Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിസ്ത്രീയുടെ തൊഴിൽ പങ്കാളിത്തം 
ലോകരാജ്യങ്ങളിൽ 
ഇന്ത്യയുടെ സ്ഥാനം 165

സ്ത്രീയുടെ തൊഴിൽ പങ്കാളിത്തം 
ലോകരാജ്യങ്ങളിൽ 
ഇന്ത്യയുടെ സ്ഥാനം 165

ബാബുജി കെ ആർ

ത് രാജ്യമെടുത്താലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കുറവാണ്. വികസിത രാജ്യങ്ങളിൽ 16 -– 65 വയസിനിടയ്ക്കുള്ള പുരുഷന്മാരിൽ 81% പേർ ജോലി ചെയ്യുന്നു. എന്നാൽ സ്ത്രീകളിൽ 67% പേർ മാത്രമാണ് തൊഴിലെടുക്കുന്നത്. ഇതിനു പല കാരണങ്ങളുണ്ട്. ഒരു പ്രധാനപ്പെട്ട കാരണം സ്ത്രീകളുടെ കുടുംബഭാരമാണ്. സ്ത്രീകളുടെ പ്രാഥമിക ചുമതല വീടിനുള്ളിലാണ് എന്നത് രൂഢമൂലമായ ഒരു മുൻവിധിയാണ്. പക്ഷേ ഇതുകൊണ്ടു മാത്രം ഇന്ത്യപോലുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ താഴ്ന്ന തൊഴിൽ പങ്കാളിത്തത്തെ വിശദീകരിക്കാനാവില്ല.

തൊഴിൽപ്രായത്തിലുള്ള സ്ത്രീകളിൽ ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകൾ തൊഴിലെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കനുസരിച്ച്- 187 രാജ്യങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 165 ആണ്.

എത്രശതമാനം സ്ത്രീകൾ 
തൊഴിലെടുക്കുന്നു?
തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ എത്ര ശതമാനം പേർ ഇന്ത്യയിൽ തൊഴിലെടുക്കുന്നു എന്ന കാര്യം ഒരു തർക്കവിഷയമാണ്. ഇന്ത്യാ സർക്കാരിന്റെ 2022– – 23 ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ റിപ്പോർട്ട് പ്രകാരം ഇത് 37% ആണ്. എന്നാൽ ഒരു അനൗദ്യോഗിക പഠന ഏജൻസിയായ CMIE യുടെ കണക്ക് പ്രകാരം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 11.1% ആണ്. ഇതിൽ ഏത് കണക്കാണ് ശരി? തൊഴിലിന്റെ നിർവചനം അഥവാ തൊഴിൽ എന്നു പറയുന്നതുകൊണ്ട് നിങ്ങൾ എന്താണ് അർഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഉത്തരം.

ഇന്ത്യാ ഗവൺമെന്റിന്റെ കണക്കുകളിൽ പ്രത്യക്ഷ വരുമാനം ഇല്ലെങ്കിലും സ്ത്രീകൾ വീടിനുള്ളിൽ ചെയ്യുന്ന ഭാഗിക ഉപജീവന തൊഴിലുകളെയും തൊഴിലായി കണക്കാക്കും. അടുക്കളത്തോട്ടം, വീട്ടുവളപ്പിലെ കന്നുകാലികളുടെയും കോഴിയുടെയും പരിപാലനം, ഭക്ഷ്യ ശേഖരണം തുടങ്ങിയവയെല്ലാം തൊഴിലായിട്ടാണ് ഇന്ത്യാ ഗവൺമെന്റ് കണക്കാക്കുന്നത്. എന്നാൽ CMIE തൊഴിലിന്റെ നിർവചനത്തിൽ ഇത്തരം ഭാഗിക തൊഴിലുകൾ ഉൾപ്പെടുത്തുന്നില്ല.

