Wednesday, January 14, 2026

ad

Homeകവര്‍സ്റ്റോറിഅടിച്ചമർത്തലിന്റെയും ചെറുത്തുനിൽപ്പിന്റെയും കാലം

അടിച്ചമർത്തലിന്റെയും ചെറുത്തുനിൽപ്പിന്റെയും കാലം

എം എ ബേബി/ആര്യ ജിനദേവൻ

ടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ താങ്കൾ വിദ്യാർഥിയായിരുന്നല്ലോ. എവിടെയായിരുന്നു പഠിച്ചി-രുന്നത്? വിദ്യാർഥി സംഘടനാരംഗത്ത് താങ്കളുടെ സ്ഥാനം എന്തായിരുന്നു? അടിയന്തരാവസ്ഥയെ തുടർന്ന്, സഖാവിന് പഠനം തുടരാനായോ? അടിയന്തരാവസ്ഥ പിൻവലിച്ചശേഷം പഠനം തുടർന്നോ?

കൊല്ലം ശ്രീനാരായണ കോളേജിൽ ബിരുദപഠനം തുടരുമ്പോഴാണ്, അമ്പതുവർഷം മുമ്പ് ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രമീമാംസ മുഖ്യവിഷയമായിട്ടുള്ള, ഒപ്പം സാമ്പത്തികശാസ്ത്രവും ഇന്ത്യാ ചരിത്രവും ഉപവിഷയങ്ങളുമായ പഠന പദ്ധതിയായിരുന്നു. ഹാജർ കുറവ് നികത്തിയാലേ അവസാന വർഷപ്പരീക്ഷ എഴുതാനാവുമായിരുന്നുള്ളൂ. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടർന്ന് ഒരാഴ്ചക്കുള്ളിൽത്തന്നെ തിരുവനന്തപുരത്ത് നിരോധനം ലംഘിച്ച് പ്രകടനം നടത്തി ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന് മുദ്രാവാക്യം മുഴക്കിയ ഞങ്ങളെ ഡിഐആർ പ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതോടെ ഔപചാരിക പഠനം ഇനി വേണ്ട എന്ന് മനസ്സ് തീരുമാനമെടുത്തു. ജയിലിൽ വച്ചെടുത്ത ആ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു. എന്നാൽ അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി എന്നോടൊപ്പം പ്രവർത്തിച്ചിരുന്ന സ: കോടിയേരി ബാലകൃഷ്ണൻ മിസതടവുകാരനായി കിടക്കുമ്പോൾത്തന്നെ ജയിലിൽ കിടന്നു പഠിച്ച്, പരീക്ഷ എഴുതി ബിരുദം നേടി. ഇതിൽ പുതിയ തലമുറ സ്വീകരിക്കേണ്ട മാതൃക സ: കോടിയേരിയുടേതാണ് എന്ന് ഞാൻ നിസ്സംശയം പറയും. ഞാൻ സ്വീകരിച്ച മറിച്ചുള്ള തീരുമാനം എന്റെ വ്യക്തിപരമായ ഒരു സാഹസമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശരിയും. 1977 നുശേഷം തുടർപഠനം പ്രസ്ഥാനത്തിലെ പ്രവർത്തനമാണ് എന്നു ഞാൻ തീരുമാനിക്കുകയായിരുന്നു.

അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ സജീവ വിദ്യാർഥി സംഘടനാ പ്രവർത്തകനായിരുന്നു. 1970ൽ തിരുവനന്തപുരത്തുവച്ച് എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനം ചേരുമ്പോൾ സമാപന റാലിയിൽ പങ്കെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ കൊല്ലം ശ്രീനാരായണ കോളേജ് യൂണിറ്റ് സെക്രട്ടറി, കൊല്ലം താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളിൽ പരിശീലനം കിട്ടി. 1975 മാർച്ച് 1, 2, 3 തീയതികളിലായിരുന്നു എന്നാണ് ഓർമ; അന്നത്തെ വി ജെ ടി ഹാളിൽവച്ച് (ഇന്ന് അയ്യങ്കാളി ഹാൾ) നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സ. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായും ഞാൻ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അതുകഴിഞ്ഞ് ഏതാണ്ട് 4 മാസമായപ്പോൾ അടിയന്തരാവസ്ഥാ പ്രഖ്യാപനമായി. തുടർന്നുള്ള നാളുകൾ സമരഭരിതമായിരുന്നു. സംഘർഷാത്മകവും.

അക്കാലത്തെ, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തി-നു മുമ്പും അതിനുശേഷം അടിയന്തരാവസ്ഥക്കാല-ത്തും വിദ്യാർഥി സംഘടനാപ്രവർത്തനം എങ്ങനെയായിരുന്നു?

ജനവിരുദ്ധ സമീപനങ്ങൾ പിന്തുടർന്നുപോന്ന കേന്ദ്ര– കേരള ഗവൺമെന്റുകൾ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മുമ്പുതന്നെ സേ-്വച്ഛാധിപത്യപരമായ മർദ്ദനവാഴ്ച കെട്ടഴിച്ചുവിട്ടിരുന്നു. 1972 മുതൽ തന്നെ അടിയന്തരാവസ്ഥയുടെ മുന്നോടിപോലെ അർദ്ധഫാസിസ്റ്റ് ഭീകരാവസ്ഥ പശ്ചിമബംഗാളിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാർഥശങ്കർ റായിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. കേരളത്തിലും അത്രത്തോളമല്ലെങ്കിലും ക്രൂരമായ പൊലീസ് തേർവാഴ്ചയാണ് മാർക്സിസ്റ്റു വിരുദ്ധ അവസരവാദ ഭരണസംവിധാനത്തിൽനിന്നും ഉണ്ടായത്. വിദ്യാർഥിരംഗത്ത് അവകാശപ്പോരാട്ടങ്ങൾക്ക് ഉശിരൻ നേതൃത്വം നൽകുക വഴി എസ്എഫ്ഐ അതിവേഗം പിന്തുണയും സ്വാധീനവും വ്യാപിപ്പിച്ചുകൊണ്ടിരുന്നു. കെഎസ്-യുവും എബിവിപിയും പുറത്തുനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെ ക്യാമ്പസ്സുകളിൽ കടന്ന് നിഷ്ഠുരമായ ആക്രമണങ്ങൾ നടത്തി. പട്ടാമ്പി സംസ്കൃത കോളേജിലെ സഖാവ് സെയ്ദാലി കോളേജ് ക്യാമ്പസിൽവച്ച് എബിവിപി –ആർഎസ്എസ് ഘാതകരാൽ വധിക്കപ്പെട്ടത് ഒരു ഉദാഹരണം. എല്ലാ ജില്ലകളിലും എസ്എഫ്ഐ പ്രവർത്തകർക്ക് നാലുതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഒന്ന്, ക്യാമ്പസ്സിനുള്ളിലും പുറത്തും നിന്ന് ഗുണ്ടാ ആക്രമണ പരമ്പരകൾ, രണ്ട്, പൊലീസ് കള്ളക്കേസുകൾ, അറസ്റ്റ്, ലോക്കപ്പ് മർദ്ദനം തുടങ്ങി ഭരണകൂട സംവിധാനത്തിന്റെ അടിച്ചമർത്തൽ–അത് പലപ്പോഴും കെഎസ്-യു–എബിവിപി അക്രമങ്ങൾക്ക് സംരക്ഷണവും പിന്തുണയും നൽകി. മൂന്നാമത് സ്വകാര്യ സ്കൂൾ– കോളേജ് അധികൃതരുടെ പ്രതികാര നടപടികളും ഡീറ്റെൻഷൻപോലുള്ള കടുത്ത ശിക്ഷകളും. നാലാമത് മുഖ്യധാരാ മാധ്യമങ്ങളുടെ കള്ളപ്രചാര വേലകൾ.

