Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിഅടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ

ഇ എം എസ്

1975 ജൂൺ 25 ന് ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് നിർദേശിച്ചതനുസരിച്ച് പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത് അനൗപചാരികമായ നിലയിലെങ്കിലും പിൻവലിച്ചത് 1977 ജനുവരിയിൽ ലോക്-സഭയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ്-–19 മാസത്തിനുശേഷം. പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നടത്തുന്നതെങ്കിലും ഫലത്തിൽ പട്ടാള ഭരണത്തോടടുക്കുന്ന ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയാണ് ഈ ദീർഘകാലത്ത് നിലവിലിരുന്നത്.

വളരെ രഹസ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുതന്നെ. അതു സംബന്ധിച്ച് പ്രസിഡന്റിനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭയുടെ യോഗം വെളുപ്പാൻ കാലത്താണ് കൂടിയത്‌. ആ നിമിഷംവരെ മന്ത്രിസഭാംഗങ്ങൾപോലും വിവരം അറിഞ്ഞിരുന്നില്ല. എന്നാൽ രാജ്യ വ്യാപകമായി പ്രതിപക്ഷനേതാക്കളെ മണിക്കൂറുകൾക്കു മുമ്പുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിന്റെ വാർത്തയും അടിയന്തരാവസ്ഥാ പ്രഖ്യാപനവും ഒരുമിച്ചാണ് ജനങ്ങൾക്ക് കിട്ടിയത്. തിരഞ്ഞെടുക്കപ്പെട്ട എം പിമാരിലും എംഎൽഎമാരിലും അറസ്റ്റിനിരയാകാത്തവർക്ക് സഭയിൽ പ്രസം ഗിക്കാൻ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതടക്കം ജനങ്ങളുടെ എല്ലാ അഭിപ്രായ സ്വാതന്ത്ര്യങ്ങളും എടുത്തുകളയുന്ന ഉത്തരവുകളും പാസായിരുന്നു. കൂടാതെ, പത്രങ്ങളിൽ എന്ത് പ്രസിദ്ധീകരിക്കാം, എന്ത് പ്രസിദ്ധീകരിച്ചുകൂടാ എന്നെല്ലാം നിർദേശിക്കുന്ന ഉത്തരവുകൾ, അവ നടപ്പിലാക്കുന്നതിന് ഉത്തരവാദപ്പെട്ട സെൻസറിങ് ഉദ്യോഗസ്ഥൻമാർ എന്നിവയിലൂടെ പത്രസ്വാതന്ത്യം തികച്ചും അപഹരിക്കപ്പെട്ടു. പാർലമെന്റിലും നിയമസഭകളിലും നടത്തുന്ന പ്രസംഗങ്ങൾ പോലും സെൻസറിങ് ഉദ്യോഗസ്ഥൻമാരുടെ അനുമതികൂടാതെ പ്രസിദ്ധീകരിച്ചുകൂടെന്ന ഉത്തരവും വന്നു.

ചുരുക്കത്തിൽ ഔപചാരികമായി ഭരണം പട്ടാളത്തെ ഏൽപ്പിച്ചിട്ടില്ലെന്നതൊഴിച്ചാൽ രാജ്യവ്യാപകമായ പട്ടാളഭരണത്തിന്റെ അന്തരീക്ഷമാണ് നിലവിൽ വന്നത്.

ഇത് വ്യാപകമായ ജനാധിപത്യധ്വംസനം നടത്തുന്നതിന് ഒരു ഇടതുപക്ഷഛായ സൃഷ്‌ടിക്കാൻ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇരുപതിനപരിപാടിയെന്ന് പിന്നീട് വിഖ്യാതമായ ഒരു പരിപാടി അവർ പ്രഖ്യാപിച്ചു. കൃഷിക്കാർ, കർഷകത്തൊഴിലാളികൾ മുതലായ പാവപ്പെട്ടവരെ രക്ഷിക്കുന്ന ഒന്നാണ് തന്റെ ഗവൺമെന്റ് എന്ന് വരുത്താനുള്ള ശ്രമമാണ് ഈ പരിപാടിയിൽ അടങ്ങിയിരുന്നത്.

കൂടാതെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ കമ്യൂണിസ്റ്റു മാർക്സിസ്റ്റ് പാർട്ടിയുടെ അറിയപ്പെടുന്ന സമുന്നത നേതാക്കളെ അറസ്റ്റിൽനിന്ന് ഒഴിവാക്കി-. വലതുപക്ഷ പിന്തിരിപ്പൻ പാർട്ടികൾക്ക് മാത്രം എതിരായാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്ന പ്രതീതി വരുത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

അതേ അവസരത്തിൽ പാർട്ടിയുടെ സജീവ പ്രവർത്തകരിൽ നല്ലൊരു വിഭാഗത്തെ ജയിലിലടച്ച് സാധാരണഗതിയിലുള്ള പാർട്ടി പ്രവർത്തനം അസാധ്യമാക്കിത്തീർക്കാനും അവർ വേണ്ടതെല്ലാം ചെയ്തു. ഇന്ത്യയിൽ സിപിഐയും വെളിയിൽ സോവിയറ്റ് നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുപാർട്ടികളും പ്രധാനമന്ത്രിയുടെ ഈ അവകാശവാദത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയല്ല, വളർന്നുവരുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിക്കുകയാണ്, കോൺഗ്രസ് ഗവൺമെന്റ് ചെയ്‌തതെന്ന രീതിയിലായിരുന്നു ഇന്ത്യയിൽ സിപിഐയുടെ പ്രചാരവേല.

അടിയന്തരാവസ്ഥയെ എതിർക്കുന്ന കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഫാസിസത്തിലേക്ക് നീങ്ങുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ ചേരിയിൽ അണിനിരന്നിരിക്കുകയാണെന്ന അവരുടെ ആരോപണത്തിന് ഇതായിരുന്നു അടിസ്ഥാനവും.

ഇതിനുമുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, ബിഹാറിലെ പട്‌ന നഗരത്തിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ റാലിയിലൂടെ ഈ പ്രചാരവേലയ്ക്ക് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞുപരത്താനവർക്ക് കഴിഞ്ഞു. സർവശക്തിയായി അവരോധിച്ചിരുന്ന സെൻസറിങ് ഉദ്യോഗസ്ഥൻമാരുടെ മറപിടിച്ച് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയെ കരിതേക്കുന്നതിനു പറ്റുന്ന പല കിംവദന്തികളും പ്രചരിപ്പിക്കാൻ സ്വന്തം പത്രങ്ങളുടെ സ്ഥലം അവർ സമർഥമായി ഉപയോഗിച്ചു. അവയ്ക്കു മറുപടി പറഞ്ഞ് സത്യം വെളിപ്പെടുത്താൻ കമ്യൂണിസ്റ്റു മാർക്സിസ്റ്റ് പാർട്ടിക്ക് കഴിയുകയില്ലെന്ന് അവർക്കുമുറപ്പുണ്ടായിരുന്നുവല്ലോ. ഇത്ര നാണംകെട്ട രീതിയിൽ ഔദ്യോഗിക പിൻബല ത്തോടെ മാർക്സിസ്റ്റ് വിരുദ്ധ പ്രചാരവേല ഇതിനുമുമ്പ് ഇവർ സംഘ ടിപ്പിച്ചത് ചൈനാ ആക്രമണ കാലത്താണ്.

ഈ സാഹചര്യത്തിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തന രീതിയാകെ പുനഃസംവിധാനം ചെയ്യേണ്ടിയിരുന്നു. അതുസംബന്ധിച്ച പല വിഷമപ്രശ്‌നങ്ങളും ഉയർന്നുവന്നു. സെൻസറിങ് ഉദ്യോഗസ്ഥരുടെ സൂക്ഷ്‌മദൃഷ്ട‌ിക്കുകീഴിൽ നടത്തേണ്ട പത്രം തുടരുന്നതുകൊണ്ട് പ്ര യോജനം ഉണ്ടോ, പാർലമെന്റിലും നിയമസഭകളിലും നടത്തുന്ന പ്ര സംഗം പാർട്ടിയുടേതടക്കമുള്ള ഒരു പത്രത്തിലും വരാതിരിക്കുന്ന സ്ഥിതിയിൽ ഈ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ നടപടികളിൽ പങ്കെടുക്കുന്നതിനർഥമുണ്ടോ; അറിയപ്പെടുന്ന നേതാക്കളെമാത്രം പേരിന് വെളിയിൽ നിർത്തുമ്പോൾ തന്നെ അവരുടെ പ്രവർത്തനം മരവിപ്പിക്കുക, മറ്റു സഖാക്കളിൽ വലിയൊരുവിഭാഗത്തെ ജയിലിൽ അടയ്ക്കുക എന്ന തന്ത്രം നടപ്പിലാക്കുന്ന ഗവൺമെന്റിന്റെ കീഴിൽ നിയമവിധേയ പ്രവർത്തനത്തിനുള്ള സാധ്യത എത്രത്തോളം ഉണ്ട്-– ഈ പ്രശ്ന‌ങ്ങളെല്ലാം പാർട്ടിയുടെ മുമ്പിൽ വന്നു.

ഈ പ്രശ്നങ്ങൾക്ക് ഉത്തരം കാണാൻ സെൻട്രൽ കമ്മിറ്റിയുടെ യോഗം ചേരേണ്ടതുണ്ടായിരുന്നു. പക്ഷേ, പതിവുപോലെ എല്ലാ മെമ്പർമാരും ഒരേ സ്ഥലത്തു സമ്മേളിച്ചുകൊണ്ടും പരസ്യമായും യോഗം നടത്തുന്നത് ആപൽക്കരമായിരുന്നു. കമ്മിറ്റി മെമ്പർമാരിൽതന്നെ നല്ലൊരു വിഭാഗത്തെ ജയിലിലാക്കാൻ ഗവൺമെന്റിന് അവസരം നൽകുകയേ അത് ചെയ്യുകയുള്ളൂ. അതുകൊണ്ട് സെൻട്രൽ കമ്മിറ്റി മെമ്പർമാരെ രണ്ടായി വിഭജിച്ച് ഒരു യോഗം തെക്കേ ഇന്ത്യയിലും മറ്റേത് വടക്കേ ഇന്ത്യയിലും നടത്തി. രണ്ടിലും പങ്കെടുക്കുന്നവരിൽ ഒരു വിഭാഗം പരസ്യമായി നിയമവിധേയ പ്രവർത്തനം നടത്തിക്കൊണ്ടിരുന്നെങ്കിൽ, മറ്റൊരു വിഭാഗം അറസ്റ്റിൽനിന്ന് രക്ഷനേടുന്നതിന് ഒളിവിൽ ഇരുന്ന് പ്രവർത്തിക്കുകയായിരുന്നു. രണ്ടു യോഗങ്ങളിലും ചർച്ചചെയ്യുന്നതിന് കരടുരേഖകൾ തയ്യാറാക്കി വിതരണം നടത്തുകയും ചെയ്തു.

അടിയന്തരാവസ്ഥയെ വിലയിരുത്തേണ്ടതെങ്ങനെയെന്ന മുഖ്യപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടിയിരുന്നത്. ഇതിലാകട്ടെ, ഇതിനുമുമ്പ് വിവരിച്ച് അഭിപ്രായ വൈരുധ്യം പ്രകടമാവുകയും ചെയ്തു.

ബൂർഷ്വാ ജനാധിപത്യ അവകാശങ്ങൾ ഇനി പുനഃസ്ഥാപിക്കുന്ന കാര്യം അപ്രായോഗികമാണ്; അതുകൊണ്ട് പാർട്ടിയാകെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണം, അതിന് അറിയപ്പെടുന്ന പാർട്ടി നേതാക്കളും പ്രവർത്തകരുമാകെ ഒളിവിൽ പോകണം–-ഇതാണ് ഒരഭിപ്രായം.

ഇതിനെതിരെ നിയമവിധേയ പ്രവർത്തനത്തിന് ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾതന്നെ നിയമവിരുദ്ധ സംഘടനയുടേതായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകകൂടി വേണമെന്ന അഭിപ്രായം വന്നു. രണ്ടാമത്തേതിനാണ് സെൻട്രൽ കമ്മിറ്റിയിൽ ഭൂരിപക്ഷം കിട്ടിയത്.

ഇതിന്റെ അർഥം പാർട്ടിക്ക് ഏറ്റവും അധികം ശക്‌തിയുള്ള കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പൗരസ്വാതന്ത്ര്യയത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയുള്ള സമരം നടത്തുന്നതിൽ അറിയപ്പെടുന്ന നേതാക്കൾ നിയമവിധേയമായി പ്രവർത്തിക്കാനുള്ളതിന്റെ കഴിവ് പരമാവധി ഉപയോഗിക്കണം. അവർ ഒളിവിൽ പോകരുത് എന്നായിരുന്നു. എ കെ ജി പാർലമെന്റിന്റെയും ഈ ലേഖകൻ കേരള നിയമസഭയുടെയും വേദി ഉപയോഗിച്ച് അടിയന്തരാവസ്ഥയുടെ തൊലിയുരിച്ചു കാണിക്കുന്ന പ്രസംഗങ്ങൾ നടത്തണം. (അർധ ഫാസിസ്റ്റ് ഭീകരത നിലവിലിരുന്ന ബംഗാളിലെ നിയമസഭ ഇതുപോലെ ഉപയോഗപ്പെടുത്താൻ കഴിയുകയില്ല. എന്നാൽ ബംഗാളിൽനിന്നുള്ള എം പിമാരിൽ അറസ്റ്റിൽപ്പെടാതെ വെളിയിൽ നിൽക്കുന്നവർ എ കെ ജി യുടെ നേതൃത്വത്തിൽ പാർലമെന്റിന്റെ വേദിയിൽ ചെയ്യാവുന്ന പ്രവർത്തനം പരമാവധി ചെയ്യണം).

ഈ വേദികളിൽ നടത്തുന്ന പ്രസംഗങ്ങൾ പത്രങ്ങളിൽ വരികയില്ലെന്നത് നേരാണ്. എന്നാൽ, മറ്റു തരത്തിൽ അത് ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന് എ കെ ജിയുടെ ലോകസഭാപ്രസംഗങ്ങൾ കോപ്പിയെടുത്ത് രഹസ്യമായി വിതരണം നടത്തിയിരുന്നു. ഈ ലേഖകനാകട്ടെ, അടിയന്തരാവസ്ഥയുടെ പ്രയോഗം തുറന്നുകാണിക്കുന്ന കത്തുകളും പ്രസ്താവനകളും എഴുതി ബന്ധപ്പെട്ടവർക്കയച്ചു കൊടുത്തു. അവയ്ക്ക് പരിമിതമായ തോതിലെങ്കിലും പ്രചാരണം കിട്ടിയിരുന്നു. ബംഗാളിലും അവിടത്തെ സ്ഥിതിക്കൊത്ത് നടന്ന പ്രവർത്തനത്തിന് നേതൃത്വം നൽകിക്കൊണ്ട് പ്രമോദ്-ദാസ് ഗുപ്‌ത. ജ്യോതി ബസു എന്നീ രണ്ട് പൊളിറ്റ് ബ്യൂറോ മെമ്പർമാർ വെളിയിൽനിന്ന് പ്രവർത്തിച്ചു.

എന്നാൽ ബംഗാളും കേരളവുമടക്കം എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി സംഘടനയുടെ ഒരു വിഭാഗം ഒളിവിൽതന്നെയായിരുന്നു. അവരും വെളിയിൽനിന്ന് പ്രവർത്തിക്കുന്നവരും തമ്മിൽ തുടർച്ചയായി നടക്കുന്ന ചർച്ചകളിലൂടെ മാത്രമേ പാർട്ടിയുടെ നയസമീപനവും പ്രായോഗിക പരിപാടികളും ആവിഷ്കരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതെല്ലാം സംഘടിപ്പിക്കുന്നത് പൊലീസിന്റെയും സിപിഐ അടക്കം രാഷ്ട്രീയ എതിരാളികളുടെയും കണ്ണു വെട്ടിച്ചുകൊണ്ട് വേണമായിരുന്നു. അങ്ങനെ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ നിയമവിധേയ-–നിയമവിരുദ്ധപ്രവർത്തനങ്ങളെയും സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ടുപോകുകയെന്ന മുഖ്യപ്രശ്‌നം പാർട്ടിയുടെ മുമ്പിൽവന്നു.

ഒരതിരുവരെ സമർഥമായിത്തന്നെ ഈ ജോലി നടത്താൻ കഴിഞ്ഞുവെന്ന് അതിൽ സജീവ പങ്കാളികളായിരുന്ന സഖാക്കളിൽപ്പെട്ട ഈ ലേഖകന് കൃതാർഥതയോടെ പറയാൻ കഴിയും. ഈ കാലത്ത് പാർട്ടി പ്രവർത്തനത്തിൽനിന്ന് രണ്ട് നേട്ടങ്ങൾ ഉണ്ടായി.

ഒന്നാമത്, ജെ പി പ്രസ്ഥാനം രൂപപ്പെട്ടതുമുതൽ വളർന്നുവന്നിരുന്ന -പ്രതിപക്ഷ ഐക്യവും അതിൽ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിക്കുള്ള സ്വതന്ത്രനിലപാടും കുറെക്കൂടി ശക്‌തിപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വിവരിക്കുന്നുണ്ട്. അവിടെ ഒരു കാര്യം മാത്രം പറയാം. 1977ൽ ലോക്-സഭാ തിരഞ്ഞെടുപ്പുനടന്നപ്പോൾ അത് നേരിടാൻ വേണ്ടിയുണ്ടാക്കിയ പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പിനെ തു ടർന്ന് രൂപംകൊണ്ട ജനതാഗവൺമെന്റിനോട് പാർട്ടി അംഗീകരിച്ച സമീപനം, പിന്നീട് ജനത തകരാൻ തുടങ്ങിയപ്പോൾ അതിലെ രണ്ടു വിഭാഗങ്ങളോടും ഒട്ടിനിൽക്കാതെ പാർട്ടിയെടുത്ത സ്വതന്ത്രമായ നിലപാട്- ഇതെല്ലാം അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി അംഗീകരിച്ച സമീപനത്തിന്റെയും നടത്തിയ പ്രവർത്തനത്തിന്റെയും പരിണിതഫലമാണ്.

ഇതേപോലെയോ കൂടുതലോ പ്രാധാന്യമുള്ള മറ്റൊരു നേട്ടംകൂടി ഈ കാലത്ത് പാർട്ടിക്കുണ്ടായി. 1970 കളുടെ ആദ്യവർഷങ്ങൾതൊട്ട് പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിനകത്ത് രൂക്ഷമായ അഭിപ്രായഭേദം ഉരുണ്ടുകൂടിയിരുന്ന വസ്‌തുതയും അതിന്റെ വിശദരൂപങ്ങളും ഇതിനുമുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. അതുസംബന്ധിച്ച് യോജിച്ചോ ഭൂരിപക്ഷ അടിസ്ഥാനത്തിലോ തീരുമാനങ്ങളെടുക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപനം വരെ കഴിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥയെ വിലയിരുത്തുന്ന കാര്യത്തിൽപോലും ഇത് ശക്‌തിയായി പ്രതിഫലിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരുവർഷം തികയുന്നതിനുമുമ്പുതന്നെ ഒളിവിലും തെളിവിലുമുള്ള സെൻട്രൽ കമ്മിറ്റി മെമ്പർമാർ തമ്മിൽ നടന്ന സവിസ്തര ചർച്ചയെത്തുടർന്ന് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അഭിപ്രായങ്ങൾ വ്യക്‌തമായി. ഇനി നീട്ടിക്കൊണ്ടു പോകാതെ ഭൂരിപക്ഷാഭിപ്രായം നടപ്പിൽ വരുത്താൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.

ന്യൂനപക്ഷാഭിപ്രായക്കാരനായിരുന്ന ജനറൽസെക്രട്ടറി സുന്ദരയ്യ ചർച്ച അവസാനിക്കുന്നതിനുമുമ്പുതന്നെ സ്ഥാനം രാജിവച്ചിരുന്നു. ആ സ്ഥാനത്തേക്ക് നിയമിതനായ ഈ ലേഖകനും മറ്റുചില സഖാക്കളും ചേർന്ന് ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ ഇടപെടാൻ കഴിവുള്ള ഒരു പാർട്ടി കേന്ദ്രം ഡൽഹിയിൽ തുറന്നു. അവിടെ ഇരുന്നുകൊണ്ടാണ് ഇനി വിവരിക്കാൻ പോകുന്നതുപോലെ, അടിയന്തരാവസ്ഥാവാഴ്ചയുടെ സാഹചര്യത്തിൽ സംഘടിപ്പിക്കാവുന്നത്ര വ്യാപകമായ പൊതുജനാഭിപ്രായം അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ചത്.

ഈ ഭാഗം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യത്തെ സെൻട്രൽ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ ഇങ്ങനെ യായിരുന്നു. ‘‘പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യ അവകാശങ്ങളും വീണ്ടെടുക്കുന്നതിന്റെ സാധ്യത അങ്ങേയറ്റം വിരളമാണ്. മിക്കവാറും ഇല്ലെന്നുതന്നെ പറയാം.’’ ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്ന സമുന്നത നേതാക്കളിലൊരു വിഭാഗം നിയമ വിധേയമായിത്തന്നെ പ്രവർത്തിക്കണമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെ നിർദേശം.

പൗരസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരത്തിന്റെ സാധ്യത വിരളമാണെന്ന നിലപാടിനെ പിന്നീട് സെൻട്രൽ കമ്മിറ്റിതന്നെ (ജലന്ധർ കോൺഗ്രസിൽ അവതരിപ്പിച്ച സ്വയം വിമർശന റിപ്പോർട്ടിൽ) തെറ്റായിരു ന്നുവെന്ന് സമ്മതിച്ചു. ഈ തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലല്ല പ്രവർത്തനം നടന്നതെന്നതാണ് സമാധാനത്തിനു വക നൽകുന്നത്. അടിയന്തരാവസ്ഥയെന്ന കാളരാത്രിയിൽപോലും നടത്താൻ കഴിയുന്ന നിയമവിധേയപ്രവർത്തനത്തിന്റെ സാധ്യത പരമാവധി പ്രയോഗത്തിൽ വരുത്താനാണ് പാർട്ടി നേതൃത്വം ശ്രമിച്ചത്. നയപ്രഖ്യാപനവും പ്രവൃത്തിയും തമ്മിലുള്ള ഈ വ്യത്യാസത്തിനുള്ള കാരണങ്ങളിൽ ഒന്നാകട്ടെ രണ്ട് വീക്ഷണങ്ങൾ തമ്മിലുള്ള സംഘട്ടനം ആയിരുന്നുതാനും. ന്യൂനപക്ഷ ചിന്താഗതിയോട് വിട്ടുവീഴ്ച ചെയ്യുന്ന രാഷ്ട്രീയ വിലയിരുത്തൽ, ഭൂരിപക്ഷത്തിന്റെ കാഴ്‌ചപ്പാട് അനുസരിച്ചുള്ള പ്രവർത്തനം–-ഇതായിരുന്നു അടിയന്തരാവസ്ഥയുടെ കാലത്ത് നടന്നതെന്നർഥം. l

(കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന ഗ്രന്ഥത്തിൽനിന്ന് )

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular