Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറികേന്ദ്ര അന്വേഷണ ഏജൻസികൾ 
രാഷ്ട്രീയ ചട്ടുകങ്ങളാക്കപ്പെടുമ്പോൾ

കേന്ദ്ര അന്വേഷണ ഏജൻസികൾ 
രാഷ്ട്രീയ ചട്ടുകങ്ങളാക്കപ്പെടുമ്പോൾ

കെ ജെ ജേക്കബ്

ലോകമെങ്ങുമുള്ള കൂലിത്തല്ല്- കൊട്ടേഷൻ സംഘങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ആദ്യമാദ്യം അവർ മറ്റുള്ളവർക്കുവേണ്ടി കൂലി വാങ്ങി നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യും, അതിൽനിന്നും ചുമതലപ്പെടുത്തിയവർക്കു കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗം കൂലിയായി വാങ്ങും. പോകെപ്പോകെ എന്തിനാണ് മറ്റുള്ളവർക്കുവേണ്ടി ഈ പണി ചെയ്യുന്നത്, തങ്ങൾക്കു നേരിട്ട് ചെയ്താൽപ്പോരേ എന്ന് ചിലർ വിചാരിക്കും; അവർ തന്നെ നേരിട്ടിറങ്ങി കൃത്യം ചെയ്തു കൂലിവാങ്ങിപ്പോകും. മറ്റു ചിലർ രണ്ടും ഒപ്പം കൊണ്ടുപോകും: കൂലിയ്ക്കു ക്രിമിനൽപ്പണി നടത്തും; സ്വന്തമായും അത് നടത്തിക്കൊണ്ടുപോകും. ഏതായാലും കൂലിത്തല്ലു രീതിയിൽ മാത്രമായിരിക്കില്ല മിക്കവാറും സംഘങ്ങൾ ഈ കാര്യം കൊണ്ടുപോകുന്നത്.

നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ചില കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ അടുത്തകാലത്തായി ചെയ്യുന്ന ചില കാര്യങ്ങളിൽ ഇത്തരം ഒരു പാറ്റേൺ തെളിഞ്ഞുകാണുന്നുണ്ട്. നിയമപരമായി പ്രവർത്തിക്കേണ്ടതിനുപകരം കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡയ്ക്കനുസരിച്ചു പെരുമാറുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടി ജയിലിലടയ്ക്കുകയും ചെയ്യുന്ന ഏജൻസിയായി അവ മാറിക്കൊണ്ടിരിക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറച്ചുവർഷങ്ങളായി നമ്മുടെ അന്തരീക്ഷത്തിലുണ്ട്. ഒരുതരം കൊട്ടേഷൻ പരിപാടി.

അങ്ങനെ ആരോപണം നേരിടുന്ന ഒരു ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).

മോദി സർക്കാരിനുവേണ്ടി നിയമം വളച്ചൊടിച്ചും നിയമത്തിലെ സാധ്യതകൾ ദുരുപയോഗപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ വളഞ്ഞിട്ടുപിടിച്ചു ജയിലിലിട്ടുകൊണ്ട് കഴിഞ്ഞ കുറച്ചുനാളുകളായി നമ്മുടെ നാട്ടിൽ തേർവാഴ്ച നടത്തുകയാണ് ഈ ഏജൻസി. കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളായല്ല അതിലെ പല ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്; മറിച്ച് എല്ലാ പ്രൊഫഷണൽ മര്യാദകളും രീതികളും മറികടന്നു കൊട്ടേഷൻ സംഘങ്ങളുടെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നവർ ആ ഏജൻസിയിലുണ്ട്. നിയമവ്യവസ്ഥയെ നാണിപ്പിക്കുന്ന ഇത്തരക്കാരുടെ പ്രവൃത്തികൾ കോടതികളിൽ പലപ്പോഴും തുറന്നുകാട്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ അവർക്കുമേൽ ഒരുതരത്തിലുള്ള നിയന്ത്രണവും കൊണ്ടുവരാൻ ഈ ഏജൻസിയുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള കേന്ദ്ര ധനകാര്യ വകുപ്പ് തയ്യാറാകുന്നില്ല. അതിൽനിന്നുതന്നെ അവർ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നതിന് ഉത്തരമാകും.

സ്വന്തം പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ മറന്ന് സർക്കാരിന്റെ കൂലിത്തല്ലുകാരാകാമെങ്കിൽ പിന്നെ എന്തുകൊണ്ട് തങ്ങൾക്കുവേണ്ടിക്കൂടി നിയമലംഘനം ആയിക്കൂടാ എന്ന് അക്കൂട്ടർ വിചാരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല; അത് അവരുടെ ഒരു സ്വാഭാവിക പരിണതിയായി മാത്രം കണക്കാക്കിയാൽ മതി.

അവരുടെ ആ പരിണതിയുടെ ഫലമാണ് നമ്മൾ ഈയിടെയായി കാണുന്നത്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ പിടിച്ചു ജയിലിലിടുന്ന പരിപാടിയല്ല ഇക്കാര്യത്തിൽ അവർ സ്വീകരിക്കുന്നത്. ആരെങ്കിലും അഴിമതി അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തി കള്ളപ്പണം ഉണ്ടാക്കിയാൽ അത്തരക്കാരെ നിയമത്തിന്റെ മുൻപിൽ എത്തിക്കുകയും ആ പണം പിടിച്ചെടുത്ത് ഖജനാവിന് മുതൽക്കൂട്ടുകയും ചെയ്യുക എന്നതാണ് ഇഡിയുടെ ശരിയായ ഉത്തരവാദിത്തം. എന്നാൽ അതിനുപകരം അഴിമതിക്കാരെ കണ്ടെത്തി അവരെ കേസിൽക്കുടുക്കുമെന്നു ഭീഷണിപ്പെടുത്തി, ജാമ്യം കിട്ടാനുള്ള ബുദ്ധിമുട്ടു ബോധ്യപ്പെടുത്തി പണം പിടുങ്ങുക എന്നതാണ് ഇപ്പോഴത്തെ അവരുടെ രീതി.

മുഖ്യമന്ത്രിമാർ അടക്കമുള്ള നേതാക്കൾ ദീർഘകാലം ജയിലിൽ കിടക്കേണ്ടിവരുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെയാണ് ഇഡിയിലെ ചില ഉദ്യോഗസ്ഥർ അഴിമതിക്കേസിൽപ്പെടുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത്- അത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ്. സർക്കാരുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തെത്തുടർന്ന് ഒരു മുതിർന്ന ഈ ഡി ഉദ്യോഗസ്ഥനെ തമിഴ്നാട് വിജിലൻസ് 2023 ഡിസംബർ ഒന്നിന് മധുരയിൽ അറസ്റ്റുചെയ്തിരുന്നു. അതിനു ശേഷം രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഇത്തരം റിപ്പോർട്ടുകൾ വന്നുതുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ കേരളത്തിൽനിന്നും
ഒരു കശുവണ്ടി വ്യവസായിയെ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി ചോദിച്ചു എന്ന കേസിൽ ഇഡി യുടെ കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഒന്നാം പ്രതിയാണ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും ചില ഇടനിലക്കാരുമാണ് മറ്റു പ്രതികൾ. ആളുകളുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ സംഘടിപ്പിച്ച്- അതിൽ നിയമവിരുദ്ധതയുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം പിടുങ്ങി എന്നാണ് കേസ്; കൈക്കൂലിയായി ചോദിച്ച രണ്ടു ലക്ഷം രൂപയിൽ അൻപതിനായിരം ഇടനിലക്കാരൻ വാങ്ങുമ്പോഴായിരുന്നു കൈയോടെയുള്ള ആ അറസ്റ്റ്. അതിനെത്തുടർന്ന് നിരവധി പരാതികൾ വിജിലൻസിന് കിട്ടിക്കൊണ്ടിരിക്കുന്നു എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. (ആ കേസിലെ പരാതിക്കാരൻ ഇപ്പോൾ നിലപാട് മാറ്റി എന്ന് വാർത്തകൾ കാണുന്നു. അമിതാധികാരമുള്ള ഒരേജൻസിയും അതിലെ നീതിബോധമില്ലാത്ത ഉദ്യോഗസ്ഥരും നേർക്കുനേർ വന്നാൽ എത്രപേർക്ക് പിടിച്ചുനിൽക്കാനാകും എന്ന ചോദ്യം അപ്പോൾ ബാക്കിയാകും).

കേരളത്തിലെ അറസ്റ്റുകൾക്കു തൊട്ടുപിന്നാലെയാണ് ഒഡീഷയിൽനിന്നും സമാന സ്വഭാവത്തിലുള്ള മറ്റൊരു കേസ് വരുന്നത്. കള്ളപ്പണ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒരു ക്വാറി ഉടമയിൽനിന്നും 20 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതിനാണ് ഇഡിയുടെ ഉയർന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടറെയും അയാളുടെ സഹായിയെയും ഭുവനേശ്വറിൽ സി ബി ഐ അറസ്റ്റു ചെയ്തത്. അഞ്ചുകോടി രൂപയാണ് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഇയാൾ ആദ്യം ആവശ്യപ്പെട്ടത് എന്ന് സി ബി ഐ പറയുന്നു. പിന്നീടത് രണ്ടു കോടിയാക്കി കുറച്ചു. അതിന്റെ ഒരു ഭാഗം കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്.

തമിഴ്‍നാടിന്റെ മദ്യ വില്പന ഏജൻസിയായ ടാസ്മാകിന്റെ പ്രവർത്തനത്തിൽ അഴിമതി ആരോപിച്ചുകൊണ്ട് ഇഡി നടത്തിയ പ്രവർത്തനം ഈയിടെ സുപ്രീം കോടതി പരിശോധിച്ചിരുന്നു. ഏജൻസി എല്ലാ പരിധികളും ലംഘിച്ചുവെന്നും ഫെഡറൽ തത്വങ്ങളെ അപകടപ്പെടുത്തിയെന്നും വരെ സുപ്രീം കോടതി നിരീക്ഷിച്ചു. ഈഡി ഇന്നെത്തിനിൽക്കുന്ന അവസ്‌ഥയ്ക്കു നേരെ സമൂഹത്തിലേക്ക് ഒരു കണ്ണാടിപിടിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

മയക്കുമരുന്നു മാഫിയകളെ 
പൂട്ടാൻ കൊണ്ടുവന്ന നിയമം
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മയക്കുമരുന്നു വ്യാപാരത്തിനെതിരെയും അതിന്റെ വ്യാപനത്തിനെതിരെയും ലോകവ്യാപകമായി ഉയർന്നുവന്ന ചിന്തയുടെയും നടപടികളുടെയും ഭാഗമായി മിക്കവാറും രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുകയോ കർശനമായ നിയമങ്ങൾ നിർമ്മിക്കുകയോ ചെയ്തു. കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവവും അത് സമൂഹത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ഇത്തരം കേസുകൾ അന്വേഷിക്കുമ്പോൾ ഏജൻസികൾ നേരിടുന്ന പ്രായോഗിക വൈഷമ്യങ്ങളും കണക്കിലെടുത്ത് വളരെ പ്രത്യേകതയുള്ള നിയമങ്ങളാണ് പല രാജ്യങ്ങളും അതിനായി നിർമ്മിച്ചത്.

മയക്കുമരുന്ന് വ്യാപാരത്തിലൂടെ പണം സമ്പാദിക്കുകയും അത് നേരായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നത് കുറ്റകരമാക്കാനുള്ള നിയമം ഇന്ത്യയിൽ നടപ്പാക്കുന്നത് 2002-ലാണ്. എന്നാൽ ഈ രൂപത്തിൽ സമ്പാദിക്കുന്ന പണം മാത്രമല്ല, ഏതു രൂപത്തിലുള്ള കുറ്റകൃത്യവും നടത്തി സമ്പാദിക്കുന്ന പണം വെളുപ്പിക്കുന്നത്- കുറ്റകരമാക്കുന്നതാണ് നമ്മുടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (Prevention of Money Laundering Act, 2002). ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന ഗണത്തിൽപ്പെടുന്ന കുറ്റകൃത്യത്തിന്റെ പേരിൽ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്താൽ അതിൽ കള്ളപ്പണം ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അയാൾക്കെതിരെ അന്വേഷണം നടത്താം, അയാളെ കുറ്റവിചാരണ ചെയ്യാം, അയാളുടെ സ്വത്ത് കണ്ടുകെട്ടാം.

ഈ നിയമം ഇന്ത്യയിൽ നടപ്പാക്കാനുള്ള ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ കാര്യത്തിൽ മറ്റു ഏജൻസികളായ സിബി ഐയ്ക്കും എൻഐഎ യ്ക്കും സംസ്ഥാന പൊലീസിനും നൽകാത്ത ചില ആനുകൂല്യങ്ങൾ ഈ നിയമത്തിൽ ഇഡിയ്ക്ക് അനുവദിച്ചിട്ടുണ്ട്. നിയമത്തിലെ 50-–ാം വകുപ്പ് പ്രകാരം അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‌ നൽകുന്ന മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കും. ഒരാളുടെ പക്കൽനിന്നു പിടിച്ചെടുക്കുന്ന പണം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണ് എന്ന് ഏജൻസി പറഞ്ഞാൽ അതങ്ങനെയല്ല എന്ന് സ്‌ഥാപിക്കേണ്ട ഉത്തരവാദിത്തം (burden of proof) കുറ്റാരോപിതന്റേതാണ്.

ഈ നിയമപ്രകാരം ജാമ്യം നൽകാനുള്ള കോടതിയുടെ അധികാരത്തിൽ പോലും പരിമിതികളുണ്ട്. പ്രഥമദൃഷ്ട്യാ ഒരാൾ കുറ്റം ചെയ്തിട്ടില്ല എന്നും അയാൾ ഒരു തരത്തിലുമുള്ള കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടി…………ല്ല എന്നും ബോധ്യമായാൽ മാത്രമേ ഒരു കുറ്റാരോപിതന് ജാമ്യം നൽകാൻ കോടതിയ്ക്ക് കഴിയൂ. വിചാരണ നടക്കാത്ത, കുറ്റപത്രം നൽകാത്ത, അന്വേഷണം പോലും പൂർത്തിയാകാത്ത ഒരു കേസിൽ ഈ നിബന്ധനകൾ വച്ച് ജാമ്യം ലഭിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്.

നിയമത്തിന്റെ ആനുകൂല്യങ്ങൾ പൗരന് നൽകുന്നതിനുപകരം അന്വേഷണ ഏജൻസിയ്ക്കു നൽകുന്നതിനുള്ള കാരണം എന്നത് നേരത്തെ സൂചിപ്പിച്ച മയക്കുമരുന്നു വ്യാപന നിരോധനത്തിന്റെ പശ്ചാത്തലമാണ്. സാധാരണ നിയമംകൊണ്ട് പിടികൂടാനാവാത്തവിധം ശക്തരായ മാഫിയകളെ നിയമത്തിനു വിധേയരാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.

ഈ ആനുകൂല്യമാണ്, അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് നിയമം ദുരുപയോഗിക്കുന്നതിനും രാഷ്ട്രീയക്കാരെ വ്യാപകമായി വേട്ടയാടുന്നതിനും ഏജൻസിയ്ക്കു ധൈര്യം നൽകുന്നത്. ഛത്തീസ്ഗഢിലെയും ഡൽഹിയിലെയും മുഖ്യമന്ത്രിമാരും ഡൽഹിയിലെയും മറ്റു പല സംസ്‌ഥാനങ്ങളിലെയും മന്ത്രിമാരും പല മാസങ്ങൾ ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്ന സംഭവങ്ങൾ കണ്ട ആളുകൾക്ക് ഈ ഏജൻസിയെപ്പറ്റിയും അവരുടെ രീതികളെപ്പറ്റിയും ഭയം തോന്നുക സ്വാഭാവികം.

ഒരു കാര്യം കൂടി ഓർക്കണം: മാസങ്ങൾക്കുശേഷമുള്ള ജയിൽവാസത്തിനു ശേഷം ഈ നേതാക്കളെല്ലാം ഇപ്പോൾ പുറത്താണ്. അവരെ എന്തിനു ജയിലിലിടുന്നു, എന്താണ് അവർക്കെതിരെയുള്ള തെളിവ് എന്ന കോടതികളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഇ ഡി യ്ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

ജയിലിൽ പോകാതെ ഇഡി യുടെ നടപടികളെ നേരിട്ട ഒരു നേതാവ് സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്കാണ്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മാർഗനിർദ്ദേശങ്ങളനുസരിച്ച് കേരള സർക്കാർ ഉടമസ്ഥതയിലുള്ള അടിസ്ഥാനസൗകര്യ വികസന ഫണ്ട് ബോർഡ് അഥവാ കിഫ്‌ബി ഇറക്കിയ മസാല ബോണ്ടിന്റെ പേരിലായിരുന്നു ഡോ. ഐസക്കിനെയും കിഫ്‌ബി ഉദ്യോഗസ്‌ഥരെയും പിടികൂടാനുള്ള ശ്രമം. കിഫ്‌ബി ഉദ്യോഗസ്‌ഥർ ചോദ്യംചെയ്യലിന് ഹാജരായപ്പോൾ അന്യായവ്യവസ്‌ഥകൾ ഉൾപ്പെടുത്തി നൽകിയ ചോദ്യം ചെയ്യൽ നോട്ടീസിനെ ഡോ. ഐസക് കോടതിയിൽ ചോദ്യംചെയ്തു. വിഷയത്തിൽ റിസർവ് ബാങ്കിന്റെയടക്കം നിലപാട് അന്വേഷിച്ചറിഞ്ഞ കോടതി എന്തു കാരണത്താലാണ് ഡോ. ഐസക്കിനെ ചോദ്യംചെയ്യുന്നത് എന്ന ലളിതമായ ചോദ്യം ഇഡി യോട് ചോദിച്ചു. ഇപ്പോൾ മൂന്നുകൊല്ലമായി; ആ ചോദ്യത്തിന് ഇന്നുവരെ ഇ ഡി മറുപടി പറഞ്ഞിട്ടില്ല.

ഡോ. ഐസക്കിനെപ്പോലെയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന് ഏതു രാഷ്ട്രീയ നീക്കത്തെയും നിയമം ഉപയോഗിച്ചും രാഷ്ട്രീയം ഉപയോഗിച്ചും എതിർക്കാനാകും. അവരെ സംബന്ധിച്ച് അതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. എന്നാൽ ഒരു വ്യാപാരിക്കോ വ്യവസായിക്കൊ സ്വകാര്യ വ്യക്തിക്കോ ഇത് സാധ്യമാവണമെന്നില്ല. അവർക്കുമുന്പിൽ ആകെയുള്ള സാധ്യതകൾ പരിമിതമാണ്: ഒന്നുകിൽ അനീതിപരമായ രീതിയിൽ ഇക്കൂട്ടരുമായി ഒത്തുതീർപ്പിനു പോകണം, അല്ലെങ്കിൽ ജയിൽവാസം അനുഭവിക്കണം.

വളരെ കൃത്യമായ ഉദ്ദേശ്യലക്ഷ്യത്തോടെ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. അതേപോലെ കൃത്യമായ വിലയിരുത്തലോടെ ആവശ്യമായ അധികാരങ്ങൾ നൽകി രൂപംകൊടുത്തതാണ് ഇ ഡി എന്ന ഏജൻസി. അവർ നിയമാനുസൃതം പ്രവർത്തിക്കുക എന്നതും കള്ളപ്പണക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക എന്നതും വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും വ്യാപാര-–വ്യവസായ മേഖലകളിൽ ഇടപെടുന്നവരെയും സ്വകാര്യ വ്യക്തികളെയും ഉപദ്രവിക്കാനും ആ ഏജൻസി നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നത് അംഗീകരിക്കാനാകാത്ത കാര്യവുമാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ ചില വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണ് എന്നു വിലയിരുത്തി സുപ്രീം കോടതി അത് റദ്ദാക്കിയതാണ്. എന്നാൽ കേന്ദ്ര സർക്കാർ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി ആ അധികാരം നിലനിർത്തി. ഇപ്പോൾ ആ വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ ഇ ഡിയുടെ പ്രവർത്തനം നമ്മുടെ നാടിന്റെ ജനാധിപത്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും അവകാശപ്പെട്ട സംരക്ഷണത്തിനും വലിയ വെല്ലുവിളി ഉയർത്തുന്നു. ഈ നിയമത്തിന്റെ സദുദ്ദേശ്യപരമായ ലക്ഷ്യം വീണ്ടെടുക്കാനും ഒരു പ്രൊഫഷണൽ ഏജൻസിയായി ഈ മാറാനും ആവശ്യമായ ഇടപെടലുകൾ രാജ്യത്തെ പരമോന്നത കോടതി തന്നെ നടത്തും എന്ന് പ്രത്യാശിക്കാനേ ഇപ്പോൾ കഴിയൂ. അതോടൊപ്പം ഇ ഡിയും ആ ഏജൻസിയുടെ രാഷ്ട്രീയ മേധാവികളും നടത്തുന്ന നിയമലംഘനങ്ങളെപ്പറ്റി വ്യാപകമായ രീതിയിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രവർത്തനമായി ഏറ്റെടുക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + four =

Most Popular