Thursday, July 10, 2025

ad

Homeആമുഖംആമുഖം

ആമുഖം

കേന്ദ്ര അന്വേഷണ ഏജൻസികൾ അവയുടെ തുടക്കംമുതൽതന്നെ കേന്ദ്ര ഭരണാധികാരികളുടെ ഇംഗിതാനുസരണം പ്രവർത്തിച്ചുവരുന്നവയാണ്. അതാണ് സുപ്രീം കോടതിതന്നെ ഒരു ഘട്ടത്തിൽ സിബിഐ കൂട്ടിലടച്ച തത്തയാവരുത് എന്ന് പറയാൻ നിർബന്ധിതമായത്. കോൺഗ്രസ് ഭരണകാലത്ത്, പ്രത്യേകിച്ചും ഇന്ദിരാഗാന്ധിയുടെ കാലം മുതൽ,പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കൂറുമാറ്റത്തിലൂടെ അട്ടിമറിക്കാനും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വടംവലികളിൽ അധികാരമുള്ള വിഭാഗത്തിനനുകൂലമായി ആളെക്കൂട്ടാനും ഈ ഏജൻസികളെ ഉപയോഗിച്ചിരുന്നു.

ബിജെപി അധികാരത്തിലെത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുകയാണുണ്ടായത്. 2014ൽ മോദി വാഴ്ചയുടെ ആരംഭം മുതൽ എല്ലാ അന്വേഷണ ഏജൻസികളും ആദായനികുതി വകുപ്പും മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനും സിഎജിയും പോലെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുമടക്കം കേന്ദ്ര സർക്കാരിന്റെ കയ്യാളുകളായോ ദല്ലാളുകളായോ ആണ് പ്രവർത്തിക്കുന്നത്. പരമോന്നത നീതിപീഠത്തിനുപോലും പലപ്പോഴും അസംതൃപ്തി പ്രകടിപ്പിക്കേണ്ടതായി വരുന്നുവെന്നതുതന്നെ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നു.

അന്വേഷണ ഏജൻസികളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്ഥാപിത ലക്ഷ്യങ്ങളെപ്പോലും നിഷേധിക്കുകയാണ് ഇപ്പോൾ അവയെക്കൊണ്ട് മോദി സർക്കാർ ഏറ്റെടുപ്പിക്കുന്ന ദൗത്യങ്ങൾ. അഴിമതിയും കള്ളപ്പണവും തടയുന്നതിനുള്ള അനേ-്വഷണ ഏജൻസികളെക്കൊണ്ടുതന്നെ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യിക്കുകയാണ് മോദി സർക്കാർ. യഥാർഥത്തിൽ നിയമവാഴ്ചയെതന്നെ വെല്ലുവിളിക്കുകയാണ് ബിജെപിയും മോദി സർക്കാരും ചെയ്യുന്നത്. ചരിത്രത്തിൽ ഇദം പ്രഥമമായാണ് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളായ വ്യക്തികളെയല്ലാതെ, ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ,കേസിൽ പ്രതി ചേർക്കുന്നത്. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം നേതാക്കൾക്കുപുറമെ പാർട്ടി ജില്ലാ കമ്മിറ്റിയെ തന്നെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യമല്ലാതെ വസ്തുതയോ തെളിവോ അവർക്ക് ഹാജരാക്കാനായിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രതിപക്ഷത്തിന് പ്രചരണായുധം നൽകുകയാണ്- ഇ ഡിയുടെ ഇപ്പോഴത്തെ കുറ്റപത്രത്തിന്റെ ലക്ഷ്യം.

കരുവന്നൂരിൽ നടന്ന വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെയും കുറ്റവാളികളായി ചിത്രീകരിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. അങ്ങനെ കുറ്റാരോപണം നടത്തുമ്പോൾ ഇ ഡിയ്-യ്ക്കോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയോ അതേറ്റു പിടിക്കുന്ന മാധ്യമങ്ങളോ പ്രതിപക്ഷമോ തെളിവിന്റെ കണികപോലും മുന്നോട്ടുവയ്ക്കുന്നില്ല. അതിനവർക്ക് കഴിയുകയുമില്ല. കാരണം അതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലയെന്നതുതന്നെ. കേസിൽനിന്ന് രക്ഷപ്പെടാനായി യഥാർഥ പ്രതികൾ നൽകിയ കള്ളമൊഴികളെ ആധാരമാക്കിയാണ് ഇ ഡി കുറ്റപത്രം നൽകിയിരിക്കുന്നത് എന്നതിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്.

ഇ ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കേന്ദ്ര ഭരണാധികാരികൾക്കായി വിടുപണി ചെയ്യുന്ന അനുഭവത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ ലക്കത്തിലെ കവർസ്റ്റോറി. ഒപ്പം ഇഡി ഉദ്യോഗസ്ഥർ തന്നെ അഴിമതി നടത്തുകയും കെെക്കൂലി വാങ്ങുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ചും ചർച്ച ചെയ്യുന്നു. ഡോ. തോമസ് ഐസക്, കെ ജെ ജേക്കബ്, കെ എസ് അരുൺകുമാർ, കെ ജി ബിജു എന്നിവരാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 4 =

Most Popular