ഇതിനെയൊട്ടാകെ അതിജീവിച്ചുകൊണ്ടാണ് എസ്എഫ്ഐ, അടിയന്തരാവസ്ഥാപൂർവ കാലഘട്ടത്തിൽ അത്യന്തം ക്ലേശകരവും പ്രതികൂലവുമായ സാഹചര്യത്തിൽ പ്രവർത്തിച്ച് മുന്നേറിയത്, വിദ്യാർഥികളുടെ അവകാശസംരക്ഷണാർഥമുള്ള ത്യാഗപൂർണമായ സമരങ്ങളിലൂടെ. അടിയന്തരാവസ്ഥയുടെ അടിച്ചമർത്തൽ, സംഘടനയുടെ പ്രവർത്തന –സമരശെെലികൾ ആകെത്തന്നെ പുനരാവിഷ്കരിക്കാൻ നിർബന്ധിച്ചു. ഇതിന്റെ ഭാഗമായി അടിയന്തരാവസ്ഥയെപ്പറ്റിത്തന്നെ ഒരു വിശകലനം വേണ്ടിയിരുന്നു. അത് ഫാസിസത്തിന്റെ രൂപമാണോ? ഇതെത്രകാലം തുടരും? ഏതെല്ലാം തരത്തിലുള്ള സമരരീതികളാണ് ഇതിനെതിരെ ആവിഷ്കരിക്കേണ്ടത്? അതിൽ ആരുമായിട്ടൊക്കെ സഹകരിക്കാം? അത്തരം സഹകരണം ഏതൊക്കെ രൂപത്തിലാകാം? തുടങ്ങിയവയായിരുന്നു ചുരുക്കത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾ.

അക്കാലത്തെ ഫാസിസ്റ്റ് വാഴ്ചയെന്ന് 
വിശേഷിപ്പിക്കുന്നുണ്ടോ?

ഫാസിസ്റ്റ് പ്രവണതകൾ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഭരണം പ്രകടിപ്പിച്ചിരുന്നു എന്നത് ശരിയാണ്. അതിനെ ‘ഫാസിസ്റ്റ്’ എന്ന് ശക്തിയായ പ്രതിഷേധ സ്വരത്തിൽ പലരും അപലപിച്ചു എന്നതും ശരിയാണ്. എകെജി ഇന്ദിരയെ പെൺ ഹിറ്റ്ലർ എന്ന് വിശേഷിപ്പിച്ചതും മറക്കാവതല്ല. പക്ഷേ അതിതീവ്രമായ സേ-്വച്ഛാധിപത്യഭരണമായിരുന്നു അത്. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് അതിനെ ഫാസിസ്റ്റ് എന്ന് പലരും അപലപിച്ചതുപോലെതന്നെ, അടിയന്തരാവസ്ഥയെ എതിർക്കുവാൻ മുന്നോട്ടുവന്ന വലതുപക്ഷ പ്രതിപക്ഷത്തെ ഫാസിസ്റ്റ് എന്നുവിളിച്ച് അധിക്ഷേപിക്കാൻ ഇന്ദിരാഗാന്ധിയും അന്ന് അവർക്കൊപ്പം നിന്ന മറ്റു പാർട്ടികളും –അതിൽ ഇടതുപക്ഷ പാർട്ടികളും ഉൾപ്പെടും– മുതിരുകയുണ്ടായി; 1975 ഡിസംബറിൽ പാറ്റ്നയിൽ ചേർന്ന ‘ഫാസിസ്റ്റുവിരുദ്ധ’ അന്തർദേശീയ സമ്മേളനം ഇന്ദിരാഗാന്ധിയുടെ സേ-്വച്ഛാധിപത്യഭരണത്തെ വാഴ്ത്തുകയും അത് ‘ഫാസിസത്തിനെതിരായ’ ശക്തമായ നടപടിയാണെന്ന് നിർവചിക്കുകയും ചെയ്തു. ആഭ്യന്തര അടിയന്തരാവസ്ഥയെ എതിർക്കുന്നവർ ഫാസിസ്റ്റനുകൂലികളാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളും അതിൽ സംബന്ധിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഗേ-്യാർഗി ദിമിത്രോവിന്റെ ‘ഫാസിസത്തിനെതിരായ ഐക്യമുന്നണി’ എന്ന സുപ്രസിദ്ധമായ തീസിസ്, സുദീർഘമായ തന്റെ അവതാരികയോടെ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാൻ സഖാവ് ഇ എം എസ് മുൻകെെയെടുത്തത്. എന്താണ് ഫാസിസമെന്നും അതിനെതിരായ സമരത്തിൽ എങ്ങനെ വേണം വിശാലവും വിപുലവുമായ മുന്നണിയോ വേദിയോ കെട്ടിപ്പടുക്കേണ്ടത് എന്നും ചർച്ച ചെയ്യുന്ന ആധികാരികരേഖയാണ് ദിമിത്രോവ് തീസിസ്സ് എന്നുകൂടി അറിയപ്പെടുന്ന പ്രസ്തുത രേഖ. ലെനിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട മൂന്നാം ഇന്റർനാഷണൽ (കമ്യൂണിസ്റ്റ് ഇന്റർനാഷണൽ എന്നുംപറയാം) അതിന്റെ 7–ാം കോൺഗ്രസ്സിൽ മുസോളിനിയുടെ ഇറ്റലിയിലും ഹിറ്റ്ലറുടെ ജർമനിയിലും മറ്റു രാജ്യങ്ങളിലും വ്യത്യസ്ത തോതിൽ വളർന്നുവന്ന പുതിയ പ്രതിഭാസത്തെ സമഗ്രമായി അപഗ്രഥിച്ചുകൊണ്ടു നടത്തിയ ചർച്ചയുടെ ക്രോഡീകരണമായിരുന്നു പ്രസ്തുത രേഖകൾ (ഉപസംഹാരപ്രസംഗം ഉൾപ്പെടെ).

ചുരുക്കത്തിൽ, പൂർണ തോതിലുള്ള ഫാസിസമല്ലെങ്കിലും അത്തരം പ്രവണതകൾ പ്രകടിപ്പിക്കുന്ന അമിതാധികാരവാഴ്ചയാണ് അടിയന്തരാവസ്ഥയിലൂടെ രാജ്യത്ത് സ്ഥാപിക്കപ്പെട്ടത്. അതിനെതിരെ സാധ്യമായത്ര വിശാലമായ സമരനിര– പാർട്ടിക്കാർ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നീ തരത്തിൽ വളർത്തിയെടുക്കണമെന്ന് വിദ്യാർഥി–യുവജന–തൊഴിലാളി–കർഷക–മഹിളാ –സാംസ്കാരിക പ്രസ്ഥാനങ്ങളും സിപിഐ എമ്മും തീരുമാനിച്ചു.

പെട്ടെന്നൊന്നും അടിയന്തരാവസ്ഥ അവസാനിക്കാനിടയില്ല എന്നാണ് സിപിഐ എം ആദ്യം വിലയിരുത്തിയത്. ചൂഷകവർഗ വിഭാഗങ്ങളിലും അവയുടെ രാഷ്ട്രീയപ്പാർട്ടികളിലും വ്യാപിച്ച ആഴമേറിയ പ്രതിസന്ധി അളക്കാൻ വേണ്ടത്ര കഴിയാതിരുന്നതിനാലാണ് ഇത്തരമൊരു തെറ്റായ വിലയിരുത്തൽ നടത്തിയത് എന്ന് പിന്നീട് നാം കണ്ടെത്തുകയുണ്ടായി.

അടിയന്തരാവസ്ഥക്കാലത്ത് സിപിഐ എം ആർഎസ്എസുമായി യോജിച്ചു പ്രവർത്തിച്ചിരുന്നു എന്ന വിമർശനമുണ്ടല്ലോ. എന്താണ് വസ്തുത?

രാഷ്ട്രീയ സ്വയം സേവക് സംഘ്- (ആർഎസ്എസ്) അടിയന്തരാവസ്ഥക്കെതിരെ ചില സ്ഥലങ്ങളിൽ ചില പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും അതിന്റെ കുറേ നേതാക്കൾ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. എന്നാൽ അവർ അതിവേഗം ആ സമീപനം ഉപേക്ഷിക്കുകയും അന്നത്തെ സർ സംഘ് ചാലക് ബാല സാഹേബ് ദേവറസ് ജയിലിൽനിന്ന് തന്നെ മോചിപ്പിക്ക
ണമെന്നും അനുരഞ്ജന ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നും അഭ്യർഥിച്ച് കത്തെഴുതുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ ‘ഇരുപതിന പരിപാടി’യും സഞ്ജയ് ഗാന്ധി കൂട്ടിച്ചേർത്ത അഞ്ചിന പരിപാടികളും നടപ്പാക്കുവാൻ ആർഎസ്എസ് മേധാവി തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തതും വെളിപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ നമ്മളെ സംബന്ധിച്ചിടത്തോളം, ആർഎസ്എസുമായി യോജിച്ച സമരത്തിന്റെ പ്രശ്നം ഉയർന്നിരുന്നില്ല. എന്നാൽ, രാഷ്ട്രീയമായി വിയോജിപ്പുള്ള മറ്റുള്ളവരുമായി അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭ പ്രവർത്തനങ്ങളിൽ ‘ഏകകാലീകരിക്കൽ’ (Synchronize) ആകാം എന്നായിരുന്നു സിപിഐ എം തീരുമാനിച്ചത്.

അടിയന്തരാവസ്ഥയ്ക്കെതിരായി വിദ്യാർഥിരംഗത്ത് തുടക്കത്തിൽ എസ്എഫ്ഐ നടത്തിയ സമരങ്ങളെക്കുറിച്ച് വിവരിക്കാമോ?

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുമ്പ് (1975 ജൂലെെ 1–ാം തീയതി) തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാന നിരത്തിൽ സെക്രട്ടറിയറ്റിനുമുന്നിലൂടെ 30 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ നിരോധനം ലംഘിച്ചുകൊണ്ടു നടത്തിയ പ്രതിഷേധ പ്രകടനം പ്രകമ്പനമുണ്ടാക്കി. അതിനെത്തുടർന്ന് ജൂലെെ 10, 11 തീയതികളിൽ സംസ്ഥാനതലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ആഹ്വാനം ചെയ്യപ്പെട്ടു. ഇ എം എസ്, എ കെ ജി തുടങ്ങിയവർ അന്ന് അറസ്റ്റു ചെയ്യപ്പെട്ടു. അവരെ ജയിലിലടയ്-ക്കുന്നത് കേരളത്തിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയേക്കാം എന്ന കണക്കുകൂട്ടലിൽ അവരെ താമസിയാതെ മോചിപ്പിച്ചു. മറ്റനേകം നേതാക്കൾ ‘മിസ’ പ്രകാരം ജയിലിലടയ്-ക്കപ്പെട്ടു.

വിദ്യാർഥിരംഗത്ത് നിരന്തര പഠിപ്പുമുടക്ക് അന്നത്തെ സാഹചര്യത്തിൽ ആശാസ്യമല്ല എന്ന് ചർച്ചചെയ്ത് തീരുമാനിച്ചു. മറ്റു സമരമാർഗങ്ങൾ സമയാസമയങ്ങളിൽ ആലോചിച്ച് തീരുമാനിക്കുക എന്നതായിരുന്നു അന്നത്തെ സാഹചര്യത്തിൽ പ്രായോഗികം. ഉദാഹരണത്തിന്, അന്നത്തെ അച്യുതമേനാൻ സർക്കാർ 5–ാം ക്ലാസ്സിൽ പുതുതായി ഫീസ് ഏർപ്പെടുത്തി. അത് 4–ാം ക്ലാസ്സുവരെ എലിമെന്ററി സ്കൂളിൽ പഠിച്ച ദരിദ്ര കുടുംബത്തിൽനിന്നുള്ള ഒരു വിദ്യാർഥി/വിദ്യാർഥിനി –തുടർപഠനം വേണമോ എന്ന് സംശയിക്കാൻ ഇടവരുത്തുമെന്ന് എസ്എഫ്ഐ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, ആ ഫീസ് ചുമത്തൽ റദ്ദാക്കണമെന്നും സ്കൂൾ പാർലമെന്റ് – കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങളുൾപ്പെടെയുള്ള ഒരു അവകാശ പത്രികയിൽ വ്യാപകമായ ഒപ്പുശേഖരണമെന്ന ഒരു സമരമാർഗം എസ്എഫ്ഐ ആവിഷ്കരിച്ചു. ഇത്തരം പ്രവൃത്തികൾ ക്യാമ്പസ്സുകളിൽ ധീരതയോടെ ഏറ്റെടുത്ത എസ്എഫ്ഐ നേതാക്കളെ ഒറ്റുകൊടുത്ത് പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിക്കുന്ന അപമാനകരമായ പ്രവൃത്തി അക്കാലത്ത് കെഎസ്‌യുക്കാരും അവർക്കൊപ്പം അന്നു കൂട്ടുകെട്ട് ഉണ്ടാക്കിയ മറ്റ് സംഘടനകളും ചെയ്തു.

വിദ്യാർഥി പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം നിർബന്ധമായും ഉത്തരവാദിത്തമുള്ള ഒരുകൂട്ടം എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റ് ഒഴിവാക്കി സംഘടനയുടെ പ്രവർത്തനക്ഷമത നിലനിർത്തണമെന്ന നിർദേശമാണ് വിവിധ തലങ്ങളിലെ ചുമതലപ്പെട്ടവർക്ക് അന്ന് നൽകിയത്. സഖാവ് ഇ എം എസ് പങ്കെടുത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും വിദ്യാർഥി പ്രവർത്തകർക്ക്- മേഖലാ ക്യാമ്പുകൾ നടത്തി. വടക്കൻ പറവൂരിൽ വച്ച് സ: നായനാർ നേതൃത്വം നൽകിയ ഒരു പഠന പരിപാടി സംഘടിപ്പിച്ചതും ഓർക്കുന്നു.

സഖാവ് എ കെ ജി പങ്കെടുത്ത് കണ്ണൂരിലും കൊല്ലത്തും രണ്ടു പരസ്യമായ വിദ്യാർഥി കൺവൻഷനുകൾ നടത്തിയതും വിദ്യാർഥി പ്രവർത്തകർക്കു വലിയ ആവേശം പകർന്നു. ഇതിനുപുറമേ യൂണിറ്റു തലത്തിൽ വരെ പഠന പരിപാടികൾ അക്കാലത്ത് സംഘടിപ്പിക്കപ്പെടുകയുണ്ടായി. തിരുവനന്തപുരത്ത് പാറശാലക്കടുത്തുനടന്ന ഒരു രഹസ്യ പഠനക്യാമ്പ് പൊലീസ് എത്തി അറസ്റ്റു നടത്തിയതിനെത്തുടർന്ന് പൂർത്തിയാക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു. ഇത്തരം ഒരുപാട് ഓർമകൾ ഉണ്ട്.

സഖാവ് ഒളിവിലായിരുന്നോ അതോ ജയിലിലായിരുന്നോ?

ജൂലെെ 1ന് തിരുവനന്തപുരത്തെ വിദ്യാർഥി പ്രകടനത്തെത്തുടർന്ന് അട്ടക്കുളങ്ങര സബ് ജയിലിൽ ഡിഫൻസ് ഓഫ് ഇന്ത്യാ റൂൾസ് (ഡിഐആർ) പ്രകാരം തടവിലായിരുന്നു. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സെഷൻസ് ജഡ്ജിക്കുമുന്നിൽ പ്രതികളെല്ലാം വിദ്യാർഥി പ്രവർത്തകരാണെന്നു പറഞ്ഞ് സഖാവ് വർക്കല രാധാകൃഷ്ണൻ വാദിച്ചതിനെത്തുടർന്ന് ജയിലിൽക്കിടന്ന കാലം ശിക്ഷയായി കുറവുചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ഞങ്ങളെ മോചിപ്പിക്കുകയായിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിൽവച്ച് ചിക്കൻ പോക്സ് പിടിപെട്ട് ഐരാണിമുട്ടത്തെ പകർച്ചവ്യാധി പിടിപെട്ടവരെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. അതുകൊണ്ട് ആശുപത്രിയിൽ ചികിത്സിക്കുന്നതിനിടയിൽ ഞാൻ തടവു ചാടിപ്പോകാതിരിക്കാൻ കാവൽ നിൽക്കുകയായിരുന്ന പൊലീസുകാർ ബാഗുമെടുത്ത് സ്ഥലംവിടുമ്പോൾ മാത്രമാണ് ഞാൻ ജയിൽ മോചിതനായ കാര്യം അറിഞ്ഞത്.

അക്കാലത്തെ സ്വന്തം അനുഭവങ്ങൾ 
ഒന്ന് വിവരിക്കാമോ?

അടിയന്തരാവസ്ഥക്കാലത്ത്, എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമര – സംഘടനാപ്രവർത്തനങ്ങളിൽ ഓർമിക്കേണ്ടതും അഭിമാനം കൊള്ളേണ്ടതുമായ ചില പ്രധാന കാര്യങ്ങളുണ്ട്.

ഒന്നാമതായി അടിയന്തരാവസ്ഥാ പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പ് സംസ്ഥാന തലസ്ഥാനത്ത് സെക്രട്ടറിയറ്റിനുമുന്നിൽവരെ ആവേശം വിതറുന്ന വിദ്യാർഥി പ്രകടനം സംഘടനയുടെ മുഖ്യഭാരവാഹികളുടെ നേതൃത്വത്തിൽ നിരോധനം ലംഘിച്ചുകൊണ്ട് വിജയകരമായി സംഘടിപ്പിക്കുവാൻ സാധിച്ചു. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന് അലറി വിളിച്ചുകൊണ്ട് നഗരത്തെ പിടിച്ചുകുലുക്കിയ ആ പ്രകടനം ആ ഭീകര ഭരണം വിതച്ച ഭീതിദമായ നിശ്ശബ്ദതയെ വെല്ലുവിളിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. രണ്ടാമതായി എസ്എഫ്ഐ നേതൃത്വവും പ്രവർത്തകരും പരസ്യസമരങ്ങളും സമാന്തരമായ രഹസ്യപ്രവർത്തനങ്ങളും കോർത്തിണക്കിക്കൊണ്ട് പ്രസ്ഥാനത്തെയും സംഘടനയെയും സജീവമാക്കിയും സക്രിയമാക്കിയും വിദ്യാർഥി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു.

മൂന്നാമതായി പൊലീസിന്റെയോ സ‍്കൂൾ – കോളേജ് അധികൃതരുടെയോ ഭീഷണിക്കുമുന്നിൽ ഒറ്റ എസ്എഫ്ഐ പ്രവർത്തകനും മാപ്പുപറയുകയോ പതറുകയോ ചെയ്തില്ല.

നാലാമതായി ഒപ്പുശേഖരണം പോലുള്ള വ്യത്യസ്ത പ്രവർത്തന പദ്ധതികൾ സാഹചര്യത്തിന്റെ പ്രത്യേകതകൾമൂലം നടപ്പാക്കി. 1975ൽ കോളേജ് യൂണിയൻ – സ്കൂൾ പാർലമെന്റു തിരഞ്ഞെടുപ്പുകൾ നിരോധിക്കപ്പെടുകയായിരുന്നു. എങ്കിലും ആ വർഷം എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണ നിവേദനം മുഖ്യമന്ത്രി സി അച്യുതമേനോനെക്കണ്ട് സമർപ്പിച്ചു. 5–ാം ക്ലാസ്സിൽ പുതുതായി ഏർപ്പെടുത്തിയ പ്രത്യേക ഫീസ് പിൻവലിക്കുവാൻ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. അത് നിസ്സങ്കോചം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എന്നാൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്, ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തിട്ട് അവർ ചേർന്ന് ചെയർമാൻ തുടങ്ങിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്ന തരത്തിൽ ഭേദഗതിപ്പെടുത്തി നടത്താൻ തീരുമാനിച്ചതിനു പിന്നിൽ എസ്എഫ്ഐ ക്യാമ്പസ്സുകളിൽ രൂപപ്പെടുത്തുന്ന ചലനങ്ങളെപ്പറ്റി സംസ്ഥാന സർക്കാരിന് ലഭിച്ച രഹസ്യ റിപ്പോർട്ടുകളുടെ പ്രത്യാഘാതം കൂടിയാവും. എന്തായാലും പുരോഗമന വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐ, അടിയന്തരാവസ്ഥയ്ക്കുശേഷം കുതിച്ചു മുന്നേറിയതിനു പിന്നിൽ, അടിയന്തരാവസ്ഥയുടെ ചോര പുരണ്ടിരുണ്ട ദിനങ്ങളിൽ എസ്എഫ്ഐ നടത്തിയ സാഹസികമായ ചെറുത്തുനിൽപ്പ് ഒരു പ്രധാന ഘടകമായിരുന്നു. മണ്ണാർക്കാട് എം ഇ എസ് കോളേജിലെ മുഹമ്മദ് മുസ്തഫ എന്ന എസ്എഫ്ഐ നേതാവ് അറസ്റ്റുചെയ്യപ്പെടുകയും പെരിന്തൽമണ്ണ സബ് ജയിലിൽ തടവിലിടയ്-ക്കപ്പെടുകയും ചെയ്ത സംഭവവും ക്യാമ്പസുകളെ പ്രക്ഷുബ്ധമാക്കി; മർദ്ദനമേറ്റ് അവശനായ സഖാവിന് ചികിത്സ നിഷേധിക്കപ്പെടുകയും ഒടുവിൽ മരണാസന്നനായപ്പോൾ മാത്രം അദ്ദേഹത്തെ പുറത്തുവിടുകയും താമസിയാതെ സ: മുഹമ്മദ്- മുസ്തഫ രക്തസാക്ഷിയാവുകയും ചെയ്തു. ചാത്തമംഗലം റീജിയണൽ എൻജിനീയറിങ് കോളേജിലെ രാജനെ (ഇൗച്ചരവാര്യരുടെ മകൻ) തല്ലിച്ചതച്ച് കൊന്ന് ചുട്ടുകരിച്ച് തെളിവു നശിപ്പിച്ച കാട്ടാളത്തവും കോൺഗ്രസ് നേതൃത്വത്തിലുള്ള അടിയന്തരാവസ്ഥാ വാഴ്ചയുടെ ഭീകര മുഖമാണ്. ഇതൊക്കെ വിദ്യാർഥി സമൂഹത്തെ അറിയിച്ചുകൊണ്ട് ജനാധിപത്യത്തിനുവേണ്ടി എസ്എഫ്ഐ നടത്തിയ നിരന്തര ഇടപെടലുകൾ ചരിത്രമാണ്.

അതിന്റെ സുപ്രധാനമായ ഒരു ഘട്ടമായിരുന്നു അടിയന്തരാവസ്ഥയിലെ ചെറുത്തുനിൽപ്പും അതിനു തൊട്ടു പിന്നാലെ നടന്ന ജനാധിപത്യസംരക്ഷണ ക്യാമ്പയിനുകളും. ഞാനും പ്രശസ്ത ക്യാമ്പസ് കവി യു.ജയചന്ദ്രനും മറ്റേതാനും സഖാക്കളുമടങ്ങുന്ന ഒരു സംഘം എല്ലാ ജില്ലകളും സന്ദർശിച്ച് കൺവൻഷനുകളിൽവച്ച് ഓരോ ജില്ലയിലും വിദ്യാർഥിരംഗത്തുനടന്ന അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. ആ പര്യടനം വിജയകരമായ ഒരു പ്രവർത്തനമായിരുന്നു. രാജൻ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കക്കയം ക്യാമ്പ് കഥ പറയുന്നു എന്ന ശീർഷകത്തിൽ ദേശാഭിമാനി പത്രത്തിൽ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത് ക്യാമ്പസ്സുകളിലും ചർച്ചയാക്കുവാൻ എസ്എഫ്ഐക്കു കഴിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ പരസ്യമായി തിരുവനന്തപുരം നഗരഹൃദയത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചതുപോലെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ 1975 ജൂലെെ 10, 11 തീയതികളിൽ നടന്ന സമരത്തിൽ പങ്കെടുത്തവരെ പൊലീസ് തല്ലിച്ചതച്ച സംഭവവുമുണ്ടായി. അന്ന് ടി എ ഉഷാകുമാരി ഉൾപ്പെടെയുള്ള സഖാക്കൾക്ക് പരിക്കേൽക്കുകയുണ്ടായി. വിദ്യാർഥിനികൾ എസ്എഫ്ഐ പ്രവർത്തനത്തിൽ ഉൗർജസ്വലമായി പങ്കെടുത്ത കാലഘട്ടമായിരുന്നു അത്. അമ്പിളി കമലൻ (തിരുവനന്തപുരം), ഷീബാ തോമസ് (എറണാകുളം), പി സതീദേവി (കോഴിക്കോട്) എന്നിവർ അക്കാലത്തെ മുഖ്യ പ്രവർത്തകരിൽ ചിലരാണ്.

ദക്ഷിണ വിയറ്റ്നാമിന്റെ വിമോചനവും ദക്ഷിണാഫ്രിക്കയിലെ ‘സൊവെറ്റൊ’യിൽ അന്നത്തെ വർണവെറിയൻ ഗവൺമെന്റ് വിദ്യാർഥികളെ കൂട്ടക്കൊല നടത്തിയ സംഭവവും കേരളത്തിലെ ക്യാമ്പസ്സുകളിൽ പോസ്റ്റർ പ്രചാരണത്തിന്റെ വിഷയമായിരുന്നു. ഇത്തരം കാര്യങ്ങൾ ക്യാമ്പസ്സുകളിൽ പോസ്റ്റർ പതിച്ച് ചർച്ചാവിഷയമാക്കുവാൻ രഹസ്യ സർക്കുലറുകൾവഴി നിർദേശിക്കുന്ന ക്രമീകരണം കോളേജുകൾ കേന്ദ്രീകരിച്ച് അന്ന് പ്രവർത്തനക്ഷമമാക്കുവാൻ സാധിച്ചു. വനിതാ കോളേജുകളിൽപ്പോലും ഇത്തരം ക്യാമ്പയിനുകൾ അന്ന് സംഘടിപ്പിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.

ചുരുക്കത്തിൽ, കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകളുടെ വിദ്യാഭ്യാസവിരുദ്ധവും വിദ്യാർഥിവിരുദ്ധവുമായ നടപടികൾക്കെതിരെ എസ്എഫ്ഐ രംഗത്തുവരുകയും സാധ്യമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനു സമാന്തരമായാണ് അടിയന്തരാവസ്ഥയുടെ ജനാധിപത്യവിരുദ്ധതക്കെതിരെയും പോരാടിയത്. ഒപ്പം വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽനിന്ന് കൺകറന്റ് ലിസ്റ്റിലാക്കിയതിനെയും നമ്മൾ എതിർത്തു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു പിന്നിലെ രാഷ്ട്രീയം എന്തായിരുന്നു? കേവലം തിരഞ്ഞെടുപ്പ് കേസിൽ ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹെെക്കോടതി വിധിയെത്തുടർന്നുള്ള യാദൃച്ഛികതയായിരുന്നോ അതോ 1970കളുടെ ആദ്യപകുതിയിൽ രൂപപ്പെട്ടുവന്ന ഇന്ത്യൻ സാമ്പത്തിക–രാഷ്ട്രീയ സ്ഥിതിഗതികളുടെ പരിണതഫലമോ തുടർച്ചയോ ആയിരുന്നോ? പാർട്ടി വിലയിരുത്തൽ എന്താണ്?

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ പെട്ടെന്നുള്ള കാരണങ്ങൾ ഒന്നിലധികമാണ്. ജെ പി (ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള) പ്രസ്ഥാനം ശക്തി പ്രാപിക്കുകയും വിദ്യാർഥികളും യുവാക്കളും വൻതോതിൽ ‘സമ്പൂർണ വിപ്ലവം’ എന്ന സമര പരിപാടിക്ക് പിന്തുണ നൽകുകയും ചെയ്യുന്നത് ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും ശക്തമായ അടിച്ചമർത്തൽ നടപടികൾ കെെക്കൊള്ളാൻ പ്രേരിപ്പിക്കുകയായിരുന്നു. 1974ലെ സുശക്തമായ റെയിൽവേ തൊഴിലാളിസമരം വളരെ വലിയ ആഘാതമാണ് ഭരണവർഗങ്ങളിൽ പതിപ്പിച്ചത്. അതിനെതിരെ കടുത്ത മർദ്ദന നടപടികൾ ഇന്ദിര സർക്കാർ സ്വീകരിച്ചത് രാജ്യത്തൊട്ടാകെ വൻ പ്രതിഷേധം വളർത്തി. ഗുജറാത്തിലെ കോൺഗ്രസ് സർക്കാർ ജനകീയരോഷത്തിനു മുന്നിൽ നിലംപൊത്തിയെങ്കിലും അവിടെ തിരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോയതിനെതിരെ മൊറാർജി ദേശായി നിരാഹാരസമരം നടത്തി. ഒടുവിൽ ഗത്യന്തരമില്ലാതെ ഇന്ദിരാഗാന്ധിക്ക് അവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന 1975 ജൂൺ 12ന് തന്നെയായിരുന്നു അലഹബാദ് ഹെെക്കോടതിയിൽ ദീർഘകാല വിചാരണയെത്തുടർന്ന് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അഴിമതിക്കേസിലും വിധിപ്രഖ്യാപനം ഉണ്ടായത്. രണ്ടിലും ഇന്ദിരാഗാന്ധിക്കും കോൺഗ്രസിനും കനത്ത പരാജയമാണ് ഉണ്ടായത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ഒറ്റ മാർഗമാണ് നിയമപരമായി ഇന്ദിരാഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്; ഹെെക്കോടതി വിധിയിന്മേൽ നിരുപാധികമായ വിലക്ക് സുപ്രീംകോടതി അനുവദിക്കുക. അതുണ്ടാകാതെ വന്നതോടെ അധികാരത്തിൽ കടിച്ചുതൂങ്ങുവാൻ മറ്റു മാർഗങ്ങൾ കാണാതെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് ഇന്ദിരാഗാന്ധി നീങ്ങുകയായിരുന്നു. ഏറ്റവും പ്രധാനമായ കാര്യം അത് സേ-്വച്ഛാധിപത്യ നടപടിയായിരുന്നു എന്നതു മാത്രമല്ല; ഇക്കാര്യത്തിൽ ക്യാബിനറ്റ് ചർച്ച കൂടാതെയാണ് ഇന്ദിരാഗാന്ധി തീരുമാനമെടുത്തത് എന്ന് ഷാ കമ്മീഷൻ കണ്ടെത്തുകയുണ്ടായി. തെറ്റായ ഒരു കാര്യം നടപടിക്രമങ്ങൾ പാലിക്കാതെ തെറ്റായ വിധത്തിൽ നടപ്പാക്കി എന്ന ഇരട്ടക്കുറ്റമാണ് ശ്രീമതി ഗാന്ധി ചെയ്തത്.

