Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിചെരുപ്പ് നിർമ്മാണത്തിലെ 
കോഴിക്കോട് ക്ലസ്റ്ററും 
സ്ത്രീ തൊഴിലാളികളും

ചെരുപ്പ് നിർമ്മാണത്തിലെ 
കോഴിക്കോട് ക്ലസ്റ്ററും 
സ്ത്രീ തൊഴിലാളികളും

പാദരക്ഷാ നിർമ്മാണ മേഖലയിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമുണ്ടായിരുന്നു കോഴിക്കോട് ജില്ലയ്ക്ക്. ജില്ലയിലെ ചെറുവണ്ണൂർ,- നല്ലളം, ഫറോക്ക് മേഖലകൾ കേന്ദ്രീകരിച്ചുകൊണ്ട് ചെറുതും വലുതുമായ നിരവധി കമ്പനികൾ ഉയർന്നുവന്നു. ഏതാണ്ട് 130 പാദരക്ഷാ നിർമ്മാണ യൂണിറ്റുകൾ ഈ കാലഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ ഉണ്ടായിരുന്നു. ഇപ്പോഴും കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പാദരക്ഷാ വ്യവസായത്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കേന്ദ്രങ്ങളിലൊന്ന് കോഴിക്കോടാണ്.

ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ കമ്പനികളിൽ പണിയെടുക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളാണ്. ഈ കമ്പനികളോടൊപ്പം ചെരുപ്പ് നിർമ്മാണവുമായി നേരിട്ട് ബന്ധപ്പെടുന്ന അനുബന്ധ തൊഴിൽ മേഖലകളും ചെറുവണ്ണൂർ, -നല്ലളം പ്രദേശത്ത് നല്ല രീതിയിൽ വികാസം പ്രാപിച്ചിട്ടുണ്ട് എന്ന് കാണാൻ കഴിയും. അതിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ചെരുപ്പുകളുടെ അപ്പർ സ്റ്റിച്ചിങ് തൊഴിലുകളാണ്. ചെരുപ്പ് കമ്പനികൾ നേരിട്ടും പുറംകരാർ വഴിയും നടത്തുന്ന ഈ തൊഴിൽ മേഖലയിൽ ഇന്ന് ഭൂരിപക്ഷം തൊഴിലുകളും ചെയ്യുന്നത് സ്ത്രീ തൊഴിലാളികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ആദ്യകാലങ്ങളിലൊക്കെ അപ്പർ സ്റ്റിച്ചിങ്ങ് ജോലികളിൽ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളായ നിരവധി വനിതകൾ ഈ തൊഴിലെടുക്കാൻ സന്നദ്ധരായിരുന്നുവെങ്കിലും ആവശ്യമായ പരിശീലനം ലഭ്യമാക്കാൻ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. അന്ന് അതിഥി തൊഴിലാളികളായിരുന്നു ഈ രംഗത്തെ വിദഗ്ധരായി ഉണ്ടായിരുന്നത്.അവരിൽ നിന്നും പരിശീലനം നേടി ഈ തൊഴിൽ പഠിച്ചെടുക്കുന്നതിനും അതുവഴി വനിതകളെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിനും വേണ്ടി വികെസി ഗ്രൂപ്പിന്റെ കമ്പനിയിൽ 10 വനിതകളെ ഒരിക്കൽ നിയമിയ്ക്കുകയുണ്ടായി. അപ്പർ സ്റ്റിച്ചിങ്ങ് വിദഗ്ധരായ അതിഥി തൊഴിലാളികളുടെ സഹായികളായാണ് ഇവരെ നിയോഗിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിലധികം കാലം സഹായികളായി ജോലി ചെയ്തിട്ടും ഇവർക്ക് സ്വന്തമായി ജോലിചെയ്യാൻ കഴിയുന്നതിനാവശ്യമായ പഠനസഹായം വിദഗ്ധരായ അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിയ്ക്കുകയും ആ സ്ത്രീ തൊഴിലാളികൾ സഹായികളായിത്തന്നെ തുടരേണ്ടതായി വരികയും ചെയ്തു. ഇത്രയേറെ പാദരക്ഷാ യൂണിറ്റുകളും തൊഴിൽ സാധ്യതകളും ഉണ്ടായിരുന്നിട്ടും പ്രദേശത്തെ തൊഴിലെടുക്കാൻ താല്പര്യമുള്ള വനിതകൾക്ക് ജോലി നൽകുവാൻ സാധിക്കാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമായത്. ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അതിനെ തുടർന്നാണ് ചെരുപ്പു നിർമ്മാണത്തിലും രൂപകൽപ്പനയിലും പരിശീലനം നൽകാൻ കഴിയുന്ന ഒരു കേന്ദ്രം ആരംഭിയ്ക്കാനുള്ള ആശയം ഉയർന്നുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 33 പാദരക്ഷാ നിർമ്മാണ കമ്പനികൾ ചേർന്ന് 2007ൽ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ഫൂട്ട്-വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് സെന്റർ (എഫ്.ഡി.ഡി.സി) രൂപീകരിച്ചു.

എഫ്ഡിഡിസിയിലൂടെ പരിശീലനം നൽകി വനിതകളെ തൊഴിലാളികളും സംരംഭകരുമാക്കി മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ അന്ന് കേരളത്തിൽ കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരുന്ന, പിന്നീട് ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ഐഎഎസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഈ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിയ്ക്കുവാൻ താല്പര്യമെടുക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1000 വനിതകൾക്ക് പരിശീലനം നൽകി ശാക്തീകരിച്ച് തൊഴിൽ നൽകുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിയ്ക്ക് രൂപംനൽകി. എഫ്ഡിഡിസി, കുടുംബശ്രീ, ചെറുവണ്ണൂർ-–നല്ലളം ഗ്രാമ പഞ്ചായത്ത് (ഇപ്പോൾ കോഴിക്കോട് കോർപ്പറേഷൻ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത്രയും പേർക്ക് തൊഴിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആലോചന നടത്തിയത്. 1000 വനിതകളെ കുടുംബശ്രീ യൂണിറ്റുകൾവഴി തെരഞ്ഞെടുത്ത് തൊഴിൽ പരിശീലനത്തിന് അയയ്-ക്കുന്നതിനുള്ള ചുമതല കുടുംബശ്രീ മിഷൻ ഏറ്റെടുത്തു. മാത്രമല്ല പരിശീലനകാലത്ത് വരുന്ന ചെലവുകൾക്കായി ഒരാൾക്ക് 6000 രൂപ നിരക്കിൽ കുടുംബശ്രീ സബ്സിഡിയായി നൽകുവാനും ധാരണയായി. അതോടൊപ്പം പരിശീലനം പൂർത്തീകരിക്കുന്ന മുറയ്ക്ക് 10 വനിതകൾക്ക് ഒന്ന് എന്ന രീതിയിൽ യൂണിറ്റുകൾ രൂപീകരിയ്ക്കാനുള്ള ചുമതലയും കുടുംബശ്രീ ഏറ്റെടുത്തു. ഇത്തരത്തിൽ രൂപീകരിയ്ക്കപ്പെടുന്ന ഓരോ യൂണിറ്റുകൾക്കും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സ്ഥലസൗകര്യം ചെറുവണ്ണൂർ – -നല്ലളം ഗ്രാമ പഞ്ചായത്തും ആവശ്യമായ പരിശീലനം എഫ്ഡിഡിസിയും നൽകി. എന്നാലും ഓരോ യൂണിറ്റുകൾക്കും ചെറുകിട അപ്പർ സ്റ്റിച്ചിങ് കേന്ദ്രങ്ങൾ തുടങ്ങുന്നതിന് യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വേണ്ടതുണ്ടായിരുന്നു. അതിന് വിവിധ ഏജൻസികളിൽനിന്നും ബാങ്കുകളിൽനിന്നും വായ്പകൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീയും ഗ്രാമ പഞ്ചായത്തും സഹായിച്ചു.

2007 ൽ കോഴിക്കോട് വെച്ച് നടന്ന കുടുംബശ്രീയുടെ പത്താമത് വാർഷികാഘോഷവേളയിൽ വെച്ചാണ് ഈ തരത്തിലുള്ള ഒരു കരാറിൽ എഫ്ഡിഡിസിയും കുടുംബശ്രീയും ഒപ്പുവെച്ചത്. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദുകുട്ടി ആയിരം വനിതകൾക്ക് തൊഴിൽ നൽകാൻ കഴിയുമോ എന്ന് സദസ്സിൽ വെച്ച് ചോദിയ്ക്കുകയും എഫ് ഡി ഡി സി വഴി അത് സാധ്യമാക്കാൻ കഴിയുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിറഞ്ഞ സദസ്സിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. അതുമുതൽക്കിങ്ങോട്ട് നൂറു കണക്കിന് അപ്പർ സ്റ്റിച്ചിങ് യൂണിറ്റുകൾ ആരംഭിക്കുകയുണ്ടായി. ആയിരം വനിതകൾക്ക് തൊഴിൽ നൽകാൻ കഴിയുമോ എന്നാണ് പാലൊളി ചോദിച്ചിരുന്നതെങ്കിലും 2000 ത്തിലധികം വനിതകൾ ഇന്ന് എഫ്ഡിഡിസിയുടെ പരിശീലനം പൂർത്തിയാക്കിയശേഷം അപ്പർ സ്റ്റിച്ചിങ് നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നു എന്നത് അഭിമാനകരമാണ്.

കോഴിക്കോട് ജില്ലയിൽ പാദരക്ഷാ വ്യവസായ മേഖലയിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുമ്പോൾ കൂടെ ചേർത്തുപറയേണ്ടതാണ് മാറാട് സ്പർശം പദ്ധതി. 2003ലെ മാറാട് കലാപത്തെ തുടർന്ന് കുറേയധികം കാലം ആ പ്രദേശമാകെ ഭീതിയുടെ നിഴലിലായി. പരസ്പരം സംശയത്തോടെയും വെറുപ്പോടെയും മാത്രം ജീവിച്ച ഒരു കാലമായിരുന്നു അത്. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിനും കലാപബാധിത പ്രദേശത്തെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് അന്ന് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന പി ബി സലീം ഐ എ എസ്സിന്റെ മുൻകയ്യിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വി കെ സി ഗ്രൂപ്പ് സ്പർശം പദ്ധതിയിലെ അപ്പർ സ്റ്റിച്ചിങ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി മാറാട് ഒരു ഫൂട്ട്-വെയർ അപ്പർ സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിയ്ക്കുകയും പ്രദേശത്തെ വനിതകൾക്ക് അവിടെ വന്ന് തൊഴിൽ ചെയ്യാൻ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. പരസ്പരം വിഘടിച്ചുനിന്നിരുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട വനിതകളെ ഈ യൂണിറ്റുകളിൽ എത്തിയ്ക്കുക എന്നത് ആദ്യഘട്ടത്തിൽ ഏറെ ശ്രമകരമായിരുന്നു. എന്നാൽ ക്രമേണ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ഒന്നിച്ചിരുന്ന് തൊഴിൽചെയ്യുന്ന ഒരു കുടുംബം പോലെ ഈ സ്ഥാപനം മാറി. ഈ മേഖല ഇപ്പോൾ ശാന്തമാണ്. വെറുപ്പും വിദ്വേഷവും മറന്ന് ജനങ്ങൾ സാഹോദര്യത്തോടെയും ഐക്യത്തോടെയും കഴിയുന്ന ഒരു പ്രദേശമായി മാറാടിനെ മാറ്റിയെടുക്കുന്നതിൽ സ്പർശം പദ്ധതി വഴി വനിതകൾക്ക് തൊഴിലവസരം നൽകി ശാക്തീകരിച്ചത് ഏറെ സഹായകരമായിട്ടുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + eight =

Most Popular