ചരിത്രത്തില്‍ ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പശ്ചാത്തലവികസന മുന്നേറ്റത്തിനാണ് നാം സാക്ഷിയാകുന്നത്. ജനങ്ങള്‍ ദീര്‍ഘകാലമായി ആഗ്രഹിച്ച,ഒരിക്കലും നടക്കില്ലെന്നു പറഞ്ഞ് നിരാശപ്പെട്ടിരുന്ന പശ്ചാത്തലവികസന പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. തൊഴില്‍ ,വ്യവസായം , കൃഷി, ടൂറിസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ സർക്കാർ നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാൻ കാരണമായിട്ടുണ്ട്.
2014-ല്‍ ഭൂമിയേറ്റെടുക്കാത്തതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് ദേശീയപാത 66-ന്റെ വികസനം.കേരളത്തില്‍ സാധ്യമാകില്ലെന്ന് എല്ലാവരും പലവട്ടം പറഞ്ഞ പദ്ധതി. കേരളത്തിന്റെ ദേശീയപാതാ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചത് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ്. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ഇടപെടലുകളാണ് ദേശീയപാതാ വികസനം സാധ്യമാക്കിയത്. 45 മീറ്ററില്‍ വികസിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന പ്രതിബന്ധമായി ചൂണ്ടിക്കാട്ടിയത്. ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനമായി കിഫ്ബി വഴി 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഒരു സംസ്ഥാനം ആദ്യമായാണ് ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന് പണം നല്‍കുന്നത്. അതോടെയാണ് കേരളത്തിലെ ദേശീയപാതാ വികസനത്തിന് വഴിതെളിഞ്ഞത്. സ്ഥലമേറ്റെടുക്കല്‍ തടസ്സപ്പെടുത്താനും പദ്ധതി വൈകിപ്പിക്കാനും രാഷ്ട്രീയ ശ്രമങ്ങള്‍ ഉണ്ടായപ്പോഴും പ്രത്യേക പാക്കേജ് നല്‍കി ജനങ്ങളെ കൂടെനിര്‍ത്തി സര്‍ക്കാര്‍ അതിനെയും അതിജീവിച്ചു. ഈ വര്‍ഷം അവസാനത്തോടെ ദേശീയപാത 66 പൂര്‍ണമായും ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഏറെക്കാലമായി ഇഴഞ്ഞുനീങ്ങിയിരുന്ന കുതിരാന്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഈ സർക്കാരിന് സാധിച്ചു. മൂന്നാര്‍- ബോഡിമെട്ട്, നാട്ടുകാല്‍-താണാവ് ദേശീയപാതകളുടെ പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിനുകീഴില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്.വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി വരികയാണ്. രണ്ടു വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കുകയും ചെയ്തു.അതോടൊപ്പം തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം – ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് എന്നീ പാതകളുടെ നിര്‍മാണത്തിനായി 2,370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളം വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന എല്ലാ പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കാനാണ് സംസ്ഥാന മന്ത്രിസഭ ചരിത്രപരമായ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിലെ ദേശീയപാത വികസനങ്ങളിലെല്ലാം പിണറായി സര്‍ക്കാരിന്റെ കയ്യൊപ്പ് ഉണ്ടാകുമെന്ന് ചുരുക്കം.
നടക്കില്ലെന്ന് ഉറപ്പിച്ച മറ്റൊരു പദ്ധതിയായിരുന്നു മലയോര ഹൈവേ.മലയോര ജനതയുടെ ഒരു സ്വപ്നമായിരുന്നു മലയോരപാത.ഈ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയൊന്നുകൊണ്ട് മാത്രമാണ് മലയോരഹൈവേയുടെ നിര്‍മ്മാണം സാധ്യമായത്.3,593 കോടി രൂപ മലയോരഹൈവേക്കായി ഇതുവരെ അനുവദിച്ചുകഴിഞ്ഞു.
നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ക്കിടയിലൂടെയാണ് തീരദേശ പാതയുടെ വളര്‍ച്ച. തീരദേശപാതയുടെ മൂന്ന് റീച്ചുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. അഴീക്കോട്–-മുനമ്പം പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.തീരദേശത്തിന്റെ സമഗ്രവികസനത്തിലേക്കാണ് തീരദേശപാത നയിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആനക്കാംപൊയില്‍- –കള്ളാടി-–മേപ്പാടി തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്കു ടെണ്ടര്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും. വയനാട്ടിലേക്കുള്ള കണക്ടിവിറ്റി മാത്രമല്ല, കേരളത്തിന്റെ കാര്‍ഷിക മേഖലയിലും വ്യാപാര മേഖലയിലും ടൂറിസം മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പോകുന്ന ഈ പദ്ധതിക്കായി 2043.7 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന റെക്കോര്‍ഡ് ഈ സര്‍ക്കാരിനാണ് എന്നത് പശ്ചാത്തലവികസന മേഖലയുടെ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്. എട്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഇതിനകം തുറന്നുകഴിഞ്ഞു. ഏഴെണ്ണം അന്തിമഘട്ടത്തിലാണ്.ലെവല്‍ ക്രോസ്സില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. ആകെ 99 റെയില്‍വേ മേല്‍പ്പാലങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമേ, അഞ്ചുവര്‍ഷത്തിനുള്ളില്‍ നൂറു പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത് മൂന്നു വര്‍ഷം കൊണ്ടു തന്നെ സാധ്യമാക്കാനായി എന്നത് വലിയ നേട്ടമാണ്. ഇപ്പോള്‍ പൂര്‍ത്തിയായ പാലങ്ങളുടെ എണ്ണം 150 നോട് അടുക്കുകയാണ്.
ഡിസൈന്‍ഡ് റോഡുകളിലൂടെ നിലവാരമുള്ള റോഡുകള്‍ നമ്മുടെ ഗ്രാമീണ മേഖലയിലടക്കം സാധ്യമാക്കി. പത്ത് വര്‍ഷം മുന്‍പുള്ള റോഡുകളുടെ അവസ്ഥയും ഇന്നത്തെ റോഡുകളുടെ അവസ്ഥയും പരിശോധിച്ചാല്‍ ഈ മാറ്റം നമുക്ക് കാണാനാകും. റോഡുകള്‍ ബി.എം-ബി.സി നിലവാരത്തില്‍ മികച്ച സൗകര്യങ്ങളോടെ നവീകരിക്കപ്പെടുകയാണ്. അമ്പത് ശതമാനം റോഡുകള്‍ ബിഎം-ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിക്കഴിഞ്ഞു. അറുപത് ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്താൻ സാധിച്ചു. റോഡുകളുടെ നിര്‍മാണം പോലെതന്നെ പരിപാലനത്തിലും നൂതന പദ്ധതികള്‍ ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകളില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിനായി റണ്ണിംഗ് കോണ്‍ട്രാക്ട് എന്ന സമ്പ്രദായം ഏര്‍പ്പെടുത്തി.പരിപാലന കാലാവധി ബോര്‍ഡുകളിലൂടെ പ്രവൃത്തികളില്‍ സുതാര്യത ഉറപ്പാക്കാനും സാധിച്ചു.
റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റിയത് പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയ ജനകീയ ബദലാണ്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളില്‍ ഓൺലൈൻ സംവിധാനം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകള്‍ മികച്ച നിലയില്‍ നവീകരിച്ചത് വിനോദസഞ്ചാര മേഖലയ്-ക്കും മുതല്‍ക്കൂട്ടായി മാറി.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കി.മണ്ഡലം തലങ്ങളില്‍ പദ്ധതി അവലോകനത്തിനായി സി.എം.ടി-ക്ക് രൂപം നല്‍കിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി PWD4U ആപ്പ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളിലൂടെ വകുപ്പിനെ ഹൈടെക്കാക്കി മാറ്റാനും സാധിച്ചു.
ലോകം അടയാളപ്പെടുത്തുന്ന കേരള പെരുമ
കേരളത്തെ ലോകടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ നാളുകളാണ് കടന്നുപോകുന്നത്.ലോകം കേരള ടൂറിസത്തെ ശ്രദ്ധിക്കുകയും സുസ്ഥിര വികസനത്തിന്റെ മാതൃകകള്‍ കേരളം സൃഷ്ടിക്കുകയും ചെയ്ത കാലമാണിത്. ഈ മാറ്റം കേരളത്തില്‍ വലിയ മുന്നേറ്റത്തിന് സഹായകമായി. കോവിഡിനുശേഷം കേരളത്തിലെ ടൂറിസം മേഖല ഇന്ന് കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്.സഞ്ചാരികളുടെ വരവില്‍ സര്‍വ്വകാല റെക്കോഡാണ് കേരളത്തിലുണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞു. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.72 ശതമാനത്തിന്റെ വര്‍ധനവാണിത്. കോവിഡിനു മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് 21.01 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2024-ല്‍ 45,053 കോടി രൂപയാണ് ടൂറിസം മേഖലയിലെ വരുമാനം.കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ വരുമാനം നേടാന്‍ നമുക്ക് സാധിച്ചു.നൂതനമായ പദ്ധതികളിലൂടെയും പുത്തന്‍ ഉത്പനങ്ങളിലൂടെയുമാണ് കേരളം ഈ മുന്നേറ്റം സാധ്യമാക്കിയത്.കാരവന്‍ ടൂറിസം,ഹെലി ടൂറിസം,ക്രൂയിസ് ടൂറിസം എന്നീ പദ്ധതികള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമായി, മൂന്നു പതിറ്റാണ്ടിനുശേഷം കേരള ടൂറിസം ലോകത്തിന് സമ്മാനിച്ച പുത്തന്‍ ഉത്പന്നമാണ് കാരവന്‍ ടൂറിസം.സീപ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയമായതിനാല്‍ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, ലിറ്റററി സര്‍ക്യൂട്ട് തുടങ്ങിയ നൂതന ആശയങ്ങളും വകുപ്പ് പ്രാവര്‍ത്തികമാക്കി വരുന്നു.കേരളത്തെ സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.ഇതിന്റെ ഭാഗമായി വാഗമണ്ണിൽ അഡ്വഞ്ചർ പാർക്ക് സജ്ജമാക്കി. ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് വലിയ രീതിയിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ അന്തർദ്ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു. തുഷാരഗിരി കയാക്കിംഗ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി. വർക്കലയിൽ നടത്തിയ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവലും വാഗമണ്ണിൽ നടത്തിയ ഇന്റർനാഷണൽ പാരാ ഗ്ലൈഡിംഗ് ഫെസ്റ്റിവലും സാഹസിക ടൂറിസം മേഖലയ്-ക്ക് മുതൽക്കൂട്ടായി മാറി. സംസ്ഥാനത്ത് ആദ്യമായി ഗോതീശ്വരം ബീച്ചിൽ സർഫിംഗ് അക്കാദമിക്ക് തുടക്കമിട്ടു. ആക്കുളത്ത് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കേരളത്തിലെ ട്രെക്കിംഗ്-ഹൈക്കിംഗ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിക്കും തുടക്കമായി.ജല സാഹസിക ടൂറിസം പദ്ധതികളെയും പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന പരിപാടിയാക്കി മാറ്റാന്‍ വകുപ്പിന് സാധിച്ചു.
കേരളത്തിന്റെ വള്ളംകളിക്ക് ലോകപ്രശസ്തി നൽകുന്നതിനും ലോകസഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടി ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയകരമായി സംഘടിപ്പിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് മലബാറിലേക്കും വ്യാപിപ്പിച്ചു.
സിനിമയിലൂടെ മനസ്സില്‍ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കുന്ന സിനി ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വെള്ളായണിയില്‍ കിരീടം പാലത്തിന്റെ നവീകരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബീച്ച് ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രധാന ബീച്ചുകള്‍ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പ്രത്യേക പദ്ധതികളിലൂടെ ബീച്ച് ടൂറിസം കോറിഡോര്‍ സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിവരുന്നത്.
ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളെ വളർത്തിക്കൊണ്ടുവരുന്നതിന് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ആരംഭിച്ചത് ഈ സർക്കാരിന്റെ മറ്റൊരു നേട്ടമാണ്. 40 പദ്ധതികൾക്ക് ഇതുവരെ അനുമതി നൽകിയിട്ടുണ്ട്. ലോക വ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങിനും കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാവൽ ആന്‍ഡ് ലിഷർ മാഗസിൻ ഏറ്റവും മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.കേരളത്തെ ആകെ ഒറ്റ ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മലബാറിലെ ടൂറിസം കേന്ദ്രങ്ങളെ ലോക ഭുപടത്തില്‍ അടയാളപ്പെടുത്തുന്നതിനുള്ള നടപടികളും ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്.
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വലിയ കുതിപ്പാണ് കേരളം നേടിയത്. വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, ഫാം /അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകളെയാണ് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഏറ്റവും വലിയ നേട്ടം അതിലെ സ്ത്രീപങ്കാളിത്തമാണ്. ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളർച്ച മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. ഉത്തരവാദിത്ത ടൂറിസത്തില്‍ ലോകമാതൃകകള്‍ വികസിപ്പിച്ചെടുത്ത് കേരളം നിരവധി ദേശീയ-അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി .സ്ത്രീ സൗഹാര്‍ദ്ദ ടൂറിസം പദ്ധതി കേരളത്തിന്റെ ടൂറിസം വളര്‍ച്ചയുടെ തന്നെ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ്.
ടൂറിസം, -പൊതുമരാമത്ത് വികസന മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഡിസൈന്‍ പോളിസിക്ക് രൂപം നല്‍കി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.പൊതു ഇടങ്ങളെ ആകര്‍ഷകമാക്കി മാറ്റാനുള്ള സമഗ്രരേഖയാണ് ഡിസൈന്‍ പോളിസി. ഡിസൈന്‍ പോളിസിയുടെ ഭാഗമായി കേരളത്തിലെ പൊതുഇടങ്ങളെ ജനസൗഹൃദ ഇടങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കൊല്ലം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ തയ്യാറാക്കിയ അതിമനോഹരമായ പാര്‍ക്ക് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറി. ഡിസൈന്‍ പോളിസിയുടെ ഭാഗമായി പാലങ്ങള്‍ ദീപാലംകൃതമാക്കി മാറ്റുന്ന പദ്ധതിയും ഹിറ്റായി മാറിയ ഒന്നാണ്.
ഇച്ഛാശക്തിയോടെ മുന്നോട്ടുപോയാല്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് പൊതുമരാമത്ത്-, ടൂറിസം മേഖലകളിലെ പദ്ധതികള്‍ നാടിന് കാട്ടിത്തരുന്നത്. നവകേരളത്തിലേക്കുള്ള പ്രയാണത്തില്‍ ഈ രണ്ട് വകപ്പുകളുടെ പദ്ധതികളും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. പദ്ധതികളെ ജനകീയമാക്കി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന തരത്തിലേക്ക് മാറ്റാനും സാധിച്ചു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി ഈ പദ്ധതികൾ നാളെ വിലയിരുത്തപ്പെടും. l



