Tuesday, March 10, 2026

ad

Homeകവര്‍സ്റ്റോറിഅടിയന്തരാവസ്ഥക്കാലത്തെ എന്റെ അനുഭവങ്ങൾ

അടിയന്തരാവസ്ഥക്കാലത്തെ എന്റെ അനുഭവങ്ങൾ

എം വിജയകുമാർ

1975 ജൂൺ 25 അർദ്ധരാത്രി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങളന്ന് തിരുവനന്തപുരം ലോ കോളേജിൽ സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു. ആ കാലത്ത് ഞാൻ ക്യാമ്പ് ചെയ്തിരുന്നത് എം എൽഎ ഹോസ്റ്റലിലെ 8–ാം നമ്പർ മുറിയിലായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്നത് എ വി കുഞ്ഞമ്പുവിന്റെ മകൻ വിജയൻ. ജൂൺ 26ന് രാവിലെ ഞങ്ങൾ പുറത്തിറങ്ങി. സമയം 6 മണിയായി കാണും. ചായ കുടിക്കാൻ ഞങ്ങൾ പാളയത്തെത്തി. പെട്ടെന്ന് ഒരു പൊലീസ് ജീപ്പ് അടുത്തുവന്നുനിന്നു. ‘‘അടിയന്തരാവസ്ഥയാണ്’’ ഒരു പൊലീസുകാരൻ പറഞ്ഞു. അടിയന്തരാവസ്ഥ എന്താണെന്ന് നമുക്കറിയില്ല. പൊലീസുകാരൻ വീണ്ടും പറഞ്ഞു: ‘‘വണ്ടിയിൽ കയറ്’’. അൽപ്പമൊന്നാലോചിച്ചു. പക്ഷേ പൊലീസ് പറഞ്ഞാൽ കയറാതിരിക്കാനാവില്ലല്ലോ. ഞങ്ങൾ വണ്ടിയിൽ കയറി. വണ്ടി കന്റോൺമെന്റ് സ്റ്റേഷനിലെത്തി. അവിടെ വൻപൊലീസ് സന്നാഹം. സാധാരണ ഇത്രയും പൊലീസൊന്നും, അതും അതിരാവിലെ കാണാറില്ല. ഒരു സർക്കിൾ ഇൻസ്പെക്ടർ വന്നു– ശ്രീധരൻനായർ. എന്നെ നോക്കി ചോദിച്ചു, ‘‘വിജയകുമാർ ആണല്ലേ? നിങ്ങളെ അറസ്റ്റു ചെയ്തിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ എന്താണെന്നറിയാമോ? ഇല്ലെങ്കിൽ അറിയണം. മിസ എന്നു കേട്ടിട്ടുണ്ടോ?’’ ‘‘അതെന്താണെന്നറിയില്ല’’ – ഞാൻ പറഞ്ഞു. ‘‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതു പ്രാബല്യത്തിൽ വന്നാൽ സംഘടനാ പ്രവർത്തനം പാടില്ല. എസ്എഫ്ഐ അടിയന്തരാവസ്ഥയ്ക്കെതിരെ രംഗത്തുവരുമെന്നാണ് ഞങ്ങൾക്കു ലഭിച്ച വിവരം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളെ അറസ്റ്റുചെയ്യുന്നത്’’. ഇത്രയുമാണ് ഇതേപ്പറ്റി ഇൻസ്പെക്ടർ പറഞ്ഞത‍്. രാവിലെ സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോയ ഞങ്ങളെ ഉച്ചവരെ അവിടെ നിർത്തി. ഉച്ചയായപ്പോൾ ഒരു ബെഞ്ച് അവിടെ കൊണ്ടുവന്നിട്ടു. കുറച്ചുകഴിഞ്ഞ് ചോറുപൊതി കൊണ്ടുവന്നു. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ അനുഭവമിതാണ്. അടിയന്തരാവസ്ഥ എന്തെന്നു മനസ്സിലാക്കിയത് പൊലീസിൽനിന്നാണ്. അന്നത്തെയൊരു ദിവസം ലോക്കപ്പിലിട്ടു. പിറ്റേന്നായിട്ടും ആരും ഞങ്ങളെ അനേ-്വഷിച്ച് വന്നില്ല. സാധാരണ പാർട്ടിക്കാരനായ ഒരാളെ ലോക്കപ്പിലിട്ടാൽ ഉടൻ നേതാക്കൾ അനേ-്വഷിച്ചുവരുമല്ലോ. ഇവിടെ ആരും വന്നില്ല; വരാനൊക്കുകയുമില്ല. അടിയന്തരാവസ്ഥയല്ലേ, വന്നാൽ അവരും അകത്താകും.

