അടിയന്തരാവസ്ഥയെ ശരിവെക്കാൻ വിളിച്ചുകൂട്ടിയ പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ അടിയന്തരാവസ്ഥയെ എതിർത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം.
1975 ജൂലായ് 21
ഞാൻ ഭക്ഷ്യമന്ത്രി ജഗജീവൻ റാമിന്റെ പ്രസംഗം കേട്ടു. ഇടക്കിടെ പ്രധാനമന്ത്രിയുടെ നേരെ മന്ത്രി നോക്കിയത് കണ്ടപ്പോൾ ആ വാക്കുകൾ അദ്ദേഹത്തിന്റേതല്ലെന്നാണ് എനിക്ക് തോന്നിയത്. എന്തുകൊണ്ടാണ് അദ്ദേഹമങ്ങനെ നോക്കിക്കൊണ്ടിരുന്നതെന്ന് എനിക്കറിയാം. ഞാനദ്ദേഹത്തോട് സഹതപിക്കുന്നു.
പാർലമെന്റിലെ മുപ്പതംഗങ്ങൾ ഇന്നിവിടെ സന്നിഹിതരായിട്ടില്ല. സ്വമേധയാ അല്ല അവർ ഹാജരാകാതിരുന്നത്. വിചാരണ കൂടാതെ തടങ്കലിലാക്കപ്പെട്ടതുമൂലമാണ് അവർക്കിവിടെ സന്നിഹിതരാവാൻ കഴിയാതെ വന്നത്. ഈ അസാധാരണവും ഏറ്റവും അസ്വാസ്ഥ്യജനകവുമായ ഒരു സ്‌ഥിതിവിശേഷത്തിലാണ് ഞാൻ പ്രസംഗിക്കാൻ എഴുന്നേറ്റു നിൽക്കുന്നത്. ഇന്ദിരാഗാന്ധിയും അവരുടെ പാർട്ടിയും പാർലമെന്റിനെ തന്നെ പ്രഹസനവും അവഹേളന പാത്രവുമാക്കിയിരിക്കുകയാണ്. ഞാൻ തന്നെ അറസ്റ്റു ചെയ്യപ്പെട്ട് ഒരാഴ്ച ജയിലിലായിരുന്നു, ജ്യോതിർമൊയാ ബസുവും-. അദ്ദേഹത്തെ താങ്കൾക്ക് നന്നായറിയാം. ഞങ്ങളുടെ പാർട്ടിയിലെ മറ്റൊരംഗമായ നുറുവ ഹൃദയും അറസ്റ്റിലാണ്. ഇപ്പോൾ ഉറക്കെ സംസാരിക്കാൻ കഴിയാത്ത ഒരു വൃദ്‌ധനാണ് ഞാൻ. ഞാൻ മോചിപ്പിക്കപ്പെട്ടു. അവർ രണ്ടു പേരും ജയിലിലാണ്. കാരണം വളരെ വ്യക്‌തമാണ്. കഴിഞ്ഞ നാൽപത്തഞ്ച് കൊല്ലത്തിനിടക്ക് പതിനേഴ് കൊല്ലം ജയിലിലായിരുന്നതുകൊണ്ട് എനിക്ക് ജയിലിനെ ഒരു പേടിയുമില്ല. എന്നാൽ ജയിലിലായിരുന്ന രണ്ടു ദിവസക്കാലം എനിക്കനുഭവിക്കേണ്ടിവന്ന മനുഷ്യത്വഹീനമായ പെരുമാറ്റത്തിൽ ഞാൻ ദുഃഖിക്കുന്നു. ഞാൻ നിരാഹാരസമരത്തിലേർപ്പെട്ടു: ഞാൻ സ്‌പീക്കർക്ക് ഒരു കമ്പിയടിച്ചു. പിന്നീടാണ് സ്ഥിതിഗതികൾ മാറിയത്, സർ.
ഒരുകാലത്ത് കോൺഗ്രസുകാരനെന്ന നിലയ്ക്ക് ഈ രാജ്യത്തിന്റ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടുകയും അറസ്റ്റു വരിക്കുകയും നിരവധി ദുരിതമനുഭവിക്കുകയും ചെയ്ത എന്നോട് ഈ രീതിയിലുള്ള പെരുമാറ്റമാണുണ്ടായത് എന്നതിൽ എനിക്ക് ദുഃഖമുണ്ട്. രണ്ട് ദിവസം മുമ്പാണ് എന്നെ വിട്ടയച്ചത്. എനിക്കതിന്റെ കാരണമറിയാം. ഇന്നും ജയിലിലുള്ള രണ്ടായിരം മൂവായിരം വരുന്ന എന്റെ സഖാക്കളുടെ സ്ഥിതിയെന്താണ്? എന്നെയും നമ്പൂതിരിപ്പാടിനേയും മാത്രം വിട്ടതെന്തുകൊണ്ടാണ്? മാർക്‌സിസ്‌റ്റ് പാർട്ടിയിലെയും മറ്റിടതുപക്ഷ പാർട്ടികളിലേയും അംഗങ്ങൾ അറസ്‌റ്റു ചെയ്യപ്പെട്ടിട്ടില്ല, പിന്തിരിപ്പൻമാർ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്, അവരാണിതിനെല്ലാം ഉത്തരവാദികൾ എന്ന് ലോകത്തെ കാണിക്കാനാണിത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഞാനിത് പറയാൻ കാരണം കോൺഗ്രസിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലുംപെട്ട ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്ക് എനിക്കുണ്ടായ വികാരങ്ങളാണ്. അതുകൊണ്ടാണ് എന്നോടുണ്ടായ പെരുമാറ്റത്തെപ്പറ്റി എന്റെ വികാരം ഞാൻ പ്രകടപ്പിച്ചത്. ഞാൻ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ എന്റെ സഖാക്കൾ പൊലീസുകാരെ തടഞ്ഞിരുന്നില്ലെങ്കിൽ എന്റെ തല പൊളിഞ്ഞേനെ. സഖാക്കൾ എന്നെ രക്ഷപ്പെടുത്തിയതുകൊണ്ട് എനിക്ക് ചില്ലറ പരിക്കേ പറ്റിയുളളൂ. എന്റെ സഖാക്കൾ അവരെ തടയരുതെന്നും ഞാൻ മരിക്കണമെന്നും ഞാനാഗ്രഹിച്ചു. ഈ രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ താൽപര്യത്തിനുവേണ്ടി പോരാടി ഞാൻ മരിച്ചിരുന്നെങ്കിൽ എനിക്കതിലും വലിയ കീർത്തി ലഭിക്കാനില്ല. നിർഭാഗ്യവശാൽ ഞാൻ മരിച്ചില്ല; അതുകൊണ്ടിവിടെ എന്റെ വികാരങ്ങൾ ഞാൻ പ്രകടിപ്പിക്കുന്നു.
ഇത് പാർലമെന്റിന്റെ അടിയന്തര സമ്മേളനമാണ്. ഗവൺമെന്റ് ബിസിനസ് മാത്രം കൈകാര്യം ചെയ്യാനുള്ള സമ്മേളനം. മുഖ്യമായി ചെയ്യാനുള്ളത്, രാജ്യത്തിന്റെ ആഭ്യന്തര സുര ക്ഷിതത്വത്തിന്റ പേരിൽ പ്രസിഡന്റ് ജൂൺ 26-–ാം തീയതി അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ട് നടത്തിയ പുതിയ പ്രഖ്യാപനം ശരിവെക്കുകയാണ്. പ്രതിപക്ഷം സ്വന്തം കടമ നിർവഹിക്കുന്നതിൽനിന്നും തടയപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ട്?
ബഹു. മന്ത്രി ജഗജീവൻറാം ചിത്രത്തിന്റെ ഒരുവശം നൽകി. ഞാൻ അതിന്റെ മറുവശം നൽകുന്നു-– ഈ അടിയന്തരാവസ്‌ഥയെപ്പറ്റി പ്രതി പക്ഷം എന്തു വിചാരിക്കുന്നു, ഈ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്തിനാണ്, ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ് എന്നെല്ലാമുളള കാര്യങ്ങൾ കുറച്ചധികം സമയംതന്ന് എന്റെ പ്രസംഗം മുഴുമിപ്പിക്കാൻ അനുവദിക്കണമെന്ന് ചെയർമാനോട് അഭ്യർഥിക്കുന്നു. (മൊത്തം) 6 മണിക്കൂറേ (ചർച്ചക്ക്) അനുവദിച്ചിട്ടുള്ളൂ എന്നാണല്ലൊ അങ്ങ് പറഞ്ഞത്. എന്റെ പാർട്ടിയുടെ നിലപാടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷം നടന്ന കാര്യങ്ങളും വിവരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
ഞാൻ നേരത്തെ പറഞ്ഞതുപോലെ ആഭ്യന്തര സുരക്ഷിതത്വത്തിനുണ്ടായ യഥാർഥ ഭീഷണിയല്ല പെട്ടെന്നുള്ള ഈപ്രഖ്യാപനത്തിനു കാരണം-– അലഹബാദ് ഹൈക്കോടതി വിധിയാണ്; ഗുജാറാത്തിൽ കോ ൺഗ്രസിനെതിരായുള്ള ജനവിധിയാണ്.
1971 മുതൽ നാം അടിയന്തരാവസ്ഥയിലാണ്. പിന്നെന്തിനാണ് മറ്റൊരടിയന്തരാവസ്‌ഥ കൂടി? എന്നിട്ടും ഒരു പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അതെന്തിനാണെന്നു മനസ്സിലാകുന്നില്ല. സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ നേതാക്കളോടൊപ്പം നിയമസഭയിലെ പ്രതിപക്ഷനേതാക്കളെയും അറസ്റ്റ് ചെയ്തു ഭീ കരമായി മർദിച്ചതിന് അനവധി തെളിവുകൾ തരാനൊരുക്കമാണ്.
പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ഏകാധിപത്യ പ്രവണ തയും സ്വേച്ഛാധിപത്യവും തലപൊക്കി വരുന്നതിനെപറ്റി ഞങ്ങളുടെ പാർട്ടി മൂന്നു വർഷമായി നൽകി വന്നിരുന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിഞ്ഞിരിക്കയാണ്. പാർലമെന്റ്റി ജനാധിപത്യത്തിനുപകരം ഏകകക്ഷിസ്വേച്‌ഛാധിപത്യം സ്ഥലംപിടിച്ചിരിക്കുന്നു. അധികാരമെല്ലാം ഒരാളുടെ – ഇന്ദിരാഗാന്ധിയുടെ–കയ്യിലമർന്നിരിക്കുന്നു. ഇത് ഭരണകക്ഷിയുടെ ശക്തിയുടെ സൂചനയല്ല, ഭരണകക്ഷിയിലും ഭരണവർഗങ്ങളിലുമുള്ള അങ്ങേയറ്റത്തെ ദൗർബല്യത്തിന്റെയും കുഴപ്പത്തിന്റെയും പ്രകടനമാണ്. സ്ഥിതിഗതികളിൽ പെട്ടെന്നുണ്ടായ ഈ മാറ്റവും ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുളള എടുത്തുചാട്ടവും, കുഴപ്പത്തിൽനിന്ന് പുറത്ത് കടക്കുവാനും ഭരണകക്ഷിക്ക് അധികാരത്തിൽ തുടരുവാനുമുള്ള ശ്രമമാണ്. തൊഴിലാളികളും ജനങ്ങളും അനുഭവിക്കുന്ന ജനാധിപത്യാവകാശങ്ങൾ അവരുടെ അധികാരത്തിനൊരു കടുത്ത ഭീഷണിയായി തീർന്നിരിക്കുന്നു. അതുകൊണ്ടാണ് ട്രേഡ്‌യൂണിയനുകളുടെ ജനാധിപത്യാവകാശങ്ങളുടെ നേർക്ക് ആക്രമണം നടത്തുന്നതും പ്രതിപക്ഷശക്തികളെ അടിച്ചമർത്തുന്നതും പശ്ചിമ ബംഗാളിൽ നടന്നതുപോലുള്ള അർധ ഫാസിസ്‌റ്റ് ഭീകരവാഴ്‌ചയും തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതും മിസപോലുള്ള അടിയന്തര പ്രത്യേക അധികാരങ്ങൾ നിലനിർത്തുന്നതും. ഇതൊക്കെ അധികാരത്തിൽ തുടരാൻ ഭരണകക്ഷിക്ക് ഒഴിച്ചുകൂടാനാവാത്തവയായി കഴിഞ്ഞിരിക്കുന്നു. അമിതാധികാര പ്രവണതയുടെയും കുത്തക മൂലധനത്തിന്റെയും വളർച്ച, ചൂഷകവർഗങ്ങൾ ജനങ്ങളുടെമേൽ നടത്തുന്ന ചൂഷണത്തിന്റെ രൂക്ഷമാക്കൽ എന്നിവ ഇതിനെതിരായ ജനങ്ങളുടെ ചെറുത്തുനിൽപ്പുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു നേതാവ്, ഒരു പാർട്ടി, ഒരു രാജ്യം എന്ന് ഒരുവിഭാഗം കോൺഗ്രസുകാർ കുറച്ചുകാലം മുൻപ് ഉയർത്തിയ മുദ്രാവാക്യം അമിതാധികാരത്തിലേക്കുള്ള ഈ പ്രവണതയുടെ രാഷ്ട്രീയ പ്രതിഫലനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പ്രതികൂല വിധിക്കും ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രതികൂല ജനവിധിക്കും ശേഷം കോൺഗ്രസ് പ്രസിഡന്റ് ഈ മുദ്രാവാക്യം തിരുത്തുകയുണ്ടായി. “ഇന്ദിര ഇന്ത്യയാണ്, ഇന്ത്യ ഇന്ദിരയാണ്’ എന്നായിരുന്നു പുതിയ മുദ്രാവാക്യം. ഇതിനർഥം അവർ ജീവിതകാലം മുഴുവൻ ഏകഛത്രാധിപതിയായി തുടരും, അതിനാൽ ഇനി ജനാധിപത്യത്തിന്റെയും പാർലമെന്റിന്റെയും പ്രതിപക്ഷത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ആവശ്യമില്ല. ഈ സന്ദർഭത്തിൽ എനിക്ക് കസാബ്ലാങ്കയുടെ കഥ ഓർമവരുന്നു. അയാൾ സമുദ്രമധ്യത്തിൽനിന്ന് ഇങ്ങനെപറഞ്ഞു:
‘‘ഞാൻ നോക്കുന്നതിന്റെയെല്ലാം രാജാവാണ് ഞാൻ; ഇവിടെ എനിക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തുകൂട.”
ഒരു പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും അതിനെ സഭ ശരിവെക്കുന്നതിനെയും ഇന്ത്യൻ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കുവേണ്ടി പരിപൂർണമായി ഞാനെതിർക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അറസ്റ്റിൽനിന്നും തടങ്കലിൽനിന്നും ആരും ഒഴിവാക്കപ്പെടുകയില്ലെന്ന് ഞങ്ങൾക്കറിയാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ ജയിലിനകത്ത് കോൺഗ്രസുകാരുൾപ്പെടെ നൂറുകണക്കിനാളുകളുണ്ട്.
ഞാൻ ജയിലിലായിരുന്നപ്പോൾ ജഗജീവൻറാമും ചവാനും വീട്ടറസ്റ്റിലായിരുന്നുവെന്നും ഒരു ഊഹാപോഹമുണ്ടായിരുന്നു. ഇതെത്രത്തോളം ശരിയായിരുന്നുവെന്നെനിക്കറിഞ്ഞുകൂട. പല പ്രതിപക്ഷ നേതാക്കളും ചില കോൺഗ്രസ് നേതാക്കളടക്കം 39 പാർലമെന്റംഗങ്ങളും ജയിലിലാണ്. ജനങ്ങളുടെ താൽപര്യത്തെ വഞ്ചിച്ചുകൊണ്ട് ഞങ്ങൾക്ക് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും-–വ്യക്തിസ്വാതന്ത്ര്യം, പ്രസംഗസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, കോടതികളെ മാറ്റി തങ്ങൾക്കിഷ്ടപ്പെട്ട ഒന്ന് സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം–തുടച്ചുമാറ്റുന്നതിനു അനുമതി നൽകാൻ സാധ്യമല്ല. ‘സ്വാതന്ത്ര്യ’ത്തെക്കുറിച്ച് ഒരു വാക്ക്. എന്താണ് സ്വാതന്ത്ര്യം? അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ഗവൺമെന്റ് ചെയ്യുന്നതിനെയെല്ലാം ഞങ്ങൾ പിന്താങ്ങുകയും വിമർശിക്കാതിരിക്കുകയും ചെയ്യണമെ ന്നാണോ നിങ്ങളുദ്ദേശിക്കുന്നത്?. അതുകൊണ്ടാണ് അഭിപ്രായ വ്യത്യാസം. അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ് ഞങ്ങളുടെ സ്വാതന്ത്ര്യം. ഗവൺമെന്റിന്റെ നയങ്ങളെക്കുറിച്ച് കോൺഗ്രസുകാരും പ്രതിപക്ഷവും ജനങ്ങളും എന്തു ചിന്തിക്കുന്നുവോ, അതു പറയാനുള്ള സ്വാതന്ത്യം അവർക്കുണ്ടായിരിക്കണം, അതാണ് സ്വാതന്ത്ര്യം. അതാണിവിടെ വെട്ടിച്ചുരുക്കപ്പെട്ടിട്ടുള്ളതും. സർ, എങ്ങനെയാണ് ഈ ജനാധിപത്യ കൊലപാതകത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്? തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രീമതി ഇന്ദിരാഗാന്ധി ഉന്നയിക്കുന്ന വാദമെന്താണ്? വലതുപക്ഷ പിന്തിരിപ്പൻമാരെയും ഇടതുപക്ഷ തീവ്രവാദികളെന്നു പറയപ്പെടുന്നവരെയും പരാജയപ്പെടുത്താനാണ് ഈ നടപടി എന്നാണ് അവരുടെ വാദം. രാജ്യ ത്തും പുറത്തുമുള്ള പൊതുജനാഭിപ്രായത്തെ വഞ്ചിക്കാനുള്ള സമർഥമായൊരു അടവു മാത്രമാണിത്. ഗൂഢാലോചന, കൂപ്പ് എന്നിവയെക്കുറിച്ചുള്ള വമ്പിച്ച പ്രചാരണത്തിന്റെ ഏക ഉദ്ദേശ്യം ഇതുമാത്രമാണ്. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്നു പൊലീസിനോടും പട്ടാളത്തോടും നടത്തിയ ഒരാഹ്വാനത്തെപ്പറ്റി ഏറെ കൊട്ടിഘോഷിക്കുന്നുണ്ട്. ഉന്നത നിലവാരത്തിൽ നടത്തപ്പെടുന്ന ഈ കള്ള പ്രചാരണത്തിന് പിന്നിലുള്ള യാഥാർഥ്യമെന്താണ്? ഇപ്പോൾ ഗവൺമെന്റ് നിരോധിച്ചിട്ടുള്ള ആർ. എസ്. എസിനോടും ആനന്ദമാർഗിനോടുമുളള ഗവൺമെന്റിന്റെ സമീപനം മാറിയതായി കാണാം. 1965 ൽ ഇന്ത്യാ-–പാക് യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി സിവിൽ ഗാർഡ് ചുമതലകൾക്കായി ദൽഹി ആർഎസ്എസിനു വിട്ടുകൊടുത്തു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആർഎസ്എസ് തലവൻ ഗോൾവാൾക്കറെ കുറച്ചുകാലം മുൻപ് പാർലമെന്റിൽവെച്ചു ഏറെ പ്രകീർത്തിക്കുകയുണ്ടായി. (തടസപ്പെടുത്തൽ)
അത് രേഖയിലുണ്ട്. നടപടികൾ പരിശോധിച്ചാൽ മതി….(തടസപ്പെടുത്തൽ)….ചോദ്യം ചോദിക്കുന്നവരോട് എനിക്കും പറയാനുള്ളത്, രേഖകൾ പരിശോധിക്കൂ, ഉത്തരം ലഭിക്കും എന്നാണ്….. (തടസപ്പെടുത്തൽ). ചെയർമാൻ: അദ്ദേഹം ഏതോ അനുശോചന പ്രസംഗമാണ് പരാമർശിക്കുന്നതെന്നു തോന്നുന്നു. അദ്ദേഹം ചെയ്‌ത ഏതോ നല്ല പ്രവർത്തനത്തെകുറിച്ചുള്ള പരാമർശം ഇങ്ങനെ പറയുന്നത് ക്രൂരമാണ്. അതല്ലേ താങ്കളുദേശിക്കുന്നത്? മറ്റു വല്ല രേഖയുമുണ്ടോ? അത് വ്യക്തമാക്കണം. വേറെ ഏതെങ്കിലും രേഖയുണ്ടെങ്കിൽ അത് കാണിക്കേണ്ടത് അദ്ദേഹമാണ്…..(തടസപ്പെടുത്തൽ)…. നിങ്ങൾക്കെല്ലാം വെട്ടിക്കളയാം. ഒന്നും ഇവിടെനിന്നും പുറത്തുപോകുന്നില്ല. ഒന്നും അച്ചടിക്കുന്നില്ല. ഞാൻ പറഞ്ഞത് രേഖപ്പെടുത്തപ്പെട്ടതാണ്. അത് അനുശോചന പ്രസംഗത്തിലുണ്ട്. ഇനി ആനന്ദമാർഗക്കാരുടെ കാര്യം. അവർ പാറ്റ്ന റയിൽവെ സ്റ്റേഷനിൽവെച്ചു ജ്യോതി ബസുവിനെ കൊല്ലാൻ ശ്രമിക്കുകയും അദ്ദേഹത്തിന്റെ തൊട്ടടുത്തു നിന്നയാളെ കൊല്ലുകയും ചെയ്തപ്പോൾ ഗവൺമെന്റ് ഒന്നും ചെയ്തില്ല. ആനന്ദമാർഗിന്റെ തലവന്റെയും മൂന്നു കൂട്ടാളികളുടെയുംമേൽ അവരുടെതന്നെ ആളുകളെ കൊന്ന കുറ്റമാരോപിക്കപ്പെട്ടിട്ടുണ്ട്. 1971-ൽ ബംഗ്ളാദേശിൽനിന്നും വന്ന അഭയാർഥികൾക്ക് ആശ്വാസം നൽകുന്നതിനായി ഇതേ ആനന്ദമാർഗിന് ഗവൺമെന്റ് പന്ത്രണ്ടു ലക്ഷം രൂപ കൊടുത്തു. അതിൽ 2,80,000 രൂപയ്ക്ക് കണക്കില്ല. ഗവൺമെന്റ് ഈ സംഘടനകളുടെ നേരെ അന്നെടുത്ത സമീപനം എന്താണെന്നു പറയുക മാത്രമാണ് ഞാൻ ചെയ്യുന്നത്. തീവ്രവാദികളെന്നു പറയപ്പെടുന്നവരുടെ കാര്യമെടുക്കുക. ഒരു കാലത്തു ഭരണകക്ഷി നക്‌സലൈറ്റുകളെ പ്രോൽസാഹിപ്പിച്ചും പശ്ചിമബംഗാളിൽ ഞങ്ങളുടെ പാർട്ടി കാഡർമാരെ വകവരുത്തുന്നതിന് എല്ലാ സഹായവും അവർക്കു നൽകി. ഇന്നവർ വിലയിടിക്കപ്പെട്ട് തികച്ചും ഛിന്നഭിന്നമായിരിക്കുകയാണ്.
അടിയന്തരാവസ്ഥ അടിച്ചേൽപിച്ചുകൊണ്ടുമാത്രം നേരിടാവുന്ന ഒരു ഭീഷണി, യാതൊരു ബഹുജനാടിസ‌്‌ഥാനമില്ലാത്ത ഈ സംഘടനകൾമൂലം ആഭ്യന്തര സുരക്ഷിതത്വത്തിനു പെട്ടെന്നുണ്ടായി എന്നു പറഞ്ഞാൽ അതു ജനങ്ങൾ വിശ്വസിക്കുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. ഈ പാർട്ടികളുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരവുമായാണ് പോരാടി തോൽപ്പിക്കേണ്ടത്. അവർ ക്രിമിനൽ കുറ്റങ്ങളിലേർപ്പെടു ന്നപക്ഷം സാധാരണ നിയമങ്ങളനുസരിച്ച് അവരുടെ പേരിൽ നടപടിയെടുക്കണം.
അപ്പോൾ ഗവൺമെന്റ് നടപടികൾ ആർക്കെതിരായാണ് ഉപയോഗിക്കുന്നത്? അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ ഗവൺമെന്റ് കൈക്കൊണ്ട നടപടികൾ അർഥശങ്കക്കിടയില്ലാത്തവിധം കാണിക്കുന്നത് ഊന്നൽ ജനങ്ങൾക്കെതിരായിട്ടാണെന്നുള്ളതാണ്. ജനങ്ങൾക്ക് ലഭ്യമായിരുന്ന ജനാധിപത്യാവകാശങ്ങൾ പോലും പൂർണമായി തുടച്ചു നീക്കപ്പെട്ടിരിക്കയാണ്. മൗലികാവകാശങ്ങൾ പ്രതിഷ്ഠി ക്കപ്പെട്ടിട്ടുളള ഭരണഘടനയുടെ മൂന്നാം അധ്യായം മൃതാക്ഷരങ്ങളായി തീർന്നിരിക്കുന്നു. 14, 22 വകുപ്പുകൾ സസ്പെൻഡ് ചെയ്തിരിക്കയാണ്. ഭരണഘടനയിലെ മറ്റു ചില വകുപ്പുകളും സസ്പെൻഡ് ചെയ്യാനുളള ഒരു ബിൽ കൊണ്ടുവരാൻ പോകുന്നുവെന്ന് ഇന്നത്തെ പത്രങ്ങളിലുണ്ട്. ഭരണഘടന മുഴുവൻ മാറ്റിക്കൂടേ? അല്ലെങ്കിലിത് വലിച്ചെറിഞ്ഞ് അധികാരം മുഴുവൻ പ്രധാനമന്ത്രിയുടെ കൈകളിൽ കേന്ദ്രീകരിച്ചുകൂടേ? ഇപ്പോൾ, ഓരോ ദിവസവും ഭരണഘടനാ ഭേദഗതികൾ വരുന്നു- ഓരോ മണിക്കൂറും ഓരോ നിമിഷവും. അതിന്റ അർഥം നിയമത്തിന് മുൻപിൽ തുല്യതപോലും ഇല്ലെന്നാണ്. എക്‌സിക്യൂട്ടീവിന് എന്ത് വിവേചനവും കാണിക്കാം. അറസ്റ്റുചെയ്ത ഒരാളേയും കോടതിയിൽ ഹാജരാക്കേണ്ടതില്ല. അയാളുടെ അറസ്റ്റും എവിടെയാണെന്ന വിവരവും അയാളുടെ സ്ഥിതിയും പൂർണമായി രഹസ്യമാക്കിവെക്കാം. അയാളെ പൊലീസിന് കായികമായി വകവരുത്താം. അതും ആരും അറിയണമെന്നില്ല. അതാണ് ഇന്നത്തെ സ്ഥിതി. l



