Saturday, April 20, 2024

ad

Homeനിരീക്ഷണംജനാധിപത്യത്തെ കൊലയ്ക്കുകൊടുക്കാനുറച്ച് ബിജെപി

ജനാധിപത്യത്തെ കൊലയ്ക്കുകൊടുക്കാനുറച്ച് ബിജെപി

സി പി നാരായണന്‍

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16നു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളോടൊപ്പം അവിടെയും വോട്ടെണ്ണുന്നത് മാര്‍ച്ച് 2നാണ്. 60 നിയോജകമണ്ഡലങ്ങളില്‍ 28.14 ലക്ഷം വോട്ടര്‍മാരില്‍ 24.66 ലക്ഷം (87.6 ശതമാനം) പേരാണ് വോട്ട് ചെയ്തത്. അത് കാണിക്കുന്നത് വലിയ വാശിയോടെ നടന്ന തിരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത് എന്നാണ്. 2018ല്‍ ബിജെപി അവിടെ സമാധാനപരമായും നിഷ്പക്ഷമായും വോട്ടെടുപ്പ് നടത്താന്‍ അനുവദിച്ചിരുന്നില്ല. ആ പാര്‍ട്ടിക്കുവേണ്ടി അക്രമിസംഘങ്ങള്‍ വോട്ടെടുപ്പ് ബൂത്തുകളില്‍ പ്രവേശിച്ച് കയ്യൂക്കുപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 89.8 ശതമാനമായിരുന്നു അന്നത്തെ പോളിങ്. തങ്ങളുടെ ജയം ഉറപ്പുവരുത്താന്‍ ബിജെപിക്കാര്‍ സ്വീകരിച്ച മാര്‍ഗം അതായിരുന്നു. ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ആ സംസ്ഥാനത്ത് വലിയ ജനപിന്തുണ ഉണ്ടായിട്ടും ബിജെപിക്കാര്‍ കയ്യൂക്കും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് തടഞ്ഞ് തങ്ങളുടെ വിജയം ബലപ്രയോഗത്തിലൂടെ ഉറപ്പാക്കുകയായിരുന്നു.

അധികാരത്തിലേറിയത് ഗുണ്ടായിസത്തിലൂടെ
അവിടെ ഉണ്ടായത് ജനവിധിയല്ല, ഗുണ്ടാവിധി ആയിരുന്നു. ഇതാദ്യമല്ല ഇത്തരത്തില്‍ ബലംപ്രയോഗിച്ചുള്ള വോട്ടെടുപ്പ് രാജ്യത്ത് അരങ്ങേറുന്നത്. ഇതിനുമുമ്പ് പശ്ചിമബംഗാള്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും മറ്റു ചില പാര്‍ട്ടികളും ഓരോരോ സന്ദര്‍ഭങ്ങളില്‍ ബലപ്രയോഗത്തിലൂടെ നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കിയിരുന്നു. പിന്നീട് അവിടങ്ങളില്‍ നിഷ്പക്ഷമായി നടന്ന തിരഞ്ഞെടുപ്പില്‍ അത്തരം അമിതാധികാരപ്രയോഗം നടത്തിയ പാര്‍ട്ടികള്‍ക്ക് എതിരായി ജനം വിധിയെഴുത്ത് നടത്തിയിട്ടുമുണ്ട്.

ത്രിപുരയില്‍ ബിജെപി ഒറ്റയ്ക്കല്ല മത്സരിക്കുന്നത്. ഐപിഎഫ്ടി എന്ന ആദിവാസിഗ്രൂപ്പുകളുടെ മുന്നണിയുമായി കൂട്ടുകൂടിയാണ്. അതുതന്നെ ബിജെപിക്ക് തനിച്ചു മത്സരിച്ച് ജയിക്കാനുള്ള ആത്മവിശ്വാസമില്ല എന്നതിനു തെളിവാണ്.