അടുത്ത ദിവസം സർക്കിൾ ഇൻസ്പെക്ടറും പൊലീസ് ഓഫീസർമാരുമെല്ലാം വന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞുതന്നു. ഇനി പ്രവർത്തിക്കാൻ പാടില്ല. മിസപ്രകാരം അറസ്റ്റുചെയ്താൽ കോടതിപോലും ഇടപെടില്ല; ജാമ്യം കിട്ടില്ല. അങ്ങനെ കാര്യങ്ങൾ പറഞ്ഞുതന്നു. തല്ലുകയൊന്നും ചെയ്തില്ല. അടുത്ത ദിവസം വിടുകയും ചെയ്തു.

പുറത്തിറങ്ങിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. അപ്പോഴാണ് പൊലീസ് സഖാവ് കോടിയേരി ബാലകൃഷ്ണനെ പിടിച്ചുകൊണ്ടുപോയത് അറിയുന്നത്. കോടിയേരിയെ അറസ്റ്റുചെയ്ത കാര്യം പാർട്ടി ഓഫീസിൽ നിന്നാണറിയുന്നത്.

അതുകഴിഞ്ഞ് ഞങ്ങൾ സംഘടനാ നേതാക്കളുമായി ആലോചിച്ചു. തിരുവനന്തപുരത്ത് അന്നുണ്ടായിരുന്നത് ജി സുധാകരനായിരുന്നു. എം എ ബേബി പ്രസിഡന്റും കോടിയേരി സെക്രട്ടറിയും. എം എ ബേബി അന്ന് കൊല്ലത്താണ്. അടിയന്തരാവസ്ഥയ്ക്കെതിരെ രഹസ്യമായി പ്രവർത്തിക്കണം; സംഘടനാപ്രവർത്തനം നടത്തണം. അതാണ് പുതിയ തീരുമാനം. എല്ലാവർഷവും ജൂലെെ 1 എസ്എഫ്ഐ അവകാശദിനമായിട്ട് ആചരിക്കുന്നതാണ്. ആ ദിവസം സർക്കാരിന് അവകാശപത്രിക സമർപ്പിക്കും. കോൺഗ്രസും സിപിഐയും ചേർന്നാണ് അന്നത്തെ ഭരണം. ആ ജൂലെെ 1ന് എന്തുചെയ്യണമെന്ന് ഞങ്ങൾ പാർട്ടിയുമായി ആലോചിച്ചു. ഞങ്ങൾ അവകാശദിനം ആചരിക്കാൻതന്നെ തീരുമാനിച്ചു. അങ്ങനെ അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്താൻ ഞങ്ങൾ രഹസ്യമായി തീരുമാനിച്ചു. ഇതാരുമറിഞ്ഞില്ല, പൊലീസും.

ജൂൺ 26ന്, ഒരു ദിവസത്തിനുശേഷം എന്നെ വിട്ടയച്ചിരുന്നല്ലോ. പ്രകടനം നടത്താൻ ഞങ്ങൾ തീരുമാനിക്കുന്നത‍്. 26, 27 തീയതികളിലായാണ്. ജൂലെെ 1ന് യൂണിവേഴ്സിറ്റി കോളേജിൽ കേന്ദ്രീകരിക്കുക. യൂണിവേഴ്സിറ്റി കോളേജ് , സംസ്കൃത കോളേജ്, ആയൂർവേദ കോളേജ്- അങ്ങനെ പല കോളേജുകളും നമുക്ക് ശക്തിയുള്ള സ്ഥലങ്ങളാണ്. അവിടെ നിന്നും ഒറ്റയ്ക്കൊറ്റക്കാണ് എല്ലാവരും വന്നത്. അന്ന് കൂട്ടംകൂടാൻ പാടില്ലല്ലോ. നിരോധനാജ്ഞയുമുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ വരിക; അവിടെ മെയ്-ൻഗേറ്റിനു പിന്നിൽ സ്ഥലമുണ്ട്, അവിടെ കൂടുക; എന്നിട്ട് അവിടെ നിന്നും സെക്രട്ടറിയറ്റിനു മുന്നിലേക്ക് പ്രകടനമായി പോകുക– ഇതായിരുന്നു തീരുമാനം. ഞങ്ങളെക്കൂടാതെ യൂണിവേഴ്സിറ്റി കോളേജിലെ സ: ശിവാനന്ദൻ, നേതാക്കളായിട്ടുള്ള തോമസ് എബ്രഹാം, ബി എസ് രാജീവ്, അഡ്വ. സുരേഷ് കൊല്ലം ഡോ. ജെ പ്രസാദ് (കാലടി സർവകലാശാല), പിന്നീട് പ്രൊഫസറായിത്തീർന്ന മാധവൻ നായർ–ഇവരെല്ലാം സംസ്കൃത കോളേജിൽ നിന്നുള്ളവരായിരുന്നു. ഞങ്ങളുടെ മുഖ്യകേന്ദ്രമായിരുന്നു സംസ്കൃത കോളേജ്.

ഞങ്ങൾ പ്രകടനം തുടങ്ങിയപ്പോഴേക്കും എം എ ബേബി കൊല്ലത്തുനിന്നും ബസിൽ അവിടെയെത്തിയിരുന്നു. ബേബിക്ക് എത്തിച്ചേരാനാ
കുമോയെന്ന് ഞങ്ങൾക്ക് അറി
യില്ലായിരുന്നു. ബേബി വന്നു, പ്രകടനത്തിന്റെ മുൻനിരയിൽ നിന്നു. യൂണിവേഴ്സിറ്റി കോളേജിന്റെ സ്പെൻസർ ഭാഗത്തെ അടച്ചിട്ടിരുന്ന ഗേറ്റ് തുറന്ന് മുദ്രാവാക്യം വിളിച്ച് ഞങ്ങൾ പുറത്തിറങ്ങി. ‘‘അടിയന്തരാവസ്ഥ തുലയട്ടെ, ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ’’ എന്നൊക്കെയായിരുന്നു മുദ്രവാക്യം. എന്നാൽ ഏറ്റവും പ്രധാന മുദ്രാവാക്യം.’’ അടിയന്തരാവസ്ഥ അറബിക്കടലിൽ’’ എന്നതായിരുന്നു. ആ മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് അന്ന്, അവിടെ ഞങ്ങൾ വിദ്യാർഥികളാണ്. പ്രകടനം വലിയൊരു കൂട്ടമായി. നിരവധി വിദ്യാർഥികളുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ കേരളത്തിലും ഇന്ത്യയിലും നടത്തപ്പെട്ട ആദ്യത്തെ വിദ്യാർഥിപ്രകടനമായിരുന്നു അത്.

