഭകത്വത്തിന് അടിത്തറ
• സംരംഭകത്വ തുടക്കത്തിനായി ഒറ്റത്തവണ 10,000 രൂപ ധനസഹായം
• ബയോഗ്യാസ് പ്ലാന്റുകൾക്ക് 25,000 രൂപ വരെ
• വനിതാ RT ക്ലബുകൾക്ക് 2 ലക്ഷം രൂപ വരെ സംരംഭകത്വ വികസന സഹായം
• ഫുഡ് ബാങ്ക്/ഹാൻഡിക്രാഫ്റ്റ് യൂണിറ്റുകൾക്ക് 25,000 രൂപ വരെ
• വിശേഷ പദ്ധതികൾക്ക് 1 ലക്ഷം രൂപ വരെ
She Tourism പദ്ധതിക്കുള്ള വായ്പയായി 4 കോടി രൂപ 4% ഇന്ററസ്റ്റ് സബ് വെൻഷൻ ആയി വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി
2024 ഡിസംബറിൽ മൂന്നാറിൽ നടന്ന Global Women’s Conference on Gender Inclusive and Responsible Tourism, ഇന്ത്യയിലെ ആദ്യ ജൻഡർ ഇൻക്ലൂസീവ് ടൂറിസം കോൺഫറൻസ് എന്ന നിലയിൽ ചരിത്രപരമായി രേഖപ്പെടുത്തപ്പെട്ടു. അതിലെ കേരള പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതികളാകെ നടപ്പാക്കുന്നത്.
• ഭാവി ദിശയും ലക്ഷ്യങ്ങളും
• വനിതാ ടൂർ ഓപ്പറേറ്റർമാരുടെ എണ്ണം വർധിപ്പിക്കൽ
• സുരക്ഷിത യാത്രാനുഭവങ്ങൾ ഉറപ്പാക്കുന്ന സൗകര്യങ്ങൾ
• സംയോജിത മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ
• അന്തർദേശീയ നിലവാരമുള്ള ഇക്കോസിസ്റ്റമായുള്ള ഷീ ടൂറിസത്തിന്റെ വികസനം
കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സമിതിയുടെ ജൻഡർ ഇൻക്ലൂസീവ് പ്രവർത്തനങ്ങൾ, ടൂറിസം മേഖലയിൽ പ്രചോദനമായി മാറുകയാണ്. സാമൂഹിക നീതി, സാമ്പത്തിക ശാക്തീകരണം, ലിംഗ സമത്വം എന്നിവ ഉറപ്പാക്കുന്ന ഈ പ്രസ്ഥാനം, കേരളം തന്നെ അന്താരാഷ്ട്ര തലത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രകാശദീപമായി ഉയരാൻ സഹായിച്ചു.
മാതൃകയായി മാറുന്ന കേരള മോഡൽ, സ്ത്രീശാക്തീകരണത്തിന്റെയും ഉത്തരവാദിത്ത ടൂറിസത്തിന്റെയുംകൂടി വിജയഗാഥയാണ്. l