ബിജെപി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തിയശേഷം ആദ്യമായിട്ടായിരുന്നു 2018ല്‍ ത്രിപുരയില്‍ തിരഞ്ഞെടുപ്പു നടന്നത്. അതില്‍ ഏതു വിധേനയും വിജയം ഉറപ്പാക്കണമെന്നു ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ത്രിപുരയില്‍ ഇടതുപക്ഷത്തിനാണ് വലിയ ബഹുജനപിന്തുണ. അവിടെ വിജയം ഉറപ്പാക്കാന്‍ കഴിയുന്ന ജനപിന്തുണ ബിജെപിക്ക് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സില്‍നിന്നു കാലുമാറി എത്തിയവരും കാലു മാറ്റപ്പെട്ടവരും മുമ്പേ ഉള്ള കുറച്ചു ബിജെപിക്കാരുമായിരുന്നു ആ പാര്‍ട്ടിയുടെ അടിത്തറ. അതിനെ ഉപയോഗപ്പെടുത്തി ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ബിജെപി നേതൃത്വത്തിനു ഉറപ്പായിരുന്നു. മുമ്പ് കോണ്‍ഗ്രസ് ചെയ്തതുപോലെ പൊലീസിനെയും സ്വന്തം അക്രമിസംഘങ്ങളെയും മറ്റും ഉപയോഗിച്ച്, വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ അടിച്ചോടിച്ച് ബൂത്തുകള്‍ കയ്യേറി വോട്ട് രേഖപ്പെടുത്തുകയായിരുന്നു ബിജെപി അക്രമിസംഘങ്ങള്‍ അന്നു ചെയ്തത്. 2018ല്‍ ബിജെപി ത്രിപുര തിരഞ്ഞെടുപ്പില്‍ വിജയിച്ചത് അങ്ങനെയായിരുന്നു.

ഇത്തവണ ബിജെപിയുടെ ആ കയ്യൂക്കു പ്രയോഗം അവര്‍ ആഗ്രഹിച്ചതുപോലെ അവിടെ വിജയിച്ചിട്ടില്ല എന്നാണ് വോട്ടെടുപ്പു ദിവസത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ജനങ്ങള്‍ വലിയ തോതില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ കയ്യൂക്കുപയോഗിച്ചുള്ള ദുര്‍ഭരണത്തിന് എതിരായി ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ്സും ഇത്തവണ അണിനിരന്നു. 2018ല്‍ കോണ്‍ഗ്രസ് ഫലത്തില്‍ ബിജെപിയെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു. ഇത്തവണ പ്രതിപക്ഷത്തുണ്ടായ രാഷ്ട്രീയ ഐക്യം ജനങ്ങളില്‍ വലിയ വിഭാഗം പ്രതിപക്ഷത്ത് ഏകോപിച്ച് അണിനിരക്കാന്‍ ഇടയാക്കി. തിരഞ്ഞെടുപ്പു പ്രചരണത്തിലാകെ അത് അലയടിച്ചു. മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബിജെപി വാഴ്ച ജനങ്ങളില്‍ വലിയ വിഭാഗത്തെ ആ പാര്‍ട്ടിക്കെതിരെ അണിനിരക്കാന്‍ പ്രേരിപ്പിച്ചു.

തത്ഫലമായി ഇത്തവണത്തെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം അക്രമിസംഘങ്ങളെ മുന്നില്‍ നിര്‍ത്തി തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ ബിജെപിക്കു കഴിഞ്ഞില്ല. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപിയുടെ ദുര്‍ഭരണംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു ത്രിപുരയിലെ ജനങ്ങളില്‍ വലിയ വിഭാഗം. അതിനാല്‍ അക്രമികളുടെയും ഭരണയന്ത്രത്തിന്‍റെയും സഹായത്തോടെ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ബിജെപിയുടെ നീക്കത്തെ ജനപിന്തുണയോടെ പ്രതിപക്ഷ ഐക്യം ചെറുത്തു. അതുകൊണ്ടാണ് ഇത്തവണ വോട്ടെടുപ്പു ശതമാനം 87.6 ശതമാനമായി നിലനിന്നത്;

പ്രതിപക്ഷപ്പാര്‍ട്ടികളെയാകെ തകര്‍ത്ത് തിരഞ്ഞെടുപ്പു വിജയം അനായാസമാക്കാനുള്ള ബിജെപിയുടെ കരുനീക്കങ്ങള്‍ ഒരളവോളമെങ്കിലും വിജയിച്ചിട്ടില്ല എന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിനു മുന്‍കൈയുള്ള ത്രിപുരയിലെങ്കിലും അതാണ് സ്ഥിതി എന്ന് ഇത് കാണിക്കുന്നു. അവിടെ മുമ്പ് ഏറെക്കാലം പ്രതിയോഗികളായിരുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി യോജിച്ചത് രാജ്യത്ത് ഉയര്‍ന്നുവരുന്ന പുതിയൊരു രാഷ്ട്രീയകാലാവസ്ഥയുടെ സൂചന നല്‍കുന്നു. ബിജെപിയുടെ സ്വേച്ഛാപരമായ ദുര്‍ഭരണം വീണ്ടും നിലവില്‍ വരുന്നതിന്‍റെ ആപത്ത് ജനങ്ങളും രാഷ്ട്രീയകക്ഷികളും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ആ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള സാധ്യത അതിന്‍റെ നേതാക്കളുടെ തന്നെ പ്രസംഗങ്ങളില്‍നിന്ന് സ്പഷ്ടമായിട്ടുണ്ട്. ആ വിപത്തിനെതിരെ വിപുലമായ ജനകീയ ഐക്യം വളര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്ക് ബിജെപിയിതര വോട്ടുകള്‍ ഭിന്നിച്ചുനില്‍ക്കാനുള്ള സാധ്യത തടയുന്ന ഒരുക്കങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്നതിന്‍റെ ആദ്യസൂചനയാണ് ത്രിപുര നല്‍കുന്നത് എന്നു വേണം കരുതാന്‍. ഏതു വിധേനയും തങ്ങളുടെ വിജയം ഉറപ്പിക്കാനുള്ള ബിജെപിയുടെ അതിമോഹം അവിടെ എല്ലാ മറയും നീക്കി പുറത്തുവന്നിരിക്കുന്നു.

തിപ്രമോത്തയുടെ ആവിര്‍ഭാവം
ഇത്തവണ തിപ്രമോത്ത എന്ന ആദിവാസികളടേതെന്ന പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ആദിവാസികളെ വേറിട്ട് അണിനിരത്താനുള്ള ശ്രമമാണ് തിപ്രമോത്ത നടത്തുന്നത്. അവിടെ ആദിവാസികള്‍ പൂര്‍ണമായി പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നത് നേരാണ്. പക്ഷേ, ഇടതുമുന്നണി 50 വര്‍ഷം മുമ്പ് 1978ല്‍ ത്രിപുരയില്‍ ആദ്യമായി ജയിച്ചുവന്നപ്പോഴും തുടര്‍ന്ന് വീണ്ടും ജയിച്ചു വന്നപ്പോഴും ആദിവാസികളുടെ ഭൂപ്രശ്നവും വിദ്യാഭ്യാസാദി മറ്റു പ്രശ്നങ്ങളും വലിയ അളവോളം പരിഹരിച്ചിരുന്നു. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പല പ്രശ്നങ്ങളും ഒറ്റയ്ക്ക് പരിഹരിക്കാന്‍ കഴിയില്ല. എങ്കിലും, ആദിവാസികള്‍ ഗണ്യമായുള്ള ത്രിപുരയില്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത് പ്രധാനമായി രണ്ടാം തലമുറ പ്രശ്നങ്ങളാണ്. ഭൂമി ലഭിച്ചവര്‍, വിദ്യാഭ്യാസം നേടിയവര്‍ എന്നിങ്ങനെ മുമ്പുണ്ടായിരുന്ന പ്രധാന പ്രശ്നങ്ങള്‍ ഒരളവോളം പരിഹരിക്കപ്പെട്ട പുതു ആദിവാസി തലമുറയുടെ പ്രശ്നങ്ങളും പൂര്‍ണമായി പരിഹരിക്കപ്പെടാത്ത ഭൂമി ഉള്‍പ്പെടെയുള്ള ഒന്നാം തലമുറ പ്രശ്നങ്ങളോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു. ആദിവാസികള്‍ക്കിടയില്‍തന്നെ വിദ്യാഭ്യാസം ഉള്‍പ്പെടെ ഒരു പരിധിയോളം സാമൂഹിക-സാമ്പത്തിക പുരോഗതി നേടാന്‍ കഴിഞ്ഞവരുണ്ട്. അവരോടൊപ്പം അഭ്യസ്തവിദ്യരായ ആദിവാസികളുടെ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള രണ്ടാം തലമുറ പ്രശ്നങ്ങളുമുണ്ട്. ആദിവാസികള്‍ ഗണ്യമായ വിഭാഗമായ ത്രിപുരയില്‍ ഇവ വളരെ പ്രധാനമാണ്. തിപ്രമോത്ത പോലെയുള്ള പുതിയ ആദിവാസി പാര്‍ട്ടികളുടെ വരവ് ആ പുതിയ പ്രശ്നങ്ങളുമായിട്ടാണ്. അതിനര്‍ഥം അവിടെ ആദിവാസികള്‍ക്ക് പുരോഗതി ഉണ്ടായിട്ടില്ല എന്നല്ല. അതോടൊപ്പം പുതിയ പ്രശ്നങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നുവെന്നാണ്.


ഡല്‍ഹിയിലും അട്ടിമറിശ്രമം
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു 2022 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി (എഎപി)ക്ക് 134 സീറ്റും ബിജെപിക്ക് 105 സീറ്റും 9 സീറ്റ് കോണ്‍ഗ്രസ്സിനും 2 സീറ്റ് സ്വതന്ത്രര്‍ക്കമാണ് ലഭിച്ചത്. ഇതാദ്യമായാണ് എഎപി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഭൂരിപക്ഷം നേടുന്നത്. 2007, 2012, 2017 തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയത് ബിജെപി ആയിരുന്നു. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ എഎപി ബിജെപിയെ തലസ്ഥാനത്തെ കോര്‍പറേഷനിലും തോല്‍പ്പിച്ചു.

ഇത് സാധാരണമാണ്. പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍. അതത് തിരഞ്ഞെടുപ്പില്‍ കേവലമായ ജനപിന്തുണ ഏതു പാര്‍ട്ടിക്കാണോ, അതിന്‍റെ നേതൃത്വത്തിനാകും ഭരണഭാരം ലഭിക്കുക. എന്നാല്‍, ആ തത്വം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. എഎപിക്ക് 250ല്‍ 134 സീറ്റ് ലഭിച്ചിരിക്കെ അതിന് 50 ശതമാനത്തിലധികം കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ട്. എന്നിട്ടും 105 സീറ്റ് മാത്രം ലഭിച്ച ബിജെപി അവിടെ എഎപി ഭൂരിപക്ഷം നേടിയതായി അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. മുനിസിപ്പല്‍ വാര്‍ഡുകളിലെ വോട്ടെടുപ്പു ഫലം ബിജെപി അംഗീകരിക്കുന്നുണ്ട്. അതനുസരിച്ച് എഎപിക്ക് 134 സീറ്റുണ്ട്. ബിജെപിക്ക് 105 സീറ്റിന്‍റെ പിന്തുണ മാത്രമാണുള്ളത്. അവശേഷിക്കുന്ന സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചാലും ബിജെപിക്ക് രക്ഷയില്ല. എഎപി ആകെ സീറ്റില്‍ 53.6 ശതമാനം നേടിയിട്ടുണ്ട്. അത് വ്യക്തമായ ഭൂരിപക്ഷമാണ്.

ഈ ഭൂരിപക്ഷത്തെ മറികടക്കുന്നതിനു 10 പേരെ കോര്‍പറേഷനിലേക്ക് ബിജെപി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. അവരെ മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാനാവില്ല എന്നു കോടതി വിധിച്ചു. ഭൂരിപക്ഷ നിര്‍മിതിക്ക് എന്തെല്ലാം കോപ്രായങ്ങളാണ് ബിജെപി കാട്ടിക്കൂട്ടുന്നത്.

