Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിവിഷം തീണ്ടിയ 
ജനാധിപത്യക്കാലം

വിഷം തീണ്ടിയ 
ജനാധിപത്യക്കാലം

പി കരുണാകരൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവിൽ സർപ്പദംശനമേറ്റ അടിയന്തരവസ്ഥക്കാലത്ത്‌, ഞാനും ഒളിവിലെ നാട്ടുവഴിയിൽ മറ്റൊരു സർപ്പത്തിന്റെ ദംശനത്താൽ വലഞ്ഞുപോയത്‌, അരനൂറ്റാണ്ടിനിപ്പുറവും ഒളിമങ്ങാതെ ഓർമയിലുണ്ട്‌. അതിലേക്ക്‌ വരാം.

ഇന്ദിരാഗാന്ധിയുടെ അമിതാധികാരത്തിന്റെ മൂർത്തീരൂപമായിരുന്നല്ലോ അടിയന്തരാവസ്ഥ. രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും കാറ്റിൽപ്പറത്തി ഇന്ത്യയിൽ ഏറ്റവും ശക്തമായി അടിയന്തരാവസ്ഥ നടപ്പിലാക്കിയത് കേരളത്തിലായിരിക്കും. അതിന്റെ വിഷ സീൽക്കാരങ്ങൾ ഏറെയുമേറ്റത്‌ സിപിഐ എമ്മിനും. പാർട്ടിക്കെതിരെയുള്ള ഏത് അക്രമത്തെയും ചെറുക്കാൻ കഴിയുന്ന വിധത്തിൽ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്താൻ പാർട്ടി തീരുമാനിച്ചു. പ്രധാന സഖാക്കൾ അറസ്റ്റുചെയ്യപ്പെടാതിരിക്കാനും ഒളിവിലിരുന്ന് പാർട്ടി സംവിധാനം ചലിപ്പിക്കാനും ധാരണയായി. പരസ്യമായി പ്രവർത്തിക്കുന്ന പാർട്ടി സഖാക്കളും ഒളിവിലിരുന്നു പ്രവർത്തിക്കുന്നവരും എന്ന രീതിയിൽ സംവിധാനം നിലവിൽ വന്നു. അപ്പോഴും സഖാക്കളെ പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായ കാസർകോട്‌ മേഖലയിലാണ്‌ ഞാൻ തമ്പടിച്ചത്‌. സഖാക്കൾ ചടയൻ ഗോവിന്ദനെയും പിണറായി വിജയനെയും എം വി രാഘവനെയും പാട്യം ഗോപാലനെയും പാച്ചേനി കുഞ്ഞിരാമനെയും സി പി നാരായണനെയും ഐ വി ശിവരാമനെയും എന്നെയും സെമി അണ്ടർ ഗ്രൗണ്ട്‌ (സെമി യുജി) പ്രവർത്തകരായി പാർട്ടി തീരുമാനിച്ചു. പൂർണമായും ഒളിവിലല്ല, എന്നാൽ പരസ്യപ്രവർത്തനം വേണ്ട എന്നതാണ്‌ രീതി. ഇവരാരും അവരവരുടെ വീട്ടിൽ താമസിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രഹസ്യമായി നടക്കുന്ന പാർട്ടി കമ്മിറ്റിയിൽ പങ്കെടുത്ത് സംഘടനാ കാര്യത്തിൽ സഹായിക്കുക എന്നതാണ് യുജി പ്രവർത്തകർക്കുള്ള നിർദ്ദേശം.

രാത്രിയിലാണ്‌ സംഘടനാ പ്രവർത്തനത്തിനായി പലപ്പോഴും യാത്രചെയ്യേണ്ടിവരുന്നത്. മിക്ക യാത്രയും നടന്നിട്ടാണ്. വളരെ ദൂരസ്ഥലങ്ങളിലേക്ക് മാത്രം അപൂർവ്വമായി ജീപ്പ് സൗകര്യം ഉണ്ടായേക്കും.

വടക്കൻ കേരളത്തിലെ നിരവധി വീടുകളിൽ അടിയന്തരാവസ്ഥക്കാലത്ത് ഞാൻ ഒളിവിൽ താമസിച്ചിട്ടുണ്ട്. കയ്യൂർ, പാലായി, ചായ്യോം, അണ്ടോൾ, മുക്കട, മടിക്കൈ, അജാനൂർ, പള്ളിക്കര, എളേരി, തിമിരി, മൗക്കോട്, കക്കാട്ട്, കല്യാശ്ശേരി, പറശ്ശിനിക്കടവ്, ചുഴലി, കുറ്റൂർ, കമ്പല്ലൂർ, കുരുട്, അമ്പലത്തറ, കൂട്ടപ്പുന്ന, കീഴ്‌മാല, നെല്ലിയടുക്കം തുടങ്ങിയ പ്രദേശങ്ങളിലെ അനുഭവങ്ങൾ ഓർമയിൽ ഇപ്പോഴും ആവേശകരം.

കാസർകോട് രാമണ്ണറൈയുടെയും ചെമ്മനാട്ട് കമ്മട്ട കുഞ്ഞമ്പു നായരുടെയും വീട്ടിലാണ്‌ കൂടുതൽ കാലം താമസിച്ചത്‌. അതെല്ലാം ഒരുതരത്തിൽ രാഷ്ട്രീയ അഭയം തന്നെയായിരുന്നു.

ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഓർമ്മയിൽ നിറഞ്ഞുനില്ക്കുന്നത്. അങ്ങേയറ്റം പാർട്ടി കൂറുള്ള അമ്മമാരേയും സഖാക്കളേയും ഓർമ വരുന്നു. ഒളിവിൽ താമസിക്കുന്നവരെക്കുറിച്ച് ഒരു വാക്ക് പോലും പുറത്തുപോകാതെ രഹസ്യമായി സൂക്ഷിക്കാൻ ആ അമ്മമാർക്ക് കഴിഞ്ഞു. ഒരു മാർക്സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രവും പഠിച്ചിട്ടല്ല അവർ ഞങ്ങളെ കാത്തത്‌; മറിച്ച് അവരുടെ ഉയർന്ന രാഷ്ട്രീയ ബോധത്താലാണത്‌.

ഒരു രാത്രിയിൽ, കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കത്തുനിന്നും മുക്കടയിലെ ചിണ്ടേട്ടന്റെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. എന്റെ കൂടെ യുവജന പ്രവർത്തകരായ വി കുഞ്ഞിക്കണ്ണൻ, എൻ കെ നാരായണൻ, വി കെ നാരായണൻ എന്നിവരുമുണ്ട്. നടക്കുന്നതിനിടയിൽ കാലിൽ ആണിയടിക്കുന്നതുപോലുള്ള വേദന അനുഭവപ്പെട്ടു. കാല് ശക്തമായി കുടഞ്ഞപ്പോൾ ചെരുപ്പ് തെറിച്ചുപോയി. ചെരുപ്പിനൊപ്പം മറ്റെന്തോകൂടി തെറിച്ചു. കൂടെ ഉണ്ടായിരുന്നവർ നോക്കിയപ്പോൾ ഒരു പാമ്പ്‌! ഒപ്പമുണ്ടായിരുന്നവർ തോർത്തുപയോഗിച്ച് പാമ്പിനെ പിടികൂടി. എന്നെ തൊട്ടടുത്ത വീട്ടിലെത്തിച്ചു. കടിച്ചത് ചുരുട്ട പാമ്പാണ്‌. ഒളിവിലായതിനാൽ ആശുപത്രിയിൽ പോകാൻ ഒരു നിർവാഹവുമില്ല. എല്ലായിടത്തും പൊലീസിന്റെ നിരീക്ഷണം. ഒപ്പം ഒറ്റുകാരായ കോൺഗ്രസുകാരും. രഹസ്യമായി ചാങ്ങാട്ടുള്ള കുഞ്ഞിക്കണ്ണൻ വൈദ്യരെ കൊണ്ടുവന്ന് ചികിത്സ ആരംഭിച്ചു. എന്നാൽ പുതിയ പ്രശ്നം ഉണ്ടായി. രണ്ടു ദിവസത്തിൽ കൂടുതൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ കഴിയാനാകില്ല. സഖാക്കൾ എന്നെ ചുമന്ന്‌ കെ പി രാഘവന്റെ വീട്ടിലെത്തിച്ചു. അതൊരു ചെറ്റക്കുടിലായിരുന്നു. കാലിൽ നീരുവന്നതിനാൽ എനിക്ക് നടക്കാൻ പോലും സാധ്യമല്ലാത്ത അവസ്ഥ. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുപോലും പരസഹായം വേണ്ടിവന്നു. അപ്പോഴൊക്കെ രാഘവനും കുടുംബവും ഒരു മടിയും കാണിക്കാതെ കൂടെ നിന്നു. പത്ത് ദിവസത്തോളം ഞാൻ ആ കുടിലിൽ കഴിഞ്ഞു. എന്നാൽ വിവരം പുറത്തറിയാനിടയുണ്ടെന്ന് പാർട്ടി സഖാക്കൾക്ക് തോന്നി. അവിടെ നിന്നും മാറാൻ നിർദേശം വന്നു. അങ്ങനെ ചായ്യോത്തെ കെ വി അമ്പൂഞ്ഞിയുടെ വീട്ടിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. ഏറെ ദൂരെയായതിനാൽ ഒരു കാർ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടുള്ള ബാലനായിരുന്നു ഡ്രൈവർ. ചോയ്യങ്കോട് അന്ന് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. കൃത്യം ചോയ്യങ്കോട്ട്‌ എത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായി. അരമണിക്കൂറിനുള്ളിൽ ബാലൻ അതീവ ജാഗ്രതയോടെ പഞ്ചറായ ടയർമാറ്റി. അന്ന് അവിടെ കഴിയേണ്ടി വന്ന അരമണിക്കൂർ എനിക്ക് നിർണ്ണായകമായിരുന്നു. കോൺഗ്രസ് കേന്ദ്രമായതിനാൽ ഏതെങ്കിലും കോൺഗ്രസുകാരൻ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത്. കൂടാതെ സദാ റോന്തു ചുറ്റുന്ന പൊലീസ് അവിടെയെത്തിയാൽ കഴിഞ്ഞു കാര്യം!

മൂന്ന് മാസത്തോളം കെ വി അമ്പൂഞ്ഞിയുടെ വീട്ടിൽ താമസിച്ചു. അമ്പൂഞ്ഞിയുടെയും ഭാര്യ കല്യാണിയുടെയും ശ്രദ്ധ പൂർണ്ണമായി എനിക്ക്-‌ ലഭിച്ചു. ആരെങ്കിലുമൊരാൾ സ്ഥിരമായി വീട്ടിലുണ്ടാകും. പുറമെനിന്ന് ആരെങ്കിലും വരുന്നത് കണ്ടാൽ സഖാക്കൾ വിവരമറിയിക്കും. മൂന്നു മാസത്തോളം ‘ഒളിവിന്നിടയിലെ ഒളിവ്’ എന്ന നിലയിൽ ആ വീട്ടിൽ കഴിഞ്ഞു. രാത്രിയാകുമ്പോൾ ചായ്യോത്തുനിന്നും പാർട്ടി സഖാക്കളെത്തും. പിന്നീട് അമ്പൂഞ്ഞിയുടെ വീട് രാഷ്ട്രീയ ചർച്ചാവേദിയാകും. അമ്പൂഞ്ഞി കൃത്യമായി ദേശാഭിമാനി വായിക്കുമായിരുന്നു.

അതിനിടയിൽ ജില്ലാ സെക്രട്ടറി എം വി രാഘവന്റെ നിർദ്ദേശ പ്രകാരം കുമാരൻ വൈദ്യർ എന്നെ കാണാൻ വന്നു. മരുന്നും ഇഞ്ചക്ഷനും നൽകിയിട്ടാണ് കുമാരൻ വൈദ്യർ മടങ്ങിയത്. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി ശ്രീനിവാസനാണ്, കുമാരൻ വൈദ്യരെയും കൂട്ടി ഞാൻ താമസിച്ചിരുന്ന വീട്ടിലെത്തിയത്.

പുലിക്കോടന്റെ മർദ്ദക വാഴ്‌ച
അസുഖം അൽപാൽപമായി ഭേദമായ കാലത്താണ്‌ പിണറായി വിജയനും എം വി രാഘവനും അറസ്റ്റിലാകുന്നത്‌. പിണറായിക്ക് ഭീകരമായ പൊലീസ് മർദ്ദനം നേരിടേണ്ടി വന്നു. കണ്ണൂർ സിഐ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം നേടിയ പൊലീസുകാരാണ്‌ പിണറായിയെ മർദ്ദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പിണറായിയെ ആംബുലൻസിലായിരുന്നു കൊണ്ടുപോയത്. കെ പി സഹദേവനെയും പുലിക്കോടൻ പിടികൂടി ക്രൂരമായി മർദ്ദിച്ചു.

നേതാക്കളുടെ അറസ്റ്റ് അറിഞ്ഞതോടെ ശേഷം എളേരിയിൽ നിന്ന് മുക്കടയിലെത്തിയ എന്നെ, മുക്കടയിലെ സഖാക്കൾ നാടൻ തോണിയിൽ അണ്ടോളിയിലെത്തിച്ചു. അവിടെ പുഴക്കരയിലെ ഒരു വീടിന്റെ ചായ്‌പിൽ ആ ദിവസം താമസിച്ചു. പിറ്റേ ദിവസം ഉച്ചയോടെ അപ്രതീക്ഷിതമായി ഒരാൾ അവിടെയെത്തി. വീട്ടുകാരുടെ ബന്ധുവായ ലക്ഷ്‌മണനാണ്‌ വന്നത്‌. അയാൾ കോൺഗ്രസുകാരനാണ്. എന്നെ ലക്ഷ്മണന് നേരത്തെ അറിയാം. ഞാൻ അവിടെയുള്ള കാര്യം ലക്ഷ്‌മണൻ പുറത്തറിയിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് വീട്ടുകാർ ആകെ പേടിച്ചു. വിവരം പുറത്താരോടും പറയരുതെന്ന് വീട്ടുകാർ ലക്ഷ്‌മണനോട് പറഞ്ഞു. ആ വീട്ടിലെ അമ്മ (കൊവ്വൽ കരിപ്പിലി) ലക്ഷ്മണനെ നിലവിളക്കിന് മുന്നിൽ നിർത്തി സത്യം ചെയ്യിച്ചു. പുറത്താരോടെങ്കിലും പറഞ്ഞാൽ ഞാൻ പുഴയിൽ ചാടി മരിക്കുമെന്ന് അവർ പറഞ്ഞു. ലക്ഷ്മണൻ ചതിച്ചില്ല. ആ അമ്മയുടെ ദൃഢനിശ്ചയത്തെ അവഗണിക്കാൻ ലക്ഷ്മണന് കഴിഞ്ഞില്ല. അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ ആ രഹസ്യം പുറത്തറിഞ്ഞില്ല. ആ അമ്മ അന്നങ്ങനെ ചെയ്‌തില്ലാരുന്നെങ്കിൽ അടിയന്തരാവസ്ഥക്കാലത്ത് ഞാൻ പൊലീസിന്റെ പിടിയിലകപ്പെടുമായിരുന്നു. അന്നു രാത്രിതന്നെ ഞാൻ അവിടെനിന്ന് താമസം മാറി.

ചായ്യോത്തെ അമ്പൂഞ്ഞിയുടെ വീട്ടിൽ താമസിക്കുന്ന സമയത്ത് ഒരു ദിവസം പുലർച്ചെ കണിയാടയിലേക്ക് പോകേണ്ടിവന്നു. ഞങ്ങൾ നീലേശ്വരം ചോയ്യങ്കോട് റോഡിൽ എത്തിയപ്പോഴേക്കും നിരത്തിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. ആൾക്കാരും വന്നുതുടങ്ങി. കണിയാടയിലെത്താൻ റോഡ് മുറിച്ചു കടക്കണം. ആൾക്കാർ കണ്ടാൽ പ്രശ്‌നമാകും. അതിനടുത്താണ്‌ നരിമാളം എന്ന വലിയ ഗുഹയുള്ളത്‌. രാത്രിയാകുന്നതുവരെ ഗുഹയ്ക്കുള്ളിൽ കഴിഞ്ഞു.

ഒരു ദിവസം മുക്കടയിൽനിന്നും കെ പി നാരായണന്റെ കൂടെ ചായ്യോത്തേക്ക് നടന്നുപോവുകയായിരുന്നു. ചായ്യോത്തുനിന്നും കയ്യൂരിലേക്ക് തിരിയുന്നിടത്ത് വച്ച് പുലിക്കോടൻ നാരായണന്റെ ഒത്ത ശിഷ്യൻ എസ്‌ഐ ലൂക്കോസിന്റെ പൊലീസ് ജീപ്പ് അടുത്തെത്തി. പൊലീസ് ഞങ്ങളെ അന്വേഷിക്കുന്ന സമയമാണത്‌. ഒരുവളവുള്ള ഭാഗമായതിനാൽ, പൊലീസ് ശ്രദ്ധിക്കുമ്പോഴേക്കും ഞങ്ങൾ രക്ഷപ്പെട്ടു. അപകടം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. പൊലീസ് ജീപ്പ് ഏതു നിമിഷവും തിരിച്ചെത്താം. പരന്ന പ്രദേശമായതിനാൽ നടന്നുപോകുമ്പോൾ പെട്ടെന്ന് ആളെ തിരിച്ചറിയാനാവും. കൂടെയുണ്ടായിരുന്ന കെ പി നാരായണൻ ഉടനൊരു പോംവഴി കണ്ടെത്തി. നടന്നുപോകുന്ന വഴിക്ക് മൂളിക്കുളം എന്നൊരു കുളമുണ്ട്. രാത്രിയിൽ ഒരു മണിക്കൂറിലേറെ നേരം കുളത്തിൽ മുങ്ങിക്കിടന്നു. ഇടയ്ക്ക് ശ്വാസം കഴിക്കാൻ മാത്രം നിവരും. പൊലീസ് ജീപ്പ്‌ തിരിച്ചുപോയി എന്നുറപ്പിച്ചശേഷമാണ് കുളത്തിൽ നിന്നും കയറിയത്‌.

ഒപ്പം കാത്ത സഖാക്കളുടെ ഓർമകൾ
ഒരു ദിവസം രാത്രി അത്യാവശ്യമായി കയ്യൂരിലേക്ക് പോകണം. കുരുടിൽ കുഞ്ഞിരാമേട്ടനാണ്‌ സംരക്ഷകൻ. അടിയന്തരമായി മറ്റൊരിടം വരെ പോകേണ്ടതിനാൽ പകരം പാർട്ടി സഖാവായ ശങ്കരൻ അടിയോടിയെ എന്റെ കൂടെ പോകാൻ ചുമതലപ്പെടുത്തി. മടിക്കൈയിൽനിന്നും നീലായി വഴി കയ്യൂരിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. കണിയാടയിലെത്താറായപ്പോൾ അടിയോടിക്ക്‌ കയ്യൂരിലേക്ക് പോകേണ്ട വഴിയെക്കുറിച്ച് സംശയമായി. അദ്ദേഹം എന്നെ വഴിയിൽ നിർത്തി അടുത്ത വീട്ടിൽ വഴി അന്വേഷിക്കാൻ പോയി. ഈ പരിസരങ്ങളൊക്കെ എനിക്ക് ഏറെയും പരിചിതമായിരുന്നു. വഴി അന്വേഷിക്കാനായി ശങ്കരൻ അടിയോടി പോയത് ഒരു കോൺഗ്രസുകാരന്റെ വീട്ടിലേക്കാണെന്ന് മനസിലായപ്പോൾ ഞാൻ കണിയാടയിലേക്ക് ഒറ്റക്ക്‌ യാത്രയായി. ടോർച്ച് കൈവശമുള്ളതിനാൽ തുടർന്നുള്ള യാത്ര പ്രയാസമുണ്ടായില്ല. കണിയാടയിലെത്തിയാൽ സ്ഥിരമായി താമസിക്കാറുള്ള കെ വി ഗംഗാധരൻെറ വീട്ടിലെത്തി. ഇതിനിടെ എന്നെ കാണാതെ ശങ്കരൻ അടിയോടി ആകെ വലഞ്ഞു. അദ്ദേഹം തിരികെ കുരുടിലെത്തി കുഞ്ഞിരാമേട്ടനോട് വിവരം പറഞ്ഞു. കുഞ്ഞിരാമേട്ടൻ ക്ഷുഭിതനായി. ശങ്കരൻ അടിയോടിയെ ദേഷ്യപ്പെട്ട്‌ അടിക്കുകയും ചെയ്‌തു. കണിയാടയിൽ പോകാൻ സാധ്യതയുള്ള വീട് അറിയുന്നതിനാൽ കുഞ്ഞിരാമേട്ടൻ പുലർച്ചയോടെ ഗംഗാധരന്റെ വീട്ടിലെത്തി, എന്നെ കണ്ടെത്തി. കുഞ്ഞിരാമേട്ടന്റെ അപ്പോഴത്തെ മുഖഭാവം മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ചെറുതായിപ്പോയി.

ഏതെങ്കിലും കാരണവശാൽ വഴിതെറ്റി പൊലീസിന്റെ പിടിയിലായാൽ അതിന്റെ ഉത്തരവാദിത്വം കുഞ്ഞിരാമേട്ടനാണ്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം അതേ ഗൗരവത്തിൽ ഏറ്റെടുത്ത സഖാവാണ് കുരുടിൽ കുഞ്ഞിരാമേട്ടൻ.

കണിയാട ഗംഗാധരന്റെ വീട്ടിൽ താമസിക്കുമ്പോൾ ഒരനുഭവമുണ്ടായി. വീട് വളരെ ചെറുതാണ്. ചായ്‌പിലാണ് ഞാൻ താമസിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് പോസ്റ്റുമാൻ കത്തുമായി വന്നതും ഉച്ചഭക്ഷണത്തിനുശേഷം ഞാൻ വീടിന്റെ പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു. പോസ്റ്റുമാൻ കുഞ്ഞിക്കണ്ണൻ എന്റെ സഹപാഠിയായിരുന്നു. മയ്യിൽ സ്വദേശിയായിരുന്നു അദ്ദേഹം. പഴയ സഹപാഠിയെ കണ്ടപ്പോൾ കുഞ്ഞിക്കണ്ണൻ ശരിക്കും ഞെട്ടിപ്പോയി. ഗംഗാധരൻ നല്‌കിയ ചായയും കഴിച്ച് പഴയ സൗഹൃദം പുതുക്കിയാണ് കുഞ്ഞിക്കണ്ണൻ തിരിച്ചുപോയത്. അടിയന്തരാവസ്ഥ കഴിയുന്നതുവരെ കുഞ്ഞിക്കണ്ണൻ ഇക്കാര്യം ആരോടും പറഞ്ഞില്ല.

ഭീകരതയുടെ നാളുകൾ
അടിയന്തരാവസ്ഥയുടെ ഭീകരത തുടർന്നുകൊണ്ടേയിരുന്നു. പൊലീസിന്റെ പരിശോധന ഓരോ ദിവസവും ശക്തമാക്കി. അതുകൊണ്ടുതന്നെ റോഡിൽ കൂടിയുള്ള യാത്ര പ്രയാസകരമായി. പലപ്പോഴും വീടുകളിൽ താമസിക്കുന്നതും ബുദ്ധിമുട്ടായി. മുക്കടയിൽ ചിണ്ടേട്ടന്റെ വീട്ടിൽ താമസിക്കുമ്പോൾ കാലിച്ചാമരത്തെ പീടികയിൽ സഖാക്കൾ കാവൽ നില്ക്കും. ഒരു ദിവസം കാലിച്ചാമരത്തെ വീടുകളിൽ പൊലീസ് എത്തി ഓരോരുത്തരെയായി ചോദ്യം ചെയ്യാനാരംഭിച്ചു. ചില സഖാക്കൾ ചിണ്ടേട്ടന്റെ വീട്ടിലേക്ക് ഓടിവന്ന് വിവരം പറഞ്ഞു. വീട്ടിലെത്തുന്നതിനുമുമ്പുതന്നെ ചിലർ ശബ്ദമുണ്ടാക്കി അപകട സിഗ്നൽ നല്കിയിരുന്നു. ഞാൻ നേരെ പുഴക്കരയിലേക്ക് പോയി. മണിക്കൂറുകളോളം അവിടെ തങ്ങി. പിന്നീടും പലപ്പോഴായി പുഴയോരത്ത് ഒളിച്ചു കഴിഞ്ഞിട്ടുണ്ട്.

ചില ഘട്ടങ്ങളിൽ മറുകരയിലേക്ക് തോണിയിൽ പോകും. ഒരിക്കൽ രാത്രി തോണിയില്ലാത്തതിനാൽ മരക്കഷണങ്ങൾ ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് പെരുമ്പട്ടയിലേക്കെത്തിയത്. പെരുമ്പട്ടയിൽനിന്നും ചിണ്ടേട്ടന്റെ വീട്ടിലേക്ക് നടന്നു. എം വി രാഘവൻ ഉൾപ്പെടെയുള്ളവർ അറസ്റ്റു ചെയ്യപ്പെട്ട വിവരം അറിഞ്ഞതിനാൽ ചിണ്ടേട്ടന്റെ വീട്ടിൽ താമസിക്കേണ്ട എന്ന് തീരുമാനിച്ചു. ആ സമയത്ത് മറ്റെവിടെയും പോകാനും കഴിയില്ല. പുനം കൃഷി നടക്കുന്ന സമയമാണ്. കൃഷിയിടത്തിന്റെ നടുവിൽ കാവൽക്കാരന് താമസിക്കാൻ പ്രത്യേകം പന്തൽ കെട്ടിയിട്ടുണ്ടായിരുന്നു. പന്തലിനുമീതെ കിടക്കാനുള്ള സൗകര്യവുമുണ്ട്. ചിണ്ടേട്ടൻ മകൻ ബാലനോടൊപ്പം എന്നെ പന്തലിലേക്ക് പറഞ്ഞയച്ചു. കുഞ്ഞിരാമൻ എന്നൊരാളാണ് കാവല്ക്കാരൻ. ഞങ്ങൾ അവിടെയെത്തുമ്പോൾ കുഞ്ഞിരാമൻ പന്തലിലുണ്ടായിരുന്നില്ല. നല്ല തണുപ്പുള്ള സമയമായതിനാൽ ഞാൻ ഉടൻ തന്നെ പുതച്ചുകിടന്നു. ബാലൻ തിരിച്ചുപോയി അൽപസമയം കഴിഞ്ഞപ്പോൾ കുഞ്ഞിരാമൻ വന്നു. താൻ കിടക്കുന്ന സ്ഥലത്ത് കരിമ്പടം പുതച്ച് എന്തോ ഒന്ന്‌ കിടക്കുന്നത് കണ്ട് പ്രേതമാണെന്നു കരുതി അയാൾ പേടിച്ചു നിലവിളിച്ചു. നിലവിളികേട്ട് ചിണ്ടേട്ടനും ബാലനുമൊക്കെ അങ്ങോട്ട് ഓടിയെത്തിയപ്പോൾ പന്തലിൽ കയറാതെ പരിഭ്രമിച്ചിരിക്കുന്ന കുഞ്ഞിരാമനെയാണ് കണ്ടത്. അവർ കുഞ്ഞിരാമനോട് പന്തലിലുള്ള ആളിന്റെ പേരൊഴികെ മറ്റു കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി.

അടിയന്തരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു. ഒരു ദിവസം എളേരി കമ്മിറ്റി യോഗം കമ്പല്ലൂരിൽ നടക്കുന്നു. കമ്മിറ്റിയിൽ പങ്കെടുക്കേണ്ട ചുമതല എനിക്കായിരുന്നു. പകൽ സമയത്താണ് യോഗം. കമ്പല്ലൂരിലേക്ക് നടന്നുപോകണം. എന്റെ കൂടെ കാനാ കുഞ്ഞിക്കൃഷ്ണനും ഉണ്ടായിരുന്നു. കമ്പല്ലൂരിൽ ലോക്കൽ കമ്മിറ്റി ചേരാൻ ഈസ്റ്റ് എളേരിയിലെ പാർട്ടി സെക്രട്ടറി കെ പി നാരായണനും മറ്റു ചില സഖാക്കളും ഞങ്ങളെ കാത്തുനില്ക്കുകയായിരുന്നു. റോഡ് വഴി നടന്നുപോകുമ്പോൾ ചിറ്റാരിക്കാൽ പൊലീസ് എന്തോ ആവശ്യ ത്തിന് അതുവഴി വന്നു. പൊലീസ് ജീപ്പ് കടന്നുപോകുന്ന വഴിയിലൂടെയാണ് ഞാൻ വരുന്നതെന്ന് സഖാക്കൾക്കറിയാം. സഖാക്കൾ മറ്റൊരു വഴിയിലൂടെ എന്റെയടുത്ത് ഓടിയെത്തി. പക്ഷേ, അപ്പോഴേക്കും പൊലീസ് ജീപ്പ് കടന്നുപോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അന്ന്‌ രക്ഷപ്പെട്ടത്‌. ഇതോടെ പകൽ യാത്ര പൂർണമായും ഒഴിവാക്കേണ്ടി വന്നു.

മിസ വാറണ്ടുകാരൻ
മിസ വാറണ്ടു പ്രകാരം അറസ്റ്റുചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റിൽ ഞാനും ഉൾപ്പെട്ടിരുന്നതിനാൽ എന്നെത്തേടി പലയിടങ്ങളിലും പൊലീസെത്തുന്നത് പതിവായി. ഒരിക്കൽ നെല്ലിയടുക്കത്തെ വീട്ടിൽ പൊലീസ് എത്തി. കൊല്ലമ്പാറയിലെ ഡ്രൈവർ മുഹമ്മദിനെയും കൂട്ടിയാണ് പൊലീസ് വന്നത്. വീട് കൃത്യമായി അറിയാനാണ് മുഹമ്മദിനെ നിർബ്ബന്ധിച്ച് കൂട്ടിയത്. പൊലീസുകാർ മഫ്‌ടിയിലായിരുന്നു. എളേരിയിൽ നിന്നും വന്ന തോട്ടം തൊഴിലാളികളാണെന്നാണ് പറഞ്ഞത്. അമ്മ അവരോട് കരുണാകരൻ ഇവിടില്ലായെന്നും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നും പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചിരുന്നതുകൊണ്ട് തോട്ടം തൊഴിലാളികൾ പലപ്പോഴായി അന്വേഷിച്ചെത്താറുണ്ടായിരുന്നു. എന്നാൽ അവർ ഉടൻ വീട്ടിനകത്തുകയറി പരിശോധനയാരംഭിച്ചു. അപ്പോഴാണ് വന്നത് പൊലീസാണെന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലായത്.

അതേ ദിവസംതന്നെ പേരോലിലുള്ള അനുജത്തി പത്മിനിയുടെ വീട്ടിലും പൊലീസെത്തി. അവിടെ അവർ പറഞ്ഞത് ചെറുവത്തൂരിലെ കുഞ്ഞിരാമൻ വൈദ്യർ പറഞ്ഞിട്ട് വന്നതാണെന്നായിരുന്നു. അന്നുതന്നെ നീലേശ്വരത്തെ പാർട്ടി ഓഫീസിലും പൊലീസെത്തി. നീലേശ്വരത്ത് രാജാ റോഡിലെ പഴയ കെട്ടിടത്തിലായിരുന്നു പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസും ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസും. ചിലപ്പോൾ വീട്ടിൽ പോകാൻ ബസ് കിട്ടാതിരുന്നാൽ ഞാൻ പാർട്ടി ഓഫീസിൽ താമസിക്കാറുണ്ടായിരുന്നു. അതറിഞ്ഞിട്ടാണ്‌ പാർട്ടി ഓഫീസിൽ പൊലീസ് പരിശോധന നടത്തിയത്. പൊലീസ് എന്റെ പിറകെയുണ്ട് എന്നറിഞ്ഞതോടെ പാർട്ടി എന്നെ ഭദ്രമായ സ്ഥലത്തേക്ക് മാറ്റി.

ചിലപ്പോൾ നെല്ലിയടുക്കത്തുള്ള വി കെ ബാലന്റെ വീട്ടിൽ താമസിക്കാറുണ്ട്. ഒരു ദിവസം ബാലന്റെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ പൊലീസ് വാഹനം വരുന്നതായി സഖാക്കൾ അറിയിച്ചു. യഥാർത്ഥത്തിൽ ബാലന്റെ വീടിന് താഴെയുള്ള കവുങ്ങിൻ തോട്ടത്തിൽ ഒരു സംഘം പൊലീസുകാർ പരിശോധിക്കുകയായിരുന്നു. എന്നെയും കൂട്ടി വി കെ നാരായണനും കുഞ്ഞിക്കണ്ണനും തൊട്ടടുത്തുള്ള കാട്ടിലേക്ക് പോയി. പൊലീസ് തിരിച്ചുപോയി എന്നുറപ്പാക്കിയതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. അന്നു തന്നെ അവിടെനിന്നും താമസം മാറ്റി.

ഒളിവുജീവിതത്തിൽ എനിക്ക് പലപ്പോഴും തങ്ങേണ്ടിവന്ന പ്രദേശമാണ് കയ്യൂരും മടിക്കൈയും. ആ സന്ദർഭങ്ങളിലൊക്കെ പരസ്യമായിത്തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ പ്രദേശങ്ങളിൽ പകൽ പോലും നടക്കാൻ കഴിഞ്ഞു. എന്നാൽ പൊലീസിന്റെ പരിശോധന ശക്തമായതോടെ ഇവിടത്തെ ഒളിവ് ജീവിതവും മതിയാക്കി.

കയ്യൂരിൽ ഗോപാലൻ വൈദ്യർ, കെ പി വെള്ളുങ്ങ, പി ടി കുഞ്ഞമ്പു, കുണ്ടത്ത് രാമൻ നായർ, കൂക്കോട്ട് കുഞ്ഞിരാമൻ, മലയത്ത് കൃഷ്ണൻ തുടങ്ങിയവരുടെ വീടുകളിലായിരുന്നു താമസം. കയ്യൂർ കുറേക്കൂടി സുരക്ഷിതമായിരുന്നതിനാൽ കുറച്ചധികം നേതാക്കൾക്ക് കയ്യൂർ അഭയകേന്ദ്രമായിട്ടുണ്ട്. ഒളിവിലെ പാർട്ടി കമ്മിറ്റികളും കയ്യൂരിൽ ചേർന്നിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി ഓഫീസുകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറെയായിരുന്നു. അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത് പൊലീസ് തന്നെയാണ്. പൊലീസിന്റെ കൂടെ കോൺഗ്രസുകാരുമുണ്ടായിരുന്നു. നിരവധി പാർട്ടി ഓഫീസുകളും നേതാക്കളുടെ ചിത്രങ്ങളുമൊക്കെ നശിപ്പിക്കപ്പെട്ടു. ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തിയിൽ പൊലീസും കോൺഗ്രസുകാരും ചേർന്നാണ് പാർട്ടി ഓഫീസ് തകർത്തത്. പാർട്ടി സഖാക്കളെ ക്രൂരമായി മർദ്ദിച്ചു. കെ നാരായണൻ, അഹമ്മദ്, കടവത്ത് കുഞ്ഞിരാമൻ, കെ എം രാഘവൻ, നാരായണൻ എന്നിവരെ പിടിച്ചുകൊണ്ടുവന്ന് പൊതുസ്ഥലത്ത് വച്ച് പരസ്യമായി മർദ്ദിച്ചു. കൂടാതെ മുനമ്പത്ത് ഗോവിന്ദൻ, കെ വി കുഞ്ഞമ്പാടി തുടങ്ങി നിരവധി പേരെ പിന്നീട് പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. ചെറുവത്തൂർ ബീഡിക്കമ്പനിയിലുണ്ടായിരുന്ന കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, ടി വി നാരായണൻ തുടങ്ങി നാൽപതോളം പേരെ പ്രതിയാക്കി കേസെടുത്തു.

ഒരു ദിവസം പാലായിയിൽനിന്നും ചാത്തമത്ത് വഴി തുരുത്തിയിലേക്ക് പോകേണ്ടുന്ന കാര്യമുണ്ടായി. പാർട്ടി അംഗങ്ങൾക്കുള്ള റിപ്പോർട്ടിങ്ങിനാണ് പോയത്. പാർട്ടി രേഖകളും കൈയിലുണ്ട്. കാര്യങ്കോട് മറ്റൊ രു സഖാവ് കാത്തുനിൽപ്പുണ്ടായിരുന്നു. പോകുന്ന സമയത്ത് കോട്ടൂല കുഞ്ഞിക്കണ്ണൻ ‘കരുണാകരാ, റിപ്പോർട്ട് ചെയ്യേണ്ട രേഖകൾ ഒക്കെ കൈയിലുണ്ടല്ലോ’ എന്ന് ഉറക്കെ ചോദിച്ചു. ആ സമയത്ത് മറ്റേതോ കാര്യത്തിനായി എത്തിയ ഒരു പൊലീസുകാരൻ അവിടെയുണ്ടായിരുന്നു. പൊലീസുകാരന് എന്നെ തിരിച്ചറിയാൻ കഴിയാത്തത് രക്ഷയായി. അല്ലെങ്കിൽ പാർട്ടി രേഖകൾ സഹിതം പിടിക്കപ്പെടുമായിരുന്നു.

മറ്റൊരു ദിവസം ‘മിസ’ പ്രകാരം കയ്യൂരിലെ ഗോപാലൻ വൈദ്യരെ പൊലീസ് അറസ്റ്റുചെയ്തു‌. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ കയ്യൂരിലേക്ക് പോകാൻ പാർട്ടി ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. കയരിലെത്തി ഗോപാലൻ വൈദ്യരുടെ വീട്ടുകാരെ കണ്ടു. വൈകിട്ട് അരയാക്കടവ് വഴി തോണി കടന്ന് കണിയാടയിലെത്തണം. അതേ തോണിയിൽ ഒരു കേസന്വേഷണത്തിനായി വന്ന പൊലീസുകാരൻ ഉണ്ടായിരുന്നു. കൂടെയുള്ള സഖാക്കൾ എന്റെ ചുറ്റിലുമായി മറഞ്ഞുനിന്നതിനാൽ പൊലീസുകാരന് എന്നെ മനസ്സിലാക്കാൻ പറ്റിയില്ല.

അടിയന്തരാവസ്ഥ അടുത്തൊന്നും പിൻവലിക്കപ്പെടില്ല എന്നതായിരുന്നു പൊതുകാഴ്‌ചപ്പാട്. ഇതിന്റെ ഭാഗമായി ‘മിസ’ അനുസരിച്ച് അറസ്റ്റുചെയ്യപ്പെടുന്നവരുടെ വീടും പറമ്പും കണ്ടുകെട്ടാനുള്ള നീക്കം സർക്കാർ ആരംഭിച്ചു. ഈ സാഹചര്യത്തിൽ എന്റെ പേരിലുള്ള ഒരേക്കർ സ്ഥലം അന്നത്തെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കൃഷ്‌ണന്റെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ പാർട്ടി തീരുമാനിച്ചു. അത്‌ നടപ്പിലാക്കുകയും ചെയ്‌തു. l
(തയ്യാറാക്കിയത്: വിനോദ് പായം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 4 =

Most Popular