Monday, August 3, 2026

ad

Homeകവര്‍സ്റ്റോറിധനകാര്യ വെല്ലുവിളികളെ
 വിജയകരമായി നേരിട്ട് 
അഞ്ചാം വര്‍ഷത്തിലേക്ക്

ധനകാര്യ വെല്ലുവിളികളെ
 വിജയകരമായി നേരിട്ട് 
അഞ്ചാം വര്‍ഷത്തിലേക്ക്

ണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2016-ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ലോക സാമൂഹിക, സാമ്പത്തികരംഗമാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി, കേരളം ചരിത്രത്തില്‍ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള 2018-ലെ വെള്ളപ്പൊക്കം, നിപ്പ, ഓഖി ചുഴലിക്കാറ്റ് തുടങ്ങി അനേകം പ്രതിസന്ധികളെ നേരിട്ടാണ് വിഴിഞ്ഞം തുറമുഖം, ദേശീയപാതാ വികസനം തുടങ്ങി ഒട്ടനവധി വന്‍ പദ്ധതികള്‍ ഏറ്റെടുത്തത്. അതോടൊപ്പം തന്നെ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ നടപടികള്‍, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെല്ലാം കൃത്യമായി നടപ്പാക്കുകയും ചെയ്തു.

2021 മെയ് മാസത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് ഈ പ്രതിസന്ധികളുടെ ആഘാതം വിട്ടുമാറുന്നതിനുമുമ്പാണ്. 2019-ല്‍ തുടങ്ങിയ കോവിഡ് കെട്ടടങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ. വെള്ളപ്പൊക്കത്തിന്റെ ആഘാതവും സാമ്പത്തിക മേഖലയെ ഗ്രസിച്ചുനില്‍ക്കുകയായിരുന്നു. ഇതോടൊപ്പം കേന്ദ്രമുയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവന്നു. ഇതിനെയെല്ലാം വിജയകരമായി നേരിട്ടാണ് അഞ്ചാം വര്‍ഷത്തിലേക്ക് ഈ സര്‍ക്കാര്‍ കടക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങിവെച്ച പല വന്‍ പദ്ധതികളും പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയ പല പദ്ധതികളും തുടങ്ങിവെയ്ക്കുകയും ചെയ്തു. സൂക്ഷ്മമായ ധനകാര്യ മാനേജ്മെന്റിലൂടെയാണ് ഈ വെല്ലുവിളികളെയെല്ലാം നാം നേരിട്ട് മുന്നേറിയത്.

കുത്തനെ കുറയുന്ന കേന്ദ്രവിഹിതം
കേന്ദ്രസര്‍ക്കാര്‍ നാനാതരത്തിലാണ് കേരള സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് കടിഞ്ഞാണിട്ടത്. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം വർഷംതോറും ഗണ്യമായി കുറഞ്ഞുവരികയാണ്. 2020–-21 ല്‍ കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 44 ശതമാനമായിരുന്നു കേന്ദ്ര വിഹിതം. അത് 2021-–22 ല്‍ 41 ശതമാനമായും 2022-–23 ല്‍ 36 ശതമാനമായും 2023-–24-ല്‍ 27 ശതമാനമായും 2024-–25 ല്‍ 25 ശതമാനമായും ചുരുങ്ങി.

കേന്ദ്രത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി കോമ്പന്‍സേഷനും ഉള്‍പ്പടെ 2020-–21-ല്‍ കേരളത്തിന് ലഭിച്ചത് 31,068 കോടി രൂപയായിരുന്നു. എന്നാല്‍ 2024–-25 സാമ്പത്തികവര്‍ഷം ലഭിച്ചത് 6716 കോടി രൂപ മാത്രമാണ്. അതായത് 24,352 കോടി രൂപയുടെ കുറവാണ് ഈ വകയില്‍ ഉണ്ടായത്. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ എടുത്ത കടങ്ങൾ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ നാലുവർഷത്തിലുണ്ടായ വരുമാന നഷ്ടം 16,433 കോടി രൂപയാണ്‌. മാത്രമല്ല, ട്രഷറി അക്കൗണ്ടിൽ ജീവനക്കാരും പൊതുജനങ്ങളും സൂക്ഷിക്കുന്ന പണം (പബ്ലിക്‌ അക്കൗണ്ട്‌) സർക്കാരിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ സംസ്ഥാനത്തിന്റെ കടപരിധിയിൽ 39,720 കോടി രൂപയുടെ കുറവുണ്ടായി. ബ്രാൻഡിങ്ങിന്റെയും മറ്റും പേരു പറഞ്ഞ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ അർഹതപ്പെട്ട വിഹിതവും, കാപ്പെക്‌സ്‌ വായ്‌പപോലും കേരളത്തിന്‌ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലായതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. കേന്ദ്രത്തിനുമുന്നില്‍ അര്‍ഹമായ നികുതി വിഹിതത്തിനായി ഭിക്ഷാപാത്രവുമായി സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടുന്ന സ്ഥിതിയുണ്ടായി.

ജിഎസ്ടിയുടെ ആവിര്‍ഭാവത്തോടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനായി കേന്ദ്രം നല്‍കിവന്നിരുന്ന ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണില്‍ നിര്‍ത്തലാക്കുകയുണ്ടായി. ഇതുമൂലം പ്രതിവര്‍ഷം ഏകദേശം 12,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്‌.

2025–-26 ല്‍ കടമെടുക്കുന്നതിന് കേന്ദ്രം പുതിയ ഒരു നിബന്ധന കൂടി കൊണ്ടുവന്നിരിക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാറുണ്ട്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് ഗ്യാരന്റി. കേരളത്തിലെ മിക്ക സ്ഥാപനങ്ങളും അവരെടുക്കുന്ന കടം കൃത്യമായി തിരിച്ചടയ്ക്കാറുണ്ട്. സര്‍ക്കാരിന് ബാധ്യതയൊന്നും വരുത്താറില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നത് ഗ്യാരന്റി നില്‍ക്കുന്ന തുകയ്ക്കനുസൃതമായി ഒരു ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കണം എന്നാണ്. റിഡംപ്ഷന്‍ ഫണ്ടില്‍ ഈ വര്‍ഷം 600 കോടി രൂപയോളം കേരളം നിക്ഷേപിക്കേണ്ടിവരും. ഇല്ലെങ്കില്‍ കേരളത്തിന്റെ കടപരിധിയില്‍ ഏതാണ്ട്, 3,300 കോടി രൂപയുടെ വെട്ടിക്കുറവുണ്ടാകും.

ഈ വെല്ലുവിളികളെയെല്ലാം നേരിട്ട് കേരള സമ്പദ് ഘടനയ്ക്ക് പിടിച്ചുനില്‍ക്കാനായത് തന്റെ വരുമാനത്തിലുണ്ടാക്കാന്‍ കഴിഞ്ഞ വര്‍ദ്ധനവുമൂലമാണ്.

നികുതി വരുമാനത്തിലെ വളർച്ച
ഒന്നാം പിണറായി സർക്കാരിന്റെ അവസാനവർഷം 2020–21ൽ തനത് നികുതി വരുമാനം 47,661 കോടി രൂപയായിരുന്നു. 2024-–25ലെ പ്രാഥമിക കണക്കിൽ തന്നെ 76,656 കോടി രൂപയായി ഉയർന്നിട്ടുണ്ട്‌. അടുത്തവർഷം ലക്ഷ്യമിടുന്ന നികുതി വരുമാനം 91,515 കോടി രൂപയാണ്‌. നികുതി സമാഹരണ പ്രവർത്തനങ്ങൾ ശക്തമാക്കിയും, ജിഎസ്‌ടി വകുപ്പിന്റെ ശാസ്‌ത്രീയമായ പുനഃസംഘടന സാധ്യമാക്കിയുമാണ്‌ ഈ വരുമാന വളർച്ച ഉറപ്പാക്കിയത്‌.

നികുതിയേതര 
വരുമാനത്തിലെ വര്‍ദ്ധനവ്
നികുതിയേതര വരുമാനവും ഏതാണ്ട് ഇരട്ടിയോളം വർധിപ്പിക്കാനായി. ഒന്നാം പിണറായി സർക്കാരിന്റെ അവസാനവർഷം, 2020-–21ൽ നികുതിയേതര വരുമാനം 7,327 കോടി രൂപയായിരുന്നു. 2024-–25 ല്‍ അത് 15,568 കോടിരൂപയിലേക്ക് ഉയർത്താനായി. അടുത്ത സാമ്പത്തിക വർഷം 19,145 കോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌.

ഉയരുന്ന പൊതുചെലവ്‌
കേന്ദ്ര വിഹിതം കുറയുമ്പോഴും കേരളം കടക്കെണിയിലാണെന്ന് വലിയ പ്രചരണം നടക്കുന്ന കാലത്തും കേരളത്തിന്റെ പൊതു ചെലവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

2011–16ൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ശരാശരി വാർഷിക ചെലവ്‌ 68,169 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 2016 മുതൽ 2021 വരെ ശരാശരി പൊതുചെലവ്‌ 1,15,378 കോടി രൂപയായിരുന്നു. മഹാപ്രളയവും കോവിഡുമൊക്കെ നേരിട്ട കാലത്ത്‌ സർക്കാരിന്‌ കൂടുതൽ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും പൊതുചെലവ്‌ വലിയ തോതിൽ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തെ ശരാശരി പൊതുചെലവ്‌ 1,65,061 കോടി രൂപയാണ്‌. കഴിഞ്ഞ വർഷത്തെ ആകെ ചെലവ്‌ 1.75 ലക്ഷം കോടി രൂപ കവിയുമെന്നാണ്‌ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്‌. അടുത്ത സാമ്പത്തിക വർഷം 2,00,354 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ആകെ ചെലവ്‌.

മൂലധന ചെലവ്‌
സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2022-–23 സാമ്പത്തിക വര്‍ഷത്തില്‍ 16,787.49 കോടി രൂപയായിരുന്നു. 2023-–24 സാമ്പത്തിക വര്‍ഷത്തില്‍ 16,880.17 കോടി രൂപയായി അത് വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, അക്കൗണ്ടന്റ് ജനറലിന്റെ 2024–25ലെ അന്തിമ കണക്കുകളിലും സ്ഥിതി വ്യത്യസ്‌തമാകില്ല. മൂലധനച്ചെലവ്‌ ഉയർന്നുതന്നെ നിൽക്കും. ഈ സാമ്പത്തിക ഞെരുക്കത്തിനിടയിലും മൂലധന ചെലവില്‍ ചെറിയ തോതിലാണെങ്കിലും വര്‍ദ്ധനവല്ലാതെ വെട്ടിക്കുറവ് ഉണ്ടായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.

പൊതുകടം കൂടുകയല്ല, 
കുറയുകയാണ്
കേരള സംസ്ഥാനത്തിന്റെ കടം 2021-–22 മുതലുള്ള കാലമെടുത്താല്‍ കുറഞ്ഞുവരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളമെന്നല്ല ഏത് സംസ്ഥാനമായാലും കടമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്കു വിധേയമായിട്ടാണ്. എഫ്.ആര്‍.ബി.എം ആക്ട് അനുസരിച്ച് ഒരു സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുന്നത് ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനം മാത്രമാണ്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ക്ക് അധികമായി 0.5 ശതമാനം കടമെടുക്കലും അനുവദിക്കാറുണ്ട്. എന്നാല്‍ കേരളത്തിന് പലപ്പോഴും ഇതുപോലും ലഭിക്കാറില്ല. കിഫ്ബിയുടെയും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്റെയും ട്രഷറിയില്‍ ലഭ്യമായിട്ടുള്ള പണത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കടപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ 2022-–23 ല്‍ 2.5 ശതമാനവും 2023–-24 ല്‍ 2.99 ശതമാനവുമാണ് സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കഴിഞ്ഞത്. ഇതു മൂലം കേരളത്തിന്റെ മൊത്തം കടം ജിഎസ്ഡിപിയുടെ ശതമാനവുമായി തട്ടിച്ചാല്‍ 2020-–21 ന് ശേഷം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2020-–21-ല്‍ കടം -ജി.എസ്.ഡി.പി അനുപാതം 38.47 ശതമാനമായിരുന്നു. 2021-–22 ല്‍ 36.3 ശതമാനമായും 2022-–23 ല്‍ 35.38 ശതമാനമായും 2023–-24 ല്‍ 34.2 ശതമാനമായും 2024-–25 ല്‍ 33.9 ശതമാനമായും കുറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കെടുത്താല്‍ ഓരോ അഞ്ച് വര്‍ഷത്തിലും കേരളത്തിന്റെ കടം ഇരട്ടിയായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു എന്ന് കാണാന്‍ കഴിയും. എന്നാല്‍ 2021-–22 മുതല്‍ 2024-–25 വരെയുള്ള കണക്കും 2025–-26 ല്‍ എടുക്കാന്‍ സാധിക്കുന്ന കടത്തിന്റെ കണക്കും കൂടിയെടുത്താല്‍ കാണാന്‍ കഴിയുന്നത് ഇത്തരത്തിലുള്ള ഒരു വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ്. 2020-–21 ല്‍ സംസ്ഥാനത്തിന്റെ ആകെ കടം 2.96 ലക്ഷം കോടി രൂപയായിരുന്നു. 2023-–24 ല്‍ അത് 3.91 ലക്ഷം കോടിരൂപയായി. 2024-–25 ല്‍ 4.31 ലക്ഷം കോടി രൂപയായി. 2025–-26 ല്‍ അത് എത്ര ഉയര്‍ന്നാലും 4.75 ലക്ഷത്തിന് മുകളില്‍ പോകില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. 2020–-21ലെ കടമായിരുന്ന 2.96 ലക്ഷം ഇരട്ടിയായാല്‍ 5.92 ലക്ഷം കോടിരൂപയായി ഉയരേണ്ടതാണ്. എന്നാല്‍ അത് അഞ്ചു വര്‍ഷം കൊണ്ട് 4.75 ലക്ഷം കോടിരൂപയായി മാത്രമേ ഉയരാന്‍ സാധ്യതയുള്ളൂ. അതായത് ഏകദേശം കടത്തിന്റെ വര്‍ദ്ധനവില്‍ ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ കുറവാണ് കഴിഞ്ഞ 30 വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. ഇവിടെ രണ്ട് വിഷയങ്ങളാണുള്ളത്. ഒന്ന്, നമുക്ക് എടുക്കാന്‍ കഴിയുമായിരുന്ന കടം കേന്ദ്രം തടഞ്ഞതുമൂലം കേരളവികസനത്തിലുണ്ടായ തിരിച്ചടി. രണ്ട്, കേരളം കടക്കെണിയിലാണെന്നും ശ്രീലങ്കയാകും എന്നും പറയുന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ് എന്നു കാണാം.

രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ
രാജ്യത്ത് നിലവിലെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക ബന്ധവും വിതരണത്തിലുള്ള അസമത്വവുംമൂലം ചെലവിന്റെ ബാധ്യത മുഴുവനും സംസ്ഥാന സർക്കാരുകൾക്കും വരുമാനത്തിന്റെ സിംഹഭാഗവും കേന്ദ്രത്തിനുമാണ്‌. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ റവന്യൂ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുകയാണ്‌. സംസ്ഥാനങ്ങൾക്ക്‌ നൽകുന്നതാകട്ടെ 37.7 ശതമാനവും. എന്നാൽ, ചെലവിന്റെ 62.5 ശതമാനവും നിർവഹിക്കേണ്ടിവരുന്നത്‌ സംസ്ഥാനങ്ങളാണുതാനും.

രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിരന്തരമായി അട്ടിമറിക്കപ്പെടുകയാണ്. സാമ്പത്തിക ഫെഡറലിസം എന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്നത് ഉള്‍പ്പെടെയുള്ള നികുതി വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കുന്നുണ്ട്. ഡിവിസിബിള്‍ പൂള്‍ എന്ന ഈ ഭാഗത്തില്‍ നിന്ന് കേരളത്തിനുള്ള ഓഹരി 1.92 ശതമാനമാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.87 ശതമാനവും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5 ശതമാനവുമായിരുന്ന കേരളത്തിന്റെ ഡിവിസിബിള്‍ പൂള്‍ വിഹിതം വെട്ടിക്കുറച്ചതിലൂടെ പ്രതിവര്‍ഷം ഇരുപതിനായിരത്തോളം കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകുന്നുണ്ട്. ഇതിനുപുറമേ സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കേണ്ടതില്ലാത്ത സെസ്സ്, സര്‍ചാര്‍ജ്ജ് എന്നിവ കേന്ദ്രം കൂടുതല്‍ ചുമത്തുകയാണ്. ഇപ്രകാരം മാത്രം കേന്ദ്രം സ്വരുക്കൂട്ടിയ തുക കഴിഞ്ഞ വർഷം 1.52 ലക്ഷം കോടി രൂപയാണ്‌. ഈ നടപടികള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ധനപരമായി ഞെരുക്കുകയാണ്.

62 ലക്ഷം പേർക്ക്‌ ക്ഷേമ പെൻഷൻ
കേരളത്തിന്റെ മുന്നേറ്റം ഇതിൽമാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ സമ്പൂർണമായും ഒരു ക്ഷേമ സംസ്ഥാനമാക്കി മാറ്റുക എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. ക്ഷേമത്തിൽ ഊന്നിയ വികസനവും വളർച്ചയുമാണ്‌ സംസ്ഥാന സർക്കാരിന്റെ കാഴ്‌ചപ്പാട്‌. എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഒരുക്കൽ, എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതികൾ, ലൈഫ്‌ മിഷനുകീഴിൽ സമ്പൂർണ പാർപ്പിട പദ്ധതി, സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജനം, സാർവ്വത്രിക ആരോഗ്യ ഇൻഷുറൻസ്‌ തുടങ്ങിയ കേരളത്തിന്റെ ക്ഷേമ പദ്ധതികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്‌.

ക്ഷേമ സംസ്ഥാന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രധാന ഭാഗമാണ്‌ അവശരും അശരണരും വാർദ്ധക്യത്തിന്റെ പ്രയാസങ്ങൾ നേരിടുന്നവരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കൽ. ഇതിനാലാണ്‌ സാമൂഹിക ക്ഷേമ പെൻഷൻ വിപുലീകരിക്കുന്നതിലും വർധിപ്പിക്കുന്നതിലും ഈ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നതും പ്രതിജ്ഞാബദ്ധമായ നടപടികൾ സ്വീകരിക്കുന്നതും. കേരളത്തിൽ അഞ്ചു വിഭാഗങ്ങളിലായി 62 ലക്ഷത്തിലേറെ പേർക്കാണ്‌ പ്രതിമാസം 1600 രൂപവീതം പ്രതിമാസ പെൻഷൻ ഉറപ്പാക്കിയിട്ടുള്ളത്‌. കർഷകത്തൊഴിലാളികൾ, അമ്പത്‌ വയസ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകൾ, മുതിർന്ന പൗരർ, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർ, വിധവകൾ എന്നീ വിഭാഗത്തിൽപ്പെട്ട സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമാണ്‌. ഇതിൽ ആദ്യത്തെ രണ്ട്‌ വിഭാഗവും കേരളം സ്വന്തം നിലയിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയിട്ടുള്ള പെൻഷനാണ്‌. ഇതിനുപുറമെയാണ്‌ 16 തൊഴിൽ വിഭാഗങ്ങളിലെ വിരമിച്ച തൊഴിലാളികൾക്ക്‌ ക്ഷേമ പെൻഷൻ നൽകുന്നത്‌. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനുമാത്രം മാസം ഏതാണ്ട്‌ 900 കോടി രൂപയാണ് സർക്കാർ നീക്കിവയ്‌ക്കുന്നത്‌. മൂന്നേമുക്കാൽ വർഷത്തിനുള്ളിൽ രണ്ടാം പിണറായി സർക്കാർ 36,212 കോടി രൂപയാണ്‌ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ നൽകിയത്‌.

എന്നാൽ, സംസ്ഥാനത്തിന്റെ ആകെ ചെലവിന്റെ രണ്ടു ശതമാനത്തിൽതാഴെ മാത്രമാണ്‌ ക്ഷേമ പെൻഷനിൽ കേന്ദ്ര സർക്കാർ വിഹിതമുള്ളത്‌. ഇതും എല്ലാക്കാലത്തും കുടിശ്ശികയാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.

സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുപുറമെ അസംഘടിത തൊഴിലാളികൾക്കടക്കമുള്ള 70 ലക്ഷത്തിലധികം തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലൂടെയും 9,080 കോടിയിലധികം രൂപ വിതരണം ചെയ്തു. അതത്‌ മേഖലയിലെ ക്ഷേമനിധി ബോർഡുകളിലൂടെയാണ്‌ ഈ തുക നൽകിയത്‌.

ധനകാര്യവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കെ.എഫ്.സി, കെ.എസ്.എഫ്.ഇ, സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ്, ദേശീയ സമ്പാദ്യ പദ്ധതി എന്നിവ. ഈ സ്ഥാപനങ്ങളെല്ലാം വളര്‍ച്ചയുടെ പാതയിലാണ്.

കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇയുടെ ഓഹരി നിക്ഷേപം സര്‍ക്കാര്‍ ഇരട്ടിയാക്കുകയും തന്മൂലം അടച്ചുതീര്‍ത്ത മൂലധനം 200 കോടി രൂപയായി ഉയരുകയും ചെയ്തു. അതുപോലെ മൊത്ത മൂല്യം 1,547 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 3,300 പേര്‍ക്ക് പി.എസ്.സി മുഖാന്തിരം കെ.എസ്.എഫ്.ഇയില്‍ നിയമന ഉത്തരവ് നല്‍കുകയും 2606 പേര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 2023-–24 സാമ്പത്തികവര്‍ഷം 489 കോടി രൂപയുടെ ലാഭം കെ.എസ്.എഫ്.ഇ നേടുകയുണ്ടായി. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി കെ.എസ്.എഫ്.ഇ തുടരുകയാണ്. 2021-ല്‍ 2,410 കോടി രൂപയായിരുന്ന ചിട്ടി മാസ സല 61% വളര്‍ച്ച നേടിക്കൊണ്ട് 3890 കോടി രൂപയില്‍ എത്തിച്ചേര്‍ന്നു. 26,469 കോടി രൂപയുണ്ടായിരുന്ന ചിട്ടിയുടെ വാര്‍ഷിക വിറ്റുവരവ് 74% വളര്‍ച്ച നേടി 46,082 കോടി രൂപയില്‍ എത്തിച്ചേര്‍ന്നു.

കെ.എഫ്.സി
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ 2021-–22 ന് ശേഷം 500 കോടി രൂപയുടെ ഷെയര്‍ ക്യാപിറ്റല്‍ കോണ്‍ട്രിബ്യൂഷന്‍ സര്‍ക്കാര്‍ നടത്തുകയുണ്ടായി. അത് കോര്‍പ്പറേഷന്റെ മൂലധന അടിത്തറയും മൊത്ത മൂല്യവും ശക്തമാക്കി. ഇതുവഴി കോര്‍പ്പറേഷന്റെ ക്യാപ്പിറ്റല്‍ ആഡിക്വസി റേഷ്യോ 25.58 ശതമാനമായി ഉയര്‍ന്നു. കെ.എഫ്.സി നല്‍കിയ വിവിധ വായ്പകള്‍ ഇരട്ടിയായി. 2023–-24 ല്‍ കോര്‍പ്പറേഷന്റെ ലാഭം മുന്‍കാലങ്ങളേക്കാള്‍ 11 ഇരട്ടി വര്‍ദ്ധിക്കുകയുണ്ടായി. കോര്‍പ്പറേഷന്റെ കിട്ടാക്കടം വളരെയധികം കുറയുകയും ചെയ്തു.

കാരുണ്യ ആരോഗ്യ 
സുരക്ഷാ പദ്ധതി
സാർവ്വത്രിക സൗജന്യ ചികിത്സാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ്‌ കാരുണ്യ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി(KASP). കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ്‌ പദ്ധതി. ദരിദ്രരും ദുർബലരുമായ 42 ലക്ഷം കുടുംബങ്ങളാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കൾ. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപയാണ് കാസ്‌പിനായി ലഭ്യമാക്കിയത്‌. ഈ സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌. 197 സർക്കാർ ആശുപത്രികളിലും, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി നിലവിൽ കേരളത്തിലുടനീളം പദ്ധതിയുടെ സേവനം ലഭ്യമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമും നിലവിലുണ്ട്‌. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭിക്കും.

മെഡിസെപ്പ്‌
ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പുതിയ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി സൗജന്യ കിടത്തി ചികിത്സയടക്കം ഉറപ്പാക്കുന്ന ബൃഹത്‌പദ്ധതിയാണിത്‌. 5.53 ലക്ഷം സർക്കാർ ജീവനക്കാരും, 5.9 ലക്ഷം സർവീസ്‌ പെൻഷൻകാരും ഇവരുടെ ആശ്രിതരുമടക്കം 30.81 ലക്ഷം പേരാണ്‌ പദ്ധതി ഗുണഭോക്താക്കൾ. 9.83 ലക്ഷം പേരുടെ 1,814 കോടി രൂപയുടെ ചികിത്സാ ചെലവ്‌ രണ്ടര വർഷത്തിനുള്ളിൽ പദ്ധതിയിൽ ഏറ്റെടുത്തു. ക്യാഷ്‌ ലെസ്‌ സൗകര്യമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. അവശ്യ സന്ദർഭങ്ങളിൽ റീഇംമ്പേഴ്സ്‌മെന്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 1920 മെഡിക്കൽ, സർജിക്കൽ ചികിത്സാ രീതികൾ പദ്ധതിയിൽ സൗജന്യമായി നൽകുന്നു. 12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്‌. അതിനായി 553 ആശുപത്രികളെയാണ്‌ എംപാനൽ ചെയ്‌തിട്ടുള്ളത്‌. എല്ലാ പ്രായക്കാര്‍ക്കും ഒരേ പ്രീമിയം തന്നെയാണ്‌ ഈടാക്കുന്നത്‌. കുറഞ്ഞ വാർഷിക പ്രീമിയം തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നുവെന്നതും മെഡിസെപ്പിനു മാത്രമുള്ള പ്രത്യേകതയാണ്‌. തിമിരം, പ്രസവം, ഡയാലിസിസ്,കീമോതെറാപ്പി തുടങ്ങി, അവയവമാറ്റ ചികിത്സകള്‍ക്കുവരെ പരിരക്ഷയുണ്ട്‌. മറ്റ്‌ ഏതൊരു ഇൻഷുറൻസ്‌ പദ്ധതിയേക്കാളും കുറഞ്ഞ വാർഷിക പ്രീമിയം നിരക്കിലാണ്‌ പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്‌. പദ്ധതിയിലെ അംഗത്വത്തിനായി ഒരു വൈദ്യപരിശോധനയും ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല.

കിഫ്‌ബി വികസന മാതൃക
പരമ്പരാഗതമായ കാരണങ്ങളാലും കേന്ദ്ര സർക്കാരിന്റെ നിലവിലെ നയങ്ങളുംമൂലം ധനവിഭവ പരിമിതികൾ നേരിടുന്ന കേരളം അടിസ്ഥാന സൗകര്യ വികസന രംഗത്ത്‌ ഉണർവ്‌ നൽകാൻ ആരംഭിച്ച കിഫ്‌ബി (കേരള ഇൻഫ്രാസ്‌ട്രക്‌ച്ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌) മാതൃക നാളെയുടെ കേരളം സൃഷ്ടിക്കുകയാണ്‌. അടിസ്ഥാന സൗകര്യ വികസനത്തിനായി ആന്വറ്റി മാതൃകയാണ്‌ ബോർഡ്‌ ഏറ്റെടുത്തിട്ടുള്ളത്‌. 88,070 കോടി രൂപയുടെ 1,156 പദ്ധതികളാണ്‌ നിലവിൽ കിഫ്‌ബിവഴി നടപ്പാക്കുന്നത്‌.

1,167 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ, 600 കിലോമീറ്ററിൽ തീരദേശ ഹൈവേ, റോഡുകൾ, പാലങ്ങൾ, റെയിൽവേ മേൽപ്പാലങ്ങൾ, തുരങ്കപാത, ഫ്ലൈ ഓവറുകൾ, ജംഗ്ഷൻ വികസനം തുടങ്ങി മരാമത്ത്‌ മേഖലയിൽമാത്രം 33,410 കോടി രൂപയുടെ കിഫ്‌ബി പദ്ധതികളുണ്ട്‌.

ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളേജുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയുടെ സമഗ്രമായ വികസനത്തിന് 6,334 കോടി രൂപ ചെലവിടുന്നു. പൊതുവിദ്യാഭ്യാസം, ഐടി, ഊർജ പ്രസരണവും വിതരണവും തുടങ്ങിയ മേഖലകളിലെല്ലാം വലിയ പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്.

ദേശീയപാതാ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം നൽകിയ ഏക സംസ്ഥാനം കേരളമാണ്‌. സംസ്ഥാനത്തിന്റെ തെക്കുവടക്കായി നീണ്ടുകിടക്കുന്ന എൻഎച്ച്‌ 66ന്റെ വികസനത്തിന്‌ 6,000 കോടി രൂപയാണ്‌ സംസ്ഥാനം കേന്ദ്രത്തിന്‌ നൽകിയത്‌.

ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട പല വന്‍പദ്ധതികളും പൂർത്തീകരിക്കാനും, നാളെയുടെ കേരളത്തെ സൃഷ്ടിക്കാനും ഉതകുന്ന പല പദ്ധതികൾക്കും രൂപം നൽകി നിർവഹണത്തിലേക്ക്‌ കടക്കാനും, പൂർത്തീകരിക്കാനും രണ്ടാം പിണറായി സർക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം അഭംഗുരം മുന്നോട്ടുപോകേണ്ടതുണ്ട്‌. വരുംതലമുറ ജീവിക്കാനും പണിയെടുക്കാനും ഇഷ്ടപ്പെടുന്ന ഒരു കേരളത്തെ മാറ്റേണ്ടതുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 5 =

Most Popular