ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന ജനകീയ സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കുമൊപ്പം ജനങ്ങളാകെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്ന സർക്കാരിന്റെ മുന്നേറ്റം ചരിത്രം കുറിക്കുന്നതാണ്.
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിത നയങ്ങളും നടപ്പാക്കിലാക്കുന്നതിലും, വികസനത്തിന്റെയും നേട്ടങ്ങളുടെയും കാര്യത്തിലും മുന്നേറുകയാണ് റവന്യൂ വകുപ്പ്. ‘എല്ലാവർക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ, – എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന റവന്യൂ വകുപ്പിന്റെ ആപ്തവാക്യം ജനങ്ങൾ ഹൃദയത്തിലേറ്റി കഴിഞ്ഞു. വില്ലേജ് മുതൽ മുഴുവൻ റവന്യൂ ഓഫീസുകൾവരെയും സേവനങ്ങൾക്കായി അല്ലലും അലച്ചിലുമില്ലാത്ത നാളുകളാണ് മലയാളികൾക്ക് റവന്യൂ വകുപ്പ് സമ്മാനിച്ചത്.
‘എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കാരത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് മുഖേന നല്കിവരുന്ന സാക്ഷ്യപത്രങ്ങൾക്കുപുറമേ റവന്യൂ വകുപ്പിലേക്ക് സ്വീകരിക്കപ്പെടുന്ന എല്ലാ പേമെന്റുകളും ഡിജിറ്റലാക്കാനും കഴിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പ് മുഖേന ഓണ്‍ലൈനായി വിതരണം ചെയ്ത സാക്ഷ്യപത്രങ്ങളുടെ എണ്ണം 10 കോടി കടക്കുകയാണ്.
അതിദരിദ്രരില്ലാത്ത കേരളത്തിനായി
അതിദാരിദ്ര്യം നിര്‍മാര്‍ജ്ജനം, ഭൂരഹിതരില്ലാത്ത സംസ്ഥാനം, ഭവനരഹിതര്‍ക്ക് സുരക്ഷിതമായ ഭവനം എന്നീ വാഗ്ദാനങ്ങളുടെ ലക്ഷ്യങ്ങള്‍ക്കരികെയാണ് സര്‍ക്കാര്‍. അതിദരിദ്രരായ മുഴുവന്‍ പേരെയും ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2025 നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഈ സാഹചര്യത്തില്‍ അതി ദരിദ്രരില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി കണ്ടെത്തുക എന്ന പ്രവര്‍ത്തനം മുന്‍ഗണനാടിസ്ഥാനത്തിലാക്കി വേഗത്തിൽ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പിന്റെ ഊര്‍ജ്ജിത ശ്രമം.
അഞ്ച് വർഷം; മൂന്ന് ലക്ഷം പട്ടയം
ഈ സർക്കാർ അധികാരമേറ്റ ശേഷം 2,23, 945 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. ഇത് ഒരു ചരിത്ര നേട്ടമാണ്. സർക്കാരിന്റെ കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്ന് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പട്ടയ മിഷന്‍, പട്ടയ അസംബ്ലി, പട്ടയ ഡാഷ് ബോര്‍ഡ്, അദാലത്തുകള്‍ എന്നിവയിലൂടെ ജനകീയമായ മുന്നേറ്റമാണ് നടക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും ഉപയോഗപ്പെടുത്തി അര്‍ഹരായവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ പട്ടയം നല്‍കും.
മഞ്ചേരിയിലെ സത്രം ഭൂമി, കണ്ണൂര്‍ ജില്ലയിലെ മൊറാഴ, മലപ്പുറം ജില്ലയിലെ കൊടയ്ക്കല്‍ ടൈല്‍സ് ഫാക്ടറി, തൃശൂര്‍ ജില്ലയിലെ തെലുങ്കര്‍ നഗര്‍, തൃശൂരിലെ തന്നെ ഒളകര ആദിവാസി ഉന്നതി എന്നിങ്ങനെ വിവിധ ഇടങ്ങളിലെ അനേകര്‍ പതിറ്റാണ്ടുകളായി കണ്ട, പട്ടയം എന്ന സ്വപ്നം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സാക്ഷാത്കരിക്കാനായത് റവന്യൂ വകുപ്പ് ഇത്തരത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ്.
2016 മുതൽ വിതരണം ചെയ്ത 1,77,011 പട്ടയങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് 4,00,956 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 43,058 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. രണ്ട് ഇടതുപക്ഷ സര്‍ക്കാരുകളും ചേര്‍ന്ന് 10 വർഷക്കാലയളവിൽ അഞ്ച് ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
മലയോര പട്ടയം
നിലവില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ദൗത്യമാണ് മലയോര പട്ടയ വിതരണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമാണ് പുതിയ സംയുക്ത പരിശോധന, പുതിയ അപേക്ഷ എന്നത്. ഉന്നതതലയോഗം ഇക്കാര്യത്തിൽ തീരുമാനത്തിലെത്തി.
വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയില്‍ സ്ഥിരതാമസം നടത്തുന്ന അര്‍ഹരായവര്‍ക്ക് പട്ടയം അനുവദിക്കാനുള്ള നടപടികള്‍ അതത് വകുപ്പുകളുടെ അനുമതിയോടെ നടക്കുന്നുണ്ട്.
പട്ടയ മിഷൻ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സംസ്ഥാനത്ത് ഒരു പട്ടയ മിഷന്‍ രൂപീകരിച്ചു. വില്ലേജ് തലം മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം മുതല്‍ നിയമസഭാ സാമാജികര്‍ വരെയുള്ള ജനപ്രതിനിധികളും ഉള്‍പ്പെട്ടുവരുന്ന പട്ടയ മിഷന്‍ കേരളത്തിലെ പട്ടയ വിതരണത്തിന് ഒരു പുതിയ ദിശാസൂചികയാണ്.
സ്മാർട്ട് വില്ലേജ്
സംസ്ഥാനത്ത് ഇതിനകം 600 വില്ലേജുകള്‍ സ്മാര്‍ട്ട് ആയി. 830 വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിന് ഭരണാനുമതിയായി. 91 വില്ലേജുകളിൽ നിർമ്മാണവും 199 ഇടങ്ങളില്‍ നടപടികളും പുരോഗമിക്കുന്നു.
23 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇന്ന് റവന്യൂ വകുപ്പ് ഓണ്‍ലൈനായി നല്‍കിവരുന്നത്. 10 കോടിയിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ നല്‍കിക്കഴിഞ്ഞു എന്നത് ഈ നീക്കത്തിന്റെ ജനകീയത വിളിച്ചോതുന്നു.
ഡിജിറ്റല്‍ റീസര്‍വ്വെ
അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീസർവ്വേയിലൂടെ നടപ്പിലാവുന്നത്. ഐക്യകേരളത്തില്‍ 1966-ല്‍ റീസര്‍വ്വെ നടപടികള്‍ ആരംഭിച്ചെങ്കിലും 57 വര്‍ഷം പിന്നിട്ടിട്ടും 911 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വ്വെ പൂര്‍ത്തീകരിക്കാനായത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ റീസര്‍വ്വെ ചെയ്യുന്നതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 858.42 കോടി രൂപയുടെ ഒരു ബൃഹത് പദ്ധതി തയ്യാറാക്കി. സിഒആര്‍എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്‍ടികെ, റോവര്‍, ഇടിഎസ് ഡ്രോണ്‍, ലിഡാര്‍ എന്നിവ ഉപയോഗിച്ച് 2026-നുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വ്വെ വകുപ്പിന്റെ ഇ-–മാപ്, റവന്യൂ വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍ എന്നീ സോഫ്റ്റ്-വെയറുകള്‍ സംയോജിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ (ഐഎല്‍ഐഎംഎസ്) നിലവില്‍ വന്നു. ആദ്യഘട്ടത്തിലെ 200 വില്ലേജുകളുടെയും, രണ്ടാംഘട്ടത്തിലെ 91 വില്ലേജുകളുടെയും മൂന്നാം ഘട്ടത്തിലെ ആറ് വില്ലേജുകളുടെയും (ആകെ 297) ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കി 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലെയും കൂട്ടി ഇതുവരെ 51.43 പാഴ്സലുകളിലായി 6.9 ലക്ഷം ഹെക്ടർ ഭൂമിയിലാണ് റീസർവ്വെ നടന്നത്. 176 വില്ലേജുകളിൽ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.
പ്രോപ്പർട്ടി കാർഡ്
എല്ലാ ഭൂവുടമകള്‍ക്കും മുഴുവന്‍ രേഖകളും ഉള്‍ക്കൊള്ളുന്ന ഭൂ-കാര്‍ഡ് (പ്രോപ്പര്‍ട്ടി കാര്‍ഡ്) വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ 2025 നവംബർ മുതൽ കാർഡ് വിതരണം ആരംഭിക്കുവാനാണ് പദ്ധതിയിടുന്നത്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്.
‘നക്ഷ’ പദ്ധതി
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാമിനു കീഴില്‍ സാങ്കേതിക പങ്കാളിയായ സര്‍വെ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് റവന്യൂ വകുപ്പ് ‘നക്ഷ’ (നാഷണല്‍ ജില്ലാ സ്‌പെഷ്യല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വെ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍) എന്ന പദ്ധതി ആരംഭിച്ചു. രാജ്യത്തെ 100 നഗരങ്ങളിലാണ് സര്‍വെ ഓഫ് ഇന്ത്യ ‘നക്ഷ’ പദ്ധതി നടപ്പാക്കുന്നത്.
യുണീക് തണ്ടപ്പേര്‍
സംസ്ഥാനത്തെ ഒരു പൗരന് ഒരു തണ്ടപ്പേര്‍ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യുണീക് തണ്ടപ്പേര്‍ സംവിധാനം 2022 മേയ് 16ന് നിലവില്‍ വന്നു. ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ കേരള ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന മഹത്തായ പദ്ധതിയാണ് യുണീക് തണ്ടപ്പേര്‍ സംവിധാനം.
ഡിജിറ്റൽ സർവെ കോൺക്ലേവ്
ഭൂരേഖകളുടെ കൃത്യത, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുകയും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ. ഇന്ത്യയും ലോകവുമെല്ലാം കേരളത്തെ നോക്കി പഠിക്കുകയാണ്.
രാജ്യത്തുതന്നെ ലാന്‍ഡ് സര്‍വെ സൊലൂഷന്‍ പൂര്‍ണമായും ഐടി അധിഷ്ഠിതമായി തയ്യാറാക്കുവാന്‍ കേരളത്തിന് കഴിഞ്ഞു എന്നത് നേട്ടമാണ്.
സീറോ കറപ്ഷൻ ക്യാമ്പയിൻ
അഴിമതി പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, ‘സീറോ കറപ്ഷന്‍ ക്യാമ്പയിന്‍’ എന്ന പ്രത്യേക പ്രവര്‍ത്തനം റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ മേധാവികളായും മറ്റ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമുള്ള സംഘം എല്ലാ ജില്ലകളിലും പരിശോധനകള്‍ നടത്തിവരുന്നു. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി 1800-425-5255 എന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുമുണ്ട്.
വകുപ്പുതല പരിശോധനയില്‍ അഴിമതി കണ്ടെത്തിയാല്‍ ആ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വകുപ്പില്‍ 71 ജീവനക്കാര്‍ക്കെതിരെ കഠിന ശിക്ഷയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മൂന്നു പേരുടെ പെന്‍ഷന്‍ പൂര്‍ണമായും പിന്‍വലിച്ചു. ഒരാളുടെ പെന്‍ഷന്‍ 50 ശതമാനം കുറച്ചു. ഒരാളെ ഇതിനകം തരംതാഴ്ത്തി. അന്വേഷണവും അച്ചടക്ക നടപടികളും വൈകാതിരിക്കാന്‍ ഇടപെടലുണ്ട്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
നിയമഭേദഗതികള്‍
രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നിരവധി നിയമങ്ങളും നിയമ ഭേദഗതികളും ചട്ടങ്ങളും കൊണ്ടുവരാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഭവന നിർമ്മാണ വകുപ്പിന്റെ മുന്നേറ്റം
ഭവന നിർമ്മാണ വകുപ്പിന്റെ പ്രവർത്തനവും കാര്യക്ഷമമായാണ് തുടരുന്നത്. ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയില്‍ ഇതുവരെ 3942 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 742 വീടുകളുടെ പണി പുരോഗമിക്കുന്നു. 2024-–25 വർഷത്തിൽ 13.50 കോടി രൂപയാണ് വകയിരുത്തിയത്. 2024-–25 വർഷത്തിൽ 418 ഗുണഭോക്താക്കളെ അംഗീകരിച്ചു. 2025–-26 വർഷത്തിൽ 10.50 കോടി രൂപ കൂടി വർദ്ധിപ്പിച്ച് ആകെ 24 കോടി രൂപയാക്കി വകയിരുത്തിയിട്ടുണ്ട്. 800 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
തന്റെയിടം
സർക്കാർ /സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിൽ കഴിഞ്ഞുവരുന്ന ഭവനരഹിതരോ പോക്സോ അതിജീവിതരോ ആയ കുട്ടികൾക്ക് 18 വയസ്സ് തികയുമ്പോൾ പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നും പുറത്തു വന്ന് സമൂഹ മധ്യത്തിൽ സുരക്ഷിതരായി ജീവിക്കാനുതകുന്ന തരത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ പുനരധിവാസം ഒരുക്കുന്ന ഭവന പദ്ധതിയാണിത്. 2024–-25 വർഷത്തിൽ 2 കോടി രൂപയ്-ക്കാണ് ഭരണാനുമതി നൽകിയത്. 2025–-26 വർഷത്തിൽ 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വാർദ്ധക്യ സൗഹൃദ ഭവനം
മുതിർന്ന പൗരർക്ക് സുരക്ഷിതമായും, വിനോദവും പരിചരണവും ലഭിക്കുന്ന രീതിയിലും താമസിക്കാൻ ആവശ്യമായ സൗകര്യങ്ങളോടെ കോട്ടേജുകൾ പണിതു നൽകുന്നതിനാണ് ഈ പദ്ധതി. തൃശൂര്‍ മുളങ്കുന്നത്തുകാവിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്.
എം എൻ ലക്ഷം വീട് പുനർനിർമാണം
ജീര്‍ണ്ണാവസ്ഥയിലായ ലക്ഷം വീട് ഒറ്റവീട് പുനര്‍നിര്‍മ്മിക്കുന്നതിനും, ഇരട്ട വീട് ഒറ്റവീടുകളാക്കുന്നതിനും ലക്ഷം വീട് ബംബര്‍ ലോട്ടറി അറ്റാദായം വിനിയോഗിക്കുന്ന പദ്ധതിപ്രകാരം ഒരു വീടിന് നാല് ലക്ഷം രൂപ എന്ന ക്രമത്തില്‍ 152 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. 109 വീടുകള്‍ പൂര്‍ണ്ണമായും പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ എം എന്‍ ലക്ഷം വീടുകളുടെ നവീകരണത്തിനായി എം എന്‍ സുവര്‍ണ്ണ ഭവനം, എം എന്‍ നവയുഗ പദ്ധതി എന്നിങ്ങനെ രണ്ട് പദ്ധതികളാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കി വരുന്നത്.
എം എന്‍ സുവര്‍ണ്ണ ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ സബ്സിഡിയായി രണ്ട് ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി ഒരു ലക്ഷം രൂപയും സ്പോണ്‍സര്‍മാരുടെ രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തുന്നത്.
എം എന്‍ നവയുഗ പദ്ധതിയില്‍ സര്‍ക്കാര്‍ സബ്സിഡിയായി രണ്ട് ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി ഒരു ലക്ഷം രൂപയും സ്പോണ്‍സര്‍മാരുടെ രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തുന്നത്.
എം എന്‍ നവയുഗ പദ്ധതിയില്‍ വീട് ഒന്നിന് 75,000/- രൂപ മാത്രമാണ് സര്‍ക്കാര്‍ ധനസഹായം. ബാക്കി തുക ഏതാണ്ട് പൂര്‍ണ്ണമായും സിഎസ്ആര്‍ ഫണ്ട് മുഖേനയാണ് സമാഹരിക്കുന്നത്. പദ്ധതിയ്ക്കായി മൂന്ന് കോടി രൂപ 2024 – 25 വര്‍ഷത്തില്‍ വകയിരുത്തിയിരുന്നുവെങ്കിലും തുക ലഭ്യമായില്ല. 2025 – 26 വര്‍ഷത്തില്‍ 3 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.
മറൈൻ എക്കോ സിറ്റി
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻബിസിസിയുമായി കൈകോർത്തുകൊണ്ട് കൊച്ചി മറൈൻ ഡ്രൈവിൽ ‘മറൈൻ എക്കോ സിറ്റി’ എന്ന പദ്ധതി നടപ്പിലാക്കുകയാണ്. റസിഡൻഷ്യലും കൊമേർഷ്യലും ആയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുള്ള പദ്ധതിയുടെ ചെലവു തുക പൂർണ്ണമായും കണ്ടെത്തുന്നത് റസിഡൻഷ്യൽ ഭാഗങ്ങളുടെ വിൽപ്പനയിൽ നിന്നും/സ്ഥലം ഈടുവച്ച് ലോൺ എടുത്തും/ഇതര മാർഗ്ഗങ്ങൾ മുഖേനയുമാണ്. ഇതിൽ മൊത്തം ഭൂമി വിസ്തീർണം 17.84 ഏക്കർ ആണ്. ആദ്യത്തെ ലാന്റ് പാർസൽ 3.16 ഏക്കറും രണ്ടാമത്തേത് 2.6 ഏക്കർ ഭൂമിയും മൂന്നാമത്തേത് 12.14 ഏക്കർ ഭൂമിയുമായി വിഭജിച്ചാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
മികവോടെയാണീ മുന്നേറ്റം
കരുത്തും കരുതലുമായി സംസ്ഥാന സർക്കാർ ജനങ്ങളെ അണിനിരത്തി തുടരുന്ന നവകേരള സൃഷ്ടി ലോകം ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. സർവ്വത്ര രംഗത്തും ലോകത്തിന് മാതൃകയായിട്ടാണ് ഈ സർക്കാരിന്റെ മുന്നേറ്റം.
ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, വ്യവസായം എന്നിവയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തോടെയാണ് കേരളം കുതിക്കുന്നത്.
രണ്ട് സർക്കാരുകളുടെയും പ്രവർത്തന കാലയളവിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ ജീവനുകളടക്കം വലിയ നഷ്ടങ്ങളാണ് നമുക്കുണ്ടാക്കിയത്. നിപയും ഓഖിയും പ്രളയങ്ങളും മഹാമാരിയും, ഇനിയും ഞെട്ടൽ മാറാത്ത ചൂരൽമല ഉരുൾപൊട്ടലും താങ്ങാവുന്നതിലും അപ്പുറത്തേത് ആയിരുന്നു.
പ്രളയകാലത്തേക്കാൾ കടുത്ത രാഷ്ട്രീയ വിരോധമാണ് കേന്ദ്ര സർക്കാർ ചൂരൽമല ദുരന്തത്തിന്റെ കാര്യത്തിൽ തുടരുന്നത്. എന്നിട്ടും കേന്ദ്ര കാരുണ്യത്തിന് കാത്തുനിൽക്കാതെ ദുരന്തത്തെ അതിജീവിച്ചവരെ ചേർത്തുപിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. മേപ്പാടി ടൗൺഷിപ്പ് നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഒരേ മനസ്സോടെയുള്ള സർക്കാരിന്റെയും കേരള ജനതയുടെയും മുന്നേറ്റം ഇനിയും ദൃഢമായി തന്നെ തുടരും എന്ന ഉറപ്പാണ് നമ്മൾ കാണുന്നത്. l