വീടുമായി ബന്ധപ്പെട്ട പ്രത്യക്ഷ വരുമാനം ഇല്ലാത്ത ഇത്തരം ഉപജീവന പണികളെ പണ്ട് ഇന്ത്യാ ഗവൺമെന്റ് തൊഴിലായി കണക്കാക്കിയിരുന്നില്ല. അങ്ങനെയാണ് ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതുവരെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ “തൊഴിലും തൊഴിലില്ലായ്‌മയും സർവ്വേ” നടത്തിയിരുന്നത്. ഈ നിർവചന പ്രകാരം തൊഴിൽ പങ്കാളിത്തം വളരെ താഴ്ന്നതായിരുന്നു എന്നതിൽ ജാള്യത തോന്നിയതുകൊണ്ട് പഴയ തൊഴിലും തൊഴിലില്ലായ്മയും സർവ്വേ ബിജെപി സർക്കാർ അവസാനിപ്പിച്ചു. അതിനു പകരം “പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ” എന്നൊരു സർവ്വേ പരമ്പര ആവിഷ്കരിച്ചു. തൊഴിലിന്റെ നിർവചനവും മാറ്റി. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു. അങ്ങനെ കിട്ടിയ 37% എന്ന കണക്കുപ്രകാരം പോലും ആഗോളമായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ഇന്ത്യയുടെ സ്ഥാനം 165 –ാമത് ആണെന്ന് നാം കണ്ടുവല്ലോ?

എന്തുകൊണ്ട് 
തൊഴിൽ പങ്കാളിത്തം താഴ്ന്നു?
ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇത്രയേറെ താഴുന്നതിനു പ്രധാനപ്പെട്ട കാരണം തൊഴിൽമേഖലയിലെ ജാതിയുടെ സ്വാധീനമാണ്. ജാതിവ്യവസ്ഥപ്രകാരം ഉന്നതകുലജാതരുടെ വീട്ടിലെ സ്ത്രീകൾ വീടിനുപുറത്ത് പണിക്കുപോവില്ല. ഏറ്റവും ഉയർന്ന ജാതിക്കാർ വീട്ടുവളപ്പിലും ജോലി ചെയ്യില്ല. താഴ്ന്ന ജാതിക്കാർ പോലും സമ്പന്നരാവുമ്പോൾ സ്ത്രീകൾ പുറംജോലിക്കു പോവുന്നത് നിഷിദ്ധമാക്കുക പതിവാണ്. സാമൂഹ്യ പദവിയിൽ ഉയരുന്നതിനുള്ള ഒരു ഉപായം ആയിട്ടാണ് ഇത് ചെയ്യുന്നത്.

എന്നാൽ ഇന്ത്യയിൽ മുതലാളിത്തം അതിവേഗത്തിൽ വളരുകയാണ്. ഇതിന്റെ ഫലമായി ഉയർന്ന ജാതിക്കാർ പോലും പാപ്പരാവുന്നു. കൂലിവേലയ്ക്ക് പോകുവാൻ നിർബന്ധിതരാവുന്നു. അതുപോലെ തന്നെ വിദ്യാസമ്പന്നരാവുമ്പോൾ പുറത്ത് ശമ്പളപ്പണിക്ക് പോകുവാൻ ശ്രമിക്കുന്നതും സ്വാഭാവികമാണ്.
എന്നാൽ ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. തൊഴിൽ കമ്പോളത്തിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നു. അതുകൊണ്ട് സ്ത്രീകളുടെ തൊഴിലില്ലായ്മയാണ് പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ രൂക്ഷം. ദീർഘനാൾ തൊഴിലില്ലാതെ നിൽക്കുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ നിർത്തുന്നു; തൊഴിൽ സേനയ്ക്ക് പുറത്തേയ്ക്ക് പോവുന്നു; വീട്ടമ്മമാരായി ഒതുങ്ങിക്കഴിയുന്നു.

ഇതിന്റെ ഫലമായി 2023 – 24 ൽ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 77.5% ആയിരുന്നപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 35.6% ആയിരുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പുരുഷന്മാരുടേതിന്റെ പകുതിയാണ്.

താഴ്ന്ന സ്ത്രീ തൊഴിൽ പങ്കാളിത്തത്തിന്റെ 
പ്രത്യാഘാതം
ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ തൊഴിൽസേനയിൽ നിന്ന് മാറ്റിനിർത്തുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉത്പാദനക്ഷമതയെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം പുരുഷന്മാരുടേതിന് തുല്യമാക്കിയാൽ ഇന്ത്യയിൽ ഉണ്ടാവുന്ന സാമ്പത്തിക മാറ്റത്തിലും, ലിംഗ പദവിതുല്യതയിലും, ജീവിതഗുണതയിലെ വർദ്ധനവിലും അത് ഉണ്ടാക്കുന്ന മാറ്റവും എത്ര വലുതായിരിക്കും?

ഒരു രാജ്യത്ത് ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ (working -age population) എണ്ണം, അവരെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുടെയും പ്രായമായവരുടെയും (dependents) എണ്ണത്തേക്കാൾ വളരെ കൂടുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നേട്ടമാണ് ഡെമോഗ്രാഫിക് ഡിവിഡന്റ് എന്നത്. ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോൾ രാജ്യത്തിന്റെ ഉൽപ്പാദനം വർദ്ധിക്കും. ആശ്രിതരുടെ എണ്ണം കുറയുമ്പോൾ ഓരോ കുടുംബത്തിനും രാഷ്ട്രത്തിനും പണം കൂടുതൽ മിച്ചംവെക്കാനും നിക്ഷേപിക്കാനും സാധിക്കും. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ആക്കംകൂട്ടും.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്ത്യയിലെ തൊഴിൽ പ്രായത്തിലുള്ളവരുടെ എണ്ണം ജനസംഖ്യയുടെ ഭൂരിപക്ഷം, അതായത് 50 ശതമാനത്തിലേറെ ആയത്. ഇന്ന് തൊഴിൽശേഷിയുള്ളവർ ജനസംഖ്യയുടെ 63 ശതമാനമാണ്. 2041 ആകുമ്പോൾ അത് ഏകദേശം 66 ശതമാനമാകും. തുടർന്ന് പ്രായമുള്ളവരുടെ എണ്ണം ഏറുകയും ജനസംഖ്യയിൽ തൊഴിൽശേഷിയുടെ ശതമാനം കുറയുകയും ചെയ്യും. 2055 ആകുമ്പോൾ അത് വീണ്ടും 50 ശതമാനത്തിൽ താഴെയാകും.

അങ്ങനെ തൊഴിൽശേഷി ജനസംഖ്യയുടെ 50 ശതമാനത്തിൽനിന്ന് ഉയർന്ന് വീണ്ടും 50 ശതമാനത്തിന് താഴെയാകുന്നതുവരെയുള്ള 40-–45 വർഷം ജനസംഖ്യാ നേട്ടം (demographic dividend) സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമാകും. ഇതിനൊരു മറുവശം കൂടിയുണ്ട്. എന്തെന്നാൽ, ഈ അവസരം ശരിയായി വിനിയോഗിച്ചില്ലെങ്കിൽ, ഡെമോഗ്രാഫിക് ഡിവിഡന്റ് ഒരു ‘ഡെമോഗ്രാഫിക് ദുരന്തമായി’ (Demo
graphic Disaster) മാറാൻ സാധ്യതയുണ്ട്. യുവാക്കൾക്കും സ്ത്രീകൾക്കും ആവശ്യമായ വേതനം നൽകുന്ന തൊഴിലവസരങ്ങൾ ആവശ്യത്തിനില്ലെങ്കിൽ, തൊഴിൽ ശേഷിയുള്ള ഒരു വലിയ വിഭാഗം ആളുകളുടെ സേവനം നമുക്ക് നഷ്ടമാകും. അതിന്റെ ഫലമായി, നാം കൊട്ടിഘോഷിക്കുന്ന ‘ഡെമോഗ്രാഫിക് ഡിവിഡന്റ്’ എന്ന നേട്ടം ഇന്ത്യയ്ക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.

ചൈനയുടെ വളർച്ചയ്-ക്കു പിന്നിലെ രഹസ്യമെന്ത്?
വികസനത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു പ്രധാന അന്തരം ഇതാണ്. ചൈനക്ക് അവരുടെ തൊഴിൽ സേനയിൽ മഹാഭൂരിപക്ഷത്തിനും ജോലി നൽകുവാൻ കഴിയുന്നുണ്ട്. ഇന്ത്യക്ക് അതിനു കഴിയുന്നില്ല.
ചുവടെയുള്ള ചിത്രത്തിൽ ഇന്ത്യയിലെയും ചൈനയിലെയും 2021 ലെ തൊഴിൽ പങ്കാളിത്ത നിരക്ക് താരതമ്യപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലെയും ചൈനയിലെയും 
തൊഴിൽ പങ്കാളിത്ത നിരക്ക് (2021)

അവലംബം: https://www.iea-world.org/indias-population-surpasses-china-but-challenges-await-in-workforce-expansion-a-deep-dive/)

പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തത്തിൽ ചൈനയും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസമില്ല. ചൈനയിൽ 80.5 ഉം ഇന്ത്യയിൽ 76.5 ഉം ശതമാനം വീതമാണ്. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പരിഗണിക്കുമ്പോൾ സ്ഥിതിയാകെ മാറും. ചൈനയിൽ 70.8 ഉം ഇന്ത്യയിൽ 24.6 ഉം ശതമാനം വീതമാണ്.
ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ ഏതാണ്ട് സമമാണ്. തൊഴിൽസേനയുടെ വലുപ്പമെടുത്താൽ ഇന്ത്യയിലേത് 95 കോടി ആയിരിക്കുമ്പോൾ ചൈനയുടേത് 99 കോടിയാണ്. വെറും 4 ശതമാനം ഉയർന്നത്. എന്നാൽ ഇന്ത്യയിലെ തൊഴിൽ പങ്കാളിത്തം 51 ശതമാനം ആയിരിക്കുമ്പോൾ ചൈനയുടേത് 76 ശതമാനമാണ്.
ജനസംഖ്യ ഇന്ത്യയിലും ചൈനയിലും ഒരുപോലെയാണെങ്കിലും ചൈനയിലെ തൊഴിൽസേന ഇന്ത്യയുടേതിനേക്കാൾ 25 ശതമാനത്തിലേറെ ഉയർന്നതാണ്. അതുകൊണ്ട് ശരാശരി ചൈനീസ് കുടുംബത്തിന് ഇന്ത്യൻ കുടുംബത്തേക്കാൾ മെച്ചപ്പെട്ട വരുമാനവും ജീവിതവും ഉണ്ടാകും.

കേരളം എങ്ങനെ ഇന്ത്യക്ക് മാതൃകയാവുന്നു?
തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനുള്ള സൂത്രവാക്യം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുകയാണ്. ഈ ലക്ഷ്യം എങ്ങനെ കൈവരിക്കാം? ഇതിനൊരു മാതൃക കേരളം തീർക്കുകയാണ്. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് അഖിലേന്ത്യാ ശരാശരിയേക്കാൾ താഴ്ന്നതാണ്. പക്ഷേ അത് 50ശതാമനമായി ഉയർത്തുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന് തുടക്കംകുറിക്കുകയാണ്. അതാണ് “ഓണത്തിന് ഒരു ലക്ഷം തൊഴിൽ” പദ്ധതിയുടെ പ്രസക്തി.

ഒരുവശത്ത് കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നു. ഇതിനു വേണ്ടി സമഗ്രമായ പരിപാടികൾ കേരള സർക്കാർ സ്വീകരിച്ചു വരികയാണ്. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന്റെ ലക്ഷ്യം അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കുക എന്നതാണ്.

ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കുക എന്നുള്ളതും പ്രധാനമാണ്. ഇതിനുവേണ്ടിയുള്ള ജനകീയ ക്യാമ്പയിൻ ആണ് കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ളത്. ഇതുവരെ സ്വയം തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സ്ത്രീകൾക്ക് വേണ്ടി സൃഷ്ടിക്കുവാനാണ് കുടുംബശ്രീ ശ്രമിച്ചുവന്നത്. എന്നാൽ ഇനി നാട്ടിൽ ഉയർന്നുവരുന്ന പുതിയ സംരംഭങ്ങളിൽ വേതനാധിഷ്ഠിതമായ തൊഴിലുകൾ സ്ത്രീകൾക്ക് പ്രാപ്യമാക്കുവാനാണ് കുടുംബശ്രീ പുതിയ ക്യാമ്പയിനിലൂടെ ശ്രമിക്കുന്നത്.

കേരളത്തിലെ സംരംഭകർ നേരിടുന്ന ഒരു പ്രധാന പ്രശ്നം ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല എന്നുള്ളതാണ്. പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തി, സ്ത്രീകൾക്ക് നൈപുണി പരിശീലനം നൽകി അവരെ തൊഴിലാളികളാക്കുകയാണ് പരിഹാരം.

ഇന്ത്യാ ഗവൺമെന്റിന്റെ കണക്കു പ്രകാരം ഇന്ന് കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നിരിക്കിലും മറ്റു നിർവാഹമൊന്നും ഇല്ലാത്തതുകൊണ്ട് വീടുമായി ബന്ധപ്പെട്ട ഭാഗിക ഉപജീവന തൊഴിലുകളിൽ ഏർപ്പെടുന്നതിന് അവർ നിർബന്ധിതരായിത്തീരുകയാണ്. ഇതിനുപകരം ഇവരെ പ്രാദേശിക വേതനാധിഷ്ഠിത തൊഴിലുകളിൽ പങ്കാളികളാക്കുവാൻ കുടുംബശ്രീ മുൻകൈയെടുക്കുകയാണ്. ഏതാനും വർഷംകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50% ആയി ഉയർത്തുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + sixteen =

Most Popular