ഇന്ത്യൻ സമ്പദ്ഘടനയിലെ ഗുരുതരമായ കുഴപ്പങ്ങളും ദാരിദ്ര്യ നിർമാർജനം (ഗരീബിഹഠാവോ) പോലെ 1971ൽ നൽകപ്പെട്ട വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതും മറ്റും വലിയ ബഹുജന അസംതൃപ്തി, സൃഷ്ടിക്കുന്ന കാര്യം 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാണിച്ചു എന്നത് ഇവിടെ പ്രസക്തമാണ്. അന്ന് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ‘ഇന്ദിരാഗാന്ധി ഭരണം അതിവേഗം സേ-്വച്ഛാധിപത്യപരമായ അടിച്ചമർത്തൽ വാഴ്ചയായി’ പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. പശ്ചിമബംഗാളിൽ, സിദ്ധാർത്ഥ ശങ്കർ റായി എന്ന കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 1972 മുതൽ തന്നെ അർദ്ധഫാസിസ്റ്റ് ഭീകരവാഴ്ചയായിരുന്നു എന്നത് ഓർക്കണം. അതിനാൽ അടിയന്തരാവസ്ഥാ പ്രഖ്യാപനം ഒട്ടും യാദൃച്ഛികമായിരുന്നില്ല എന്നതാണ് യാഥാർഥ്യം.

അടിയന്തരാവസ്ഥ പിൻവലിക്കാനിടയാക്കിയ രാഷ്ട്രീയ പശ്ചാത്തലം എന്തായിരുന്നു?

പാർലമെന്റിന്റെ കാലാവധി ഇന്ത്യൻ ഭരണഘടനയിലെയും പ്രാതിനിധ്യ നിയമവ്യവസ്ഥയിലെയും പ്രസക്ത അനുച്ഛേദവും വകുപ്പുകളുംപ്രകാരം അഞ്ചുവർഷമാണ്. അതിലധികമില്ല. എന്നാൽ 1971ൽ ലോക്-സഭാ തിരഞ്ഞെടുപ്പ്- നടന്നതിനുശേഷം 1977ലാണ് ഇന്ത്യൻ ലോക്-സഭയിലേക്ക് തിരഞ്ഞെടുപ്പു നടന്നത് എന്നു നമുക്കറിയാം. 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ (തടവിലാക്കപ്പെട്ട ഒരു ലോക്-സഭയിൽ) പാസ്സാക്കിയ വ്യവസ്ഥകളാണ് ഈ കൊടിയ ജനാധിപത്യവിരുദ്ധ പാതകം ചെയ്യാൻ ഇന്ദിരാഗാന്ധിക്ക് പരിരക്ഷ നൽകിയത്. ഒടുവിൽ ശ്രീമതി ഗാന്ധി അടിയന്തരാവസ്ഥയ്-ക്ക് ഇളവുവരുത്തിക്കൊണ്ട് ലോക്-സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെപ്പറ്റി പല ഊഹാപോഹങ്ങളുമുണ്ട്. ചന്ദ്രസ്വാമി ഉറപ്പുകൊടുത്തത്രേ ജനങ്ങൾ സംതൃപ്തരായതിനാൽ വീണ്ടും വൻ വിജയം സംഭവിക്കുമെന്ന്. ഒരു ജേ-്യാത്സ്യന്റെ പങ്കും പലരും പറയുന്നുണ്ട്. അവരൊക്കെ സ്വന്തം കാര്യസാധ്യത്തിന‍് പറഞ്ഞതാവാമെങ്കിലും ജനാധിപത്യ പുനഃസ്ഥാപനത്തിന് ‘ജോത്സ്യത്തി’നും ഒരു പങ്കുവഹിക്കാൻ കഴിയുമെന്ന് –അത് ബോധപൂർവം ഉദ്ദേശിച്ചല്ല എന്ന് പറയേണ്ടതില്ലല്ലോ– 1977നെ മുൻനിർത്തി പറയാവുന്നതാണ്.

ഉത്തരേന്ത്യയിലെ പാവപ്പെട്ടവരും ഒട്ടൊക്കെ നിരക്ഷരരുമായ ഗ്രാമീണരാണ് കോൺഗ്രസിന്റെ അടിയന്തരാവസ്ഥാ അതിക്രമങ്ങൾക്കെതിരെ ഏറ്റവും ശക്തിയായി പ്രതികരിച്ചത്. ദക്ഷിണേന്ത്യയിലെ അവിഭക്ത ആന്ധ്രപ്രദേശും കർണാടകവും കേരളവും മറ്റും അത്തരത്തിൽ ശക്തമായി അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമായി. കേരളത്തിൽ ഏതാണ്ട് വിസ്തൃതമായൊരു മാർക്സിസ്റ്റ്- വിരുദ്ധ മുന്നണിയായിരുന്നു എന്നതും സിപിഐ എമ്മിനൊപ്പം വളരെ പരിമിതികളുള്ള ചില പാർട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുമാണ് അത്തരത്തിൽ ഒരു തിരഞ്ഞെടുപ്പു ഫലം ഉണ്ടാവാൻ കാരണം. ‘രാജൻ കേസുപോലെ’ പിന്നീട് വൻ കോളിളക്കമുണ്ടാക്കിയ കക്കയം ക്യാമ്പും ബിലാത്തിക്കുളം ക്യാമ്പും ശാസ്തമംഗലം ക്യാമ്പുമൊക്കെ അടങ്ങുന്ന കൊടുംക്രൂരതകൾ സംബന്ധിച്ച വിവരങ്ങൾ കേരളീയരുടെ മുന്നിൽ വ്യാപകമായി പിന്നീടാണ് വെളിപ്പെട്ടത് എന്നതായിരുന്നു 1977ൽ ഉണ്ടായതുപോലുള്ള അസ്വാഭാവികമായ ഒരു രാഷ്ട്രീയ വിധിയെഴുത്ത് ഇവിടെ ഉണ്ടാവാൻ കാരണമെന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വേച്ഛാധിപത്യം ഏതെങ്കിലുമൊരു വ്യക്തിയുടെയോ ഒരു പാർട്ടിയുടെയോ മാത്രം സവിശേഷതയാണോ?

ജനാധിപത്യഭവനത്തിൽ സേ-്വച്ഛാധിപത്യത്തിനും ഒരു മുറി ഉണ്ടാവാമെന്ന് പറയാറുണ്ടല്ലോ. ആധുനിക (ബൂർഷ്വാ) ജനാധിപത്യവ്യവസ്ഥയിൽ പത്ര സ്വാതന്ത്ര്യം, അഭിപ്രായപ്രകടനാവകാശം, കൂട്ടംചേരാനും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം തുടങ്ങിയവ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണല്ലോ. എന്നാൽ ചൂഷണ വ്യവസ്ഥ മാറ്റി സമത്വപൂർണമായ ഒരു സമൂഹ നിർമിതിക്കനുകൂലമായ സാഹചര്യം ജനമുന്നേറ്റത്തിലൂടെ രൂപപ്പെടുന്നു എന്നു കാണുമ്പോൾ മേൽപ്പറഞ്ഞ ജനാധിപത്യസ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും അപ്രത്യക്ഷമാക്കപ്പെടും. ബൂർഷ്വാ ജനാധിപത്യത്തിന്റെ വർണ വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന അമിതാധികാര പ്രവണതകൾ അപ്പോൾ പുറത്തുവരികയും ചെയ്യും. അതാണ് അടിയന്തരാവസ്ഥയിലൂടെയും നരേന്ദ്രമോദി ഭരണത്തിൻ കീഴിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും വ്യക്തമാക്കപ്പെടുന്നത്.

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികൾ ആർഎസ്എസ് ആയിരുന്നുവെന്നും സിപിഐ എമ്മിനോ ഇടതുപക്ഷത്തിനോ അതിൽ ഒരിടവുമില്ലായിരുന്നെന്നുമുള്ള ആഖ്യാനം വസ്തുതാപരമാണോ? ഒന്നു വിശദീകരിക്കാമോ?

ആർഎസ്എസ് തലവൻ ബാലാ സാഹെബ് ദേവറസ് ഇന്ദിരാഗാന്ധിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയത് കുപ്രസിദ്ധം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി സമരം ചെയ്ത് ഊർജം ദുർവിനിയോഗം ചെയ്യരുതെന്ന സാമ്രാജ്യത്വ ഭരണാധികാരികൾക്കുമുന്നിൽ അര ഡസൻ മാപ്പപേക്ഷകൾ സമർപ്പിച്ച സവർക്കറുടേയും ഹെഡ്-ഗേവാറിന്റെയും ഗോൾവാൾക്കറുടെയും പാരമ്പര്യം തന്നെയാണ് അടിയന്തരാവസ്ഥക്കാലത്തും ആർഎസ്എസ് നേതാക്കൾ പിന്തുടർന്നത്. എന്നാൽ ഏതാനും ആർഎസ്എസ് നേതാക്കളും പ്രവർത്തകരും അറസ്റ്റുചെയ്യപ്പെട്ട് തടവിൽ കിടന്നിട്ടുണ്ട്. അടിയന്തരാവസ്ഥയ്-ക്കെതിരെ എന്തെങ്കിലും വലിയ സമരം സംഘടിപ്പിച്ചതിനായിരുന്നില്ല ആ അറസ്റ്റുകൾ. വലതുപക്ഷത്തിനെതിരായ നീക്കമാണ് അടിയന്തരാവസ്ഥ എന്ന പ്രതീതി ജനിപ്പിക്കാനാവുമോ എന്ന പരിശോധനയാണ് അതിലൂടെ ശ്രീമതി ഗാന്ധി നടത്തിയത്.

സിപിഐ എം അടിയന്തരാവസ്ഥയ്-ക്കെതിരായി കാര്യമായൊന്നും ചെയ്തില്ല എന്നും, പാർട്ടിയിൽപെട്ടവർക്ക് മർദ്ദനമേൽക്കുകയോ ജയിൽവാസം അനുഭവിക്കേണ്ടിവരികയോ ചെയ്തില്ല എന്നും മറ്റും ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. സത്യത്തിൽനിന്ന് എത്രമാത്രം അകലെയാണവരുടെ വാക്കുകളെന്നത് അവരിത് പറയുന്നതിൽനിന്നു തന്നെ വ്യക്തമാണ്.

ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ ‘മിസ’ തടവുകാരനായിരുന്നു എന്നു മാത്രമല്ല; പൊലീസ് ലോക്കപ്പിൽ നിഷ്ഠുരമായ മർദ്ദനമേൽക്കേണ്ടിവന്ന നേതാവുമാണ്. നിയമസഭാംഗമായിരുന്നപ്പോഴാണ് ഈ കാട്ടാളത്തം സഖാവിന്റെമേൽ പൊലീസ് പ്രയോഗിച്ചത്. മുൻ മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദനും ‘മിസ’ തടവുകാരനായിരുന്നു. മുൻ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ, എസ് എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് ‘മിസ’ തടവുകാരനാക്കപ്പെട്ടത്. അതുപോലെ തന്നെ പിബി അംഗമായ സഖാവ് എസ് രാമചന്ദ്രൻ പിള്ളയും മിസ തടവുകാരനായിരുന്നു; അടിയന്തരാവസ്ഥക്കെതിരായ സമരം നയിച്ച് അറസ്റ്റുവരിച്ച സഖാക്കൾ ഇ എം എസ്, എ കെ ജി തുടങ്ങിയവരെ ദീർഘകാലം ജയിലിൽ അടയ്-ക്കാതിരുന്നത് ഇന്ദിരാഗാന്ധിയുടെ ഒരു കൗശലതന്ത്രമായിരുന്നു. അവർ ലോക പ്രശസ്ത കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു. ഇന്ത്യൻ വലതുപക്ഷത്തിനെതിരായാണ് അടിയന്തരാവസ്ഥ എന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇന്ദിരാഗാന്ധിയുടെ പദ്ധതി. ആ ആഖ്യാനം ശരിയാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് തടസ്സമാകും വിശ്വവിഖ്യാതരായ കമ്യൂണിസ്റ്റു നേതാക്കളെ ജയിലിലടയ്-ക്കുന്ന നടപടി. എന്നാൽ എകെജിക്ക് മെെക്കു നിഷേധിക്കുന്നതുൾപ്പെടെയുള്ള നഗ്നമായ ജനാധിപത്യവിരുദ്ധ നടപടികളും ആയിരക്കണക്കിന് സഖാക്കളുടെ അറസ്റ്റും മർദ്ദനവും ജയിൽവാസവും മണ്ണാർക്കാട്ടെ സ: മുഹമ്മദ് മുസ്തഫയുടെ രക്തസാക്ഷിത്വവും ഒക്കെ സംശയരഹിതമായി വ്യക്തമാക്കുന്നത്, സിപിഐ എമ്മിനെതിരെ നടന്ന അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമർത്തലുകളാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + twelve =

Most Popular