Sunday, June 14, 2026

ad

Homeകവര്‍സ്റ്റോറിതൊഴില്‍ പൂരത്തിലൂടെ 
വിജ്ഞാനതൃശൂരിലേക്ക്

തൊഴില്‍ പൂരത്തിലൂടെ 
വിജ്ഞാനതൃശൂരിലേക്ക്

ണത്തിന് ഒരു മുറം പച്ചക്കറി’ എന്നതായിരുന്നു കുടുംബശ്രീയുടെ പ്രധാന ഓണപ്പരിപാടി. പിന്നെ ഓണച്ചന്തകള്‍. സിഡിഎസ്സുകളെല്ലാം, ഓണക്കാലത്ത് ഇങ്ങനെയാണ് സജീവമാകാറുള്ളത്. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് തൃശൂരിലെ കുടുംബശ്രീ ഓരോ വാര്‍ഡില്‍ നിന്നും പത്തു പേര്‍ക്ക് വീതം പ്രാദേശികമായി തൊഴില്‍ നല്‍കാനായി വിജ്ഞാന തൃശൂരുമായി കൈകോര്‍ക്കുകയാണ്. തൃശൂരിന്റെ നിക്ഷേപകസൗഹൃദ അന്തരീക്ഷത്തിന് മിഴിവേകുന്ന ബൃഹത്തായ പരിപാടിയാണ് വിജ്ഞാനതൃശൂര്‍ പദ്ധതി. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള തൃശൂരിന്റെ മാറ്റത്തിന്റെ ദിശാസൂചകമായി വിജ്ഞാനതൃശ്ശൂര്‍ മാറും.

തൃശൂര്‍ ജില്ലയിലെ സ്ത്രീകളുടെ 
തൊഴില്‍പങ്കാളിത്തം ഉയര്‍ത്തല്‍
തൃശൂർ ജില്ലയില്‍ 26,286 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 3, 67,999 അംഗങ്ങളാണുള്ളത്. 1789 വാര്‍ഡുകളിലായി എഡിഎസ്സുകളും 100 സിഡിഎസ്സുകളുമുള്ള കരുത്തുറ്റ സംഘടനാസംവിധാനമാണ് ജില്ലയില്‍ കുടുംബശ്രീക്കുള്ളത്. 9,242 കുടുംബശ്രീ സംരംഭങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടുംബശ്രീയുടെ രൂപീകരണം മുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് അത് പ്രാമുഖ്യം നല്കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെല്ലാം തൊഴിലാളികളെ നല്കുന്നതിനുവേണ്ടി കുടുംബശ്രീ മുന്‍കൈയെടുത്തു.

എല്ലാവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനും വിജയിപ്പിക്കാനും കഴിയണമെന്നില്ല. പ്രാദേശികമായ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്താനായാല്‍ കരിയര്‍ ബ്രേക്ക് വന്നവര്‍, അഭ്യസ്തവിദ്യരായവര്‍ തുടങ്ങിയവര്‍ക്കെല്ലാം സഹായകമാകും. പ്രാദേശികമായ തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ശേഷിയുള്ളവരെ നല്കാന്‍ കഴിയുന്നതിലൂടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സ്ത്രീകളുടെ സാമൂഹ്യപദവിയും ഉയര്‍ത്തുന്നതിനും സഹായകമാകും. തൊഴില്‍ ദാതാക്കള്‍ക്കും ഇത് വലിയ സഹായമാവും. ഇവരുടെയെല്ലാം സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും കുടുംബശ്രീക്ക് കഴിയും. ഈ ഇടപെടല്‍ ജില്ലയില്‍ മികച്ച നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് വഴിതെളിക്കും.

പ്രാദേശികമായി തൊഴിലാളികളെ കിട്ടുന്നില്ല എന്നതാണ് പ്രധാന പരാതി. കേരള സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ തൃശുർ ജില്ലാ ഭാരവാഹികളെ ഇതിനായി സമീപിച്ചപ്പോള്‍ അവരുടെയെല്ലാം സ്ഥാപനങ്ങളില്‍ 60:40 എന്ന അനുപാതത്തിലാണ് അതിഥി തൊഴിലാളികളേയും തദ്ദേശീയ തൊഴിലാളികളേയും യഥാക്രമം പ്രയോജനപ്പെടുത്തുന്നത്. ഇതിനു പകരം തദ്ദേശീയ തൊഴിലാളികളുടെ എണ്ണം 60% ആയി ഉയർത്താന്‍ കുടുംബശ്രീ സഹായിക്കണമെന്നതാണ് അവരുടെ ആവശ്യം. സ്ഥാപനത്തിന്റെ സമീപ പ്രദേശങ്ങളില്‍നിന്ന് ജോലിക്ക് ആളുകളെ ലഭിക്കണം എന്നതാണ് എല്ലാവരുടേയും പ്രധാന ആവശ്യമായി ഉയര്‍ന്നുവന്നത്. ഇതിനോടൊപ്പം കുടുംബശ്രീക്ക് സഞ്ചരിക്കാന്‍ കഴിയേണ്ടതുണ്ട്.

തൃശൂർ നഗരത്തിലേയും
ഗുരുവായൂര്‍ നഗരത്തിലേയും അനുഭവം
ജ്വല്ലറികളുടേയും ഡയമണ്ട് വ്യവസായത്തിന്റേയും, സാമ്പത്തിക സ്ഥാപനങ്ങളുടെയും നേഴ്സറികളുടേയുമൊക്കെ നഗരമാണ് തൃശുർ. ക്ഷേത്രനഗരിയായ ഗുരുവായൂരില്‍ ആണ് തൃശുർ ജില്ലയിലെ ആദ്യത്തെ പ്രാദേശിക തൊഴില്‍മേള നടക്കുന്നത്. ലോഡ്ജുകളും റിസോര്‍ട്ടുകളും കല്യാണമണ്ഡപങ്ങളും നിറഞ്ഞ ഗുരുവായൂരില്‍ 50 സ്ക്വാഡുകളായി ഒറ്റ ദിവസം തൊഴില്‍ ദാതാക്കളെ സമീപിച്ചപ്പോള്‍ 782 തൊഴിലുകളാണ് കണ്ടെത്തിയത്. ഇതിലേക്ക് സ്ത്രീകളെ പരിശീലിപ്പിച്ചു നല്കുക എന്നതാണ് വലിയ കടമ്പ. ഇവരെ ബഹുഭാഷാ പ്രാവീണ്യമുള്ളവരാക്കി നല്കണം എന്നതാണ് അവരുടെ മുഖ്യാവശ്യം. ഇതിനായി ഗുരുവായൂര്‍ നഗരസഭ മറ്റ് നൈപുണികള്‍ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകള്‍ പ്രത്യേകമായി പരിശീലിപ്പിക്കും. ജ്വല്ലറി ഡിസൈനിങ്, മേയ്ക്കിങ്, അപ്രയ്സല്‍ എന്നിവയില്‍ പരിശീലനം, നേഴ്സറികള്‍ക്കു വേണ്ടി ടിഷ്യുകള്‍ച്ചര്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് തുടങ്ങിയ കോഴ്സുകള്‍ നടത്തുന്നതിനുള്ള മൊഡ്യുളുകള്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് തൃശുർ കോര്‍പ്പറേഷന്‍.

കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മെഗാതൊഴില്‍ മേളയും തൃശുർ കോര്‍പ്പറേഷനാണ് സംഘടിപ്പിച്ചത്. 500 സ്ക്വാഡുകള്‍ ഒറ്റ ദിവസം തൃശുർ പട്ടണത്തില്‍ തൊഴില്‍ ദാതാക്കളെ കാണാന്‍ ഇറങ്ങുന്ന വലിയ പരിപാടിയും വരുന്ന ദിവസങ്ങളില്‍ നടക്കും.

വിജ്ഞാനതൃശുർ ജില്ലാ പദ്ധതി
കേരളത്തിനു മാതൃകയാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വിജ്ഞാനതൃശുർ. ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി എസ് പ്രിന്‍സിന്റെ നേതൃത്വത്തില്‍, തൃശുർ ജില്ലാപഞ്ചായത്ത്, തൃശുർ കോര്‍പ്പറേഷന്‍, 7 നഗരസഭകള്‍, 16 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് 10 കോടി രൂപയുടെ സംയുക്ത പദ്ധതിയാണ് രൂപകല്പന ചെയ്തത്. 16 ബ്ലോക്ക് പഞ്ചായത്ത്, 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 24 ജോബ്സ്റ്റേഷനുകളുടേയും, പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും, നൈപുണി പരിശീലനങ്ങള്‍ക്കും ക്യാമ്പസ്സുകളിലെ സ്കില്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മുഖ്യമായും പദ്ധതി വിഹിതം പ്രയോജനപ്പെടുത്തുക.

പ്രാദേശിക തൊഴില്‍ മേളകള്‍
16 ബ്ലോക്ക് പഞ്ചായത്തുകളിലും 7 നഗരസഭകളിലുമായാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഇതിനു ശേഷമാണ് ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിക്കുക. പ്രാദേശിക തൊഴില്‍ മേളകള്‍ പഞ്ചായത്തുകളിലെ ജോബ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തുടര്‍ച്ചയായി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമായും തൊഴില്‍ മേള സംഘടിപ്പിക്കും. പ്രാദേശിക തൊഴില്‍ മേളകളിലായി 15,000 തൊഴിലാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

മെഗാ മേളകളും വെര്‍ച്വല്‍ മേളകളും
തൃശ്ശൂരില്‍ എഞ്ചിനിയറിങ് കോളേജിലും, കാല്‍ഡിയന്‍ സിറിയന്‍ സ്കൂളിലുമായി രണ്ട് മെഗാ മേളകളും, 4 ജോബ് ഫെയറുകളും, 22 വെര്‍ച്വല്‍ ജോബ് ഫെയറുകളുമാണ് നടന്നിട്ടുള്ളത്. ഇതുവരെ 1624 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്, കൂടാതെ 4330 പേര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തൃശുർ ജില്ലയില്‍ ഈ വര്‍ഷം ക്യാമ്പസ്സ് പ്ലേസ്-മെന്റുകള്‍ വളരെ കുറവായിരുന്നു. ഇതിനെ മറികടക്കാന്‍ സഹായിച്ചത് വിജ്ഞാന കേരളം സംഘടിപ്പിച്ച തൊഴില്‍ മേളകളായിരുന്നു. വിദേശത്തേക്കും അവസരങ്ങള്‍ ലഭിച്ചു. ജര്‍മനിയിലേക്ക് ബിഎസ്-സി നേഴ്സിങ് കഴിഞ്ഞ 72 പേര്‍ക്കാണ് നിയമനം ലഭിച്ചത്, ഇവര്‍ക്കുള്ള ജര്‍മന്‍ ഭാഷാ പഠനവും ആരംഭിച്ചു.

ജില്ലാ വിജ്ഞാന കൗണ്‍സില്‍
റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ചെയര്‍മാനായുള്ള വിജ്ഞാന കൗണ്‍സില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കുന്നു. വിജ്ഞാനതൃശൂരിന്റെ സംഘാടനത്തില്‍ വിജ്ഞാന തൃശുർ ജില്ലാ പദ്ധതി പോലെ തന്നെ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും കുടുംബശ്രീയും ഉദ്യോഗസ്ഥരും സംയുക്തമായി മുന്നോട്ടുപോകുന്നു എന്നതാണ് തൃശൂരിന്റെ പ്രത്യേകത. ഈ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വിജ്ഞാനതൃശൂരിനെ മുന്നോട്ടുനയിക്കുന്നത്. തൊഴിലില്ലാത്ത നിരവധി പേർക്ക് തൊഴിലും നെെപുണിയും കരസ്ഥമാക്കാനും സ്വയംപര്യാപ്തതയിലേക്ക് ഉയരാനും ഈ മുന്നേറ്റം അവസരമൊരുക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 2 =

Most Popular