ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ഫിലോസഫി വിഭാഗം അധ്യാപകനാണ് ഡേവിഡ് സെൽബോൺ. 1975–76 വർഷത്തെ അന്യൂറിൻ ബെവാൻ സ്മാരക ഫെലോഷിപ്പ് കിട്ടിയ അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷന്റെ ക്ഷണപ്രകാരം ഇന്ത്യയിലെത്തുകയും ഒരു വർഷത്തോളം ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും മറ്റും പഠനങ്ങളും ചർച്ചകളും പ്രസംഗങ്ങളും നടത്തുകയുമുണ്ടായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നടന്ന സേ-്വച്ഛാധിപത്യ വാഴ്ച കൃത്യമായി തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം ‘‘ An Eye to India: The unmasking of a Tyranny’’ എന്ന പുസ്തകമെഴുതി. 1976ൽ, ഇംഗ്ലണ്ടിലെ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്.
‘‘ഇന്നത്തെ ഇന്ത്യൻ പരിത:സ്ഥിതി ഞാനെങ്ങനെയാണ് വിവരിക്കേണ്ടത്? സംസാരിക്കാനും സംഘടിക്കാനും സമ്മേളിക്കാനുമുള്ള അവകാശങ്ങളിന്മേൽ കത്തിവെച്ചുകൊണ്ട് പൗരസ്വാതന്ത്ര്യധ്വംസനം നട ത്തുന്നതിനെപ്പറ്റി; ട്രേഡ് യൂണിയൻ അവകാശങ്ങൾ നശിപ്പിച്ചതിനെപ്പറ്റി; ലോകത്ത് മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള സെൻസർഷിപ്പ് പത്രങ്ങളുടെ മേൽ അടിച്ചേല്പിച്ചതിനെപ്പറ്റി; ഞാൻ സന്ദർശിച്ച ഇരുപതോളം യൂണിവേഴ്‌സിറ്റികളിലെ പരശതം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അറസ്റ്റുചെയ്തതിനെപ്പറ്റി; ഗവൺമെന്റ് സർവ്വീസിൽ നിന്നും ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നതിനെപ്പറ്റി; നിർബന്ധിത വന്ധ്യംകരണത്തെപ്പറ്റി; രണ്ടു കുട്ടികളിൽ കൂടുതലുള്ള അ മ്മമാരെ ശിക്ഷിക്കുന്നതിനെപ്പറ്റി; ദില്ലിയിലെയും ബോംബെയിലെയും തെരുവുകളിൽനിന്നും രോഗികളായ, വൃദ്ധരായ, ശിശുക്കളായ, കുഷ്ഠരോഗികളായ ഭിക്ഷക്കാരെ ട്രക്കുകളിൽകയറ്റി അജ്ഞാതസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെപ്പറ്റി; ബുൾഡോസറുകളുപയോഗിച്ച് ചെറ്റക്കുടിലുകൾ തകർക്കുന്നതിനെപ്പറ്റി. ഇതെല്ലാം ഞാൻ വിവരിക്കുന്നതെങ്ങനെ?
സിംഗപ്പൂർ ഇന്ത്യൻ കോൺഗ്രസ്സിന്റെ പ്രസിഡന്റായ, പരമകള്ളനായ, ജോൺ ജേക്കബ്ബ് കഴിഞ്ഞ തിങ്കളാഴ്ച (1976 മാർച്ച് 15) വിശേഷിപ്പിച്ചപോലെ “അത്ഭുതാവഹമായ മാറ്റം’ എന്നോ? നിങ്ങൾ ഇന്നത്തെ ഇന്ത്യയെ കാണണം, എങ്കിലേ വിശ്വസിക്കൂ.
“വലതു പിന്തിരപ്പൻ ’ മാർക്കെതിരായ സമരമെന്നാണോ ഞാനതിനെ വിളിക്കേണ്ടത് ? ശ്രീമതി ഗാ ന്ധിയും ഇന്ത്യൻ ഹെെക്കമ്മിഷനും, ഇന്ത്യാ വീക്കിലിയും പ്രതീക്ഷിക്കുന്ന പോലെ “ഫാസിസത്തിനെതിരായ സമര’’മെന്നാണോ ഞാനതിനെ വിളിക്കേണ്ടത്? ബോംബെ തെരുവുകളിൽനിന്നും പിടിച്ചുകൊണ്ടുപോയി ഭിക്ഷക്കാരെ ലേബർ ക്യാമ്പുകളിൽ അട്ടിയിടുന്നതിനെ സി. ഐ. എ ക്കെതിരായ സമരമായാണോ ഞാൻ വിവക്ഷിക്കേണ്ടത് ? 1975 ഏപ്രിലിനും ഡിസംബറിനുമിടക്ക് അമേരിക്കയിൽനിന്നു വാങ്ങിയ 170 കോടി രൂപയുടെ കടം അമേരിക്കൻ കുത്തകകൾക്കും സാമ്രാജ്യത്വത്തിനുമെതിരായ സമരത്തിന്റെ ഭാഗമാണെന്ന് ഞാൻ പുകഴ്‌ത്തണോ? ട്രേഡ് യൂണിയൻ നേതാക്കളെ വ്യാപകമായതോതിൽ അറസ്റ്റുചെയ്തത്, കുത്തകകൾക്ക് ഇപ്പോഴത്തെ ബജറ്റിൽ അനുവദിച്ച സൗജന്യങ്ങൾ എന്നിവയെല്ലാം സോഷ്യലിസത്തിലേക്കുള്ള പുരോഗതിയിലെ നാഴികക്കല്ലുകളാണെന്ന് ഞാൻ സർട്ടിഫൈ ചെയ്യണോ? സാദ്ധ്യമല്ല.
ഞാൻ ഓക്സ്ഫോർഡിലെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരദ്ധ്യാപകൻ മാത്രമാണ്. പക്ഷേ സത്യം, ഞാനനുഭവിച്ച സത്യം. എന്റെ കഴിവിനൊത്തവിധം മറ്റുള്ളവരോട് പറയുക എന്നതും എന്റെ കടമയാണ്. ലോകത്ത് മറ്റെങ്ങുമില്ലാത്ത അളവിൽ മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ഭാരം ഇന്ത്യൻ ജനതയുടെമേൽ അടിച്ചേല്പിച്ചിരിക്കുന്നു. ഈ സത്യമാണ് ഞാൻ കണ്ടത്’’. l



