സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സഖാവ് കെ എൻ രവീന്ദ്രനാഥ് കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്‌ട്രീയ, ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തോളം ജയിലിലടയ്‌ക്കപ്പെട്ട അദ്ദേഹം അന്നത്തെ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു. വർത്തമാനകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ ജനങ്ങളുടെ അവകാശങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ യോജിച്ച പോരാട്ടത്തിലൂടെ അതിനെ ചെറുത്തുതോൽപ്പിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു
l അടിയന്തരാവസ്ഥയുടെ 50–ാം വാർഷികമാണല്ലോ? വിവാഹം കഴിഞ്ഞ് അധികംവൈകാതെയാണ് സഖാവ് അടിയന്തരാവസ്ഥാ തടവുകാരനായി വിയ്യൂർ ജയിലിലായത് എന്നറിയാം. അക്കാലം എങ്ങനെ ഓർക്കുന്നു?
1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ കഴിഞ്ഞു. 1975 മെയ് 2ന് ആയിരുന്നു എന്റെ വിവാഹം. ജൂൺ 25നാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടെ ഭരണഘടന പൗരർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. അധികം വെെകാതെതന്നെ ഞാൻ ജയിലിലായി. ഞാൻ അന്ന് സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറിയാണ്. വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുംമുമ്പ് അറസ്‌റ്റിലായി എന്നാണ് ഓർമ. ഒരുദിവസം രാത്രിയാണ് പൊലീസ് വീട്ടിലെത്തിയത്. വയസായ അച്ഛനും അമ്മയുമാണ് എനിക്ക് പുറമേ വീട്ടിലുണ്ടായിരുന്നത്. ടെലികോം വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ ഇന്ദിര കോഴിക്കോട്ടായിരുന്നു. അവർക്ക് അവിടെയായിരുന്നു ജോലി. പലസ്ഥലങ്ങളിലും നേതാക്കളെയൊക്കെ അറസ്‌റ്റുചെയ്യുന്നതായി അറിഞ്ഞിരുന്നതിനാൽ പൊലീസ് എപ്പോൾ വേണമെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പും തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായിട്ടുള്ളതിനാൽ ജയിലിൽ അധികം കഴിയേണ്ടിവരില്ല എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. രാഷ്‌ട്രീയ കാരണത്താൽ ഇത്തരമൊരു അടിയന്തരാവസ്ഥ ആദ്യഅനുഭവമാണല്ലോ. 1962ൽ ചൈനയുമായി യുദ്ധമുണ്ടായ വേളയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 1964ൽ കമ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന ഘട്ടത്തിലാണ് പാർട്ടിയിലെ ഇടതുനേതാക്കളെ ചൈനാചാരന്മാർ എന്നാരോപിച്ച് അറസ്‌റ്റുചെയ്‌തത്. അന്ന് പാർട്ടി നിർദേശമനുസരിച്ച് ഒളിവിൽ പോയതിനാൽ ഞാൻ അറസ്‌റ്റ് ചെയ്യപ്പെട്ടില്ല.
l പൗരസ്വാതന്ത്ര്യങ്ങൾ കവർന്നെടുക്കപ്പെട്ട കാലമാണല്ലോ അടിയന്തരാവസ്ഥയിലേത്. ജയിലിലെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
യഥാർത്ഥത്തിൽ അന്ന് നാട്ടിലുള്ള സാധാരണക്കാരെക്കാൾ സ്വാതന്ത്ര്യം ജയിലിലുള്ളവർക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളെപോലുള്ള രാഷ്‌ട്രീയ തടവുകാർക്ക്. എങ്കിലും കുറേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. തടവുകാർ സ്വന്തം മുറിവിട്ട് മറ്റ് മുറികളിൽ പോവരുത് എന്നൊക്കെ വിലക്കുണ്ടായിരുന്നെങ്കിലും ഞങ്ങൾ അത് ലംഘിക്കുകയും യോഗങ്ങൾ ചേരുകയും ചെയ്യുമായിരുന്നു. അതനുവദിക്കാൻ ജയിലർമാർ നിർബന്ധിതരായി. മൂന്ന് മുറികളിലായാണ് സിപിഐഎം നേതാക്കളെ തടവിലാക്കിയത്. രാഷ്‌ട്രീയ തടവുകാരെ പലതരമായി തിരിച്ച് വിവേചനം കാണിക്കാൻ ജയിലധികൃതർ ശ്രമിച്ചെങ്കിലും അത് ഞങ്ങൾ പൊരുതി തോൽപ്പിച്ചു. ഉദാഹരണം പറഞ്ഞാൽ രാഷ്‌ട്രീയ തടവുകാരിലെ എംഎൽഎമാർക്കും മുൻ എംപിമാർക്കും മറ്റും ജയിലിൽ കട്ടിൽ അനുവദിച്ചിരുന്നു. മറ്റ് നേതാക്കൾക്ക് അതുണ്ടായിരുന്നില്ല. രാഷ്‌ട്രീയ തടവുകാരിൽ പലരും പ്രായമായവരാണ്. അപ്പോൾ എല്ലാ രാഷ്‌ട്രീയ തടവുകാർക്കും ഒരേസൗകര്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് ഞങ്ങൾ പ്രതിഷേധിച്ചു. പടിപടിയായി അതൊക്കെ അനുവദിക്കപ്പെട്ടു. ഇക്കാര്യത്തിൽ കൗതുകകരമായ ഒരു കാര്യം കൂടിയുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ് നേതാവായിരുന്ന ആർ ബാലകൃഷ്‌ണപിള്ള ഇടതുപക്ഷത്തിനൊപ്പമായിരുന്നു. തിരുവനന്തപുരത്ത് ഇഎംഎസ് അടക്കമുള്ള നേതാക്കൾക്കൊപ്പം സമരത്തിൽ പങ്കെടുത്ത് അദ്ദേഹവും ജയിലിലായി. എന്നാൽ അധികം വൈകാതെ ബാലകൃഷ്‌ണപിള്ള പുറത്തിറങ്ങി എന്നുമാത്രമല്ല ജയിൽമന്ത്രിയുമായി. തുടർന്ന് അദ്ദേഹം ജയിലുകൾ സന്ദർശിച്ച കൂട്ടത്തിൽ വിയ്യൂരും വന്നു. ജയിലിലെ പ്രയാസങ്ങളും ആവശ്യങ്ങളും ഞങ്ങൾ പറഞ്ഞപ്പോൾ ചില കാര്യങ്ങളെല്ലാം പരിഹരിക്കാൻ അപ്പോൾതന്നെ ഉത്തരവിട്ടു. അതുപോലെ ചെറുതുരുത്തിയിലെ ആയുർവേദ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനും ഞങ്ങൾ ജയിലിൽ സമരം ചെയ്‌ത് അവകാശം നേടി.
ഞാൻ അറസ്‌റ്റിലായ സമയത്തുതന്നെ എം എം ലോറൻസ്, എ പി കുര്യൻ, എ പി വർക്കി തുടങ്ങിയവരൊക്കെ എറണാകുളം ജില്ലയിൽ അറസ്‌റ്റിലായിട്ടുണ്ട്. വിയ്യൂർ ജയിലിൽ എത്തിയപ്പോഴാണ് ഇവരൊക്കെ അറസ്‌റ്റിലായിട്ടുണ്ടെന്ന് അറിഞ്ഞത്. അന്ന് എംപിയായിരുന്ന അരങ്ങിൽ ശ്രീധരൻ, പിഎസ്‌പി എംഎൽഎയായിരുന്ന ഗോപിനാഥൻപിള്ള, തമ്പാൻ തോമസ്, ആലുങ്കൽ ദേവസി, ജനസംഘം നേതാക്കളായിരുന്ന ഒ രാജഗോപാൽ, പി പരമേശ്വരൻ തുടങ്ങിയവരൊക്കെ വിയ്യൂർ ജയിലിൽ ഉണ്ടായിരുന്നു. ടെലികോം(ഇപ്പോൾ ബിഎസ്‌എൻഎൽ) തൊഴിലാളികളുടെ നേതാവായിരുന്ന കെ പ്രഭാകരൻ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ അറസ്‌റ്റിലായെങ്കിലും മറ്റ് രാഷ്‌ട്രീയ തടവുകാർക്ക് ലഭിച്ച പരിഗണന അദ്ദേഹത്തിന് നൽകിയില്ല. രാഷ്‌ട്രീയ തടവുകാരെ പാർപ്പിച്ച ബ്ലോക്കിൽ താമസിപ്പിക്കാതെ കുറ്റവാളികളുടെ കൂടെയാണ് തടവിലാക്കിയത്. ഞങ്ങളൊക്കെ മോചിതരായപ്പോഴും പ്രഭാകരനെ വിട്ടയച്ചില്ല. ഈ പ്രശ്‌നം യൂണിയൻ ഏറ്റെടുത്ത് പ്രക്ഷോഭം തുടങ്ങിയശേഷമാണ് പ്രഭാകരനെ വിട്ടയച്ചത്.
● കമ്യൂണിസ്‌റ്റുകാർ, സോഷ്യലിസ്‌റ്റുകൾ, ആർഎസ്‌എസുകാർ തുടങ്ങി വ്യത്യസ്ത രാഷ്‌ട്രീയ നിലപാടുള്ളവർ ഒന്നിച്ച് ജയിലിൽ കിടന്ന അനുഭവമാണല്ലോ. തമ്മിൽ തർക്കങ്ങളൊക്കെ ഉണ്ടായിരുന്നില്ലേ. അതൊക്കെ എങ്ങനെയായിരുന്നു?
ജയിലിൽ ഗൗരവമുള്ള രാഷ്‌ട്രീയ ചർച്ചകളും സംവാദങ്ങളും ഉണ്ടാകുമായിരുന്നു. ഞങ്ങളും ആർഎസ്‌എസ് നേതാക്കളും തമ്മിലുണ്ടാവുന്ന തർക്കങ്ങൾ പലപ്പോഴും രൂക്ഷമാകും. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാരുടെ പങ്ക്, സ്വാതന്ത്ര്യസമരത്തെ ഭിന്നിപ്പിക്കുന്ന തരത്തിൽ ആർഎസ്‌എസ് നടത്തിയ വർഗീയപ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെയായിരുന്നു പ്രധാനവിഷയങ്ങൾ. ഇത്തരം ചർച്ചകൾ അരങ്ങിൽ ശ്രീധരന്റെ മുറിയിലായിരുന്നു. അദ്ദേഹമായിരുന്നു മോഡറേറ്റർ. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഞാനും ലോറൻസും എ പി വർക്കിയുമാണ് ചർച്ച നയിച്ചിരുന്നത്. പി പരമേശ്വരനും ഒ രാജഗോപാലും ആർഎസ്‌എസിനുവേണ്ടി സംസാരിക്കുമായിരുന്നു. സോഷ്യലിസ്‌റ്റ് നേതാക്കളായ തമ്പാൻ തോമസ്, ഗോപിനാഥൻമാഷ് തുടങ്ങിയവരും സംവാദങ്ങളിൽ സജീവമായിരുന്നു.
ഇതുകൂടാതെ ഞങ്ങൾ ജയിലിൽ രാഷ്‌ട്രീയവിദ്യാഭ്യാസത്തിലും ശ്രദ്ധിച്ചിരുന്നു. ജയിലിലുള്ള പാർട്ടി നേതാക്കൾക്ക് തത്വശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുണ്ടായിരുന്നു. സാമ്പത്തികശാസ്‌ത്രത്തിൽ ക്ലാസെടുക്കാൻ എന്നെയാണ് നിയോഗിച്ചിരുന്നത്. ഞങ്ങൾ പുസ്‌തകങ്ങൾ കൈമാറി വായിക്കുമായിരുന്നു.
● ജയിലിൽ ഭക്ഷണം എങ്ങനെയായിരുന്നു. വീട്ടുകാർക്ക് കാണാൻ അനുവാദമുണ്ടായിരുന്നോ?
വീട്ടുകാർക്ക് വല്ലപ്പോഴും സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. വീട്ടിലേക്ക് കത്തയയ്ക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ അത് ജയിലർമാർ വായിച്ച് രാഷ്‌ട്രീയകാര്യങ്ങളുണ്ടെങ്കിൽ വെട്ടിക്കറുപ്പിച്ചാണ് അയച്ചിരുന്നത്. വീട്ടിൽനിന്ന് ഞങ്ങൾക്ക് വരുന്ന കത്തുകളിൽ രാഷ്‌ട്രീയവിവരങ്ങൾ ഉണ്ടെങ്കിൽ അതും ഇത്തരത്തിൽ നീക്കിയാണ് തന്നിരുന്നത്. ചില കത്തുകൾ ഞങ്ങൾക്ക് തരാതെ പിടിച്ചുവയ്‌ക്കും. കുറേദിവസം കഴിഞ്ഞാവും ഞങ്ങൾ ഇതറിയുക. ഇടയ്‌ക്ക് പരോൾ അനുവദിക്കുമായിരുന്നു. അപ്പോൾ രാഷ്‌ട്രീയപ്രവർത്തനമൊന്നും പാടില്ല. പരോളിൽ പോയി വരുന്നവർ പലഹാരങ്ങൾ കൊണ്ടുവരും. അത് എല്ലാവരും പങ്കിട്ടുകഴിക്കും. അച്ഛന് കടുത്ത പ്രമേഹമുണ്ടായിരുന്നതിനാൽ ഞാൻ ഇടയ്‌ക്ക് കുറച്ചുദിവസത്തേക്ക് പരോൾ വാങ്ങി വീട്ടിൽവരുമായിരുന്നു. ഇങ്ങനെ പരോളിൽ വന്ന ഒരവസരത്തിലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്.
ജയിലിലെ ഭക്ഷണം അക്കാലത്ത് അത്ര നല്ലതൊന്നുമായിരുന്നില്ല. ക്രിമിനൽ കേസുകളിലെ പ്രതികളാണ് പാചകം ചെയ്‌തിരുന്നത്. ഇതിനെതിരെ ഞങ്ങൾ പ്രതിഷേധിച്ചു. പാചകത്തിന് ഞങ്ങളുടെ പ്രതിനിധിയേയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു. ഒടുവിൽ അത് അംഗീകരിച്ചു. അങ്ങനെ ഊഴമനുസരിച്ച് ഓരോരുത്തർ ഓരോദിവസവും പാചകത്തിൽ കൂടുമായിരുന്നു. അപ്പോൾ രസകരമായ ഒരു സംഭവമുണ്ടായി. അടിയന്തരാവസ്ഥാ തടവുകാരുടെ കൂട്ടത്തിൽ കൊടുങ്ങല്ലൂരിലെ ശിൽപി തീയറ്റർ ഉടമ നാരായണ അയ്യരുമുണ്ടായിരുന്നു. പാചകത്തിൽ കമ്പമുണ്ടായിരുന്ന അദ്ദേഹം ആരുടെ ഊഴമായാലും എല്ലാദിവസവും അടുക്കളയിലുണ്ടാവും. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന് എന്തോ വ്യക്തിവിരോധം ഉള്ളതുകൊണ്ടാണ് തന്നെ അറസ്‌റ്റ് ചെയ്‌തത് എന്നാണ് അയ്യർ പറഞ്ഞിരുന്നത്. അക്കാലത്ത് കോൺഗ്രസ് നേതാക്കൾക്ക് വിരോധമുള്ള പലരെയും ഇത്തരത്തിൽ തടവിലാക്കിയതായി പലസ്ഥലങ്ങളിൽനിന്നും ആക്ഷേപമുണ്ടായിരുന്നു.
● അടിയന്തരാവസ്ഥക്കാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു?
അന്ന് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ വല്ലാതെ തടസപ്പെട്ടു. മൗലികാവകാശങ്ങൾ പോലും റദ്ദാക്കപ്പെട്ട കാലത്ത് ട്രേഡ് യൂണിയൻ അവകാശങ്ങളുടെ കാര്യം ഊഹിക്കാമല്ലോ. തൊഴിലാളികൾക്ക് ഒരവകാശവും ഇല്ലാതായി. യൂണിയൻ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി വ്യാഖ്യാനിച്ച് മാനേജ്‌മെന്റുകൾ പ്രതികാരനടപടികൾ സ്വീകരിച്ചിരുന്നു. നിരവധിയാളുകൾ ജോലികളിൽനിന്ന് പിരിച്ചുവിടപ്പെട്ടു. ഇതുഭയന്ന് ചിലയിടങ്ങളിൽ തൊഴിലാളികൾ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നതിനെതിരെ സിഐടിയുവിന്റെ ആഹ്വാനമനുസരിച്ച് പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. എങ്കിലും നേതാക്കൾ പലരും ജയിലിലായിരുന്നതിനാൽ യൂണിയൻ പ്രവർത്തനങ്ങൾ മുമ്പോട്ടുപോകുക എന്നത് ശ്രമകരമായിരുന്നു. കേരളത്തിൽ പല പത്രങ്ങളിലെയും പ്രധാന ലേഖകർ പോലും ഭയന്നാണ് ജോലി ചെയ്‌തിരുന്നത്. കടുത്ത സെൻസറിങ് ഉണ്ടായിരുന്നതുകൊണ്ട് സർക്കാരിന്റെ അതിക്രമങ്ങൾ പലതും അക്കാലത്ത് പുറത്തുവന്നിരുന്നില്ല.
● അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവേളയിൽ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷം രാജ്യത്തുണ്ടല്ലോ. വിമർശകർ ജയിലിലടയ്‌ക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾ, വിശേഷിച്ച് മുസ്ലീങ്ങൾ പലയിടത്തും വേട്ടയാടപ്പെടുന്നു. ‘ബീയിങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ: എ ക്രിറ്റിക്കൽ വ്യൂ’ എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയുടെ(ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലീം) പ്രകാശനത്തിന് കേരളത്തിലേക്ക് വരികയായിരുന്ന ഗ്രന്ഥകാരൻ സിയാ ഉസ് സലാമിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത് ഈ അടുത്താണ്. അദ്ദേഹം പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. ഈ അവസ്ഥയെ എങ്ങനെ കാണുന്നു?
അന്നത്തെ അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ അധികാരമോഹത്തിൽ നിന്നുണ്ടായ സ്വേഛാധിപത്യവാഴ്‌ചയാണ്. അലഹബാദ് ഹൈക്കോടതി അവരുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതിനെ തുടർന്ന്-് അധികാരം നിലനിർത്താൻ വേണ്ടിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്. ഇന്ന് കൃത്യമായ ഫാസിസ്‌റ്റ് ആശയമുള്ള ആർഎസ്‌എസിന്റെ രാഷ്‌ട്രീയ അജൻഡകൾ നടപ്പാക്കുന്ന ബിജെപി നയിക്കുന്ന സർക്കാരാണ് അമിതാധികാരവാഴ്‌ച നടത്തുന്നത്. വ്യക്തിയുടെ അധികാരമോഹത്തിനപ്പുറം ഒരു സംഘടനയുടെ ഫാസിസ്‌റ്റ് നിലപാടാണ് നടപ്പാക്കപ്പെടുന്നത്. വർഗീയ അജൻഡകൾക്കൊപ്പം കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാൻ ജനവിരുദ്ധനയങ്ങളും കേന്ദ്രസർക്കാർ നടപ്പാക്കുന്നുണ്ട്. കർഷകവിരുദ്ധ നിയനിർമാണത്തിന് നടത്തിയ നീക്കങ്ങളും വ്യവസായ മേഖലയിൽ തൊഴിലാളിവിരുദ്ധ ലേബർ കോഡ് നടപ്പാക്കുന്നതും എടുത്തുപറയേണ്ടതാണ്. തൊഴിലാളികൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുന്ന ലേബർ കോഡ് കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളും അംഗീകരിച്ച സ്ഥിതിയാണ്.
ഇതിനെ ചെറുക്കാൻ സാർവദേശീയവും ദേശീയവുമായ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി പഠിക്കണം. മാർക്‌സിസ്‌റ്റ് സമീപനം സ്വീകരിച്ചാലേ കൃത്യമായ വിലയിരുത്തലിലൂടെ ശരിയായ നിലപാട് സ്വീകരിക്കാനാവൂ. അതിന് മാർക്‌സിസത്തിന്റെ പ്രസക്തി സാധാരണ ജനങ്ങളെ പഠിപ്പിക്കുന്നതിൽ പ്രത്യേകശ്രദ്ധ വേണം. അതുവഴി അനീതികളെ എതിർക്കാനുള്ള മനോഭാവം വളർത്തിയെടുക്കണം. കേരളത്തിൽ എൽഡിഎഫ് സർക്കാരുള്ളതുകൊണ്ട് കൂടുതലാളുകൾ പാർട്ടിയിലും വർഗ–ബഹുജന സംഘടനകളിലും വരും. അവർക്ക് രാഷ്‌ട്രീയവിദ്യാഭ്യാസം നൽകി മെച്ചപ്പെട്ട മനുഷ്യരാക്കാൻ സാധിക്കണം. പോരാട്ടങ്ങളെ തളർത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ശ്രമങ്ങളുണ്ടാവും. അതിനെതിരെ ജാഗ്രത വേണം. l