എല്ലാവർക്കും അതിശയമായിരുന്നു, ആ പ്രകടനം കണ്ടപ്പോൾ. ഉച്ചത്തിലുള്ള മുദ്രാവാക്യം; റോഡിലൂടെ പോകുന്ന ആളുകളെല്ലാം നോക്കുകയാണ്. കെഎസ്ആർടിസി ബസ് നിർത്തി അതിനുള്ളിലെ ജനം ഇതുകാണുകയാണ്. അവരെല്ലാം സ്തംഭിച്ചുപോയി. പ്രകടനം തുടങ്ങിയിട്ടും പൊലീസ് അതറിഞ്ഞില്ല. പ്രകടനം അവിടെ നിന്നും നേരെ ഏജീസ് ഓഫീസ്. അതുകഴിഞ്ഞ് സെക്രട്ടറിയറ്റ്. അപ്പോഴും പൊലീസ് അറിഞ്ഞില്ല. സെക്രട്ടറിയറ്റിന്റെ വടക്കേ ഗേറ്റിലെത്തിയിട്ടും പൊലീസ് അറിഞ്ഞില്ല. സെക്രട്ടറിയറ്റിന്റെ മധ്യഭാഗത്ത് വേലുത്തമ്പിദളവയുടെ പ്രതിമയ്ക്കടുത്തെത്തി. അതുവരെയും പൊലീസ് എത്തി തടഞ്ഞില്ല. പെട്ടെന്ന് പൊലീസ് ഇരുവശത്തുനിന്നും വണ്ടികളിലെത്തി ഞങ്ങളെ വളഞ്ഞു. ചടചടാന്ന് ചാടിയിറങ്ങി. വേറെ ചോദ്യമൊന്നുമുണ്ടായില്ല. അടി തുടങ്ങി. നൂറോളം പൊലീസുകാർ വരും. അടിയെന്നു പറഞ്ഞാൽ ഭീകരമായ അടി, കുറേപേർ അടികൊണ്ടു വീണു. ബാക്കി പേർ നാലുപാടും ചിതറിയോടി. 24 പേരെ അറസ്റ്റു ചെയ്തു. വലിയ പൊലീസ് വാൻ കൊണ്ടുവന്ന് ഞങ്ങളെ അതിൽ കയറ്റി. നേരെ കന്റോൺമെന്റ് സ്റ്റേഷനിലേക്ക്. അപ്പോഴും ഞങ്ങൾ മുദ്രാവാക്യം വിളിച്ചു. അന്ന് ആഭ്യന്തരമന്ത്രി കരുണാകരനാണ്. അദ്ദേഹം കമ്മീഷണറോട് വിളിച്ചു ചോദിക്കുന്നുണ്ട്: ‘‘അവരിപ്പോഴും മുദ്രാവാക്യം വിളിക്കുന്നോ’’ എന്ന്. ‘‘എന്നാൽ അതെന്നെയൊന്ന് കേൾപ്പിക്കെടോ’’ എന്ന് കരുണാകരൻ. അന്ന് മൊബെെൽഫോൺ ഒന്നുമില്ലല്ലോ. വയർലസ് ഫോണിൽ കൂടി ലാൻഡ് ഫോൺ വഴി കേൾപ്പിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഭീകരമായ മർദ്ദനം അഴിച്ചുവിട്ടത്.

ആദ്യത്തെപ്പോലെയായിരുന്നില്ല അടി. ഓരോരുത്തർക്കായാണ്.

കൂട്ടയടിക്ക് വലിയ കുഴപ്പമില്ല. ചിലപ്പോൾ മുറിവേൽക്കും, അത്രേയുള്ളൂ. ഇത് ഭീകരമാണ്. കുനിച്ചു നിർത്തി ഇടി. ഓരോരുത്തരെയായി വിളിക്കുകയാണ്. കന്റോൺമെന്റ് സ്റ്റേഷനിലെ ഇടനാഴിയിലേക്കാണ്. ആദ്യം വിളിച്ചത് സുധാകരനെയാണ്. സുധാകരനെ അടിക്കുന്നത് ഞാൻ കാണുകയാണ്. അടിച്ചത് ശരീരത്തിലല്ല. തലയ്ക്കാണ്. സുധാകരന്റെ കണ്ണട തെറിച്ചു. അത് പൊട്ടി. പിന്നെ കുനിച്ചു നിർത്തി ഇടിച്ചു. സുധാകരൻ വീണു. പൊലീസ് പൊക്കിയെടുത്തു നിർത്തി. അങ്ങനെയോരോരുത്തരെയായി വിളിച്ചു. മൂന്നു മണിക്കൂറെടുത്തു. 24 പേരെയും തല്ലിച്ചതച്ചു.

രസകരമായ ഒരനുഭവം ഉണ്ടായി. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്ന ജെ ബി മോഹൻ– ഔർ കോളേജ് പ്രിൻസിപ്പൽ ബാലകൃഷ്ണൻ നായരുടെ മകൻ – അന്ന് ജില്ലാ കമ്മിറ്റിയിലുണ്ട്. മോഹനും അറസ്റ്റു ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. എന്റെ അടുത്തേക്കു വന്നു. ഷർട്ടും ബനിയനുമൊക്കെയിട്ടിട്ടുണ്ട് മോഹൻ. മോഹൻ പറഞ്ഞു : ‘‘എന്റെ ഷർട്ടഴിക്കാൻ പറഞ്ഞാൽ അടിയിലിട്ടിരിക്കുന്ന ബനിയൻ കാണും. ബനിയനിൽ കറുത്ത മഷിയിൽ ഒരു കാര്യം ഞാനെഴുതി വച്ചിട്ടുണ്ട്.’’ എന്താണെന്നു ഞാൻ ചോദിച്ചു. ‘‘Nothing to lose, but jails” എന്ന് മോഹൻ പറഞ്ഞു. അതുകണ്ടാൽ കൂടുതൽ അടി ഉറപ്പ്. ഞാൻ പറഞ്ഞു, ‘‘അപ്പോൾ മോഹൻ ഒരു കാര്യം ചെയ്യ്. ആ ഷർട്ടും ബനിയനും ഒരുമിച്ചങ്ങൂര്.’’ പക്ഷേ മോഹന് അങ്ങനെ ഒന്നിച്ച് ഊരാൻ പറ്റിയില്ല. എഴുതിയിരിക്കുന്നത് പൊലീസ് കണ്ടു. അടി ! എല്ലാവരെയും ക്രൂരമായി തല്ലി. ആദ്യം സുധാകരൻ, പിന്നെ ബേബി…. ശേഷം ഡിഐആർ പ്രകാരം കേസ് എടുത്തു. ജാമ്യമില്ലല്ലോ. റിമാൻഡ് ചെയ്ത് ഞങ്ങളെ അട്ടക്കുളങ്ങര സബ്ജയിലിലടച്ചു. കുറേ ദിവസം അവിടെ കിടന്നു. അതിനുശേഷം പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി. ഇവിടെ ഞങ്ങളെ അനേ-്വഷിച്ചു വന്നത്, വക്കീൽ വർക്കല രാധാകൃഷ്ണനായിരുന്നു. ഞങ്ങളുടെ കേസ് നടത്തിയത് അദ്ദേഹമാണ്.

ഞങ്ങൾ ജയിലിൽ ചെല്ലുമ്പോൾ അവിടെ അനിരുദ്ധൻ സഖാവുണ്ട്. പേട്ടയിലെ മിനർവ ശിവാനന്ദൻ, റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ബാബു, അങ്ങനെ ചില പ്രാദേശിക നേതാക്കളെയും പിടിച്ച് ജയിലിലാക്കിയിരുന്നു. മെയിൻഹാളിൽ തന്നെ 70 പേരുണ്ടായിരുന്നു. പിന്നെ പൂജപ്പുര ജയിലിലെ സെല്ലിലടച്ചു. അവിടെ ഞങ്ങളെ അനേ-്വഷിച്ചുവന്ന പ്രധാന നേതാക്കൾ ഇ എം എസും എ കെ ജിയുമായിരുന്നു. നല്ല ആവേശമായിരുന്നു ഞങ്ങൾക്ക്. 4 മാസം കഴിഞ്ഞാണ് കേസ് കോടതിയിൽ വാദത്തിനെത്തിയത്. വർക്കല രാധാകൃഷ്ണനാണ് വാദിച്ചത്. ജാമ്യം കൊടുക്കണം. വിദ്യാർഥികളാണ് എന്നദ്ദേഹം വാദിച്ചു. വർക്കല നല്ല വണ്ണം വാദിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് ജാമ്യം ലഭിച്ചു.

അതിനു ശേഷവും ഞങ്ങൾ എസ്എഫ്ഐ പ്രവർത്തനം സജീവമാക്കി. പോസ്റ്ററിങ് തുടങ്ങിയ അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തി. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോടിയേരി അപ്പോഴും ജയിലിലാണ്. കോടിയേരിയുമായി ഞങ്ങൾക്ക് കത്തിടപാടുണ്ടായിരുന്നു. കാർഡ് അയയ്ക്കുന്ന ഏർപ്പാടാണ്. ഞങ്ങളന്ന് കോഡ് വാക്കുകളുപയോഗിച്ചാണ് കത്തെഴുതിയിരുന്നത്. ഇന്ന് കമ്മിറ്റി കൂടുന്ന കാര്യം കത്തിൽ എഴുതിയിരുന്നത്. കല്യാണത്തിന് പോകണം, ‘കല്യാണമുണ്ട്’ എന്നൊക്കെയാണ്.

പിന്നെയും പല പ്രശ്നങ്ങളുമുണ്ടായി. 6 മാസത്തിനുശേഷം, എസ്എഫ്ഐയുടെ വിദ്യാർഥി പഠനക്യാമ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്, തൂങ്ങാംപാറ എന്ന സ്ഥലത്ത്. സിനിമാ നടിമാരായിരുന്ന ലളിത, പത്മിനി, രാഗിണിമാരുടെ കുടുംബ വീടായിരുന്നു ക്ലാസെടുക്കാൻ നിശ്ചയിച്ച സ്ഥലം. കൊട്ടാരംപോലെ വലിയ വീടെങ്കിലും ഓലമേഞ്ഞത്. അവിടെയാണ് രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തുന്നത്. അവിടെത്തന്നെ സ്റ്റേയും. 150 പേരുണ്ട്. ഒരു ദിവസത്തെ പഠനക്ലാസ് കഴിഞ്ഞു. അന്നു രാത്രി കോൺഗ്രസുകാർ പൊലീസുകാർക്ക് ഒറ്റുകൊടുത്തു, അവിടെ നക്സലെെറ്റ് ക്ലാസ് നടക്കുകയാണെന്ന്. അർധരാത്രി രണ്ടു മണിക്ക് പൊലീസ് സംഘം സ്ഥലം വളഞ്ഞു. അന്നു ക്ലാസെടുത്തത് പിരപ്പൻകോട് മുരളിയാണ്. അദ്ദേഹം അന്ന് അവിടെ സ്റ്റേ ആണ്. പിരപ്പൻകോട് സാറിന് മിസ വാറണ്ടുണ്ടായിരുന്നു. അങ്ങനെ ഒളിവിലിരിക്കെയാണ് സാർ അവിടെ വന്ന് ക്ലാസെടുക്കുന്നത്. കാട്ടാക്കട ശശിക്കാണ് സംഘാടക സമിതി ചുമതല. മുരളി സാറിന് മിസ വാറണ്ടുണ്ടായിരുന്നതുകൊണ്ട് പൊലീസ് എത്തുന്നതിനുമുമ്പ് ഞങ്ങൾ അദ്ദേഹത്തെ അവിടെ നിന്നു രക്ഷപ്പെടുത്തി. എങ്ങനെയെന്നല്ലേ? വീടിന്റെ മൂന്നുവശം മാത്രമേ പൊലീസിനു വളയാനൊക്കൂ. പുറകിൽ കനാലാണ്. നെയ്യാറ്റിൻകരയിൽ നിന്നുവരുന്ന കനാലിൽ വെള്ളമില്ലായിരുന്നു. അവിടേക്കിറങ്ങാൻ പടിയുണ്ട്. അതുവഴി പിരപ്പൻകോടിനെ രക്ഷപ്പെടുത്തി കൊണ്ടുപോയി. ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തു. വീണ്ടുമൊരറസ്റ്റ്. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലാക്കി. അന്നു രാത്രി ഉറങ്ങിയില്ല. അവിടത്തെ പ്രാദേശിക നേതാവായിരുന്ന കള്ളിക്കാട് ഗംഗനെയും അറസ്റ്റു ചെയ്തു. പിറ്റേന്നു രാവിലെ ഗോപകുമാർ എന്ന പൊലീസ് ഓഫീസർ എന്നെ വിളിപ്പിച്ചു. ഞാൻ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തു. ‘‘ഞങ്ങൾ എസ്എഫ്ഐ ആണ്; നക്-സലെെറ്റല്ല. എല്ലാ വർഷവും ഞങ്ങൾ പഠനക്ലാസ് സംഘടിപ്പിക്കാറുണ്ട്. ഈ വർഷവും അങ്ങനെ വച്ചു.’’

‘‘ആരാ ക്ലാസ്സെടുത്തത്’’ എന്ന് അദ്ദേഹം ചോദിച്ചു. ‘‘ക്ലാസെടുത്തതൊക്കെ ഞങ്ങൾ തന്നെയാണെ’’ന്ന് ഞാൻ മറുപടി കൊടുത്തു. അന്ന് പൊലീസിന്റെ തലപ്പത്ത് ജയറാം പടിക്കലാണ്. ഞാൻ ആളെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരുത്തരവ് വന്നു. കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. നേതാവായ എന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. കൊണ്ടുവന്നത് ശാസ്തമംഗലത്തെ ക്രൈംബ്രാഞ്ചിന്റെ ഒരു ക്യാമ്പിലേക്കാണ്. അവിടെ വലിയൊരു ഹാൾ. ഒരു തടിക്കട്ടിലുണ്ട്. ആ കട്ടിലിന്റെ കാലിൽ കെട്ടി, ഒരാളെ തറയിൽ ഇരുത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരൻ. ആളെ എനിക്കറിയില്ല. അയാളുടെ കാലിൽ ചങ്ങലയിട്ടിട്ടുണ്ട്. കട്ടിലിന്റെ കാലിൽ ചങ്ങല ചേർത്ത് കെട്ടിയിരിക്കുന്നു. മേശയുടെ പുറത്ത് കാലിന്മേൽ കാൽ കയറ്റി വച്ച് ഒരു പൊലീസ് ഓഫീസർ ഇരിക്കുന്നു. അതായിരുന്നു ജയറാം പടിക്കൽ. ആളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ജയറാം പടിക്കലാണെന്ന് പിന്നീടാണറിയുന്നത്. കക്കയം ക്യാമ്പുപോലെ ഒരു ക്യാമ്പായിരുന്നു അത്.

അവിടെ ചങ്ങലയ്ക്കിട്ടിരിക്കുന്നത് വർക്കല വിജയനെയായിരുന്നെന്ന് പിന്നീടാണറിഞ്ഞത്. ഈച്ചരവാര്യരുടെ മകൻ രാജനെപോലെതന്നെ പൊലീ
സ് കൊലപ്പെടുത്തിയ ആളാണ് വിജയനും. രാജന്റേതുപോലെ അദ്ദേഹത്തിന്റെ ബോഡിയും കണ്ടെടുക്കപ്പെട്ടില്ല. രണ്ടു ദിവസം എന്നെ അവിടെയിട്ടിട്ട് വിട്ടയച്ചു.

പിന്നെയും ഞങ്ങൾ സജീവമായിത്തന്നെ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് കെഎസ്-യുവിനായിരുന്നു മുൻകെെ. അടിയന്തരാവസ്ഥക്കാലത്ത് അവർ വ്യാപകമായ അക്രമമഴിച്ചുവിട്ടു. അത് ഏറ്റവും കൂടുതലുണ്ടായത് ബംഗാളിലായിരുന്നു. അതിനെയൊക്കെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞു. എന്നു മാത്രവുമല്ല, വിദ്യാർഥികളുടെ വലിയ പിന്തുണയും നമുക്കു ലഭിച്ചു. യൂണിവേഴ്സിറ്റി കോളേജുൾപ്പെടെയുള്ള കോളേജുകളും സ്കൂൾ പാർലമെന്റുകളും കെഎസ്-യുവിന്റെ കയ്യിലായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അതിൽ മാറ്റമുണ്ടായി. എൺപതുകളായപ്പോഴേക്ക് എസ്എഫ്ഐക്ക് വലിയ മുന്നേറ്റമുണ്ടായി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളാണ് ഇതിന് ഉദ്ദീപനമേകിയത്. l
(തയ്യാറാക്കിയത്: 
കെ ആർ മായ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + seven =

Most Popular