Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറികടിഞ്ഞൂൽ (കഥ)

കടിഞ്ഞൂൽ (കഥ)

എം പി നാരായണപിള്ള

പേറ്റുനോവ് വന്നപ്പോൾ അവൾ തിണ്ണയിലിരുന്ന്, റേഷനരിയിലെ കല്ലു പെറുക്കുകയായിരുന്നു.

അന്ന് അമാവാസിയായിരുന്നു.

അവൾ ആ വീട്ടിൽ തനിച്ചായിരുന്നു, അപ്പോൾ സന്ധ്യക്ക് വേദനയേക്കാളേറെ അവൾക്കു പേടിയാണ് തോന്നിയത്.

ഒരു വിധത്തിൽ മടിയിൽ നിന്നും മുറം താഴത്തിറക്കി, ജനലിന്റെ അഴികൾ പിടിച്ചുകൊണ്ട് അവൾ പുരക്കകത്തേക്കു നടന്നു. ദൈവാധീനം, കട്ടിലിന്റടുത്ത് എത്തുന്നതുവരെ അവൾ വീണില്ല.

ചുണ്ടുകൾ കടിച്ചമർത്തിക്കൊണ്ട് അവൾ പതുക്കെ കട്ടിലിലേക്ക് ചെരിഞ്ഞു. കിടക്കേണ്ട താമസം, വേദന ഇരുട്ടായി അവളുടെ കണ്ണുകളിലേക്കു കയറി.

ബോധം തെളിയാൻ തുടങ്ങുമ്പോൾ അവൾ മലർന്നു കിടക്കുകയാണ്. കണ്ണുകൾ തുറക്കാനുള്ള ശേഷിപോലും ഇല്ലെന്നവൾക്കു തോന്നി. കണ്ണുതുറന്നു.

അപ്പോൾ അത് കുനിഞ്ഞിരുന്ന് പൊക്കിൾക്കൊടിയിൽ കുരുങ്ങിയിരുന്ന മറുള കടിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കഴുത്തറ്റം വരെ അതിനു മുടിയുണ്ടായിരുന്നു. പശുക്കുട്ടിയുടെ പോലത്തെ കറുത്ത രോമങ്ങൾ. ദേഹത്താകെ ഗർഭപാത്രത്തിലെ കൊഴുപ്പുകൊണ്ട് ഒട്ടിപ്പിടിച്ചിരുന്നു.

അതു തലയുയർത്തി അവളെ നോക്കി, അവളുടെ കണ്ണുകളിലേക്ക്.

മറുള കടിച്ചുപൊട്ടിച്ചതിനുശേഷം അതെഴുന്നേറ്റു. വലത്തെ കൈയിന്റെ തണ്ട കൊണ്ട് അത് ചുണ്ടു തുടച്ചു. അറക്കവാളിന്റെ അരംപോലെ കൂർത്ത പല്ലുകൾ കാണിച്ച് അവളെ നോക്കിച്ചിരിച്ചു.

അവൾ ഒരു ജഡം പോലെ കിടന്നു. അവൾക്ക് കരയാനോ കരയാതിരിക്കാനോ കഴിഞ്ഞില്ല.

നീണ്ടു കൂർത്ത നഖങ്ങളുള്ള രണ്ട് കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത് വീണ്ടും ചിരിച്ചു.

പിന്നെ അത് മുട്ടുകുത്തിക്കൊണ്ടവളുടെ നേരെ തിരിഞ്ഞു. നീണ്ട നഖങ്ങളുള്ള രോമാവ്യതമായ ഒരു കൈ അവളുടെ തുടയിൽ പിടിച്ചു.

വികാരങ്ങൾ മരവിച്ച അവളുടെ മനസ്സ് ഒരു ഷോക്കേറ്റപോലെ ഉണർന്നു. തൊഴുതുകൊണ്ടവൾ പറഞ്ഞു: ‘‘എന്നെ കൊല്ലരുതേ’’.

അതവളുടെ അടുത്തേക്ക് നീങ്ങി. അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

അവൾ തളർന്നു കഴിഞ്ഞിരുന്നു. തുറന്ന കണ്ണുകളോടെ എല്ലാം കേൾക്കുന്ന, കാണുന്ന, ഒരു ജഡം പോലെ അവൾ കിടന്നു.

അതവളുടെ ദേഹത്തു കയറി. കൂർത്ത നഖങ്ങളുള്ള കൈകളും നനഞ്ഞ രോമങ്ങളുള്ള മുട്ടുകളും അവളുടെ തുടകളിലൂടെ,നിറയൊഴിക്കപ്പെട്ട ഉദരത്തിലൂടെ മുകളിലോട്ട് നീങ്ങി.

അജ്ഞാതമായ ഒരാജ്ഞ അനുസരിക്കുന്ന പോലെ അവൾ ബ്ലൗസിന്റെ കുടുക്കഴിച്ചു. മുലകൾ രണ്ടും പുറത്തേക്കിട്ടു.

ഒരു മുലക്കണ്ണ് കൂർത്ത പല്ലുകൾക്കിടയിലായി. നീണ്ട നഖങ്ങളുള്ള വിരലുകൾക്കകത്തായി മറ്റത്. പിന്നെ അതുപോലെ അടുത്ത മുലയും. പ്രാണൻ പോകുന്ന ആ വേദനയിൽ അവളുടെ വിരലുകൾ അതിന്റെ തലമുടിയിൽ തൊട്ടു. അവൾ കണ്ണടച്ചു.

അതവസാനിച്ചപ്പോഴേ അവൾ കണ്ണു തുറന്നുള്ളു. ഒരേമ്പക്കത്തോടെ അതെഴുന്നേറ്റിരുന്നു. ഒന്നുകൂടി അവളെ നോക്കി അരിപ്പല്ലുകൾ കാണിച്ച് ചിരിച്ചു. അവൾ നോക്കിയിരിക്കെ കട്ടിലിൽ നിന്നിറങ്ങി, തുറന്നുകിടന്ന വാതിലിലൂടെ അമാവാസിയുടെ ഇരുട്ടിലേക്ക് മറഞ്ഞു.

അടുത്തുകിടന്ന മറുളയിൽ തൊട്ടുകൊണ്ടവൾ ഉറപ്പു വരുത്തി-–ഇതൊരു സ്വപ്നമായിരുന്നില്ലെന്ന്. l
(1976)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular