Monday, December 15, 2025

ad

Homeകവര്‍സ്റ്റോറിമോദി വാഴ്ച 
അടിയന്തരാവസ്ഥയ്ക്ക് 
സമാനമായ കാലം

മോദി വാഴ്ച 
അടിയന്തരാവസ്ഥയ്ക്ക് 
സമാനമായ കാലം

പിണറായി വിജയൻ/ജി വിജയകുമാർ

ടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ താങ്കള്‍ കൂത്തുപറമ്പില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നല്ലോ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുമ്പുള്ള മൂന്നുനാല് വര്‍ഷം കണ്ണൂര്‍ ജില്ലയിലെ അവസ്ഥ, നമ്മള്‍ അര്‍ദ്ധഫാസിസ്റ്റ് തേര്‍വാഴ്ച എന്ന് വിളിച്ചിരുന്ന കാലത്തെ അവസ്ഥ, എന്തായിരുന്നു?

ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥ ആയിരുന്നില്ല അടിയന്തരാവസ്ഥ. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍, രാജ്യം പൗരാവകാശ ധ്വംസനങ്ങളുടെയും ഏകാധിപത്യ പ്രവണതകളുടെയും ദുരന്തമുഖത്ത് തന്നെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യം അമിതാധികാര വാഴ്ചയിലേക്ക് നീങ്ങുകയാണ് എന്ന് 1972 ല്‍തന്നെ സിപിഐഎം ചൂണ്ടിക്കാട്ടിയിരുന്നു. മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയ ആ മുന്നറിയിപ്പ്, മൂന്നുവര്‍ഷത്തിനുശേഷം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ നൂറുശതമാനം യാഥാര്‍ത്ഥ്യമായി.

1969 ലെ പിളര്‍പ്പിനുശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 1971 ല്‍ വലിയ തിരഞ്ഞെടുപ്പു വിജയമാണ് നേടിയത്. എന്നാല്‍ പാര്‍ട്ടി എന്ന നിലയില്‍ പിന്നീട് കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയായിരുന്നു. അധികാരത്തെ സ്വന്തം നേട്ടമായും അവകാശമായും കണ്ട ഇന്ദിരാഗാന്ധി പതുക്കെ ഏകാധിപതിയുടെ സ്വഭാവം കാട്ടിത്തുടങ്ങി. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും മറ്റു ജീവിതപ്രയാസങ്ങളും അതിരൂക്ഷമായി. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിത്തുടങ്ങി.

1974 ലെ റെയില്‍വേ പണിമുടക്ക് എടുത്തുപറയേണ്ട ഒന്നാണ്. 17 ലക്ഷം തൊഴിലാളികളാണ് 20 ദിവസം തുടര്‍ച്ചയായി പണിമുടക്കിയത്. ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആ പണിമുടക്കിനെ ഭരണകൂടം അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഫലത്തില്‍, രാജ്യത്താകെ ഇന്ദിരാഭരണത്തിനെതിരായ വികാരം ആളിക്കത്തിക്കുന്നതിനാണ് റെയില്‍വേ പണിമുടക്ക് കാരണമായത്. ബിഹാറില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം ഇന്ദിരാഭരണത്തിനെതിരെ രാജ്യത്താകെ അലയടിച്ച പ്രതിഷേധത്തിന്റെ മൂര്‍ച്ചയുള്ള രൂപമായിരുന്നു.

ഇതിനിടയില്‍ 1975 ജൂണ്‍ 12ന് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി വന്നു. ജനരോഷം, സാമ്പത്തിക പ്രതിസന്ധി, ഭരണ പരാജയം, മോഹന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആര്‍ജ്ജിച്ച പിന്തുണ ഒലിച്ചുപോകുന്നതിന്റെ വിഭ്രാന്തി എന്നിവയ്ക്കൊപ്പം കോടതിയില്‍ നിന്നുള്ള തിരിച്ചടികൂടിയായപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യത്തില്‍ തന്നെ കശാപ്പു ചെയ്യാനുള്ള തീരുമാനമാണ് ഇന്ദിരാഗാന്ധി എടുത്തത്. അതിന്റെ ഫലമാണ് ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ.

കണ്ണൂരില്‍ അന്ന് അത്തരമൊരു സാഹചര്യം ഉണ്ടായതിനു പിന്നില്‍ ഈ ദേശീയ പശ്ചാത്തലം കൂടി ഉണ്ടായിരുന്നോ? കാരണം ഇതേകാലത്ത് ബംഗാളിലും സമാനമായ സ്ഥിതി ഉണ്ടായിരുന്നല്ലോ?

പടിഞ്ഞാറന്‍ ബംഗാളില്‍ 1972 ലാണ് സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. 1967 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഭരണ കുത്തക തകര്‍ക്കുന്ന നിലയിലുള്ള ഫലമാണുണ്ടായത്. കേരളവും പടിഞ്ഞാറന്‍ ബംഗാളും ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ അന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ രണ്ടുവര്‍ഷം മാത്രമേ ഐക്യമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണം തുടര്‍ന്നുള്ളൂ. തുടര്‍ന്ന് 1972ല്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ്, ബംഗാളിലെ ഇടതുപക്ഷത്തെ തുടച്ചുനീക്കുക എന്നതാണ് പ്രത്യേക പരിപാടിയായി ഏറ്റെടുത്തത്. അതിന്റെ ഭാഗമായി ഭരണകൂട നേതൃത്വത്തിലുള്ള അടിച്ചമര്‍ത്തലുകളും കരിനിയമ പ്രയോഗവും വ്യാപകമായി. ഫാസിസ്റ്റ് രീതികളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസും പിന്തുടര്‍ന്നത്. 1972 ലെ കോണ്‍ഗ്രസിന്റെ വിജയംതന്നെ വന്‍തോതിലുള്ള ബൂത്ത്പിടുത്തവും തിരഞ്ഞെടുപ്പ് അട്ടിമറിയും നടത്തിയായിരുന്നു. ആ രീതി പിന്നീടും തുടര്‍ന്നു. അര്‍ദ്ധഫാസിസ്റ്റ് ഭീകരവാഴ്ച എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ പറ്റുന്ന രീതിയില്‍ ഭീകരമായിരുന്നു അന്നത്തെ പടിഞ്ഞാറന്‍ ബംഗാളിന്റെ അവസ്ഥ.

1967ലെ ഐക്യമുന്നണി സര്‍ക്കാര്‍ തകര്‍ന്ന ശേഷം കേരളത്തില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസിന് പൂര്‍ണ്ണ നിയന്ത്രണമുള്ള സര്‍ക്കാരാണ്. ഇവിടെയും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള കോണ്‍ഗ്രസിന്റെ ആയുധം പൊലീസ് തന്നെയായിരുന്നു. പൊലീസിനെയും സ്വന്തം ക്രിമിനലുകളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കപ്പെട്ടു. അതിന്റെ ഒരു ഉയര്‍ന്ന രൂപമാണ് കണ്ണൂരില്‍ പ്രകടമായത്.

അധികാരം നിലനിര്‍ത്താനും വിയോജിപ്പുകളെ അടിച്ചമര്‍ത്താനും രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തിരസ്കരിക്കുക എന്ന നയം ദേശവ്യാപകമായി കോണ്‍ഗ്രസ് സ്വീകരിച്ചതിന്റെ അനുരണനം തന്നെയാണ് ഇതും.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ നിലവിലുണ്ടായിരുന്ന ഭീകരവാഴ്ച അതേപടി തുടര്‍ന്നോ അതോ അത് കൂടുതല്‍ ഭീകരവും വ്യാപകവുമായോ? എങ്ങനെയായിരുന്നു അക്കാലത്തെ കണ്ണൂരിലെ, കേരളത്തിലെയും, രാഷ്ട്രീയ പ്രവര്‍ത്തനം?

അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ അതുവരെ ഉണ്ടായിരുന്ന അക്രമസ്വഭാവം കൂടുതല്‍ പരസ്യമായി പ്രകടിപ്പിക്കാനും രാഷ്ട്രീയ വിയോജിപ്പുള്ളവരെ ശത്രുക്കളായിക്കണ്ട് അടിച്ചമര്‍ത്താനും ഒരു മടിയും കാണിക്കാത്തവരായി കോണ്‍ഗ്രസ് മാറി. എതിരാളികളെ മാത്രമല്ല;തങ്ങളോടൊപ്പം നില്‍ക്കുന്നവരെ പോലും ദ്രോഹിക്കാന്‍ അവർ മടിച്ചില്ല. കോണ്‍ഗ്രസിന് കൊടുത്ത സംഭാവനയുടെ തോത് കുറഞ്ഞു പോയി എന്നതുകൊണ്ട് ജയിലില്‍ അടയ്-ക്കപ്പെട്ടവരുണ്ട്. മിസ, ഡി ഐ ആര്‍ എന്നീ കരിനിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആ പ്രദേശത്തിന്റെ ഭരണാധികാരികളായി സ്വയം അവരോധിച്ചു. പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും അവരുടെ വരുതിയിലായി.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം എന്നല്ല, സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യം എല്ലാ നാവുകളെയും നിശബ്ദമാക്കാനുള്ള ആയുധമാക്കി കോണ്‍ഗ്രസ് മാറ്റി.

1975 ജൂലൈ 21ന് എകെജി ലോക്-സഭയില്‍ നടത്തിയ പ്രസംഗം അന്നത്തെ അവസ്ഥയുടെ ഭീകരത വെളിവാക്കുന്നു. ‘‘ഞങ്ങളുടെ 34 എം പി മാര്‍ ഇവിടെയില്ല. അവരുടെ കുഴപ്പം കൊണ്ടല്ല. വിചാരണയില്ലാതെ തടവില്‍ വച്ചിരിക്കുകയാണ്. പാര്‍ലമെന്റുതന്നെ വെറും പ്രഹസനമായി മാറിയിരിക്കുന്നു.പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും അവരുടെ പാര്‍ട്ടിക്കും നിത്യമായി ഉപയോഗിക്കാനുള്ള ഒരു വസ്തുവായിരിക്കുന്നു ഇത്’’. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ജയിലില്‍ കിടന്ന പഴയ കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് ഇത്തരം പെരുമാറ്റങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമം പാര്‍ലമെന്റിനോട് പറഞ്ഞു കൊണ്ടാണ് അന്ന് എകെജി പ്രസംഗം പൂര്‍ത്തിയാക്കിയത്.

ജയപ്രകാശ് നാരായണനെയും പിന്നീട് പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയെയും ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളെ തന്നെ തടങ്കലിലാക്കി. ജയപ്രകാശ് നാരായണന് ജയിലില്‍ വച്ച് ഗുരുതരമായ വൃക്കരോഗം ബാധിച്ചു. കേരളത്തിലും സമാന അവസ്ഥയായിരുന്നു. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലില്‍ അടച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍സഖാവ് എന്‍ അബ്ദുള്ള രോഗം മൂര്‍ച്ഛിച്ചു മരണപ്പെട്ടു.കോഴിക്കോട് ആര്‍ഇസി വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ ഉള്‍പ്പെടെ അനേകം ചെറുപ്പക്കാര്‍ ഭരണകൂട ഭീകരതയുടെ ഫലമായി കൊലചെയ്യപ്പെട്ടു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടി അംഗീകരിക്കാത്തവര്‍ എന്ന ചാപ്പകുത്തിയാണ് പലരെയും തുറുങ്കിലടച്ചത്. മര്‍ദ്ദകവീരന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ അധികാരങ്ങള്‍ കയ്യാളി.

കോണ്‍ഗ്രസും ആ പാര്‍ട്ടിയോടൊപ്പമുള്ളവരും ഒഴികെയുള്ള ഒരു രാഷ്ട്രീയകക്ഷിയുടെയും പ്രവര്‍ത്തനം ആ ഘട്ടത്തില്‍ സുഗമമായിരുന്നില്ല. സിപിഐഎം പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് വേട്ടയാടി. പിണറായി പഞ്ചായത്തില്‍ പന്തക്കപ്പാറയില്‍ ബീഡി കമ്പനി ആക്രമിച്ചാണ് കോണ്‍ഗ്രസുകാര്‍ സഖാവ് കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയത്. തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ് ജോലി ചെയ്തിരുന്ന കമ്പനിയിലേക്ക് ബോംബറിഞ്ഞും അതിനു പിന്നാലെ, ഓടിക്കയറി ആളുകളെ വെട്ടിയും കുത്തിയും ആണ് ആക്രമണം നടത്തിയത്. പിണറായി പാര്‍ട്ടി ആപ്പീസ് ആക്രമിക്കുകയും ഫര്‍ണീച്ചര്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തു.

ഇത്തരം അതിക്രമങ്ങളുടെ വിവരമൊന്നും മാധ്യമങ്ങളിലും വന്നിരുന്നില്ല. പത്രങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ആയിരുന്നു. സെന്‍സര്‍മാര്‍ക്ക് ഹിതകരമല്ലാത്ത ഒരക്ഷരംപോലും അച്ചടിക്കാന്‍ പത്രങ്ങളെ അനുവദിച്ചില്ല.

ആളുകളെ മാത്രമല്ല ലക്ഷ്യമിട്ടത്. സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് നേരെയും തുടരെ ആക്രമണം ഉണ്ടായി. പെരളശ്ശേരിയില്‍ എകെജി മന്ദിരം വായനശാല തകര്‍ത്തു. അവിടെ ഉണ്ടായിരുന്ന 4000ത്തില്‍ പരം പുസ്തകങ്ങള്‍ വലിച്ചുവാരി റോഡിലിട്ട് തീയിട്ടു. മൈക്കും ഫര്‍ണിച്ചറും നശിപ്പിച്ചു. ക്ലബ്ബുകളും വായനശാലകളും സാംസ്കാരിക നിലയങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഇതിനെല്ലാം മൗനസാക്ഷികളോ കൂട്ടാളികളോ ആയി പൊലീസിന്റെ സാന്നിധ്യം.

ഇതിനൊക്കെ പുറമേയാണ് സിപിഐഎം പ്രവര്‍ത്തകരുടെ വീട്ടുവളപ്പില്‍ കയറി വാഴയും കവുങ്ങും കുരുമുളക് ചെടിയും അടക്കമുള്ളവ വെട്ടിനശിപ്പിക്കല്‍; പാര്‍ട്ടി പ്രവര്‍ത്തകരുടെ കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നില്ല; ലാത്തിയുമായി കോണ്‍ഗ്രസുകാര്‍ ജനങ്ങളെ ഭയപ്പെടുത്തി. പിണറായിയില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തിന്റെ വിവരമറിഞ്ഞ് സന്ദര്‍ശിക്കാന്‍ എത്തി തിരിച്ചുപോകുമ്പോഴാണ് എ വി കുഞ്ഞമ്പു, കെ വി നാരായണന്‍ നമ്പ്യാര്‍, കെ പി ഗോപാലന്‍ തുടങ്ങിയ നേതാക്കളെ ഗുണ്ടകള്‍ ആക്രമിച്ചത്.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് എംഎല്‍എ ആയിരുന്ന താങ്കള്‍ അറസ്റ്റുചെയ്യപ്പെട്ടല്ലോ. എന്തായിരുന്നു ആ അറസ്റ്റിനും ഭീകരമര്‍ദനത്തിനും കാരണമായ പ്രകോപനം? നിയമസഭാ സമ്മേളനത്തിനു മുമ്പായി മോചിപ്പിക്കുകയായിരുന്നോ?

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മുമ്പുതന്നെ സാധാരണ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് പതിവായി മാറിയിരുന്നു. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തടയപ്പെട്ടിരുന്നു. പക്ഷത്ത് നില്‍ക്കാത്ത സ്വരാഷ്ട്രീയ പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമണോത്സുകതയോടെ കൈകാര്യം ചെയ്യുന്നത് പതിവാക്കിയിരുന്നു. പൊലീസിനെയും ഭരണസംവിധാനങ്ങളെയും സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗിച്ചിരുന്നു.

രാജ്യവ്യാപകമായി ഇത്തരം നടപടികള്‍ തുടരുമ്പോള്‍ കേരളവും അതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ (ഇന്നത്തെ കാസര്‍ഗോഡ് ജില്ല ഉള്‍പ്പെടെയുള്ള അവിഭക്ത കണ്ണൂര്‍ ജില്ല) ഈ ആക്രമണങ്ങളുടെ കുന്തമുന കേന്ദ്രീകരിച്ചത് സിപിഐഎമ്മിന് നേരെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ കടന്നാക്രമിക്കുക; വഴിനടക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുക; പരസ്യമായ ഭീഷണി മുഴക്കുക; പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആക്രമണം നടത്തുക. ഇവയൊക്കെ അന്നത്തെ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പതിവ് പരിപാടിയായിരുന്നു.
ഒരു ഉദാഹരണം പറഞ്ഞാല്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്ന പ്രദേശമാണ് മമ്പറം. തൊട്ടുകിടക്കുന്ന പിണറായി പെരളശ്ശേരി പഞ്ചായത്തുകള്‍ ആകട്ടെ, സിപിഐഎമ്മിന്റെ ശക്തികേന്ദ്രവും. മമ്പറം ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തും സിപിഐ എം ശക്തികേന്ദ്രമാണ്. മമ്പറംവഴി നടന്നുപോവുകയോ ബസ്സില്‍ സഞ്ചരിക്കുകയോ ചെയ്യുന്ന കമ്യൂണിസ്റ്റുകാര്‍ പലപ്പോഴും കോണ്‍ഗ്രസുകാരുടെ ആക്രമണത്തിനിരയാകും. ഇതിന് പൊലീസിന്റെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. സിപിഐഎമ്മിന് സ്വാധീനമുള്ള ജില്ലയിലെ മറ്റു പല പ്രദേശങ്ങളും ഇതേ രീതിയിലുള്ള കടന്നാക്രമണങ്ങള്‍ക്ക് വേദിയായി.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം എന്ന നിലയിലാണ് ഞാന്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നത്. എംഎല്‍എയ്ക്ക് അനുവദിച്ച ടെലഫോണ്‍ പിണറായിയിലെ പാര്‍ട്ടി ഓഫീസിലായിരുന്നു. അന്ന് ഫോണ്‍ കണക്ഷന്‍ സുലഭമല്ല. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ഓഫീസില്‍ കയറി ഫര്‍ണിച്ചര്‍ എടുത്തുകൊണ്ടുപോവുക മാത്രമല്ല; ഫോണ്‍ തുടര്‍ച്ചയായി ദുരുപയോഗപ്പെടുത്തുകയും ചെയ്തു. ഇത് ഒഴിവാക്കാന്‍ ആ ഫോണ്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ കസ്റ്റഡിയിലേക്ക് മാറ്റേണ്ടിവന്നു.

അടിയന്തരാവസ്ഥയുടെ മറവില്‍ അതിക്രമങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും ഇരകളോട് സംസാരിക്കുന്നതും കോണ്‍ഗ്രസിനും പൊലീസിനും സഹിക്കാവുന്നതായിരുന്നില്ല. എന്നാല്‍ അത്തരം ഇടപെടലുകളില്‍ നിന്ന് ഞങ്ങള്‍ ഒട്ടും പിന്മാറിയില്ല. പരസ്യമായും അവശ്യഘട്ടങ്ങളില്‍ രഹസ്യമായും നാട്ടിലാകെ സഞ്ചരിക്കുകയും അടിയന്തരാവസ്ഥക്കെതിരെ സംസാരിക്കുകയും ചെയ്തു. മൈക്കിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ മെഗാഫോണ്‍ ഉപയോഗിച്ചും നേരിട്ടും ജനങ്ങളോട് സംവദിച്ചു. അക്രമികള്‍ക്കും അക്രമത്തിനും എതിരെ നാട്ടിന്‍പുറത്ത് ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നു. ഏത് അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മുന്നേറാന്‍ പ്രസ്ഥാനത്തിന് കരുത്തുണ്ട് എന്ന് തെളിയിക്കുന്ന ഇടപെടലുകളായിരുന്നു ഓരോ സിപിഐഎം പ്രവര്‍ത്തകന്റേതും അനുഭാവിയുടേതും.

അടിച്ചമര്‍ത്തലുകളും അവയ്ക്കെതിരായ ജനവികാരവും ഏറ്റവും ശക്തി പ്രാപിച്ച ഘട്ടത്തിലാണ് പാര്‍ട്ടി നേതാക്കളെ ഒന്നൊന്നായി അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 1975 സെപ്തംബര്‍ 28ന് അര്‍ദ്ധരാത്രിയാണ് പിണറായി എടക്കടവിലെ വീട്ടിലെത്തി പൊലീസ് എന്നെ അറസ്റ്റുചെയ്ത്- കൂത്തുപറമ്പ് ലോക്കപ്പിലേക്ക് കൊണ്ടുപോകുന്നത്.
അടിച്ചമര്‍ത്തലുകളില്‍ ഭയപ്പെട്ടോ തളര്‍ന്നോ നിസ്സംഗരായിരിക്കുകയായിരുന്നില്ല കമ്യൂണിസ്റ്റുകാര്‍. ശക്തമായ പ്രതിരോധം നാട്ടിലെമ്പാടും ഉയര്‍ന്നു. കാര്‍ന്നുതിന്നുന്ന രോഗാവസ്ഥ വകവെക്കാതെ എകെജി ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് സഖാക്കള്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നു. കടന്നാക്രമിക്കാന്‍ വരുന്ന ഗുണ്ടകളെയും പൊലീസിനെയും ആവുംവിധം വീട്ടമ്മമാരടക്കം നേരിട്ടു. ജനങ്ങള്‍ക്കിടയില്‍ നിരന്തരം ആശയപ്രചാരണവും സംഘാടനവും നടത്തി. പല നേതാക്കള്‍ക്കും ഒളിവിലിരുന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടിവന്നു.

അന്നുണ്ടായ താങ്കളുടെ അനുഭവം 
ചിന്ത വായനക്കാര്‍ക്കായി വിശദമായി 
വിവരിക്കാമോ?

എനിക്ക് ലോക്കപ്പില്‍ ഏല്‍ക്കേണ്ടിവന്ന പോലീസ് മര്‍ദ്ദനവും ഏറ്റ പരിക്കുകളും പിന്നീട് നിയമസഭയിലും മറ്റു പല വേദികളിലും വിശദമായി തന്നെ പറഞ്ഞിട്ടുള്ളതാണ്. “പ്രത്യേക നിര്‍ദ്ദേശമുണ്ട്-’’ എന്ന കാരണം പറഞ്ഞാണ് അന്നത്തെ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും എന്നെ അറസ്റ്റുചെയ്തു കൊണ്ടുപോയത്.

ആദ്യം മാന്യമായി പെരുമാറിയ പൊലീസിന്റെ ഭാവം ലോക്കപ്പില്‍ എത്തിയതോടെ മാറി. മുന്‍കൂര്‍ തീരുമാനിച്ചുറപ്പിച്ച മര്‍ദ്ദനമുറകളാണ് അരങ്ങേറിയത്. രണ്ടുപേര്‍ ഇരുവശത്തു നിന്ന് തുടര്‍ച്ചയായി തല്ലി. പിന്നീട് മൂന്നുപേര്‍കൂടി മര്‍ദ്ദക സംഘത്തോടൊപ്പം ചേര്‍ന്നു. നിലത്ത് വീഴുന്നതു വരെ അടിയും ഇടിയും. വീണു കിടക്കുമ്പോള്‍ തൊഴി. എഴുന്നേല്‍ക്കുമ്പോഴെല്ലാം വീണ്ടും വീഴുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു. എല്ലാവരും തളരുന്നതുവരെ ഇടിച്ചു. ബോധം വരുമ്പോള്‍ അടിവസ്ത്രം ഒഴികെ മറ്റെല്ലാം പോയിരുന്നു. കൈകാലുകള്‍ നുറുങ്ങിയ നിലയിലായിരുന്നു. ശരീരത്തില്‍ മരവിപ്പ് ബാധിച്ചിരുന്നു.

ജയിലില്‍ എത്തിയശേഷം കാലിന് പ്ലാസ്റ്റര്‍ ഇടേണ്ടിവന്നു. മുതുകിലെ വേദന മാറാനും ആരോഗ്യം വീണ്ടെടുക്കാനും ഏറെ ചികിത്സ വേണ്ടിവന്നു.

അന്ന് പ്രകടമായ പരിക്കുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് രേഖപ്പെടുത്താന്‍ ജയലധികൃതര്‍ തയ്യാറായിരുന്നില്ല. വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയ എന്നെ ശിവപുരത്തെ പാര്‍ട്ടി ഓഫീസില്‍ നിന്ന് അറസ്റ്റുചെയ്തു എന്നാണ് വ്യാജ രേഖ ഉണ്ടാക്കിയത്.

നീതി ലഭിക്കാനുള്ള ശ്രമങ്ങളാകെ വിഫലമാക്കുന്ന തരത്തില്‍ പൊലീസും ഉന്നതാധികാര കേന്ദ്രങ്ങളും ഇടപെട്ടു. അന്വേഷണങ്ങള്‍ പ്രഹസനമാക്കി. 18 മാസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്.

കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ അന്ന് സഹതടവുകാരായിരുന്നു. അവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. സെയ്ദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, എം വി രാഘവന്‍, ഇമ്പിച്ചി ബാവ, കെ ചന്ദ്രശേഖരന്‍, എം പി വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്‍, എ കണാരന്‍, വി വി ദക്ഷിണാമൂര്‍ത്തി, സി പി ചെറിയ മമ്മുക്കേയി, പി എം അബൂബക്കര്‍ തുടങ്ങി അനേകം പേര്‍. എല്ലാവരെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നില്ല. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ ഉള്ളവരായ പലരും അന്ന് അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ക്ക് ഒരുപോലെ ഇരയായിരുന്നു.

ചില പൊലീസ് ഉദ്യോഗസ്ഥരുടെ മാത്രം ചെയ്തിയായിരുന്നോ അതിനു പിന്നില്‍? അതോ ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നോ?

ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെയോ ഏതാനും ഉദ്യോഗസ്ഥരുടെയോ ചെയ്തിയാണ് അടിയന്തരാവസ്ഥയിലെ പൊലീസ് അതിക്രമം എന്ന നിഗമനം തെറ്റാണ്. അത് ഭരണകൂടത്തിന്റെ ആസൂത്രിതമായ കടന്നാക്രമണമായിരുന്നു. ഭരണനേതൃത്വം നേരിട്ട് പങ്കാളിത്തം വഹിച്ച് നടപ്പാക്കിയ, ജനാധിപത്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ധ്വംസനമായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരേ രീതിയില്‍ ആണ് ഇത് സംഭവിച്ചത്. ഒരേ പോലെയാണ് മൗലികാവകാശങ്ങള്‍ തടയപ്പെട്ടത്.

ഭരണകൂട ഭീകരതയുടെ നടത്തിപ്പുകാരായി പൊലീസ് സേനയെ മാറ്റുകയാണുണ്ടായത്. മര്‍ദ്ദനമുറകള്‍ക്ക് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സർക്കാർ സംരക്ഷണം നല്‍കി. കക്കയം ക്യാമ്പിലെ ക്രൂരതകളെക്കുറിച്ച് അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ലോകം അറിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പിടിച്ചുകൊണ്ടുപോവുകയും അപ്രത്യക്ഷരാവുകയും ചെയ്ത ചെറുപ്പക്കാരെക്കുറിച്ചും അവര്‍ നേരിട്ട മര്‍ദ്ദനങ്ങളെക്കുറിച്ചും പിന്നീട് നടന്ന അന്വേഷണങ്ങളിലാണ് സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയത്. രാജനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ പിതാവ് ഈച്ചര വാര്യര്‍ക്ക്- നിയമ പോരാട്ടം നടത്തേണ്ടിവന്നു.

മര്‍ദ്ദകവീരന്മാരായ പൊലീസുദ്യോഗസ്ഥരെ ന്യായീകരിച്ചും സംരക്ഷിച്ചും അന്നത്തെ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. 1977 മാര്‍ച്ച് 21ന് നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് ഞാന്‍ സംസാരിച്ചപ്പോഴാണ് നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോക്കപ്പിലും ജയിലിലും നേരിട്ട ആക്രമണത്തിന്റെ തീവ്രത വിശദമായി മനസ്സിലാക്കിയത്. അപ്പോഴേക്കും അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിയിരുന്നു. പക്ഷേ അന്ന് ചെയ്തുകൂട്ടിയ ക്രൂരതകളെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പശ്ചാത്താപ പ്രകടനമൊന്നും ഉണ്ടായില്ല.

അടിയന്തരാവസ്ഥയ്ക്കുശേഷം കണ്ണൂരില്‍ സമാനമായ രാഷ്ട്രീയാന്തരീക്ഷം ഉണ്ടായിട്ടുണ്ടോ?

കണ്ണൂര്‍ ജില്ലയില്‍ തുടര്‍ന്നുള്ള ഘട്ടങ്ങളിലും സിപിഐഎമ്മിന് നേരെ കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന് ഏറെക്കാലം നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് തന്നെയാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വിവിധതരം ബോംബുകള്‍ നിര്‍മിച്ചത് പ്രദര്‍ശനത്തിനുവെച്ചത് ഒരു മാധ്യമത്തിലൂടെ നാം കണ്ടതാണ്. 1987 ല്‍ വോട്ടെടുപ്പ് ദിനത്തിലാണ് ഇന്നത്തെ കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ 5 സിപിഐഎം പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത്. മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ക്രിമിനലിസത്തിന്റെ മറ്റൊരു മുഖമായിരുന്നു.

കോണ്‍ഗ്രസ് പിന്നീട് ദുര്‍ബലമായപ്പോള്‍ മാര്‍ക്സിസ്റ്റ് വേട്ടയുടെ നേതൃത്വം ആര്‍എസ്എസ് ഏറ്റെടുത്തു. അനേകം കൊലപാതകങ്ങള്‍. വീട്ടില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കെ വി സുധീഷിനെ എസ്എഫ്ഐ നേതാവാണ് എന്ന ഒറ്റക്കാരണത്താലാണ് വലിച്ചിറക്കി വെട്ടിക്കൊന്നത്.

അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസ് ജയിലില്‍ വന്നിരുന്നു. എന്നെ മര്‍ദ്ദിച്ചവശനാക്കിയതിന് ചുക്കാന്‍ പിടിച്ച ആ ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍, പരിക്ക് പറ്റിയ കാല്‍ നേരെയായത് ഉയര്‍ത്തിക്കാട്ടി ‘‘ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല’’എന്നാണ് ഞാൻ പറഞ്ഞത്.

മര്‍ദ്ദനമുറകള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും പീഡന പരമ്പരകള്‍ക്കും തളര്‍ത്താനാവുന്ന ഒന്നല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ബഹുജന പിന്തുണയുള്ള പ്രസ്ഥാനമായി പാര്‍ട്ടി ഉയര്‍ന്നുനില്‍ക്കുന്നത് ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ്.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

റായ് ബറേലിയില്‍ നിന്നുള്ള തന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതിയുടെ തീരുമാനം തൽക്കാലം അവർ രാജിവയ്ക്കേണ്ടതില്ലെന്നും അപ്പീൽ വിശദവാദം കേട്ടശേഷം തീർപ്പാക്കാമെന്നുമായിരുന്നു. അങ്ങനെ ഇന്ദിരാഗാന്ധിയ്ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായി. ഈ ഘട്ടത്തിലാണ് 1975 ജൂണ്‍ 25ന് രാത്രി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചത്. ഭീതിദമായ ആ കാലത്താണ് നിര്‍ബന്ധിത വന്ധ്യംകരണവും ചേരി നിര്‍മ്മാര്‍ജ്ജനമെന്ന പേരിലുള്ള അതിക്രമവും പൗരരില്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചത്. തുര്‍ക്ക്മാന്‍ഗെയ്റ്റിലും മുസഫര്‍നഗറിലും ഉള്‍പ്പെടെ ഇടിച്ചുനിരത്തപ്പെട്ട അനേകം ചേരികളില്‍ പത്തു കോടിയോളം ആളുകള്‍ ആട്ടിയോടിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ഇരുപതിനപരിപാടിയും സഞ്ജയ്ഗാന്ധിയുടെ അഞ്ചിനപരിപാടിയും തകര്‍ത്തു കളഞ്ഞത് ജനാധിപത്യ ഇന്ത്യയെതന്നെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത ആ ഘട്ടത്തെ അതിജീവിച്ചു. ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ ഭരണകൂടത്തിന് പത്തിമടക്കേണ്ടി വന്നു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ കടന്നുപോകുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നൊക്കെ പറയാം. സംഘപരിവാര്‍ തങ്ങളുടെ വര്‍ഗ്ഗീയ അജൻഡകള്‍ ഓരോന്നായി നടപ്പിലാക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍വചിക്കപ്പെടുന്ന പൗരത്വ ഭേദഗതി നിയമ നിര്‍മാണവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുവഴി കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ്. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന അടുത്ത അജൻഡ ലക്ഷ്യംവെക്കുന്നത് പാര്‍ലമെന്ററി വ്യവസ്ഥയില്‍ നിന്നും പ്രസിഡന്‍ഷ്യന്‍ രീതിയിലേക്കുള്ള മാറ്റമാണ്. ബിജെപി നേതൃത്വം നല്‍കുന്ന ഭരണത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയാകെ അട്ടിമറിക്കപ്പെടുകയാണ്. വര്‍ഗീയ വിഭജനത്തിനുള്ള ആസൂത്രിത ഇടപെടലുകളാണ് സംഘപരിവാര്‍ നടത്തുന്നത്. ഏറ്റവും ഒടുവില്‍ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ഉള്‍പ്പെടെ ഭരണഘടനാഫെഡറല്‍ മൂല്യങ്ങളോട് തങ്ങള്‍ക്ക് ഒരു മമതയുമില്ലെന്ന കാര്യമാണ് സംഘപരിവാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തേതു പോലെ ഭരണഘടനയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം ഇന്ന് ബിജെപി ഭരണത്തില്‍ ശക്തിപ്പെടുകയാണ്. എന്നാല്‍ രാജ്യം അടിയന്തരാവസ്ഥയെ അതിജീവിച്ചതുപോലെ ഇന്നത്തെ അവസ്ഥയേയും മറികടക്കും. അടിസ്ഥാന വര്‍ഗത്തിന്റെ ഐക്യത്തിലൂടെയുള്ള ജനകീയ സമരങ്ങൾക്കുമുന്നില്‍ സംഘപരിവാറിന് കീഴടങ്ങിയേ മതിയാകൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular