അടിയന്തരാവസ്ഥക്കാലത്ത് കോട്ടയം ജില്ല കേന്ദ്രീകരിച്ചായിരുന്നല്ലോ സഖാവ് പാര്‍ട്ടി–ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അക്കാലത്ത് എന്തെല്ലാം പ്രതിസന്ധികളാണ് നേരിട്ടിരുന്നത്?
അടിയന്താരവസ്ഥാക്കാലത്ത് കോട്ടയം ജില്ല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തോടൊപ്പം കെഎസ്-വൈഎഫിന്റെ സ്റ്റേറ്റ്സെന്റര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. കെഎസ്-വൈഎഫിന്റെ വൈസ്- പ്രസിഡന്റ് ആയിരുന്നു അക്കാലത്ത്. കോട്ടയം ജില്ലയില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെതുടര്‍ന്ന് സി.പി.ഐ എമ്മിന്റെ നേതൃത്വത്തിലുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. കെ.എം.എബ്രഹാം, കെ. കെ.ജോസഫ്, വി.ആര്‍.ഭാസ്കരന്‍, കെ.എസ്.ഗോപാലന്‍, വി.കെ.ഗോപിനാഥന്‍, വി.ആര്‍.രാമന്‍കുട്ടി, എം സി ജേക്കബ്, എം പി ദേവസ്യ എന്നിവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടനാട്ടില്‍ പരിപാടിയില്‍ പങ്കെടുത്ത് ഞാൻ തിരികെ വരുമ്പോഴാണ് പാര്‍ട്ടി നേതൃത്വത്തെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞത്. എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടില്‍ എത്തിയിരുന്നു. ഞാന്‍ കുട്ടനാട്ടില്‍ ആയിരുന്നതുകൊണ്ട് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.
സി.പി.ഐ എമ്മിന്റെ ജില്ലാകമ്മറ്റി ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസ് സെക്രട്ടറി വര്‍ക്കി വിവരങ്ങളെല്ലാം പറഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ട് കോതനല്ലൂരിലെ ചെത്തു തൊഴിലാളിയുടെ വീട്ടിലും വൈക്കത്തെ മത്സ്യത്തൊഴിലാളിയുടെ വീട്ടിലും തങ്ങി. അറസ്റ്റ് വാറണ്ട് ഉണ്ടായതിനാല്‍ ഒളിവില്‍ രണ്ടരമാസം കഴിയേണ്ടി വന്നു.
സി.പി.ഐ എമ്മിന് നിരവധി വെല്ലുവിളികള്‍ അന്ന് നേരിടേണ്ടി വന്നിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലാനേതൃത്വം തന്നെ പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ മറവില്‍നടന്ന ഇത്തരംപ്രവര്‍ത്തനങ്ങളെ അതിശക്തിയായി ചെറുക്കാന്‍ കഴിഞ്ഞു.
പാര്‍ട്ടി സഖാക്കളുടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ കൈമാറിയിരു ന്നത്. ടി.കെ രാമകൃഷ്ണൻ അന്ന് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി. ഒളിവിലിരുന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള വിവരങ്ങള്‍ കല്ലച്ചില്‍ അടിച്ചാണ് പ്രസിദ്ധീകരിച്ചിരുന്നത്. എകെ ജി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം ഇങ്ങനെയാണ് താഴെതലം വരെ എത്തിച്ചത്.
സഖാവ് അടിയന്തരാവസ്ഥാക്കാലത്ത് ജയിലിലായിരുന്നോ, അതോ ഒളിവിലായിരുന്നോ?
അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ എനിക്കെതിരെ അറസ്റ്റ്- വാറണ്ട് ഉണ്ടായിരുന്നു. പക്ഷേ പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു. ജയിലില്‍ കിടന്നില്ല. രണ്ടരമാസം കഴിഞ്ഞപ്പോള്‍ അറസറ്റ് വാറണ്ട് പിന്‍വലിച്ചു. പക്ഷേ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് വിലക്കു ണ്ടായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോയിരുന്നു. മൈക്കില്ലാതെയാണ് അന്ന് പ്രസംഗിച്ചിരുന്നത്. കോട്ടയത്ത് കോതനല്ലൂരില്‍ മുട്ടപ്പ് എന്ന പ്രദേശത്ത് പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മൈക്ക് അനുവദിച്ചിരുന്നില്ല. എന്നാല്‍ തലേദിവസം അവിടെ പ്രസംഗിച്ച ഡി.സി.സി പ്രസിഡന്റിന് മൈക്ക് അനുവദിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു അക്കാലത്തെ അവസ്ഥ. പക്ഷേ ആളുകൂടി അതിനെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായി. ‘‘ഞങ്ങള്‍ ഇവിടെ ഇരുന്നോളാം, സഖാവ് പ്രസംഗിച്ചോ’ എന്ന് അവിടെ കൂടിയവര്‍ പറയുന്ന അനുഭവവും ഉണ്ടായി.
രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെടാതിരുന്ന അക്കാലത്ത് സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു?
പ്രത്യക്ഷമായ രാഷ്ട്രീയപ്രവര്‍ത്തനം അന്ന് നിരോധിച്ചിരുന്നല്ലോ. സിപിഐ എമ്മിന്റെ സംഘടനായോഗങ്ങള്‍ രഹസ്യമായി ചേര്‍ന്നാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. രഹസ്യയോഗങ്ങളില്‍ ടി കെ രാമകൃഷ്ണന്‍ എത്തുമായിരുന്നു. എപ്പോഴും പോലീസുകാരുടെ സൂക്ഷ്മനിരീക്ഷണം എവിടെയും ഉണ്ടായിരുന്നു. തുറന്ന ജയിലായിരുന്നു അന്ന് കോട്ടയം. പാര്‍ട്ടിപ്രവര്‍ത്തനം അസാധ്യമാക്കുക എന്നതായിരുന്നു അക്കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന സമീപനം. ഇതിനൊക്കെ വെല്ലുവിളിച്ചാണ് കോട്ടയത്ത് പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും, വര്‍ഗ ബഹുജനസംഘടനകളും വളര്‍ന്നുവന്നത്.
പൊലീസ് ലോക്കപ്പുകളില്‍ ക്രൂരമായ മര്‍ദ്ദനമാണ് നടന്നിരുന്നത്. പക്ഷേ പുറത്തൊരു വിവരവും അറിയില്ല. പൊലീസ് എന്തു ചെയ്താലും അതൊന്നും പുറംലോകത്ത് എത്തില്ല. അത്രഭീകരമായിരുന്നു സ്ഥിതി. ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ കെട്ടിത്തൂങ്ങിയ മരണങ്ങളായിട്ടാണ് അറിയപ്പെട്ടതെന്ന് മാത്രം. എന്തും ചെയ്യാന്‍ പൊലീസിനെ കയറൂരിവിടുന്ന അവസ്ഥ. ആളുകളെ കൊല്ലാം, കുഴിച്ചുമൂടാം, ആരും ചോദിക്കില്ല. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം.
അടിയന്തരാവസ്ഥക്കാലത്തെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ പോസ്റ്ററൊട്ടിക്കല്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. പോസ്റ്റര്‍ വഴിയാണ് പാര്‍ട്ടി സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിച്ചത്. പോസ്റ്റര്‍ ഒട്ടിച്ചത് ആരാണെന്ന് ആരും അറിയില്ല. പക്ഷേ പോസ്റ്റര്‍ കണ്ട പ്രദേശത്തെ പാര്‍ട്ടി സഖാക്കളെ പിടിച്ചുകൊണ്ടുപോകും. അവര്‍ അതിക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. പൊലീസ് ഭീകരത അതിന്റെ ഉയര്‍ന്ന തട്ടു മുതല്‍ താഴെത്തട്ടു വരെ വ്യാപിച്ചിരുന്നു.
കോട്ടയം ടൗണില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് രാമചന്ദ്രനേയും മുരളിയേയും പൊലീസ് പിടിക്കുകയും കോടതി അവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരേയും വെറുതെ വിട്ടില്ല. കോട്ടയത്തെ എന്‍.ജി.ഒ യൂണിയൻ നേതാവ് ഇ പി ചെല്ലപ്പന്റെ വീട് അന്ന് പൊലീസ് റെയ്ഡ് ചെയ്തിരുന്നു.
താങ്കൾ കെഎസ്‌വൈഎഫിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നല്ലോ. സംസ്ഥാനത്ത് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
പ്രത്യക്ഷമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ അന്ന് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നില്ല. സംസ്ഥാനത്തൊട്ടാകെ സാംസ്കാരിക കൂട്ടായ്മകളും കലാമത്സരങ്ങളും സ്പോർട്സ് ഫെസ്റ്റിവെലുകളും പ്രാദേശികമായും ജില്ലാ അടിസ്ഥാനത്തിലും സംഘടിപ്പിച്ചിരുന്നു. ഇവയുടെ യോഗങ്ങളില്‍ ഓരോ മേഖലയിലേയും ജീവിതപ്രശ്നങ്ങള്‍ അവതരിപ്പിച്ചാണ് സംസാരിച്ചിരുന്നത്. സമ്മാനദാനം നല്കുന്ന അവസരങ്ങളിലെ പ്രസംഗങ്ങളിലടക്കം പരോക്ഷമായി രാഷ്ട്രീയം ഭംഗിയായി അവതരിപ്പിച്ചു പോന്നു.
കോട്ടയത്ത് കെഎസ്-വൈഎഫിന്റെ ഫണ്ട് ഏറ്റുവാങ്ങാന്‍ പുതുപ്പള്ളിയില്‍ പാട്യം രാജന്‍ എത്തിയിരുന്നു.അന്ന് സഖാവ് എം.പി ആണ്. അന്ന് കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകരെ അതിഭീകരമായി പൊലീസ് മര്‍ദ്ദിച്ചു. പാട്യം രാജന്‍ എം.പിയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ‘ഏത് എം.പി, എവിടുത്തെ എം.പി ‘ എന്നു ചോദിച്ചാണ് പൊലീസ് പച്ചത്തെറി വിളിച്ചത്. പൊലീസിന് എന്തും ആകാവുന്ന അവസ്ഥയാണ് അന്നുണ്ടായി രുന്നത്.
കെഎസ്‌വൈഎഫിന്റേയും പ്രതിപക്ഷ വിദ്യാര്‍ത്ഥിസമിതിയുടേയും നേതൃത്വത്തില്‍ നടന്ന ജാഥയെക്കുറിച്ച്?
ഞാന്‍ അന്ന് കെഎസ്-വൈഎഫിന്റെ വൈസ്-പ്രസിഡന്റാണ്. കെഎസ്-വൈഎഫിന്റെ സെക്രട്ടറി ടി പി ദാസനും പ്രസിഡന്റ് പാട്യം രാജനും ആയിരുന്നു. ടി പി ദാസനായിരുന്നു ജാഥയുടെ കണ്‍വീനര്‍. യുവജന നേതാവ് സി കെ നാണു, സംഘടനാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് കെ സുധാകരന്‍ തുടങ്ങിയവരായിരുന്നു ജാഥയിലെ മറ്റു പ്രധാന അംഗങ്ങള്‍. ഞാനായിരുന്നു ജാഥാ ക്യാപ്റ്റന്‍.
അടിയന്തരാവസ്ഥക്കാലത്തെ ഭീകരത ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു ജാഥയുടെ ലക്ഷ്യം. അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടും അതിന്റെ ഭീകരമായ അവസ്ഥ സാമൂഹ്യ അന്തരീക്ഷത്തില്‍ നിലനിന്നിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ പൊലീസും ഭരണകക്ഷിയുടെ ഗുണ്ടകളും നടത്തിയ ഭീകരതയുടെ പൂര്‍ണരൂപം ജാഥയിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു.
ആര്‍എസ്എസ് ആണ് അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് പ്രചരണമുണ്ടല്ലോ. എന്താണ് വസ്തു ത?
ജില്ലയിലൊട്ടാകെ പ്രവര്‍ത്തിക്കാനുള്ള സംഘടനാപരമായ ശേഷി അവര്‍ക്കുണ്ടായിരുന്നില്ല. 2 പേര്‍ ജയിലില്‍ പോയിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ സിപിഐ എം ആവട്ടെ ജില്ലയിലൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. സാധാരണകാലത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു പോലെ അല്ലല്ലോ അന്നത്തെ പ്രവര്‍ത്തനം.
പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന ആ കാലത്താണ് മീനടം അവറാമി രക്തസാക്ഷിയായത്. കോണ്‍ഗ്രസാണ് ഇതു ചെയ്തത്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കൊന്നും ആര്‍എസ്എസ്സു കാര്‍ വിധേയരായിട്ടില്ല. പൊലീസിന്റെ വേട്ടക്കിരയായത് സിപിഐ എമ്മു കാരാണ്. പൊലീസിന്റെ ക്രൂരമര്‍ദ്ദനമാണ് ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്.
ഭരണകൂട ഭീകരതയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പുതിയ തലമുറയ്-ക്ക് കേട്ടു കേള്‍വിമാത്രമാണ്. ഇന്ന് ജനാധിപത്യം അപകടകരമായ സ്ഥിതിവിശേഷം നേരിടുകയാണ‍്. ഈ സാഹചര്യത്തില്‍ കേരളീയ സമൂഹത്തിനു നല്‍കാനുള്ള സന്ദേശമെന്താണ്?
അമിതാധികാര സ്വേച്ഛാധിപത്യവാഴ്ച് എന്നും ജനാധിപത്യത്തിനു ഭീഷണിയാണ്. അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചയാണ് അടിയന്തരാവസ്ഥക്കാലത്ത് അരങ്ങേറിയത്.
കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യനിലപാടുകള്‍ ജനാധിപത്യവ്യവസ്ഥയ്-ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യത്തിന്റെ ഒരു രീതിയും സ്വീകരിക്കാത്ത ആര്‍ എസ് എസ്സാണ് ഇന്ന് കേന്ദ്രഭരണത്തെ നയിക്കുന്നത്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സാധ്യത ഒരുക്കിയേക്കാം.
മാധ്യമങ്ങളെയും കോടതികളെയും തങ്ങളുടെ വരുതിയിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിയന്തരാവസ്ഥക്കാലത്തും ഇതുതന്നെയാണ് നടന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ് കേന്ദ്രം ഭരിക്കുന്നവര്‍ക്കുള്ളത്. അതിവിപുലമായ ജനകീയഐക്യം കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ അമിതാധികാര സ്വേച്ഛാധിപത്യ ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂ. അര്‍ദ്ധഫാസിസ്റ്റ് ഭീകരവാഴ്ച്ചയ്ക്കെതിരായി 1975–77 കാലത്ത് നടത്തിയ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ ഇന്നത്തെ നവഫാസിസ്റ്റ് വാഴ്ചയെ എതിര്‍ക്കാനുള്ള ശക്തമായ സമരായുധമായി മാറണം. കരുത്തുറ്റ പോരാട്ടങ്ങള്‍ക്കും ജാഗരൂകമായ സമരങ്ങള്‍ക്കും നാം തയ്യാറെടുക്കണം. സമൂഹം ഒന്നാകെ പ്രതിരോധശക്തിയാകണം. l