ബിജെപി കഴിഞ്ഞ 15 വര്‍ഷമായി ജയിച്ചു വരാറുള്ളതാണ്, ഡല്‍ഹി കോര്‍പറേഷനില്‍. ഇത്തവണ അത് ക്ലീനായി തോറ്റിരിക്കുന്നു. ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ കെട്ടിയിരിക്കുന്ന വിഡ്ഢിവേഷം അത് അഴിച്ചുമാറ്റണം. തങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റുവെന്ന് പരസ്യമായി അംഗീകരിക്കണം. ജനാധിപത്യത്തില്‍ അതാണ് അഭികാമ്യം.

ഡല്‍ഹിയില്‍ അധികാരക്കസേര വിടാനുള്ള ബിജെപി നേതാക്കളുടെ മടി കാണിക്കുന്നത് അവരുടെ അധികാരക്കൊതിയാണ്. അത് ജനാധിപത്യതത്വങ്ങളുടെ നിഷേധമാണ്, അവയോടുള്ള വെല്ലുവിളിയാണ്. അവര്‍ ഡല്‍ഹിയില്‍ ഒന്നരപതിറ്റാണ്ടായി അധികാരത്തിന്‍റെ ചക്കരക്കുടത്തില്‍ കയ്യിട്ട് പല തവണ നക്കിയിരിക്കാം. അതിന്‍െറ രുചി ഓര്‍ത്ത് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സ്ഥാനം ഒഴിയാതിരിക്കുകയാണ്.

ഇന്ത്യയില്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അവയ്ക്കു കീഴില്‍ പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അത് ഇന്ന് അധികാരക്കസേരയിലുണ്ട്. അതില്‍ രസം പിടിച്ച ബിജെപി നേതാക്കള്‍ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ വിധിയെഴുതിയാലും അത് അംഗീകരിക്കാന്‍ തയ്യാറല്ല എന്നാണ് അവരുടെ പുതിയ നിലപാട് സ്പഷ്ടമാക്കുന്നത്.

കഴിഞ്ഞ ദിവസം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ അറിയിപ്പ് കണ്ടു; “ഇന്ത്യന്‍ സമൂഹത്തില്‍ മനുസ്മൃതിയുടെ പ്രയോഗക്ഷമത” സംബന്ധിച്ച് പഠിക്കാന്‍ പ്രൊജക്ട് ഫെല്ലോയുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട്. ഇന്നത്തെ ഇന്ത്യന്‍ സമൂഹപശ്ചാത്തലം മനുസ്മൃതിയെ ആധാരമാക്കി പഠിക്കാന്‍ മുതിരുന്നവര്‍ മേല്‍ വിവരിച്ച രീതിയില്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. 250 സീറ്റില്‍ 134 അല്ല ഭൂരിപക്ഷം, 105 ആണ് എന്നു ബന്ധപ്പെട്ടവര്‍ മനുസ്മൃതികള്‍ ആധാരമാക്കി കണ്ടെത്തിയതാകാം!

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടത്താനും എഎപി സ്ഥാനാര്‍ത്ഥി മേയറായി തിരഞ്ഞെടുക്കപ്പെടാനും ലഫ്റ്റന്‍റ്ഗവര്‍ണര്‍ അവസരമൊരുക്കിയത്.

ജനാധിപത്യത്തെ അംഗീകരിക്കാനും ജനവിധിയെ മാനിക്കാനും ബിജെപി കാണിക്കുന്ന വിമുഖത ഇന്ത്യയാകെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന അജന്‍ഡയുടെ പ്രതിഫലനമാണ്. അതിനായി ഏതു നെറികെട്ട രീതിയും അവര്‍ സ്വീകരിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഭവങ്ങളും ത്രിപുരയിലെ തിരഞ്ഞെടുപ്പിനു തൊട്ടുതലേദിവസം അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും സൂചിപ്പിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + eighteen =

Most Popular