Wednesday, April 29, 2026

ad

Homeകവര്‍സ്റ്റോറിവിജ്ഞാനകേരളം നെെപുണി വികസനത്തിലേക്ക്

വിജ്ഞാനകേരളം നെെപുണി വികസനത്തിലേക്ക്

ഡോ. ആർ ബിന്ദു (ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി)

ന്നതവിദ്യാഭ്യാസരംഗത്തെ കുതിപ്പോടെ വിജ്ഞാന സമ്പദ്-വ്യവസ്ഥയായി വികസിക്കുകയാണ് കേരളം. ഈ മാറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടാണ് വിജ്ഞാനകേരളം എന്ന തൊഴിൽദായക- നൈപുണി പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കി, സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള വിപുലമായ ജനകീയപരിപാടിയാണിത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചുലക്ഷം അവസാനവർഷ വിദ്യാർത്ഥികളെ ക്യാമ്പസ് പ്ലേസ്-മെന്റിലേക്ക് നയിക്കുന്ന നൈപുണി പരിശീലനമാണ് ഇതിലെ ഒരു പ്രധാന പ്രവർത്തനം. ഇതിന്റെ ഭാഗമായി കാൽ ലക്ഷം വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകുന്ന പൈലറ്റ് പ്രോജക്‌ട് ആരംഭിച്ചു കഴിഞ്ഞു. ആഗസ്ത് മാസത്തിൽ അഞ്ചുലക്ഷം വിദ്യാർത്ഥികൾക്കായുള്ള ക്യാംപയിൻ ആരംഭിക്കുകയാണ്. രണ്ടു ലക്ഷം വിദ്യാർത്ഥികൾക്കെങ്കിലും അടുത്ത മാർച്ച് -– ഏപ്രിൽ മാസങ്ങളിൽ ക്യാമ്പസ് പ്ലേസ്-മെന്റ് നൽകാനാണ് നാം ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ, കെ- – ഡിസ്‌ക്, അസാപ്, കെയ്‌സ്, എംപ്ലോയബിലിറ്റി സെന്റർ, കെൽട്രോൺ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ സഹകരണത്തിൽ സ്‌കിൽ ട്രെയിനിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവ വഴി നവകേരള വികസന ലക്ഷ്യങ്ങളുമായി ഒത്തുനിൽക്കുന്ന രീതിയിൽ നൈപുണി വികസനവും തൊഴിൽ സൃഷ്ടിക്കലും സംയോജിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ്.

നിലവിൽ കോളേജിൽ പഠിക്കുന്ന അവസാനവർഷ ബിരുദ വിദ്യാർത്ഥികളെയാണ് പ്രധാനമായും നൈപുണി പരിശീലനത്തിന് പരിഗണിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷത്തിൽ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇവർക്ക് വിവിധ നൈപുണി പരിശീലന പരിപാടികൾ നൽകി പ്ലേസ്-മെന്റ് അവസരങ്ങളിലേക്ക് ബന്ധിപ്പിച്ച് പ്ലേസ്-മെന്റ് ഉറപ്പാക്കിയതിന്റെ അടുത്ത ഘട്ടമായി ഈ അധ്യയനവർഷത്തെ അവസാനവർഷ വിദ്യാർത്ഥികൾക്കായി വ്യത്യസ്തമായ നൈപുണി ഇടപെടലുകൾ നടത്തുകയാണ് നാം. വിജ്ഞാനതൊഴിൽ അവസരങ്ങളിലേക്ക് അവരെ എത്തിക്കാൻ വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി വിവിധ നൈപുണി വികസന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കോളേജുകളിൽ സ്ഥാപിക്കപ്പെട്ട സ്‌കിൽ സെന്ററുകളും പ്ലേസ്-മെന്റ് സെല്ലുകളും ഇതിൽ വലിയ സംഭാവന ചെയ്യാനാകുംവിധം പ്രവർത്തിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയുടെ കോളേജുകളിൽ മുഴുവൻ എണ്ണത്തിലും സ്‌കിൽ സെന്ററുകൾ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന നൈപുണി പരിശീലനദാതാക്കളും കോളേജുകളും സർക്കാർ ഏജൻസികളും വ്യവസായ പങ്കാളികളും പ്രദാനംചെയ്യുന്ന വിവിധ തരം നൈപുണി പരിശീലന കോഴ്‌സുകളുടെ വിപുലമായ ഒരു സഞ്ചയം കെ-ഡിസ്‌ക് തയ്യാറാക്കിയത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്. നവലോകത്തിന് ആവശ്യമായ വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്നതിന് അവസാനവർഷ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന തരത്തിൽ, പരമാവധി മൂന്നുമാസം ദൈർഘ്യമുള്ള ടാലന്റ് ആക്സിലറേഷൻ പരിപാടി എന്ന നിലയിലാണ് വിവിധ കോഴ്‌സുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.

അസാപ്, ഐ സി ടി അക്കാദമി, കെയ്‌സ് തുടങ്ങി സംസ്ഥാനത്തെ പ്രധാനപ്പെട്ട നൈപുണി പരിശീലന ഏജൻസികൾ തയ്യാറാക്കിയിട്ടുള്ളവയാണ് ഇതിൽ ഒരു വിഭാഗം കോഴ്‌സുകൾ. അസാപ്, കെയ്‌സ് തുടങ്ങിയ ഏജൻസികൾ അക്രഡിറ്റ് ചെയ്തിട്ടുള്ള സ്വകാര്യ നൈപുണി പരിശീലന ഏജൻസികളുടെ കോഴ്‌സുകൾ, ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധനവ് ലക്ഷ്യമാക്കിയുള്ള കോഴ്‌സുകൾ, ഫ്രീലാൻസ് തൊഴിലുകൾക്ക് തയ്യാറാകുന്നവർക്കുവേണ്ടി ഡിജിറ്റൽ നൈപുണി വർദ്ധനവിലൂന്നിയ പ്രത്യേക പരിശീലന പരിപാടികൾ, കെ–ഡിസ്‌ക് തയ്യാറാക്കുന്ന പ്രത്യേക അടിസ്ഥാനതൊഴിലധിഷ്ഠിത ഡൊമെയ്ൻ കോഴ്‌സുകൾ, തൊഴിലന്വേഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇന്റർവ്യൂകളിൽ മികച്ച പ്രകടനം തയ്യാറാക്കുന്നതിനുമായുള്ള പ്രത്യേക പരിശീലനപരിപാടികൾ, വിവിധ തരം സോഫ്റ്റ് സ്‌കിൽ പരിശീലനപരിപാടികൾ, വിവിധ തൊഴിൽദാതാക്കൾക്ക് ഇന്റഗ്രേറ്റഡ് പരിശീലനപരിപാടികൾ തുടങ്ങിയവയും ലഭ്യമാക്കിയവയിൽ പെടും.

വിവിധ കോളേജുകൾ നിലവിൽ നൽകി വരുന്ന നൈപുണി പരിശീലന പരിപാടികളും വിജയകരമായി മുന്നേറുന്നതാണ് നമ്മുടെ അനുഭവം. കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ കഴിഞ്ഞ അധ്യയനവർഷത്തെ നൈപുണി പരിശീലന പൈലറ്റ് പ്രോഗ്രാമിന്റെ കണക്ക് മികച്ച ഉദാഹരണമാണ്. പൈലറ്റ് പ്രോഗ്രാം നടപ്പാക്കിയ 30 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 6325 പ്ലേസ്-മെന്റുകളാണ് ലക്ഷ്യമിട്ടിരുന്നത്. 6312 പേർക്ക് ഇതിൽ പ്ലേസ്-മെന്റ് നേടിക്കൊടുത്തു – 99.79 ശതമാനം പ്ലേസ്-മെന്റ് നിരക്കെന്ന തിളങ്ങുന്ന നേട്ടം. അതിൽ പത്തോളം കലാലയങ്ങൾ. ഉൾപ്പെടുന്നു തൃശൂർ, പാലക്കാട്, കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ ഇവയിലുണ്ട്.

സംസ്ഥാനത്തെ പോളിടെക്നിക്കുകളും സമാനമായ കുതിപ്പുണ്ടാക്കിയത് സ്റ്റേറ്റ് പ്ലേസ്-മെന്റ് സെല്ലിൽ നിന്നുള്ള കണക്കുപ്രകാരം കാണാം. 2023 – – 24 വിദ്യാഭ്യാസ വർഷത്തിൽ 191 കമ്പനികളിൽ നിന്നായി 4514 പ്ലേസ്-മെന്റ് ഓഫറുകൾ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് വന്നപ്പോൾ, 2024–25 വർഷം അത് 219 കമ്പനികളായി ഉയർന്നു. പ്ലേസ്-മെന്റ് ഓഫറുകൾ 6915 ആയി വർദ്ധിച്ചു. ഉയർന്ന ഓഫർ പാക്കേജ് പ്രതിവർഷം ഒമ്പതുലക്ഷമെന്നതിൽ നിന്ന് 14 ലക്ഷമാണ് ഇക്കുറി. ഏറ്റവും കുറഞ്ഞ ഓഫർ പാക്കേജും ഒന്നരലക്ഷത്തിൽ നിന്നും 1.8 ലക്ഷമായി കൂടി.

ഈ പ്രവർത്തനങ്ങൾ ഇനിയുമേറെ ഫലപ്രദമാക്കാൻ വിവിധ പരിപാടികൾ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ക്യാമ്പസ് തലങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നാഷണൽ സർവീസ് സ്‌കീം വൊളണ്ടിയർമാരെ വിജ്ഞാനകേരളം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയാണ്. തൊഴിലും നൈപുണി പരിശീലനവും എന്ന വിഷയത്തിൽ ഊന്നിയാവും നാഷണൽ സർവീസ് സ്‌കീമിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ എന്ന് ധാരണയായിട്ടുണ്ട്. ഓണം, ക്രിസ്‌മസ്‌ അവധിക്കാലത്തെ എൻ എസ് എസ് ക്യാമ്പുകൾ ഈ ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യപ്പെടും. നൈപുണി പരിശീലനമടക്കമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കു വേണ്ട മെന്ററിംഗ് നൽകുന്നതിന് മെന്റർമാരെ കണ്ടെത്താനും ആ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സംസ്ഥാന- ജില്ലാ തലങ്ങളിൽ സന്നദ്ധസേവനാടിസ്ഥാനത്തിൽ അക്കാദമിക് കോർഡിനേറ്റർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

നൂതനമായ ജനകീയ പരീക്ഷണമാണ് വിജ്ഞാനകേരളം നൈപുണി പരിശീലന ക്യാമ്പയിൻ. ഇത്തരം ഒട്ടേറെ ജനകീയ വികസന ഇടപെടലുകൾ വിജയിപ്പിച്ച ചരിത്രമുണ്ട് കേരളത്തിന്. അതിന്റെ ആത്മവിശ്വാസത്തോടെ ഈ പരീക്ഷണവും നാം വിജയിപ്പിച്ചെടുക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular